Follow by Email

2015, ഡിസംബർ 24, വ്യാഴാഴ്‌ച

അതിപുരോഗമനവാദി

ഞാനൊരു അതിപുരോഗമനവാദി ആകുന്നു
എൻറെ ആശയങ്ങൾ എല്ലാത്തിനെയും
വെല്ലുവിളിക്കുന്നതാണ്
ഇന്നലെ ശിക്ഷ കഴിഞ്ഞിറങ്ങിയ ഒരു പയ്യനെ
കൊല്ലണം എന്നു വരെ ആക്രോശിക്കുന്ന
മുഖപുസ്തകത്തിലെ
പുരോഗമനക്കാരെ എനിക്ക് പുച്ഛമാണ്

അവൻ ഒരു പാവപ്പെട്ട വീട്ടിലെ ചെക്കനാണ്
ഒരു വല്ലാത്ത സങ്കടപൂർണമായ ഭൂതകാലം ഉള്ള
"ഒരു മാതിരി ഭൂതം" ആണ് ആ "പാവം പയ്യൻ"
ചെറുപ്പത്തിന്റെ കുസൃതിയിൽ അവൻ ചെയ്ത
"കുഞ്ഞുതെറ്റു"കളിൽ ഒന്ന് മാത്രമായ സ്വന്തം റോഡും
ഇരുമ്പ്റോഡും കയറ്റിയുള്ള പ്രയോഗം
വിശാലഹൃദയനായ
"ഗർവാസീസ്" ആശാനായ ഞാൻ ക്ഷമിച്ച പോലെ
"മൃഗതൃഷ്ണകൾ" വിട്ടു നിങ്ങളോരോരുത്തരും കഷമിക്കണം
എന്ന് ഞാൻ ഇതിനാൽ അറിയിച്ചു കൊള്ളുന്നു

ഒരാൾ കുറ്റവാളി ആക്കപ്പെടുന്നതാണ്..ആകുന്നതല്ല
ആയതിനാൽ അതിനിടയായ സാഹചര്യങ്ങൾ കൂടി
കണക്കിലെടുക്കേണ്ടതുണ്ട്... നമ്മുടെ വ്യവസ്ഥിതി,
സ്ത്രീകളുടെ അസമയസഞ്ചാരം, ലെഗ്ഗിങ്ങ്സ്, പുരുഷസുഹൃത്ത്
എല്ലാം നമ്മൾ ചിന്തിക്കുക..
ആ പയ്യന്റെ കഴപ്പ് പ്രായത്തിന്റെ
പ്രശ്നവും അവൻറെ ജീവിതസാഹചര്യങ്ങളുടെ പ്രശ്നവും ആകുന്നു
ആയതിനാൽ അവനെ പുനരധിവസിപ്പിച്ചു മുഖ്യധാരയിൽ
കൊണ്ട് വരുന്നതിനായി എല്ലാവരും സഹകരിക്കുക.
 ഇനിയുള്ള പ്രായപൂത്രി ആകാത്ത കുഞ്ഞുങ്ങൾക്കും
അവനൊരു മാതൃക ആവട്ടെ

എന്നാൽ, എൻറെ ഭാര്യയെയോ സഹോദരിയെയോ മകളെയോ
നോക്കി അനാവശ്യം പറയുകയോ, അവരെ ഉപദ്രവിക്കുകയോ ചെയ്യാൻ
ഏതെങ്കിലും ഒരുത്തൻ വന്നാൽ പ്രായമോ, മേല്പറഞ്ഞ പുരോഗമനമോ
അവൻറെ അടിനാഭി ഇടിച്ചു കലക്കാൻ എനിക്ക് തടസ്സമാവില്ലെന്ന് കൂടി
ഇതിനാൽ അറിയിച്ചു കൊള്ളുന്നു...
എന്റെ സുന്ദരിയായ മകളെ പ്രണയിക്കാൻ വരുന്നവനും മേല്പറഞ്ഞ
നിയമം ബാധകമായിരിക്കുന്നതാണ്

2015, ഡിസംബർ 23, ബുധനാഴ്‌ച

ഇല്ല....എന്നെ നിങ്ങൾ അറിയില്ല......

 

അച്ഛനെന്നത് വടവൃക്ഷം അല്ലെങ്കിൽ പടുമരം 
അമ്മയുടെ നെരിപ്പോട് പുകഞ്ഞു തന്നെ

നിറം നോക്കി സംരക്ഷിക്കപ്പെടുമ്പോൾ
എന്നും  രണ്ടാം തരം;  
ചിലപ്പോൾ  വെളിക്കിരിക്കുംപോഴോ
മുറ്റത്ത്‌ കളിക്കുംപോഴോ, സ്കൂളിൽ നിന്ന്
വരുമ്പോഴോ പെട്ടെന്നൊരു  മാജിക്‌
പിന്നെ....
 മരക്കൊമ്പിൽ നിന്നൊരു തുറിച്ചു നോട്ടം
 മെഴുകുതിരികൾ കത്താറില്ല..പതിവില്ല....   

അമ്മാത്തെ കുട്ടിക്ക് അച്ചടക്കം നിര്ബന്ധം
പേരുദോഷം കേൾപ്പിച്ചാൽ ആത്മഹത്യ തന്നെ
ശുദ്ധജാതകം നിര്ബന്ധം...ഇല്യാച്ചാൽ
ഒരു കഷണ്ടി തലയോ, നരവീണ മുടിയോ
പടിപ്പുര കടന്നു എന്നെങ്കിലും വന്നാലായി 

പള്ളിയും പട്ടക്കാരും കനിഞ്ഞില്ലെങ്കിൽ
പ്രാരാബ്ധചുമടും തൂക്കി ശിരോവസ്ത്രം
അണിയേണ്ടി വരുമെന്ന ഒരു നെടുവീർപ്പ്
കിഴക്കൻ മലയിറങ്ങി വരുന്നു

മൂടിപുതച്ചാൽ മാത്രമെ സംരക്ഷിക്കപ്പെടൂ
എന്ന് കഴിഞ്ഞ കുറച്ചു വർഷത്തിനുള്ളിൽ
വെളിവ് വരാത്ത;  മൂന്നു നേരത്തിൽ
 ഒന്നു പോലും
മുടക്കാത്ത ഒരു പ്രാർത്ഥന-
 പുറത്താക്കലിന്റെ ഭീഷണിയിൽ 
വീടിന്റെ പിന്നാമ്പുറത്തെവിടെയോ
ബിരിയാണിയും മട്ടനും പുഴുങ്ങുന്നു

ഇല്ല....എന്നെ നിങ്ങൾ അറിയില്ല......
എനിക്ക് ഫേസ്ബുക്കില്ല
പ്രതികരണശേഷിയുമില്ല
പ്രണയിക്കാനറിയില്ല
കവിത എഴുതാറില്ല 
അറിയുന്നത് ഒന്നു   മാത്രം
വെറുതെ
വെറുതെ കരയാൻ മാത്രം...

2015, ഡിസംബർ 19, ശനിയാഴ്‌ച

നാളെ നല്ല നാളെഅങ്ങനെ ഇന്നലെ ആ പാവം പാൽക്കാരൻ പയ്യൻ ശിക്ഷകളിൽ നിന്നെല്ലാം മുക്തനായെന്ന് പറയാൻ പറഞ്ഞു,  പരമോന്നതനീതിപീഠം.  ഈ കളി കൊള്ളാം.  കാരണം, നുമ്മ ഒരു ചരക്കിനെ മര്യാദ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, അത് 18 തികയുന്നതിന് 1 ദിവസം മുൻപേ ആകുമ്പോൾ നുമ്മക്ക് ജനാധിപത്യ-നീതി-ന്യായ വ്യവസ്തിയിൽ നിന്ന് തലനാരിഴ വ്യത്യാസത്തിൽ ഊരി പോരാമല്ലോ.  പാർകിൽ കളിച്ചു കൊണ്ട് നിന്ന കുഞ്ഞിന്റെ കുട്ടിയുടുപ്പിനടിയിലും കാമം പരത്തുന്ന ഉദ്ധരിച്ച ലിംഗങ്ങൾക്ക് പ്രായം നോക്കി ശിക്ഷ നടപ്പാക്കുന്ന, മഹത്തായ നീതി വ്യവസ്ഥയുടെ പിന്മുറക്കാരായതിൽ ഞാൻ അഫിമാനം കൊള്ളുന്നു.

ആ പാവം പാൽക്കാരൻ പയ്യൻ ഇന്നല്ലെങ്കിൽ നാളെ ഇറങ്ങുമെന്ന്   അറിയാമായിരുന്നു.  പ്രായപൂത്രി ആയ പു-ലിംഗങ്ങൾ ചാമിയായും മുകേഷായും അക്ഷയ് ആയും അകത്തും സോഹൻലാലോ മറ്റാരൊക്കെയോ ആയി പുറത്തും നടക്കുമ്പോൾ, ഈ പീറപയ്യൻ വെളിയിൽ ഇറങ്ങുന്നത് കൊണ്ട് ആർക്കെന്തു ചേദം.  കാലോ, കഴുത്തോ, വിരലോ കണ്ടാൽ പോലും ഉദ്ധരിച്ചു പോകുന്ന വിധം അപകടകരമായ ചോദന ഉള്ള പൊട്ടെൻഷ്യൽ റേപിസ്ടുകളെ പേടിച്ചു മതത്തിനനുസരിച്ചു പർദയോ, സാരിയോ, സ്ലിറ്റ് ഇല്ലാത്ത, ലൂസ് ആയ ചുരിദാറോ, ഉന്തി നില്ക്കുന്നതും തള്ളി നിൽക്കുന്നതും, മറ്റുള്ളവർക്ക് ചലനം ഉണ്ടാവാത്ത വിധത്തിൽ മറച്ചു വെച്ച "അന്തസ്സും മര്യാദയുമുള്ള" വസ്ത്രം ധരിപ്പിച്ചു "പെങ്ങന്മാരെ" നിരത്തിൽ ഇറക്കുന്ന, മനുഷ്യരാശിക്ക് തന്നെ ദോഷമായ  ലെഗ്ഗിങ്ങ്സ് നിരോധനം പ്രാബല്യത്തിൽ വരുത്തിയ നമ്മൾക്ക്, ഇനി എന്നാ പേടിക്കനാന്നെ.  നുമ്മ സേഫ് ആണ്.  നല്ല വൃത്തിയായി എല്ലാം മറച്ചു, സന്ധ്യ കഴിഞ്ഞു പുറത്തിറങ്ങാതെ നമുക്ക് വീട്ടിലിരിക്കാം(ചില വീടുകളാണെങ്കിൽ അവിശ്വസനീയമാം വിധം സേഫ് ആണ്  എന്നാണ് പാണന്മാർ പറയുന്നത്).  സുപ്രീം കോടതിക്ക് വരെ ഒന്നും ചെയ്യാൻ പറ്റാത്ത കാലത്ത് ഇനി ഇപ്പോ മറ്റെന്താണ് വഴി.  

പെണ്ണുങ്ങളുടെ വസ്ത്രധാരണം, പീഡനം എന്ന വിഷയം വരുമ്പോൾ ഹിന്ദുവും  ക്രിസ്ത്യാനിയും  മുസ്ലിമും  ഒന്നിച്ചുണർന്നു ഒറ്റക്കെട്ടായി വസ്ത്രം ഇട്ടു സംരക്ഷിപ്പിക്കുന്നതിനെ പറ്റി മതപ്രസംഗം നടത്തും.  എന്നിട്ട് ഉണർന്നവരെല്ലാം കൂടി അതിനെ എതിർക്കുന്നവരുടെ പ്രൊഫൈലിൽ അല്ലെങ്കിൽ മുറ്റത്ത് ചെന്ന് മുള്ളി വെക്കും.  എന്നിട്ട് രാത്രിയാവുമ്പോൾ ഞരമ്പ്‌ രോഗത്തിനുള്ള മരുന്ന് കഴിച്ചിട്ട് സുഖമായി കിടന്നുറങ്ങും.  


ആ പാൽക്കാരൻ പയ്യന് ദൈവം നല്ല ശിക്ഷ കൊടുക്കേണ്ടെ?. 

നല്ലൊരു നാളേക്കായി   ജഗദീശ്വരനോട് പ്രാർത്ഥിക്കാൻ മറക്കണ്ട.

2015, ഡിസംബർ 18, വെള്ളിയാഴ്‌ച

വാഴ"കുല"കൾ (ഒരു "ബാല"കവിത(?))അച്ഛൻ ഒരു വാഴ നട്ടു. 
നാളുകൾ കടന്നു പോയി
കാറ്റും, മഴയും, വെയിലും, മഞ്ഞും
മാറി മാറി വന്നു...
വാഴ കുലച്ചു...

കുല വളരാൻ തുടങ്ങി..
കുലയുടെ ഭാരത്താൽ വാഴ
"വീണു" പോവുമോ  എന്ന "ഭയം "
ഒന്നു കൊണ്ട് മാത്രം അച്ഛൻ
വാഴയ്ക്ക് ഒരു "താങ്ങ്" വെച്ചു

അത് വടിവൊത്ത മുഴുപ്പൊത്ത
സുന്ദരമായ ഒന്നാന്തരം പൂവൻകുല
ആയിരുന്നെന്നതിനാലാവണം 
അച്ഛൻ അതിനെ "കരിയില" കൊണ്ട്
"ആദ്യം" "പൊതിഞ്ഞു" "സൂക്ഷിച്ചു".
 അത് മുഴുപ്പെത്തി വിളഞ്ഞപ്പോൾ
അച്ഛൻ "കുല വെട്ടി" "ചാക്കിൽ കെട്ടി"
പത്തായത്തിൽ വെച്ചു ...

"കുല പഴുത്തോ?" എന്ന് നോക്കാൻ മാത്രം
ഞാൻ പത്തായം തുറക്കുമായിരുന്നു
എന്നതൊഴിച്ചാൽ, കുല "പത്തായത്തിലെ"
"ചാക്കുകെട്ടിൽ" "സുരക്ഷിതമായിരുന്നു"

കുല "ചെറിയ മഞ്ഞ നിറം" കാട്ടി തുടങ്ങിയതിനു
അടുത്ത "ചന്ത ദിവസം" അച്ഛൻ അതിനെ
സൈക്കിളിൽ വെച്ച് കെട്ടി ചന്തക്കു കൊണ്ട് പോയി
അച്ഛനോടൊത്ത്  "സന്തോഷവതിയായി ചന്തക്കു
പോവുന്ന കുലയെ" ഞാൻ നിസ്സംഗയായി നോക്കി നിന്നു
ചന്തയിൽ അച്ഛൻ "കിട്ടാവുന്ന നല്ല വില"യ്ക്ക് കുല
വിറ്റ്, "സ്വസ്ഥനായി" വന്നിരുന്നു ടി വി കണ്ടു...

കുല,  കാറ്റും വെയിലും മഞ്ഞും കൊണ്ട്
"മൂപ്പെത്തി", "പഴുത്തു " വല്ല "അണ്ണാനോ", "കിളിയോ"
തിന്നുന്നതിലും എത്രയോ നല്ലതാണ്
വല്ലവന്റേയും അണ്ണാക്കിൽ പോകുന്നതെന്ന്
ഞാനും ആശ്വസിച്ചു..

ചാക്കിൽ കെട്ടി പഴുപ്പിക്കാൻ വെയ്ക്കുന്ന
എല്ലാ കുലകളും നാളെയുടെ വാഗ്ദാനങ്ങളാണ്...
നന്നായി പഴുത്തു  പാകമായി നല്ല വില കിട്ടാനുള്ള ,
പൂവൻപഴങ്ങൾ ആകാൻ മാത്രം വിധിക്കപ്പെട്ടവ ..

എൻറെ പൂവൻപഴമെ, എന്റെ നാടിന്റെ രുചിയേ ...
നിനക്ക് നമോവാകം


2015, ഡിസംബർ 17, വ്യാഴാഴ്‌ച

എന്റെ പ്രിയപ്പെട്ട കൂട്ടുകാരി


എന്റെ പ്രിയപ്പെട്ട കൂട്ടുകാരി
ഒരു സ്പോർട്സ് താരമായിരുന്നു ......
പഠിക്കാൻ മോശം ആയിരുന്നെങ്കിലും
സ്പോർട്സ് ഡേയിൽ എല്ലാ സമ്മാനങ്ങളും
അവൾ കൊണ്ട് പോകുമായിരുന്നു...
പ്രത്യേകിച്ച് ചാക്കിൽ കേറി  ഓട്ടത്തിന്
എല്ലാ കൊല്ലവും അവളായിരുന്നു മുന്നിൽ...
പ്രായം തികയാൻ നോക്കി നിന്ന പോലെ
കുടുംബിനിയായ അവളെ,  പിന്നെ കണ്ടത്
 കോളേജിൽ നിന്ന് വരും വഴിയിൽ....
വർഷങ്ങൾ പെയ്തു പെയ്തു കുഴഞ്ഞു മറിഞ്ഞു
കുത്തിയൊലിച്ച ടൌണിന്റെ ഓരത്തിൽ
ഒക്കത്തൊന്നും കയ്യിലൊന്നുമായി
അവളെ കണ്ടപ്പോൾ പല വിശേഷങ്ങൾക്കുമൊപ്പം
ചാക്കിൽ കേറി ഓടാൻ ഇപ്പോളും നീ റെഡി
ആണോ എന്നെനിക്കു ചോദിക്കേണ്ടി വന്നില്ല
അവളുടെ സുന്ദരമായ, വിടർന്ന, മഷിയിട്ട
മിഴികൾ എന്നോടെല്ലാം വ്യക്തമായി പറഞ്ഞിരുന്നു......
2015, ഡിസംബർ 15, ചൊവ്വാഴ്ച

എൻറെ പ്രണയം എൻറെ ഏട്ടിലെ പശുവാണ്

എൻറെ  പ്രണയം എൻറെ ഏട്ടിലെ പശുവാണ്
അത്രയേറെ നിർമലവും പവിത്രവുമാണ്
പ്രണയവിസർജ്യങ്ങൾ പോലും ഞാൻ ഭവ്യതയോടെ
വാരിയെടുത്ത് മനസിന്റെ മണിമുറ്റത്ത്‌ തളിച്ചു വെക്കുന്നു
വെള്ളത്തിൽ കലക്കി ശുദ്ധികലശം നടത്തുന്നു

എൻറെ പശു എനിക്ക് പ്രണയത്തിന്റെ പാൽ ചുരത്തുന്നു
രാവിലേയും വൈകുന്നേരവും ഞാനത് മുത്തി കുടിച്ചു
ആരോഗ്യദൃഡഗാത്രനായി പരിലസിക്കുന്നു
വിരസമായ ഉച്ചമയക്കങ്ങളിൽ അവളുടെ  താളാത്മക
സംഗീതം കേട്ടുണരുന്ന ഞാൻ അവളുമായി സവാരിക്കിറങ്ങുന്നു
വെയിലു ചായുന്ന മലമടക്കുകളിൽ അവൾ മേയുന്നത് കണ്ടു
രസിച്ചിരുന്നു ഞാനെന്റെ പ്രണയത്തിന്റെ മനോഹാരിത നുണയുന്നു

കറവ മുറ്റി തുടങ്ങിയപ്പോൾ എൻറെ പശു alias എൻറെ പ്രണയം
എനിക്ക് മടുത്തു തുടങ്ങുന്നു;
അറവുകാരന് കൊടുക്കാൻ പറ്റാത്തതിനാൽ
 അവളെ തീറ്റി പോറ്റി മുടിഞ്ഞ ഞാൻ
വിഷം കൊടുത്തു കൊന്നു, പകരം നല്ല കറവയുള്ള
മറ്റൊരെണ്ണത്തെ വാങ്ങി
എന്റെ പ്രണയം ചാക്രികമായി തുടരുന്നു
അതെ.....
എന്റെ പ്രണയം എന്റെ ഏട്ടിലെ പശുവാണ്
അത്രയേറെ നിർമലവും പവിത്രവുമാണ്

2015, ഡിസംബർ 12, ശനിയാഴ്‌ച

ബ്ലോഗിൽ ഒതുങ്ങുന്ന എന്റെ വിമോചനംപെണ്‍കുഞ്ഞിൽ  മുതൽ പടുകിഴവിയിൽ വരെ
ലൈംഗികപാഠങ്ങൾ വ്യാപകമായി
അഭ്യസിക്കുന്ന നാട്ടിലിരുന്നു ഞാൻ
സ്ത്രീ വിമോചനം പ്രസംഗിക്കുകയായിരുന്നു
എൻറെ മുന്നിൽ കൂടി അപ്പോൾ കടന്നു പോയ
ജാഥയിൽ ലൈംഗികആരോപണവിധേയരായ
മന്ത്രിമാരെല്ലാം രാജി വെക്കണമെന്ന് ഉറക്കെ
വിളിച്ചു പറയുന്നുണ്ടായിരുന്നു...
ജാഥയിൽ എന്നെ കടന്നു പോയവരുടെ കൂട്ടത്തിലുള്ള 
ചിലരപ്പോഴും വാട്സപ്പിൽ ക്ലിപ്പ് വന്നോ എന്ന്
പരതുകയായിരുന്നു....
എൻറെ പ്രസംഗം കേട്ടിരുന്ന മറ്റു ചിലരാവട്ടെ 
എന്റെ അവയവങ്ങളുടെ മുഴുപ്പുകളിലായിരുന്നു
മിഴി പായിച്ചിരുന്നത്..വേറെ ചിലർ
 ഫോട്ടോ എടുക്കുന്നതിന്റെ തിരക്കിലും..
പ്രസംഗം കഴിഞ്ഞു ഞാൻ വീട്ടിൽ വന്നപ്പോഴായിരുന്നു
അച്ഛൻറെ നോട്ടവും സ്പർശനവും അരോചകമാണെന്ന
കൂട്ടുകാരിയുടെ പരാതിയുമായി മകൾ വന്നത്..
അതിനെ പറ്റി തിരക്കാൻ മകളെയും കൂട്ടി
കൂട്ടുകാരിയുടെ വീട്ടിൽ ചെന്നപ്പോളാവട്ടെ
കൂട്ടുകാരിയുടെ അമ്മ സ്ത്രീശക്തിയുടെ
മീറ്റിങ്ങിനു പോയിരിക്കുന്നു...
എങ്ങുമെങ്ങും എത്താത്ത വിമോചനവും
സുരക്ഷിതത്വവും അന്ന് മുതലാണ് ഞാൻ
എൻറെ ബ്ലോഗിൽ ഒതുക്കിയതും എൻറെ
മകളേയും കൂട്ടി നാട് വിടാൻ ഉറച്ചതും...

2015, ഡിസംബർ 11, വെള്ളിയാഴ്‌ച

പലതരം കവികൾ

ഒരു കവി

 അന്തക്കരണത്തിൽ അഗ്നിസ്ഫുലിംഗങ്ങൾ
ഉണർത്തുന്നോരെൻ അപ്സരകന്യകേ
നിൻറെ അംഗപ്രത്യംഗമെൻ കവിഭാവനയെ
തഴുകിയുണർത്തട്ടെ...
ലോല കപോലവും, തളിരാധാരങ്ങളും
കുചകുംഭവും, അടിവയറും
സ്വാഹാ

മറ്റൊരു കവി

പെണ്ണേ,
കടക്കണ്ണിൽ എന്നെ കൊരുത്തിട്ടു നീ...
നിദ്രവിഹീനനായ് ഞാൻ...
പല്ലവ അധര പുടങ്ങളോ , നീണ്ട നാസികയോ
താമരകണ്ണുകളോ
തുള്ളിതുളുംബുന്ന  നിതംബമോ
താമരമൊട്ടിനൊത്ത കുംഭങ്ങളോ
എന്നെ വികാര വിവശനാക്കുന്നു
സ്വാഹാ

ഇതൊന്നു ലളിതമാക്കിയാൽ ഇപ്രകാരം എഴുതാം

നിൻറെ മുലകൾ, കുണ്ടി , തുട
സ്വാഹാ


കുതിര നാട് മൊത്തം ചുറ്റി ഒടുക്കം ലായത്തിൽ വന്നു കയറും...

സ്വാാാാഹാാാാ
  

2015, ഡിസംബർ 10, വ്യാഴാഴ്‌ച

എൻറെ ഇന്ത്യ...

തെരുവോരത്തെ, ജീവിക്കാൻ അർഹതയില്ലാത്ത
പട്ടിണിക്കാരെ, ഒറ്റരാത്രികൊണ്ട്;
വീണ്ടു മൊരു പ്രഭാതത്തിനോട് പൊരുതാൻ
ഇടയാക്കാത്ത വിധം...
മനുഷ്യസ്നേഹവും സഹാനുഭൂതിയുമുള്ള;
മിന്നിത്തിളങ്ങുന്ന താരങ്ങളും ലാൻഡ്‌ ക്രൂയിസറുകളുമുള്ള ;
ജനാധിപത്യം എന്ന് കേട്ടാൽ ചോര തിളയ്ക്കുന്ന;
പാവപ്പെട്ടവനും പണക്കാരനും ഒരേ  നീതി നടപ്പാക്കുന്ന;
പെണ്ണിനും പശുവിനും ഒരേ വിലയുള്ള;
ദളിതനും ആര്യനും വർണ്ണവിവേചനങ്ങൾ ഒന്നുമില്ലാത്ത;
എൻറെ ഇന്ത്യയാണിത്...

കോടികളുടെ കടങ്ങൾ എഴുതി തള്ളിയാലും
ഒരു കൃഷിക്കാരൻ പോലും ലോണ്‍ അടക്കാതിരിക്കരുതെന്നു
എഴുതപ്പെട്ട നിയമവ്യവസ്ഥയുള്ള എന്റെരാജ്യമാണിത്‌.....
എന്റെ ഇന്ത്യ....

ജനങ്ങളാൽതിരഞ്ഞെടുക്കപ്പെട്ട ജനകീയമായ ഇന്ത്യ ..
ബീഫ് തിന്നുന്നവനെ കൊന്നു തിന്നുന്നവന്റെ ഇന്ത്യ ...
ദളിതൻ തന്നേ തീയിട്ടും, കെട്ടിതൂങ്ങിയും, മരിച്ചു കൊണ്ടിരിക്കുന്ന ;
 പെണ്ണിനു  ചരക്കെന്നും; പശുവിനു  മാതാവെന്നും ;
വിളിപ്പേരുളള,
കാലങ്ങളുടെ പാരമ്പര്യവും സംസ്കാരവും..
സ്വന്തമായി ദൈവങ്ങൾ വരെയുള്ള...
 എൻറെ ഇന്ത്യ...

ഇന്ത്യ എന്റെ രാജ്യമാണ്
അതിൽ ഞാൻ അഭിമാനം കൊള്ളുന്നു...
ഒന്നല്ല ഒരായിരം വട്ടം..

പറുദീസ ഉപേക്ഷിച്ച ചെകുത്താൻ

ചെകുത്താൻ വെറുതെ ബീഡി വലിച്ചിരുന്നപ്പോഴാണ് ദൈവവിളി വന്നത്. ആഞ്ഞുവലിച്ചു തീർത്തു, ബീഡി ചവിട്ടി കൂട്ടി ഇട്ടിട്ട് ഓടി ചെന്നപ്പോളേക്കും ദൈവം കുപിതനായിരുന്നു.  ചെകുത്താൻ ദൈവത്തിനു മുന്നിൽ എന്നത്തേയും പോലെ തലകുനിച്ചു നിന്നു.  ദൈവം തുടങ്ങി "ഞാൻ നിനക്ക് പല വട്ടം വാണിംഗ് തന്നതാണ്.  ഇനിയും ഇതാവർത്തിച്ചാൽ"... "ആവർത്തിച്ചാൽ?"   പ്ലിങ്ങിതനായ ദൈവം പറഞ്ഞു " പിന്നെയും വാണിംഗ് തരേണ്ടി വരും... പോ മിണ്ടത്തില്ല".  ദൈവത്തിന്റെ മുഖം പിണക്കത്താൽ കൂടുതൽ സുന്ദരമായി.  അതിന്റെ ഭംഗി കണ്ടു, സ്വന്തം വൈരൂപ്യത്തെ കുറിച്ചു ചെകുത്താൻ ഒരു നിമിഷം ആലോചിച്ചു പോയി.  കൊന്ത്രപ്പല്ലും, വാലും, കറുത്ത വൃത്തികെട്ട രൂപവും.  ഇങ്ങേർക്ക് എന്തൊരു ഗ്ലാമർ ആണ്. വീണ്ടും ചെകുത്താന് ദൈവത്തോട് അസൂയ തോന്നി.

 എന്തൊക്കെ ആയാലും ചെകുത്താൻ എന്നും ദൈവത്തിന്റെ ആജ്ഞാനുവർത്തി ആയിരുന്നു.    എങ്കിലും അവർ തമ്മിൽ അതിസങ്കീർണമായ ഒരു അന്തർധാര സജീവമായി നിലനിന്നിരുന്നു.  ചെകുത്താനില്ലാതെ, ദൈവമോ, ദൈവമില്ലാതെ ചെകുത്താനോ ഇല്ലെന്നുള്ള വസ്തുത രണ്ടാൾക്കും നല്ല നിശ്ചയമായിരുന്നിട്ടും, ദൈവം ചെകുത്താനേക്കാൾ മേലെ ആയതും ചെകുത്താൻ അധകൃതനായതും വിശ്വാസികളുടെ വിവരക്കെടാണെന്ന് വിശ്വാസികളെ അറിയിക്കാതിരിക്കാൻ ദൈവം എന്നും ശ്രദ്ധാലുവായിരുന്നു.   ഗ്ലാമർ കുറഞ്ഞതിലുള്ള അപകർഷതാബോധത്തിനാലും, ജന്മനാ ഉള്ള വിവരക്കെടിനാലും തൻറെ കഴിവുകൾ തെളിയിക്കുന്നതിൽ ചെകുത്താൻ ഒരു തികഞ്ഞ പരാജയം ആയതു ദൈവത്തിനു രക്ഷയാവുകയും, വിശ്വാസികളുടെ വിശ്വാസങ്ങൾ എല്ലാം വിശ്വാസങ്ങളായി യാതൊരു കോട്ടവുമില്ലാതെ തുടർന്ന് വരുകയും ചെയ്തു പോന്നു.

അങ്ങനെ ഇരിക്കെയാണ് വിശ്വസികൾക്കിടയിൽ ഭിന്നിപ്പ് സജീവമായത്.  അവരിൽ ചിലർ നിരീശ്വരവാദത്തിലെക്ക് തിരിയാൻ തുടങ്ങി.  വർഷങ്ങൾ കഴിയും തോറും മേല്പറഞ്ഞ വാദികളുടെ എണ്ണം കൂടി വരുകയും ചില ഈശ്വരഅവതാരങ്ങൾ പ്രതിസ്ഥാനത്ത് നില്ക്കപ്പെടുകയും ചെയ്തു.  ദൈവത്തിന്റെ പേരിൽ വൈദികവേഷവും സ്വാമികളെന്ന പേരിൽ കളർഫുൾ കോസ്ട്യുംസും  ഒക്കെ ധരിച്ചു പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിരുന്ന ചിലർ പ്രതിസ്ഥാനത്ത് ആയതോടെ ദൈവത്തിനു ചെറിയ ഭയം തോന്നി തുടങ്ങി.  അതീവബുദ്ധിമാനായ ദൈവം സ്വതവേ പൊട്ടനായ ചെകുത്താനെ വിളിച്ചു.  ആ-സാമികൾ ചെയ്തതൊന്നും പാവം പിടിച്ച ചെകുത്താന്റെ അറിവോടെ അല്ല എന്ന് പൂർണബോധ്യം ഉണ്ടായിരുന്നിട്ടും ദൈവം ചെകുത്താനെ ചോദ്യം ചെയ്യാൻ ഉറച്ചു.

"നീയെന്തിനാണ് ചെകുത്താൻ ബാധ ഒഴിപ്പിക്കാൻ വന്ന കുട്ടിയെ ബലാത്സംഗം ചെയ്തത്?"
 "എൻറെ ദൈവമേ, ഞാനോ?  ങ്ങള് വേണ്ടാതീനം പറയരുത് കേട്ടോ.  ഒരു പെണ്ണിന്റെ മുഖത്ത് നോക്കാൻ കെല്പ്പില്ലാത്ത ഞാനാണ്‌ ബലാൽസംഗം.  ഹോ....."

 ചെകുത്താന്റെ കണ്ണ് നിറഞ്ഞു.  ദൈവത്തിനു പാവം തോന്നി.  "ഓക്കേ,  വെറുതെ ചോദിച്ചതാണ്. നമ്മുടെ നിയമാവലിയിൽ ഒരാളെ പറ്റി   ആരോപണം ഉണ്ടായാൽ അയാളോട് തിരക്കണം എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്.  അത് കൊണ്ട് ചോദിച്ചെന്നു മാത്രം.  ആ ദൈവദാസൻ പറഞ്ഞത് നീ ആണ് അയാളെ കൊണ്ട് അങ്ങിനെ ചെയ്യിച്ചത് എന്നാണ്.  "

ചെകുത്താന്റെ എല്ലാ നിയന്ത്രണവും പോയി.  "ജനിച്ച നാൾ മുതൽ എന്റെ വൈരൂപ്യത്തിലും, ദുഷ്പേരിലും നൊന്തു നീറി കഴിയുന്ന ആളാണ് ഞാൻ.  ഇതു വരെ ഒരു  ജീവിയെ പോലും ദ്രോഹിച്ചിട്ടില്ല.  എന്നിട്ടും ഞാൻ വെറുക്കപ്പെട്ടവൻ.  ചത്തവനും കൊന്നവനും നിങ്ങളുടെ പേരാണ് പറയുന്നത്.  എന്നിട്ടും നിങ്ങളുടെ ദാസന്മാർ എന്നിലാണ് എല്ലാ കുറ്റവും ചുമത്തുന്നതും, പുതിയ തലമുറയ്ക്ക് അത് പറഞ്ഞു പഠിപ്പിക്കുന്നതും... മടുത്തു.  ഞാൻ ഇനി ഇവിടെ നിൽക്കില്ല.  നിങ്ങൾ നോക്കിക്കോ ദൈവമേ.  നിങ്ങളെയും തള്ളിപറയുന്ന, ഒരു കാലം ഉണ്ടാവും.  അന്നു ഞാൻ മടങ്ങി വരും.  നിങ്ങളുടെ  തോൽവി കാണാൻ."

അത്രയും പറഞ്ഞു ചെകുത്താൻ പറുദീസയുടെ പടിയിറങ്ങി.  പിന്നെ ചെകുത്താനെ ആരും കണ്ടിട്ടില്ല.  എങ്കിലും വിശ്വാസികളുടെ മനസ്സിൽ ചെകുത്താൻ എന്നും ഒരു പേടി സ്വപ്നമായി നില നില്ക്കുന്നു.  ദൈവദാസന്മാർ ആവട്ടെ പറുദീസയിൽ നടന്നതൊന്നും അറിയാതെ പാവം ചെകുത്താന്റെ പേരിൽ ചിക്കിലി വാങ്ങി സുമാറായി ജീവിച്ചു പോന്നു.

എന്നാൽ, ചെകുത്താൻ പോയതോടെ ദൈവം തളർന്നു പോയി.  ചെകുത്താനെ ദൈവം അത്രയ്ക്ക് സ്നേഹിച്ചിരുന്നു. ദൈവമെന്നാൽ സ്നേഹം ആണല്ലോ. പതുക്കെ പതുക്കെ, ദൈവം  എല്ലാ ഉത്തരവാദിത്വങ്ങളും, സൃഷ്ടി, സ്ഥിതി, പരിപാലനം, സംഹാരം ഉൾപ്പടെ എല്ലാം ദൈവദാസന്മാർക്കും വിശ്വാസികൾക്കും പതിച്ചു നൽകി എല്ലാ തിരക്കും വിട്ടു  പറുദീസയുടെ ഒരു കോണിൽ ഒതുങ്ങി കൂടി.  എന്നെന്നേക്കുമായി.

2015, ഡിസംബർ 4, വെള്ളിയാഴ്‌ച

ഏകത്വത്തിലെ നാനാത്വ൦തമിഴ്നാടിനു നേരിട്ട "തിരിച്ചടി" പണ്ട് നമ്മുടെ വെള്ളം "കട്ടെടുത്തതിനും" വെള്ളത്തിന്‌ വേണ്ടി നമ്മളോട് അടിയുണ്ടാക്കിയതിനും ഉള്ള ദൈവശിക്ഷ ആണെന്ന് ചില സൈബർ വിപ്ലവ"കാറി"കളുടെ അഫിപ്രായം കണ്ടിരുന്നു.  ഒരു ലോഡ് പുച്ഛം തോന്നി.  "പാണ്ടി" എന്ന ഓമനപേരിൽ അറിയപ്പെടുന്ന, ആക്രിപെറുക്കാനും തക്കം കിട്ടിയാൽ മുറ്റത്ത്‌ കിടക്കുന്ന കുപ്പിയും പാട്ടയും "കാശു" തരാതെ അടിച്ചു മാറ്റാനും മാത്രം കേരളത്തിൽ വരുന്ന പന്നപാണ്ടികളോട് നമ്മൾ അവജ്ഞ കാട്ടേണ്ടതാണ്.  ഇന്ത്യൻ ഫരണകടന പ്രകാരം അതിൽ കേസ് എടുക്കാനും പറ്റില്ല.  പക്ഷേ, ഈ പാണ്ടിയിൽ നിന്ന് ഹൈ ക്ലാസ്സ്‌ ആയ മലയാളി പഠിക്കേണ്ട കുറെ കാര്യങ്ങൾ ഉണ്ട്.  ആദ്യമായി മേലനങ്ങി പണിയെടുക്കാൻ.  പിന്നെ സ്വന്തം നാട്ടിൽ "കൃഷി"(ശരിയായ അർത്ഥത്തിൽ) ചെയ്തു വിളവെടുക്കാൻ. മര്യാദാപൂർവം  സംസാരിക്കാൻ.  സ്വന്തം നാട്ടിൽ വന്നു താമസിക്കുന്നവനോട് സ്നേഹപൂർവ്വം പെരുമാറാൻ.  (അടിസ്ഥാനപരമായി എല്ലാവനും ഇന്ത്യക്കാരൻ തന്നെ ആണെന്ന വെളിവ്).  തമിഴൻറെ ഏറ്റവും വലിയ പരാജയം അറിവില്ലായ്മ ആണ്.  അത് കൊണ്ട് തന്നെ ആർക്കും എന്തും പറഞ്ഞു പറ്റിക്കാനും ബ്രെയിൻ വാഷ്‌  ചെയ്യാനും എളുപ്പമുള്ള ഒരു ജനത ആണവർ.  എന്നാൽ ഒരു ദുരന്തം വരുമ്പോൾ അവർ അന്യോന്യം സഹായിക്കുന്നതും രക്ഷപെടാൻ ഒരുമിച്ചു ശ്രമിക്കുന്നതും ഒരിക്കലും മലയാളിയിൽ  കാണാൻ കഴിയില്ല.  മലയാളി ആദ്യം ജാതിയും മതവും പാർട്ടിയും  ഒക്കെ നോക്കി വലിയ ബുദ്ധിമുട്ടൊന്നും ഇല്ലെന്നു തോന്നിയാൽ രക്ഷിക്കും.  അങ്ങനുള്ളവരൊക്കെയാണ്‌ പാണ്ടിയെ പരിഹസിക്കുന്നതും(സ്ഥായീഭാവം) ഇപ്പോൾ  കിട്ടിയ ശിക്ഷ ഓർത്തു അർമാദിക്കുന്നതും. ഇങ്ങനൊരു ദുരന്തം "ദൈവത്തിന്റെ സ്വന്തം നാട്ടിൽ" വരില്ലെന്നോ വന്നാൽ ഇതു പോലെ ആവില്ലെന്നോ ഉള്ള അഹങ്കാരം ആണെങ്കിൽ നിങ്ങളെ ഒക്കെ ഓർത്തു സഹതാപം മാത്രമേ തോന്നുന്നുള്ളൂ. കാരണം ഇങ്ങനൊന്ന് കേരളത്തിൽ ഉണ്ടായാൽ(ഉണ്ടാവാൻ എല്ലാ സാധ്യതയും ഉണ്ട്, ശാസ്ത്രീയമായി ചിന്തിച്ചാൽ) തമിഴൻ കാണിക്കുന്ന സഹാനുഭൂതി മലയാളി കാണിക്കണമെങ്കിൽ അതിനു കുറെ മാനദണ്ടങ്ങൾ നോക്കി ആയിരിക്കുമെന്ന് ഓർത്താൽ നന്നായിരിക്കും.

എൻറെ സംശയം ഇതാണ്.  തൊട്ടതിനും പിടിച്ചതിനും രാജ്യസ്നേഹം വിളമ്പുന്നവരൊക്കെ തമിഴ്നാട് പാകിസ്ഥാനിൽ ആണെന്ന് തെറ്റിദ്ധരിച്ചാവുമോ ഇമ്മാതിരി പ്രതികരിക്കുന്നതും ശ്രദ്ധിക്കാതെ ഇരിക്കുന്നതും? കറുത്തവൃത്തികെട്ട തമിഴനും തമിഴത്തിയും വെളുത്ത, വൃത്തിയുള്ള മലയാളിക്ക് നികൃഷ്ടരായത് പോലെ തന്നെയാണ് അതിലും വെളുത്ത സുന്ദരന്മാരായ വടക്കേഇന്ത്യൻ ആര്യൻമാർക്ക് തെക്കേഇന്ത്യയിലെ എല്ലാവരും നിക്രിഷ്ടരാവുന്നത്.  അത് നാഷണൽ പത്രങ്ങൾ ഈ വെള്ളപ്പൊക്കത്തിനു കൊടുക്കുന്ന വാർത്താപ്രാധാന്യം കാണുമ്പൊൾ വ്യക്തമാവാറുണ്ട്.  ഈ വെള്ളപ്പൊക്കം  കേരളത്തിൽ ആയാൽ അവിടെ ഉള്ള നമ്പൂതിരിയേയും നായരേയും ഓർത്തു പ്രസ്തുത ആര്യന്മാർ സഹായഹസ്തം നീട്ടുമെന്ന് വിചാരിക്കുന്നത്‌ നിങ്ങളുടെ ഒക്കെ ജന്മനാ ഉള്ള  വിവരക്കേട് മാത്രമാണ്.  

വർണവിവേചനം (racism) എന്നാൽ സായിപ്പ് കറുത്തവനോടും ഇന്ത്യക്കാരനോടും കാണിക്കുന്ന  വിവേചനം മാത്രമല്ല.  തമിഴൻ മലയാളിയോട് കാണിക്കുന്നത്, സവർണ്ണൻ അവർണ്ണനോട് കാണിക്കുന്നത്, വടക്കേ ഇന്ത്യക്കാരൻ തെക്കേ ഇന്ത്യക്കാരനോട് കാണിക്കുന്നത് എല്ലാം ഈ വിഭാഗത്തിൽ പെടുന്നു.  രാജ്യസ്നേഹം എന്നാൽ രാജ്യത്തിനോടുള്ള, രാജ്യത്തിലെ എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങളുടെയും  വികാരങ്ങളോടുള്ള ഐക്യദാർഡ്യം ആകണം.  അല്ലാതെ ഈ മാതിരി രാജ്യസ്നേഹം വെച്ച് കൊണ്ടിരിക്കുന്ന  നിങ്ങളൊക്കെ(ഇൻറെർനെറ്റ് ഉപയോഗിക്കാൻ അറിയാം എന്നതൊഴിച്ചാൽ) പണ്ട് പാർട്ടി പറഞ്ഞിട്ട് മുല്ലപ്പെരിയാർ വിഷയത്തിൽ കിട്ടിയ മലയാളിയെ ഒക്കെ ഓടിച്ചിട്ട്‌ തല്ലിയ അക്ഷരാഭ്യാസം ഇല്ലാത്ത തമിഴനിൽ നിന്ന് ഒട്ടും വ്യത്യസ്തരല്ല.

ഇന്ത്യ എന്ന "വികാരം" എല്ലാവർക്കും ഇപ്രകാരം ആണ്

"തങ്ങളിൽ തങ്ങളിൽ മുഖത്ത് തുപ്പും 
നമ്മൾ ഒന്നെന്നു ചൊല്ലും ചിരിക്കും"

ജയ് ഹിന്ദ്‌