Follow by Email

2016, ജൂൺ 19, ഞായറാഴ്‌ച

ഒരു യാത്രാക്കുറിപ്പ്

ഗുരുവായൂർ-ചെന്നൈ എക്സ്പ്രസിന്റെ ആറാം നമ്പർ കംപാർട്ട്മെന്റിൽ വിരസമായ പകലിലേക്കു മിഴി പായിച്ചു ഇരിക്കുകയായിരുന്നു ഞാൻ.  സാരിയിൽ പൊതിഞ്ഞ, കൊഴുത്ത, "പാണ്ടി" കുണ്ടികൾ എന്നെ കടന്നു അങ്ങോട്ടേക്കും ഇങ്ങോട്ടേക്കും പൊയ്ക്കൊണ്ടിരുന്നു.  പാളി നോക്കുന്ന എന്നെ അവർ കണ്ടില്ലെന്നു നടിച്ചതോ അതോ ശരിക്കും കാണാത്തതോ? ആവോ അറിയില്ല.  ബോറടിച്ചപ്പോൾ ഫേസ്ബുക്കു തുറന്നു. എല്ലാവരും കേരളാ പോലീസിനെ വാനോളം പുകഴ്ത്തി പോസ്റ്റിട്ടിട്ടുണ്ട്.  ആദ്യം കേസ് ഒതുക്കാൻ നോക്കിയത് ഇതേ പോലീസ് തന്നെയാണെന്ന് പോസ്റ്റിട്ടത് ആരായിരുന്നു? ഇലക്ഷൻ വന്നതു കൊണ്ടാണ് ഈ കേസ് ഉഷാറായത് എന്നു പറഞ്ഞതാരായിരുന്നു? ഒരു രാഷ്ട്രീയ ''പ്രമുഖന്റെ " മുഖത്തിന്റെ ഛായ നോക്കിയവരൊക്കെ നിരാശരായി പോസ്റ്റിറക്കിയിട്ടുണ്ട്.  കഥയുടെ പര്യവസാനം  സുഖമാവാത്തതിനാലാവണം.  പോലീസിനു നന്ദി പറഞ്ഞ ഒരു വാൾപേപ്പർ പ്രൊഫൈൽ ഫോട്ടോ ആക്കി ഞാനും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.  ചാമിക്കു കൂട്ടായി അമീറും എന്നൊരു കമന്റ് ഒരു ഫെമിനിസ്റ്റ് NRI ആന്റി കൊണ്ട് ഒട്ടിച്ചപ്പോൾ ദേഷ്യം തോന്നിയെങ്കിലും അത് ഒതുക്കി എന്നെ പോലുള്ള സാധാരണക്കാർക്ക് ഈ കണ്ടെത്തൽ ആശ്വാസം തരുന്നു എന്നു മറുപടി നൽകി ഫേസ് ബുക് അടച്ചു.

നീണ്ട കൃഷിയടങ്ങൾക്കിടയിൽ തണലിനായി നട്ടു വെച്ചിരിക്കുന്ന പടർന്നു പന്തലിച്ച വേപ്പുമരങ്ങൾ, ഗുൽമോഹർ പൂത്തു നിൽക്കുന്ന കുറ്റിക്കാടുകൾ, മയിൽപേടകൾ ഇവയെല്ലാം കടന്ന് തീവണ്ടി പായുകയാണ്. പെട്ടെന്ന് വാട്സപ്പിൽ മെസേജ് വന്നു.  ഗ്രൂപ്പിലാണ്.  ഇന്നലെ കണ്ട സ്കാൻഡൽ വീഡിയോയിലെ ചരക്ക് ആത്മഹത്യ ചെയ്തത്രേ.  അഡ്മിൻ ആണ്.  അവളുടെ കെട്ടിയോന്റെ കൂടെ ''തകർക്കുന്ന'' വീഡിയോ ലീക്ക് ആയതിന് എന്തിനാണ് ആത്മഹത്യ? എന്നു റിപ്ലെ ചെയ്തു.  ഗ്രൂപ്പിലെ ഒരു കൊഞ്ജാണൻ രോഷം കൊള്ളുന്നുണ്ട്.  പോർണ് ഉള്ളപ്പോൾ വല്ലവന്റേയും ബെഡ് റൂമിൽ ഒളിഞ്ഞു നോക്കി സ്വയംഭോഗം ചെയ്യുന്നതിലെ വൃത്തികേട് ഘോര ഘോരം പ്രസംഗിക്കുന്നുണ്ട്  ആ മക്കുണൻ.  നിർത്തടാ കോപ്പേ,  ആക്ടിംഗ് കാണാൻ ഞങ്ങൾക്കു മനസില്ല.  നീ വേണേൽ കണ്ടോ. എന്നു റിപ്ലെ കൊടുത്തു. മറ്റുള്ളവരും കണക്കിനു താങ്ങി.  അവൻ ഗ്രൂപ്പ് വിട്ടുപോയി. ദേഷ്യം അടക്കാൻ വീണ്ടും വഴിയോര കാഴ്ചകളിലേക്ക് മിഴി പായിച്ചു.  ചിന്തകൾ വീണ്ടും ആ വീഡിയോയിലേക്കു പോയി.  തന്റേടമില്ലാത്ത പെണ്ണുങ്ങൾ.  കഷ്ടം തന്നെ.

മനസിൽ ഒരു കവിത ഉണർന്നു.  "ആത്മഹത്യ ചെയ്ത സഹോദരിക്ക് ആദരാഞ്ജലികൾ" എന്ന തലക്കെട്ടോടെ ഫേസ് ബുക്കിൽ പോസ്റ്റു ചെയ്ത് ലൈക്കുകൾക്കായി കാത്തിരുന്നപ്പോൾ ട്രെയിൻ വില്ലുപുരം സ്റ്റേഷനിൽ എത്തിചേർന്നിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ