Follow by Email

2015, നവംബർ 28, ശനിയാഴ്‌ച

പ്രവാസദുഃഖങ്ങൾഅസഹിഷ്ണുത

 ആ നാട്ടിൽ ജീവിക്കാൻ ഭയമാകുന്നു
എന്ന് ഞാൻ ഒന്ന് പറഞ്ഞതേ ഉള്ളു..
ഉടനെ പാകിസ്ഥാൻ വിസ റെഡി
ആർക്കാടാ അസഹിഷ്ണുത?
നിന്റെ ബിച്ചിനേം(ബീവി ആയിരിക്കും കവി ഉദേശിച്ചത്)
കൊണ്ട് പൊക്കോണം പാകിസ്ഥാനിലേക്ക്...
എന്നൊരു കുഞ്ഞു താക്കീത് മാത്രം പറഞ്ഞു
ഉദാരമതികളായ അവരെന്നോട് ക്ഷമിച്ചു


മാതൃനിന്ദ

 മാതാവായാലും പിതാവായാലും ഇരിക്കേണ്ടിടതിരിക്കണം
ഇല്ലെങ്കിൽ മാറ്റി  ഇരുത്താൻ മക്കൾക്ക്‌ അവകാശം ഉണ്ട്
 അതിനെ മാതൃനിന്ദയുടെ വകുപ്പിൽ പെടുത്താൻ പറ്റില്ല

നൊസ്റ്റാൾജിയ

എനിക്ക് വല്ലാത്ത നൊസ്റ്റാൾജിയ ആണ്
ഇവിടെ ഈ കോണ്ക്രീറ്റ് വനത്തിനു നടുവിൽ
ശ്വാസം മുട്ടുമ്പോഴും, തിരക്കിൽ ഞെരുങ്ങുമ്പോഴും
 നാടിന്റെ മണം,വെള്ളം, കാറ്റ്, മഴ, വെയിൽ 
ഓർക്കുമ്പോൾ വല്ലാത്ത നൊസ്റ്റാൾജിയ ആണ്
എന്നാൽ നാട്ടിലെത്തുമ്പോൾ പൊടിയുടെ അലർജി കാരണം
ഞാൻ എസി ഇട്ട കാറിൽ ഗ്ലാസ്‌ ഉയർത്തി
വെച്ച് അതിലൂടെയാണ്  പ്രകൃതിഭംഗി ആസ്വദിക്കുന്നത്
എന്ത് കഷ്ടമാണ്..................

ദേശസ്നേഹം

വല്ലാത്ത ദേശസ്നേഹമാണെനിക്ക്‌
പാകിസ്ഥാനെ കുറിച്ചോർക്കുമ്പോൾ..
ക്രിക്കറ്റ്‌ കാണുമ്പൊൾ....
പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കുമ്പോൾ...
കുറഞ്ഞ കാലയളവിൽ നാടിൻറെ പുരോഗതി..
കണ്ണടച്ച് തുറക്കും മുൻപേ നാട് മാറിയ മാറ്റം..
അത്ഭുതമാണ്‌... എന്ത് സുന്ദരമാണ് എന്റെ നാട്

നാട്ടിൽ വന്നു താമസിക്കാൻ വല്ലാത്ത കൊതിയാണ്..
മടുത്തു, ഈ പ്രവാസജീവിതം... പോകണം..പ്രധാനമന്ത്രി  വിളിക്കാറുണ്ട്...ചെല്ലാൻ...
മറ്റൊന്നും കൊണ്ടല്ല...നല്ല ജോലിയും  ഇവിടെ കിട്ടുന്ന സൌകര്യവും
കിട്ടില്ല...അതോണ്ടാ...ഇല്ലേ നമ്മ തകർതേനേ.. 

2015, നവംബർ 27, വെള്ളിയാഴ്‌ച

ഹാപ്പി റ്റു ബ്ലീഡ്- എൻറെ വീക്ഷണം
കുറെ ദിവസമായി ഒരു സംശയം.  ഈ ആർത്തവം എന്നുള്ളത് ഇത്ര വലിയ സംഭവമാണോ?  പണ്ട്, എന്ന് വെച്ചാൽ ഏതാണ്ട് ഒരു വർഷം മുൻപ് ഇതിൻറെ പേരിൽ എല്ലാവരും കൂടെ ബഹളമുണ്ടാക്കിയപ്പോൾ അന്നതിൽ കാര്യം ഉണ്ടെന്നു തോന്നി ഈയുള്ളവളും അതിനു ഐക്യദാർഡ്യം പ്രഖ്യാപിച്ചു എഴുതിയിരുന്നു.  ഇപ്പോ പിന്നെയും കേൾക്കുന്നു സന്തോഷത്തോടെ ബ്ലീഡ് ചെയ്യുന്നെന്ന്.  അല്ലാ, ന്താ പ്പോ ദിങ്ങനെ?  

 സന്തോഷത്തോടെ ബ്ലീഡാൻ പറ്റുമോ എന്നുള്ളതിനുള്ള  ജൈവശാസ്ത്രപരമായ സാധ്യത തുലോം കുറവാണ്.  കാരണം ആർത്തവ ദിനങ്ങൾ  പ്രശ്നം നിറഞ്ഞവയാണ്.  പിന്നെ, ഇപ്പോളത്തെ വിഷയം.  പരിശോധിച്ചു ഉറപ്പുവരുത്തി അമ്പലത്തിൽ കയറ്റുന്ന വിഷയം.  ലോകം മാർസിൽ എത്തിയപ്പോഴും നമ്മൾ മാർസിന്റെ ദോഷം കാരണം കല്യാണം കഴിക്കാൻ പറ്റാത്ത സങ്കടത്തിൽ കഴിയുകയായിരുന്നു എന്നുള്ളത് മറക്കരുത്.  അങ്ങനുള്ള നമ്മൾ, ലോകം മതതീവ്രവാദം ഭയന്ന് മെറ്റൽ ഡിക്ടക്ടർ വെക്കുമ്പോൾ തിരക്കേറിയ അമ്പലങ്ങളിലും, ഉത്സവസ്ഥലങ്ങളിലും, ആർത്തവ ഡിക്ടക്ടർ(ചിക്കാഗോയിൽ ഒരു സായിപ്പു കണ്ടു പിടിച്ചതാത്രേ) വെയ്ക്കുന്നത് നന്നായിരിക്കുമെന്ന് അഭിപ്രായപെട്ടവരുടെ പ്രബുദ്ധതയെ വിമർശിക്കുന്നതിന്റെ സാംഗത്യം മനസിലാവുന്നില്ല.

ആർത്തവം ഉള്ളപ്പോൾ എല്ലാ "ആരാധന"കളിൽ നിന്നും "വഴിപാടു"കളിൽ (കിടപ്പറ) ഒഴിഞ്ഞു നിൽക്കുക എന്നുള്ളത് ഒരു "കീഴ്വഴക്കം"  ആണ്.  മതങ്ങളിൽ വിശ്വസിക്കുകയും, ആരാധിക്കുകയും, നിയമങ്ങൾ പാലിക്കുകയും ചെയ്യുന്നവർക്ക് ഇതിന്റെ പേരിൽ പ്രതികരിക്കാൻ അർഹത ഉണ്ടെന്നു ഞാൻ കരുതുന്നില്ല.  മതവിശ്വാസം എന്നാൽ അതിലുള്ള എല്ലാത്തിലും ഉള്ള വിശ്വാസമാണ്.  അത് പാലിക്കാൻ കഴിയുന്നില്ലെങ്കിൽ അത് വിട്ടു പുറത്തു പോകുക. അതിനുള്ളിൽ നിന്ന് കൊണ്ട് അതിനെ നവീകരിക്കാനായി, അതിലെ തലതൊട്ടപ്പന്മാരോട് യുദ്ധം പ്രഖ്യാപിക്കുന്ന സ്ത്രീകൾ വിഡ്ഢികൾ ആണെന്ന് പറയേണ്ടി വരും.  കാരണം, ഒരു മതത്തിലും സ്ത്രീക്ക് പ്രാധാന്യമില്ല.  പുരുഷൻ  മാത്രമാണ് മതത്തിന്റെ വിഷയം.  സ്ത്രീവിദ്വെഷിയായ ദൈവം എന്നെ കാണാൻ വരേണ്ടെന്നു പറയാൻ പറഞ്ഞെന്നു പറഞ്ഞു വിട്ടത് ഇത്ര കാലം വിശ്വസിച്ചിരുന്നിട്ടു ഒരു സുപ്രഭാതത്തിൽ എനിക്ക് കാണണം ഒന്ന് കയറ്റി വിടൂ എന്ന് നിലവിളിക്കുന്നത് തന്നെ ശുദ്ധപോഴത്തരം ആണ്. അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടോ, അദ്ദേഹം ഇപോഴും അവിടുണ്ടോ, അതോ അദ്ധേഹത്തെയും എല്ലാവരും കൂടി വിഴുങ്ങിയോ എന്നൊക്കെ ഇത്രയും ബുദ്ധിയുള്ള നിങ്ങളൊന്നും ഇതു വരെ ചിന്തിക്കാത്തതിൽ ഞാൻ അദ്ഭുതം കൂറുന്നു.  

മതമെന്നത് എന്നും പെണ്ണിനെ ഒഴിവാക്കിയിട്ടെ ഉള്ളു.  അതിൽ എല്ലാ മതങ്ങളും സമന്മാരാണ്.  മതങ്ങളുടെ മുൻനിരകളിൽ എവിടെയും സ്ത്രീകൾ ഇല്ല.  ഹിന്ദു മതത്തിൽ ശിവൻ അല്ലാതെ ആരും സ്ത്രീകളെ ബഹുമാനിച്ചു കണ്ടിട്ടില്ല.  അതിനും രണ്ടു പക്ഷം കേൾക്കുന്നുണ്ട്.  ക്രിസ്തു ഒരു വനിതാശിഷ്യക്ക് പോലും സീറ്റ്‌ കൊടുത്തിട്ടില്ല.  പിന്നൊരു മതത്തെ പറ്റി ഒന്നും പറയാനില്ല. ഇതൊന്നും പോരാത്തതിനു ഇടി വെട്ടിയവനെ പാമ്പു കടിച്ചെന്നു പറയും പോലെ ആർത്തവവും.  വെറുതെ സന്തോഷത്തോടെ ബ്ലീടാൻ നിൽക്കാതെ മറ്റു പ്രശ്നങ്ങളിൽ ഇടപെടാൻ നോക്കിയാൽ എന്തെങ്കിലും പ്രയോജനം ഉണ്ടാവും.  പണ്ടത്തെ ആർത്തവസമരത്തോട് യോജിച്ചതിനു കാരണം KSRTC  ആരുടേയും 
കുടുംബസ്വത്ത് അല്ലെന്നുള്ളത് കൊണ്ടും, കേരളം ഒരു ഹിന്ദുസംസ്ഥാനം അല്ലെന്നുള്ളത് കൊണ്ടും ആയിരുന്നു.  എന്നാൽ വേണ്ടാത്ത കാര്യങ്ങൾക്കു അനാവശ്യശ്രദ്ധ കൊടുത്ത് ന്യൂസ്‌ ഉണ്ടാക്കുന്നതിനോട് യോജിപ്പില്ല.  വെറുതെ വിവരദോഷികൾക്ക് ഹീറോ പട്ടം ചാർത്തി കൊടുക്കേണ്ട കാര്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല.


2015, നവംബർ 19, വ്യാഴാഴ്‌ച

എൻറെ വികലമായ ചിന്തകൾമലയാളിയുടെ സദാചാരവും, മര്യാദപഠിപ്പിക്കലും, അസഹിഷ്ണുതയും സച്ചിന്റെ ബീമാനയാത്രക്ക് ശേഷം വെളിവാകുന്ന കാഴ്ചകളാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത് പ്രിയപ്പെട്ടവരേ.  ഏതോ ഒരുത്തൻ അവൻറെ ഭാര്യയെ മറ്റുള്ളവർക്ക് കൂട്ടി കൊടുത്തതും അവൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു കൂടെ ഇറങ്ങി തിരിച്ചതും അതിനവർ ചുംബനസമരം മറയാക്കി കൂടെ നിന്ന കുറെ പേരെ പറ്റിച്ചതും വെച്ച്, കേരളത്തിൽ " ലിംഗസമത്വം"  അരാജകത്വത്തിലേക്ക് നയിക്കുമെന്ന് പ്രവചിക്കാൻ തക്ക വണ്ണം ഒറ്റരാത്രികൊണ്ട്  സ്ഥിതിഗതികൾ മാറി മറിഞ്ഞത് ഞാൻ അത്ഭുതപരതന്ത്രയായി നോക്കികാണുന്നു .  ഇതിപ്പോൾ ISIS ഇസ്ലാം ആയതു കൊണ്ട് എല്ലാ ഇസ്ലാമും തീവ്രവാദികളാണെന്നും, അവരെല്ലാം ഇന്നല്ലെങ്കിൽ നാളെ നാട്ടിൽ തീവ്രവാദം വളർത്തുമെന്നും പറയുന്നത് പോലെ തന്നെയുണ്ട്‌.  അല്ലാ.... ഈ "ലിംഗ---സമത്വം" എന്ന് ഉദ്ധെശിച്ചത് സ്ത്രീ-പുരുഷ സമത്വം അല്ലെന്നുണ്ടോ? ങേ? ങേ? ങേ?


കിസ്സ്‌ ഓഫ് ലവ് എന്നത് ചുംബിക്കാൻ മുട്ടി നിന്ന കുറെ പേര് കഴപ്പ് തീർക്കാൻ ഇറങ്ങിയതാണെന്നാണ് ചിലരൊക്കെ പറയുന്നത്. മോറൽ പോലീസിംഗ് അഥവാ സദാചാരപോലീസ് ആക്രമണത്തിനെതിരെ ആയിരുന്നു KOL എന്നാണ് ഈയുള്ളവളുടെ പരിമിതമായ അറിവ്.    അതിൽ രണ്ടു പേര് മേല്പ്പറഞ്ഞ ഉദ്ദേശത്തിൽ കയറി കൂടിയതിനു മറ്റുള്ളവർ എന്ത് പിഴച്ചു?  കൂട്ടുകാരെ ചുംബനം ഒരു പാപമല്ല.  "എന്നാ നിന്നെ ഞങ്ങളങ്ങു ചുംബിക്കട്ടെ" എന്ന് നിങ്ങളിപ്പോൾ ചോദിക്കുമെന്ന് എനിക്കറിയാം.  എന്നെ ചുംബിക്കണമെങ്കിൽ ആദ്യം എനിക്ക് താല്പര്യം ഉണ്ടാവണം.  അതാണ് "ലിംഗസമത്വം" വരുമ്പോളുള്ള വലിയ പ്രശ്നം.  ഇതു തന്നെയാണ് KOL എന്നതിനെ പലരും പിന്തുണക്കാനും മുക്കാൽ പേരും എതിർക്കാനും ഉള്ള കാരണം.  കൊച്ചുസുന്ദരികളെ കാണാതെ പോയതിലുള്ള സങ്കടം പറഞ്ഞു കരയുന്ന ചേട്ടന്മാർ നാട് നന്നാക്കാൻ ഇറങ്ങുന്നത് കാണുമ്പോൾ വല്ലാത്ത പ്രതീക്ഷ തോന്നുന്നു.

KOL എന്നത് പരാജയപ്പെട്ടത് ചിലരുടെ ഒക്കെ മുന്നിലാണ്. ഒന്നാമതായി സ്ലിറ്റ് ഉള്ള ചുരിദാറിന്റെ അറ്റം പൊങ്ങുമ്പോൾ, കാത്തിരുന്ന് കണ്ട, ലെഗ്ഗിങ്ങിസിട്ട കാലും തുടയും കണ്ടു ഉദ്ധാരണം നടന്ന വികാരജീവികൾക്ക് മുന്നിൽ.  രണ്ടാമതായി സീൻ പിടിക്കാനും രാത്രി അതോർത്തു സ്വയംഭോഗം നടത്താനും വന്ന ഞരമ്പ്‌ രോഗികൾക്ക് മുന്നിൽ. മൂന്നാമതായി എനിക്ക് കിട്ടാത്തതിനെ വേറൊരുത്തന് കിട്ടിയതിൽ കലിമൂത്ത ആദർശശാലികൾക്ക് മുന്നിൽ. നാലാമതായി  ആണും പെണ്ണും അടുത്തിരുന്നാൽ പോലും ഗർഭം ഉണ്ടാകുമെന്നു വിശ്വസിക്കുന്ന  അല്പജ്ഞാനികൾക്ക് മുന്നിൽ. ബയോളജി ക്ലാസ്സിൽ മറിയാമ്മ ടീച്ചര് പഠിപ്പിച്ച "പാഷൻ" ഫ്രൂട്ടിന്റെ പരാഗണം ഈ അവസരത്തിൽ സ്മരിക്കുന്നു.  

ഓരോ ശത്രുവും അര്ഹിക്കുന്ന യുദ്ധമുറയുണ്ട്.  റോഡിലൂടെ പോകുന്ന എല്ലാ ചരക്കും എൻറെ സ്വന്തമാണെന്ന് വിശ്വസിക്കുന്ന ;പോപ്പുലർ ആയ, സ്വന്തം കാലിൽ നില്ക്കുന്ന എല്ലാ പെണ്ണും പിഴയാണെന്ന് വിശ്വസിക്കുന്ന; സംസ്കാരമില്ലയ്മയാണ് ഏറ്റവും വലിയ സംസ്കാരം എന്ന് വിശ്വസിക്കുന്ന; ഒരു കൂട്ടം പഴകി, ജീർണിച്ച മനുഷ്യർക്ക്‌ (ആണും പെണ്ണും) മുന്നിൽ  ഇങ്ങനൊരു സമരമുറ എത്രത്തോളം ഫലം തരും എന്നെനിക്ക് വ്യക്തിപരമായി ഉറപ്പില്ല.  ജന്മനാ ഹിപ്പോക്രട്ടുകളായ, വികാരജീവികളായ, വിവരദോഷികളായ ഈ മാതിരി ശത്രുവിന് വേണ്ടി AK 47 വേണോ അതോ വെറും ഏറു പടക്കം മതിയോ എന്ന് എല്ലാവരും തീരുമാനിക്കട്ടെ.  എനിക്കെന്തു വേണം?  ഇവിടെ ദിനംപ്രതി അല്പവസ്ത്രധാരിണികളെ കണ്ടു മടുത്ത എന്റെ ബുദ്ധി അതിനു പറ്റിയതല്ലലോ.


സാത്താന്റെ ചുംബനംചുംബനം കണ്ടു പിടിച്ചതേ ഞാനാണെന്ന്
ലോകത്തിനോടു  വിളിച്ചു പറയാനായിരുന്നു
എന്റെ ആ യാത്ര...
ഇപ്പോൾ എല്ലാ "സ്നേഹചുംബനങ്ങളും"
എന്റെ പേരിലാണ് അറിയപ്പെടുന്നത്
എന്നതോർത്തു ഞാൻ വല്ലാതെ ഉത്തേജിതനാവുകയാണ്

സ്ത്രീ സമത്വം, സ്ത്രീ വിമോചനം എന്നിവയെല്ലാം
സമൂഹത്തിൽ എൻറെ "സങ്കൽപ്പകിനാചേരി" പോലെ
കെട്ടിപൊക്കി കൊണ്ട് വന്നതായിരുന്നു
പുരോഗമനവിരോധികളായ കരിങ്കാലികൾ
തച്ചുടച്ച എൻറെ "കൊച്ചുസുന്ദര"
രമണീയമായ കിനാചേരി...

സ്ത്രീവിമോചനം എങ്ങനൊക്കെ ആവാമെന്ന്
ഞാനും, എന്റെ സഹ"ധർമ്മിണിയും" പല
വട്ടം കാട്ടി കൊടുത്തിട്ടും മനസിലാവാത്ത കുറെ
"സ്ത്രീ സമത്വക്കാർ"... എല്ലാവളുടെയും മനസ്സിൽ
അടിമത്തമാണ്‌; എത്ര വിമോചനം പറഞ്ഞാലും
ഇവളൊന്നും ഒരു "തുറന്ന" സംസാരത്തിനോ
"വിപ്ലവത്തിനോ" തയ്യാറാവില്ല.. കച്ചറകൾ

വിമോചനം മറ്റെല്ലാ വിപ്ലവങ്ങളും പോലെ
കുഞ്ഞുങ്ങളിൽ, "കൊച്ചുസുന്ദരികളിൽ" നിന്ന് തന്നെ
തുടങ്ങണം; അത് പറഞ്ഞാൽ ആര് മനസിലാക്കാനാണ്?
ഞാൻ പറയുന്ന വിപ്ലവം... എന്റെ ചുംബനം പോലെ
ആർക്കും മനസ്സിലാവില്ല....അതിന് പുരോഗമനം വേണം

എന്റെ ചുംബനം...
സാത്താന്റെ ചുംബനം.....
 വിഡ്ഢിവേഷം കെട്ടിയ എല്ലാവർക്കും..
എന്നെ സ്നേഹിച്ചതിന്, വിശ്വസിച്ചതിന്
കൂടെ നിന്നതിന്; അപഹാസ്യരായതിന്;
എല്ലാത്തിനും...
 എൻറെ വക...
എൻറെ വക
ഒടുക്കത്തെ ചുംബനം....

2015, നവംബർ 15, ഞായറാഴ്‌ച

വെറുതെ ഒന്ന് ലജ്ജിക്കുന്നുരാത്രിമഴ ഇന്നലെ ചുമ്മാതെ കേണപ്പോഴാണ് ഞാൻ ചിന്തിച്ചത്...
അമ്പലമണി "പൂജാരി" പറഞ്ഞപ്പോൾ നാഴികക്ക് നാൽപതു വട്ടം കാര്യമില്ലാതെ മുഴങ്ങിയതും അപ്പോഴായിരുന്നു ....

1. കീഴാളന്റെ(ദളിതന്റെ അസഹിഷ്ണുത)

മേലാളന്റെ ചവിട്ടും തൊഴിയും കൊള്ളുന്നതും,സ്വന്തം പെണ്ണിനെ കണ്മുന്നിലിട്ടു ആശ തീർത്തു, കെട്ടി തൂക്കുന്നതും, ചുട്ടു കൊല്ലുന്നതും കണ്ട് മടുത്തിട്ടും ..അല്പം പോലും  പക മനസ്സിൽ വെക്കാൻ പോലും അവകാശം
ഇല്ലാതായവൻ...

2.  അച്ചടക്കമില്ലാത്ത പെണ്‍കുട്ടികൾ

മൊബൈൽ കയ്യിൽ വെക്കാൻ ലിംഗഭേദം നോക്കേണ്ടതും
അച്ചടക്കവും ഒതുക്കവും പെണ്‍കുട്ടികളെ പഠിക്കേണ്ടതിന്റെയും ആവശ്യകത ..

3.മുസ്ലിമിന്റെ അനാരോഗ്യകരമായ ഗോമാതാസേവ

സവർണനെ പ്രകോപിപ്പിക്കുന്ന മുസ്ലിമിന്റെ അനാരോഗ്യകരമായ ഗോമാതാസേവ... അതിന്റെ ആരോഗ്യപ്രശ്നങ്ങൾ.. അവയെ കുറിച്ച് ബോധവല്ക്കരണം വേണ്ടതിന്റെ ആവശ്യകത.

എന്നിലെ സവർണ്ണ കുലസ്ത്രീ ഉണരുന്നു ... ഞാനിത്ര നാൾ അണിഞ്ഞ പുരോഗമനമേൽക്കുപ്പായം  ജീർണിച്ചു തുടങ്ങിയതിനാൽ കാലഹരണപെട്ട അത് മാറ്റി ഞാൻ പുതിയ ചെഞ്ചൊപ്പു മങ്ങിയ നിറത്തിലുള്ള ഒന്ന് അണിയുന്നു.  ഇനി മേൽ ഞാൻ അക്ഷരാർത്ഥത്തിൽ ഒരു  ടീച്ചർ ആണ്.. അതേ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ മറ്റു ടീച്ചറെ പോലൊരെണ്ണം...

ലജ്ജിക്കുന്നു... നിങ്ങളെ ആരാധിച്ചിരുന്നതിൽ  .. ഒന്നല്ല ഒരായിരം വട്ടം...

2015, നവംബർ 14, ശനിയാഴ്‌ച

ഒട്ടകത്തിനു സ്ഥലം കൊടുത്ത പോലെ അഥവാ ഒരൊന്നൊന്നര പ്രായശ്ചിത്തംഒരിടത്ത് ഒരിടത്ത് ഉദാരമതിയായ, കുലീനനായ, ധനികനായ, ലോലഹൃദയനായ ഒരു കാർന്നവർ ഉണ്ടായിരുന്നു.  തൻറെ പൂർവികർ ക്രൂരത കാട്ടിയ എല്ലാ പാവപ്പെട്ടവരേയും സംരക്ഷിക്കാൻ ഉറപ്പിച്ച അദ്ദേഹം, പണ്ട് തൻറെ അച്ഛനും അപ്പൂപ്പനും അപ്പൂപ്പന്റെ അപ്പൂപ്പനും ഉപദ്രവിച്ചതും കൊലപ്പെടുത്തിയതുമായ എല്ലാ ആൾക്കാരുടെയും പിൻഗാമികളെ ദത്തെടുത്തു സ്വന്തം വീട്ടിൽ കൊണ്ടു വന്നു സ്വന്തം മക്കൾക്കൊപ്പം അവരെ പോലെ വളർത്താൻ തുടങ്ങി.  അവിശ്വസനീയമാം വിധം  സോഷ്യലിസം ഉള്ള ഒരു കാർന്നവർ ആയിരുന്നു അദ്ദേഹം.  അംഗബലം കൂട്ടാനാണ് അദ്ദേഹം ഇതൊക്കെ ചെയ്തതെന്ന് അസൂയ മൂത്ത ചില വിവരദോഷികൾ പറഞ്ഞിട്ടും അതൊന്നും അദ്ദേഹം ചെവികൊണ്ടില്ല.  അങ്ങനെ അദ്ധെഹതിന്ടെ മക്കൾക്കൊപ്പം പണ്ടത്തെ പീഡിതരും സുഖമായി, ആഡംബരപൂർവ്വം ജീവിച്ചു വന്നു.    കല്യാണരാമന്മാരായിരുന്ന 'പീഡിതർ' നാൾക്കുനാൾ പെരുകി വന്നു. കാർന്നവരുടെ സ്വന്തം മക്കളാവട്ടെ സ്വതവേ ഭീരുക്കൾ ആയതിനാൽ ഇതിൽ പരാതി പെടുകയും ചെയ്തില്ല.  അദ്ധ്വാനിക്കുന്നതിൽ ലേശം മടിയും, അത്യാവശ്യത്തിനു വിവരക്കേടും, അല്പം അസഹിഷ്ണുതയും, നിലനിൽക്കാനിടയില്ലത്തതിൽ ഉള്ള അതിരുകടന്ന വിശ്വാസവും മൂലം അന്ധരായ ദത്തുപുത്രന്മാർ, കാലക്രമേണ പാവങ്ങളായ ഒറിജിനൽ പുത്രന്മാരെ സ്വന്തം വഴിക്ക് കൊണ്ടുവരാനും സ്വന്തം ആശയങ്ങൾ അടിച്ചേൽപ്പിക്കാനും തുടങ്ങിയതോടെ ആ കുടുംബത്തിൽ ദുരന്തങ്ങൾ സംഭവിക്കാൻ തുടങ്ങി.  പതിയെ പതിയെ ഒറിജിനൽ പുത്രന്മാരെ കൊന്നൊടുക്കാനും അധികാരം സ്ഥാപിക്കാനും ശ്രമിച്ച ദത്തുപുത്രന്മാർ ഒടുക്കം ആ കുടുംബം തന്നെ സ്വന്തമാക്കുകയും പിന്നീട് ആ കുടുംബം അവരുടെ പേരിൽ അറിയപെടുകയും ചെയ്തു.

മോറൽ: അപ്പൂപ്പൻ ചെയ്തതിനൊക്കെ പ്രായശ്ചിത്തം ചെയ്യാൻ നിന്നാൽ കിടപ്പാടം പോലും കാണില്ല.
2015, നവംബർ 12, വ്യാഴാഴ്‌ച

പതിവ്രതകളെ വഴിതെറ്റിക്കരുത്പതിവ്രതയെന്നാൽ പതിയെ ശുശ്രൂഷിക്കുന്നത് വ്രതമാക്കിയവൾ എന്നാണ് അർത്ഥം.  അതായത്, അയാളുടെ എല്ലാ കാര്യങ്ങളും ഉത്തരവാദിത്വത്തോടെ  കൊടുക്കേണ്ട സ്വകാര്യസ്ഥാപനം. ഈ സ്ഥാപനത്തിന് വേറെ ശാഖകളോ, ഉപശാഖകളോ, മനസാ, വാചാ, കർമണാ പാടില്ല എന്നാണ് വെയ്പ്പ്.  മനുസ്മ്രിതി പറയുന്നത് കാര്യേഷു മന്ത്രി, കർമേഷു ദാസി, രൂപേഷു ലക്ഷ്മി, ശയനേഷു വേശ്യ, ക്ഷമയാ ധരിത്രി എന്നാണ്.  അതായത് ഊട്ടുക, പരിചരിക്കുക, സുഖിപ്പിക്കുക എന്ന് ഹിന്ദു മത പ്രകാരം പറയാവുന്നതാണ്.  ഇതിൽ ഊട്ടലും പരിചരിക്കലും വിട്ടു സുഖിപ്പിക്കലിൽ വരുമ്പോളാണ് പണി പാളുന്നത്.  എങ്ങനെ സുഖിപ്പിക്കണമെന്ന് രണ്ടാൾക്കും ഒരു നിശ്ചയവുമില്ല.  പ്രത്യുൽപാദനവും, ആണിന്റെ സുഖവും മാത്രമാണ് എല്ലാ ഇന്ത്യൻ സ്ത്രീകൾക്കും രതി എന്നത്.  ആണിന് വികാരം ഉണ്ടാവുമ്പോൾ വന്നു വഴിപാട്‌ നടത്തുന്നു പോകുന്നു.  ബാകി മനുവണ്ണൻ പറഞ്ഞതൊക്കെ ഓക്കേ ആയതു കൊണ്ട് ഇതും ഓക്കേ ആവുന്നു.  കാരണം മനുവണ്ണൻ ഒരൊന്നൊന്നര ഷോവനിസ്റ്റ് ആയിരുന്നല്ലോ.  

ഇതാണ് ഹിന്ദുമാര്യേജ് ആക്ട്‌ എങ്കിൽ ക്രിസ്ത്യൻ മാര്യേജ് ആക്ട്‌ പ്രകാരം സെക്സ് പാപമാണ്. നമ്മളെല്ലാം പാപത്തിന്റെ സന്തതികളായി പിറന്നവരും.  അത് കൊണ്ട് ആ പാപം ചെയ്യാൻ ഭർത്താവു വരുമ്പോൾ, കുട്ടികൾ ആകുന്നതു വരെ ഒന്ന് സഹകരിക്കുക.  പിന്നീട് പറ്റുമെങ്കിൽ വ്രതം, നോമ്പ്, വെള്ളിയാഴ്ച, പള്ളിപെരുന്നാൾ ഏതെങ്കിലും ഒന്ന് സെലക്ട്‌ ചെയ്യുക.  അതുമല്ല, പുള്ളിക്കാരന് ഇതു നന്നായി ആസ്വദിക്കണം എന്നാണെങ്കിൽ ഒന്നുകിൽ വിരട്ടുക, അല്ലെങ്കിൽ ഭീഷണിപ്പെടുത്തുക.  കാരണം ഇന്നലെ കൂടി അച്ചൻ പറഞ്ഞതാണ്‌, പാപത്തിന്റെ സന്തതികളെ പറ്റി.  

മുസ്ലിം മാര്യേജ് ആക്ട്‌ പറയാൻ ഒട്ടും താൽപര്യപെടാത്തതിനാൽ ആ ഭാഗം ഒഴിവാക്കുന്നു.  

ഇനി പറയാനുള്ളത് പറയാം. രതിയെന്നത് ഒരു ആഘോഷമാണ്.  മനസിന്റെയും ശരീരത്തിന്റെയും.  അതൊരു ഒന്നാന്തരം സ്‌ട്രെസ് റിലീഫ് ആണ്.  അതിനു ഒരുപാടു സ്ഥാനം  ഉണ്ട് ജീവിതത്തിൽ.  വാർധക്യത്തിൽ എത്തുമ്പോൾ ചില പുരുഷന്മാർ ഞരമ്പ്‌ രോഗത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നത് നല്ല പ്രായത്തിൽ നിഷേധിക്കപ്പെടുന്ന രതിയുടെ അനന്തരഫലമായിട്ടാണ്.  ജീവിതത്തിൽ നിന്ന്, പ്രകൃത്യാ കിട്ടിയ എല്ലാത്തിനേയും ഒഴിവാക്കി, ഒരു ലോജികും ഇല്ലാത്ത വിശ്വാസങ്ങളിൽ അടിയുറച്ചു, അതാണ് ശരി എന്നുറപ്പിച്ചു, അതിനായി ജീവിക്കുമ്പോൾ, അതിൻറെ നേട്ടമാണെന്ന് പറയപ്പെടുന്ന മരണാനന്തരസുഖങ്ങൾ കിട്ടാനായി ജീവിക്കുമ്പോൾ, ശരിക്കും ഒരാൾ ജീവിതം അർഥശൂന്യമായി തള്ളിനീക്കുക മാത്രമാണ് ചെയ്യുന്നത്.  ഇതിൽ നിന്നൊരു മാറ്റം വേണമെങ്കിൽ പ്രണയിക്കാനും, ജീവിക്കാനും, രതിയെ അതിന്റെ അർത്ഥത്തിൽ ഉൾക്കൊള്ളാനും ആണിനും പെണ്ണിനും മനസുണ്ടാവേണ്ടാതുണ്ട്.

ഇനി ഇതൊക്കെ എഴുതി കൂട്ടുന്ന എൻറെ കഴപ്പിനെ പറ്റിയോ, എൻറെ ലൈംഗിക ജീവിതത്തിനെ പറ്റിയോ ഓർത്ത് ആരും ഇക്കിളി പെടേണ്ട.  കാരണം എൻറെ വികാരങ്ങൾ, എൻറെ ജീവിതം എല്ലാം എൻറെ നിയന്ത്രണത്തിൽ തന്നെയാണ്. മറ്റുള്ളവരുടെ ജീവിതത്തിൽ ഒളിഞ്ഞു നോക്കുന്നത് നിർത്തി ആ സമയം സ്വന്തം ജീവിതത്തിൽ വിനിയോഗിച്ചാൽ ചിലപ്പോ ബിരിയാണി വിളമ്പിയെക്കും.

2015, നവംബർ 6, വെള്ളിയാഴ്‌ച

അന്യമാവുന്ന ചിലത്

ചിലതൊക്കെ എത്ര പെട്ടെന്നാണ്  അന്യമാവുന്നത്?
ചിലരൊക്കെ എത്ര പെട്ടെന്നാണ് അന്യരാവുന്നത്?
ഇന്നലെ വരെ എന്നോട് അടുത്തിരുന്ന ആമിന 
അവളിന്ന് പാകിസ്ഥാനിൽ പോകാൻ തുടങ്ങുന്നു... 
ഞങ്ങൾക്കിടയിൽ അതിർത്തി ഉണ്ടായി കഴിഞ്ഞിരിക്കുന്നു 

"ബാസീഗർ"... എന്റെ സ്വകാര്യഅഹങ്കാരം 
ഇന്ന്  എത്ര പെട്ടെന്നാണ് 
അയാൾ എന്റെ ശത്രുവായി മാറിയത്?
ഞാൻ അയാൾക്കെതിരെ 
രൂക്ഷവിമർശനം നടത്തേണ്ടി വന്നത്?

ഇന്നലെ വരെ പെറോട്ടക്ക് എന്ത് രുചിയായിരുന്നു 
ഇന്നെന്തേ, ഞാൻ പെറോട്ടകളെ ഒഴിവാക്കുന്നു?
എനിക്കറിയില്ല, ഞാനാകെ മാറിയിരിക്കുന്നു 
ഞാനിപ്പോൾ കന്നാലികളെ  സ്നേഹിക്കാൻ തുടങ്ങുന്നു  
അവയുടെ  ദിവ്യമായ തേജസ് അറിയാൻ തുടങ്ങുന്നു 

പ്രാഞ്ചിയേട്ടനും, സുഹൃത്തുക്കളും പറയുന്നത് 
എന്റെ അടിച്ചമർത്തപെട്ട ശബ്ദമാണെന്ന് 
ഞാൻ തിരിച്ചറിയുന്നു; പ്രവാസിയായി 
ഈ മണലാരണ്യത്തിൽ, ഗൃഹാതുരത്വത്തിൽ 
മുങ്ങി കഴിയുമ്പോഴും, എന്റെ ഹിന്ദുരാഷ്ട്രം 
അതു മാത്രമാണെന്റെ സ്വപ്നം.........2015, നവംബർ 4, ബുധനാഴ്‌ച

അവൻ...

അവിടെയിപ്പോൾ ശൈത്യം പെയ്യാൻ തുടങ്ങിയിട്ടുണ്ടാവും..
അവനിപ്പോൾ അവന്റെ കുട്ടിക്കുറുമ്പനെ ശൈത്യകാല വസ്ത്രങ്ങൾ അണിയിക്കുന്ന തിരക്കിലാവും...
 അവൾ  കഴിക്കാനുള്ളവ പായ്ക്ക് ചെയ്യുന്ന തിരക്കിലും...
അവൻ...
മറ്റാർക്കും പകരം വെയ്ക്കാനാവാത്തവൻ...
നിറഞ്ഞ പുഞ്ചിരിയോടെ ഒരു തണുത്ത പ്രഭാതത്തിൽ എൻറെ ജീവിതത്തിലേക്ക്, നിറസാന്നിധ്യമായി കടന്നു വന്നവൻ...  ഉറക്കെ പൊട്ടിച്ചിരിക്കുന്നവൻ...
എൻറെ സ്വഭാവവൈകല്യങ്ങളെ,  ഭീരുത്വങ്ങളെ, എല്ലാത്തിനെയും എൻറെ സാന്നിദ്ധ്യത്തിൽ മാത്രം രൂക്ഷമായി വിമർശിക്കുന്നവൻ...
അവൻ...
കപടമായ സന്തോഷപ്രകടങ്ങൾക്കുള്ളിൽ ഒളിപ്പിച്ചു വെച്ച, ഘനീഭവിച്ച ദുഖത്തിന്റെ മേഘങ്ങളെ, മഴയാക്കി പെയ്യിച്ചു, തോളോടു ചേർത്ത് നിർത്തി ആശ്വസിപ്പിക്കുന്ന...
 വാരാന്ത്യങ്ങളിൽ, വിഷാദത്തിൻറെ കമ്പളത്തിനുള്ളിൽ ചുരുണ്ടു കൂടുന്ന എന്നെ, അതിനുള്ളിൽ നിന്നും നിർബന്ധപൂർവ്വം പുറത്തിറക്കി, മലയോരത്തും, താഴ്വരകളിലും, കാർണിവൽ മൈതാനങ്ങളിലും കൂട്ടികൊണ്ടു പോയി, നിർത്താതെ സംസാരിച്ചു,  നിഴലു പോലെ കൂടെ നടക്കുന്നവൻ...
ഉള്ളിലും പുറത്തും ഒരു പോലെ ശൈത്യം ഉറഞ്ഞു കൂടുമ്പോൾ,
വിളക്കുകൾ മൊട്ടിട്ടു തുടങ്ങുന്ന സന്ധ്യകളിൽ എനിക്കൊപ്പം നടന്നവൻ...
വെറുതെ, എൻറെ സന്തോഷം കാണുവാൻ മാത്രം എന്നെയും കൂട്ടി നഗരം ചുറ്റിയവൻ ...
അവൻ...
ഇന്നും എന്നും സൗഹൃദമെന്നാൽ അവനാണ്...
അവനോളമോ, അവനൊപ്പമൊ....ഒരിക്കലുമില്ല..