Follow by Email

2016, മേയ് 12, വ്യാഴാഴ്‌ച

ഉടനുടൻ ലഭിക്കുന്ന നീതികൾ

ചാമിയെ പോലെ ലക്ഷണമൊത്ത
ഒരു പാണ്ടിയെ അന്വേഷിച്ചു..
കണ്ടെത്തിയില്ല ....

മലയാളികൾ  മാന്യമഹാജനങ്ങൾ...
മറ്റു സംസ്ഥാനക്കാരനെ തപ്പി;
കിട്ടിയില്ല

എല്ലാ പ്രായപൂർത്തിയായ
 പുരുഷന്റെയും
 വിരലടയാള ശേഖരണ മഹാമഹം
നടത്തി
കണ്ടെത്തിയില്ല...

പ്രായം പൂർത്തിയാകുന്നത് എങ്ങനെ
എന്നൊരു ഒന്നൊന്നര ചോദ്യം
തൊണ്ടയിൽ കുടുങ്ങി
ശ്വാസം മുട്ടിക്കുന്നുണ്ട്...

അമ്മയും ചേച്ചിയും പിഴയാണെന്നു
പറഞ്ഞപ്പോഴാണ് നീതി തേടിയ
 സദാചാരമൂല്യങ്ങൾ ഉള്ളവർ
പിന്മാറിയത്....

അപ്പോഴാണ്   ഒളിക്യാമറയിൽ
ഒരു പരോപകാരി കുടുങ്ങിയത്
കീബോർഡ് വിപ്ലവ കാരികൾ
അദ്ദേഹത്തിന്റെ ചൂഷണങ്ങളെ
 ഓർത്ത് അമ്പരന്നിരുന്നപ്പോൾ...

അപ്പോഴാണ്...
കേരളമെന്ന സൊമാലിയയിലേക്ക്
ഒരു വഴികാട്ടി കടന്നു വന്നത്....

അതോടെ ജിഷയ്ക്കും കിട്ടി
" നീതി"

2016, മേയ് 7, ശനിയാഴ്‌ച

വർണ്ണങ്ങൾ വിവേചിക്കുമ്പോൾ

 വർണ്ണം നോക്കി വേർതിരിച്ചെടുത്ത
വാർത്തകൾ പൊടിപ്പും തൊങ്ങലും
ചേർത്ത് രുചിയോടെ  രാവിലെ വിളമ്പുമ്പോൾ വെളളം തൊടാതെ
വിഴുങ്ങുന്ന ഊളകൾ നിറഞ്ഞ
സുന്ദര സാക്ഷര കേരളം

സൂര്യനെല്ലി ഒരു സ്ഥലമല്ലാതായതും
പീഡനത്തിൽ ഗുരുവായത്
  സ്വന്തം നേതാവെന്നും  
ലിസ്റ്റിൽ പേരു വരുമോ 
എന്നോർത്തു നിദ്രാഹീനരായതു
സ്വന്തം നേതൃ നിരയെന്നും മറന്നു
വലതു കൈ ഇടതു വശത്തേക്കു
ചൂണ്ടുമ്പോൾ

കിളിരൂരും കവിയൂരും സ്ഥലങ്ങൾ
മാത്രമാണെന്ന പോൽ മറവി രോഗി
നീണ്ടു വന്ന വലതുകൈ  അരിവാളിൽ
അരിഞ്ഞെടുക്കുന്നു....

ഈ സമയം ജീൻസ് അഴിച്ച് സംസ്ക്കാരം
ഉടുപ്പിക്കുകയായിരുന്നു
മറ്റു ചില വഴികാട്ടികൾ...

ജിഷ ഒരു ദളിതയാണ്
ദളിതയാണ്
ദളിതയാണ്
തിരഞ്ഞെടുപ്പാണ്
പെരുമ്പാവൂരാണ്
 ഇപ്പോഴെല്ലാരുമുണ്ട്
തമ്മിൽ തമ്മിൽ  വിരൽ ചൂണ്ടുന്നുണ്ട്
ആക്രോശിക്കുന്നുണ്ട്...

കേരളത്തിൽ ഇനിയും സ്ഥലങ്ങൾ ഉണ്ട്
ദളിതരുണ്ട്
പെൺകുട്ടികളുണ്ട്...
 സുരക്ഷിതത്വം ????

2016, മേയ് 5, വ്യാഴാഴ്‌ച

കാമുകൻ


കാമുകൻ എന്നാൽ ചിലപ്പോഴൊക്കെ
കാമം മൂത്തവൻ എന്നർത്ഥം..
 മറ്റു ചില നേരങ്ങളിൽ "പിമ്പ്"

 വരും തലമുറകൾ "ക്ലിപ്പുകൾ"
തേടി അലയുന്ന സൈബർ യുഗത്തിൽ
കാമുകൻ സ്വന്തം പ്രണയത്തിന്റെ
കമ്പി തിരക്കഥാകൃത്തുമാണ്.
കുറഞ്ഞ പക്ഷം സുഹൃത്തുക്കൾക്കിടക്കെങ്കിലും....

കാമുകൻ ചിലപ്പോൾ രക്ഷകനാണ്...
സദാചാരത്തിന്റെ കാവൽ ഭടൻ
മറ്റു ചിലകാമുകന്മാർ പ്രണയിനിയുടെ
മുഴുപ്പുകൾ ഒളിക്യാമറയിൽ വിദഗ്ദ്ധമായി പകർത്തുന്ന കഴിവുറ്റ
കലാകാരന്മാരുമാണ്....

ഇനിയും  ചിലർ  സൗഹൃദ സദസ്സുകളിൽ
സ്പീക്കർ ഫോണിൽ കാമുകിയൊത്ത്
ലൈംഗികസംഭാഷണത്തിൽ രസിക്കുന്ന
 ദരിദ്രവാസികളുമാകുന്നു: ...

രമണനും ദേവദാസും അറിയപ്പെടാത്ത മറ്റു പലരും  പൊറുക്കട്ടെ!

2016, മേയ് 3, ചൊവ്വാഴ്ച

ആണത്തം - ഒരു തല തിരിഞ്ഞ അവലോകനം

കഴിഞ്ഞ കുറെ ദിവസങ്ങളായി ഒരു സംശയം. ലോകത്തു മറ്റു പല നാടുകളിലും ഉളള പുരുഷൻമാർക്കാർക്കും ഇല്ലാത്ത എന്തെങ്കിലും അഡീഷനൽ  ഐറ്റം മലയാളി /ഇന്ത്യൻ പുരുഷന് ഉണ്ടോ? എന്റെ അടുത്ത സുഹൃത്തിനോടും ഭർത്താവിനോടും തിരക്കി. രണ്ടു പേരുടേയും അഭിപ്രായം ഉണ്ടെന്നായിരുന്നു. പുരുഷത്വം എന്നാണത്രേ  അതിന്റെ പേര്‌.."പാരമ്പര്യമായി" കാത്തു സൂക്ഷിച്ചു ഒരു പോറലു പോലുമേൽക്കാതെ ആണത്രേ ഈ ആണത്വം alias പുരുഷത്വം അവർ സൂക്ഷിക്കുന്നത്. ചില സന്ദർഭങ്ങളിൽ, പ്രത്യേകിച്ച് സ്ത്രീകൾ "വൃത്തികേടായി" വസ്ത്രം ധരിച്ചു നിരത്തിലിറങ്ങുന്ന സന്ദർഭങ്ങൾ,  "വ്യക്തമായ അഭിപ്രായങ്ങൾ" പറയുന്ന അവസരങ്ങൾ അങ്ങനെ അങ്ങനെ പല അവസരങ്ങളിലും അത് "മുറിവേൽക്ക"പ്പെടുമത്രേ. അപ്പോൾ എന്തു ചെയ്യും? അതിനുത്തരവാദികളാവുന്ന വരെ ആക്രമിക്കും.വാക്കാലോ അല്ലെങ്കിൽ പ്രവൃത്തിയാലോ ആകാം പ്രസ്തുത ആക്രമണം.   ഇപ്രകാരം മുറിവേൽക്കപ്പെടാത്ത ആണുങ്ങൾ മേൽ  പറഞ്ഞ ഐറ്റം ഇല്ലാത്തവരായി കണക്കാക്കപ്പെടുമത്രേ. ഇതാണ് ഇന്നത്തെ സമ്പൂർണ്ണ സാക്ഷര സമൂഹത്തിലേയും "നാട്ടുനടപ്പ്".

 കേരളത്തിൽ "എവിടെയൊക്കെയോ" "എന്തൊക്കെയോ" "പ്രകോപനങ്ങളാൽ" സം ഭവിക്കുന്ന ബലാൽസംഗമോ പീഡനമോ ആണത്തവുമായി ബന്ധമുളളതാണെന്ന് ആണ് ഞാൻ പറയാൻ വരുന്നതെന്ന് വായനക്കാരെ നിങ്ങൾ തെറ്റിദ്ധരിക്കരുത്. അതൊക്കെ കാമഭ്രാന്തൻമാർ ചെയ്തു കൂട്ടുന്നതാണ്.  കാമം മൂത്തു  ഭ്രാന്താവുമ്പോൾ എന്തിനാണ് പക തീർക്കുന്നതു പോലെ  ഒരു ശരീരം കുത്തി  കീറുന്നതെന്ന ചോദ്യം ന്യായമെങ്കിലും "നാട്ടുനടപ്പ്" അനുസരിച്ച് അപ്രസക്തമാണ്. എല്ലാ സമൂഹത്തിലും കുറ്റവാളികൾ ഉണ്ടല്ലോ അതു വച്ച് ഒരു "മഹത്തായ പാരമ്പര്യത്തെയും സംസ്ക്കാരത്തെയും" തെറി വിളിക്കാൻ ഇറങ്ങരുത്. കുറ്റവാളികൾ കൂടുന്നത് സമൂഹത്തിന്റെ  കുറ്റമല്ല.  നിയമത്തിന്റെ പിടിപ്പുകേടാണ്. ഞങ്ങൾ മുഖപുസ്തകം വഴി  നീതി മേടിച്ചു കൊടുക്കും.  പണ്ടു ഞങ്ങൾ മെഴുകുതിരി കത്തിച്ചു മേടിച്ചു കൊടുത്ത അതേ നീതി തന്നെ. അതു കിട്ടുന്നവരെ  ഞങ്ങൾ പോസ്റ്റിടും. മരണം വരെയും സമരം ചെയ്യും.  അതാണ് ശീലം.....

2016, മേയ് 2, തിങ്കളാഴ്‌ച

ഇന്നില്ലാത്തവന്റെ നാളെ

എന്റെ ഒറ്റ വീട്ടിൽ
അമ്മയുടെ പുലമ്പലുകൾ
അച്ഛന്റെ നിഴൽ പതിയാത്ത
ഒറ്റമുറിയുടെ ചുമരുകൾ...

 ഒറ്റപ്പെട്ടതോ അതോ
 നിറം നോക്കി ഒതുക്കിയതോ?
ആവോ, ഓർക്കുന്നില്ല..

പ്രാരാബ്ധച്ചുമടു താങ്ങി തളർന്ന
 തലയിൽ ഇനിയും
 തെളിയാത്ത ചില വരകൾ...
കാമഭ്രാന്തിന്റെ ഇരുമ്പുദണ്ഡുകൾ
 വികൃതമാക്കിയ സ്വപ്നങ്ങൾ
ഞാൻ സൗമ്യയല്ല... ജിഷയാണ്...

കഞ്ചാവുo  വിഭ്രാന്തിയും
കൈകോർത്ത മറ്റു ചില വഴിയോരങ്ങൾ
ഒരു പിഞ്ചുകഴുത്തിലെ   പതിനേഴു
കത്തികുത്തുകൾ....

തെരഞ്ഞെടുപ്പാണ്...
വോട്ടു ചെയ്യാൻ മറക്കരുത്...
നല്ല നാളെ...
നീളെ നീളെ .....