Follow by Email

2015, ഒക്‌ടോബർ 7, ബുധനാഴ്‌ച

ഒളിച്ചു കടത്തുന്ന ഫാസിസം


ഇപ്പോൾ പരക്കെ ഉപയോഗിച്ചു കേൾക്കുന്ന ഒരു വാക്കാണ്‌ ഫാസിസം.  എല്ലാവരും ഫാസിസത്തെ പറ്റി പറയുന്നത് കേട്ടാൽ തോന്നും,   ബീഫ് തിന്നാൻ സമ്മതിക്കാത്തത് മാത്രമാണ് ഫാസിസം എന്ന്.  ശരിക്കും ഇതിനെ പറ്റി ഘോരഘോരം പ്രസംഗിക്കുന്ന അഭിനവബുദ്ധിജീവികളിൽ എത്ര പേർക്ക് ഫാസിസം എന്നതിനെ അതിന്റെ ശരിയായ അർത്ഥത്തിൽ അറിയാം?  

     ഫാസിസം എന്നാൽ അടിസ്ഥാനപരമായി  വ്യക്തിസ്വാതന്ത്ര്യത്തിൽ ഉള്ള കടന്നു കയറ്റമാണ് എന്നത് ഒരു പക്ഷേ എല്ലാവരും സമ്മതിക്കുമായിരിക്കും.   ജനാധിപത്യവ്യവസ്ഥിതി നിലനിൽക്കുന്ന ഒരു രാജ്യത്തിൽ ഏകാധിപത്യ ഭരണകൂടത്തെ പോലെ തീരുമാനങ്ങൾ എടുക്കുന്നതു ഫാസിസം ആണെന്നുള്ളത്‌ പലവട്ടം ആലോചിക്കേണ്ട കാര്യമല്ല.    പക്ഷെ, ബീഫ് എന്ന വിഷയം വിട്ടു ഫാസിസത്തിന്റെ വിവിധ മുഖങ്ങളെ പറ്റി ഒന്നാലോചിച്ചു നോക്കുക.  പ്രസ്തുത വിഷയത്തെ പറ്റി കൂലങ്കഷമായ ചർച്ചകൾ നടത്താനും അഭിപ്രായങ്ങൾ പറയാനും അവനവനുള്ള യോഗ്യതയെ പറ്റി ചിന്തിക്കുക.   

അസമത്വം, അടിച്ചമർത്തൽ എന്നിവയാണ് ഫാസിസത്തിന്റെ വിവിധ ഭാവങ്ങൾ.  അങ്ങിനെ വരുമ്പോൾ ഭാര്യയെ ജോലിക്ക് വിടാത്ത, സ്വന്തം ഇഷ്ടത്തിനു മാത്രം വേഷം ധരിക്കാൻ നിർബന്ധിക്കുന്ന, സ്വന്തം വീട്ടിൽ  പോയി കുറച്ചു ദിവസം നിൽക്കാൻ അവളെ അനുവദിക്കാത്ത ഭർത്താവ് ഫാസിസ്റ്റ് അല്ലെ? മറുവശത്ത്, ഭർത്താവ് മറ്റു  സ്ത്രീകളോട് സംസാരിക്കാൻ അനുവദിക്കാത്ത, സ്വന്തം അച്ഛനോടും അമ്മയോടും അടുക്കാൻ സമ്മതിക്കാത്ത, അയാളുടെ സുഹൃത്തുക്കളോട് ഒത്തു സമയം ചിലവഴിക്കാൻ അനുവദിക്കാത്ത ഭാര്യയും ഫാസിസ്റ്റ് അല്ലേ? ഇനി മുതിർന്ന  കുട്ടികളുടെ കാര്യത്തിലാണെങ്കിൽ, സ്വന്തമായി വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനോ, ഇഷ്ടപെട്ട വിഷയത്തിൽ ഉപരിപഠനം നടത്താനോ, ഇഷ്ടപെട്ട ആളെ വിവാഹം കഴിക്കാനോ അനുവദിക്കാത്ത അച്ഛനും അമ്മയും ഫാസിസ്റ്റ് തന്നെയല്ലേ?    റോഡിൽ കൂടി നടക്കുന്ന സ്ത്രീകളെ (ചരക്കുകളെ), സൈബർ സ്പേസിൽ സ്വന്തം അഭിപ്രായത്തിനു എതിരായി സംസാരിക്കുന്ന സ്ത്രീകളെ,  എന്തും പറയാൻ യാതൊരു മടിയും കാണിക്കാത്ത, എന്നാൽ വിപ്ലവം പ്രസംഗിക്കുന്ന എല്ലാ യുവാക്കളും ഫാസിസ്റ്റ് എന്ന വിഭാഗമല്ലേ?  അതേ, ഇങ്ങനെ നോക്കിയാൽ നമ്മളോരോരുത്തരും കുഞ്ഞു കുഞ്ഞു ഫാസിസ്റ്റുകളാണ്.  ഒരു കൊച്ചു മുസ്സോളിനിയോ, ഹിറ്റ്‌ലറോ ഒക്കെയാണ്.  സ്വന്തം വീട്ടിലും നാട്ടിലും ഒക്കെയാണെന്ന് മാത്രം.  

ഫെമിനിസം എന്നാൽ പുരുഷവിദ്വേഷം എന്ന് വ്യാഖ്യാനിക്കുന്നത് പോലെ ഫാസിസം എന്നാൽ ബീഫ് നിരോധനം, പോർണ്‍ നിരോധനം എന്നൊക്കെ എല്ലാവരും വിശ്വസിക്കുന്നു.  അതിനെതിരെ ആഞ്ഞടിക്കുന്നു.  നിത്യജീവിതത്തിൽ എല്ലാ മേഖലകളിലും- വീട്ടിൽ, പൊതുസ്ഥലങ്ങളിൽ, കിടപ്പറയിൽ, ബസിൽ, സൈബർ ഇടങ്ങളിൽ എന്ന് വേണ്ട എവിടെ നോക്കിയാലും മേൽക്കോയ്മ വെച്ചു പുലർത്തുന്നവരെല്ലാം ഫാസിസത്തിനെതിരെ ജാഥ നയിക്കുന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ തമാശ.  സ്ത്രീകൾ എന്നും പുരുഷന് താഴെയായിരിക്കണം എന്നും, സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കുവാനോ, ഇഷ്ടമുള്ള വേഷങ്ങൾ ധരിക്കുവാനോ പാടില്ലെന്നും ശഠിക്കുന്ന ഒരാൾ ഇനി എത്ര വിപ്ലവം വരുത്താൻ പരിശ്രമിച്ചിട്ടും വലിയ നേട്ടം ഒന്നും തന്നെയില്ല.  കാരണം നിങ്ങളും നിങ്ങൾ ഫാസിസ്റ്റ് എന്ന് വിളിക്കുന്നവരും തമ്മിൽ ഒരേ ഒരു വ്യത്യാസം മാത്രമേ ഉള്ളു.  നിങ്ങൾ പരോക്ഷഫാസിസ്റ്റും അവർ പ്രത്യക്ഷഫാസിസ്റ്റും .  അല്ലെങ്കിൽ നിങ്ങളെക്കാൾ മെച്ചമാണ് അവരുടെ രീതി.  ഒന്നുമില്ലെങ്കിലും അവരെന്താണെന്ന് അവർ പ്രത്യക്ഷമായി വെളിപ്പെടുത്തുന്നുണ്ടല്ലോ.  
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ