Follow by Email

2016, ജനുവരി 29, വെള്ളിയാഴ്‌ച

പ്രണയം... അത് ഭ്രാന്തല്ലാതെ മറ്റൊന്നുമല്ല

നിന്റെ ചുംബനങ്ങൾ പതിയാതെ 
വരണ്ടു ഉണങ്ങുന്ന എന്റെ ചുണ്ടുകൾ 
എന്നോ യാത്ര പറഞ്ഞ നിമിഷങ്ങളിൽ 
എവിടെയോ നിശ്ചലമായ മനസ്സ് 

മുറിയിലെ മടുപ്പിക്കുന്ന ഏകാന്തതയിൽ 
നീ ഉപേക്ഷിച്ചു പോയ, എനിക്ക് പ്രിയപ്പെട്ട 
നിന്റെ ഗന്ധം വാരിപുണർന്നു, കറങ്ങി 
തിരിഞ്ഞൊരു കാറ്റു എന്നിലേക്ക്‌ തന്നെ 
മടങ്ങി വരുന്നു...........

നിന്റെ ശബ്ദത്തിന്റെ, ഊഷ്മാവിന്റെ 
ഗന്ധത്തിന്റെ, ശ്വാസത്തിന്റെ, 
ഒക്കെയും മാപിനിയായി മാത്രം 
മാറി പോയ  എന്റെ ഇന്ദ്രിയങ്ങൾ....

പ്രണയം... 
അത് ഭ്രാന്തല്ലാതെ 
മറ്റൊന്നുമല്ല2016, ജനുവരി 25, തിങ്കളാഴ്‌ച

എൻറെ ഉച്ചവട്ടുകൾഞാനൊരു സവർണ്ണകുലജാതയാണ്..
ഞാനതിൽ അഭിമാനം കൊള്ളാറുണ്ട്‌..
വല്ലാതെ... 
അവർണ്ണജാതികളെ എനിക്ക് വല്ലാത്ത 
പുച്ഛമാണ്... കീഴ്ജാതികൾ...
എന്താണ് അതെന്നു എനിക്കറിയില്ല 
അവരെ കാണുമ്പൊൾ എനിക്ക് വല്ലാത്ത 
അഹന്ത തോന്നാറുണ്ട്.. 
എന്റെ അപ്പൂപ്പൻമാർ രാജാവിന്റെ 
അടുത്ത ആൾക്കാരായിരുന്നതിനാൽ ആവണം.. 
ആനയുള്ള തറവാട്ടിൽ ജനിച്ചതിനാലും ആവാം.. 
ആന ആരായിരുന്നു എന്നുള്ളത് ഒരു ചോദ്യമാണ്!
എങ്കിലും ഞാനതിനെ അവഗണിക്കുന്നു.. 
ഒരു പക്ഷെ, നിങ്ങൾ ചോദിക്കുമായിരിക്കും 
മേല്ജാതിയിൽ ജനിച്ചതിൽ എനിക്കെന്തു കേമത്തരം 
പറയാനാണെന്ന് അല്ലേ?  ചിലപ്പോൾ കീഴ്ജാതിയിലും 
ആകാമായിരുന്നല്ലോ എൻറെ ജനനം എന്ന്?
അങ്ങിനെ സംഭവിക്കില്ല; കാരണം ഞങ്ങൾ പുണ്യം 
ചെയ്ത ആൾക്കാരാണ്...  എപ്പോഴെന്നല്ലെ? 
കഴിഞ്ഞ ജന്മത്തിൽ... അത് കൊണ്ട് ഈ ജന്മത്തിൽ 
സവർണകുലസ്ത്രീ ആയി ജനിച്ചു... 
അപ്പോൾ നിങ്ങൾ ചോദിക്കും, ഈ ജന്മത്തിലെ 
എന്റെ പാപങ്ങൾ കൊണ്ട് അടുത്ത ജന്മത്തിൽ ഞാൻ 
അവർണ്ണസ്ത്രീ ആയിക്കൂടെ എന്ന്..
ഇല്ല..ഒരിക്കലുമില്ല... ഇനി ഒരു ജന്മം ഉണ്ടാവാതിരിക്കാൻ 
ഞാൻ ഒരു പാട് പൂജകൾ ഒക്കെ ചെയ്യുന്നുണ്ട് 
ഞാൻ പ്രാർഥിക്കുന്ന എന്റെ ഈശ്വരന്മാർ എനിക്ക് 
അങ്ങിനെ ഒരു ദുർഗതി വരുത്തില്ല ;
ഇപ്പോൾ നിങ്ങൾ ചോദിക്കും, അപ്പോൾ അവർണ്ണത 
ദുർഗതി ആണെന്ന് ഞാൻ സമ്മതിക്കുന്നു അല്ലെ എന്ന് ?
ഉത്തരം ലളിതമാണ്...
ദേവന്മാർക്ക് ശാപം കിട്ടിയല്ലേ അവർ മനുഷ്യരാവുക?
ശാപമോക്ഷം കൊടുക്കാൻ ആരെങ്കിലും വരാറുണ്ടായിരുന്നു 
കഥകളിലൊക്കെ... ഇപ്പോ അതൊന്നും ഇല്ലാത്തത് കൊണ്ട് 
ചുട്ടു ചാമ്പലാക്കപ്പെടാനോ, മരക്കൊമ്പിൽ തൂങ്ങിയാടാനോ 
കരിമ്പ്‌ പോലെ ചതഞ്ഞരയാനോ, ഞാൻ ആഗ്രഹിക്കുന്നില്ല 
എനിക്കെന്നും സവർണനായി ജനിച്ചാൽ മാത്രം മതി2016, ജനുവരി 22, വെള്ളിയാഴ്‌ച

നിന്റെ ഓർമയ്ക്ക്നീയാണ്.. നീ മാത്രമാണ്
വാഴ്വിലെ തീരാകടം..

എണ്ണി എണ്ണി എടുക്കുന്ന
 ഓരോ നിമിഷങ്ങളിലും
വഴുതി വഴുതി പോകുന്നതും
നീ തന്നെയാണ് ...............

നിഷേധിക്കുന്ന ജീവിതവും സ്വപ്നങ്ങളും ....
സ്നേഹം ഒരു തെറ്റല്ലെന്ന തേൻ പുരട്ടിയ
പാഴ്വാക്കിന്റെ മറവുപറ്റി തലനാരിഴക്ക്
രക്ഷപെടുമ്പോൾ; സ്നേഹം ഒരു കുരുക്കാണെന്ന്
പറഞ്ഞ സുഹൃത്തിനെ വെറുതെ ഓർമ്മിക്കുന്നു

നമുക്കിടയിൽ എപ്പോളും ഒരു വലിയ തടാകം
കെട്ടികിടപ്പുണ്ട്.. എന്റെ വിളികൾക്കായി
നീയതിന്റെ കരയിൽ കാതോര്ത്തിരിപ്പുണ്ട്
പക്ഷെ, നിന്നിൽ നിന്ന് എന്നിലേക്കുള്ള ദൂരത്തിന്റെ
എത്രയോ മടങ്ങാണ്  എന്നിൽ നിന്ന് നിന്നിലേക്കുള്ളത്?

ഇപ്പോൾ...
രണ്ടു മഹാമേരുക്കൾക്കിടയിൽ ഒറ്റപ്പെട്ടു
പോയൊരു തടാകമാകുന്നു  ഞാൻ .............
2016, ജനുവരി 19, ചൊവ്വാഴ്ച

ഗദ്സെമനയിലെ എന്റെ മാലാഖസ്നേഹത്തിന്റെ മുൾമുനയിൽ കുത്തിയെടുത്തു
 മുപ്പതാം  തവണയും ക്രൂശിലേറ്റിയിട്ട്
അവൾ ഗദ്സേമനയിലേക്ക് പോയി
എന്റെ മാലാഖ...
അവളുടെ മഞ്ഞിന്റെ നിറമുള്ള നീണ്ട ഉടുപ്പ്
നീണ്ടു വളര്ന്ന മുടി...
തുടുത്ത മുഖം..
പനിനീർ ചുണ്ടുകൾ

എന്റെ കുരിശു ഞാൻ തന്നെയാണ്
കുന്നിലേക്ക് ചുമക്കുന്നത്...
അപ്പോഴെല്ലാം അവളുടെ ചാട്ടവാറുകൾ
മുറ തെറ്റാതെ മുതുകിൽ ആഞ്ഞു കൊള്ളാറുണ്ട്‌ ...
എനിക്ക് വേദനിക്കുംപോളും ചിരിക്കാൻ ഞാൻ മറക്കാറില്ല
കാരണം സ്നേഹം ഒരു തെറ്റല്ലെന്നും ഞാൻ പാപിയല്ലെന്നും
വിശ്വസിക്കുന്നവർ ഉണ്ടെന്നെനിക്ക്‌ നല്ല ഉറപ്പാണ്‌

കഴിഞ്ഞ 29 തവണയും ക്രൂശിക്കപ്പെട്ടതിലും വേദന
എന്തുകൊണ്ടോ ഇത്തവണ ഏറിയിരുന്നു..
എന്റെ കുരിശിന് എന്നെ താങ്ങാനും
എനിക്കെന്റെ കുരിശിനെ കാൽവരി വരെ താങ്ങാനും
കഴിയുന്നിടത്തോളം എന്റെ ഉയിര്തെഴുന്നെല്പ്
വളരെ വിദൂരമല്ല...

നിന്റെ ചാട്ടവാറുകൾ വീണ്ടും തയ്യാറാക്കുക
ഇനിയും നിനക്ക് ക്രൂശിൽ തറക്കാനായി മാത്രം
മൂന്നാം നാളിൽ ഞാൻ ഉയിര്ത്തെഴുന്നേറ്റു
നിന്റെ വാതിൽക്കൽ മുട്ടിവിളിക്കും

2016, ജനുവരി 18, തിങ്കളാഴ്‌ച

ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം

സ്ത്രീകൾ ശബരിമല മുരുകന് ഹര ഹര വിളിച്ച് ആര്ത്തവകാലം മണ്ഡലകാലമാക്കി മലചവിട്ടുന്നതല്ലാതെ, ആറ്റുകാലിൽ ബീഫ് കറി പൊങ്കാലയായി അർപ്പിക്കുന്നതല്ലാതെ, തലയിണയിൽ മുഖം അമര്ത്തി കരയാതെ ഉറങ്ങുന്ന രാത്രികൾ, കൂട്ടുകാരികൾക്കൊപ്പമല്ലാതെ, ഒറ്റയ്ക്ക്- പേടിക്കാതെ യാത്ര ചെയ്യുന്ന രാത്രികൾ, വീട്ടിൽ പേടി കൂടാതെ ഒറ്റയ്ക്ക് tv കണ്ട് രസിച്ചിരിക്കുന്ന അവധി ദിവസങ്ങൾ, കൊത്ത്തി വലിക്കുന്ന കഴുകൻ കണ്ണുകളിലേക്കു തീക്ഷ്ണമായി, ധൈര്യത്തോടെ തുറിച്ചു നോക്കാൻ തക്കവണ്ണം സംരക്ഷണം ഭരണകൂടത്താൽ ലഭ്യമാവുന്ന നാളുകൾ അതാണ് എന്നിലെ പുരുഷവിദ്വെഷിയുടെ സ്വപ്നം.  സുന്ദരമായ നടക്കാത്ത സ്വപ്നം.

എത്ര അടുത്തിടപഴകിയാലും, ഉള്ളു തുറന്ന്നു സംസാരിച്ചാലും പെണ്ണിന്റെ ഗുണങ്ങളെ- പവിത്രതക്കുള്ള സമവക്യങ്ങളിലും അടക്കങ്ങളിലും ഒതുക്കങ്ങളിലും അല്ലാതെ ആണിനൊപ്പം കാണാൻ കഴിയാത്ത ഒരു ജനതയ്ക്ക് നടുവിലിരുന്നു... പെണ്ണിന് വെറും പെണ്ണെന്നും അവളുടെ വര്ഗത്തോട് എതിർലിംഗം  വർഷങ്ങൾ ആയി തുടരുന്ന  പല വിധ ആക്രമണങ്ങളോടുള്ള  വിവിധ പ്രതികരണങ്ങളെ തീരാത്തത ലൈംഗികതൃഷ്ണ ആയി മാത്രം എന്നും കാണാൻ കഴിയുന്ന പുരോഗമനവാദികൾക്ക് നടുവിലിരുന്നു, ഞാൻ വല്ലാത്തൊരു മാറ്റം സ്വപ്നം കാണുന്നു.  സ്കാന്ടലുകളിലും നിതംബചലനങ്ങളിലും മിഴി പതിപ്പിച്ചിരുന്നു   സ്ത്രീകള്ക്ക് വേണ്ടി വാദിക്കുന്ന വിപ്ലവകാരികൾക്ക് നടുവിലിരുന്നു ഞാൻ സ്‌ത്രീകൾ സുരക്ഷിതരവുന്ന കാലം വിദൂരമല്ലെന്നു സ്വപ്നം കാണുന്നു.

ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം
നേര് നേരുന്ന താന്തന്റെ സ്വപ്നം..
(മധുസൂദനൻ നായർ , നാറാണത്ത്‌ ഭ്രാന്തൻ)

2016, ജനുവരി 7, വ്യാഴാഴ്‌ച

ഘടികാരങ്ങൾ

എൻറെ  സ്വീകരണമുറി നിറയെ  ഘടികാരങ്ങളാണ്
പല നിറത്തിൽ , രൂപത്തിൽ , ആകാരത്തിൽ 
പക്ഷെ, അതില് ഭൂരിഭാഗവും നിലച്ചു പോയവയും
എന്നോ ഒരു നിമിഷത്തിൽ  പെട്ടെന്ന് നിലച്ചു പോയവ

ഒരുകാലത്ത് ഘടികാരങ്ങൾ വാങ്ങി കൂട്ടുമായിരുന്നു
പിന്നെടെപ്പോഴോ നല്ലൊരെണ്ണം കിട്ടിയപ്പോൾ
മറ്റുള്ളവയെല്ലാം ആവശ്യമില്ലെന്നു തോന്നി തുടങ്ങി
തെറ്റായ സമയം കാണിച്ചു തുടങ്ങുമ്പോൾ ശെരിയാക്കിയാലും
വീണ്ടും വീണ്ടും പണിമുടക്കുന്ന ചില ഘടികാരങ്ങൾ

പണി മുടക്കുന്ന ഘടികാരങ്ങൾ കാരണം സമയനഷ്ടവും
തെറ്റായ സമയം ആണെന്നുള്ളതറിയാതെ  വൈകി പോകുന്നതും
കാരണമാവണം ഞാൻ കേടായി പോയവയെ നന്നാക്കാൻ ശ്രമിച്ചില്ല
അല്ലെങ്കിൽ തന്നെ അവയെല്ലാം വീണ്ടും പഴയപടി
പണിമുടക്കില്ലെന്നു എന്താണ് ഉറപ്പ്?

ഘടികാരങ്ങൾ പണി മുടക്കുമ്പോൾ ഉപേക്ഷിക്കുന്നത്
തന്നെയാണ് നല്ലത്.. സമയം വിലപ്പെട്ടതാണല്ലോ