Follow by Email

2015, ഡിസംബർ 10, വ്യാഴാഴ്‌ച

പറുദീസ ഉപേക്ഷിച്ച ചെകുത്താൻ

ചെകുത്താൻ വെറുതെ ബീഡി വലിച്ചിരുന്നപ്പോഴാണ് ദൈവവിളി വന്നത്. ആഞ്ഞുവലിച്ചു തീർത്തു, ബീഡി ചവിട്ടി കൂട്ടി ഇട്ടിട്ട് ഓടി ചെന്നപ്പോളേക്കും ദൈവം കുപിതനായിരുന്നു.  ചെകുത്താൻ ദൈവത്തിനു മുന്നിൽ എന്നത്തേയും പോലെ തലകുനിച്ചു നിന്നു.  ദൈവം തുടങ്ങി "ഞാൻ നിനക്ക് പല വട്ടം വാണിംഗ് തന്നതാണ്.  ഇനിയും ഇതാവർത്തിച്ചാൽ"... "ആവർത്തിച്ചാൽ?"   പ്ലിങ്ങിതനായ ദൈവം പറഞ്ഞു " പിന്നെയും വാണിംഗ് തരേണ്ടി വരും... പോ മിണ്ടത്തില്ല".  ദൈവത്തിന്റെ മുഖം പിണക്കത്താൽ കൂടുതൽ സുന്ദരമായി.  അതിന്റെ ഭംഗി കണ്ടു, സ്വന്തം വൈരൂപ്യത്തെ കുറിച്ചു ചെകുത്താൻ ഒരു നിമിഷം ആലോചിച്ചു പോയി.  കൊന്ത്രപ്പല്ലും, വാലും, കറുത്ത വൃത്തികെട്ട രൂപവും.  ഇങ്ങേർക്ക് എന്തൊരു ഗ്ലാമർ ആണ്. വീണ്ടും ചെകുത്താന് ദൈവത്തോട് അസൂയ തോന്നി.

 എന്തൊക്കെ ആയാലും ചെകുത്താൻ എന്നും ദൈവത്തിന്റെ ആജ്ഞാനുവർത്തി ആയിരുന്നു.    എങ്കിലും അവർ തമ്മിൽ അതിസങ്കീർണമായ ഒരു അന്തർധാര സജീവമായി നിലനിന്നിരുന്നു.  ചെകുത്താനില്ലാതെ, ദൈവമോ, ദൈവമില്ലാതെ ചെകുത്താനോ ഇല്ലെന്നുള്ള വസ്തുത രണ്ടാൾക്കും നല്ല നിശ്ചയമായിരുന്നിട്ടും, ദൈവം ചെകുത്താനേക്കാൾ മേലെ ആയതും ചെകുത്താൻ അധകൃതനായതും വിശ്വാസികളുടെ വിവരക്കെടാണെന്ന് വിശ്വാസികളെ അറിയിക്കാതിരിക്കാൻ ദൈവം എന്നും ശ്രദ്ധാലുവായിരുന്നു.   ഗ്ലാമർ കുറഞ്ഞതിലുള്ള അപകർഷതാബോധത്തിനാലും, ജന്മനാ ഉള്ള വിവരക്കെടിനാലും തൻറെ കഴിവുകൾ തെളിയിക്കുന്നതിൽ ചെകുത്താൻ ഒരു തികഞ്ഞ പരാജയം ആയതു ദൈവത്തിനു രക്ഷയാവുകയും, വിശ്വാസികളുടെ വിശ്വാസങ്ങൾ എല്ലാം വിശ്വാസങ്ങളായി യാതൊരു കോട്ടവുമില്ലാതെ തുടർന്ന് വരുകയും ചെയ്തു പോന്നു.

അങ്ങനെ ഇരിക്കെയാണ് വിശ്വസികൾക്കിടയിൽ ഭിന്നിപ്പ് സജീവമായത്.  അവരിൽ ചിലർ നിരീശ്വരവാദത്തിലെക്ക് തിരിയാൻ തുടങ്ങി.  വർഷങ്ങൾ കഴിയും തോറും മേല്പറഞ്ഞ വാദികളുടെ എണ്ണം കൂടി വരുകയും ചില ഈശ്വരഅവതാരങ്ങൾ പ്രതിസ്ഥാനത്ത് നില്ക്കപ്പെടുകയും ചെയ്തു.  ദൈവത്തിന്റെ പേരിൽ വൈദികവേഷവും സ്വാമികളെന്ന പേരിൽ കളർഫുൾ കോസ്ട്യുംസും  ഒക്കെ ധരിച്ചു പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിരുന്ന ചിലർ പ്രതിസ്ഥാനത്ത് ആയതോടെ ദൈവത്തിനു ചെറിയ ഭയം തോന്നി തുടങ്ങി.  അതീവബുദ്ധിമാനായ ദൈവം സ്വതവേ പൊട്ടനായ ചെകുത്താനെ വിളിച്ചു.  ആ-സാമികൾ ചെയ്തതൊന്നും പാവം പിടിച്ച ചെകുത്താന്റെ അറിവോടെ അല്ല എന്ന് പൂർണബോധ്യം ഉണ്ടായിരുന്നിട്ടും ദൈവം ചെകുത്താനെ ചോദ്യം ചെയ്യാൻ ഉറച്ചു.

"നീയെന്തിനാണ് ചെകുത്താൻ ബാധ ഒഴിപ്പിക്കാൻ വന്ന കുട്ടിയെ ബലാത്സംഗം ചെയ്തത്?"
 "എൻറെ ദൈവമേ, ഞാനോ?  ങ്ങള് വേണ്ടാതീനം പറയരുത് കേട്ടോ.  ഒരു പെണ്ണിന്റെ മുഖത്ത് നോക്കാൻ കെല്പ്പില്ലാത്ത ഞാനാണ്‌ ബലാൽസംഗം.  ഹോ....."

 ചെകുത്താന്റെ കണ്ണ് നിറഞ്ഞു.  ദൈവത്തിനു പാവം തോന്നി.  "ഓക്കേ,  വെറുതെ ചോദിച്ചതാണ്. നമ്മുടെ നിയമാവലിയിൽ ഒരാളെ പറ്റി   ആരോപണം ഉണ്ടായാൽ അയാളോട് തിരക്കണം എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്.  അത് കൊണ്ട് ചോദിച്ചെന്നു മാത്രം.  ആ ദൈവദാസൻ പറഞ്ഞത് നീ ആണ് അയാളെ കൊണ്ട് അങ്ങിനെ ചെയ്യിച്ചത് എന്നാണ്.  "

ചെകുത്താന്റെ എല്ലാ നിയന്ത്രണവും പോയി.  "ജനിച്ച നാൾ മുതൽ എന്റെ വൈരൂപ്യത്തിലും, ദുഷ്പേരിലും നൊന്തു നീറി കഴിയുന്ന ആളാണ് ഞാൻ.  ഇതു വരെ ഒരു  ജീവിയെ പോലും ദ്രോഹിച്ചിട്ടില്ല.  എന്നിട്ടും ഞാൻ വെറുക്കപ്പെട്ടവൻ.  ചത്തവനും കൊന്നവനും നിങ്ങളുടെ പേരാണ് പറയുന്നത്.  എന്നിട്ടും നിങ്ങളുടെ ദാസന്മാർ എന്നിലാണ് എല്ലാ കുറ്റവും ചുമത്തുന്നതും, പുതിയ തലമുറയ്ക്ക് അത് പറഞ്ഞു പഠിപ്പിക്കുന്നതും... മടുത്തു.  ഞാൻ ഇനി ഇവിടെ നിൽക്കില്ല.  നിങ്ങൾ നോക്കിക്കോ ദൈവമേ.  നിങ്ങളെയും തള്ളിപറയുന്ന, ഒരു കാലം ഉണ്ടാവും.  അന്നു ഞാൻ മടങ്ങി വരും.  നിങ്ങളുടെ  തോൽവി കാണാൻ."

അത്രയും പറഞ്ഞു ചെകുത്താൻ പറുദീസയുടെ പടിയിറങ്ങി.  പിന്നെ ചെകുത്താനെ ആരും കണ്ടിട്ടില്ല.  എങ്കിലും വിശ്വാസികളുടെ മനസ്സിൽ ചെകുത്താൻ എന്നും ഒരു പേടി സ്വപ്നമായി നില നില്ക്കുന്നു.  ദൈവദാസന്മാർ ആവട്ടെ പറുദീസയിൽ നടന്നതൊന്നും അറിയാതെ പാവം ചെകുത്താന്റെ പേരിൽ ചിക്കിലി വാങ്ങി സുമാറായി ജീവിച്ചു പോന്നു.

എന്നാൽ, ചെകുത്താൻ പോയതോടെ ദൈവം തളർന്നു പോയി.  ചെകുത്താനെ ദൈവം അത്രയ്ക്ക് സ്നേഹിച്ചിരുന്നു. ദൈവമെന്നാൽ സ്നേഹം ആണല്ലോ. പതുക്കെ പതുക്കെ, ദൈവം  എല്ലാ ഉത്തരവാദിത്വങ്ങളും, സൃഷ്ടി, സ്ഥിതി, പരിപാലനം, സംഹാരം ഉൾപ്പടെ എല്ലാം ദൈവദാസന്മാർക്കും വിശ്വാസികൾക്കും പതിച്ചു നൽകി എല്ലാ തിരക്കും വിട്ടു  പറുദീസയുടെ ഒരു കോണിൽ ഒതുങ്ങി കൂടി.  എന്നെന്നേക്കുമായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ