Follow by Email

2016, ഫെബ്രുവരി 17, ബുധനാഴ്‌ച

നിരീശ്വരവാദം- എന്റെ കാഴ്ചപ്പാടിൽനിരീശ്വരവാദം അഥവ ദൈവമില്ലെന്ന വാദം ഒരു വിശ്വാസം അല്ല.  അതൊരു മാനസികനിലയാണ്. യുക്തി പൂർവ്വം ചിന്തിക്കാനും  ചോദ്യം ചെയ്യാനുമുള്ള മനസിന്റെ ധൈര്യം തന്നെയാണത്.  വർഷങ്ങളായി "നിലനില്പ്പിനും" "നിലനിർത്താനും" വേണ്ടി മാത്രം എഴുതിയൊരുക്കിയ തിരക്കഥകളുടെ ഗവേഷണഫലമായി ഉരുത്തിരിഞ്ഞ ഒരു മാനസികനിലയാണ് അത്.  മനുഷ്യൻ എന്നത് ഈ ഭൂമിയിലെ പല ജീവികളിൽ ഒന്ന് മാത്രമാണ്.  ചിന്തനശേഷി കൊണ്ടും കായികബലം കൊണ്ടും ആദിമമനുഷ്യനിൽ നിന്ന് പുരോഗതി നേടി ഇവിടെ വരെ എത്തിയിട്ടും നമ്മൾ അതിന്ദ്രിയശക്തികളിൽ അന്ന് മുതൽ ഉണ്ടായിരുന്ന വിശ്വാസം മാറ്റാൻ തയ്യാറാകാത്തത് മറ്റു ജീവികളിൽ നിന്ന് എന്ത് കൊണ്ട് നമ്മൾ വേറിട്ട്‌ നില്ക്കുന്നുവോ അതേ കാരണം കൊണ്ട് തന്നെയാണ്.  അതായത്, അവർക്ക് അറിവോ ചിന്തയോ ഭയമോ അത്യാഗ്രഹമോ ഒന്നുമില്ല.  ഈ പറഞ്ഞ എല്ലാ പ്രത്യേകതകൾ കൊണ്ടും അസ്ഥിരമായ ജീവനിൽ ഇനി എന്ത് എന്നുള്ള ഭയം കൊണ്ടും  മനസ്സ് കണ്ടെത്തിയ ഒരു ആശ്വാസം തന്നെയാണ് ദൈവം എന്ന വിശ്വാസം.  

പ്രഭുവിന്റെ മക്കൾ സിനിമയിൽ ജിജോയുടെ കഥാപാത്രം  പറയുന്നത് പോലെ, "തെളിവില്ല എന്നത് തന്നെയാണ് ഇല്ല എന്നതിന്റെ തെളിവ്".  അങ്ങിനെ പറയുമ്പോൾ നിന്റെ അപ്പൻ നിന്റെ സ്വന്തം അപ്പൻ തന്നെയാണെന്നത് നിന്റെ വിശ്വാസം മാത്രമല്ലേ എന്ന് ചോദിക്കുന്നവരോടുള്ള മറുപടി ഇത്ര മാത്രം.   പിതൃത്വം  തെളിയിക്കാൻ എനിക്ക് ശാസ്ത്രം ഒരുപാടു വഴികൾ തന്നിട്ടുണ്ട്.  എന്റെ മതം എനിക്ക് ഒന്നും ഇതു വരെ തെളിയിച്ചു തന്നിട്ടില്ല, തരാനുള്ള വഴികളും ഇല്ല.  ചോദ്യം ചെയ്താൽ ഭയപ്പെടുത്തും.   ശാസ്ത്രത്തിനെ പരിഹസിച്ചു മതത്തെ പുകഴ്ത്തുന്നവർ, വെളിച്ചവും, വചനവും, അവിടുന്ന് ആദിമനുഷ്യനും മാജിക്‌ പോലെ ഉണ്ടായെന്നു വിശ്വസിക്കുന്നവർ, ലാപ്ടോപും, മൊബൈൽ ഫോണും ഇല്ലാതെ ജീവിക്കാൻ പറ്റാത്ത നിലയിൽ എത്തിയത് മേല്പറഞ്ഞ മാജിക്‌ കൊണ്ടാണെന്ന് കൂടെ "വിശ്വസിക്കുന്നത്" നന്നായിരിക്കും. 

മതങ്ങൾ പഠിപ്പിച്ച മൊറാലിറ്റികൾ പറഞ്ഞു തുടങ്ങിയാൽ അതിലും തമാശ തന്നെയാണ്.  മതമില്ലെങ്കിൽ മാനുഷികമൂല്യം ഇല്ലെന്നു നിലവിളിക്കുന്നവരോട്,  നിങ്ങൾ 24 മണിക്കൂർ  CCTV നിരീക്ഷണത്തിൽ ആണെന്ന വിശ്വാസത്തിൽ ചെയ്യുന്ന കാര്യങ്ങൾ ആത്മാർത്ഥപൂർണ്ണമാണെന്ന് നിങ്ങൾക്ക് പറയാൻ കഴിയുമോ?  അങ്ങിനെ ആണെങ്കിൽ നിങ്ങൾ എന്ത് കൊണ്ട് മതം നോക്കാതെ ചെയ്യുന്നില്ല?  ചെയ്യുന്നെങ്കിൽ പിന്നെ നിങ്ങൾ എന്തിനാണ് മൊറാലിടി പഠിക്കാൻ മതത്തെ കൂട്ട് പിടിക്കുന്നത്‌?

ഭൂമി എല്ലാ ജീവജാലങ്ങൾക്കും കൂടി ഉള്ളതാണ്.  അത് മനുഷ്യന് മാത്രമാണെന്നത് അവനു ഭരിക്കാൻ അവൻ കണ്ടെത്തിയ കാരണമാണ്.  എല്ലാ ജീവികൾക്കും ദൈവമില്ലാതെ മനുഷ്യനു മാത്രം അതുണ്ടായതിന്റെ ഉത്തരം ഇവിടെയാണ്. മതങ്ങളിലെല്ലാം ആൺദൈവങ്ങൾ മാത്രം ഉണ്ടായതിന്റെയും കാരണവും ഇവിടെ തന്നെയുണ്ട്‌.  

ജീവിതം ഒന്നേയുള്ളൂ.  അതിനു പുനർജന്മമൊ മറുജന്മമോ ഒന്നുമില്ല.  അത് സന്തോഷമായും അർത്ഥവത്തായും ജീവിക്കാനുള്ള അർഹത എല്ലാ ജീവികൾക്കും ഉണ്ട്.  ആരുടേയും സ്വാർഥതയിൽ സ്വന്തം ജീവിതമോ , സ്വന്തം സ്വാർത്ഥതയിൽ മറ്റുള്ളവരുടെ ജീവിതമോ ഹോമിക്കപ്പെടെണ്ടതല്ല.  കാലം മാറുകയാണ്.  പ്രാചീനതയെ സംസ്കാരത്തിന്റെ പേരിൽ മുറുകെ പിടിക്കുമ്പോൾ കാലഹരണപ്പെട്ടവയെ തള്ളികളയാൻ ഭയന്ന്, വരും തലമുറയെ കൂടി ഭൂതകാലത്തിലേക്ക് നടത്തുന്ന ഹീനകൃത്യം മാത്രമാണ് ചെയ്യുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ