Follow by Email

2016, ജൂൺ 20, തിങ്കളാഴ്‌ച

ഒരു മൂവി റിവ്യു


conjuring 2
സെക്കന്റ് ഷോ കണ്ടാലെ പേടി കൂടു എന്ന ഉറച്ച വിശ്വാസമുണ്ടായിരുന്ന  ഞാൻ ഫസ്റ്റ് ഷോക്കു പോകാമെന്ന് കോംപ്രമയിസ് ചെയ്തതു ഉറക്കം നഷ്ടപ്പെടാതിരിക്കാൻ മാത്രമായിരുന്നു.  വല്ലാത്ത പ്രതീക്ഷയോടെ പ്രധാനമന്ത്രി മുത്താണെന്ന പരസ്യം വരെ ക്ഷമയോടെ കണ്ടിരുന്നതും, ഈ ലോകത്ത് മനുഷ്യനല്ലാതെ ഭയക്കേണ്ട മറ്റൊരു അദൃശ്യ ശക്തി ദൈവത്തിനൊപ്പം കട്ടക്ക് കട്ടക്ക് നിൽക്കാൻ പാകത്തിൽ ഉണ്ടെന്നത് തെളിവു സഹിതം ഉറപ്പിക്കുക എന്ന ഹിഡൻ അജ ണ്ടയുമായി ആയിരുന്നു.

പടം തുടങ്ങുമ്പോഴേ,  ഭാര്യാ ഭർത്താക്കന്മാരായ മന്ത്രവാദികളുടെ  പ്രണയം നമ്മുടെ മനസ്സിനെ ആർദ്രമാക്കുകയും ആറാം ഇന്ദ്രിയം പ്രവർത്തന നിരതമായ നായിക സിനിമ കാണുന്നതുപോലെ പ്രേത വികൃതികൾ കണ്ടു നിലവിളിക്കുകയും തൽ സമയം ഓജോ ബോർഡുവെച്ച് പ്രേതം കയറാൻ പോവുന്ന പെൺകുട്ടി പ്രേതത്തെ വിളിക്കുകയുമാണ്. വിളിക്കാതെ വന്നപ്രേതം വീട്ടിൽ തന്നെ ഉള്ളപ്പോഴാണെന്നോർക്കണം.
പ്രസ്തുത പെൺകുട്ടി പ്രേതം കയറി നാഗവല്ലിയായി മാറിയ ഗംഗയെ പോലെ കര കര ശബ്ദത്തിൽ കിളവൻ പ്രേതത്തിന്റെ (രണ്ടാം ബാല്യത്തിന്റെ തുടിപ്പുള്ള) ആഞ്ജാനുവർത്തിയായി വീട് മൊത്തം അലമ്പാക്കുകയും എന്നെ വെറുക്കല്ലേ അമ്മേ എന്നിടക്കിടെ നിരാലംബയായി നിലവിളിക്കുകയും ചെയ്യുന്നുണ്ട്. അതിനിടെ നമ്മുടെ മന്ത്രവാദിനി നായികയുടെ ആജന്മ ശത്രുവായ കന്യാസ്ത്രീ പ്രേതം  ഞാനവിടുണ്ടെന്ന് ഓർമ്മിപ്പിക്കുന്നുണ്ട്.  വീട്ടിൽ പ്രേതത്തെ വെച്ചിട്ട് നാട്ടിൽ പ്രേതത്തെ തപ്പി നടക്കുന്ന എത്തിക്സ്സ് ഇല്ലായ്മ നമ്മൾ കാണികൾ ശ്രദ്ധിക്കേണ്ടതില്ല.  കാരണം അതു ലാസ്റ്റിൽ കൊണ്ടു കെട്ടാനുള്ള തുമ്പാണ്.  

മന്ത്രവാദികൾ പള്ളിയുടെയും പട്ടക്കാരുടേയും മാനം കാക്കാൻ പെൺകൊച്ചിനെ കാണാൻ പോവുകയും അഭിമുഖ സംഭാഷണങ്ങൾ പലതു നടത്തി എല്ലാം വീഡിയോ ഓഡിയോ റെക്കോർഡുകളായി ഭാവിയിലെ ആവശ്യത്തിനായി സൂക്ഷിച്ചു  വെയ്ക്കുകയുമാണ്.  കടിക്കുന്ന ഹാബിറ്റുള്ള കിളവൻ പ്രേതത്തിന്റെ രണ്ടു പല്ലു മിസ്സിംഗ് ആണെന്നു തിരിച്ചറിയുന്ന നായകൻ മിസ്സ് ആയ സെറ്റ് പല്ലുകൾ വെള്ളത്തിൽ നിന്ന് അഭ്യാസിയെ പോലെ തപ്പിയെടുക്കുമ്പോൾ വെള്ളത്തിൽ കൂടി വന്ന് കടിച്ചവൻ സെറ്റ് പല്ല് പോയിട്ട് നോക്കാതെ പോയത് വയസ്സായത് കൊണ്ടുള്ള ഓർമ്മക്കുറവോ,  വെപ്രാളമോ അശ്രദ്ധയോ ആവാതെ തരമില്ല.

ഒടുക്കം തെറ്റിദ്ധരിപ്പിക്കപ്പെട്ട് മനസില്ലാ മനസ്സോടെ  തിരിച്ചുപോരുന്ന മന്ത്രവാദികളെ, പണ്ട് സുരേഷ് ഗോപി ലെഗസി എന്ന പാസ് വേർഡ് കണ്ടു പിടിച്ച പോലെ ക്ലൂ കൊടുത്ത് ദുരന്തഭൂമിയിലേക്ക് തിരികെ കൊണ്ടു വരുമ്പോഴാണ് സുഹൃത്തുക്കളെ നായികക്ക് വെളിപാടുണ്ടായി ആദ്യത്തെ കന്യാസ്ത്രീ പ്രേതത്തിന്റെ വള്ളി കിളവൻ പ്രേതത്തിന്റെ കൊങ്ങയ്ക്ക് കുരുക്കുന്നത്.
നായിക ആറാമിന്ദ്രിയം വഴി തിരച്ചറിയുന്നത് എന്തെന്നാൽ, പിള്ളാരുകളി നടത്തി സമയം പോക്കിയിരുന്ന പാവം കിളവനെ, പണ്ടു ശിഖണ്ഡിയെ മുൻനിർത്തി അർജുനൻ ഭീഷ്മരെ കൊന്നതുപോലെ, കുരിശിനെ പേടിയല്ലാത്ത എത്തിയിസ്റ്റ് കന്യാസ്ത്രീ നടത്തുന്ന ലീലാവിലാസങ്ങൾ മാത്രമാണ് എല്ലാമെന്നായിരുന്നു. അതും പോരാഞ്ഞിട്ട് കന്യാസ്തീയുടെ പേര് കണ്ടു പിടിച്ച് വിളിച്ചു പറയുകയും പേരു കണ്ടു പിടിച്ചത്  അറിഞ്ഞ് ചമ്മി പോയ കന്യാസ്ത്രീ കരുവാളിച്ച് പൊട്ടിത്തെറിക്കുകയും എല്ലാം കെട്ടടങ്ങുകയും ചെയ്യുന്നു.  കുരിശിന്റെ വഴിയിൽ നടക്കാൻ നായകൻ ഉദ്ബോധിപ്പിക്കുന്നിടത്ത് പടം തീരുമ്പോൾ നഷ്ടപ്പെട്ട ടിക്കറ്റ് കാശിൽ നിരാശയായ ഞാൻ ശേഷിച്ച ചോളപ്പൊരി കൊറിക്കുകയായിരുന്നു. തൽസമയം പാശ്ചാത്യരുടെ കുറഞ്ഞു വരുന്ന ദൈവഭയം കൂട്ടാനുള്ള സൈക്കോളജിക്കൽ മൂവ് ആണ് ഈ പടമെന്ന് പിള്ള സാർ അടക്കം പറയുന്നുണ്ടായിരുന്നു. മോളാവട്ടെ,  ഒരു കന്യാസ്ത്രീ എങ്ങനെ ഇത്ര ക്രൂരയാവുന്നു എന്ന സംശയത്തിൽ അസ്വസ്ഥയായിരുന്നു.

  ജയിംസൂട്ടാ നീ പുലിയാണെടാ.........

2 അഭിപ്രായങ്ങൾ: