Follow by Email

2016, ജൂലൈ 23, ശനിയാഴ്‌ച

ദുരഭിമാനം

എന്റെ ഇടയന്,

 നീ മേയിച്ച ആടുകളിൽ
കൂട്ടം തെറ്റി പോയ ഒരു
പാവം പെണ്ണാടാണ് ഞാൻ

വെയിലു ചാഞ്ഞ
 മലയോരങ്ങളിൽ..
മഴക്കാറു കറുത്ത
വാനത്തിന് താഴേ...
നേർത്ത മഞ്ഞു
വീണ സന്ധ്യകളിൽ..
അങ്ങിനെ പല പല
 ദിനാന്ത്യമടക്ക യാത്രകളിൽ..
നീ തേടി പിടിച്ച പെണ്ണാട്...

എന്റെ ഇടയൻ ദൈവമേ,
നിന്റെ ആണാടുകളിൽ
കൂട്ടം തെറ്റി മലകേറി പോയ
മുട്ടനാടുകളിൽ ഒന്ന് പോലും
അറവുകത്തിയിൽ കയറിയിട്ടില്ല
കുഞ്ഞാടുകളും അങ്ങിനെ തന്നെ
അപ്പോൾ എവിടെയാണ് വൈരുദ്ധ്യം?


ചില കുഞ്ഞാടുകളുടെ
നട്ടെലൂരി നിങ്ങൾ സൂപ്പുണ്ടാക്കി
എന്നൊരു കഥ
അങ്ങാടിയിൽ പാടി കേൾക്കുന്നുണ്ട്
എന്നത് സൗകര്യപൂർവം ഇവൾ മറക്കുന്നു

മലയോരങ്ങളിൽ, പച്ചപ്പിൽ, നീർത്തടങ്ങളിൽ, പുല്മേട്ടിൽ
തുള്ളികുതിക്കാൻ കൊതി ഇല്ലാഞ്ഞിട്ടല്ല
നട്ടെല്ല് വളയാഞ്ഞിട്ടാണെന്നു
മാത്രമിപ്പോൾ പറയുന്നു...
അറവുകത്തിയിൽ കയറിയാലും
അടിയറ വെക്കാത്ത നെറികെട്ട
ദുരഭിമാനം എന്ന് കാർക്കിച്ചു തുപ്പുക...


2016, ജൂലൈ 18, തിങ്കളാഴ്‌ച

നീലിച്ച ഓർമ്മകൾനിന്റെ ദംശനമേറ്റു
നീലിച്ചു പോയ
എന്റെ കൈത്തണ്ടിലെ
 ഞരമ്പുകളിൽ 
വീണ്ടും ഞാൻ പെത്തടിൻ 
കുത്തി വെക്കുന്നു

പ്രണയമോ മരണമോ 
എന്നൊരു കൂട്ടു വഴിയിൽ
ഒരിക്കൽ എന്നെ ഒറ്റക്കാക്കി പോയ
നിന്റെ നീലനിഴലിനെ 
കൗശലക്കാരനായ കുറുക്കൻ
എന്നു ഞാൻ ഇന്നു വരെ വിളിച്ചിട്ടില്ല

പ്രണയം പ്രണയം എന്ന
അലമുറകളെ ചവിട്ടി തള്ളി
ഇഴയടുക്കാത്ത സൗഹൃദത്തെ
ദിനാന്ത്യങ്ങളിലെ അസ്തമയങ്ങളിൽ
കടലിൽ ഒഴുക്കി കളയുന്നു

എന്നിട്ടും 
അടുത്ത പ്രഭാതത്തിൽ
സുപ്രഭാതം ചൊല്ലി 
അവ കരയിലേക്ക്
എടുത്തെറിയപ്പെടുന്നു.. 
നിലവിളിയോടെ..

അപ്പോഴും, എപ്പോഴും
സമയം തെറ്റി പൂത്ത(പൂക്കാറുള്ള) 
ഒരു കൊന്നമരം
ആരെയോ കാത്തെന്ന പോലെ?

ഞാനിപ്പോഴും ആ പഴയ 
കുങ്കുമപൊട്ടാണ്
മായിച്ചു കളഞ്ഞിട്ടും 
നിറം കെട്ടു കിടക്കുന്ന
നിന്റെ നെറ്റിയിലെ നേർത്ത രേഖ...2016, ജൂലൈ 10, ഞായറാഴ്‌ച

കുറെ "ദെയ്ഷ്" ചിന്തകൾനടുക്കുന്ന വാർത്ത കേട്ട്
ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും
മതസൗഹാർദ്ദപരമായി ഒന്നിച്ചുണരുന്നു
"ജിഹാദെന്നും" അല്ലെന്നും പറയുന്നു
തട്ടമിടാത്തതും പാർദ്ദയിടാത്തതും
തുടങ്ങിയുള്ള നിർദോഷമായ
ഫാസിസ്ററ് ചിന്താസരണിക്കപ്പുറം
വളർന്നിട്ടില്ലാത്ത കേവലബുദ്ധികൾ
മുഖപുസ്തകത്തിൽ ആണയിടുന്നു

"ബജ്രങ്ങിക്കു" കൊടി പിടിച്ച ചിലർ
"ദെയ്ഷ് നിന്റെ ദൈവമല്ലേടാ" എന്ന്
ആക്രോശിച്ചു പാഞ്ഞുനടക്കുമ്പോൾ
ഹിന്ദുമതം പ്രാദേശികമായത്‌,
"സംഭവിക്കുന്നതെല്ലാം നല്ലതിനെന്ന" ഗീതാവാചകം അന്വർത്ഥമാക്കുന്നു...

അല്ലെങ്കിൽ ചിലപ്പോൾ റഷ്യയും അമേരിക്കയും കൂടുതൽ ആണവശേഖരണം നടത്തേണ്ടി വരുമായിരുന്നു...

മീൻവയിൽ മറ്റു ചിലർ

പാണ്ടൻനായയുടെ പല്ലിന്റെ
 ശഔര്യം പണ്ടേ പോലെ ഫലിക്കുന്നില്ലെങ്കിലും;
ആൺപ്രണയങ്ങളുടെ
തകർച്ചകൾ ബന്ധുക്കളായ
ശത്രുക്കൾക്കൊപ്പം ആഘോഷിക്കുന്നു
നിന്നെപ്പോലെ അയൽക്കാരനെയും
നിബന്ധനകളോടെ സ്നേഹിക്കുന്നു

ഫേസ്ബുക്കിലാവട്ടെ,
മതേതരമനുഷ്യസ്നേഹികൾ പലരും
മലയാളിയുടെ സിറിയൻ യാത്രയുടെ
യാത്രയയപ്പ് ചടങ്ങിന് പോകാനാവാതെ
ഇതികർത്തവ്യതാ മൂഢരായി സൈൻ ഔട്ട്
ചെയ്തു ഒളിച്ചിരിക്കുന്നു..
മറ്റൊരു ന്യൂനപക്ഷപീഡനം
 വരും വരെ നമുക്ക്
കാത്തിരിക്കാം...

റഷ്യക്കും അമേരിക്കക്കും ഇനി
വേണമെങ്കിൽ അല്പം വിശ്രമിക്കാം
യൂണിയൻ തുടങ്ങാൻ കുറച്ചു ആള്
കൂടി വരാനുണ്ട്...

പൊട്ടിത്തെറിച്ചാലും, ദാരിദ്ര്യം തീർക്കാൻ
യസീദിപെണ്ണുങ്ങൾ ഇവിടെയും,
ഹൂറികൾ അവിടെയും ഉണ്ടെന്നുള്ളതാണ്
ഞങ്ങളുടെ ആശ്വാസം എന്ന് നിങ്ങൾ
പരിഹസിച്ചേക്കാമെങ്കിലും വിശുദ്ധയുദ്ധത്തിൽ മരിക്കുന്നത് പോലും
പുണ്യം തന്നെയാണ് എന്നത് നിങ്ങളുടെ
അറിവില്ലായ്മ അല്ലാതെ മറ്റെന്താണ്?

2016, ജൂലൈ 4, തിങ്കളാഴ്‌ച

ഇന്നത്തെ ചിന്താവിഷയം

ഇപ്പോളൊക്കെ ഒരുദിവസം തുടങ്ങുന്നത് സമ്മിശ്ര വികാരങ്ങൾ ഉണർത്തിയാണ്.
താരാരാധന, ബിംബാരാധന..ആരാധനാ മൂർത്തികൾ സുലഭമായ നാട്ടിൽ
ആരാധനകളേ നടത്താതെ ജീവിച്ചു പോവുക ആസാധ്യമെന്ന് പൂർണ്ണ ബോദ്ധ്യമുണ്ടായിട്ടും ദൈവങ്ങളുടെ പോലും മണമില്ലാത്ത, എന്റെ വീട്ടിൽ, ആരോടും അടുപ്പം സൂക്ഷിക്കാതെ അജ്ഞാത വാസം നടത്തി വരുന്നത് ചിന്തിക്കാത്ത ചില തലച്ചോറുകളുടെ ഛർദ്ദിയും അതിസാരവും ഭയന്ന് തന്നെയാണ്.  ആനുകാലികങ്ങൾ എല്ലാം അറിഞ്ഞിരുന്നിട്ടും ഒന്നും പോസ്‌റ്റർ ആക്കി, നാലാൾ കാൺകെ ഒരു അടുപ്പ് കൂട്ടി നല്ലവരായ നാട്ടുകാരെ കൊണ്ടും, ശത്രുക്കളായ ബന്ധുക്കളെ കൊണ്ടും അതിൽ പൊങ്കാല നേദിക്കാൻ തരിമ്പും താൽപര്യവും ഇല്ല തന്നെ.

കേരളത്തിൽ പ്രത്യേകിച്ചും ഭാരതത്തിൽ പൊതുവെയും ജനതയുടെ തലച്ചോറിൽ പ്രവർത്തനം നിലച്ച ഒരു ഭാഗം കാണാൻ കഴിയും.  ഒന്നുകിൽ മതമോ അല്ലെങ്കിൽ രാഷ്ട്രീയമോ ആകണം അവിടെ കുത്തി വെയ്ക്കപെട്ടത്. എന്റെ മതത്തിൽ പെട്ടവരാണ് മരിച്ചതെന്നോർക്കുമ്പോൾ മാത്രം ഉണരുന്ന മതേതര മനുഷ്യസ്നേഹവും ഇരയാക്കപെടലിന്റെ വേദനയും അസഹനിയം തന്നെയാണ്.
അതിൽ നിന്നൊരു രക്ഷയും ഈ അജ്ഞാതവാസം നൽകുന്നുണ്ട്.

അങ്ങനെയിരിക്കുമ്പോൾ ഒരു തമിഴ് പീഡനമോ, ബാലാത്സംഗമോ മരണമോ ആണത്തത്തിന്റെ പ്രകടനം പോലെ വായിച്ചു മറക്കുന്നു.  അപ്പോഴും ചില വാർത്താമാധ്യമ ങ്ങൾ പെൺകുട്ടികൾ ഫേസ്ബുക്കിൽ ഫോട്ടോഇടുന്നതിലെ ആപത്തു ആവർത്തിച്ചു പഠിപ്പിച്ചു ജനങ്ങളെ ബോധവാന്മാരാക്കുന്നു.  തൽസമയം സൂപ്പർ താരങ്ങൾ "കാതൽ" ഇല്ലാതെ ജീവിക്കാൻ പറ്റാത്ത ദുരവസ്ഥയെ പറ്റിയും, പെണ്ണിന്റെ പെരുമാറ്റ ചട്ടങ്ങളെ പറ്റിയും ആൺകുട്ടികൾക്കു ബോധവൽക്കരണ ക്ലാസ് നടത്തുന്നു.  ക്ലാസ് കഴിഞ്ഞു ഇറങ്ങുമ്പോൾ റെയിൽ വേ സ്റ്റേഷനിൽ വെച്ച് നിരസിക്കപെട്ട ഒരു പ്രണയം, നാലാളു കാൺകെ കത്തി മുനയിൽ പിടഞ്ഞു ഒടുങ്ങുന്നു.  ദിവ്യപ്രണയത്തിന്റെ മഹത്വം വിളമ്പി ആരൊക്കെയോ വെറി പൂണ്ട് നടക്കുന്നു.  അപ്പോൾ ഒരു 6 വയസ്സുകാരി കാമ പൂർത്തിക്കൊടുവിൽ വലിയ ഒരു പാത്ര തിനുള്ളിൽ അടച്ചു ഭദ്രമാക്കപെടുന്നു.

മനസ്സു മടുത്തു വീണ്ടും കേരളത്തിലേക്ക് നോക്കുമ്പോൾ ജോസേഫ് അലക്സ് ജയകൃഷ്ണനോട് മാപ്പ് പറഞ്ഞത് കിംഗ് സിനിമയ്ക്കു ചേർന്ന ക്ലൈമാക്സ് അല്ലെന്ന് ബുദ്ധിജീവികൾ നിരൂപണം നടത്തുന്നു.  സുരേഷ് ഗോപിയും മമ്മുക്കയും പോലുള്ള അമാനുഷികർക്കു മാത്രമേ പ്രോട്ടോകോൾ ബാധകമാവാതെ ഉള്ളെന്നു രാഷ്ട്രീയവിചക്ഷണർ വിലയിരുത്തുന്നു.  എന്നാലും മാപ്പ് പറയേണ്ടിയിരുന്നില്ലെന്നു പറയുന്നവരുടെ വിഡ്ഢിയാക്കപെട്ട വികാരം മറ്റു പല വ്രണപ്പെട്ട വികാരങ്ങൾക്കും ഒപ്പം ഫ്ബിൽ പോസ്റ്റക്കപ്പെടുന്നു.

എന്തോന്നെടെ, എന്നോർത്ത് പതിയെ തല വലിച്ചു മാളത്തിൽ തന്നെ ഒളിച്ചിരിക്കുന്നു.