Follow by Email

2015, ഡിസംബർ 4, വെള്ളിയാഴ്‌ച

ഏകത്വത്തിലെ നാനാത്വ൦തമിഴ്നാടിനു നേരിട്ട "തിരിച്ചടി" പണ്ട് നമ്മുടെ വെള്ളം "കട്ടെടുത്തതിനും" വെള്ളത്തിന്‌ വേണ്ടി നമ്മളോട് അടിയുണ്ടാക്കിയതിനും ഉള്ള ദൈവശിക്ഷ ആണെന്ന് ചില സൈബർ വിപ്ലവ"കാറി"കളുടെ അഫിപ്രായം കണ്ടിരുന്നു.  ഒരു ലോഡ് പുച്ഛം തോന്നി.  "പാണ്ടി" എന്ന ഓമനപേരിൽ അറിയപ്പെടുന്ന, ആക്രിപെറുക്കാനും തക്കം കിട്ടിയാൽ മുറ്റത്ത്‌ കിടക്കുന്ന കുപ്പിയും പാട്ടയും "കാശു" തരാതെ അടിച്ചു മാറ്റാനും മാത്രം കേരളത്തിൽ വരുന്ന പന്നപാണ്ടികളോട് നമ്മൾ അവജ്ഞ കാട്ടേണ്ടതാണ്.  ഇന്ത്യൻ ഫരണകടന പ്രകാരം അതിൽ കേസ് എടുക്കാനും പറ്റില്ല.  പക്ഷേ, ഈ പാണ്ടിയിൽ നിന്ന് ഹൈ ക്ലാസ്സ്‌ ആയ മലയാളി പഠിക്കേണ്ട കുറെ കാര്യങ്ങൾ ഉണ്ട്.  ആദ്യമായി മേലനങ്ങി പണിയെടുക്കാൻ.  പിന്നെ സ്വന്തം നാട്ടിൽ "കൃഷി"(ശരിയായ അർത്ഥത്തിൽ) ചെയ്തു വിളവെടുക്കാൻ. മര്യാദാപൂർവം  സംസാരിക്കാൻ.  സ്വന്തം നാട്ടിൽ വന്നു താമസിക്കുന്നവനോട് സ്നേഹപൂർവ്വം പെരുമാറാൻ.  (അടിസ്ഥാനപരമായി എല്ലാവനും ഇന്ത്യക്കാരൻ തന്നെ ആണെന്ന വെളിവ്).  തമിഴൻറെ ഏറ്റവും വലിയ പരാജയം അറിവില്ലായ്മ ആണ്.  അത് കൊണ്ട് തന്നെ ആർക്കും എന്തും പറഞ്ഞു പറ്റിക്കാനും ബ്രെയിൻ വാഷ്‌  ചെയ്യാനും എളുപ്പമുള്ള ഒരു ജനത ആണവർ.  എന്നാൽ ഒരു ദുരന്തം വരുമ്പോൾ അവർ അന്യോന്യം സഹായിക്കുന്നതും രക്ഷപെടാൻ ഒരുമിച്ചു ശ്രമിക്കുന്നതും ഒരിക്കലും മലയാളിയിൽ  കാണാൻ കഴിയില്ല.  മലയാളി ആദ്യം ജാതിയും മതവും പാർട്ടിയും  ഒക്കെ നോക്കി വലിയ ബുദ്ധിമുട്ടൊന്നും ഇല്ലെന്നു തോന്നിയാൽ രക്ഷിക്കും.  അങ്ങനുള്ളവരൊക്കെയാണ്‌ പാണ്ടിയെ പരിഹസിക്കുന്നതും(സ്ഥായീഭാവം) ഇപ്പോൾ  കിട്ടിയ ശിക്ഷ ഓർത്തു അർമാദിക്കുന്നതും. ഇങ്ങനൊരു ദുരന്തം "ദൈവത്തിന്റെ സ്വന്തം നാട്ടിൽ" വരില്ലെന്നോ വന്നാൽ ഇതു പോലെ ആവില്ലെന്നോ ഉള്ള അഹങ്കാരം ആണെങ്കിൽ നിങ്ങളെ ഒക്കെ ഓർത്തു സഹതാപം മാത്രമേ തോന്നുന്നുള്ളൂ. കാരണം ഇങ്ങനൊന്ന് കേരളത്തിൽ ഉണ്ടായാൽ(ഉണ്ടാവാൻ എല്ലാ സാധ്യതയും ഉണ്ട്, ശാസ്ത്രീയമായി ചിന്തിച്ചാൽ) തമിഴൻ കാണിക്കുന്ന സഹാനുഭൂതി മലയാളി കാണിക്കണമെങ്കിൽ അതിനു കുറെ മാനദണ്ടങ്ങൾ നോക്കി ആയിരിക്കുമെന്ന് ഓർത്താൽ നന്നായിരിക്കും.

എൻറെ സംശയം ഇതാണ്.  തൊട്ടതിനും പിടിച്ചതിനും രാജ്യസ്നേഹം വിളമ്പുന്നവരൊക്കെ തമിഴ്നാട് പാകിസ്ഥാനിൽ ആണെന്ന് തെറ്റിദ്ധരിച്ചാവുമോ ഇമ്മാതിരി പ്രതികരിക്കുന്നതും ശ്രദ്ധിക്കാതെ ഇരിക്കുന്നതും? കറുത്തവൃത്തികെട്ട തമിഴനും തമിഴത്തിയും വെളുത്ത, വൃത്തിയുള്ള മലയാളിക്ക് നികൃഷ്ടരായത് പോലെ തന്നെയാണ് അതിലും വെളുത്ത സുന്ദരന്മാരായ വടക്കേഇന്ത്യൻ ആര്യൻമാർക്ക് തെക്കേഇന്ത്യയിലെ എല്ലാവരും നിക്രിഷ്ടരാവുന്നത്.  അത് നാഷണൽ പത്രങ്ങൾ ഈ വെള്ളപ്പൊക്കത്തിനു കൊടുക്കുന്ന വാർത്താപ്രാധാന്യം കാണുമ്പൊൾ വ്യക്തമാവാറുണ്ട്.  ഈ വെള്ളപ്പൊക്കം  കേരളത്തിൽ ആയാൽ അവിടെ ഉള്ള നമ്പൂതിരിയേയും നായരേയും ഓർത്തു പ്രസ്തുത ആര്യന്മാർ സഹായഹസ്തം നീട്ടുമെന്ന് വിചാരിക്കുന്നത്‌ നിങ്ങളുടെ ഒക്കെ ജന്മനാ ഉള്ള  വിവരക്കേട് മാത്രമാണ്.  

വർണവിവേചനം (racism) എന്നാൽ സായിപ്പ് കറുത്തവനോടും ഇന്ത്യക്കാരനോടും കാണിക്കുന്ന  വിവേചനം മാത്രമല്ല.  തമിഴൻ മലയാളിയോട് കാണിക്കുന്നത്, സവർണ്ണൻ അവർണ്ണനോട് കാണിക്കുന്നത്, വടക്കേ ഇന്ത്യക്കാരൻ തെക്കേ ഇന്ത്യക്കാരനോട് കാണിക്കുന്നത് എല്ലാം ഈ വിഭാഗത്തിൽ പെടുന്നു.  രാജ്യസ്നേഹം എന്നാൽ രാജ്യത്തിനോടുള്ള, രാജ്യത്തിലെ എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങളുടെയും  വികാരങ്ങളോടുള്ള ഐക്യദാർഡ്യം ആകണം.  അല്ലാതെ ഈ മാതിരി രാജ്യസ്നേഹം വെച്ച് കൊണ്ടിരിക്കുന്ന  നിങ്ങളൊക്കെ(ഇൻറെർനെറ്റ് ഉപയോഗിക്കാൻ അറിയാം എന്നതൊഴിച്ചാൽ) പണ്ട് പാർട്ടി പറഞ്ഞിട്ട് മുല്ലപ്പെരിയാർ വിഷയത്തിൽ കിട്ടിയ മലയാളിയെ ഒക്കെ ഓടിച്ചിട്ട്‌ തല്ലിയ അക്ഷരാഭ്യാസം ഇല്ലാത്ത തമിഴനിൽ നിന്ന് ഒട്ടും വ്യത്യസ്തരല്ല.

ഇന്ത്യ എന്ന "വികാരം" എല്ലാവർക്കും ഇപ്രകാരം ആണ്

"തങ്ങളിൽ തങ്ങളിൽ മുഖത്ത് തുപ്പും 
നമ്മൾ ഒന്നെന്നു ചൊല്ലും ചിരിക്കും"

ജയ് ഹിന്ദ്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ