സമയം:8.30pm
സ്ഥലം: സിംഗപൂർ
മെട്രോയിൽ നിന്നിറങ്ങി ആൾക്കൂട്ടത്തിലൂടെ ഞാൻ പുറത്തേക്കിറങ്ങുന്നു. പതിയെ രാത്രിയുടെയും വഴി വിളക്കുകളുടെയും ഭംഗി ആസ്വദിച്ചു അപാർട്ട്മെന്റിലേക്കു നടക്കുന്നു. എൻറെ ഇറച്ചി കണ്ടു കൊതി മൂത്ത ഒരു "ഇന്ത്യൻ തെരുവുനായ" മണം പിടിച്ചു പുറകേ കൂടിയിട്ടുണ്ട്. ആ പട്ടിയെ വഴി തെറ്റിക്കാനായി ഞാൻ ഫ്ലാറ്റിൽ കയറാതെ കറങ്ങി നടക്കുന്നു. വിശപ്പ് കൊണ്ടാവും ആ പട്ടി മാറുന്നില്ല. ഒടുക്കം ഞാൻ തിരിച്ചു നടന്നു എന്തിനാണ് എന്റെ പിന്നാലെ വരുന്നതെന്ന് ചോദിക്കുന്നു. ആ നായ ആരെയോ കാത്തു നിൽക്കുന്നു എന്ന് മറുപടി പറയുന്നു. "പോലീസിനെ വിളിക്കണോ" എന്ന ചോദ്യം കേട്ടതും തിരിഞ്ഞു നോക്കാതെ ആരെയും വീണ്ടും കാത്തു നില്ക്കാതെ ഇറച്ചികഷണം വഴിയിൽ ഉപേക്ഷിച്ചു നായ മടങ്ങി പോവുന്നു.
സമയം:8.30pm
സ്ഥലം: ഇന്ത്യ
ഇരുട്ടു വീണ റോഡിലൂടെ ഞാൻ ധൃതിയിൽ വീട്ടിലേക്കു നടക്കുന്നു. എൻറെ ഇറച്ചി കണ്ണുകളാൽ കടിച്ചു കീറി ഒരു തെരുവ് നായ പുറകേ വരുന്നു. എനിക്കെതിരെ വരുന്ന മറ്റു നായകളും അതേ കൊതിയോടെ എന്നെ കടിച്ചു തിന്നുന്നു. ഒറ്റയ്ക്ക് രാത്രി നടക്കുന്ന എനിക്ക് കൊടുക്കാൻ ഉള്ളതാണ് ഇറച്ചി എന്ന് അവരുറപ്പിക്കുന്നു. എന്ത് കൊണ്ടോ എതിരേ വന്ന നായ്ക്കൾ പിന്തുടരാതെ അവരുടെ വഴിക്ക് പോകുന്നു. എന്നാൽ ആദ്യം മുതൽ പിന്നാലെ കൂടിയ നായ മാത്രം വിടാതെ പുറകെ വരുന്നു. ഞാൻ തിരിഞ്ഞു നിന്ന് എന്തിനാണ് പിന്നാലെ വരുന്നതെന്ന് ചോദിക്കുമ്പോൾ നീയൊക്കെ ഏതു ഐറ്റം ആണെന്നറിയാമെന്നു അധികാരത്തോടെ ആ ശ്വാനൻ വിളിച്ചു പറയുന്നു. ഇരുട്ടു പരന്ന റോഡിൻറെ ഒരു വളവിൽ വെച്ച് ആ പട്ടി എന്നെ അടുത്തുള്ള കുറ്റിക്കാട്ടിൽ കൊണ്ട് പോയി കടിച്ചു കീറുന്നു. ശേഷിച്ച ഇറച്ചി അവിടെ ഉപേക്ഷിച്ചു വിശപ്പ് മാറിയ സന്തോഷത്തോടെ തിരിച്ചു പോകുന്നു. എങ്ങനെയോ വീട്ടിലെത്തിയ എന്നെ വീട്ടുകാർ ചോദ്യങ്ങൾ ചോദിച്ചു "കോമ" അവസ്ഥയിലാക്കുന്നു. നഷ്ടപെട്ട "മാനവും" സംരക്ഷിക്കാൻ പറ്റാതെ പോയ അഭിമാനവും ഓർത്തു ഞാൻ ആത്മഹത്യ ചെയ്യുന്നു. വീണ്ടും പട്ടികൾ ഇറച്ചികഷണങ്ങൾ തിരഞ്ഞു മാത്രം നടക്കുന്നു.
കഥയുടെ മോറൽ: മൂല്യച്യുതി, ദൈവഭയം ഇല്ലാത്ത അവസ്ഥ എന്നിവ മൂലം നശിച്ചു കൊണ്ടിരിക്കുന്ന ഒരു നാടിന്റെ ഭീകരാവസ്ഥ രണ്ടാമത് പറഞ്ഞ പ്രകാരം ആയിരിക്കും. നിയമങ്ങൾ, ശിക്ഷകൾ ഇവയൊന്നും ആളുകളെ ഭയപ്പെടുത്തുന്നില്ല. അതിൻറെ ആവശ്യവും ഒരു ജനാധിപത്യരാജ്യത്തിൽ ഇല്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ