Follow by Email

2015, ഒക്‌ടോബർ 20, ചൊവ്വാഴ്ച

അവളും ഞാനുംപതിവ് ഉച്ചയുറക്കത്തിലായിരുന്നു ഞാൻ അപ്പോൾ.  പാത്രങ്ങൾ തട്ടി വീഴുന്ന ശബ്ദം കേട്ടാണ് ഉണർന്നത്.  ആ മൂധേവി അടുക്കളയിൽ എല്ലാം തട്ടി ഇട്ടു സ്വസ്ഥത കളയുന്നത് ഇതു ആദ്യമല്ലല്ലൊ.  അവൾക്കിന്നു രണ്ടു കൊടുത്തിട്ട് തന്നെ ബാകി കാര്യം.  പാഞ്ഞു ചെന്ന് നോക്കിയപ്പോൾ അച്ചാറിന്റെ പാത്രം താഴെ വീണു കിടക്കുന്നു.  അവൾ അത് തുടച്ചു വൃത്തിയാക്കുന്ന തിരക്കിലാണ്.  ചെന്ന വഴിക്ക് തന്നെ ഒരു തൊഴി വെച്ച് കൊടുത്തു.  അവൾ തെറിച്ചു അപ്പുറത്തേക്ക് വീണു.  ദേഷ്യത്തോടെ എഴുന്നേറ്റു എൻറെ നേരെ പാഞ്ഞു വന്നപ്പോൾ കൈ നീട്ടി ഒന്നങ്ങു പൊട്ടിച്ചു.  "ഒന്ന് മയങ്ങി വന്നതാരുന്നു, ശല്യം ചെയ്താലുണ്ടല്ലോ ഇനിയും നീ മേടിച്ചു കൂട്ടും".  എന്ന് പറഞ്ഞു തിരിഞ്ഞു നടന്നപ്പോൾ "ഒരു ജോലിക്കും പോവാതെ, കുടുംബം നോക്കാതെ കിടന്നുറങ്ങും. രാപകൽ കുഞ്ഞുങ്ങൾക്ക്‌ വേണ്ടി കഷ്ടപ്പെട്ടിട്ടും എനിക്കിതാണല്ലോ കർത്താവെ നീ തന്നത്" എന്ന പരാതി കരച്ചിലിനോപ്പം കേട്ടു.  ഒന്നൂടെ പോട്ടിച്ചാലോന്നു ഓർത്തെങ്കിലും, വഴക്കായി സംഗതി രൂക്ഷമായാൽ രാത്രി അതിൻറെ പേരിൽ വീർപ്പിച്ചാൽ, പട്ടിണി ആയാലോ എന്നോർത്ത് ദേഷ്യം അടക്കി ഉറങ്ങാൻ കിടന്നു.  നാശം, ഉറക്കം പോയി.  പതുക്കെ ഇറങ്ങി കവലയിൽ ചെന്ന് നാട്ടുകാര്യം പറഞ്ഞിരുന്നു.  

തിരികെ വന്നപ്പോൾ അവൾ ഫേസ്ബുക്കും നോക്കി ഇരിപ്പാണ്.  വലിയ കവയത്രിയാണത്രെ ഫേസ് ബുക്കിൽ.  ഉള്ളിൽ ചിരി പൊട്ടി.  എന്തൊക്കെയാണോ  എഴുതി കൂട്ടിയിരിക്കുന്നത്.  ഇന്നലെ കൂടി വായിച്ചു നോക്കി.  ഒന്നും മനസിലാവുന്നില്ല.  സ്ത്രീ വിമോചനം, സ്വന്തം ശരീരം പോലും സ്വന്തമല്ലാത്ത സ്ത്രീകൾ അതൊക്കെയാണ്‌ തീം എന്നാരോ പറയുന്നത് കേട്ടു.  ഇവളോക്കെ എന്ത് നന്നാക്കാനാണോ ആവോ.  എന്തായാലും സ്ത്രീ വിമോചനം പറഞ്ഞു എൻറെ അടുത്ത് വരില്ലെന്ന് ഉറപ്പ്.  വന്നാൽ അവൾക്കു മിനിമം ഒരു ആശുപത്രി വാസം പ്രതീക്ഷിക്കാം.  അൽപനേരം കഴിഞ്ഞപ്പോൾ ആങ്ങളയോട് കുഞ്ഞുങ്ങൾക്ക്‌ ഫീസ് കൊടുക്കാൻ കാശയക്കാൻ വിളിച്ചു പറയുന്നത് കേട്ടു.  അവൻ പെണ്ണ് കെട്ടുന്നത് വരെ കുഞ്ഞുങ്ങളുടെ കാര്യം അവൻ നോക്കിക്കൊള്ളും.  പിന്നെ പണിയാവും.  ആ, വരുന്നിടത്ത് വെച്ച് കാണാം.  ജോലിക്ക് ശ്രമിക്കാഞ്ഞല്ലല്ലോ, കിട്ടഞ്ഞിട്ടല്ലെ?  

വൈകുന്നേരം ചായ കുടിച്ചിട്ട് വെറുതെ ടി വി കണ്ടിരുന്നു നേരം പോയതറിഞ്ഞില്ല.  സന്ധ്യക്ക്‌ അവൾ വെള്ളം ചൂടാക്കി കൊണ്ട് കുളിമുറിയിൽ വെച്ച് തന്നപ്പോൾ കുളിച്ചു ഉഷാറായി അവളോടൊത്ത് കുറെ നേരം സീരിയൽ കണ്ടിട്ട് ഫേസ് ബുക്കിലെ കിളികളിലേക്ക് ഊളിയിട്ടു. അവരൊക്കെ അവളെക്കാൾ എത്ര ഭേദമാണ്.  എൻറെ വിധി.  അല്ലാതെന്താ..(നെടുവീർപ്പ്)  അത് കഴിഞ്ഞു ഗ്രൂപ്പിൽ പോയി സ്ത്രീകൾ സ്വന്തം കാലിൽ നില്ക്കേണ്ടതിന്റെ ആവശ്യകതയും അതിൽ പുരുഷനുള്ള ഉത്തരവാദിത്വവും എന്നതിൽ നല്ലൊരു പൊസ്റ്റിട്ടു തിരിച്ചു വന്നപ്പോളെക്കും കുഞ്ഞുങ്ങൾ ഉറക്കം പിടിച്ചിരുന്നു. പിന്നെ പതിവ് "ചടങ്ങുകൾ" കഴിഞ്ഞു ഞാൻ  തളർന്നു മയങ്ങുമ്പോൾ, വെളുപ്പിനെ എഴുന്നേല്ക്കാൻ അലാറം വെച്ചിട്ട്, സ്ത്രീകൾ ശാക്തീകരിക്കപെടേണ്ടതിന്ടെ അവശ്യകതയെ കുറിച്ച് അടുത്ത ഫേസ് ബുക്ക്‌ പോസ്റ്റ്‌ തയ്യാറാക്കുകയായിരുന്നു അവൾ.   അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ