Follow by Email

2016, നവംബർ 27, ഞായറാഴ്‌ച

ഞാനൊരു സ്ത്രീയാണ്- മര്യാദയില്ലാത്ത ഒരു വിയോജന കുറിപ്പ്


ഞാനൊരു സ്ത്രീയാണ്.
അതെയോ മാഡം?
എനിക്ക് അറിയാം ഒരു സ്ത്രീയുടെ വേദന.
തന്നെ???? (സ്ഥായീഭാവം പുച്ഛം).

എന്റെ പെണ്ണുമ്പിള്ളേ, ആവിഷ്കരസ്വാതന്ത്രമെന്ന പറ്റു ബുക്കിൽ ഇതും കൂടെ എഴുതി ചേർത്ത്, പണ്ടൊരു മദാമ്മ 50 ഷെയ്‌ഡ്‌സ് ഓഫ് ഗ്രേ എന്നൊരു ഉണക്ക ക്ലാസ്സിക് എഴുതിയിട്ട് കെട്ടിയിട്ടു ഭോഗിക്കുന്നത് പരമാനന്ദം ആണെന്ന് തള്ളിയത് പോലെ, വേറൊരുത്തൻ റേപ്പ് ആസ്വദിക്കുന്ന ഒരു പെണ്ണിന്റെ മനോവികാരങ്ങൾ വിസ്തരിച്ച പോലെ, സെൻസർ ബോർഡിനെ സെൻസർ ചെയ്യാൻ ആളില്ലാത്ത നാട്ടിൽ, മഹത്തായ സൃഷ്ടി പടച്ചു വിടുമ്പോൾ സ്വന്തം കുഞ്ഞും ഒരു പീഡകനെ ആസ്വദിക്കുമോ എന്നോർത്താൽ കൊള്ളാം.  നീയൊക്കെ പടച്ചിറക്കി യു ട്യൂബിൽ എത്തിക്കുന്ന ഈ സാധനം കാണുന്നത് കൂടുതലും കൗമാരക്കാരും യുവാക്കളും കിളവന്മാരും ഒക്കെയാവും. അവരങ്ങു ഉറപ്പിക്കും.  8 വയസുകാരികൾ എല്ലാം ഓർഗസിക്കാൻ നോക്കി ഇരിക്കുകയാണെന്ന്.  ആയമ്മേടെ വീട്ടിലെ പിള്ളേര് സേഫ് ആണേലും, ഈ നാട്ടിലും ഇന്ത്യ മൊത്തവും സേഫ് അല്ലാതെ ജീവിക്കുന്ന പാവം കുഞ്ഞുങ്ങൾ ഉണ്ട്. വഴിയോരത്തു ഉറങ്ങുന്ന കുഞ്ഞുങ്ങൾ, അടച്ചുറപ്പില്ലാത്ത വീട്ടിൽ ഉറങ്ങുന്നത് അങ്ങിനെ അങ്ങിനെ.. ഇതൊന്നും ആയമ്മ കണ്ടിരിക്കാൻ വഴിയില്ല.

ക്രമാതീതമായി പെരുകുന്ന ചൈൽഡ് ട്രാഫിക്കിങ്, പീഡനം, ബാലവേശ്യ, ഗാർഹിക പീഡനം ഒക്കെയുള്ള നാട്ടിൽ ഏതു കോപ്പിലെ ഫെമിനിസം പറഞ്ഞിട്ട് ആയാലും ഈ മാതിരി പേക്കൂത്തു ഉണ്ടാക്കി ഇറക്കുന്നവരും "ബോൾഡ്" ആണെന്ന് ലേബൽ ഒട്ടിച്ചു അതിനെ അഭിനയിച്ചു നാലാളെ കാണിക്കുന്ന ആര്ടിസ്റ്റുകളും എല്ലാ ഞരമ്പ് രോഗികൾക്കും അഭയകേന്ദ്രമാണെന്നു മറക്കാതിരിക്കുക. ബോധവൽക്കരണം നടത്തിയാലും ലൈംഗിക ദാരിദ്ര്യം മൂലം പൊടി കുഞ്ഞിനെ (സ്വന്തം അച്ഛൻ പോലും) വെറുതെ വിടാത്ത ദൈവത്തിന്റെ സ്വന്തം നാട്ടിൽ ആരെ ഉദ്ധരിക്കാൻ ആണാവോ ഈ മെഷീൻ മഹാമഹം? ബോധവൽക്കരണം ആണോ മാഡം ഉദ്ദേശിച്ചത്? ഇന്റർവ്യൂവിലൊക്കെ പറഞ്ഞിരുന്നു ആണിന്റെ മനഃസ്ഥിതിയെ പറ്റിയൊക്കെ.. ആ മനഃസ്ഥിതിയിൽ ഉള്ള ബഹുഭൂരിപക്ഷത്തിന് ഈ മെഷീൻ കാണുമ്പോൾ ബോധോദയം ഉണ്ടാവുമെന്നാണോ.. പ്രത്യാശിക്കാം..

വാൽ കഷണം: ഇവരൊക്കെ ഏതു യുഗത്തിലാണാവോ ജീവിക്കുന്നത്?
അല്ലെങ്കിൽ തന്നെ സമാധാനമായി ജീവിക്കാൻ പറ്റുന്നില്ല. അപ്പോളാണ് 8 വയസിൽ ലൈംഗികആസ്വാദനം എന്ന പുതിയ തലത്തിലേക്കുള്ള ഗവേഷണം. 

2016, നവംബർ 25, വെള്ളിയാഴ്‌ച

ബഹിഷ്‌കൃതനായ വീട്ടുനായ

എന്റെ സുഹൃത്തിന്,

എനിക്കറിയാം...നന്നായറിയാം..
നീയോ ഞാനോ അല്ല സമൂഹമെന്ന്..
നമ്മൾ വെറും കുരക്കുന്ന, കടിക്കാത്ത
വീട്ടുനായ്ക്കളെന്നു എനിക്കറിയാം സുഹൃത്തെ...

എല്ലാ ഇസങ്ങൾക്കും മേലെ,
ജനാധിപത്യമെന്ന ഓലപാമ്പിനും മേലെ,
ഹിറ്റ്ലറിനേയും  മുസ്സോളിനിയെയും
ഞാൻ നിത്യവും കാണാറുണ്ട്
നീയും അത് ശ്രദ്ധിച്ചിട്ടുണ്ടാവും...

ഒരാൾ കാടടച്ചു വെടി വെച്ചപ്പോൾ
മറ്റേയാൾ ഉന്നം നോക്കി വെടി വെച്ചതും
നീ കണ്ടു കാണും എന്ന് വിശ്വസിക്കുന്നു...
അത് ജനാധിപത്യത്തിൻ മേൽ
ഏകാധിപത്യമെന്നു മാത്രം നമുക്ക്
പറയാതിരിക്കാം.. ജീവിച്ചു പോവണ്ടേ?
ചെഗുവേര ടീ ഷർട്ടിൽ ഇരുന്നു
വിപ്ലവം നടത്തട്ടെ അല്ലെ?

പറയാൻ മറന്നു..വളരെ പ്രധാനപെട്ടതാണ്
മറ്റുള്ള നായ്ക്കൾ ഇപ്പോൾ താരവിവാഹമെന്ന ഇറച്ചികഷ്ണം കടിച്ചു പറിക്കുകയാണ്..
അവരും ചർച്ച ചെയ്യുന്നുണ്ട് അവർക്ക്
അറിയാവുന്ന.. താല്പര്യമുള്ള
ഒരേ ഒരു " വെടി വയ്പിനെ" പറ്റി...

നിർത്തട്ടെ,

സ്നേഹപൂർവ്വം

ബഹിഷ്‌കൃതനായ വീട്ടുനായ

2016, നവംബർ 13, ഞായറാഴ്‌ച

ഹാംലിനിലെ കുഴലൂത്തുകാരൻ

ഒരിടത്ത്

ഒരു കുഴലൂത്തുകാരൻ
ജർമനിയിൽ നിന്ന് "ജപ്പാനിലേക്ക്"
പോകുന്നു, അവിടെയും
കുഴലൂതി രസിക്കുന്നു

തത്സമയം മറ്റൊരിടത്ത്

ബിവറേജസിന്റെ
"ശുഷ്കിച്ച" ക്യുവിൽ നിന്നൊരു
പാവം വൃദ്ധൻ ബാഗ്പൈപ്പറിന്
 ചില്ലറ തികയുമോ
എന്ന് വേവലാതി പെടുന്നു

ഇനിയൊരിടത്ത്

എടിഎം എന്നത് ഒരു
അമ്പലം തന്നെയെന്നും
നിര്മാല്യം തൊഴാൻ അതികാലെ
എഴുന്നേൽക്കണമെന്നും ഒരമ്മ
മകനെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു


ആരോ "പണം" കുഴലിൽ
വെച്ചെന്നും, വെച്ച പണം
കുഴലോടെ പിടിച്ചെന്നും
ചാനലിലൂടെ അറിഞ്ഞു
ചിലർ കൃതാർഥരാവുമ്പോൾ

പൊരിവെയിലിൽ കുഴഞ്ഞു വീണത്
രക്തസാക്ഷികൾ തന്നെയെന്ന്
ഉറപ്പിച്ച പൊതുജനം
"സംഭവിക്കുന്നത് എല്ലാം
 നല്ലതിനെന്നുള്ള"
ഗീതാ സൂക്തം ഉറക്കെ ചൊല്ലുന്നു

പണ്ടത്തെ പോലെ ഇപ്പോളും
പൗരന്റെ ലിസ്റ്റിൽ വരാത്ത
കോരനും കോമനും അഷ്ടിക്കു
വഴി മുട്ടി ചില്ലറ തപ്പുമ്പോൾ
ഇടത്തോട്ട് തിരിഞ്ഞിരുന്നു
മടുത്ത രാഷ്ട്രപിതാവ്
വലത്തോട്ട് തിരിഞ്ഞിരുന്നു
ചിരി തൂവുന്നു...


എരിവെയിലിൽ കാത്തു നിന്നു
വോട്ടു ചെയ്തു ജയിപ്പിച്ച
ഞങ്ങൾക്കാണോജി
ഈ ഇളവെയിൽ?

റിസർവ് ബാങ്കിന്റെ തെറ്റിപ്പോയ
നോട്ടിന്റെ കോൺസ്പിറസി തിയറി
മറന്നു; ഒരു കള്ളപ്പണവിമുക്ത ഭാരതത്തിനായി നമുക്ക് കൈകോർക്കാം..
2016, സെപ്റ്റംബർ 6, ചൊവ്വാഴ്ച

റെഡി ടു വെയിറ്റ്
ഫെമിനിസം എന്ന വിഷയം കുറെ നാളത്തേക്ക് മാറ്റി വെയ്ക്കാം എന്നോർത്തതാണ്.  തമ്മസിക്കൂല്ല ചേച്ചിമാർ. "റെഡി ടു വെയിറ്റ്" എന്നൊരു ക്യാമ്പയിൻ ഉണ്ടത്രേ. ദിതെന്താപ്പോ ദിങ്ങനെ? എന്റെ വീട്ടിന് അയല്പക്കത്തുള്ള ചക്കി മുത്തശ്ശി ചോദിച്ചു "എല്ലാരും വെയിറ്റ് ചെയ്ത് മുതുക്കി തള്ളമാർ ആയിട്ടല്ലേ മോളേ സ്വാമിയെ കാണാൻ പോണത്? ഇവളുമാര് ഇതു എന്തോന്ന് കുഞ്ഞെ കാട്ടണത്? വേറെ കുറെ നേഗളിപ്പു മൂത്തവളുമാര് അയ്യനെ കാണാൻ കേറിയേ അടങ്ങൂന്നു മറുവശത്തും...കലികാലം.. എന്തൊക്കെ കാണണം .. സ്വാമിയെ ശരണം അയ്യപ്പ"(മുത്തശ്ശിക്ക് ഫ്‌ബി അക്കൗണ്ട്  ഒക്കെ ഉള്ള ആളാണെ).  കേട്ടപ്പോൾ ശരിയാണെന്നു ഈയുള്ളവൾക്കും തോന്നി. പാവം മാളിക പുറത്തമ്മയോട് ഒരു കനിവും കാട്ടാതെ ഓരോ ഉടായിപ്പ് പറഞ്ഞിരിക്കുന്ന ഫ്ബിൽ കാണുന്ന മുറ്റിയ ഷോവനിസ്റ്റ് ചേട്ടന്മാരുടെ ഒക്കെ തലതൊട്ടപ്പൻ ആയ നമ്മുടെ "ആ പുള്ളിയെ" കാണാൻ പോയേ അടങ്ങൂ എന്ന് ഫെമിനിസം മൂലം കാറ്റുവീഴ്ച നേരിട്ട ചിലർ പറയുന്നതിലെ വിപ്ലവം ഈ ലോലഫെമിനിസ്റ്റു തരുണിക്കു തരിമ്പും തിരിയണില്ലല്ലോ എന്റീശ്വരന്മാരേ...

സഹോദരിമാരെ, നിങ്ങൾ സ്ത്രീവിമോചനം നടത്താൻ അക്കണ്ട മലയായ മലയൊന്നും ചവിട്ടി തള്ളേണ്ട.  ആർത്തവം ഉള്ളപ്പോൾ അമ്പലത്തിൽ പോയി ഒരു സുന്ദരമായ ഹെറിറ്റേജ് സൈറ്റ് അഗ്നിക്കിരയാക്കേണ്ട. 
.ഫ്ബിൽ ഷൈൻ ചെയ്യാൻ പറ്റില്ല എന്നോർത്ത് ട്രെൻഡ് നോക്കി കളിക്കേണ്ട. ഒരു ക്യാമറ മേനോനെ കൂടെ കൂട്ടി ഒരു കൂട്ടായ്മ സംഘടിപ്പിച്ചു കുറെ കൊച്ചു പെൺകുട്ടികൾക്ക് ഗാർഹികപീഡനം എന്ന വിഷയത്തിൽ ഒരു ക്ലാസ് എടുക്കുക.  ഹെല്പ് ലൈൻ നമ്പർ കൊടുക്കുക. ബോധവതികൾ ആകുക.  പോസ്റ്റ് ആക്കി ഫ്ബിൽ തള്ളുക.  ഇത്രയും സിമ്പിൾ ആയി ചെയ്യാൻ കഴിയുന്ന വിമോചനം എന്തിനാണിങ്ങനെ കോംപ്ലിക്കേറ്റഡ് ആക്കി മാറ്റുന്നത്. 

ഇനി ഇതിലെ കോമഡി പറയാം. പൂര്ണഗർഭിണിയായ ഭാര്യയെ ഏതോ ഒരു വായുംനോക്കിയുടെ വാക്ക് കേട്ട് കാട്ടിൽ കൊണ്ട് കളഞ്ഞ രാമൻ, 14000 ചുറ്റിക്കളി ഉണ്ടായിരുന്ന കൃഷ്ണൻ, ഉടായിപ്പ് പറഞ്ഞു ഒരു പാവത്തിനെ കെട്ടാതെ (കെട്ടുന്നില്ലെന്നും പറയാതെ) നടക്കാത്ത കണ്ടീഷൻ വെച്ച  അയ്യപ്പൻ. ഇവരിൽ നിന്ന് നിങ്ങൾ എന്ത് വരം വാങ്ങാനാണ് ആർത്തവം ഉള്ളപ്പോളും ഇല്ലാത്തപ്പോളും ഫെമിനിസം കാണിക്കാൻ അങ്ങോട്ടു തള്ളിക്കേറുന്നതെന്നു ഈയുള്ളവൾ കുണ്ഠിതപ്പെട്ടു പോകുന്നു.  ഇതു ചിലർ പര്ദക്കുള്ളിൽ ഒളിച്ചിരുന്നു പെണ്ണ് അടിമയല്ല എന്നും മറ്റു ചിലർ കന്യാസ്ത്രീ മഠത്തിൽ ഇരുന്നു സ്വാതന്ത്ര്യത്തിന്റെ മാധുര്യം വിളമ്പുന്നതും പോലെ തന്നെയാണ്.  

ഫെമിനിസം എന്നാൽ നിങ്ങ പറേന്ന ഐറ്റമൊന്നുമല്ല കേട്ടാ.  അത് സുന്ദരമായ ഒരു ആക്ടിവിസം ആകുന്നു.  പെണ്ണിനെ പെണ്ണായി കാണാനും ആണിനൊപ്പം കാണാനും സംരക്ഷണം അല്ലാതെ അവകാശപ്പെട്ടത് നൽകാൻ ഒരു സമൂഹത്തോട് (ആണും പെണ്ണും ഉൾപ്പെട്ട)ഉള്ള ആഹ്വാനം ആകുന്നു. ആൺപെൺ വ്യത്യാസം ഇല്ലാതെ ഒരു വേര്തിരിവും ഇല്ലാതെ എല്ലാവര്ക്കും ഒരേ നീതി കിട്ടാനുള്ള പോരാട്ടമാവുന്നു.  തുണി ഉടുക്കാത്ത സ്വാമിമാരുള്ള ഒരു മതത്തെ ഉദ്ധരിച്ചു ഫെമിനിസം പറയുന്ന നിങ്ങള്ക്ക് ഒരു യോഗ്യതയുമില്ല പർദ്ദയിടുന്ന മതത്തെ കുറ്റം പറയുവാൻ.  കന്യാസ്ത്രീകളും കുഞ്ഞുങ്ങളും ഇപ്പോഴും പീഡിപ്പിക്കപ്പെടുന്ന അടുത്ത മതത്തിലെ ഫെമിനിസ്റ്റുകൾക്കും മേല്പറഞ്ഞ അവകാശമില്ല. തിരിച്ചും. ഒന്ന് ചിന്തിച്ചു നോക്കൂ.. 

NB: നമ്മളില്ലേ.........

2016, സെപ്റ്റംബർ 4, ഞായറാഴ്‌ച

നായജീവിതംഇപ്പോൾ...
അച്ഛനൊരു വളർത്തുനായയാണ്...
വീടിന്റെ ഉമ്മറത്ത് ചടഞ്ഞു കൂടുന്നു..

ചിലപ്പോൾ..
കോടതി വ്യവഹാരങ്ങളുടെ മുഷിഞ്ഞ
കടലാസുമായി വക്കീലാഫീസിന്റെ
തിണ്ണ നിരങ്ങുന്ന തെരുവുപട്ടിയാവും..

പണ്ട്..
ഒരു സ്വർണക്കൂട്ടിൽ
അൽസേഷ്യൻ ആയി
 ജീവിച്ചിരുന്നതാണ്

എപ്പോഴോ ഒരിക്കൽ..
നാട്ടിലെ പെൺപട്ടികളുടെ
അഭയകേന്ദ്രമായിരുന്നു എന്നും
പറഞ്ഞു കേട്ടിട്ടുണ്ട്...
കന്നിമാസം എന്നൊന്നും
 ഇല്ലായിരുന്നുവത്രെ!!!

നാളെ..
ഒരു പുഴുത്ത പട്ടിയായി
എറിഞ്ഞു കൊല്ലേണ്ടി വരുമായിരിക്കും..

എങ്കിലും...
പണ്ട് , അച്ഛന്റെ സ്വന്തമായ
സ്വർണകൂടും, രാജപദവിയും
ഞങ്ങൾക്ക് കിട്ടുമെന്ന
ആശ്വാസമൊന്നു മാത്രമാണ്
ഇപ്പോഴും വിരിക്കുന്ന എച്ചിലില...
2016, ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

ഫെമിനിസം എന്ന അശ്ലീലം


ആ-മുഖം : ഈ തലതിരിഞ്ഞ കുറിപ്പ് വായിച്ചു ഏതെങ്കിലും സ്വയം പ്രഖ്യാപിത സ്ത്രീവിരോധികൾ അല്ല സ്ത്രീസ്വാതന്ത്ര്യവിരോധികൾ നന്നാവുമെന്നോ മാറി ചിന്തിക്കുമെന്നോ ഞാൻ കരുതുന്നില്ല.  മറിച്ചു ടിപ്പിക്കൽ ഫെമിനിസ്റ്റ് ബിച്ച് ആയി എന്റെ സിംഹാസനം ഉറപ്പിക്കുക മാത്രമാണ് ഉദ്ദേശം.  ദയവായി എന്റെ ഉദ്ദേശശുദ്ധി നിങ്ങ സോദ്യം സെയ്യരുത്.

ഫെമിനിസം അശ്ലീലം ആയി മാറിയിരിക്കുന്ന ഒരു യുഗത്തിലാണ് സൂർത്തുക്കളെ നുമ്മ ജീവിക്കുന്നത്.  ഈ യുഗത്തിനെ നുമ്മക്ക് "കൊച്ചമ്മ യുഗം" എന്ന് വിളിക്കാം.  കലിയുഗത്തിന് ശേഷമോ ഒപ്പമോ ആകാം ഈ യുഗം.  കൊച്ചമ്മ യുഗത്തിന്റെ സവിശേഷത എന്തെന്നാൽ അതിൽ ഫെമിനിസം ചില കൊച്ചമ്മമാർ ഏറ്റെടുക്കുകയും തദ്വാരാ സ്ത്രീവിരുദ്ധർക്കു കുറ്റം പറയാനും ഫെമിനിസം എന്ന നിലവാരം കുറഞ്ഞ ഇസത്തെ കീറിമുറിച്ചു നാലു പേർക്ക് മുന്നിൽ പ്രദർശിപ്പിക്കാനും അവസരം ലഭിക്കുന്നു എന്നുള്ളതാണ്. ഞാൻ പറയുന്ന ഫെമിനിസം ഈ ടൈപ്പ് അല്ലെന്നു ആണയിടുന്ന നിഷ്കളങ്ക ഫെമിനിസ്റ്റ് മങ്കമാരുടെ വാക്കുകൾ വനരോദനം ആകുകയും ഞാൻ ആ ടൈപ് അല്ല ചേട്ടാ.. ഫെമിനിസം എന്നാൽ എനിക്ക് അറപ്പാണ് ചേട്ടാ എന്ന കിളികൊഞ്ചലുകൾ റെക്കോർഡ് ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു അതിവിശിഷ്ടമായ സ്ഥിതിവിശേഷം ആണിവിടെ സംജാതം ആയിരിക്കുന്നത് സൂർത്തുക്കളെ...

ലിംഗസമത്വം ആണ് ഫെമിനിസം എന്ന് ഒരു NRI ബിച്ച് മൊഴിഞ്ഞാലും കൊച്ചമ്മമാർ ഉള്ളിടത്തോളം അത് വിലപ്പോവില്ല. ഉദാഹരണത്തിന് ഇസ്ലാമോഫോബിയ എന്നാൽ എല്ലാ ഇസ്ലാമിനോടും ഉള്ള ഫോബിയ ആകുന്നു. കാരണം isis.  ഇപ്പോൾ നിങ്ങക്കു പിടി കിട്ടി കാണുമല്ലോ സംഗതിയുടെ ഗുട്ടൻസ്. ഇനി ലിംഗസമത്വത്തിലേക്കു വരാം. അത് കേട്ട് നെറ്റി ചുളിക്കണ്ട. എല്ലാവരുടെയും ലിംഗം ഒരേ വലിപ്പം ആകുന്നത് എത്ര മാത്രം പ്രായോഗികം അല്ലയോ അത് പോലെ തന്നെയാണ് കേരളത്തിൽ സ്ത്രീ-പുരുഷ സമത്വം എന്ന ലിംഗസമത്വത്തിന്റെ അപ്രയോഗികത.  എന്ന് വെച്ചാൽ ഫെമിനിസം എന്ന അശ്ലീലം ഒരിക്കലും അംഗീകരിക്കാൻ പുരുഷമേധാവിത്വ സമൂഹം സമ്മതിക്കില്ല.  അതിനു ചൂട്ടു പിടിക്കുന്ന കൊലനാരീമണികളും.. അപ്പോൾ സൂർത്തുക്കളെ നിങ്ങ സോദിക്കും പിന്നെ നീയെന്തിനാ ഇങ്ങനെ കൊരക്കുന്നതെന്നു അല്ലേ? ഉത്തരം ലളിതം. കൊച്ചമ്മക്കും കൊലസ്ത്രീക്കും ഇടക്ക് കിടന്നു ഞെളിപിരി കൊള്ളുന്ന ഒരു പാവം സ്വയംപ്രഖ്യാപിത ഫെമിനിസ്റ്റിന്റെ (അഭിമാനപൂർവം ഉള്ള) കുര തന്നെയാണിത്.   ഫെമിനിസം സിന്ദാബാദ്...

നന്ദി : നന്നായിട്ടൊന്നും എഴുതാൻ കിട്ടാതെ ചൊറീം കുത്തി ഇരുന്ന ഈ ടിപ്പിക്കൽ .... നു എഴുതാൻ ഒരു ത്രെഡ് തന്ന ഒരു പഴയ ഫ്‌ബി ഫ്രണ്ടിന്..

2016, ഓഗസ്റ്റ് 24, ബുധനാഴ്‌ച

Personal note

ജീവിതം രസമാണ്...
സ്വാതന്ത്ര്യം ഉണ്ടെങ്കിൽ മാത്രം...
ഒഴുക്കിന് എതിരെ നീന്തുമ്പോൾ,
ആവുന്നത്ര വേഗത്തിൽ പായുമ്പോൾ
പുറകിൽ ബന്ധിച്ചിടുന്ന ചില ചരടുകൾ
അത്യുച്ചത്തിലുള്ള പിൻവിളികൾ


ഏകാന്തത രസമാണ്..
സ്വയം തിരഞ്ഞെടുക്കുമ്പോൾ മാത്രം..
എല്ലാം ഉപേക്ഷിച്ചു ഏകാന്തതയുമൊത്തു
രമിക്കുമ്പോൾ, അപ്പോളാണ് ചില മരപ്പട്ടികൾ തട്ടിൻപുറം തകർക്കുക
മുഖത്തു മൂത്രമൊഴിക്കുക..
മുൻജന്മപാപം തന്നെയാണിത്...

സൗഹൃദങ്ങൾ രസമാണ്..
അന്യോന്യം മനസിലാക്കിയാൽ മാത്രം..
സ്വന്തം അഭിരുചികൾ, താല്പര്യങ്ങൾ ഉള്ളവരുമായി മാത്രം..
സൗഹൃദകടലിൽ മുങ്ങി നിവരുമ്പോൾ
കയത്തിലേക്ക് വലിച്ചിടാത്തവരാണെങ്കിൽ മാത്രം...

പ്രണയം രസമാണ്
പ്രണയം തന്നെയാണത്
 എന്നുറപ്പുണ്ടെങ്കിൽ
മാത്രം....

എല്ലാം രസമാണ്...
ഒറ്റപ്പെട്ടു തുരുത്തിൽ ഒളിച്ചു വാഴുമ്പോൾ...

2016, ഓഗസ്റ്റ് 21, ഞായറാഴ്‌ച

വിടഒരിക്കൽ വിട പറഞ്ഞു പിരിഞ്ഞ
ഒരു നാട്ടിലേക്കു തിരികെ
ചെല്ലുകയെന്നാൽ
മരിച്ചവൻ ഉയിർത്തു വരുന്നതിനു
തുല്യമാവുന്നു...

ചില തെരുവുകൾ തുറിച്ചു നോക്കുന്നു
മറ്റു ചിലവ പാളി നോക്കുന്നു
വേറെ ചിലവ പ്രണയർദ്രമായി
ഇനിയും ചിലവ സൗഹാർദ്ദപൂർവം

ഞാൻ ഇല്ലാതെ പെയ്ത മഴകൾ
എന്റെ മേൽ പതിയാത്ത വെയിൽ
അങ്ങിനെ എല്ലാമെല്ലാം
ഒരു ദീർഘ ഇടവേളക്കൊടുക്കം
തഴുകി തലോടികടന്നു പോവുന്നു.. എവിടെയായിരുന്നു?
എന്നോ മറ്റോ ഒരു അലസമായ ചോദ്യം..

പിന്നെയും ചില കിളികൾ,
കടുത്ത നിറമുള്ള വൈകുന്നേരങ്ങൾ, തണുത്ത രാത്രികൾ..
തളം കെട്ടി കിടക്കുന്ന തടാകത്തെ നോക്കി
വിറങ്ങലിച്ചു നിൽക്കുന്ന കര...
അവിടെ എന്നെ കാത്ത് ആളൊഴിഞ്ഞ
ബഞ്ച്.. അവളുടെ ഓർമ്മകൾ...

അപരിചിതത്വം....
യാത്രാമൊഴികൾ എല്ലാം വേദനാഭരിതമാണ്..
മരണമൊഴിയാണ്..
പുനർജനി ഇല്ലാത്തതാണ്...
വിട......

2016, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

ചിതറിയ ചിന്തകൾ

ഇല്ല സാർ, വരില്ല.. 
എന്നെ പോലുള്ള എൻ ആർ ഐ ആന്റിമാർക്കൊന്നും രാജ്യസ്നേഹം വരൂല്ല...
സമാധാനമായി കുടുംബത്തോടൊത്തു യാത്ര ചെയ്യാൻ, വഴിയിലെ ഉദ്ധരിച്ച ലിംഗങ്ങളെ ഭയപ്പെട്ടു, പകൽ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നും, ഹെല്പ് ലൈനിൽ കെല്പില്ലാത്ത ഉദ്യോഗസ്ഥരാണ് ഉള്ളതെന്നും വിലക്കി, വീട്ടിൽ ഒതുക്കി ശീലിച്ച വ്യവസ്ഥിതിയിൽ, ഞെങ്ങി, ഞെരുങ്ങി, ഒടുങ്ങാൻ തരിമ്പും മനസ്സില്ലാത്തത് കൊണ്ട് മാത്രം നാട് വിട്ടു പോയി, മറ്റൊരു നാട് കനിഞ്ഞു നൽകിയ സുഖസൗകര്യങ്ങളിലും സുരക്ഷിതത്വത്തിലും മുങ്ങി ഓണത്തിനും വിഷുവിനും മാത്രം നോസ്ടാല്ജിക് ആകുന്ന ഈ ആന്റിക്ക്‌ എന്ത് രാജ്യസ്നേഹം?  അല്ലെങ്കിൽ തന്നെ സ്വന്തം ജനതയെ ജാതിയുടെ, മതത്തിന്റെ, ദേശീയതയുടെ പേരിൽ കൂട്ടക്കുരുതി നടത്തിയ പല ഗവൺമെന്റുകൾ മാറി മാറി ഭരിച്ചു മുടിച്ച, പെണ്ണിന് രണ്ടാം കിട പരിഗണന മാത്രം കിട്ടുന്ന ഈ നാടിനോട് എന്തിനാണ് എനിക്ക് ഒരു സ്നേഹം.  ഓ, വളർത്തി വലുതാക്കിയ നന്ദി.  അത് ഉണ്ട്.  അത് ഉണ്ട്.  അതാണല്ലോ, പുതിയ തലമുറയെങ്കിലും മാറി ചിന്തിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നതും, സങ്കടപെടുന്നതും. എങ്കിലും  ഇന്ത്യക്കാരി ആയതിൽ അഭിമാനം ഒന്നും തോന്നുന്നില്ല.  കാരണം, നമുക്ക് ഒരു കാര്യം അഭിമാനത്തിന് വക നൽകണ മെങ്കിൽ അത് നാം ആര്ജിച്ചെടുത്ത കാര്യങ്ങൾ ആകണം.  അല്ലാതെ, ജന്മനാ കിട്ടിയ ഒന്നും അഭിമാനിക്കാൻ വകയുള്ളത് അല്ല. ആശ്വാസം ഉണ്ട്.  സിറിയയിലോ, ഇറാഖിലോ, ആഫ്രിക്കയിലോ ജനിച്ചില്ലെന്നുള്ളതിൽ.  എന്നാൽ,  പാഴാക്കി കളയുന്ന മനുഷ്യവിഭവശേഷിയും, പ്രകൃതിവിഭവങ്ങളും, മതത്തിനും, ദൈവത്തിനും, അടിമപ്പെട്ട ഒരു ജനതയുടെ വികലമായ മനസ്സിനെയും ഓർത്തു വല്ലാത്ത സഹതാപവും ഉണ്ട്.  പലനാടുകളിൽ യാത്ര പോകുമ്പോൾ നെടുവീർപ്പോടെ ഓർക്കുന്ന എന്റെ നാടിൻറെ തലവിധി.. നിങ്ങള്ക്ക് മനസിലാവില്ല.  കാരണം, നിങ്ങൾക്കു അതൊരു നോൻറെസിഡണ്ട് ഇന്ത്യന്റെ രാജ്യസ്നേഹമില്ലാത്ത പുച്ഛം മാത്രമാണ്‌.  ജയ് ഹിന്ദ്.. 

2016, ജൂലൈ 23, ശനിയാഴ്‌ച

ദുരഭിമാനം

എന്റെ ഇടയന്,

 നീ മേയിച്ച ആടുകളിൽ
കൂട്ടം തെറ്റി പോയ ഒരു
പാവം പെണ്ണാടാണ് ഞാൻ

വെയിലു ചാഞ്ഞ
 മലയോരങ്ങളിൽ..
മഴക്കാറു കറുത്ത
വാനത്തിന് താഴേ...
നേർത്ത മഞ്ഞു
വീണ സന്ധ്യകളിൽ..
അങ്ങിനെ പല പല
 ദിനാന്ത്യമടക്ക യാത്രകളിൽ..
നീ തേടി പിടിച്ച പെണ്ണാട്...

എന്റെ ഇടയൻ ദൈവമേ,
നിന്റെ ആണാടുകളിൽ
കൂട്ടം തെറ്റി മലകേറി പോയ
മുട്ടനാടുകളിൽ ഒന്ന് പോലും
അറവുകത്തിയിൽ കയറിയിട്ടില്ല
കുഞ്ഞാടുകളും അങ്ങിനെ തന്നെ
അപ്പോൾ എവിടെയാണ് വൈരുദ്ധ്യം?


ചില കുഞ്ഞാടുകളുടെ
നട്ടെലൂരി നിങ്ങൾ സൂപ്പുണ്ടാക്കി
എന്നൊരു കഥ
അങ്ങാടിയിൽ പാടി കേൾക്കുന്നുണ്ട്
എന്നത് സൗകര്യപൂർവം ഇവൾ മറക്കുന്നു

മലയോരങ്ങളിൽ, പച്ചപ്പിൽ, നീർത്തടങ്ങളിൽ, പുല്മേട്ടിൽ
തുള്ളികുതിക്കാൻ കൊതി ഇല്ലാഞ്ഞിട്ടല്ല
നട്ടെല്ല് വളയാഞ്ഞിട്ടാണെന്നു
മാത്രമിപ്പോൾ പറയുന്നു...
അറവുകത്തിയിൽ കയറിയാലും
അടിയറ വെക്കാത്ത നെറികെട്ട
ദുരഭിമാനം എന്ന് കാർക്കിച്ചു തുപ്പുക...


2016, ജൂലൈ 18, തിങ്കളാഴ്‌ച

നീലിച്ച ഓർമ്മകൾനിന്റെ ദംശനമേറ്റു
നീലിച്ചു പോയ
എന്റെ കൈത്തണ്ടിലെ
 ഞരമ്പുകളിൽ 
വീണ്ടും ഞാൻ പെത്തടിൻ 
കുത്തി വെക്കുന്നു

പ്രണയമോ മരണമോ 
എന്നൊരു കൂട്ടു വഴിയിൽ
ഒരിക്കൽ എന്നെ ഒറ്റക്കാക്കി പോയ
നിന്റെ നീലനിഴലിനെ 
കൗശലക്കാരനായ കുറുക്കൻ
എന്നു ഞാൻ ഇന്നു വരെ വിളിച്ചിട്ടില്ല

പ്രണയം പ്രണയം എന്ന
അലമുറകളെ ചവിട്ടി തള്ളി
ഇഴയടുക്കാത്ത സൗഹൃദത്തെ
ദിനാന്ത്യങ്ങളിലെ അസ്തമയങ്ങളിൽ
കടലിൽ ഒഴുക്കി കളയുന്നു

എന്നിട്ടും 
അടുത്ത പ്രഭാതത്തിൽ
സുപ്രഭാതം ചൊല്ലി 
അവ കരയിലേക്ക്
എടുത്തെറിയപ്പെടുന്നു.. 
നിലവിളിയോടെ..

അപ്പോഴും, എപ്പോഴും
സമയം തെറ്റി പൂത്ത(പൂക്കാറുള്ള) 
ഒരു കൊന്നമരം
ആരെയോ കാത്തെന്ന പോലെ?

ഞാനിപ്പോഴും ആ പഴയ 
കുങ്കുമപൊട്ടാണ്
മായിച്ചു കളഞ്ഞിട്ടും 
നിറം കെട്ടു കിടക്കുന്ന
നിന്റെ നെറ്റിയിലെ നേർത്ത രേഖ...2016, ജൂലൈ 10, ഞായറാഴ്‌ച

കുറെ "ദെയ്ഷ്" ചിന്തകൾനടുക്കുന്ന വാർത്ത കേട്ട്
ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും
മതസൗഹാർദ്ദപരമായി ഒന്നിച്ചുണരുന്നു
"ജിഹാദെന്നും" അല്ലെന്നും പറയുന്നു
തട്ടമിടാത്തതും പാർദ്ദയിടാത്തതും
തുടങ്ങിയുള്ള നിർദോഷമായ
ഫാസിസ്ററ് ചിന്താസരണിക്കപ്പുറം
വളർന്നിട്ടില്ലാത്ത കേവലബുദ്ധികൾ
മുഖപുസ്തകത്തിൽ ആണയിടുന്നു

"ബജ്രങ്ങിക്കു" കൊടി പിടിച്ച ചിലർ
"ദെയ്ഷ് നിന്റെ ദൈവമല്ലേടാ" എന്ന്
ആക്രോശിച്ചു പാഞ്ഞുനടക്കുമ്പോൾ
ഹിന്ദുമതം പ്രാദേശികമായത്‌,
"സംഭവിക്കുന്നതെല്ലാം നല്ലതിനെന്ന" ഗീതാവാചകം അന്വർത്ഥമാക്കുന്നു...

അല്ലെങ്കിൽ ചിലപ്പോൾ റഷ്യയും അമേരിക്കയും കൂടുതൽ ആണവശേഖരണം നടത്തേണ്ടി വരുമായിരുന്നു...

മീൻവയിൽ മറ്റു ചിലർ

പാണ്ടൻനായയുടെ പല്ലിന്റെ
 ശഔര്യം പണ്ടേ പോലെ ഫലിക്കുന്നില്ലെങ്കിലും;
ആൺപ്രണയങ്ങളുടെ
തകർച്ചകൾ ബന്ധുക്കളായ
ശത്രുക്കൾക്കൊപ്പം ആഘോഷിക്കുന്നു
നിന്നെപ്പോലെ അയൽക്കാരനെയും
നിബന്ധനകളോടെ സ്നേഹിക്കുന്നു

ഫേസ്ബുക്കിലാവട്ടെ,
മതേതരമനുഷ്യസ്നേഹികൾ പലരും
മലയാളിയുടെ സിറിയൻ യാത്രയുടെ
യാത്രയയപ്പ് ചടങ്ങിന് പോകാനാവാതെ
ഇതികർത്തവ്യതാ മൂഢരായി സൈൻ ഔട്ട്
ചെയ്തു ഒളിച്ചിരിക്കുന്നു..
മറ്റൊരു ന്യൂനപക്ഷപീഡനം
 വരും വരെ നമുക്ക്
കാത്തിരിക്കാം...

റഷ്യക്കും അമേരിക്കക്കും ഇനി
വേണമെങ്കിൽ അല്പം വിശ്രമിക്കാം
യൂണിയൻ തുടങ്ങാൻ കുറച്ചു ആള്
കൂടി വരാനുണ്ട്...

പൊട്ടിത്തെറിച്ചാലും, ദാരിദ്ര്യം തീർക്കാൻ
യസീദിപെണ്ണുങ്ങൾ ഇവിടെയും,
ഹൂറികൾ അവിടെയും ഉണ്ടെന്നുള്ളതാണ്
ഞങ്ങളുടെ ആശ്വാസം എന്ന് നിങ്ങൾ
പരിഹസിച്ചേക്കാമെങ്കിലും വിശുദ്ധയുദ്ധത്തിൽ മരിക്കുന്നത് പോലും
പുണ്യം തന്നെയാണ് എന്നത് നിങ്ങളുടെ
അറിവില്ലായ്മ അല്ലാതെ മറ്റെന്താണ്?

2016, ജൂലൈ 4, തിങ്കളാഴ്‌ച

ഇന്നത്തെ ചിന്താവിഷയം

ഇപ്പോളൊക്കെ ഒരുദിവസം തുടങ്ങുന്നത് സമ്മിശ്ര വികാരങ്ങൾ ഉണർത്തിയാണ്.
താരാരാധന, ബിംബാരാധന..ആരാധനാ മൂർത്തികൾ സുലഭമായ നാട്ടിൽ
ആരാധനകളേ നടത്താതെ ജീവിച്ചു പോവുക ആസാധ്യമെന്ന് പൂർണ്ണ ബോദ്ധ്യമുണ്ടായിട്ടും ദൈവങ്ങളുടെ പോലും മണമില്ലാത്ത, എന്റെ വീട്ടിൽ, ആരോടും അടുപ്പം സൂക്ഷിക്കാതെ അജ്ഞാത വാസം നടത്തി വരുന്നത് ചിന്തിക്കാത്ത ചില തലച്ചോറുകളുടെ ഛർദ്ദിയും അതിസാരവും ഭയന്ന് തന്നെയാണ്.  ആനുകാലികങ്ങൾ എല്ലാം അറിഞ്ഞിരുന്നിട്ടും ഒന്നും പോസ്‌റ്റർ ആക്കി, നാലാൾ കാൺകെ ഒരു അടുപ്പ് കൂട്ടി നല്ലവരായ നാട്ടുകാരെ കൊണ്ടും, ശത്രുക്കളായ ബന്ധുക്കളെ കൊണ്ടും അതിൽ പൊങ്കാല നേദിക്കാൻ തരിമ്പും താൽപര്യവും ഇല്ല തന്നെ.

കേരളത്തിൽ പ്രത്യേകിച്ചും ഭാരതത്തിൽ പൊതുവെയും ജനതയുടെ തലച്ചോറിൽ പ്രവർത്തനം നിലച്ച ഒരു ഭാഗം കാണാൻ കഴിയും.  ഒന്നുകിൽ മതമോ അല്ലെങ്കിൽ രാഷ്ട്രീയമോ ആകണം അവിടെ കുത്തി വെയ്ക്കപെട്ടത്. എന്റെ മതത്തിൽ പെട്ടവരാണ് മരിച്ചതെന്നോർക്കുമ്പോൾ മാത്രം ഉണരുന്ന മതേതര മനുഷ്യസ്നേഹവും ഇരയാക്കപെടലിന്റെ വേദനയും അസഹനിയം തന്നെയാണ്.
അതിൽ നിന്നൊരു രക്ഷയും ഈ അജ്ഞാതവാസം നൽകുന്നുണ്ട്.

അങ്ങനെയിരിക്കുമ്പോൾ ഒരു തമിഴ് പീഡനമോ, ബാലാത്സംഗമോ മരണമോ ആണത്തത്തിന്റെ പ്രകടനം പോലെ വായിച്ചു മറക്കുന്നു.  അപ്പോഴും ചില വാർത്താമാധ്യമ ങ്ങൾ പെൺകുട്ടികൾ ഫേസ്ബുക്കിൽ ഫോട്ടോഇടുന്നതിലെ ആപത്തു ആവർത്തിച്ചു പഠിപ്പിച്ചു ജനങ്ങളെ ബോധവാന്മാരാക്കുന്നു.  തൽസമയം സൂപ്പർ താരങ്ങൾ "കാതൽ" ഇല്ലാതെ ജീവിക്കാൻ പറ്റാത്ത ദുരവസ്ഥയെ പറ്റിയും, പെണ്ണിന്റെ പെരുമാറ്റ ചട്ടങ്ങളെ പറ്റിയും ആൺകുട്ടികൾക്കു ബോധവൽക്കരണ ക്ലാസ് നടത്തുന്നു.  ക്ലാസ് കഴിഞ്ഞു ഇറങ്ങുമ്പോൾ റെയിൽ വേ സ്റ്റേഷനിൽ വെച്ച് നിരസിക്കപെട്ട ഒരു പ്രണയം, നാലാളു കാൺകെ കത്തി മുനയിൽ പിടഞ്ഞു ഒടുങ്ങുന്നു.  ദിവ്യപ്രണയത്തിന്റെ മഹത്വം വിളമ്പി ആരൊക്കെയോ വെറി പൂണ്ട് നടക്കുന്നു.  അപ്പോൾ ഒരു 6 വയസ്സുകാരി കാമ പൂർത്തിക്കൊടുവിൽ വലിയ ഒരു പാത്ര തിനുള്ളിൽ അടച്ചു ഭദ്രമാക്കപെടുന്നു.

മനസ്സു മടുത്തു വീണ്ടും കേരളത്തിലേക്ക് നോക്കുമ്പോൾ ജോസേഫ് അലക്സ് ജയകൃഷ്ണനോട് മാപ്പ് പറഞ്ഞത് കിംഗ് സിനിമയ്ക്കു ചേർന്ന ക്ലൈമാക്സ് അല്ലെന്ന് ബുദ്ധിജീവികൾ നിരൂപണം നടത്തുന്നു.  സുരേഷ് ഗോപിയും മമ്മുക്കയും പോലുള്ള അമാനുഷികർക്കു മാത്രമേ പ്രോട്ടോകോൾ ബാധകമാവാതെ ഉള്ളെന്നു രാഷ്ട്രീയവിചക്ഷണർ വിലയിരുത്തുന്നു.  എന്നാലും മാപ്പ് പറയേണ്ടിയിരുന്നില്ലെന്നു പറയുന്നവരുടെ വിഡ്ഢിയാക്കപെട്ട വികാരം മറ്റു പല വ്രണപ്പെട്ട വികാരങ്ങൾക്കും ഒപ്പം ഫ്ബിൽ പോസ്റ്റക്കപ്പെടുന്നു.

എന്തോന്നെടെ, എന്നോർത്ത് പതിയെ തല വലിച്ചു മാളത്തിൽ തന്നെ ഒളിച്ചിരിക്കുന്നു.

2016, ജൂൺ 24, വെള്ളിയാഴ്‌ച

സംവരണം അതു താൻ മാരണം

ദളിതർ എന്താണിങ്ങനെ?
എല്ലാ ആനുകൂല്യങ്ങളും ജാതി പറഞ്ഞു
തട്ടിയെടുക്കുക. പാർട്ടിക്കാരോട് ഗുണ്ടായിസം കാണിക്കുക.  നല്ല വീട്ടിലെ പെൺപിള്ളാരെ, അതും നല്ല ഭാവിയുള്ള " കുട്ടികളെ " 'ചെറിയ' ഒരു കുസൃതിയുടെ പേരിൽ കോടതി കയറ്റുക. എന്തൂട്ടാ കഥ. കാലം പോയ പോക്കേ... പണ്ടൊക്കെ കുമ്പിളിൽ കഞ്ഞി കുടിച്ചിരുന്ന ടീം ആണ്.  വാരിക്കോരി കിട്ടിയ സംവരണം. അതന്നെ.. അതാണ് ഇവറ്റകളുടെ അഹമ്മതി കൂട്ടിയത് എന്നുള്ളതിൽ കൊശവൻ നായർക്കോ, ഏഭ്യൻ നമ്പൂതിരിക്കോ, കോന്തൻ വാര്യർക്കോ, ഊളൻ കോയയ്ക്കോ, പരട്ട തോമയ്ക്കോ അശേഷം സംശയല്ല്യ.

മീഡിയ ഇങ്ങനെ നിറഞ്ഞു നിൽക്കല്ലേ? എവിടെ നോക്കിയാലും "ദളിത് യുവതി", "ദളിത് യുവതി".
നായർ യുവതികളോ, ഈഴവ യുവതികളോ, നമ്പൂതിരി യുവതികളോ കേരളത്തിൽ ഇല്ല തന്നെ.
അനുഭവിക്യ. അല്ലാതെന്താ?

പണ്ട് ചെറ്റ പൊക്കാൻ പോയ എന്റെ കാർന്നോന്മാരേ, നിങ്ങളുടെ പിൻതലമുറക്കു ഈ ദുർഗതി വന്നല്ലോ.
ഒരു നീണ്ട  നെടുവീർപ്പ്.....

2016, ജൂൺ 22, ബുധനാഴ്‌ച

പാളങ്ങൾ

ഒരിക്കലും
കൂടി ചേരാനിടയില്ലാത്ത
രണ്ടു പാളങ്ങളിൽ 
ഒരു സ്പർശനത്താൽ
മാത്രം കെട്ടപ്പെട്ട് 
എങ്ങോട്ടോക്കോ പായുന്ന
തീവണ്ടിയാവുന്നു ഞാൻ!..

യാത്രക്കിടയിൽ ഇടക്കിടെ
നിർത്തി ഇടുന്ന ചില
റയിൽവേ സ്റ്റേഷനുകൾ..
കണ്ടു മറക്കുന്ന യാത്രക്കാർ..
പരിചിതരായ കച്ചവടക്കാർ..
നിരാലംബരായ യാചകർ ..

എന്റെ യാത്രയിലെ 
എന്റെ വിശ്രമകേന്ദ്രങ്ങൾ
ചില ഒറ്റപ്പെട്ട സ്റ്റേഷനുകൾ!

ഞാൻ കടന്നു പോയ
പാടവരമ്പുകൾ
ഗുൽമോഹർ കാടുകൾ
എരിഞ്ഞ പകലുകൾ
വിരസ രാത്രികൾ...

പാളം തെറ്റാതിരുന്നാൽ
മാത്രം എത്തിച്ചേരാനിടയുള്ള
ലക്ഷ്യസ്ഥാനത്തിൽ 
എന്താവാം കാത്തിരിക്കുക?


2016, ജൂൺ 20, തിങ്കളാഴ്‌ച

ഒരു മൂവി റിവ്യു


conjuring 2
സെക്കന്റ് ഷോ കണ്ടാലെ പേടി കൂടു എന്ന ഉറച്ച വിശ്വാസമുണ്ടായിരുന്ന  ഞാൻ ഫസ്റ്റ് ഷോക്കു പോകാമെന്ന് കോംപ്രമയിസ് ചെയ്തതു ഉറക്കം നഷ്ടപ്പെടാതിരിക്കാൻ മാത്രമായിരുന്നു.  വല്ലാത്ത പ്രതീക്ഷയോടെ പ്രധാനമന്ത്രി മുത്താണെന്ന പരസ്യം വരെ ക്ഷമയോടെ കണ്ടിരുന്നതും, ഈ ലോകത്ത് മനുഷ്യനല്ലാതെ ഭയക്കേണ്ട മറ്റൊരു അദൃശ്യ ശക്തി ദൈവത്തിനൊപ്പം കട്ടക്ക് കട്ടക്ക് നിൽക്കാൻ പാകത്തിൽ ഉണ്ടെന്നത് തെളിവു സഹിതം ഉറപ്പിക്കുക എന്ന ഹിഡൻ അജ ണ്ടയുമായി ആയിരുന്നു.

പടം തുടങ്ങുമ്പോഴേ,  ഭാര്യാ ഭർത്താക്കന്മാരായ മന്ത്രവാദികളുടെ  പ്രണയം നമ്മുടെ മനസ്സിനെ ആർദ്രമാക്കുകയും ആറാം ഇന്ദ്രിയം പ്രവർത്തന നിരതമായ നായിക സിനിമ കാണുന്നതുപോലെ പ്രേത വികൃതികൾ കണ്ടു നിലവിളിക്കുകയും തൽ സമയം ഓജോ ബോർഡുവെച്ച് പ്രേതം കയറാൻ പോവുന്ന പെൺകുട്ടി പ്രേതത്തെ വിളിക്കുകയുമാണ്. വിളിക്കാതെ വന്നപ്രേതം വീട്ടിൽ തന്നെ ഉള്ളപ്പോഴാണെന്നോർക്കണം.
പ്രസ്തുത പെൺകുട്ടി പ്രേതം കയറി നാഗവല്ലിയായി മാറിയ ഗംഗയെ പോലെ കര കര ശബ്ദത്തിൽ കിളവൻ പ്രേതത്തിന്റെ (രണ്ടാം ബാല്യത്തിന്റെ തുടിപ്പുള്ള) ആഞ്ജാനുവർത്തിയായി വീട് മൊത്തം അലമ്പാക്കുകയും എന്നെ വെറുക്കല്ലേ അമ്മേ എന്നിടക്കിടെ നിരാലംബയായി നിലവിളിക്കുകയും ചെയ്യുന്നുണ്ട്. അതിനിടെ നമ്മുടെ മന്ത്രവാദിനി നായികയുടെ ആജന്മ ശത്രുവായ കന്യാസ്ത്രീ പ്രേതം  ഞാനവിടുണ്ടെന്ന് ഓർമ്മിപ്പിക്കുന്നുണ്ട്.  വീട്ടിൽ പ്രേതത്തെ വെച്ചിട്ട് നാട്ടിൽ പ്രേതത്തെ തപ്പി നടക്കുന്ന എത്തിക്സ്സ് ഇല്ലായ്മ നമ്മൾ കാണികൾ ശ്രദ്ധിക്കേണ്ടതില്ല.  കാരണം അതു ലാസ്റ്റിൽ കൊണ്ടു കെട്ടാനുള്ള തുമ്പാണ്.  

മന്ത്രവാദികൾ പള്ളിയുടെയും പട്ടക്കാരുടേയും മാനം കാക്കാൻ പെൺകൊച്ചിനെ കാണാൻ പോവുകയും അഭിമുഖ സംഭാഷണങ്ങൾ പലതു നടത്തി എല്ലാം വീഡിയോ ഓഡിയോ റെക്കോർഡുകളായി ഭാവിയിലെ ആവശ്യത്തിനായി സൂക്ഷിച്ചു  വെയ്ക്കുകയുമാണ്.  കടിക്കുന്ന ഹാബിറ്റുള്ള കിളവൻ പ്രേതത്തിന്റെ രണ്ടു പല്ലു മിസ്സിംഗ് ആണെന്നു തിരിച്ചറിയുന്ന നായകൻ മിസ്സ് ആയ സെറ്റ് പല്ലുകൾ വെള്ളത്തിൽ നിന്ന് അഭ്യാസിയെ പോലെ തപ്പിയെടുക്കുമ്പോൾ വെള്ളത്തിൽ കൂടി വന്ന് കടിച്ചവൻ സെറ്റ് പല്ല് പോയിട്ട് നോക്കാതെ പോയത് വയസ്സായത് കൊണ്ടുള്ള ഓർമ്മക്കുറവോ,  വെപ്രാളമോ അശ്രദ്ധയോ ആവാതെ തരമില്ല.

ഒടുക്കം തെറ്റിദ്ധരിപ്പിക്കപ്പെട്ട് മനസില്ലാ മനസ്സോടെ  തിരിച്ചുപോരുന്ന മന്ത്രവാദികളെ, പണ്ട് സുരേഷ് ഗോപി ലെഗസി എന്ന പാസ് വേർഡ് കണ്ടു പിടിച്ച പോലെ ക്ലൂ കൊടുത്ത് ദുരന്തഭൂമിയിലേക്ക് തിരികെ കൊണ്ടു വരുമ്പോഴാണ് സുഹൃത്തുക്കളെ നായികക്ക് വെളിപാടുണ്ടായി ആദ്യത്തെ കന്യാസ്ത്രീ പ്രേതത്തിന്റെ വള്ളി കിളവൻ പ്രേതത്തിന്റെ കൊങ്ങയ്ക്ക് കുരുക്കുന്നത്.
നായിക ആറാമിന്ദ്രിയം വഴി തിരച്ചറിയുന്നത് എന്തെന്നാൽ, പിള്ളാരുകളി നടത്തി സമയം പോക്കിയിരുന്ന പാവം കിളവനെ, പണ്ടു ശിഖണ്ഡിയെ മുൻനിർത്തി അർജുനൻ ഭീഷ്മരെ കൊന്നതുപോലെ, കുരിശിനെ പേടിയല്ലാത്ത എത്തിയിസ്റ്റ് കന്യാസ്ത്രീ നടത്തുന്ന ലീലാവിലാസങ്ങൾ മാത്രമാണ് എല്ലാമെന്നായിരുന്നു. അതും പോരാഞ്ഞിട്ട് കന്യാസ്തീയുടെ പേര് കണ്ടു പിടിച്ച് വിളിച്ചു പറയുകയും പേരു കണ്ടു പിടിച്ചത്  അറിഞ്ഞ് ചമ്മി പോയ കന്യാസ്ത്രീ കരുവാളിച്ച് പൊട്ടിത്തെറിക്കുകയും എല്ലാം കെട്ടടങ്ങുകയും ചെയ്യുന്നു.  കുരിശിന്റെ വഴിയിൽ നടക്കാൻ നായകൻ ഉദ്ബോധിപ്പിക്കുന്നിടത്ത് പടം തീരുമ്പോൾ നഷ്ടപ്പെട്ട ടിക്കറ്റ് കാശിൽ നിരാശയായ ഞാൻ ശേഷിച്ച ചോളപ്പൊരി കൊറിക്കുകയായിരുന്നു. തൽസമയം പാശ്ചാത്യരുടെ കുറഞ്ഞു വരുന്ന ദൈവഭയം കൂട്ടാനുള്ള സൈക്കോളജിക്കൽ മൂവ് ആണ് ഈ പടമെന്ന് പിള്ള സാർ അടക്കം പറയുന്നുണ്ടായിരുന്നു. മോളാവട്ടെ,  ഒരു കന്യാസ്ത്രീ എങ്ങനെ ഇത്ര ക്രൂരയാവുന്നു എന്ന സംശയത്തിൽ അസ്വസ്ഥയായിരുന്നു.

  ജയിംസൂട്ടാ നീ പുലിയാണെടാ.........

2016, ജൂൺ 19, ഞായറാഴ്‌ച

ഒരു യാത്രാക്കുറിപ്പ്

ഗുരുവായൂർ-ചെന്നൈ എക്സ്പ്രസിന്റെ ആറാം നമ്പർ കംപാർട്ട്മെന്റിൽ വിരസമായ പകലിലേക്കു മിഴി പായിച്ചു ഇരിക്കുകയായിരുന്നു ഞാൻ.  സാരിയിൽ പൊതിഞ്ഞ, കൊഴുത്ത, "പാണ്ടി" കുണ്ടികൾ എന്നെ കടന്നു അങ്ങോട്ടേക്കും ഇങ്ങോട്ടേക്കും പൊയ്ക്കൊണ്ടിരുന്നു.  പാളി നോക്കുന്ന എന്നെ അവർ കണ്ടില്ലെന്നു നടിച്ചതോ അതോ ശരിക്കും കാണാത്തതോ? ആവോ അറിയില്ല.  ബോറടിച്ചപ്പോൾ ഫേസ്ബുക്കു തുറന്നു. എല്ലാവരും കേരളാ പോലീസിനെ വാനോളം പുകഴ്ത്തി പോസ്റ്റിട്ടിട്ടുണ്ട്.  ആദ്യം കേസ് ഒതുക്കാൻ നോക്കിയത് ഇതേ പോലീസ് തന്നെയാണെന്ന് പോസ്റ്റിട്ടത് ആരായിരുന്നു? ഇലക്ഷൻ വന്നതു കൊണ്ടാണ് ഈ കേസ് ഉഷാറായത് എന്നു പറഞ്ഞതാരായിരുന്നു? ഒരു രാഷ്ട്രീയ ''പ്രമുഖന്റെ " മുഖത്തിന്റെ ഛായ നോക്കിയവരൊക്കെ നിരാശരായി പോസ്റ്റിറക്കിയിട്ടുണ്ട്.  കഥയുടെ പര്യവസാനം  സുഖമാവാത്തതിനാലാവണം.  പോലീസിനു നന്ദി പറഞ്ഞ ഒരു വാൾപേപ്പർ പ്രൊഫൈൽ ഫോട്ടോ ആക്കി ഞാനും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.  ചാമിക്കു കൂട്ടായി അമീറും എന്നൊരു കമന്റ് ഒരു ഫെമിനിസ്റ്റ് NRI ആന്റി കൊണ്ട് ഒട്ടിച്ചപ്പോൾ ദേഷ്യം തോന്നിയെങ്കിലും അത് ഒതുക്കി എന്നെ പോലുള്ള സാധാരണക്കാർക്ക് ഈ കണ്ടെത്തൽ ആശ്വാസം തരുന്നു എന്നു മറുപടി നൽകി ഫേസ് ബുക് അടച്ചു.

നീണ്ട കൃഷിയടങ്ങൾക്കിടയിൽ തണലിനായി നട്ടു വെച്ചിരിക്കുന്ന പടർന്നു പന്തലിച്ച വേപ്പുമരങ്ങൾ, ഗുൽമോഹർ പൂത്തു നിൽക്കുന്ന കുറ്റിക്കാടുകൾ, മയിൽപേടകൾ ഇവയെല്ലാം കടന്ന് തീവണ്ടി പായുകയാണ്. പെട്ടെന്ന് വാട്സപ്പിൽ മെസേജ് വന്നു.  ഗ്രൂപ്പിലാണ്.  ഇന്നലെ കണ്ട സ്കാൻഡൽ വീഡിയോയിലെ ചരക്ക് ആത്മഹത്യ ചെയ്തത്രേ.  അഡ്മിൻ ആണ്.  അവളുടെ കെട്ടിയോന്റെ കൂടെ ''തകർക്കുന്ന'' വീഡിയോ ലീക്ക് ആയതിന് എന്തിനാണ് ആത്മഹത്യ? എന്നു റിപ്ലെ ചെയ്തു.  ഗ്രൂപ്പിലെ ഒരു കൊഞ്ജാണൻ രോഷം കൊള്ളുന്നുണ്ട്.  പോർണ് ഉള്ളപ്പോൾ വല്ലവന്റേയും ബെഡ് റൂമിൽ ഒളിഞ്ഞു നോക്കി സ്വയംഭോഗം ചെയ്യുന്നതിലെ വൃത്തികേട് ഘോര ഘോരം പ്രസംഗിക്കുന്നുണ്ട്  ആ മക്കുണൻ.  നിർത്തടാ കോപ്പേ,  ആക്ടിംഗ് കാണാൻ ഞങ്ങൾക്കു മനസില്ല.  നീ വേണേൽ കണ്ടോ. എന്നു റിപ്ലെ കൊടുത്തു. മറ്റുള്ളവരും കണക്കിനു താങ്ങി.  അവൻ ഗ്രൂപ്പ് വിട്ടുപോയി. ദേഷ്യം അടക്കാൻ വീണ്ടും വഴിയോര കാഴ്ചകളിലേക്ക് മിഴി പായിച്ചു.  ചിന്തകൾ വീണ്ടും ആ വീഡിയോയിലേക്കു പോയി.  തന്റേടമില്ലാത്ത പെണ്ണുങ്ങൾ.  കഷ്ടം തന്നെ.

മനസിൽ ഒരു കവിത ഉണർന്നു.  "ആത്മഹത്യ ചെയ്ത സഹോദരിക്ക് ആദരാഞ്ജലികൾ" എന്ന തലക്കെട്ടോടെ ഫേസ് ബുക്കിൽ പോസ്റ്റു ചെയ്ത് ലൈക്കുകൾക്കായി കാത്തിരുന്നപ്പോൾ ട്രെയിൻ വില്ലുപുരം സ്റ്റേഷനിൽ എത്തിചേർന്നിരുന്നു.

2016, മേയ് 12, വ്യാഴാഴ്‌ച

ഉടനുടൻ ലഭിക്കുന്ന നീതികൾ

ചാമിയെ പോലെ ലക്ഷണമൊത്ത
ഒരു പാണ്ടിയെ അന്വേഷിച്ചു..
കണ്ടെത്തിയില്ല ....

മലയാളികൾ  മാന്യമഹാജനങ്ങൾ...
മറ്റു സംസ്ഥാനക്കാരനെ തപ്പി;
കിട്ടിയില്ല

എല്ലാ പ്രായപൂർത്തിയായ
 പുരുഷന്റെയും
 വിരലടയാള ശേഖരണ മഹാമഹം
നടത്തി
കണ്ടെത്തിയില്ല...

പ്രായം പൂർത്തിയാകുന്നത് എങ്ങനെ
എന്നൊരു ഒന്നൊന്നര ചോദ്യം
തൊണ്ടയിൽ കുടുങ്ങി
ശ്വാസം മുട്ടിക്കുന്നുണ്ട്...

അമ്മയും ചേച്ചിയും പിഴയാണെന്നു
പറഞ്ഞപ്പോഴാണ് നീതി തേടിയ
 സദാചാരമൂല്യങ്ങൾ ഉള്ളവർ
പിന്മാറിയത്....

അപ്പോഴാണ്   ഒളിക്യാമറയിൽ
ഒരു പരോപകാരി കുടുങ്ങിയത്
കീബോർഡ് വിപ്ലവ കാരികൾ
അദ്ദേഹത്തിന്റെ ചൂഷണങ്ങളെ
 ഓർത്ത് അമ്പരന്നിരുന്നപ്പോൾ...

അപ്പോഴാണ്...
കേരളമെന്ന സൊമാലിയയിലേക്ക്
ഒരു വഴികാട്ടി കടന്നു വന്നത്....

അതോടെ ജിഷയ്ക്കും കിട്ടി
" നീതി"

2016, മേയ് 7, ശനിയാഴ്‌ച

വർണ്ണങ്ങൾ വിവേചിക്കുമ്പോൾ

 വർണ്ണം നോക്കി വേർതിരിച്ചെടുത്ത
വാർത്തകൾ പൊടിപ്പും തൊങ്ങലും
ചേർത്ത് രുചിയോടെ  രാവിലെ വിളമ്പുമ്പോൾ വെളളം തൊടാതെ
വിഴുങ്ങുന്ന ഊളകൾ നിറഞ്ഞ
സുന്ദര സാക്ഷര കേരളം

സൂര്യനെല്ലി ഒരു സ്ഥലമല്ലാതായതും
പീഡനത്തിൽ ഗുരുവായത്
  സ്വന്തം നേതാവെന്നും  
ലിസ്റ്റിൽ പേരു വരുമോ 
എന്നോർത്തു നിദ്രാഹീനരായതു
സ്വന്തം നേതൃ നിരയെന്നും മറന്നു
വലതു കൈ ഇടതു വശത്തേക്കു
ചൂണ്ടുമ്പോൾ

കിളിരൂരും കവിയൂരും സ്ഥലങ്ങൾ
മാത്രമാണെന്ന പോൽ മറവി രോഗി
നീണ്ടു വന്ന വലതുകൈ  അരിവാളിൽ
അരിഞ്ഞെടുക്കുന്നു....

ഈ സമയം ജീൻസ് അഴിച്ച് സംസ്ക്കാരം
ഉടുപ്പിക്കുകയായിരുന്നു
മറ്റു ചില വഴികാട്ടികൾ...

ജിഷ ഒരു ദളിതയാണ്
ദളിതയാണ്
ദളിതയാണ്
തിരഞ്ഞെടുപ്പാണ്
പെരുമ്പാവൂരാണ്
 ഇപ്പോഴെല്ലാരുമുണ്ട്
തമ്മിൽ തമ്മിൽ  വിരൽ ചൂണ്ടുന്നുണ്ട്
ആക്രോശിക്കുന്നുണ്ട്...

കേരളത്തിൽ ഇനിയും സ്ഥലങ്ങൾ ഉണ്ട്
ദളിതരുണ്ട്
പെൺകുട്ടികളുണ്ട്...
 സുരക്ഷിതത്വം ????

2016, മേയ് 5, വ്യാഴാഴ്‌ച

കാമുകൻ


കാമുകൻ എന്നാൽ ചിലപ്പോഴൊക്കെ
കാമം മൂത്തവൻ എന്നർത്ഥം..
 മറ്റു ചില നേരങ്ങളിൽ "പിമ്പ്"

 വരും തലമുറകൾ "ക്ലിപ്പുകൾ"
തേടി അലയുന്ന സൈബർ യുഗത്തിൽ
കാമുകൻ സ്വന്തം പ്രണയത്തിന്റെ
കമ്പി തിരക്കഥാകൃത്തുമാണ്.
കുറഞ്ഞ പക്ഷം സുഹൃത്തുക്കൾക്കിടക്കെങ്കിലും....

കാമുകൻ ചിലപ്പോൾ രക്ഷകനാണ്...
സദാചാരത്തിന്റെ കാവൽ ഭടൻ
മറ്റു ചിലകാമുകന്മാർ പ്രണയിനിയുടെ
മുഴുപ്പുകൾ ഒളിക്യാമറയിൽ വിദഗ്ദ്ധമായി പകർത്തുന്ന കഴിവുറ്റ
കലാകാരന്മാരുമാണ്....

ഇനിയും  ചിലർ  സൗഹൃദ സദസ്സുകളിൽ
സ്പീക്കർ ഫോണിൽ കാമുകിയൊത്ത്
ലൈംഗികസംഭാഷണത്തിൽ രസിക്കുന്ന
 ദരിദ്രവാസികളുമാകുന്നു: ...

രമണനും ദേവദാസും അറിയപ്പെടാത്ത മറ്റു പലരും  പൊറുക്കട്ടെ!

2016, മേയ് 3, ചൊവ്വാഴ്ച

ആണത്തം - ഒരു തല തിരിഞ്ഞ അവലോകനം

കഴിഞ്ഞ കുറെ ദിവസങ്ങളായി ഒരു സംശയം. ലോകത്തു മറ്റു പല നാടുകളിലും ഉളള പുരുഷൻമാർക്കാർക്കും ഇല്ലാത്ത എന്തെങ്കിലും അഡീഷനൽ  ഐറ്റം മലയാളി /ഇന്ത്യൻ പുരുഷന് ഉണ്ടോ? എന്റെ അടുത്ത സുഹൃത്തിനോടും ഭർത്താവിനോടും തിരക്കി. രണ്ടു പേരുടേയും അഭിപ്രായം ഉണ്ടെന്നായിരുന്നു. പുരുഷത്വം എന്നാണത്രേ  അതിന്റെ പേര്‌.."പാരമ്പര്യമായി" കാത്തു സൂക്ഷിച്ചു ഒരു പോറലു പോലുമേൽക്കാതെ ആണത്രേ ഈ ആണത്വം alias പുരുഷത്വം അവർ സൂക്ഷിക്കുന്നത്. ചില സന്ദർഭങ്ങളിൽ, പ്രത്യേകിച്ച് സ്ത്രീകൾ "വൃത്തികേടായി" വസ്ത്രം ധരിച്ചു നിരത്തിലിറങ്ങുന്ന സന്ദർഭങ്ങൾ,  "വ്യക്തമായ അഭിപ്രായങ്ങൾ" പറയുന്ന അവസരങ്ങൾ അങ്ങനെ അങ്ങനെ പല അവസരങ്ങളിലും അത് "മുറിവേൽക്ക"പ്പെടുമത്രേ. അപ്പോൾ എന്തു ചെയ്യും? അതിനുത്തരവാദികളാവുന്ന വരെ ആക്രമിക്കും.വാക്കാലോ അല്ലെങ്കിൽ പ്രവൃത്തിയാലോ ആകാം പ്രസ്തുത ആക്രമണം.   ഇപ്രകാരം മുറിവേൽക്കപ്പെടാത്ത ആണുങ്ങൾ മേൽ  പറഞ്ഞ ഐറ്റം ഇല്ലാത്തവരായി കണക്കാക്കപ്പെടുമത്രേ. ഇതാണ് ഇന്നത്തെ സമ്പൂർണ്ണ സാക്ഷര സമൂഹത്തിലേയും "നാട്ടുനടപ്പ്".

 കേരളത്തിൽ "എവിടെയൊക്കെയോ" "എന്തൊക്കെയോ" "പ്രകോപനങ്ങളാൽ" സം ഭവിക്കുന്ന ബലാൽസംഗമോ പീഡനമോ ആണത്തവുമായി ബന്ധമുളളതാണെന്ന് ആണ് ഞാൻ പറയാൻ വരുന്നതെന്ന് വായനക്കാരെ നിങ്ങൾ തെറ്റിദ്ധരിക്കരുത്. അതൊക്കെ കാമഭ്രാന്തൻമാർ ചെയ്തു കൂട്ടുന്നതാണ്.  കാമം മൂത്തു  ഭ്രാന്താവുമ്പോൾ എന്തിനാണ് പക തീർക്കുന്നതു പോലെ  ഒരു ശരീരം കുത്തി  കീറുന്നതെന്ന ചോദ്യം ന്യായമെങ്കിലും "നാട്ടുനടപ്പ്" അനുസരിച്ച് അപ്രസക്തമാണ്. എല്ലാ സമൂഹത്തിലും കുറ്റവാളികൾ ഉണ്ടല്ലോ അതു വച്ച് ഒരു "മഹത്തായ പാരമ്പര്യത്തെയും സംസ്ക്കാരത്തെയും" തെറി വിളിക്കാൻ ഇറങ്ങരുത്. കുറ്റവാളികൾ കൂടുന്നത് സമൂഹത്തിന്റെ  കുറ്റമല്ല.  നിയമത്തിന്റെ പിടിപ്പുകേടാണ്. ഞങ്ങൾ മുഖപുസ്തകം വഴി  നീതി മേടിച്ചു കൊടുക്കും.  പണ്ടു ഞങ്ങൾ മെഴുകുതിരി കത്തിച്ചു മേടിച്ചു കൊടുത്ത അതേ നീതി തന്നെ. അതു കിട്ടുന്നവരെ  ഞങ്ങൾ പോസ്റ്റിടും. മരണം വരെയും സമരം ചെയ്യും.  അതാണ് ശീലം.....

2016, മേയ് 2, തിങ്കളാഴ്‌ച

ഇന്നില്ലാത്തവന്റെ നാളെ

എന്റെ ഒറ്റ വീട്ടിൽ
അമ്മയുടെ പുലമ്പലുകൾ
അച്ഛന്റെ നിഴൽ പതിയാത്ത
ഒറ്റമുറിയുടെ ചുമരുകൾ...

 ഒറ്റപ്പെട്ടതോ അതോ
 നിറം നോക്കി ഒതുക്കിയതോ?
ആവോ, ഓർക്കുന്നില്ല..

പ്രാരാബ്ധച്ചുമടു താങ്ങി തളർന്ന
 തലയിൽ ഇനിയും
 തെളിയാത്ത ചില വരകൾ...
കാമഭ്രാന്തിന്റെ ഇരുമ്പുദണ്ഡുകൾ
 വികൃതമാക്കിയ സ്വപ്നങ്ങൾ
ഞാൻ സൗമ്യയല്ല... ജിഷയാണ്...

കഞ്ചാവുo  വിഭ്രാന്തിയും
കൈകോർത്ത മറ്റു ചില വഴിയോരങ്ങൾ
ഒരു പിഞ്ചുകഴുത്തിലെ   പതിനേഴു
കത്തികുത്തുകൾ....

തെരഞ്ഞെടുപ്പാണ്...
വോട്ടു ചെയ്യാൻ മറക്കരുത്...
നല്ല നാളെ...
നീളെ നീളെ .....

2016, ഏപ്രിൽ 30, ശനിയാഴ്‌ച

കളളിക്കുയിൽ

വീണ്ടുമൊരു  മാമ്പഴക്കാലത്തിൽ...
 അതിരുകൾ കനത്തെങ്കിലും,
പണ്ടെന്നോ  സ്നേഹനൂലിൽ കൊരുത്തിട്ട
രണ്ടു വിരുദ്ധ ദേശക്കാരായ കിളികൾ
ഗതകാലത്തിലേക്ക് ഒരു യാത്ര പോകുന്നു..
കടം വാങ്ങിയ ചിറകിലേറി....

 പണ്ട് കാക്കകൾ കൊത്തിയോടിച്ച കുയിലാണ് ഒന്ന്...
മറ്റൊന്ന് ഒരു  തത്തയും...

ചിതറിയ ഓർമ്മകൾ
 ആളൊഴിഞ്ഞ നടവഴികൾ...
 തിരികെ വരാത്ത വസന്തങ്ങൾ ....
നടന്ന ദൂരത്തിലേക്ക് മന്ദഹാസത്തോടെ തിരിഞ്ഞു നോക്കി
ഇന്നിനെ ആസ്വദിക്കുന്ന രണ്ടുകിളികൾ
മാമ്പഴം പൊഴിഞ്ഞ  ഗതകാല പ്രൗഡിയുടെ  ശവകുടീരങ്ങൾ താണ്ടി
അവർ പറക്കുന്നു..
എരിയുന്ന ഒരു പകലിൽ..

 ജീവിതത്തിലെ നിഷേധിക്കപ്പെട്ട ഒരു വസന്തം  ആരിൽ നിന്നൊക്കെയോ തട്ടിപ്പറിച്ച  വിജയിയുടെ  ചിരി
കള്ളിക്കുയിൽ ഒളിച്ചുവെയ്ക്കുന്നു...

യാത്രക്കൊടുക്കം....
പണ്ടെന്നോ  ക്ഷാമകാലത്ത് കാക്ക കുഞ്ഞുങ്ങൾക്കൊപ്പം,
കുയിലെന്നറിയാതെ; പകുത്തു കിട്ടിയ ബലിച്ചോറിന്റെ, കേട്ടു മടുത്ത കണക്കിൽ
തലയുടക്കി...
 കാക്കക്കൂട്ടിൽ നിന്നും വീണ്ടും കുയിൽ പുറത്താക്കപ്പെടുന്നു...
ഒടുക്കത്തെ വസന്തത്തിന്റെ കൂജനത്തെ  തൊണ്ടക്കുഴിയിൽ കുരുക്കിയിട്ട് പറന്നു പോവുന്നു...

അല്ലെങ്കിൽ ഏതു കാക്കയാണ് ഇന്ന് വരെ കുയിലിനെ കണ്ടത്?

2016, മാർച്ച് 22, ചൊവ്വാഴ്ച

പലനിറങ്ങൾപെയ്തിറങ്ങുന്ന കണ്ണീരിന്റെ ശവക്കല്ലറകളിൽ
നമുക്കിനിയും പൂക്കൾ വിതറണം
ചുവപ്പ്, പച്ച, ഓറഞ്ച്, വെള്ള, മഞ്ഞ പൂക്കൾ
എന്നിട്ടവയെ നമുക്ക് വേലി കേട്ടിതിരിക്കണം
ഒരു സ്മാരകം പണിയണം....

ഇന്നലെ ചത്തവൻ, എന്റെനാട്ടുകാരൻ
എന്റെ ജാതിക്കാരൻ, എന്റെ മതക്കാരൻ
പണ്ട്   പട്ടിണിയായപ്പോൾ ഞാനാണ്‌
അവനു മാടിന് കൊടുക്കാൻ കരുതിയ
കഞ്ഞിവെള്ളം കൊടുത്തത്...

മരത്തിൽ തൂങ്ങിയവനെ പച്ച പുതപ്പിച്ചപ്പോൾ
കാറിത്തുപ്പിയ ഭ്രാന്തൻ
ഒരു "ഉക്തൻ" തന്നെയായിരുന്നിരിക്കണം
അല്ലെങ്കിൽ ഒരു കാവികളസം.. അതുമല്ലെങ്കിൽ
വടക്കേമലയിലെ പട്ടിണി കാണാത്തോരച്ചായൻ

സിറിയ, ഇറാഖ്, ലിബിയ, നൈജീരിയ, യെമൻ
ഇതൊക്കെ ഇവിടെ പറയാൻ?
എന്റെ രാഷ്ട്രീയം മനുഷ്യത്വമാണ്‌
ന്യൂനപക്ഷം ഭൂരിപക്ഷം എന്നൊക്കെ പുലമ്പുന്നത്
വിവരക്കേടാണ്... നിന്ദ എന്നും നിന്ദയാണ്
വ്രണപെട്ടതെല്ലാം എന്നും വ്രണമായതും

നൂജുദുമാരും, ഫർഖുണ്ടമാരും,
നരോടയിലെ മുസ്ലിം പെണ്ണുങ്ങളും
വത്തിക്കാനിലെ കുട്ടികളും നിറഞ്ഞ
പറുദീസയാണ് ഈ ഭൂമി എന്നതിൽ
നിനക്കോ എനിക്കോ സംശയമില്ലെങ്കിലും
നമ്മൾ നിറങ്ങളിൽ മുങ്ങുന്നത്
നിലനില്പ്പിനാണെന്ന് ആരോ
അടക്കം പറയുന്നുണ്ടാവാം2016, മാർച്ച് 17, വ്യാഴാഴ്‌ച

ജൽപനങ്ങൾഅഴുകി വീർത്തു കനം തൂങ്ങിയ എന്തോ ഒന്ന്...
അതിനെ ചുമക്കാനായി  മാത്രം
വെളിച്ചത്തിൻറെലോകത്ത് നിന്ന്
ഇരുളിലേക്ക് ഒരു യാത്ര....

വധശിക്ഷ അപ്പീല് പോയി
ജീവപര്യന്തം ആക്കിയെടുത്തിട്ടും
തൃപ്തി വരാതെ വീണ്ടും അപ്പീലിന് പോയി
ശിക്ഷ ഇളവു ചെയ്തു വാങ്ങിയവന്റെ, കാലാവധി
ഓർത്തുള്ള വേവലാതി പോലെ തന്നെയാണിത്

നിൻറെ നെഞ്ചിലെ രോമകൂടിൽ ഒളിക്കുമ്പോൾ
മാത്രമാണ്; പുഴുവരിച്ച ഒരു ശവക്കല്ലറ ഞാൻ
ബോധപൂർവ്വം  മറക്കാൻ ശ്രമിക്കുക...
ഉറക്കമറിയാത്ത ആയിരത്തോളം രാവുകൾ
ബോധമില്ലാതെ ഉറങ്ങി തീർക്കുക...

ഉടലിനെ കൊത്തി വലിക്കുന്ന കഴുകന്മാരും
ഏട്ടിൽ കെട്ടിയിട്ട പശുക്കളും പഴകി ജീർണിച്ച
വിശ്വാസപ്രമാണങ്ങളും എന്നെ കാത്തിരിക്കുമ്പോൾ
അക്ഷമയിൽ, അസഹിഷ്ണുതയിൽ, അസംത്രിപ്തിയിൽ
എൻറെ നിമിഷങ്ങൾ യുഗങ്ങൾ തന്നെയാവുന്നത്‌
ഇനി ഞാൻ എങ്ങനെയാണ്???????? 

2016, ഫെബ്രുവരി 26, വെള്ളിയാഴ്‌ച

എന്റെ നായ്ക്കുട്ടികൾഎന്റെ വീട്ടിലൊരു അൽസേഷ്യൻ നായയുണ്ട് 
ഞാനതിനെ കൂട്ടിലിട്ടാണ് വളർത്തുന്നത് 
വീട്ടിൽ ആരെങ്കിലും വന്നാൽ ഒന്നുകിൽ 
കുരയ്ക്കുകയോ  അല്ലെങ്കിൽ വാലാട്ടുകയോ 
ചെയ്യുന്ന ഒരു പാവം നായ 

യജമാനസ്നേഹം ഉണ്ടെന്നു തോന്നിപ്പിക്കുമെങ്കിലും 
തക്കം  കിട്ടുമ്പോൾ എന്നെ നോവിക്കുന്നതിനാൽ 
എൻറെ വ്രണപ്പെടുന്ന ഞാനെന്ന ഭാവം 
അവനെ അടിച്ചു തളർത്താറാണ് പതിവ് 

എങ്കിലും... 
എന്റെ അധീനതയിൽ ആയതിനാൽ 
അവന്റെ പൂർണഉത്തരവാദിത്വം ഞാൻ 
ഏറ്റെടുത്ത് അവനെ ഒരു കുറവും 
വരാത്തവിധത്തിൽ ലാളിച്ചു വളർത്തുകയാണ് 

ഞാൻ പുതിയതായി വാങ്ങിയ പൊമറേനിയൻ 
എൻറെ പഴയ അല്സേഷ്യന്റെ ശിക്ഷണത്തിൽ 
ആണ്; എല്ലാ ചൂരും അൽസേഷ്യൻ പോമറേനിയനോട് 
തീർക്കാറുണ്ട്... പാവം പോമെറേനിയൻ.....
എങ്കിലും എല്ലാവരും സന്തോഷവാന്മാരാണ് 

നല്ല ഭക്ഷണം, സുഖസൗകര്യങ്ങൾ ഇതെല്ലാം 
ഉള്ളപ്പോൾ ബന്ധനം ബന്ധനം ആകുന്നതെങ്ങനെ?2016, ഫെബ്രുവരി 22, തിങ്കളാഴ്‌ച

ഷോവനിസ്റ്റിനൊരു തുറന്ന കത്ത്എത്രയും സ്നേഹം നിറഞ്ഞ അച്ചായൻ അറിയുന്നതിന്,

  നിങ്ങൾ ഓർക്കുന്നുണ്ടാവും, കൂടെ താമസിച്ചു കൊണ്ട് എന്തിനാണ് ഇങ്ങനെ ഒരു കത്ത് ഞാൻ അയക്കുന്നതെന്ന്.  അത് മറ്റൊന്നും കൊണ്ടല്ല. പേടി കൊണ്ടാണ്.  ഇതു നിങ്ങൾ വായിച്ചു തീരുമ്പോൾ എന്നെ കൊല്ലാനുള്ള വെറിയോടെ പാഞ്ഞു വരുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്.  എന്നാൽ നിങ്ങൾ ഇതു വായിച്ചു തീരുമ്പോളെക്കും എന്റെ ഫ്ലൈറ്റ് പുറപ്പെട്ടിട്ടുണ്ടാവും.  ഇനിയും നിങ്ങളുടെ കാൽച്ചുവട്ടിൽ കിടന്നു ചവിട്ടും തൊഴിയും വാക്കാലും പ്രവൃത്തിയാലും കൊള്ളാൻ ഞാൻ ഒരുക്കമല്ല.  ഇതു സ്ത്രീ വിമോചനം ആണെന്നോ, ഞാൻ അവൻറെ കൂടെ ഓടിയതാണ് എന്നോ ഒക്കെ നിങ്ങളുടെ ഇമേജ് നിലനിർത്താൻ നിങ്ങൾക്ക് പറയാം. ആളുകൾ സഹതാപപൂർണമായ കണ്ണുകളോടെ നിങ്ങളെ ആശ്വസിപ്പിക്കാൻ എത്തുകയും, കഴപ്പ് മൂത്ത് ഓടി പോയ എന്നെ വെറുപ്പോടെ നോക്കുകയും ചെയ്യുമെന്ന് എനിക്കറിയാം.  പക്ഷെ  ഞാൻ ആരുടെ കൂടെയും ഒളിച്ചോടി പോകുകയല്ല.  ഈ നാല്പതാം വയസ്സിൽ എനിക്ക് കാമം തീർക്കാൻ താല്പര്യമില്ല.  നിങ്ങൾ ഇരുപതു വർഷമായി ആഴ്ച്ചയിൽ അഞ്ചും ആറും തവണ ഉപയോഗിച്ച് കളഞ്ഞ എൻറെ ശരീരം ഇനി കാമം ആഘോഷിക്കാൻ പ്രാപ്തമാണെന്ന് എനിക്ക് തോന്നുന്നില്ല.  സിറിയയിലെ അടിമയായ യസീദിപെണ്ണിന്റെ മനസാണ് ഇപ്പോൾ എനിക്ക്.  

എന്നാൽ നിങ്ങൾക്ക് വിഷമം തോന്നാനിടയുള്ള ഒരു കാര്യം പറയാം.

 ഇരുപതു വർഷങ്ങൾക്കു മുൻപ്, എട്ടും പൊട്ടും തിരിയാത്ത ഒരു പൊട്ടി പെണ്ണായിരുന്ന  ഞാൻ നിങ്ങളുടെ പ്രണയത്തിൽ മൂക്കും കുത്തി വീണതും അത് വിവാഹത്തിൽ എത്തിയതും വിവാഹദിവസം രാത്രി മുതൽ ഞാൻ നിങ്ങളുടെ അടിമ ആയി മാറിയതും അന്ന് മുതൽ ഇന്നു വരെ നിങ്ങൾക്കിഷ്ടമുള്ളത് മാത്രം ചെയ്തും, നിങ്ങൾക്കിഷ്ടമുള്ള വസ്ത്രം മാത്രം അണിഞ്ഞും, നിങ്ങള്ക്കിഷ്ടമുള്ളവരോട് മാത്രം സംസാരിച്ചും,  നിങ്ങൾക്ക് ഇഷ്ടമുള്ളപ്പോൾ, അത് രാവായാലും പകലായാലും, ശരീരത്തിന് സുഖമില്ലാത്തപ്പോൾ ആയാൽ പോലും വഴങ്ങി തന്നും നമ്മൾ മറ്റുള്ളവർക്ക് മുൻപിൽ നല്ല ഭാര്യയും ഭർത്താവും കളിച്ചതും , എൻറെ ഭാഗ്യവും ജീവിതവും ദൈവനുഗ്രഹമാണെന്ന് എന്റെ വീട്ടുകാരും നാട്ടുകാരും കൂട്ടക്കാരും കുടുംബക്കാരും ആവർത്തിച്ചു പറഞ്ഞതും, നിങ്ങളുടെ വിജയം നമ്മുടെ കുടുംബത്തിന്റെ കെട്ടുറപ്പാണെന്നും അത് എന്നിലാണ് നിങ്ങൾ സമർപ്പിച്ചിരിക്കുന്നതെന്നും  നിങ്ങൾ വീമ്പിളക്കാറുള്ളതും ഇപ്പോൾ തകർന്നു തരിപ്പണമാവും.  പക്ഷെ, നിങ്ങൾ ഭയക്കേണ്ടതില്ല.  അവിടെയും നിങ്ങൾക്കെന്നിൽ പഴിചാരി ജെന്റിൽമാൻ ആവാം.  കാരണം ഞാനാണല്ലോ നിങ്ങളെ ഉപേക്ഷിക്കുന്നത്.  നിങ്ങൾ എന്നിൽ അടിച്ചേൽപ്പിച്ച കുടുംബത്തിന്റെ കെട്ടുറപ്പും  നിങ്ങളുടെ വിശ്വാസവും   ഞാനാണല്ലോ തകർത്തെറിഞ്ഞത്.  അതിനാൽ ഇവിടെയും നിങ്ങൾക്കൊപ്പമാവും എല്ലാവരും.  

ദയവു ചെയ്തു അവനെ ഇതിലേക്ക് വലിച്ചിഴക്കരുത്.   അവൻറെ ജീവിതത്തിൽ ഒരു സ്ഥാനവും ഞാൻ ആഗ്രഹിക്കുന്നില്ല.  ആത്മഹത്യ ചെയ്യാതിരിക്കാൻ, ഞാൻ ഒരു പെണ്ണാണ്, ശരീരമല്ല എന്ന് ഉറപ്പിക്കാൻ പറ്റിയത് അവനെ ഞാൻ പ്രണയിച്ചു തുടങ്ങിയപ്പോളാണ്.  അവൻറെ പ്രണയത്തിൽ നിന്ന്  ആണ് ഞാൻ ജീവിതം സുന്ദരമാണെന്നു ചിന്തിച്ചു തുടങ്ങിയത്.  നിങ്ങൾ പറയാൻ തുടങ്ങുന്നത് ഞാനും നിന്നെ പ്രണയിച്ചിരുന്നു എന്നല്ലേ?  ഇല്ല... നിങ്ങൾക്കറിയില്ല പ്രണയം എന്തെന്ന്.  നിങ്ങൾ പ്രണയിച്ചത് എൻറെ സ്വത്തിനെ, എൻറെ സൗന്ദര്യത്തെ, എന്റെ കുടുംബമഹിമയെ.  എൻറെ ആത്മാവിനെ നിങ്ങൾ സ്പർശിച്ചിട്ടെ ഇല്ല.  

നമ്മുടെ മക്കൾ എന്നോട് ക്ഷമിക്കുമെന്ന് ഞാൻ കരുതുന്നു. കാരണം അവരും മുതിർന്ന ചിന്താശേഷിയുള്ള യുവാക്കളാണ്.  നിങ്ങൾ അംഗീകരിചില്ലെങ്കിലും.... ഞാൻ പോയാൽ അവരുടെ ജീവിതത്തിന്റെ താളം തെറ്റും എന്നത് കൊണ്ട് മാത്രമാണ് ഞാൻ ഇത്ര കാലം സഹിച്ചത്.  പക്ഷെ ഇനിയും നിന്നാൽ എന്നെ തന്നെ ഞാൻ വെറുക്കാൻ തുടങ്ങും.  

ഒരു അപേക്ഷ ഉണ്ട് .  നിങ്ങൾ വേറെ വിവാഹം കഴിക്കുകയാണെങ്കിൽ അവളോടെങ്കിലും പാർകിൽ കണ്ട "ബിച്ചി"ന്റെയും ബീച്ചിൽ കണ്ട "ബിച്ചി"ന്റെയും മൂടും മുലയും വർണിച്ചു, അവളുടെതുമായി  താരതമ്യം ചെയ്യരുത്. എല്ലാവരും എന്നെ പോലെ കേട്ട് നിന്നെന്നു വരില്ല.

ബി പിയുടെ ഗുളിക മറക്കണ്ട.

വീണ്ടും കാണില്ലെന്ന പ്രതീക്ഷയോടെ 

നിങ്ങളുടെ സ്വന്തമല്ലാത്ത 

സൂസി  
2016, ഫെബ്രുവരി 17, ബുധനാഴ്‌ച

നിരീശ്വരവാദം- എന്റെ കാഴ്ചപ്പാടിൽനിരീശ്വരവാദം അഥവ ദൈവമില്ലെന്ന വാദം ഒരു വിശ്വാസം അല്ല.  അതൊരു മാനസികനിലയാണ്. യുക്തി പൂർവ്വം ചിന്തിക്കാനും  ചോദ്യം ചെയ്യാനുമുള്ള മനസിന്റെ ധൈര്യം തന്നെയാണത്.  വർഷങ്ങളായി "നിലനില്പ്പിനും" "നിലനിർത്താനും" വേണ്ടി മാത്രം എഴുതിയൊരുക്കിയ തിരക്കഥകളുടെ ഗവേഷണഫലമായി ഉരുത്തിരിഞ്ഞ ഒരു മാനസികനിലയാണ് അത്.  മനുഷ്യൻ എന്നത് ഈ ഭൂമിയിലെ പല ജീവികളിൽ ഒന്ന് മാത്രമാണ്.  ചിന്തനശേഷി കൊണ്ടും കായികബലം കൊണ്ടും ആദിമമനുഷ്യനിൽ നിന്ന് പുരോഗതി നേടി ഇവിടെ വരെ എത്തിയിട്ടും നമ്മൾ അതിന്ദ്രിയശക്തികളിൽ അന്ന് മുതൽ ഉണ്ടായിരുന്ന വിശ്വാസം മാറ്റാൻ തയ്യാറാകാത്തത് മറ്റു ജീവികളിൽ നിന്ന് എന്ത് കൊണ്ട് നമ്മൾ വേറിട്ട്‌ നില്ക്കുന്നുവോ അതേ കാരണം കൊണ്ട് തന്നെയാണ്.  അതായത്, അവർക്ക് അറിവോ ചിന്തയോ ഭയമോ അത്യാഗ്രഹമോ ഒന്നുമില്ല.  ഈ പറഞ്ഞ എല്ലാ പ്രത്യേകതകൾ കൊണ്ടും അസ്ഥിരമായ ജീവനിൽ ഇനി എന്ത് എന്നുള്ള ഭയം കൊണ്ടും  മനസ്സ് കണ്ടെത്തിയ ഒരു ആശ്വാസം തന്നെയാണ് ദൈവം എന്ന വിശ്വാസം.  

പ്രഭുവിന്റെ മക്കൾ സിനിമയിൽ ജിജോയുടെ കഥാപാത്രം  പറയുന്നത് പോലെ, "തെളിവില്ല എന്നത് തന്നെയാണ് ഇല്ല എന്നതിന്റെ തെളിവ്".  അങ്ങിനെ പറയുമ്പോൾ നിന്റെ അപ്പൻ നിന്റെ സ്വന്തം അപ്പൻ തന്നെയാണെന്നത് നിന്റെ വിശ്വാസം മാത്രമല്ലേ എന്ന് ചോദിക്കുന്നവരോടുള്ള മറുപടി ഇത്ര മാത്രം.   പിതൃത്വം  തെളിയിക്കാൻ എനിക്ക് ശാസ്ത്രം ഒരുപാടു വഴികൾ തന്നിട്ടുണ്ട്.  എന്റെ മതം എനിക്ക് ഒന്നും ഇതു വരെ തെളിയിച്ചു തന്നിട്ടില്ല, തരാനുള്ള വഴികളും ഇല്ല.  ചോദ്യം ചെയ്താൽ ഭയപ്പെടുത്തും.   ശാസ്ത്രത്തിനെ പരിഹസിച്ചു മതത്തെ പുകഴ്ത്തുന്നവർ, വെളിച്ചവും, വചനവും, അവിടുന്ന് ആദിമനുഷ്യനും മാജിക്‌ പോലെ ഉണ്ടായെന്നു വിശ്വസിക്കുന്നവർ, ലാപ്ടോപും, മൊബൈൽ ഫോണും ഇല്ലാതെ ജീവിക്കാൻ പറ്റാത്ത നിലയിൽ എത്തിയത് മേല്പറഞ്ഞ മാജിക്‌ കൊണ്ടാണെന്ന് കൂടെ "വിശ്വസിക്കുന്നത്" നന്നായിരിക്കും. 

മതങ്ങൾ പഠിപ്പിച്ച മൊറാലിറ്റികൾ പറഞ്ഞു തുടങ്ങിയാൽ അതിലും തമാശ തന്നെയാണ്.  മതമില്ലെങ്കിൽ മാനുഷികമൂല്യം ഇല്ലെന്നു നിലവിളിക്കുന്നവരോട്,  നിങ്ങൾ 24 മണിക്കൂർ  CCTV നിരീക്ഷണത്തിൽ ആണെന്ന വിശ്വാസത്തിൽ ചെയ്യുന്ന കാര്യങ്ങൾ ആത്മാർത്ഥപൂർണ്ണമാണെന്ന് നിങ്ങൾക്ക് പറയാൻ കഴിയുമോ?  അങ്ങിനെ ആണെങ്കിൽ നിങ്ങൾ എന്ത് കൊണ്ട് മതം നോക്കാതെ ചെയ്യുന്നില്ല?  ചെയ്യുന്നെങ്കിൽ പിന്നെ നിങ്ങൾ എന്തിനാണ് മൊറാലിടി പഠിക്കാൻ മതത്തെ കൂട്ട് പിടിക്കുന്നത്‌?

ഭൂമി എല്ലാ ജീവജാലങ്ങൾക്കും കൂടി ഉള്ളതാണ്.  അത് മനുഷ്യന് മാത്രമാണെന്നത് അവനു ഭരിക്കാൻ അവൻ കണ്ടെത്തിയ കാരണമാണ്.  എല്ലാ ജീവികൾക്കും ദൈവമില്ലാതെ മനുഷ്യനു മാത്രം അതുണ്ടായതിന്റെ ഉത്തരം ഇവിടെയാണ്. മതങ്ങളിലെല്ലാം ആൺദൈവങ്ങൾ മാത്രം ഉണ്ടായതിന്റെയും കാരണവും ഇവിടെ തന്നെയുണ്ട്‌.  

ജീവിതം ഒന്നേയുള്ളൂ.  അതിനു പുനർജന്മമൊ മറുജന്മമോ ഒന്നുമില്ല.  അത് സന്തോഷമായും അർത്ഥവത്തായും ജീവിക്കാനുള്ള അർഹത എല്ലാ ജീവികൾക്കും ഉണ്ട്.  ആരുടേയും സ്വാർഥതയിൽ സ്വന്തം ജീവിതമോ , സ്വന്തം സ്വാർത്ഥതയിൽ മറ്റുള്ളവരുടെ ജീവിതമോ ഹോമിക്കപ്പെടെണ്ടതല്ല.  കാലം മാറുകയാണ്.  പ്രാചീനതയെ സംസ്കാരത്തിന്റെ പേരിൽ മുറുകെ പിടിക്കുമ്പോൾ കാലഹരണപ്പെട്ടവയെ തള്ളികളയാൻ ഭയന്ന്, വരും തലമുറയെ കൂടി ഭൂതകാലത്തിലേക്ക് നടത്തുന്ന ഹീനകൃത്യം മാത്രമാണ് ചെയ്യുന്നത്.

2016, ഫെബ്രുവരി 13, ശനിയാഴ്‌ച

അഹംഭാവാസ്മി

 സൗഹൃദവും പ്രണയവും ബാധ്യതയായി
മാറുന്ന ഒരു മുനമ്പിൽ  ആണ്
എല്ലാ  യാത്രാമൊഴികളും കൊത്തി വെക്കപ്പെടുന്നത്
അതിനാലാവണം യാത്രാമൊഴികൾ
''മാത്രം " ഓർമ്മയിൽ  കോറിയിടുന്നത്

 പ്രണയത്തിന്റെ താപമാപിനി
ഏറിക്കൊണ്ടിരിക്കുമ്പോൾ
പനിച്ചൂടിൽ വിറച്ചു ഞാൻ നിന്റെ
നീണ്ടുയർന്ന നാസികതുമ്പിലെ
വിയർപ്പ് നക്കി കുളിരകറ്റുന്നു
അലോപ്പതി ശീലിച്ചവനെന്തു ആയുർവേദം?

വീടിന്റെ പുറംമോടി മാത്രം
കണ്ടു കയറിയ പരിശീലനം
 കിട്ടാത്ത പാവംമോഷ്ടാവ്
 മോഷണം ഒരു കലയാണ്
 എന്നാശ്വസിക്കുന്നതും
വീട്ടുകാരെ തെറി വിളിക്കുന്നതും
 ദൈവദത്തമായ മോഷണകല
ജന്മസിദ്ധമായ മറ്റൊരു കളളൻ
എവിടെയോ ഇരുന്നു കാണുന്നുണ്ടാവാം
ആഴങ്ങളിലെ അക്ഷയഖനി എന്നൊരു
കവിതയും അവന്റെ ഡയറിയിൽ
കുറിക്കപ്പെട്ടേക്കാം

കക്കാനും നിക്കാനും
പരിശീലനം നേടിയെത്തിയിട്ടും
കലജന്മസിദ്ധമല്ലെങ്കിൽ
 പിന്നെ എന്താണ് നേട്ടം?


2016, ഫെബ്രുവരി 10, ബുധനാഴ്‌ച

അഭിനവ ഡിങ്കോയിസം
അമ്പലകുളത്തിൽ നിന്ന് മുങ്ങി കയറി, ഈറനോടെ ശാസ്താവിനെ വണങ്ങി, സാഷ്ടാംഗം പ്രണമിച്ചു, എഴുന്നേറ്റപ്പോൾ അറിയാതെ വായിൽ നിന്ന് വീണത്‌,
"മഷാ ഡിങ്കാ"എന്നായിരുന്നു.  ചുറ്റും കൂടിയിരുന്നവർ തുറിച്ചു നോക്കിയപ്പോൾ "സ്വാമിയേ ശരണമയ്യപ്പ" എന്ന് വീണ്ടും വീണ്ടും കൂവി വിളിച്ചു ഒരു വിധത്തിൽ രക്ഷപെട്ടു വീട്ടിലേക്കു പോരുന്ന വഴിയിൽ വെച്ചാണ്‌ സുഭാഷിനെ കണ്ടത്. 

 "അളിയാ, അമ്പലത്തീന്നു വരുവാ ഇല്ലെ? നീ നിരീശ്വരവാദിയായെന്നൊക്കെ ഒരു ന്യൂസ്‌ കേട്ടല്ലോ".  

"അതെപ്പോൾ? ഞാൻ അറിഞ്ഞില്ലല്ലോ" ഞാൻ ഞെട്ടി.   ദിവസവും അമ്പലത്തിൽ പോകുന്ന ഞാൻ!!!

"അപ്പൊ പിന്നെ നീ "അഹം, ഡിങ്കാസ്മി" എന്ന് കവർ ഫോട്ടോ ആകിയതോ എഫ് ബിയിൽ?

"ഹാ, അതോ, എന്റളിയാ, പുതിയ ട്രെൻഡ് ഡിങ്കൻ അല്ലേ?  ലൈക്‌ കിട്ടാൻ ബെസ്റ്റ് വഴി.  ഷൈൻ ചെയ്യാൻ, കുറെ കിളികൾ കൊത്താൻ, ഒക്കെ പറ്റിയ വഴിയാണ് അളിയാ ഇത്.  നമ്മൾ ട്രെൻഡ് നോക്കി കളിച്ചാൽ പോപ്പുലർ ആവാൻ എളുപ്പമാണ്."

"ആണോ? അപ്പൊ ഇന്നു തന്നെ ഞാനും പ്രൊഫൈൽ ഫോട്ടോ മാറ്റി നോക്കട്ടെ, ഡിങ്കന്റെ ഗ്രൂപ്പിൽ എന്നെയും കൂടെ ആഡ് ചെയ്തേക്കണേ.  ഞാനും ഒരു വിലസു വിലസും.  മാഷാ ഡിങ്കാ..."

ഗുണപാഠം: "എല്ലാ ഡിങ്കോയിസ്ടുകളും പങ്കിലക്കാട്‌ നിവാസികളല്ല.  എല്ലാ പങ്കിലക്കാട്‌ നിവാസികളും ഡിങ്കോയിസ്ടുകളും അല്ല."

 മറ്റുള്ളവർക്ക് മുൻപിൽ ആളാകാൻ ഡിങ്കനല്ല, ലുട്ടാപ്പിയല്ല, മായാവിയല്ല, ഇനി കപീഷ് ആകാൻ വരെ നമ്മ റെഡി അല്ലെ?

2016, ഫെബ്രുവരി 5, വെള്ളിയാഴ്‌ച

കവികളുടെ കാമുകിഭാഗം-1


"ആർത്തവകാലത്തെ  മണ്ഡലജീവിതം" എന്ന വിഷയത്തിൽ ഒരുഗ്രൻ പ്രസംഗം കാച്ചിയിട്ടു കരഘോഷങ്ങൾക്കിടയിലൂടെ സദസ്സിൽ എനിക്കായി ഒഴിച്ചിട്ടിരുന്ന കസേരയിൽ സാരിയുടെ ഞൊറിവുകൾ ഉടയാതെ ശ്രദ്ധാപൂർവം  വന്നിരുന്നു, കണ്ണട ചൂണ്ടുവിരലാൽ ഉറപ്പിച്ചു സദസിലേക്ക് തെല്ലൊരു അഹന്തയോടെ നോക്കിയിരുന്നപ്പോൾ ആയിരുന്നു മൊബൈൽ വ്യ്ബ്രേഷൻ മോഡിൽ കിടന്ന്‌ ഞെരിപിരി കൊണ്ടത്‌.  ഏതോ അപരിചിതമായ നംബർ.  ഞാൻ മീറ്റിംഗിൽ ആണെന്ന മെസ്സേജോടെ കാൾ കട്ട്‌ ചെയ്തു, വീണ്ടും മറ്റുള്ളവരുടെ അധരവ്യായാമങ്ങളിലേക്കു ശ്രദ്ധ തിരിച്ചു. എല്ലാവരും തകർക്കുകയാണ്.  എന്തെങ്കിലുമോക്കെ നടക്കും എന്ന് എന്നത്തേയും പോലെ വല്ലാത്തൊരു പ്രതീക്ഷ തോന്നി.

 "മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ" എന്ന ആരെയും പ്രണയപരവശരാക്കുന്ന എവർ ഗ്രീൻ ലവ് സോങ്ങിന്റെ അകമ്പടിയോടെ, കാലം മാറിയിട്ടും മാറ്റാൻ മനസ് വരാത്ത ടൊയോട്ട കാമ്രി ഡ്രൈവ് ചെയ്തു വീട്ടിലേക്കു പോകുന്ന വഴിക്കായിരുന്നു ആ നംബരിൽ നിന്ന് വീണ്ടും കാൾ വന്നത്.  കാർ ഒതുക്കി നിരത്തിയിട്ടു കാൾ അറ്റെണ്ട്‌ ചെയ്തു. 

 "മേഡം, ഞാൻ ക്ഷിപ്ര.  ഗവേഷണവിദ്യാർഥിനിയാണ്." 

പെട്ടെന്ന് മനസ്സിൽ വന്നത് വെയിലത്തുണങ്ങാൻ വെച്ച മുഴുത്ത തേങ്ങകൾ ആയിരുന്നു. 

 "ഓക്കേ, എന്തിനാ കുട്ടി വിളിച്ചത്?". 


 "അത്, എനിക്ക് മാഡത്തിന്റെ ഒരു ഇന്റർവ്യൂ  വേണം." 

ങേ, ഇതെന്തു കഥ.  അത്ഭുതം അടക്കി  പറഞ്ഞു. 

 "കുട്ടീ, ഈ തവണത്തെ നോബൽ സമ്മാനം എന്നത്തേയും പോലെ എലമെന്ററി പാർടിക്കിൽ ഫിസിക്സിന് തന്നെയാണ്.  ആ കോന്തൻമാരുടെ ഭാവം കണ്ടാൽ ഫിസിക്സിൽ വേറൊന്നും ഇല്ലെന്നു തോന്നും.  കോപ്പ്. "

"സോറി മാഡം.  അതല്ല. എനിക്ക് നിങ്ങളോട് സംസാരിക്കാൻ ഉള്ളത് മലയാളം സാഹിത്യത്തെ പറ്റിയാണ്. "

വീണ്ടും ഞെട്ടി. 

 "ങേ, അതിനു എന്റെ ബ്ലോഗ്‌ വഴിയായിരുന്നല്ലോ കുട്ടി ഞാൻ മലയാളം സാഹിത്യത്തിനു ഉദാരമായ സംഭാവനകൾ നല്കി കൊണ്ടിരുന്നത് . അത് നാട്ടുകാര് കൂടി പൂട്ടിച്ച കഥയൊന്നും കുട്ടി അറിഞ്ഞില്ലെന്നു തോന്നുന്നു .  ഹിന്ദുവും കൃ സ്ത്യാനിയും മുസ്ലിമും ഒരുമിച്ചു ഉണര്ന്ന ഒരു പ്രഭാതത്തിൽ ആയിരുന്നു ആ ദുരന്തം." 

 ഞാൻ ഒരു നെടുവീര്പ്പോടെ തുടർന്നു. 

 "പുരുഷവിദ്വേഷം വളര്ത്തുന്നു എന്നതും മഹത്തായ എന്തോ സംസ്കാരത്തെ അവഹേളിക്കുന്നു എന്നതുമൊക്കെ ആയിരുന്നു കുറ്റങ്ങൾ" 


എന്റെ കണ്ണ് നിറഞ്ഞു.

ക്ഷിപ്ര  പറഞ്ഞു.  " അല്ല മാഡം.  ഇതു വേറൊരു കാര്യമാണ്.  നമുക്കൊന്ന് നേരിട്ട് സംസാരിച്ചാലോ?"

ഈ പെണ്ണിത് എന്ത് വയ്യാവേലിക്കാണോ എന്നോര്ത്തെങ്കിലും, കോൺവെന്റ് ജങ്ങ്ഷനിലെ കോഫി ഷോപ്പിൽ വെച്ച് ശനിയാഴ്ച കാണാം എന്ന് സമ്മതം പറഞ്ഞു ഫോൺ വെച്ചു. വീണ്ടും പോസ് ചെയ്തു വെച്ച വെള്ളരിപ്രാവ്‌ കേട്ട് രസിച്ചു,മറൈൻ ഡ്രൈവിലെ അസ്തമയം കാണാനായി അങ്ങോട്ടേക്ക് പാഞ്ഞു.

ഭാഗം- 2ദിവസങ്ങൾ അസംബ്ലിക്കു പോകുന്ന അച്ചടക്കമില്ലാത്ത കുട്ടികളെ പോലെ അന്യോന്യം തളളുണ്ടാക്കി കടന്നു പോയി. അങ്ങനെ  വെളളിയാഴ്ചയെ തളളിമാറ്റി ശനിയാഴ്ചവന്നു.  അതിരാവിലെ കൃത്യം പത്തു മണിക്ക് ക്ഷിപ്രയുടെ കാളും വന്നു."നീലാംബരി മാഡമല്ലേ? ഇന്നാണ് മീറ്റ് ചെയ്യാൻ വരാൻ പറഞ്ഞത്."


 ഓ... ശല്യം. മറന്നു. ഇന്ന് പിളള  തമിഴ്  വിഭവങ്ങൾ ഒരുമിച്ച് തകർക്കാൻ റെഡി ആയിരിക്കുകയാണല്ലോ! വൈകിട്ട് മോളുടെ കരാട്ടെ  ക്ലാസിൽ ചെല്ലാമെന്ന് പ്രോമിസ് കൊടുത്തതുമാണ്. പിള്ളയെ പിന്നേയും  സമാധാനിപ്പിക്കാം. അവൾ നോ കോംപ്രമയിസ്.

 "കുട്ടീ അൽപ്പം കഴിഞ്ഞ് ഞാൻ വിളിക്കാം. ഇപ്പോ ഇത്തിരി തിരക്കിലാട്ടോ." ശരി മാഡo എന്നു പറഞ്ഞ് ആ കുട്ടി ഫോൺ വെച്ചു. പിളള കൂർക്കം വലിച്ചു കിടന്നു ഉറക്കമാണ്."എടാ എണീക്കെടാ  പത്തു മണി ആയി. എടാ."  പിള്ളയെ കുത്തിയിളക്കാൻ ഒരു വിഫലശ്രമം നടത്തി നോക്കി.  നീ ഇങ്ങനെ ഉറക്കം ഇല്ലാതെ നടന്നോ എന്ന ഡയലോഗോടെ തിരിഞ്ഞു കിടന്നതല്ലാതെ  ഒരു നടപടിയും ഉണ്ടായില്ല.

 നേരെ കിച്ചണിൽ എത്തി പാചകം തുടങ്ങി.  കാരകുഴമ്പ്   റെഡി ആയപ്പോൾ പിള്ള എത്തി. മണം അടിചിട്ടാവണം. 
"കളളി നേരത്തേ എണീറ്റു രഹസ്യമായി പാചകം ആണല്ലേ?"


"നീ പോടാ,  കോ...."ഭർത്താവിനെ ബഹുമാനമില്ലന്ന പതിവു പരാതിയോടെ പിള്ള സ്ഥലം വിട്ടു. പിന്നെയും കറങ്ങി വന്നു സഹായഹസ്തം നീട്ടി. അതു നിരാകരിച്ച്  ജോലി ഒതുക്കി മോളുടെ ആവശ്യങ്ങളും തീർത്തു കോൺവെന്റ് ജംഗ്ഷനിലേക്ക് കാറോടിക്കുമ്പോൾ മനസ്സ് നിറയെ ആകാംക്ഷ ആയിരുന്നു. 


ഭാഗം-3കോളേജിലേക്ക് തിരിയുന്ന വഴിയോരത്ത് കാർ പാർക്ക്‌ ചെയ്തു കോഫിഷോപ്പിലേക്ക് നടന്നപ്പോൾ ക്ഷിപ്ര കടയിൽ നിന്നിറങ്ങി വന്നു, ഹസ്തദാനത്തൊടെ സ്വീകരിച്ചു.  ഓർഡർ കൊടുത്തു ഒരു കോർണർ കണ്ടെത്തി ഇരുന്നു സംസാരം തുടങ്ങി.  

"മാഡം, ആദ്യമായി എന്നെ പറ്റി പറയാം.  എൻറെ ഗവേഷണവിഷയം "പ്രണയപരാജിതരായ വിഖ്യാത കവികൾ- ഒരു വിമർശനാത്മക പഠനം" എന്നതാണ്."

"എന്റെ ക്ഷിപ്ര, ഇതു വളരെ ഔട്ട്‌ഡേട്ടട് ആണല്ലോ.  മലയാളം പ്രൊഫസർ അല്ല ഞാൻ.  എങ്കിലും ഒരു ഗവേഷണവിഷയം സെലക്ട്‌ ചെയ്യുമ്പോൾ കുറെ കാര്യങ്ങൾ നോക്കണ്ടേ? ആനുകാലികപ്രസക്തി, പണ്ട് നടന്ന പഠനങ്ങൾ, അങ്ങിനെ അങ്ങിനെ?  ഇടപ്പള്ളി മുതൽ നോക്കിയാൽ പോലും  പ്രണയനൈരാശ്യം വളരെ പ്രകടമായി കവിതകളിൽ കാണുന്ന നമ്മുടെ മലയാളത്തിൽ ഇങ്ങനൊരു വിഷയം എത്രയോ പഠനങ്ങൾ കഴിഞ്ഞതാണ്.  സുഗതകുമാരി പോലും ഈ വിഷയത്തിൽ കവിത എഴുതിയിട്ടുണ്ട്.  ഇതിലെന്താണ് പുതുമ?  അല്ല അത് പോട്ടെ, ഇതും ഞാനുമായി എവിടെ ആണ് ബന്ധം?"

ക്ഷിപ്ര ചെറുപുഞ്ചിരിയോടെ പറഞ്ഞു. 

 "  ഇല്ല മേഡം, ഇതു അങ്ങിനെ ഒന്നല്ല. ഞാൻ സബ്ജെക്റ്റ് ലളിതമായി പറഞ്ഞു എന്നേ ഉള്ളു.  ഇതൊരു സ്ത്രീപക്ഷപഠനമാണ്.  വിഖ്യാത കവികളുടെ കാമുകിമാർ ഒരു പാട് വർണിക്കപ്പെട്ടവരാണ്.  എന്നാൽ എല്ലായിടത്തും ഒടുവിൽ പ്രണയം തിരസ്കൃതമാവുമ്പോൾ അവരെ മോശം ആയി ചിത്രീകരിക്കപെട്ട് കാണാറ് ആണ് പതിവ്.  പെണ്ണിന് ഒരു ആണിനെ സ്വീകരിക്കാനോ തിരസ്കരിക്കാനൊ അവകാശം ഇല്ലാത്ത, തിരഞ്ഞെടുപ്പ് ഇല്ലാത്ത സമൂഹത്തിന്റെ ഒരു പ്രതിഫലനമായി മാത്രമാണ് ഞാൻ കവിതയെ  ചിത്രീകരിക്കാൻ ഉദ്ദേശിക്കുന്നത്. " 

എനിക്കത് നന്നേ ബോധിച്ചു.  കൊപ്ര(ക്ഷിപ്ര) കൊള്ളാം.  മിടുക്കിയാണ്.  
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

" കൊള്ളാം.  ഇഷ്ടമായി.  ഞാൻ ഒരു പാട് പറഞ്ഞിട്ടുള്ള വിഷയം ആണിത്.  പക്ഷെ കുട്ടി, ഞാൻ?"

ക്ഷിപ്ര ചാടികേറി  പറഞ്ഞു."  ഞാൻ പറഞ്ഞു വരുകയാണ് മേഡം. മലയാളത്തിലെ അറിയപ്പെടുന്ന മൂന്നു കവികളുടെ അഞ്ജാത പ്രണയം ആയിരുന്നു മേഡം  എന്നറിഞ്ഞു.  അവരുടെ മൂന്നു  പേരുടെയും കവിതകളിൽ സജീവ സാന്നിധ്യം ആണ് മേഡം.  പക്ഷേ മൂന്നാളും മേഡത്തെ സ്വന്തം കവിതകളിൽ വരക്കുമ്പോൾ മേഡം എന്ന വ്യക്തിയോട് ഒട്ടും നീതി പുലര്ത്തിയതായി  തോന്നിയില്ല.  അതാണ് എനിക്ക് അറിയേണ്ടത്.  ഒരു സ്ത്രീപക്ഷപഠനം."

എൻറെ സ്ഥായീഭാവം ഞാൻ അറിയാതെ എന്റെ മുഖത്ത് പ്രകടമായി.  ചുണ്ട് കോട്ടി ചിരിച്ചു കൊണ്ട് ഞാൻ  പുറത്തു കൂടി പോകുന്ന വാഹനങ്ങളുടെ എണ്ണം എടുത്തു കൊണ്ടിരിന്നു.  

ഭാഗം-4എൻറെ ചിന്തകൾക്ക് കടിഞ്ഞാണിട്ട് ക്ഷിപ്ര തുടർന്നു.

"മേഡം, ആദ്യമായി എനിക്കറിയേണ്ടത് മേഡം എന്ന ഫെമിനിസ്റ്റിനെ പറ്റിയാണ്."

ഞാൻ ചിരിച്ചു പോയി. 

 "കുട്ടീ, കേരളത്തിൽ ഫെമിനിസ്റ്റ് എന്നാൽ നക്സൽ, മാവോയിസ്റ്റ് ഒക്കെ പോലെയാണ്. ഈ പറഞ്ഞ മൂന്നു പേരും സൃഷ്ടിക്കപ്പെട്ട കാരണങ്ങളോ അവരിൽ ആരോപിക്കപ്പെടുന്ന കുറ്റങ്ങളോ അവരിൽ ചാർത്തപ്പെട്ട അലങ്കാരങ്ങളുടെയോ ഒക്കെ പൊരുൾ തേടി നമ്മൾ എത്തുന്നത്‌ ശരിക്കും നിഷേധിക്കപ്പെട്ട കുറെ അവകാശങ്ങളിലാണ്.  ആരാണോ  അത് നിഷേധിക്കുന്നത് അവർ തന്നെയാണ് മേല്പറഞ്ഞ മൂന്നിനേയും, സമൂഹത്തിന് ദോഷം വരുത്തുന്ന ഒന്നായി ചിത്രീകരിച്ചത്.  എന്ന് വെച്ചാൽ, ഈ മൂന്നും വളരുമ്പോൾ ആരാണോ കടപുഴകി വീഴുന്നത് അവർ തന്നെയാണ് ഇതിൻറെ ശത്രുക്കളും. "


ഞാൻ ഒരു സിപ് കോഫി അകത്താക്കി തുടർന്നു. 

"ഇന്ത്യയിൽ പൊതുവെയും കേരളത്തിൽ പ്രത്യേകിച്ചും ഒട്ടുമിക്ക ആണുങ്ങളും പുരുഷമേധാവിത്വം വെച്ച് പുലർത്തുന്നവരാണ്.  100 പേരിൽ 5 പേരോ മറ്റോ ഉണ്ടാവും അങ്ങിനെ അല്ലാത്തവർ.  അതും സംശയമാണ്.  പെണ്ണിന് അവർ കൊടുക്കുന്നതാണ് അവളുടെ സ്വാതന്ത്ര്യം എന്ന് വിശ്വസിക്കുന്ന മറ്റു കുറെ പേർ.  പെണ്ണിന് ആണിനൊപ്പം ബുദ്ധിയും വിവരവും അറിവും ഒന്നുമില്ലെന്ന് കരുതുന്ന മറ്റൊരു വിഭാഗം.  ഇങ്ങനെ പുരുഷമേധാവിത്വം പല രീതിയിലും രൂപത്തിലും ഭാവത്തിലും വെച്ച് പുലർത്തുന്ന ഒരു ജനത, ഇപ്പോൾ അനുഭവിക്കുന്ന, എല്ലാ മനുഷ്യനും  സഹജമായുള്ള ഭരിക്കാനുള്ള അഭിനിവേശം മൂലം പണ്ട് മുതൽ കിട്ടികൊണ്ടിരുന്ന അനർഹമായ അവകാശങ്ങൾ  നഷ്ടപെടുന്നത് സഹിക്കാൻ തയ്യാറാവുമോ? അതാണ് പുരുഷമേധാവിത്വ സമൂഹത്തിന് അഭിപ്രായങ്ങൾ ഉള്ള സ്ത്രീകൾ തലവേദന ആവുന്നതും, അവരെ തകർക്കാൻ നോക്കുന്നതും.  ഇതാണ് പുരുഷപക്ഷം എങ്കിൽ, പുരുഷമെധാവിത്വതിനു ചുക്കാൻ പിടിക്കുന്ന സ്ത്രീ രത്നങ്ങളുടെ കഥ ഇതിലും പരിതാപകരമാണ്. മറ്റു സ്ത്രീകളോടുള്ള മനുഷ്യസഹജമായ  ചില ചപല വികാരങ്ങളും  അന്ധമായ മതവിശ്വാസവും, അത്യാവശ്യത്തിനും അതിൽ കൂടുതലും അറിവില്ലായ്മയും, ഒക്കെയാണ് അവരുടെ പ്രശ്നം.  ഒരു മതവും പെണ്ണിന് സ്ഥാനം നൽകുന്നില്ല എന്നുള്ള  തുണിയില്ലാത്ത സത്യം നമ്മൾ മറക്കരുത്."

ക്ഷിപ്ര ഒരു ചിരിയോടെ ചോദിച്ചു.

  "മേടത്തിന്റെ രാഷ്ട്രീയതാല്പര്യങ്ങൾ?"

"എല്ലാ രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളും ഞാൻ ഇഷ്ടപെടുന്നു.  പക്ഷെ, ഒരു രാഷ്ട്രീയ ബിംബങ്ങളിലും  ഞാൻ ഒരു ഭാവി കാണുന്നില്ല. ബിംബാരാധന എന്നും ഭാരതീയരുടെ ഒരു ശീലമാണ്.  ഒരു മനുഷ്യനും വിമർശനത്തിന് അതീതനല്ല.  അത് ഗാന്ധി ആയാലും കലാം ആയാലും വിവേകാനന്ദൻ ആയാലും.  നമ്മുടെ ആശയങ്ങൾ, വിശ്വാസങ്ങൾ എന്നിവയെല്ലാം മറ്റുള്ളവർക്ക് ശരിയാകണം എന്നില്ലല്ലോ. അപ്പോൾ അതിനെ പറഞ്ഞു മനസിലാക്കി കൊടുക്കാൻ ശ്രമിക്കാവുന്നതാണ്‌. എന്നാൽ, അടിച്ചേല്പ്പിക്കാൻ ശ്രമിക്കുന്നതാണ് ഫാസിസം. ഈ ഫാസിസം എല്ലാ രാഷ്ട്രീയ പാർട്ടികളും മതവിഭാഗങ്ങളും ആവോളം നടത്തുന്നുമുണ്ട്.  ഒരു പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുകയെന്നാൽ അതിനു വേണ്ടി മരിക്കുകയും കൊല്ലുകയുമാണെന്ന് കരുതുന്നെങ്കിൽ തലച്ചോറിന് വലിയ ജോലി ഇല്ല എന്ന് വേണം ഉറപ്പിക്കാൻ. "

അവൾ വീണ്ടും ചോദിച്ചു.  

"രാഷ്ട്രീയം- ഫെമിനിസം-എവിടെങ്കിലും കൂട്ടി കെട്ടാൻ കഴിയുന്നുണ്ടോ മാഡത്തിന്?"

"ഇല്ല, എവിടെയും ഇല്ല.  മാർക്സ്‌ ഒരു ഫെമിനിസ്റ്റ് ആണ്.  പക്ഷെ, കേരളത്തിലെ ഒട്ടു മിക്ക മാർക്സിസ്റ്റ്‌  ബിംബങ്ങളും സ്ത്രീവിരുദ്ധത ഒളിഞ്ഞും തെളിഞ്ഞും കാണിക്കുന്നവരാണ്.  കാരണം അവർ ജീവിക്കുന്ന സാഹചര്യം, വളർന്ന രീതികൾ എല്ലാം അങ്ങിനെ ആണ്.  അത് പോലെ തന്നെ, മാർക്സിസ്റ്റ്‌ ഫെമിനിസ്ടുകളിൽ ഒട്ടുമിക്ക പേരും മാർക്സിസ്റ്റ്‌ മാത്രമാണ്.  ഫെമിനിസം എന്നത്  "ഇടക്കിടെ ഫെമിനിസം" എന്ന നിലയിലാണ്. പാർടിക്കു പുറത്തു വളരാത്ത വിധം ഇടുങ്ങി പോയ ഫെമിനിസം ഉള്ളവരാണ് അവരിൽ മുക്കാലും.  കാരണം എല്ലാ പാർട്ടിയും ആത്യന്തികമായി  പുരുഷമേധാവികളുടെ കൂടുകളാണ്.  അവിടെ ഒരു സ്ത്രീക്ക് എന്ത് ശബ്ദം?  അപ്പോൾ ഫെമിനിസം എന്നത് അല്പം തന്റേടം ഉണ്ടെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള നല്ലൊരു മാർഗം  മാത്രമാണ്. "

"ശരി, നമുക്ക് കവി പാലാഴി വിജയകുമാറിലേക്ക് വരാം.  മാഡത്തിനെ പറ്റിയുള്ള അദ്ധേഹത്തിന്റെ  കവിതകളെ മാഡം എങ്ങനെ കാണുന്നു?"

"ആദ്യം തന്നെ പറയാം ക്ഷിപ്ര, എനിക്കയാളെ അടുത്ത് പരിചയമില്ല. പരിചയപെട്ടിരുന്നു പണ്ടെന്നോ.  രണ്ടു തവണയോ മറ്റോ സംസാരിചിട്ടുണ്ടാവണം. പക്ഷെ പെരുമാറ്റത്തിൽ എന്തോ എനിക്കിഷ്ടമാവാത്ത ചിലത് വന്നപ്പോൾ ഞാൻ മിണ്ടാതായി. പിന്നൊരിക്കൽ കണ്ടപ്പോൾ കാർക്കിച്ചു തുപ്പി കടന്നു പോയി.  എന്തിനെന്നോ ഏതിനെന്നോ അറിയില്ല. " 

എനിക്ക് ചിരി വന്നു

ക്ഷിപ്രയുടെ മുഖത്ത് അദ്ഭുതം പ്രകടമായി. 

 "അദ്ധേഹത്തിന്റെ കവിതകളിൽ ഒരു തിരസ്കാരം നിഴലിക്കാറുണ്ട്.  അതിന്റെ പ്രകടനമാവാം അത്.  അല്ലേ?"

ഞാൻ പൊട്ടിച്ചിരിച്ചു.  

"അതേ, ഒരിക്കലും പറയാത്ത, ചോദിക്കാത്ത, നിരസിച്ചാൽ അംഗീകരിക്കാൻ സാധിക്കാത്ത, എല്ലാ പ്രണയത്തിനും പല വിധ പ്രകടനങ്ങൾ കാണാൻ കഴിയും.  നിരവധി കണ്ടിരിക്കുന്നു.  ഇതും അതിന്റെ മറ്റൊരു  വകഭേദം മാത്രം."

എന്റെ ചിരിയിൽ അവളും പങ്കു ചേർന്നു.  വഴിവിളക്കുകൾ മിഴി തുറന്നിരുന്നു അപ്പോൾ.

ഭാഗം-5 ക്ഷിപ്ര വീണ്ടും വിഷയത്തിലേക്ക് വന്നു.

"മേഡം, അപ്പോൾ  ബാക്കി രണ്ടു പേർ?"

" യേസ്, ഞാൻ അതിലേക്കു വരുകയാണ്. ശരിക്കും  അവർ രണ്ടു പേരും ഒരുപോലെ തന്നെയാണ്.  പി കെ യും സുബിൻ ലോനപ്പനും.  പി കെ എന്നയാൾ ഇപ്പോൾ ശരിക്കും വല്ലാത്തൊരു അരിശം ആണെന്നിൽ സൃഷ്ടിക്കുന്നത്.  സുബിൻ പിന്നെ എന്നും ഒരു പോലെ തന്നെ.  രണ്ടാളും പൊട്ടെൻഷ്യൽ ഷോവനിസ്റ്റ്കൾ തന്നെയാണ്."

"ഹ ഹ, അതെന്താണ് മേഡം പൊട്ടെൻഷ്യൽ എന്ന പ്രയോഗം?"

ഞാൻ ചിരിച്ചു.

"അത് ക്ഷിപ്ര, ഷോവനിസം എന്നത് ഒരാൾക്ക് ഒരുപാടു കാലം മറച്ചു വെക്കാൻ കഴിയില്ല.  കാരണം അത് എപ്പോഴെങ്കിലും പുറത്തു വരും.  ഉദാഹരണത്തിന്, പ്രണയിക്കുന്ന രണ്ടു പേരിൽ ആണിന് പെണ്ണിനോടും പെണ്ണിന് തിരിച്ചും ഒരു ബഹുമാനം ഉണ്ടാവും.  കല്യാണം കഴിയുമ്പോൾ സാധാരണയായി ആണിന് ആ ബഹുമാനം നഷ്ടപെടുന്നു.  പതുക്കെ അവൻ അവളെ അനുസരിപ്പിക്കാൻ നോക്കുന്നു.  ഈ ആധിപത്യ മനോഭാവം തന്നെയാണ് പുരുഷമേധാവിത്വം.  അത് പല രീതിയിൽ ആവാം.  നീ എന്റെ അച്ഛനും അമ്മയും പറയുന്നത് കേൾക്കണം.  നിന്റെ വീട്ടിൽ പോയി നില്ക്കാൻ പാടില്ല. എനിക്കിഷ്ടമല്ലാത്ത വസ്ത്രങ്ങൾ ധരിക്കാൻ പാടില്ല.  അങ്ങിനെ അങ്ങിനെ. എന്നെ സംബധിച്ചിടത്തോളം ഞാൻ എപ്പോഴും സ്വതന്ത്രയായി നടക്കാൻ ഇഷ്ടപെടുന്ന ആളാണ്.  കൃത്യമായി പറഞ്ഞാൽ വിവാഹശേഷം സ്വതന്ത്രയായ കേരളത്തിലെ ആദ്യവ്യക്തി ആവും.  ഹ ഹ.... എനിക്ക് എന്റേതായ ഇഷ്ടങ്ങൾ, അഭിപ്രായങ്ങൾ, താല്പര്യങ്ങൾ ഒക്കെയുണ്ട്. അതെൻറെ അവകാശവുമാണ്.   എന്റെ സ്വഭാവം ഇഷ്ടമല്ലാത്തവർക്ക് പുറത്തേക്കുള്ള വഴി എപ്പോഴും ഓപ്പൺ ആണ്.  ചിലപ്പോൾ ആ വഴി എനിക്കും  ഇറങ്ങി പോകാൻ വേണ്ടിയാണു അതങ്ങിനെ ഇട്ടിരിക്കുന്നത്.  അതല്ലാതെ കൂടെ നിന്ന് നിരന്തരം പല വിധ പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും  നടത്തുകയും, നമ്മൾ കടന്നു പോകുന്ന വിഷയങ്ങളോ നമ്മുടെ ഭൂതകാലത്തിലെ അനുഭവങ്ങളോ അവയിൽ നിന്നുണ്ടായ മുറിവുകളുടെ ആഴമോ മനസിലാക്കുകയോ അറിയാൻ ശ്രമിക്കുകയോ ചെയ്യാതെ അനാവശ്യമായ പരാമർശങ്ങൾ നടത്തുകയും ഒടുക്കം തമാശ ആണെന്ന് സ്ഥാപിക്കുകയും ചെയ്യുന്നവരും എന്റെ കണ്ണിൽ എന്നെ അംഗീകരിക്കാൻ കഴിയാത്തതിനാൽ അവരുടെ ലക്ഷ്മണരേഖക്കുള്ളിൽ എന്നെ തളച്ചിടാൻ തന്നെയാണ് നോക്കുന്നത്.  ഇതു എല്ലാ മനുഷ്യര്ക്കും ഉള്ള സ്വഭാവമാണ്.  എൻറെ അമ്മയും ഇങ്ങനെ ആയിരുന്നു.  അമ്മ പറയുന്ന ഗൈഡ് ലൈൻ അനുസരിച്ച് ജീവിക്കാതിരുന്നതിനാൽ  എന്റെ അവരോടോത്തുള്ള  ദിനങ്ങൾ അസംതൃപ്തി നിറഞ്ഞതായിരുന്നു.  ഒട്ടു മിക്ക മാതാപിതാക്കളും ഇങ്ങനെ ആണ്.  നമ്മുടെ കുഞ്ഞു എന്നല്ല ഈ ലോകത്താരെയും നമ്മുടെ ഇഷ്ടത്തിന് നടത്താൻ നമുക്ക് അവകാശമില്ല എന്നത് എന്റെ അഹന്ത നിറഞ്ഞ വിശ്വാസം തന്നെയാണ്."

ഞാൻ പറഞ്ഞു നിർത്തി.

 " ശരി മേഡം.  അപ്പോൾ ചുരുക്കി പറഞ്ഞാൽ സ്ത്രീക്ക് കുറെ പരിമിതികൾ ഉണ്ട്.  അതിനെ പറ്റി എപ്പോഴും ബോധവതി ആയിരിക്കണം.  അത് മറന്നു പ്രവർത്തിക്കരുത് എന്നാണല്ലെ?"

"അബ്സോല്യൂറ്റ്ലി ... സർക്കാസം അത് തന്നെയാണ്. ഒരിക്കൽ ഒരു വഴക്കിനോടുക്കം  പി കെ  പറഞ്ഞു, താഴെ കൂടി നടന്ന നീലാംബരി ആകാശത്തു കൂടി നടക്കാൻ തുടങ്ങിയത് ഞാൻ അറിഞ്ഞില്ല എന്ന്.  ഒരിക്കൽ ഇടഞ്ഞു സംസാരിച്ചപ്പോൾ സുബിൻ ഇതേ ഡയലോഗ് വേറൊരു രീതിയിൽ പറഞ്ഞു, നിങ്ങൾ വലിയ സംഭവമാണെന്ന് ഓർത്തില്ലെന്ന്.  ഇതു തന്നെ ജാഡ, തലക്കനം മറ്റു പല പേരുകളിലും കേൾക്കാറുണ്ട്.  ശരിക്കും നമുക്ക് ഒരു ജന്മം ഉണ്ടാക്കിയെടുത്ത സൽപ്പേര് കളയാൻ ഒരു നിമിഷത്തെ ഒരു റിജെക്ഷൻ, അല്ലെങ്കിൽ അഭിപ്രായവ്യത്യാസം അല്ലെങ്കിൽ അനുസരണക്കെട് അല്ലെങ്കിൽ വിമർശനം മതി.  അത് കൊണ്ട് നല്ല പേര് എടുക്കാനുള്ള ശ്രമങ്ങൾ നടത്താതിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്."

"ശരി മേഡം, വായിച്ചറിഞ്ഞ അത്രയും മോശമല്ല നിങ്ങൾ എന്നത് ഞാൻ പ്രതീക്ഷിച്ചിരുന്നതാണ്.  അതുറപ്പിക്കാൻ പറ്റി.  വീണ്ടും കാണാം.  ഞാൻ ഇറങ്ങട്ടെ? "

ഞാൻ ഹസ്തദാനം നടത്തി.  അവൾ യാത്ര ചൊല്ലി പോയപ്പോൾ ഞാൻ വീണ്ടും ഓർമകളിലേക്ക് ഊളിയിട്ടു.  അപ്പോളാണ് ഫോൺ കാതൽ റോജാവെ ഫ്ലൂട്ട് മൂളാൻ തുടങ്ങിയത്.  പിള്ളയാണ്.

 "നീ ഇറങ്ങിയോ? ഞാനിവിടെ റെലിഗെയറിനു മുന്നിൽ നില്ക്കാം. ഒരുമിച്ചു പോകാം."

ശരി പറഞ്ഞു ഫോൺ വെച്ചപ്പോൾ മനസ്സിൽ ഓർമകളുടെ കുത്തൊഴുക്കായിരുന്നു.  "അവൻ!!!"

വണ്ടി സിഗ്നലിൽ നിർത്തിയപ്പോൾ "തും ഭി ഹോ", എന്ന പാട്ടായിരുന്നു കാറിൽ മുഴങ്ങിയിരുന്നത്.  അവൻ എപ്പോഴും മൂളി നടക്കാറുള്ള പാട്ട്.

വഴിയിൽ പിള്ള കാത്തു നിൽപ്പുണ്ടായിരുന്നു.  കാറിനുള്ളിൽ കടന്നിരുന്നപ്പോൾ പതിവ് പോലെ കുറെ പരാതികൾ, അന്തരീക്ഷമലിനീകരണം, അനാരോഗ്യകരമായ ജീവിത രീതി. ഇവൻ അപ്പൂപ്പൻ ആയാലും ഇതൊക്കെ പറഞ്ഞിരിക്കും എന്നോർത്തു ഊറിച്ചിരിച്ചു.

"എടീ പിന്നേ, അവൻ വിളിച്ചിരുന്നു.  നീ പേപ്പർ സബ്മിഷനിൽ ബിസി ആയിരുന്നത് കൊണ്ട് പറയാൻ മറന്നു.  വന്നിട്ടുണ്ട് വീട്ടിൽ.  മോളുടെ കൂടെ പതിവ് പോലെ കുടകിനു പോകാമെന്നും പറഞ്ഞു പ്ലാനിംഗ് നടത്തുന്നുണ്ട്.  എല്ലാ തവണത്തെയും പോലെ അവളതു ഏതെങ്കിലും അമ്യുസ്മെന്റ്റ് പാർക്ക്‌ ആക്കുമെന്ന് തോന്നുന്നു."

ഞങ്ങൾ ഉറക്കെ ചിരിച്ചു. ഞാൻ ചോദിച്ചു.

"എങ്ങനെ ഉണ്ട് ആള്?"

പിള്ള അലസമായി പറഞ്ഞു.

"ഒരു മാറ്റവുമില്ല.  താടി കുറെ കൂടി വളർന്നിട്ടുണ്ട്.  ഇത്തവണ വയനാട്ടിൽ നിന്നാണ് വന്നത്."

ഞാൻ അമ്പരന്നു.

"വയനാട്ടിൽ അവനെന്താ?  ഇനി ?"

പിള്ള ഇടക്ക് കയറി പറഞ്ഞു.
"ഇല്ലില്ല.  നിന്നെ പേടിയുള്ളിടത്തോളം അതുണ്ടാവില്ല.  കുറെ കാലമായുള്ള ആഗ്രഹം കൊണ്ടല്ലേ, പൊക്കോട്ടെ പാവം. "

ഞാൻ പൊട്ടിച്ചിരിച്ചു.  വഴിവിളക്കുകൾക്കു പതിവിലും ഭംഗി ഉള്ളതായി എനിക്ക് തോന്നി.  അവന്റെ വരവ് ആഘോഷിക്കുന്നതാവണം.  ചെറിയ മഴയും പെയ്യാൻ തുടങ്ങിയിരുന്നു അപ്പോൾ.   അതേ, മഴയെ ഇത്രയേറെ സ്നേഹിക്കുന്ന അവൻറെ ദീർഘനാളത്തെ കാനനവാസത്തിനു ശേഷമുള്ള വരവിന്റെ ആഘോഷം തന്നെയാണിത്..................