Follow by Email

2015, നവംബർ 27, വെള്ളിയാഴ്‌ച

ഹാപ്പി റ്റു ബ്ലീഡ്- എൻറെ വീക്ഷണം
കുറെ ദിവസമായി ഒരു സംശയം.  ഈ ആർത്തവം എന്നുള്ളത് ഇത്ര വലിയ സംഭവമാണോ?  പണ്ട്, എന്ന് വെച്ചാൽ ഏതാണ്ട് ഒരു വർഷം മുൻപ് ഇതിൻറെ പേരിൽ എല്ലാവരും കൂടെ ബഹളമുണ്ടാക്കിയപ്പോൾ അന്നതിൽ കാര്യം ഉണ്ടെന്നു തോന്നി ഈയുള്ളവളും അതിനു ഐക്യദാർഡ്യം പ്രഖ്യാപിച്ചു എഴുതിയിരുന്നു.  ഇപ്പോ പിന്നെയും കേൾക്കുന്നു സന്തോഷത്തോടെ ബ്ലീഡ് ചെയ്യുന്നെന്ന്.  അല്ലാ, ന്താ പ്പോ ദിങ്ങനെ?  

 സന്തോഷത്തോടെ ബ്ലീഡാൻ പറ്റുമോ എന്നുള്ളതിനുള്ള  ജൈവശാസ്ത്രപരമായ സാധ്യത തുലോം കുറവാണ്.  കാരണം ആർത്തവ ദിനങ്ങൾ  പ്രശ്നം നിറഞ്ഞവയാണ്.  പിന്നെ, ഇപ്പോളത്തെ വിഷയം.  പരിശോധിച്ചു ഉറപ്പുവരുത്തി അമ്പലത്തിൽ കയറ്റുന്ന വിഷയം.  ലോകം മാർസിൽ എത്തിയപ്പോഴും നമ്മൾ മാർസിന്റെ ദോഷം കാരണം കല്യാണം കഴിക്കാൻ പറ്റാത്ത സങ്കടത്തിൽ കഴിയുകയായിരുന്നു എന്നുള്ളത് മറക്കരുത്.  അങ്ങനുള്ള നമ്മൾ, ലോകം മതതീവ്രവാദം ഭയന്ന് മെറ്റൽ ഡിക്ടക്ടർ വെക്കുമ്പോൾ തിരക്കേറിയ അമ്പലങ്ങളിലും, ഉത്സവസ്ഥലങ്ങളിലും, ആർത്തവ ഡിക്ടക്ടർ(ചിക്കാഗോയിൽ ഒരു സായിപ്പു കണ്ടു പിടിച്ചതാത്രേ) വെയ്ക്കുന്നത് നന്നായിരിക്കുമെന്ന് അഭിപ്രായപെട്ടവരുടെ പ്രബുദ്ധതയെ വിമർശിക്കുന്നതിന്റെ സാംഗത്യം മനസിലാവുന്നില്ല.

ആർത്തവം ഉള്ളപ്പോൾ എല്ലാ "ആരാധന"കളിൽ നിന്നും "വഴിപാടു"കളിൽ (കിടപ്പറ) ഒഴിഞ്ഞു നിൽക്കുക എന്നുള്ളത് ഒരു "കീഴ്വഴക്കം"  ആണ്.  മതങ്ങളിൽ വിശ്വസിക്കുകയും, ആരാധിക്കുകയും, നിയമങ്ങൾ പാലിക്കുകയും ചെയ്യുന്നവർക്ക് ഇതിന്റെ പേരിൽ പ്രതികരിക്കാൻ അർഹത ഉണ്ടെന്നു ഞാൻ കരുതുന്നില്ല.  മതവിശ്വാസം എന്നാൽ അതിലുള്ള എല്ലാത്തിലും ഉള്ള വിശ്വാസമാണ്.  അത് പാലിക്കാൻ കഴിയുന്നില്ലെങ്കിൽ അത് വിട്ടു പുറത്തു പോകുക. അതിനുള്ളിൽ നിന്ന് കൊണ്ട് അതിനെ നവീകരിക്കാനായി, അതിലെ തലതൊട്ടപ്പന്മാരോട് യുദ്ധം പ്രഖ്യാപിക്കുന്ന സ്ത്രീകൾ വിഡ്ഢികൾ ആണെന്ന് പറയേണ്ടി വരും.  കാരണം, ഒരു മതത്തിലും സ്ത്രീക്ക് പ്രാധാന്യമില്ല.  പുരുഷൻ  മാത്രമാണ് മതത്തിന്റെ വിഷയം.  സ്ത്രീവിദ്വെഷിയായ ദൈവം എന്നെ കാണാൻ വരേണ്ടെന്നു പറയാൻ പറഞ്ഞെന്നു പറഞ്ഞു വിട്ടത് ഇത്ര കാലം വിശ്വസിച്ചിരുന്നിട്ടു ഒരു സുപ്രഭാതത്തിൽ എനിക്ക് കാണണം ഒന്ന് കയറ്റി വിടൂ എന്ന് നിലവിളിക്കുന്നത് തന്നെ ശുദ്ധപോഴത്തരം ആണ്. അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടോ, അദ്ദേഹം ഇപോഴും അവിടുണ്ടോ, അതോ അദ്ധേഹത്തെയും എല്ലാവരും കൂടി വിഴുങ്ങിയോ എന്നൊക്കെ ഇത്രയും ബുദ്ധിയുള്ള നിങ്ങളൊന്നും ഇതു വരെ ചിന്തിക്കാത്തതിൽ ഞാൻ അദ്ഭുതം കൂറുന്നു.  

മതമെന്നത് എന്നും പെണ്ണിനെ ഒഴിവാക്കിയിട്ടെ ഉള്ളു.  അതിൽ എല്ലാ മതങ്ങളും സമന്മാരാണ്.  മതങ്ങളുടെ മുൻനിരകളിൽ എവിടെയും സ്ത്രീകൾ ഇല്ല.  ഹിന്ദു മതത്തിൽ ശിവൻ അല്ലാതെ ആരും സ്ത്രീകളെ ബഹുമാനിച്ചു കണ്ടിട്ടില്ല.  അതിനും രണ്ടു പക്ഷം കേൾക്കുന്നുണ്ട്.  ക്രിസ്തു ഒരു വനിതാശിഷ്യക്ക് പോലും സീറ്റ്‌ കൊടുത്തിട്ടില്ല.  പിന്നൊരു മതത്തെ പറ്റി ഒന്നും പറയാനില്ല. ഇതൊന്നും പോരാത്തതിനു ഇടി വെട്ടിയവനെ പാമ്പു കടിച്ചെന്നു പറയും പോലെ ആർത്തവവും.  വെറുതെ സന്തോഷത്തോടെ ബ്ലീടാൻ നിൽക്കാതെ മറ്റു പ്രശ്നങ്ങളിൽ ഇടപെടാൻ നോക്കിയാൽ എന്തെങ്കിലും പ്രയോജനം ഉണ്ടാവും.  പണ്ടത്തെ ആർത്തവസമരത്തോട് യോജിച്ചതിനു കാരണം KSRTC  ആരുടേയും 
കുടുംബസ്വത്ത് അല്ലെന്നുള്ളത് കൊണ്ടും, കേരളം ഒരു ഹിന്ദുസംസ്ഥാനം അല്ലെന്നുള്ളത് കൊണ്ടും ആയിരുന്നു.  എന്നാൽ വേണ്ടാത്ത കാര്യങ്ങൾക്കു അനാവശ്യശ്രദ്ധ കൊടുത്ത് ന്യൂസ്‌ ഉണ്ടാക്കുന്നതിനോട് യോജിപ്പില്ല.  വെറുതെ വിവരദോഷികൾക്ക് ഹീറോ പട്ടം ചാർത്തി കൊടുക്കേണ്ട കാര്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ