Follow by Email

2016, ഫെബ്രുവരി 22, തിങ്കളാഴ്‌ച

ഷോവനിസ്റ്റിനൊരു തുറന്ന കത്ത്എത്രയും സ്നേഹം നിറഞ്ഞ അച്ചായൻ അറിയുന്നതിന്,

  നിങ്ങൾ ഓർക്കുന്നുണ്ടാവും, കൂടെ താമസിച്ചു കൊണ്ട് എന്തിനാണ് ഇങ്ങനെ ഒരു കത്ത് ഞാൻ അയക്കുന്നതെന്ന്.  അത് മറ്റൊന്നും കൊണ്ടല്ല. പേടി കൊണ്ടാണ്.  ഇതു നിങ്ങൾ വായിച്ചു തീരുമ്പോൾ എന്നെ കൊല്ലാനുള്ള വെറിയോടെ പാഞ്ഞു വരുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്.  എന്നാൽ നിങ്ങൾ ഇതു വായിച്ചു തീരുമ്പോളെക്കും എന്റെ ഫ്ലൈറ്റ് പുറപ്പെട്ടിട്ടുണ്ടാവും.  ഇനിയും നിങ്ങളുടെ കാൽച്ചുവട്ടിൽ കിടന്നു ചവിട്ടും തൊഴിയും വാക്കാലും പ്രവൃത്തിയാലും കൊള്ളാൻ ഞാൻ ഒരുക്കമല്ല.  ഇതു സ്ത്രീ വിമോചനം ആണെന്നോ, ഞാൻ അവൻറെ കൂടെ ഓടിയതാണ് എന്നോ ഒക്കെ നിങ്ങളുടെ ഇമേജ് നിലനിർത്താൻ നിങ്ങൾക്ക് പറയാം. ആളുകൾ സഹതാപപൂർണമായ കണ്ണുകളോടെ നിങ്ങളെ ആശ്വസിപ്പിക്കാൻ എത്തുകയും, കഴപ്പ് മൂത്ത് ഓടി പോയ എന്നെ വെറുപ്പോടെ നോക്കുകയും ചെയ്യുമെന്ന് എനിക്കറിയാം.  പക്ഷെ  ഞാൻ ആരുടെ കൂടെയും ഒളിച്ചോടി പോകുകയല്ല.  ഈ നാല്പതാം വയസ്സിൽ എനിക്ക് കാമം തീർക്കാൻ താല്പര്യമില്ല.  നിങ്ങൾ ഇരുപതു വർഷമായി ആഴ്ച്ചയിൽ അഞ്ചും ആറും തവണ ഉപയോഗിച്ച് കളഞ്ഞ എൻറെ ശരീരം ഇനി കാമം ആഘോഷിക്കാൻ പ്രാപ്തമാണെന്ന് എനിക്ക് തോന്നുന്നില്ല.  സിറിയയിലെ അടിമയായ യസീദിപെണ്ണിന്റെ മനസാണ് ഇപ്പോൾ എനിക്ക്.  

എന്നാൽ നിങ്ങൾക്ക് വിഷമം തോന്നാനിടയുള്ള ഒരു കാര്യം പറയാം.

 ഇരുപതു വർഷങ്ങൾക്കു മുൻപ്, എട്ടും പൊട്ടും തിരിയാത്ത ഒരു പൊട്ടി പെണ്ണായിരുന്ന  ഞാൻ നിങ്ങളുടെ പ്രണയത്തിൽ മൂക്കും കുത്തി വീണതും അത് വിവാഹത്തിൽ എത്തിയതും വിവാഹദിവസം രാത്രി മുതൽ ഞാൻ നിങ്ങളുടെ അടിമ ആയി മാറിയതും അന്ന് മുതൽ ഇന്നു വരെ നിങ്ങൾക്കിഷ്ടമുള്ളത് മാത്രം ചെയ്തും, നിങ്ങൾക്കിഷ്ടമുള്ള വസ്ത്രം മാത്രം അണിഞ്ഞും, നിങ്ങള്ക്കിഷ്ടമുള്ളവരോട് മാത്രം സംസാരിച്ചും,  നിങ്ങൾക്ക് ഇഷ്ടമുള്ളപ്പോൾ, അത് രാവായാലും പകലായാലും, ശരീരത്തിന് സുഖമില്ലാത്തപ്പോൾ ആയാൽ പോലും വഴങ്ങി തന്നും നമ്മൾ മറ്റുള്ളവർക്ക് മുൻപിൽ നല്ല ഭാര്യയും ഭർത്താവും കളിച്ചതും , എൻറെ ഭാഗ്യവും ജീവിതവും ദൈവനുഗ്രഹമാണെന്ന് എന്റെ വീട്ടുകാരും നാട്ടുകാരും കൂട്ടക്കാരും കുടുംബക്കാരും ആവർത്തിച്ചു പറഞ്ഞതും, നിങ്ങളുടെ വിജയം നമ്മുടെ കുടുംബത്തിന്റെ കെട്ടുറപ്പാണെന്നും അത് എന്നിലാണ് നിങ്ങൾ സമർപ്പിച്ചിരിക്കുന്നതെന്നും  നിങ്ങൾ വീമ്പിളക്കാറുള്ളതും ഇപ്പോൾ തകർന്നു തരിപ്പണമാവും.  പക്ഷെ, നിങ്ങൾ ഭയക്കേണ്ടതില്ല.  അവിടെയും നിങ്ങൾക്കെന്നിൽ പഴിചാരി ജെന്റിൽമാൻ ആവാം.  കാരണം ഞാനാണല്ലോ നിങ്ങളെ ഉപേക്ഷിക്കുന്നത്.  നിങ്ങൾ എന്നിൽ അടിച്ചേൽപ്പിച്ച കുടുംബത്തിന്റെ കെട്ടുറപ്പും  നിങ്ങളുടെ വിശ്വാസവും   ഞാനാണല്ലോ തകർത്തെറിഞ്ഞത്.  അതിനാൽ ഇവിടെയും നിങ്ങൾക്കൊപ്പമാവും എല്ലാവരും.  

ദയവു ചെയ്തു അവനെ ഇതിലേക്ക് വലിച്ചിഴക്കരുത്.   അവൻറെ ജീവിതത്തിൽ ഒരു സ്ഥാനവും ഞാൻ ആഗ്രഹിക്കുന്നില്ല.  ആത്മഹത്യ ചെയ്യാതിരിക്കാൻ, ഞാൻ ഒരു പെണ്ണാണ്, ശരീരമല്ല എന്ന് ഉറപ്പിക്കാൻ പറ്റിയത് അവനെ ഞാൻ പ്രണയിച്ചു തുടങ്ങിയപ്പോളാണ്.  അവൻറെ പ്രണയത്തിൽ നിന്ന്  ആണ് ഞാൻ ജീവിതം സുന്ദരമാണെന്നു ചിന്തിച്ചു തുടങ്ങിയത്.  നിങ്ങൾ പറയാൻ തുടങ്ങുന്നത് ഞാനും നിന്നെ പ്രണയിച്ചിരുന്നു എന്നല്ലേ?  ഇല്ല... നിങ്ങൾക്കറിയില്ല പ്രണയം എന്തെന്ന്.  നിങ്ങൾ പ്രണയിച്ചത് എൻറെ സ്വത്തിനെ, എൻറെ സൗന്ദര്യത്തെ, എന്റെ കുടുംബമഹിമയെ.  എൻറെ ആത്മാവിനെ നിങ്ങൾ സ്പർശിച്ചിട്ടെ ഇല്ല.  

നമ്മുടെ മക്കൾ എന്നോട് ക്ഷമിക്കുമെന്ന് ഞാൻ കരുതുന്നു. കാരണം അവരും മുതിർന്ന ചിന്താശേഷിയുള്ള യുവാക്കളാണ്.  നിങ്ങൾ അംഗീകരിചില്ലെങ്കിലും.... ഞാൻ പോയാൽ അവരുടെ ജീവിതത്തിന്റെ താളം തെറ്റും എന്നത് കൊണ്ട് മാത്രമാണ് ഞാൻ ഇത്ര കാലം സഹിച്ചത്.  പക്ഷെ ഇനിയും നിന്നാൽ എന്നെ തന്നെ ഞാൻ വെറുക്കാൻ തുടങ്ങും.  

ഒരു അപേക്ഷ ഉണ്ട് .  നിങ്ങൾ വേറെ വിവാഹം കഴിക്കുകയാണെങ്കിൽ അവളോടെങ്കിലും പാർകിൽ കണ്ട "ബിച്ചി"ന്റെയും ബീച്ചിൽ കണ്ട "ബിച്ചി"ന്റെയും മൂടും മുലയും വർണിച്ചു, അവളുടെതുമായി  താരതമ്യം ചെയ്യരുത്. എല്ലാവരും എന്നെ പോലെ കേട്ട് നിന്നെന്നു വരില്ല.

ബി പിയുടെ ഗുളിക മറക്കണ്ട.

വീണ്ടും കാണില്ലെന്ന പ്രതീക്ഷയോടെ 

നിങ്ങളുടെ സ്വന്തമല്ലാത്ത 

സൂസി  
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ