Follow by Email

2016, ഫെബ്രുവരി 2, ചൊവ്വാഴ്ച

രണ്ടു മാംസഗോളങ്ങളുടെ കഥ



എന്റെ മാംസഗോളങ്ങൾ  അസാധാരണമാം
 വിധംവലിപ്പമുള്ളവയായിരുന്നു
 എല്ലാ മാംസ ദാഹികളും  കൊത്തി
വലിക്കാറുണ്ടായിരുന്ന ആ മാംസകഷണം
എന്നെ  കൌമാരം മുതലേ വല്ലാതെ അലോസരപ്പെടുത്തി

എല്ലാവരും തുറിച്ചു നോക്കുകയും കൊളുത്തി
വലിക്കുകയും ചെയ്തിരുന്ന അവയുടെ
സുരക്ഷിതത്വമില്ലായ്മ നിമിത്തം ആൾക്കൂട്ടങ്ങൾ
എനിക്ക് പേടിയായി ; ജന്മനാ മാന്യരും
കർമ്മണ ആണത്തം കൂടുതലുള്ളവരു൦
എൻറെ നേരേ കൈകൾ നീട്ടുന്നത്
എന്റെ നിരന്തരമായ പേടിസ്വപ്നമായി

സ്ത്രീകളാവട്ടെ,  അബലകളായതിനാലാവണം
 എന്നെ കുറ്റവാളിയെ പോലെ കാണാനും
പരിഹസിക്കുവാനും  തക്കം കിട്ടിയാൽ കുത്തി
നോവിക്കാനും തുടങ്ങിയതോടെ എന്നിൽ
അപകർഷത തലപൊക്കി...

എൻറെ ഗോളങ്ങൾ കണ്ട് മോഹിച്ചു
പ്രേമിച്ച(കാമിച്ച) കാമുകനും; അച്ഛൻറെ വീർത്ത
കീശ കണ്ടു മയങ്ങിയ  ഭർത്താവും  ആവശ്യത്തിനു
മാത്രം ഉപയോഗിച്ചു കളയുമായിരുന്ന
അവയെ ഞാനും പൂർണമായി വെറുത്തത്
കുട്ടികൾഉണ്ടാവില്ലെന്ന് പൂർണ്ണമായി
ഉറപ്പിച്ച ദിവസമായിരുന്നു

 എന്റെ പാഴായ ഗർഭപാത്രത്തെ പറ്റി
ഓർമ്മപ്പെടുത്താറുണ്ടായിരുന്ന ഭർത്താവ്
അവയെ മറന്നെങ്കിലും;
ഞാൻ  നീറി പുകഞ്ഞു കൊണ്ടേ ഇരുന്നു

ഒടുക്കം അതിനും മടുത്തിട്ടുണ്ടാവണം....
മടുത്ത് മടുത്ത് മടുപ്പിനോടുക്കം  അവ വെറും മുഴയായി
രൂപാന്തരപ്പെട്ട അന്ന്..ഏതോ ഒരു കത്തി മുന
 എന്നെ  അവയിൽ നിന്നും മുക്തയാക്കി...
എന്നെന്നേക്കുമായി ......

പിന്നൊരിക്കലും
ഞാൻ അവയെ ഓർത്തു സങ്കടപെട്ടിട്ടില്ല 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ