Follow by Email

2017, ജൂൺ 30, വെള്ളിയാഴ്‌ച

വിഷാദരോഗത്തിന്റെ നാളുകൾ


സ്വയം അനുഭവിക്കുമ്പോൾ അല്ലാതെ ഒരിക്കലും വാക്കുകളാലോ, കണ്ണീരിനാലോ, മറ്റുള്ളവർക്ക് മനസിലാക്കി കൊടുക്കുവാൻ സാധിക്കാത്തത്ര ആഴമുള്ള ഒരു ഗർത്തമാണ് വിഷാദരോഗമെന്നത്.
സ്വതവേ അന്തര്മുഖനായ ഒരു വ്യക്തി ഒട്ടും ജീവിക്കാനോ, എത്തിപ്പെടാനോ ആഗ്രഹിക്കാത്ത തരത്തിലുള്ള ഒരു ജീവിതാവസ്ഥയിൽ എത്തിപെടുക. എത്ര ഭയാനകമാവും അത്?  അതിനൊപ്പം തുടരെയുള്ള പരാജയങ്ങൾ? നഷ്ടസ്വപ്നങ്ങൾ?  ഭീകരമായ ഒറ്റപ്പെടൽ?  നിങ്ങൾക്ക് അത് ഊഹിക്കാൻ കഴിയുമോ എന്നു പോലും  എനിക്ക് സംശയമുണ്ട്.
അങ്ങിനെ ഒരാളുടെ നാൾ വഴികൾ എത്ര ഇരുളടഞ്ഞതാവും?

നമുക്ക് പറ്റുമോ ഇല്ലയോ എന്ന് ഒരു വട്ടം പോലും ചിന്തിക്കാതെ നമ്മൾ ഫ്രീ ആയി മറ്റുള്ളവർക്ക് കൊടുക്കാറുള്ള ഒരു ഗിഫ്റ്റുണ്ട്.  ഉപദേശം.  നീ ആണെങ്കിൽ എന്ത് ചെയ്യും എന്നുള്ള ചോദ്യത്തിന് മുന്നിൽ ഒട്ടും പതറാതെ ഞാൻ ഇത്ര മോശമായി ഇതിനെ കൈകാര്യം ചെയ്യില്ല ഞാൻ വളരെ പ്രാക്ടിക്കൽ ആണെന്ന് മുന്നും പിന്നും നോക്കാതെ തട്ടി വിടുന്ന ആ ഉളുപ്പില്ലായ്മ.  അതാണ് എല്ലാവര്ക്കും പറയാനുണ്ടാവുക.  ഇല്ലാത്ത കാമുകനെ സ്വന്തം കാമുകിക്ക് സൃഷ്ടിച്ചെടുക്കുന്നതു മുതൽ അവളുടെ പിന്നാലെ നിഴൽ പോലെ നടക്കുന്ന നിലയിൽ വരെ അധഃപതിക്കുന്ന ഇവർ ഒരു കാലത്തെ മികച്ച വ്യക്തികളായിരുന്നു എന്ന് നമ്മൾ പോലും മറന്നു പോവുന്നു.  അവരാകട്ടെ അതൊന്നും ചെവിക്കൊള്ളാൻ പോലുമുള്ള  മനസ്സാന്നിധ്യം ഉള്ള നിലയിലും ആയിരിക്കില്ല.   അവർക്കു മുന്നിൽ എപ്പോളും ചില ചോദ്യങ്ങളും കുറെ സംശയങ്ങളും ഇരുളടഞ്ഞ കുറെ ദിനങ്ങളും മാത്രമാകും ഉണ്ടാവുക.  ഇനിയും ഈ ഇരുളിൽ എങ്ങനെ കഴിയുമെന്ന ഭയത്തിലാവും ഓരോ ദിവസവും അവരുണരുക.  നമ്മളാവട്ടെ, എന്താ ഇങ്ങനെ? ലജ്ജ തോന്നുന്നില്ലേ ഇത്രയും ധൈര്യശാലിയായ ഒരാൾക്ക് ഇങ്ങനെയൊക്കെ പെരുമാറാനും സംസാരിക്കാനും എന്നുള്ള നിർദോഷമായ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേ ഇരിക്കും.  അത് അവരിലുള്ള ആത്മനിന്ദയെ പതിന്മടങ്ങു കൂട്ടുകയല്ലാതെ കുറക്കുകയോ, പഴയ നിലയിൽ എത്തുവാനായി അവർ പരിശ്രമിക്കുകയോ ചെയ്യുകയില്ല.  കാരണം അവരുടെ മനസ് ആ നിലയിലാണ്.

വിഷാദരോഗികളോട് സമൂഹത്തിനുള്ള പൊതുമനോഭാവം ആണ് മേല്പറഞ്ഞതു.  അത് എല്ലാവർക്കും ഉള്ളതാണ്.  ആദ്യം പറഞ്ഞത് പോലെ ആ അവസ്ഥയിൽ കടന്നു പോയാൽ മാത്രം മനസിലാകുന്ന വളരെ വിചിത്രമായ ഒരു മാനസികനില.  രാത്രികളിലെ ആത്മഹത്യാചിന്തകൾ, ഉറക്കം ഇല്ലാത്ത അമിതചിന്തകൾ, ഇടക്ക് ഞെട്ടി ഉണർന്ന് കൂരിരുട്ടിലേക്കു ഭയത്തോടെ നോക്കി ഇരുന്നു നേരം വെളുപ്പിക്കേണ്ടി വരുന്ന ദയനീയതകൾ.  അല്പം പരിഗണന കൊണ്ടോ, സ്നേഹം കൊണ്ടോ, കരുതൽ കൊണ്ടോ ഒരു പക്ഷേ നമുക്ക് സാധാരണ ജീവിതത്തിലേക്ക് അവരെ തിരിച്ചെത്തിക്കാൻ കഴിഞ്ഞേക്കാം.  പക്ഷെ,  പോയി വല്ല മനഃശാസ്ത്രജ്ഞനെയും കണ്ടു കൂടെ?  എന്നാണ് നമ്മുടെ ചോദ്യം എങ്കിൽ ഉത്തരം ഒന്നും കിട്ടാൻ വഴിയില്ല. കാരണം ഈ കൂട്ടർക്ക് കൗൺസിലിങ് എന്നത് അവരുടെ ഇടക്കിടെ ഉള്ള വർക്ക് ഔട്ട് പോലെയാണ്.  എന്ന് വെച്ചാൽ അവരതു ഒരു ദിവസത്തിൽ പല വട്ടം സ്വന്തം മനസ്സിൽ ചെയ്യാറുണ്ട്.

ജീവിതം തിരക്കുകളുടെ കൂമ്പാരമാണ്.  സമയം എന്നത് നാം കണ്ടെത്തേണ്ടതും.  ഇന്ന് പോകുന്ന നിമിഷങ്ങൾ നാളത്തെ നഷ്ടങ്ങൾ മാത്രമാണ്.  സ്നേഹം എന്നതും പ്രണയമെന്നതും പ്രവർത്തികളിൽ കൂടി
പ്രകടിപ്പിക്കേണ്ടതാണ്.  ഒരു സ്നേഹവാക്കോ പ്രവർത്തിയോ കൊണ്ട് ഒരു വ്യക്തിയുടെ ജീവിതത്തിലെ അല്ലെങ്കിൽ ഒരു ദിവസത്തെ അന്ധകാരത്തെ നീക്കുവാൻ കഴിഞ്ഞാൽ അതിൽ പരം ഒരു സൽപ്രവർത്തി ഉണ്ടെന്നു ഞാൻ കരുതുന്നില്ല.   ദിവസങ്ങൾ ആഴ്ച്ചകളിലേക്കും മാസങ്ങളിലേക്കും വര്ഷങ്ങളിലേക്കും വഴി മാറി ഒഴുകുമ്പോൾ തിരിഞ്ഞു നോക്കി നെടുവീർപ്പിടാൻ അല്ലാതെ ആപത്തു കാലത്തു കൂടെ നിന്നിട്ടുണ്ടെന്ന്  തല ഉയർത്തി നിന്ന് നെഞ്ചിൽ തൊട്ടു പറയാൻ കഴിയുന്നതാവണം ഒരു മികച്ച സൗഹൃദം.  എല്ലാവരും അതാവും ആഗ്രഹിക്കുക.  ഇരുട്ടിൽ ഒടുങ്ങി തീരാൻ ആർക്കും ആഗ്രഹം ഉണ്ടാവില്ലല്ലോ............