Follow by Email

2015, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

ഒരു ദേശത്തിന്റെ കഥനമ്മുടെ കഥ നടക്കുന്നത്  ആ നാട്ടിലാണ്..
കാച്ചിൽ പോലെ നീണ്ടു നിവർന്നു പരന്നു കിടക്കുന്ന ആ നാട്ടിൽ...
കഥ തുടങ്ങുമ്പോൾ പ്രാണരക്ഷാർത്ഥം ഓടിപോവുന്ന കുറെ വെളുമ്പന്മാർ.
അവരെ നാടുകടത്തിയ സന്തോഷാതിരേകത്താൽ, വരാൻ പോകുന്ന വൻദുരന്തങ്ങൾ അറിയാതെ ആനന്ദനൃത്തം ചവിട്ടുന്ന കുറെ പാവങ്ങൾ... അവരാഘോഷിക്കുകയാണ്... സ്വാതന്ത്ര്യം എന്നോ മറ്റോ എന്തോ കിട്ടിയെന്നുള്ള വിശ്വാസത്തിലാവണം...ഓടി പോയ വെളുമ്പന്മാരെ ഓർത്തോർത്തു ചിരിച്ചു, വരാൻ പോകുന്ന നല്ല നാളുകൾ ഓർത്തു മതിമറന്നു.....ആനന്ദം അല്പമൊന്നടങ്ങിയപ്പോൾ അവർ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വരുന്നു. കടിപിടി... അടിപിടി.... ഭാഗം വെപ്പ്...ഒടുക്കം കിട്ടിയതും വാങ്ങി "പച്ച"പിടിക്കാമെന്ന ഉറപ്പിൽ ഒരു കൂട്ടർ പടിഞ്ഞാറോട്ട്  യാത്ര തിരിക്കുന്നു.  കാവിയേയും, വെള്ളയെയും കൂടെയുള്ള പച്ചയേയും വേലി കേട്ടിതിരിച്ചു  അവിടെ പുതിയൊരു ജീവിതം തുടങ്ങുന്നു.  

 ടോസ്സ് നേടി ബാറ്റിങ്ങിന് ഇറങ്ങിയവരെല്ലാം ഒന്നിന് പുറകെ ഒന്നായി ഔട്ട്‌ ആയപ്പോളും, വല്ലാത്ത പ്രതീക്ഷയുള്ള ജനകൂട്ടം തളരുന്നില്ല..അവർ വീണ്ടും വീണ്ടും കളിക്കാരെ പ്രോത്സാഹിപ്പിച്ചു കളത്തിലിറക്കി കൊണ്ടേ ഇരിക്കുന്നു.  അടുപ്പിൽ പൂച്ച പെറ്റു കിടക്കുകയാണെങ്കിലും, കുളിക്കാതെയാണ് കോണകം പുരപുറത്ത് കൊണ്ടിട്ടതെങ്കിലും ആട്യത്വം ഒന്നിനു വേണ്ടിയും പണയം വെയ്ക്കാൻ തയ്യാറല്ലാത്ത, ഒരു പാട് വിശ്വാസങ്ങളിലും, ആചാരങ്ങളിലും ജീവിക്കുന്ന  ജനത കളിക്കാരെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു വീര്യം കൂട്ടി കൊണ്ടേ ഇരിക്കുന്നു.  കളിക്കാർ നല്ല കളിക്കാരായതിനാലും, കാണികൾ വെറും മണ്ടന്മാർ ആയതിനാലും ആ ജനപ്രിയവിനോദം കൊണ്ട് മാത്രം, കളിക്കാർ പണക്കാരായി മാറുന്ന അതിമനോഹരമായ കാഴ്ചകൾ .... 

ലോകം മാറിയിട്ടും, കാലം മാറിയിട്ടും, എന്റെ ഉപ്പൂപ്പായ്ക്ക് ഒരാന ഉണ്ടാരുന്നു  അത് കൊണ്ട് ഇപ്പോഴും എന്റെ പ്രിഷ്ടത്തിൽ തഴമ്പ് ഉണ്ടെന്നു  മേനി പറഞ്ഞു, ഇട്ടാവട്ടത്തിലെ പൊട്ടതവളകൾ ജീവിച്ചു പോന്നു.  കഥ ഇത്രടം വരെ എത്തി നിൽക്കുമ്പോൾ ചിലരൊക്കെ പുരോഗമനവാദത്തിലേക്ക് മാറി ചവിട്ടുന്നു.  വീട്ടിലില്ലാത്ത പുരോഗമനം നാട്ടിൽ തപ്പുന്നു,  കണ്ടെത്തുന്നു, മാറ്റാൻ ശ്രമിക്കുന്നു.  പെണ്‍കുഞ്ഞു മുതൽ, പടുകിഴവിയിൽ വരെ പൂർത്തീകരിക്കാനാവാത്ത ചോദനകൾ പരീക്ഷിക്കുമ്പോഴും ഞങ്ങൾ പരിഷ്കൃതർ എന്ന മുദ്രാവാക്യം ഉച്ചത്തിൽ വിളിച്ചു പറയുന്നു. അല്ലെന്നു പറയുന്നവനെ  "പിതൃഹീനൻ" ആയി മുദ്ര കുത്തുന്നു.


ഒടുവിൽ, ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റിൽ കഥ തീരുന്നു. അതിപ്രകാരമാണ്‌. ഒരു സുപ്രഭാതത്തിൽ, മനുഷ്യകുഞ്ഞുങ്ങൾ പട്ടികുഞ്ഞുങ്ങളായി മാറുന്നു.  അവയെ എറിഞ്ഞോ, തീയിട്ടോ കൊല്ലുന്നു. സ്ത്രീകൾ ഇറച്ചികഷണങ്ങളായി രൂപാന്തരം പ്രാപിക്കുന്നു.   ഇന്നലെ വരെ തൊഴുത്തിൽ കെട്ടിയിട്ടത് സ്വന്തം മാതാവിനെ ആണെന്നു തിരിച്ചറിയുന്നു. ആ  തിരിച്ചറിവിൽ നിന്നുണ്ടായ കുറ്റബോധത്താൽ, യാന്ത്രികമായി മാതാവിനെ സംരക്ഷിക്കാനായി, ആ തിരിച്ചറിവുണ്ടാവാത്ത എല്ലാവരേയും കൊന്നു തള്ളുന്നു.  സമസ്തഅപരാധം പൊറുക്കാൻ കരഞ്ഞു പറഞ്ഞു പൂജ നടത്തി "പുണ്യാഹം" കുടിക്കുന്നു.  ഇന്നലെ വരെ റോഡിൽ അലഞ്ഞു നടന്ന സ്വന്തം അച്ഛനെ തിരിച്ചറിയുന്നു. ആ അച്ഛനെ തലേന്ന് വരെ ഫ്രൈ ആക്കി കഴിച്ച സങ്കടം മാറ്റാൻ പാപനാശത്തിനു പരിഹാരക്രിയകൾ ചെയ്തു പുണ്യാത്മാക്കളായി തന്നത്താൻ ഉയർത്തപ്പെടുന്നതോടെ എല്ലാവരും കാത്തിരുന്ന ആ നല്ല ദിനം എത്തി കഴിഞ്ഞു എന്ന അശരീരി മുഴങ്ങുന്നു.  

                                               ശുഭം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ