Follow by Email

2016, ഫെബ്രുവരി 5, വെള്ളിയാഴ്‌ച

കവികളുടെ കാമുകിഭാഗം-1


"ആർത്തവകാലത്തെ  മണ്ഡലജീവിതം" എന്ന വിഷയത്തിൽ ഒരുഗ്രൻ പ്രസംഗം കാച്ചിയിട്ടു കരഘോഷങ്ങൾക്കിടയിലൂടെ സദസ്സിൽ എനിക്കായി ഒഴിച്ചിട്ടിരുന്ന കസേരയിൽ സാരിയുടെ ഞൊറിവുകൾ ഉടയാതെ ശ്രദ്ധാപൂർവം  വന്നിരുന്നു, കണ്ണട ചൂണ്ടുവിരലാൽ ഉറപ്പിച്ചു സദസിലേക്ക് തെല്ലൊരു അഹന്തയോടെ നോക്കിയിരുന്നപ്പോൾ ആയിരുന്നു മൊബൈൽ വ്യ്ബ്രേഷൻ മോഡിൽ കിടന്ന്‌ ഞെരിപിരി കൊണ്ടത്‌.  ഏതോ അപരിചിതമായ നംബർ.  ഞാൻ മീറ്റിംഗിൽ ആണെന്ന മെസ്സേജോടെ കാൾ കട്ട്‌ ചെയ്തു, വീണ്ടും മറ്റുള്ളവരുടെ അധരവ്യായാമങ്ങളിലേക്കു ശ്രദ്ധ തിരിച്ചു. എല്ലാവരും തകർക്കുകയാണ്.  എന്തെങ്കിലുമോക്കെ നടക്കും എന്ന് എന്നത്തേയും പോലെ വല്ലാത്തൊരു പ്രതീക്ഷ തോന്നി.

 "മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ" എന്ന ആരെയും പ്രണയപരവശരാക്കുന്ന എവർ ഗ്രീൻ ലവ് സോങ്ങിന്റെ അകമ്പടിയോടെ, കാലം മാറിയിട്ടും മാറ്റാൻ മനസ് വരാത്ത ടൊയോട്ട കാമ്രി ഡ്രൈവ് ചെയ്തു വീട്ടിലേക്കു പോകുന്ന വഴിക്കായിരുന്നു ആ നംബരിൽ നിന്ന് വീണ്ടും കാൾ വന്നത്.  കാർ ഒതുക്കി നിരത്തിയിട്ടു കാൾ അറ്റെണ്ട്‌ ചെയ്തു. 

 "മേഡം, ഞാൻ ക്ഷിപ്ര.  ഗവേഷണവിദ്യാർഥിനിയാണ്." 

പെട്ടെന്ന് മനസ്സിൽ വന്നത് വെയിലത്തുണങ്ങാൻ വെച്ച മുഴുത്ത തേങ്ങകൾ ആയിരുന്നു. 

 "ഓക്കേ, എന്തിനാ കുട്ടി വിളിച്ചത്?". 


 "അത്, എനിക്ക് മാഡത്തിന്റെ ഒരു ഇന്റർവ്യൂ  വേണം." 

ങേ, ഇതെന്തു കഥ.  അത്ഭുതം അടക്കി  പറഞ്ഞു. 

 "കുട്ടീ, ഈ തവണത്തെ നോബൽ സമ്മാനം എന്നത്തേയും പോലെ എലമെന്ററി പാർടിക്കിൽ ഫിസിക്സിന് തന്നെയാണ്.  ആ കോന്തൻമാരുടെ ഭാവം കണ്ടാൽ ഫിസിക്സിൽ വേറൊന്നും ഇല്ലെന്നു തോന്നും.  കോപ്പ്. "

"സോറി മാഡം.  അതല്ല. എനിക്ക് നിങ്ങളോട് സംസാരിക്കാൻ ഉള്ളത് മലയാളം സാഹിത്യത്തെ പറ്റിയാണ്. "

വീണ്ടും ഞെട്ടി. 

 "ങേ, അതിനു എന്റെ ബ്ലോഗ്‌ വഴിയായിരുന്നല്ലോ കുട്ടി ഞാൻ മലയാളം സാഹിത്യത്തിനു ഉദാരമായ സംഭാവനകൾ നല്കി കൊണ്ടിരുന്നത് . അത് നാട്ടുകാര് കൂടി പൂട്ടിച്ച കഥയൊന്നും കുട്ടി അറിഞ്ഞില്ലെന്നു തോന്നുന്നു .  ഹിന്ദുവും കൃ സ്ത്യാനിയും മുസ്ലിമും ഒരുമിച്ചു ഉണര്ന്ന ഒരു പ്രഭാതത്തിൽ ആയിരുന്നു ആ ദുരന്തം." 

 ഞാൻ ഒരു നെടുവീര്പ്പോടെ തുടർന്നു. 

 "പുരുഷവിദ്വേഷം വളര്ത്തുന്നു എന്നതും മഹത്തായ എന്തോ സംസ്കാരത്തെ അവഹേളിക്കുന്നു എന്നതുമൊക്കെ ആയിരുന്നു കുറ്റങ്ങൾ" 


എന്റെ കണ്ണ് നിറഞ്ഞു.

ക്ഷിപ്ര  പറഞ്ഞു.  " അല്ല മാഡം.  ഇതു വേറൊരു കാര്യമാണ്.  നമുക്കൊന്ന് നേരിട്ട് സംസാരിച്ചാലോ?"

ഈ പെണ്ണിത് എന്ത് വയ്യാവേലിക്കാണോ എന്നോര്ത്തെങ്കിലും, കോൺവെന്റ് ജങ്ങ്ഷനിലെ കോഫി ഷോപ്പിൽ വെച്ച് ശനിയാഴ്ച കാണാം എന്ന് സമ്മതം പറഞ്ഞു ഫോൺ വെച്ചു. വീണ്ടും പോസ് ചെയ്തു വെച്ച വെള്ളരിപ്രാവ്‌ കേട്ട് രസിച്ചു,മറൈൻ ഡ്രൈവിലെ അസ്തമയം കാണാനായി അങ്ങോട്ടേക്ക് പാഞ്ഞു.

ഭാഗം- 2ദിവസങ്ങൾ അസംബ്ലിക്കു പോകുന്ന അച്ചടക്കമില്ലാത്ത കുട്ടികളെ പോലെ അന്യോന്യം തളളുണ്ടാക്കി കടന്നു പോയി. അങ്ങനെ  വെളളിയാഴ്ചയെ തളളിമാറ്റി ശനിയാഴ്ചവന്നു.  അതിരാവിലെ കൃത്യം പത്തു മണിക്ക് ക്ഷിപ്രയുടെ കാളും വന്നു."നീലാംബരി മാഡമല്ലേ? ഇന്നാണ് മീറ്റ് ചെയ്യാൻ വരാൻ പറഞ്ഞത്."


 ഓ... ശല്യം. മറന്നു. ഇന്ന് പിളള  തമിഴ്  വിഭവങ്ങൾ ഒരുമിച്ച് തകർക്കാൻ റെഡി ആയിരിക്കുകയാണല്ലോ! വൈകിട്ട് മോളുടെ കരാട്ടെ  ക്ലാസിൽ ചെല്ലാമെന്ന് പ്രോമിസ് കൊടുത്തതുമാണ്. പിള്ളയെ പിന്നേയും  സമാധാനിപ്പിക്കാം. അവൾ നോ കോംപ്രമയിസ്.

 "കുട്ടീ അൽപ്പം കഴിഞ്ഞ് ഞാൻ വിളിക്കാം. ഇപ്പോ ഇത്തിരി തിരക്കിലാട്ടോ." ശരി മാഡo എന്നു പറഞ്ഞ് ആ കുട്ടി ഫോൺ വെച്ചു. പിളള കൂർക്കം വലിച്ചു കിടന്നു ഉറക്കമാണ്."എടാ എണീക്കെടാ  പത്തു മണി ആയി. എടാ."  പിള്ളയെ കുത്തിയിളക്കാൻ ഒരു വിഫലശ്രമം നടത്തി നോക്കി.  നീ ഇങ്ങനെ ഉറക്കം ഇല്ലാതെ നടന്നോ എന്ന ഡയലോഗോടെ തിരിഞ്ഞു കിടന്നതല്ലാതെ  ഒരു നടപടിയും ഉണ്ടായില്ല.

 നേരെ കിച്ചണിൽ എത്തി പാചകം തുടങ്ങി.  കാരകുഴമ്പ്   റെഡി ആയപ്പോൾ പിള്ള എത്തി. മണം അടിചിട്ടാവണം. 
"കളളി നേരത്തേ എണീറ്റു രഹസ്യമായി പാചകം ആണല്ലേ?"


"നീ പോടാ,  കോ...."ഭർത്താവിനെ ബഹുമാനമില്ലന്ന പതിവു പരാതിയോടെ പിള്ള സ്ഥലം വിട്ടു. പിന്നെയും കറങ്ങി വന്നു സഹായഹസ്തം നീട്ടി. അതു നിരാകരിച്ച്  ജോലി ഒതുക്കി മോളുടെ ആവശ്യങ്ങളും തീർത്തു കോൺവെന്റ് ജംഗ്ഷനിലേക്ക് കാറോടിക്കുമ്പോൾ മനസ്സ് നിറയെ ആകാംക്ഷ ആയിരുന്നു. 


ഭാഗം-3കോളേജിലേക്ക് തിരിയുന്ന വഴിയോരത്ത് കാർ പാർക്ക്‌ ചെയ്തു കോഫിഷോപ്പിലേക്ക് നടന്നപ്പോൾ ക്ഷിപ്ര കടയിൽ നിന്നിറങ്ങി വന്നു, ഹസ്തദാനത്തൊടെ സ്വീകരിച്ചു.  ഓർഡർ കൊടുത്തു ഒരു കോർണർ കണ്ടെത്തി ഇരുന്നു സംസാരം തുടങ്ങി.  

"മാഡം, ആദ്യമായി എന്നെ പറ്റി പറയാം.  എൻറെ ഗവേഷണവിഷയം "പ്രണയപരാജിതരായ വിഖ്യാത കവികൾ- ഒരു വിമർശനാത്മക പഠനം" എന്നതാണ്."

"എന്റെ ക്ഷിപ്ര, ഇതു വളരെ ഔട്ട്‌ഡേട്ടട് ആണല്ലോ.  മലയാളം പ്രൊഫസർ അല്ല ഞാൻ.  എങ്കിലും ഒരു ഗവേഷണവിഷയം സെലക്ട്‌ ചെയ്യുമ്പോൾ കുറെ കാര്യങ്ങൾ നോക്കണ്ടേ? ആനുകാലികപ്രസക്തി, പണ്ട് നടന്ന പഠനങ്ങൾ, അങ്ങിനെ അങ്ങിനെ?  ഇടപ്പള്ളി മുതൽ നോക്കിയാൽ പോലും  പ്രണയനൈരാശ്യം വളരെ പ്രകടമായി കവിതകളിൽ കാണുന്ന നമ്മുടെ മലയാളത്തിൽ ഇങ്ങനൊരു വിഷയം എത്രയോ പഠനങ്ങൾ കഴിഞ്ഞതാണ്.  സുഗതകുമാരി പോലും ഈ വിഷയത്തിൽ കവിത എഴുതിയിട്ടുണ്ട്.  ഇതിലെന്താണ് പുതുമ?  അല്ല അത് പോട്ടെ, ഇതും ഞാനുമായി എവിടെ ആണ് ബന്ധം?"

ക്ഷിപ്ര ചെറുപുഞ്ചിരിയോടെ പറഞ്ഞു. 

 "  ഇല്ല മേഡം, ഇതു അങ്ങിനെ ഒന്നല്ല. ഞാൻ സബ്ജെക്റ്റ് ലളിതമായി പറഞ്ഞു എന്നേ ഉള്ളു.  ഇതൊരു സ്ത്രീപക്ഷപഠനമാണ്.  വിഖ്യാത കവികളുടെ കാമുകിമാർ ഒരു പാട് വർണിക്കപ്പെട്ടവരാണ്.  എന്നാൽ എല്ലായിടത്തും ഒടുവിൽ പ്രണയം തിരസ്കൃതമാവുമ്പോൾ അവരെ മോശം ആയി ചിത്രീകരിക്കപെട്ട് കാണാറ് ആണ് പതിവ്.  പെണ്ണിന് ഒരു ആണിനെ സ്വീകരിക്കാനോ തിരസ്കരിക്കാനൊ അവകാശം ഇല്ലാത്ത, തിരഞ്ഞെടുപ്പ് ഇല്ലാത്ത സമൂഹത്തിന്റെ ഒരു പ്രതിഫലനമായി മാത്രമാണ് ഞാൻ കവിതയെ  ചിത്രീകരിക്കാൻ ഉദ്ദേശിക്കുന്നത്. " 

എനിക്കത് നന്നേ ബോധിച്ചു.  കൊപ്ര(ക്ഷിപ്ര) കൊള്ളാം.  മിടുക്കിയാണ്.  
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

" കൊള്ളാം.  ഇഷ്ടമായി.  ഞാൻ ഒരു പാട് പറഞ്ഞിട്ടുള്ള വിഷയം ആണിത്.  പക്ഷെ കുട്ടി, ഞാൻ?"

ക്ഷിപ്ര ചാടികേറി  പറഞ്ഞു."  ഞാൻ പറഞ്ഞു വരുകയാണ് മേഡം. മലയാളത്തിലെ അറിയപ്പെടുന്ന മൂന്നു കവികളുടെ അഞ്ജാത പ്രണയം ആയിരുന്നു മേഡം  എന്നറിഞ്ഞു.  അവരുടെ മൂന്നു  പേരുടെയും കവിതകളിൽ സജീവ സാന്നിധ്യം ആണ് മേഡം.  പക്ഷേ മൂന്നാളും മേഡത്തെ സ്വന്തം കവിതകളിൽ വരക്കുമ്പോൾ മേഡം എന്ന വ്യക്തിയോട് ഒട്ടും നീതി പുലര്ത്തിയതായി  തോന്നിയില്ല.  അതാണ് എനിക്ക് അറിയേണ്ടത്.  ഒരു സ്ത്രീപക്ഷപഠനം."

എൻറെ സ്ഥായീഭാവം ഞാൻ അറിയാതെ എന്റെ മുഖത്ത് പ്രകടമായി.  ചുണ്ട് കോട്ടി ചിരിച്ചു കൊണ്ട് ഞാൻ  പുറത്തു കൂടി പോകുന്ന വാഹനങ്ങളുടെ എണ്ണം എടുത്തു കൊണ്ടിരിന്നു.  

ഭാഗം-4എൻറെ ചിന്തകൾക്ക് കടിഞ്ഞാണിട്ട് ക്ഷിപ്ര തുടർന്നു.

"മേഡം, ആദ്യമായി എനിക്കറിയേണ്ടത് മേഡം എന്ന ഫെമിനിസ്റ്റിനെ പറ്റിയാണ്."

ഞാൻ ചിരിച്ചു പോയി. 

 "കുട്ടീ, കേരളത്തിൽ ഫെമിനിസ്റ്റ് എന്നാൽ നക്സൽ, മാവോയിസ്റ്റ് ഒക്കെ പോലെയാണ്. ഈ പറഞ്ഞ മൂന്നു പേരും സൃഷ്ടിക്കപ്പെട്ട കാരണങ്ങളോ അവരിൽ ആരോപിക്കപ്പെടുന്ന കുറ്റങ്ങളോ അവരിൽ ചാർത്തപ്പെട്ട അലങ്കാരങ്ങളുടെയോ ഒക്കെ പൊരുൾ തേടി നമ്മൾ എത്തുന്നത്‌ ശരിക്കും നിഷേധിക്കപ്പെട്ട കുറെ അവകാശങ്ങളിലാണ്.  ആരാണോ  അത് നിഷേധിക്കുന്നത് അവർ തന്നെയാണ് മേല്പറഞ്ഞ മൂന്നിനേയും, സമൂഹത്തിന് ദോഷം വരുത്തുന്ന ഒന്നായി ചിത്രീകരിച്ചത്.  എന്ന് വെച്ചാൽ, ഈ മൂന്നും വളരുമ്പോൾ ആരാണോ കടപുഴകി വീഴുന്നത് അവർ തന്നെയാണ് ഇതിൻറെ ശത്രുക്കളും. "


ഞാൻ ഒരു സിപ് കോഫി അകത്താക്കി തുടർന്നു. 

"ഇന്ത്യയിൽ പൊതുവെയും കേരളത്തിൽ പ്രത്യേകിച്ചും ഒട്ടുമിക്ക ആണുങ്ങളും പുരുഷമേധാവിത്വം വെച്ച് പുലർത്തുന്നവരാണ്.  100 പേരിൽ 5 പേരോ മറ്റോ ഉണ്ടാവും അങ്ങിനെ അല്ലാത്തവർ.  അതും സംശയമാണ്.  പെണ്ണിന് അവർ കൊടുക്കുന്നതാണ് അവളുടെ സ്വാതന്ത്ര്യം എന്ന് വിശ്വസിക്കുന്ന മറ്റു കുറെ പേർ.  പെണ്ണിന് ആണിനൊപ്പം ബുദ്ധിയും വിവരവും അറിവും ഒന്നുമില്ലെന്ന് കരുതുന്ന മറ്റൊരു വിഭാഗം.  ഇങ്ങനെ പുരുഷമേധാവിത്വം പല രീതിയിലും രൂപത്തിലും ഭാവത്തിലും വെച്ച് പുലർത്തുന്ന ഒരു ജനത, ഇപ്പോൾ അനുഭവിക്കുന്ന, എല്ലാ മനുഷ്യനും  സഹജമായുള്ള ഭരിക്കാനുള്ള അഭിനിവേശം മൂലം പണ്ട് മുതൽ കിട്ടികൊണ്ടിരുന്ന അനർഹമായ അവകാശങ്ങൾ  നഷ്ടപെടുന്നത് സഹിക്കാൻ തയ്യാറാവുമോ? അതാണ് പുരുഷമേധാവിത്വ സമൂഹത്തിന് അഭിപ്രായങ്ങൾ ഉള്ള സ്ത്രീകൾ തലവേദന ആവുന്നതും, അവരെ തകർക്കാൻ നോക്കുന്നതും.  ഇതാണ് പുരുഷപക്ഷം എങ്കിൽ, പുരുഷമെധാവിത്വതിനു ചുക്കാൻ പിടിക്കുന്ന സ്ത്രീ രത്നങ്ങളുടെ കഥ ഇതിലും പരിതാപകരമാണ്. മറ്റു സ്ത്രീകളോടുള്ള മനുഷ്യസഹജമായ  ചില ചപല വികാരങ്ങളും  അന്ധമായ മതവിശ്വാസവും, അത്യാവശ്യത്തിനും അതിൽ കൂടുതലും അറിവില്ലായ്മയും, ഒക്കെയാണ് അവരുടെ പ്രശ്നം.  ഒരു മതവും പെണ്ണിന് സ്ഥാനം നൽകുന്നില്ല എന്നുള്ള  തുണിയില്ലാത്ത സത്യം നമ്മൾ മറക്കരുത്."

ക്ഷിപ്ര ഒരു ചിരിയോടെ ചോദിച്ചു.

  "മേടത്തിന്റെ രാഷ്ട്രീയതാല്പര്യങ്ങൾ?"

"എല്ലാ രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളും ഞാൻ ഇഷ്ടപെടുന്നു.  പക്ഷെ, ഒരു രാഷ്ട്രീയ ബിംബങ്ങളിലും  ഞാൻ ഒരു ഭാവി കാണുന്നില്ല. ബിംബാരാധന എന്നും ഭാരതീയരുടെ ഒരു ശീലമാണ്.  ഒരു മനുഷ്യനും വിമർശനത്തിന് അതീതനല്ല.  അത് ഗാന്ധി ആയാലും കലാം ആയാലും വിവേകാനന്ദൻ ആയാലും.  നമ്മുടെ ആശയങ്ങൾ, വിശ്വാസങ്ങൾ എന്നിവയെല്ലാം മറ്റുള്ളവർക്ക് ശരിയാകണം എന്നില്ലല്ലോ. അപ്പോൾ അതിനെ പറഞ്ഞു മനസിലാക്കി കൊടുക്കാൻ ശ്രമിക്കാവുന്നതാണ്‌. എന്നാൽ, അടിച്ചേല്പ്പിക്കാൻ ശ്രമിക്കുന്നതാണ് ഫാസിസം. ഈ ഫാസിസം എല്ലാ രാഷ്ട്രീയ പാർട്ടികളും മതവിഭാഗങ്ങളും ആവോളം നടത്തുന്നുമുണ്ട്.  ഒരു പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുകയെന്നാൽ അതിനു വേണ്ടി മരിക്കുകയും കൊല്ലുകയുമാണെന്ന് കരുതുന്നെങ്കിൽ തലച്ചോറിന് വലിയ ജോലി ഇല്ല എന്ന് വേണം ഉറപ്പിക്കാൻ. "

അവൾ വീണ്ടും ചോദിച്ചു.  

"രാഷ്ട്രീയം- ഫെമിനിസം-എവിടെങ്കിലും കൂട്ടി കെട്ടാൻ കഴിയുന്നുണ്ടോ മാഡത്തിന്?"

"ഇല്ല, എവിടെയും ഇല്ല.  മാർക്സ്‌ ഒരു ഫെമിനിസ്റ്റ് ആണ്.  പക്ഷെ, കേരളത്തിലെ ഒട്ടു മിക്ക മാർക്സിസ്റ്റ്‌  ബിംബങ്ങളും സ്ത്രീവിരുദ്ധത ഒളിഞ്ഞും തെളിഞ്ഞും കാണിക്കുന്നവരാണ്.  കാരണം അവർ ജീവിക്കുന്ന സാഹചര്യം, വളർന്ന രീതികൾ എല്ലാം അങ്ങിനെ ആണ്.  അത് പോലെ തന്നെ, മാർക്സിസ്റ്റ്‌ ഫെമിനിസ്ടുകളിൽ ഒട്ടുമിക്ക പേരും മാർക്സിസ്റ്റ്‌ മാത്രമാണ്.  ഫെമിനിസം എന്നത്  "ഇടക്കിടെ ഫെമിനിസം" എന്ന നിലയിലാണ്. പാർടിക്കു പുറത്തു വളരാത്ത വിധം ഇടുങ്ങി പോയ ഫെമിനിസം ഉള്ളവരാണ് അവരിൽ മുക്കാലും.  കാരണം എല്ലാ പാർട്ടിയും ആത്യന്തികമായി  പുരുഷമേധാവികളുടെ കൂടുകളാണ്.  അവിടെ ഒരു സ്ത്രീക്ക് എന്ത് ശബ്ദം?  അപ്പോൾ ഫെമിനിസം എന്നത് അല്പം തന്റേടം ഉണ്ടെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള നല്ലൊരു മാർഗം  മാത്രമാണ്. "

"ശരി, നമുക്ക് കവി പാലാഴി വിജയകുമാറിലേക്ക് വരാം.  മാഡത്തിനെ പറ്റിയുള്ള അദ്ധേഹത്തിന്റെ  കവിതകളെ മാഡം എങ്ങനെ കാണുന്നു?"

"ആദ്യം തന്നെ പറയാം ക്ഷിപ്ര, എനിക്കയാളെ അടുത്ത് പരിചയമില്ല. പരിചയപെട്ടിരുന്നു പണ്ടെന്നോ.  രണ്ടു തവണയോ മറ്റോ സംസാരിചിട്ടുണ്ടാവണം. പക്ഷെ പെരുമാറ്റത്തിൽ എന്തോ എനിക്കിഷ്ടമാവാത്ത ചിലത് വന്നപ്പോൾ ഞാൻ മിണ്ടാതായി. പിന്നൊരിക്കൽ കണ്ടപ്പോൾ കാർക്കിച്ചു തുപ്പി കടന്നു പോയി.  എന്തിനെന്നോ ഏതിനെന്നോ അറിയില്ല. " 

എനിക്ക് ചിരി വന്നു

ക്ഷിപ്രയുടെ മുഖത്ത് അദ്ഭുതം പ്രകടമായി. 

 "അദ്ധേഹത്തിന്റെ കവിതകളിൽ ഒരു തിരസ്കാരം നിഴലിക്കാറുണ്ട്.  അതിന്റെ പ്രകടനമാവാം അത്.  അല്ലേ?"

ഞാൻ പൊട്ടിച്ചിരിച്ചു.  

"അതേ, ഒരിക്കലും പറയാത്ത, ചോദിക്കാത്ത, നിരസിച്ചാൽ അംഗീകരിക്കാൻ സാധിക്കാത്ത, എല്ലാ പ്രണയത്തിനും പല വിധ പ്രകടനങ്ങൾ കാണാൻ കഴിയും.  നിരവധി കണ്ടിരിക്കുന്നു.  ഇതും അതിന്റെ മറ്റൊരു  വകഭേദം മാത്രം."

എന്റെ ചിരിയിൽ അവളും പങ്കു ചേർന്നു.  വഴിവിളക്കുകൾ മിഴി തുറന്നിരുന്നു അപ്പോൾ.

ഭാഗം-5 ക്ഷിപ്ര വീണ്ടും വിഷയത്തിലേക്ക് വന്നു.

"മേഡം, അപ്പോൾ  ബാക്കി രണ്ടു പേർ?"

" യേസ്, ഞാൻ അതിലേക്കു വരുകയാണ്. ശരിക്കും  അവർ രണ്ടു പേരും ഒരുപോലെ തന്നെയാണ്.  പി കെ യും സുബിൻ ലോനപ്പനും.  പി കെ എന്നയാൾ ഇപ്പോൾ ശരിക്കും വല്ലാത്തൊരു അരിശം ആണെന്നിൽ സൃഷ്ടിക്കുന്നത്.  സുബിൻ പിന്നെ എന്നും ഒരു പോലെ തന്നെ.  രണ്ടാളും പൊട്ടെൻഷ്യൽ ഷോവനിസ്റ്റ്കൾ തന്നെയാണ്."

"ഹ ഹ, അതെന്താണ് മേഡം പൊട്ടെൻഷ്യൽ എന്ന പ്രയോഗം?"

ഞാൻ ചിരിച്ചു.

"അത് ക്ഷിപ്ര, ഷോവനിസം എന്നത് ഒരാൾക്ക് ഒരുപാടു കാലം മറച്ചു വെക്കാൻ കഴിയില്ല.  കാരണം അത് എപ്പോഴെങ്കിലും പുറത്തു വരും.  ഉദാഹരണത്തിന്, പ്രണയിക്കുന്ന രണ്ടു പേരിൽ ആണിന് പെണ്ണിനോടും പെണ്ണിന് തിരിച്ചും ഒരു ബഹുമാനം ഉണ്ടാവും.  കല്യാണം കഴിയുമ്പോൾ സാധാരണയായി ആണിന് ആ ബഹുമാനം നഷ്ടപെടുന്നു.  പതുക്കെ അവൻ അവളെ അനുസരിപ്പിക്കാൻ നോക്കുന്നു.  ഈ ആധിപത്യ മനോഭാവം തന്നെയാണ് പുരുഷമേധാവിത്വം.  അത് പല രീതിയിൽ ആവാം.  നീ എന്റെ അച്ഛനും അമ്മയും പറയുന്നത് കേൾക്കണം.  നിന്റെ വീട്ടിൽ പോയി നില്ക്കാൻ പാടില്ല. എനിക്കിഷ്ടമല്ലാത്ത വസ്ത്രങ്ങൾ ധരിക്കാൻ പാടില്ല.  അങ്ങിനെ അങ്ങിനെ. എന്നെ സംബധിച്ചിടത്തോളം ഞാൻ എപ്പോഴും സ്വതന്ത്രയായി നടക്കാൻ ഇഷ്ടപെടുന്ന ആളാണ്.  കൃത്യമായി പറഞ്ഞാൽ വിവാഹശേഷം സ്വതന്ത്രയായ കേരളത്തിലെ ആദ്യവ്യക്തി ആവും.  ഹ ഹ.... എനിക്ക് എന്റേതായ ഇഷ്ടങ്ങൾ, അഭിപ്രായങ്ങൾ, താല്പര്യങ്ങൾ ഒക്കെയുണ്ട്. അതെൻറെ അവകാശവുമാണ്.   എന്റെ സ്വഭാവം ഇഷ്ടമല്ലാത്തവർക്ക് പുറത്തേക്കുള്ള വഴി എപ്പോഴും ഓപ്പൺ ആണ്.  ചിലപ്പോൾ ആ വഴി എനിക്കും  ഇറങ്ങി പോകാൻ വേണ്ടിയാണു അതങ്ങിനെ ഇട്ടിരിക്കുന്നത്.  അതല്ലാതെ കൂടെ നിന്ന് നിരന്തരം പല വിധ പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും  നടത്തുകയും, നമ്മൾ കടന്നു പോകുന്ന വിഷയങ്ങളോ നമ്മുടെ ഭൂതകാലത്തിലെ അനുഭവങ്ങളോ അവയിൽ നിന്നുണ്ടായ മുറിവുകളുടെ ആഴമോ മനസിലാക്കുകയോ അറിയാൻ ശ്രമിക്കുകയോ ചെയ്യാതെ അനാവശ്യമായ പരാമർശങ്ങൾ നടത്തുകയും ഒടുക്കം തമാശ ആണെന്ന് സ്ഥാപിക്കുകയും ചെയ്യുന്നവരും എന്റെ കണ്ണിൽ എന്നെ അംഗീകരിക്കാൻ കഴിയാത്തതിനാൽ അവരുടെ ലക്ഷ്മണരേഖക്കുള്ളിൽ എന്നെ തളച്ചിടാൻ തന്നെയാണ് നോക്കുന്നത്.  ഇതു എല്ലാ മനുഷ്യര്ക്കും ഉള്ള സ്വഭാവമാണ്.  എൻറെ അമ്മയും ഇങ്ങനെ ആയിരുന്നു.  അമ്മ പറയുന്ന ഗൈഡ് ലൈൻ അനുസരിച്ച് ജീവിക്കാതിരുന്നതിനാൽ  എന്റെ അവരോടോത്തുള്ള  ദിനങ്ങൾ അസംതൃപ്തി നിറഞ്ഞതായിരുന്നു.  ഒട്ടു മിക്ക മാതാപിതാക്കളും ഇങ്ങനെ ആണ്.  നമ്മുടെ കുഞ്ഞു എന്നല്ല ഈ ലോകത്താരെയും നമ്മുടെ ഇഷ്ടത്തിന് നടത്താൻ നമുക്ക് അവകാശമില്ല എന്നത് എന്റെ അഹന്ത നിറഞ്ഞ വിശ്വാസം തന്നെയാണ്."

ഞാൻ പറഞ്ഞു നിർത്തി.

 " ശരി മേഡം.  അപ്പോൾ ചുരുക്കി പറഞ്ഞാൽ സ്ത്രീക്ക് കുറെ പരിമിതികൾ ഉണ്ട്.  അതിനെ പറ്റി എപ്പോഴും ബോധവതി ആയിരിക്കണം.  അത് മറന്നു പ്രവർത്തിക്കരുത് എന്നാണല്ലെ?"

"അബ്സോല്യൂറ്റ്ലി ... സർക്കാസം അത് തന്നെയാണ്. ഒരിക്കൽ ഒരു വഴക്കിനോടുക്കം  പി കെ  പറഞ്ഞു, താഴെ കൂടി നടന്ന നീലാംബരി ആകാശത്തു കൂടി നടക്കാൻ തുടങ്ങിയത് ഞാൻ അറിഞ്ഞില്ല എന്ന്.  ഒരിക്കൽ ഇടഞ്ഞു സംസാരിച്ചപ്പോൾ സുബിൻ ഇതേ ഡയലോഗ് വേറൊരു രീതിയിൽ പറഞ്ഞു, നിങ്ങൾ വലിയ സംഭവമാണെന്ന് ഓർത്തില്ലെന്ന്.  ഇതു തന്നെ ജാഡ, തലക്കനം മറ്റു പല പേരുകളിലും കേൾക്കാറുണ്ട്.  ശരിക്കും നമുക്ക് ഒരു ജന്മം ഉണ്ടാക്കിയെടുത്ത സൽപ്പേര് കളയാൻ ഒരു നിമിഷത്തെ ഒരു റിജെക്ഷൻ, അല്ലെങ്കിൽ അഭിപ്രായവ്യത്യാസം അല്ലെങ്കിൽ അനുസരണക്കെട് അല്ലെങ്കിൽ വിമർശനം മതി.  അത് കൊണ്ട് നല്ല പേര് എടുക്കാനുള്ള ശ്രമങ്ങൾ നടത്താതിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്."

"ശരി മേഡം, വായിച്ചറിഞ്ഞ അത്രയും മോശമല്ല നിങ്ങൾ എന്നത് ഞാൻ പ്രതീക്ഷിച്ചിരുന്നതാണ്.  അതുറപ്പിക്കാൻ പറ്റി.  വീണ്ടും കാണാം.  ഞാൻ ഇറങ്ങട്ടെ? "

ഞാൻ ഹസ്തദാനം നടത്തി.  അവൾ യാത്ര ചൊല്ലി പോയപ്പോൾ ഞാൻ വീണ്ടും ഓർമകളിലേക്ക് ഊളിയിട്ടു.  അപ്പോളാണ് ഫോൺ കാതൽ റോജാവെ ഫ്ലൂട്ട് മൂളാൻ തുടങ്ങിയത്.  പിള്ളയാണ്.

 "നീ ഇറങ്ങിയോ? ഞാനിവിടെ റെലിഗെയറിനു മുന്നിൽ നില്ക്കാം. ഒരുമിച്ചു പോകാം."

ശരി പറഞ്ഞു ഫോൺ വെച്ചപ്പോൾ മനസ്സിൽ ഓർമകളുടെ കുത്തൊഴുക്കായിരുന്നു.  "അവൻ!!!"

വണ്ടി സിഗ്നലിൽ നിർത്തിയപ്പോൾ "തും ഭി ഹോ", എന്ന പാട്ടായിരുന്നു കാറിൽ മുഴങ്ങിയിരുന്നത്.  അവൻ എപ്പോഴും മൂളി നടക്കാറുള്ള പാട്ട്.

വഴിയിൽ പിള്ള കാത്തു നിൽപ്പുണ്ടായിരുന്നു.  കാറിനുള്ളിൽ കടന്നിരുന്നപ്പോൾ പതിവ് പോലെ കുറെ പരാതികൾ, അന്തരീക്ഷമലിനീകരണം, അനാരോഗ്യകരമായ ജീവിത രീതി. ഇവൻ അപ്പൂപ്പൻ ആയാലും ഇതൊക്കെ പറഞ്ഞിരിക്കും എന്നോർത്തു ഊറിച്ചിരിച്ചു.

"എടീ പിന്നേ, അവൻ വിളിച്ചിരുന്നു.  നീ പേപ്പർ സബ്മിഷനിൽ ബിസി ആയിരുന്നത് കൊണ്ട് പറയാൻ മറന്നു.  വന്നിട്ടുണ്ട് വീട്ടിൽ.  മോളുടെ കൂടെ പതിവ് പോലെ കുടകിനു പോകാമെന്നും പറഞ്ഞു പ്ലാനിംഗ് നടത്തുന്നുണ്ട്.  എല്ലാ തവണത്തെയും പോലെ അവളതു ഏതെങ്കിലും അമ്യുസ്മെന്റ്റ് പാർക്ക്‌ ആക്കുമെന്ന് തോന്നുന്നു."

ഞങ്ങൾ ഉറക്കെ ചിരിച്ചു. ഞാൻ ചോദിച്ചു.

"എങ്ങനെ ഉണ്ട് ആള്?"

പിള്ള അലസമായി പറഞ്ഞു.

"ഒരു മാറ്റവുമില്ല.  താടി കുറെ കൂടി വളർന്നിട്ടുണ്ട്.  ഇത്തവണ വയനാട്ടിൽ നിന്നാണ് വന്നത്."

ഞാൻ അമ്പരന്നു.

"വയനാട്ടിൽ അവനെന്താ?  ഇനി ?"

പിള്ള ഇടക്ക് കയറി പറഞ്ഞു.
"ഇല്ലില്ല.  നിന്നെ പേടിയുള്ളിടത്തോളം അതുണ്ടാവില്ല.  കുറെ കാലമായുള്ള ആഗ്രഹം കൊണ്ടല്ലേ, പൊക്കോട്ടെ പാവം. "

ഞാൻ പൊട്ടിച്ചിരിച്ചു.  വഴിവിളക്കുകൾക്കു പതിവിലും ഭംഗി ഉള്ളതായി എനിക്ക് തോന്നി.  അവന്റെ വരവ് ആഘോഷിക്കുന്നതാവണം.  ചെറിയ മഴയും പെയ്യാൻ തുടങ്ങിയിരുന്നു അപ്പോൾ.   അതേ, മഴയെ ഇത്രയേറെ സ്നേഹിക്കുന്ന അവൻറെ ദീർഘനാളത്തെ കാനനവാസത്തിനു ശേഷമുള്ള വരവിന്റെ ആഘോഷം തന്നെയാണിത്..................


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ