Follow by Email

2016, ജൂൺ 24, വെള്ളിയാഴ്‌ച

സംവരണം അതു താൻ മാരണം

ദളിതർ എന്താണിങ്ങനെ?
എല്ലാ ആനുകൂല്യങ്ങളും ജാതി പറഞ്ഞു
തട്ടിയെടുക്കുക. പാർട്ടിക്കാരോട് ഗുണ്ടായിസം കാണിക്കുക.  നല്ല വീട്ടിലെ പെൺപിള്ളാരെ, അതും നല്ല ഭാവിയുള്ള " കുട്ടികളെ " 'ചെറിയ' ഒരു കുസൃതിയുടെ പേരിൽ കോടതി കയറ്റുക. എന്തൂട്ടാ കഥ. കാലം പോയ പോക്കേ... പണ്ടൊക്കെ കുമ്പിളിൽ കഞ്ഞി കുടിച്ചിരുന്ന ടീം ആണ്.  വാരിക്കോരി കിട്ടിയ സംവരണം. അതന്നെ.. അതാണ് ഇവറ്റകളുടെ അഹമ്മതി കൂട്ടിയത് എന്നുള്ളതിൽ കൊശവൻ നായർക്കോ, ഏഭ്യൻ നമ്പൂതിരിക്കോ, കോന്തൻ വാര്യർക്കോ, ഊളൻ കോയയ്ക്കോ, പരട്ട തോമയ്ക്കോ അശേഷം സംശയല്ല്യ.

മീഡിയ ഇങ്ങനെ നിറഞ്ഞു നിൽക്കല്ലേ? എവിടെ നോക്കിയാലും "ദളിത് യുവതി", "ദളിത് യുവതി".
നായർ യുവതികളോ, ഈഴവ യുവതികളോ, നമ്പൂതിരി യുവതികളോ കേരളത്തിൽ ഇല്ല തന്നെ.
അനുഭവിക്യ. അല്ലാതെന്താ?

പണ്ട് ചെറ്റ പൊക്കാൻ പോയ എന്റെ കാർന്നോന്മാരേ, നിങ്ങളുടെ പിൻതലമുറക്കു ഈ ദുർഗതി വന്നല്ലോ.
ഒരു നീണ്ട  നെടുവീർപ്പ്.....

2016, ജൂൺ 22, ബുധനാഴ്‌ച

പാളങ്ങൾ

ഒരിക്കലും
കൂടി ചേരാനിടയില്ലാത്ത
രണ്ടു പാളങ്ങളിൽ 
ഒരു സ്പർശനത്താൽ
മാത്രം കെട്ടപ്പെട്ട് 
എങ്ങോട്ടോക്കോ പായുന്ന
തീവണ്ടിയാവുന്നു ഞാൻ!..

യാത്രക്കിടയിൽ ഇടക്കിടെ
നിർത്തി ഇടുന്ന ചില
റയിൽവേ സ്റ്റേഷനുകൾ..
കണ്ടു മറക്കുന്ന യാത്രക്കാർ..
പരിചിതരായ കച്ചവടക്കാർ..
നിരാലംബരായ യാചകർ ..

എന്റെ യാത്രയിലെ 
എന്റെ വിശ്രമകേന്ദ്രങ്ങൾ
ചില ഒറ്റപ്പെട്ട സ്റ്റേഷനുകൾ!

ഞാൻ കടന്നു പോയ
പാടവരമ്പുകൾ
ഗുൽമോഹർ കാടുകൾ
എരിഞ്ഞ പകലുകൾ
വിരസ രാത്രികൾ...

പാളം തെറ്റാതിരുന്നാൽ
മാത്രം എത്തിച്ചേരാനിടയുള്ള
ലക്ഷ്യസ്ഥാനത്തിൽ 
എന്താവാം കാത്തിരിക്കുക?


2016, ജൂൺ 20, തിങ്കളാഴ്‌ച

ഒരു മൂവി റിവ്യു


conjuring 2
സെക്കന്റ് ഷോ കണ്ടാലെ പേടി കൂടു എന്ന ഉറച്ച വിശ്വാസമുണ്ടായിരുന്ന  ഞാൻ ഫസ്റ്റ് ഷോക്കു പോകാമെന്ന് കോംപ്രമയിസ് ചെയ്തതു ഉറക്കം നഷ്ടപ്പെടാതിരിക്കാൻ മാത്രമായിരുന്നു.  വല്ലാത്ത പ്രതീക്ഷയോടെ പ്രധാനമന്ത്രി മുത്താണെന്ന പരസ്യം വരെ ക്ഷമയോടെ കണ്ടിരുന്നതും, ഈ ലോകത്ത് മനുഷ്യനല്ലാതെ ഭയക്കേണ്ട മറ്റൊരു അദൃശ്യ ശക്തി ദൈവത്തിനൊപ്പം കട്ടക്ക് കട്ടക്ക് നിൽക്കാൻ പാകത്തിൽ ഉണ്ടെന്നത് തെളിവു സഹിതം ഉറപ്പിക്കുക എന്ന ഹിഡൻ അജ ണ്ടയുമായി ആയിരുന്നു.

പടം തുടങ്ങുമ്പോഴേ,  ഭാര്യാ ഭർത്താക്കന്മാരായ മന്ത്രവാദികളുടെ  പ്രണയം നമ്മുടെ മനസ്സിനെ ആർദ്രമാക്കുകയും ആറാം ഇന്ദ്രിയം പ്രവർത്തന നിരതമായ നായിക സിനിമ കാണുന്നതുപോലെ പ്രേത വികൃതികൾ കണ്ടു നിലവിളിക്കുകയും തൽ സമയം ഓജോ ബോർഡുവെച്ച് പ്രേതം കയറാൻ പോവുന്ന പെൺകുട്ടി പ്രേതത്തെ വിളിക്കുകയുമാണ്. വിളിക്കാതെ വന്നപ്രേതം വീട്ടിൽ തന്നെ ഉള്ളപ്പോഴാണെന്നോർക്കണം.
പ്രസ്തുത പെൺകുട്ടി പ്രേതം കയറി നാഗവല്ലിയായി മാറിയ ഗംഗയെ പോലെ കര കര ശബ്ദത്തിൽ കിളവൻ പ്രേതത്തിന്റെ (രണ്ടാം ബാല്യത്തിന്റെ തുടിപ്പുള്ള) ആഞ്ജാനുവർത്തിയായി വീട് മൊത്തം അലമ്പാക്കുകയും എന്നെ വെറുക്കല്ലേ അമ്മേ എന്നിടക്കിടെ നിരാലംബയായി നിലവിളിക്കുകയും ചെയ്യുന്നുണ്ട്. അതിനിടെ നമ്മുടെ മന്ത്രവാദിനി നായികയുടെ ആജന്മ ശത്രുവായ കന്യാസ്ത്രീ പ്രേതം  ഞാനവിടുണ്ടെന്ന് ഓർമ്മിപ്പിക്കുന്നുണ്ട്.  വീട്ടിൽ പ്രേതത്തെ വെച്ചിട്ട് നാട്ടിൽ പ്രേതത്തെ തപ്പി നടക്കുന്ന എത്തിക്സ്സ് ഇല്ലായ്മ നമ്മൾ കാണികൾ ശ്രദ്ധിക്കേണ്ടതില്ല.  കാരണം അതു ലാസ്റ്റിൽ കൊണ്ടു കെട്ടാനുള്ള തുമ്പാണ്.  

മന്ത്രവാദികൾ പള്ളിയുടെയും പട്ടക്കാരുടേയും മാനം കാക്കാൻ പെൺകൊച്ചിനെ കാണാൻ പോവുകയും അഭിമുഖ സംഭാഷണങ്ങൾ പലതു നടത്തി എല്ലാം വീഡിയോ ഓഡിയോ റെക്കോർഡുകളായി ഭാവിയിലെ ആവശ്യത്തിനായി സൂക്ഷിച്ചു  വെയ്ക്കുകയുമാണ്.  കടിക്കുന്ന ഹാബിറ്റുള്ള കിളവൻ പ്രേതത്തിന്റെ രണ്ടു പല്ലു മിസ്സിംഗ് ആണെന്നു തിരിച്ചറിയുന്ന നായകൻ മിസ്സ് ആയ സെറ്റ് പല്ലുകൾ വെള്ളത്തിൽ നിന്ന് അഭ്യാസിയെ പോലെ തപ്പിയെടുക്കുമ്പോൾ വെള്ളത്തിൽ കൂടി വന്ന് കടിച്ചവൻ സെറ്റ് പല്ല് പോയിട്ട് നോക്കാതെ പോയത് വയസ്സായത് കൊണ്ടുള്ള ഓർമ്മക്കുറവോ,  വെപ്രാളമോ അശ്രദ്ധയോ ആവാതെ തരമില്ല.

ഒടുക്കം തെറ്റിദ്ധരിപ്പിക്കപ്പെട്ട് മനസില്ലാ മനസ്സോടെ  തിരിച്ചുപോരുന്ന മന്ത്രവാദികളെ, പണ്ട് സുരേഷ് ഗോപി ലെഗസി എന്ന പാസ് വേർഡ് കണ്ടു പിടിച്ച പോലെ ക്ലൂ കൊടുത്ത് ദുരന്തഭൂമിയിലേക്ക് തിരികെ കൊണ്ടു വരുമ്പോഴാണ് സുഹൃത്തുക്കളെ നായികക്ക് വെളിപാടുണ്ടായി ആദ്യത്തെ കന്യാസ്ത്രീ പ്രേതത്തിന്റെ വള്ളി കിളവൻ പ്രേതത്തിന്റെ കൊങ്ങയ്ക്ക് കുരുക്കുന്നത്.
നായിക ആറാമിന്ദ്രിയം വഴി തിരച്ചറിയുന്നത് എന്തെന്നാൽ, പിള്ളാരുകളി നടത്തി സമയം പോക്കിയിരുന്ന പാവം കിളവനെ, പണ്ടു ശിഖണ്ഡിയെ മുൻനിർത്തി അർജുനൻ ഭീഷ്മരെ കൊന്നതുപോലെ, കുരിശിനെ പേടിയല്ലാത്ത എത്തിയിസ്റ്റ് കന്യാസ്ത്രീ നടത്തുന്ന ലീലാവിലാസങ്ങൾ മാത്രമാണ് എല്ലാമെന്നായിരുന്നു. അതും പോരാഞ്ഞിട്ട് കന്യാസ്തീയുടെ പേര് കണ്ടു പിടിച്ച് വിളിച്ചു പറയുകയും പേരു കണ്ടു പിടിച്ചത്  അറിഞ്ഞ് ചമ്മി പോയ കന്യാസ്ത്രീ കരുവാളിച്ച് പൊട്ടിത്തെറിക്കുകയും എല്ലാം കെട്ടടങ്ങുകയും ചെയ്യുന്നു.  കുരിശിന്റെ വഴിയിൽ നടക്കാൻ നായകൻ ഉദ്ബോധിപ്പിക്കുന്നിടത്ത് പടം തീരുമ്പോൾ നഷ്ടപ്പെട്ട ടിക്കറ്റ് കാശിൽ നിരാശയായ ഞാൻ ശേഷിച്ച ചോളപ്പൊരി കൊറിക്കുകയായിരുന്നു. തൽസമയം പാശ്ചാത്യരുടെ കുറഞ്ഞു വരുന്ന ദൈവഭയം കൂട്ടാനുള്ള സൈക്കോളജിക്കൽ മൂവ് ആണ് ഈ പടമെന്ന് പിള്ള സാർ അടക്കം പറയുന്നുണ്ടായിരുന്നു. മോളാവട്ടെ,  ഒരു കന്യാസ്ത്രീ എങ്ങനെ ഇത്ര ക്രൂരയാവുന്നു എന്ന സംശയത്തിൽ അസ്വസ്ഥയായിരുന്നു.

  ജയിംസൂട്ടാ നീ പുലിയാണെടാ.........

2016, ജൂൺ 19, ഞായറാഴ്‌ച

ഒരു യാത്രാക്കുറിപ്പ്

ഗുരുവായൂർ-ചെന്നൈ എക്സ്പ്രസിന്റെ ആറാം നമ്പർ കംപാർട്ട്മെന്റിൽ വിരസമായ പകലിലേക്കു മിഴി പായിച്ചു ഇരിക്കുകയായിരുന്നു ഞാൻ.  സാരിയിൽ പൊതിഞ്ഞ, കൊഴുത്ത, "പാണ്ടി" കുണ്ടികൾ എന്നെ കടന്നു അങ്ങോട്ടേക്കും ഇങ്ങോട്ടേക്കും പൊയ്ക്കൊണ്ടിരുന്നു.  പാളി നോക്കുന്ന എന്നെ അവർ കണ്ടില്ലെന്നു നടിച്ചതോ അതോ ശരിക്കും കാണാത്തതോ? ആവോ അറിയില്ല.  ബോറടിച്ചപ്പോൾ ഫേസ്ബുക്കു തുറന്നു. എല്ലാവരും കേരളാ പോലീസിനെ വാനോളം പുകഴ്ത്തി പോസ്റ്റിട്ടിട്ടുണ്ട്.  ആദ്യം കേസ് ഒതുക്കാൻ നോക്കിയത് ഇതേ പോലീസ് തന്നെയാണെന്ന് പോസ്റ്റിട്ടത് ആരായിരുന്നു? ഇലക്ഷൻ വന്നതു കൊണ്ടാണ് ഈ കേസ് ഉഷാറായത് എന്നു പറഞ്ഞതാരായിരുന്നു? ഒരു രാഷ്ട്രീയ ''പ്രമുഖന്റെ " മുഖത്തിന്റെ ഛായ നോക്കിയവരൊക്കെ നിരാശരായി പോസ്റ്റിറക്കിയിട്ടുണ്ട്.  കഥയുടെ പര്യവസാനം  സുഖമാവാത്തതിനാലാവണം.  പോലീസിനു നന്ദി പറഞ്ഞ ഒരു വാൾപേപ്പർ പ്രൊഫൈൽ ഫോട്ടോ ആക്കി ഞാനും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.  ചാമിക്കു കൂട്ടായി അമീറും എന്നൊരു കമന്റ് ഒരു ഫെമിനിസ്റ്റ് NRI ആന്റി കൊണ്ട് ഒട്ടിച്ചപ്പോൾ ദേഷ്യം തോന്നിയെങ്കിലും അത് ഒതുക്കി എന്നെ പോലുള്ള സാധാരണക്കാർക്ക് ഈ കണ്ടെത്തൽ ആശ്വാസം തരുന്നു എന്നു മറുപടി നൽകി ഫേസ് ബുക് അടച്ചു.

നീണ്ട കൃഷിയടങ്ങൾക്കിടയിൽ തണലിനായി നട്ടു വെച്ചിരിക്കുന്ന പടർന്നു പന്തലിച്ച വേപ്പുമരങ്ങൾ, ഗുൽമോഹർ പൂത്തു നിൽക്കുന്ന കുറ്റിക്കാടുകൾ, മയിൽപേടകൾ ഇവയെല്ലാം കടന്ന് തീവണ്ടി പായുകയാണ്. പെട്ടെന്ന് വാട്സപ്പിൽ മെസേജ് വന്നു.  ഗ്രൂപ്പിലാണ്.  ഇന്നലെ കണ്ട സ്കാൻഡൽ വീഡിയോയിലെ ചരക്ക് ആത്മഹത്യ ചെയ്തത്രേ.  അഡ്മിൻ ആണ്.  അവളുടെ കെട്ടിയോന്റെ കൂടെ ''തകർക്കുന്ന'' വീഡിയോ ലീക്ക് ആയതിന് എന്തിനാണ് ആത്മഹത്യ? എന്നു റിപ്ലെ ചെയ്തു.  ഗ്രൂപ്പിലെ ഒരു കൊഞ്ജാണൻ രോഷം കൊള്ളുന്നുണ്ട്.  പോർണ് ഉള്ളപ്പോൾ വല്ലവന്റേയും ബെഡ് റൂമിൽ ഒളിഞ്ഞു നോക്കി സ്വയംഭോഗം ചെയ്യുന്നതിലെ വൃത്തികേട് ഘോര ഘോരം പ്രസംഗിക്കുന്നുണ്ട്  ആ മക്കുണൻ.  നിർത്തടാ കോപ്പേ,  ആക്ടിംഗ് കാണാൻ ഞങ്ങൾക്കു മനസില്ല.  നീ വേണേൽ കണ്ടോ. എന്നു റിപ്ലെ കൊടുത്തു. മറ്റുള്ളവരും കണക്കിനു താങ്ങി.  അവൻ ഗ്രൂപ്പ് വിട്ടുപോയി. ദേഷ്യം അടക്കാൻ വീണ്ടും വഴിയോര കാഴ്ചകളിലേക്ക് മിഴി പായിച്ചു.  ചിന്തകൾ വീണ്ടും ആ വീഡിയോയിലേക്കു പോയി.  തന്റേടമില്ലാത്ത പെണ്ണുങ്ങൾ.  കഷ്ടം തന്നെ.

മനസിൽ ഒരു കവിത ഉണർന്നു.  "ആത്മഹത്യ ചെയ്ത സഹോദരിക്ക് ആദരാഞ്ജലികൾ" എന്ന തലക്കെട്ടോടെ ഫേസ് ബുക്കിൽ പോസ്റ്റു ചെയ്ത് ലൈക്കുകൾക്കായി കാത്തിരുന്നപ്പോൾ ട്രെയിൻ വില്ലുപുരം സ്റ്റേഷനിൽ എത്തിചേർന്നിരുന്നു.