Follow by Email

2016, നവംബർ 27, ഞായറാഴ്‌ച

ഞാനൊരു സ്ത്രീയാണ്- മര്യാദയില്ലാത്ത ഒരു വിയോജന കുറിപ്പ്


ഞാനൊരു സ്ത്രീയാണ്.
അതെയോ മാഡം?
എനിക്ക് അറിയാം ഒരു സ്ത്രീയുടെ വേദന.
തന്നെ???? (സ്ഥായീഭാവം പുച്ഛം).

എന്റെ പെണ്ണുമ്പിള്ളേ, ആവിഷ്കരസ്വാതന്ത്രമെന്ന പറ്റു ബുക്കിൽ ഇതും കൂടെ എഴുതി ചേർത്ത്, പണ്ടൊരു മദാമ്മ 50 ഷെയ്‌ഡ്‌സ് ഓഫ് ഗ്രേ എന്നൊരു ഉണക്ക ക്ലാസ്സിക് എഴുതിയിട്ട് കെട്ടിയിട്ടു ഭോഗിക്കുന്നത് പരമാനന്ദം ആണെന്ന് തള്ളിയത് പോലെ, വേറൊരുത്തൻ റേപ്പ് ആസ്വദിക്കുന്ന ഒരു പെണ്ണിന്റെ മനോവികാരങ്ങൾ വിസ്തരിച്ച പോലെ, സെൻസർ ബോർഡിനെ സെൻസർ ചെയ്യാൻ ആളില്ലാത്ത നാട്ടിൽ, മഹത്തായ സൃഷ്ടി പടച്ചു വിടുമ്പോൾ സ്വന്തം കുഞ്ഞും ഒരു പീഡകനെ ആസ്വദിക്കുമോ എന്നോർത്താൽ കൊള്ളാം.  നീയൊക്കെ പടച്ചിറക്കി യു ട്യൂബിൽ എത്തിക്കുന്ന ഈ സാധനം കാണുന്നത് കൂടുതലും കൗമാരക്കാരും യുവാക്കളും കിളവന്മാരും ഒക്കെയാവും. അവരങ്ങു ഉറപ്പിക്കും.  8 വയസുകാരികൾ എല്ലാം ഓർഗസിക്കാൻ നോക്കി ഇരിക്കുകയാണെന്ന്.  ആയമ്മേടെ വീട്ടിലെ പിള്ളേര് സേഫ് ആണേലും, ഈ നാട്ടിലും ഇന്ത്യ മൊത്തവും സേഫ് അല്ലാതെ ജീവിക്കുന്ന പാവം കുഞ്ഞുങ്ങൾ ഉണ്ട്. വഴിയോരത്തു ഉറങ്ങുന്ന കുഞ്ഞുങ്ങൾ, അടച്ചുറപ്പില്ലാത്ത വീട്ടിൽ ഉറങ്ങുന്നത് അങ്ങിനെ അങ്ങിനെ.. ഇതൊന്നും ആയമ്മ കണ്ടിരിക്കാൻ വഴിയില്ല.

ക്രമാതീതമായി പെരുകുന്ന ചൈൽഡ് ട്രാഫിക്കിങ്, പീഡനം, ബാലവേശ്യ, ഗാർഹിക പീഡനം ഒക്കെയുള്ള നാട്ടിൽ ഏതു കോപ്പിലെ ഫെമിനിസം പറഞ്ഞിട്ട് ആയാലും ഈ മാതിരി പേക്കൂത്തു ഉണ്ടാക്കി ഇറക്കുന്നവരും "ബോൾഡ്" ആണെന്ന് ലേബൽ ഒട്ടിച്ചു അതിനെ അഭിനയിച്ചു നാലാളെ കാണിക്കുന്ന ആര്ടിസ്റ്റുകളും എല്ലാ ഞരമ്പ് രോഗികൾക്കും അഭയകേന്ദ്രമാണെന്നു മറക്കാതിരിക്കുക. ബോധവൽക്കരണം നടത്തിയാലും ലൈംഗിക ദാരിദ്ര്യം മൂലം പൊടി കുഞ്ഞിനെ (സ്വന്തം അച്ഛൻ പോലും) വെറുതെ വിടാത്ത ദൈവത്തിന്റെ സ്വന്തം നാട്ടിൽ ആരെ ഉദ്ധരിക്കാൻ ആണാവോ ഈ മെഷീൻ മഹാമഹം? ബോധവൽക്കരണം ആണോ മാഡം ഉദ്ദേശിച്ചത്? ഇന്റർവ്യൂവിലൊക്കെ പറഞ്ഞിരുന്നു ആണിന്റെ മനഃസ്ഥിതിയെ പറ്റിയൊക്കെ.. ആ മനഃസ്ഥിതിയിൽ ഉള്ള ബഹുഭൂരിപക്ഷത്തിന് ഈ മെഷീൻ കാണുമ്പോൾ ബോധോദയം ഉണ്ടാവുമെന്നാണോ.. പ്രത്യാശിക്കാം..

വാൽ കഷണം: ഇവരൊക്കെ ഏതു യുഗത്തിലാണാവോ ജീവിക്കുന്നത്?
അല്ലെങ്കിൽ തന്നെ സമാധാനമായി ജീവിക്കാൻ പറ്റുന്നില്ല. അപ്പോളാണ് 8 വയസിൽ ലൈംഗികആസ്വാദനം എന്ന പുതിയ തലത്തിലേക്കുള്ള ഗവേഷണം. 

2016, നവംബർ 25, വെള്ളിയാഴ്‌ച

ബഹിഷ്‌കൃതനായ വീട്ടുനായ

എന്റെ സുഹൃത്തിന്,

എനിക്കറിയാം...നന്നായറിയാം..
നീയോ ഞാനോ അല്ല സമൂഹമെന്ന്..
നമ്മൾ വെറും കുരക്കുന്ന, കടിക്കാത്ത
വീട്ടുനായ്ക്കളെന്നു എനിക്കറിയാം സുഹൃത്തെ...

എല്ലാ ഇസങ്ങൾക്കും മേലെ,
ജനാധിപത്യമെന്ന ഓലപാമ്പിനും മേലെ,
ഹിറ്റ്ലറിനേയും  മുസ്സോളിനിയെയും
ഞാൻ നിത്യവും കാണാറുണ്ട്
നീയും അത് ശ്രദ്ധിച്ചിട്ടുണ്ടാവും...

ഒരാൾ കാടടച്ചു വെടി വെച്ചപ്പോൾ
മറ്റേയാൾ ഉന്നം നോക്കി വെടി വെച്ചതും
നീ കണ്ടു കാണും എന്ന് വിശ്വസിക്കുന്നു...
അത് ജനാധിപത്യത്തിൻ മേൽ
ഏകാധിപത്യമെന്നു മാത്രം നമുക്ക്
പറയാതിരിക്കാം.. ജീവിച്ചു പോവണ്ടേ?
ചെഗുവേര ടീ ഷർട്ടിൽ ഇരുന്നു
വിപ്ലവം നടത്തട്ടെ അല്ലെ?

പറയാൻ മറന്നു..വളരെ പ്രധാനപെട്ടതാണ്
മറ്റുള്ള നായ്ക്കൾ ഇപ്പോൾ താരവിവാഹമെന്ന ഇറച്ചികഷ്ണം കടിച്ചു പറിക്കുകയാണ്..
അവരും ചർച്ച ചെയ്യുന്നുണ്ട് അവർക്ക്
അറിയാവുന്ന.. താല്പര്യമുള്ള
ഒരേ ഒരു " വെടി വയ്പിനെ" പറ്റി...

നിർത്തട്ടെ,

സ്നേഹപൂർവ്വം

ബഹിഷ്‌കൃതനായ വീട്ടുനായ

2016, നവംബർ 13, ഞായറാഴ്‌ച

ഹാംലിനിലെ കുഴലൂത്തുകാരൻ

ഒരിടത്ത്

ഒരു കുഴലൂത്തുകാരൻ
ജർമനിയിൽ നിന്ന് "ജപ്പാനിലേക്ക്"
പോകുന്നു, അവിടെയും
കുഴലൂതി രസിക്കുന്നു

തത്സമയം മറ്റൊരിടത്ത്

ബിവറേജസിന്റെ
"ശുഷ്കിച്ച" ക്യുവിൽ നിന്നൊരു
പാവം വൃദ്ധൻ ബാഗ്പൈപ്പറിന്
 ചില്ലറ തികയുമോ
എന്ന് വേവലാതി പെടുന്നു

ഇനിയൊരിടത്ത്

എടിഎം എന്നത് ഒരു
അമ്പലം തന്നെയെന്നും
നിര്മാല്യം തൊഴാൻ അതികാലെ
എഴുന്നേൽക്കണമെന്നും ഒരമ്മ
മകനെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു


ആരോ "പണം" കുഴലിൽ
വെച്ചെന്നും, വെച്ച പണം
കുഴലോടെ പിടിച്ചെന്നും
ചാനലിലൂടെ അറിഞ്ഞു
ചിലർ കൃതാർഥരാവുമ്പോൾ

പൊരിവെയിലിൽ കുഴഞ്ഞു വീണത്
രക്തസാക്ഷികൾ തന്നെയെന്ന്
ഉറപ്പിച്ച പൊതുജനം
"സംഭവിക്കുന്നത് എല്ലാം
 നല്ലതിനെന്നുള്ള"
ഗീതാ സൂക്തം ഉറക്കെ ചൊല്ലുന്നു

പണ്ടത്തെ പോലെ ഇപ്പോളും
പൗരന്റെ ലിസ്റ്റിൽ വരാത്ത
കോരനും കോമനും അഷ്ടിക്കു
വഴി മുട്ടി ചില്ലറ തപ്പുമ്പോൾ
ഇടത്തോട്ട് തിരിഞ്ഞിരുന്നു
മടുത്ത രാഷ്ട്രപിതാവ്
വലത്തോട്ട് തിരിഞ്ഞിരുന്നു
ചിരി തൂവുന്നു...


എരിവെയിലിൽ കാത്തു നിന്നു
വോട്ടു ചെയ്തു ജയിപ്പിച്ച
ഞങ്ങൾക്കാണോജി
ഈ ഇളവെയിൽ?

റിസർവ് ബാങ്കിന്റെ തെറ്റിപ്പോയ
നോട്ടിന്റെ കോൺസ്പിറസി തിയറി
മറന്നു; ഒരു കള്ളപ്പണവിമുക്ത ഭാരതത്തിനായി നമുക്ക് കൈകോർക്കാം..