Follow by Email

2015, ഒക്‌ടോബർ 31, ശനിയാഴ്‌ച

ആകാശവും ഭൂമിയും


ഞാൻ ആകാശവും നീ ഭൂമിയുമാവുന്നു
പ്രണയത്തിന്റെ വെള്ളമേഘക്കെട്ടുകൾ
ഞാൻ നിനക്കായി അയച്ചു തരുന്നു..
എന്നോടുള്ള തീവ്രാനുരാഗത്താൽ
നീയവയെ ഗാഡമായി പുണരുന്നു
നിൻറെ സ്നേഹത്താൽ നീലിച്ചുപോയ
എൻറെ മേഘങ്ങൾ നിനക്കു മേൽ
മഴയായി പെയ്തിറങ്ങുന്നു
നീയതിൽ ആവോളം നനയുന്നു
മഴയിൽ നിന്നും പ്രളയമായി മാറി
ജീവശ്വാസത്തിന് കൊതിച്ചു
 മുങ്ങിമരിക്കുമ്പോഴും
നീയെന്നെ പ്രണയിച്ചു കൊണ്ടേ ഇരിക്കുന്നു
വീണ്ടും പുണരാൻ കൊതിച്ചു..
വീണ്ടും മഴയിൽ നനയാൻ കൊതിച്ചു..
ഋതുക്കളിലും, സംവത്സരങ്ങളിലും,
യുഗങ്ങളിലും നാമിതു തുടരുന്നു
ഒരിക്കലും ഒന്നു ചേരാതെ......
ഒരിക്കലും മടുക്കാതെ....
ഒരിക്കലും പിരിയാതെ...

2015, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

പേരില്ലാത്ത കുട്ടികൾഅതിരാവിലെ വെളിക്കിരിക്കാൻ പോയപ്പോഴായിരുന്നു
എനിക്കവളെ ബലാത്സംഗം ചെയ്യാൻ തോന്നിയത്
അവൾക്കെന്നെയും... ഞങ്ങളെ സ്നേഹിക്കുന്ന ഭരണകൂടം
കക്കൂസും എല്ലാ അടിസ്ഥാനസൌകര്യങ്ങളും തന്നിട്ടുണ്ട്
എങ്കിലും  വെളുപ്പിനെ എഴുന്നേറ്റു പരസ്യമായി..രസമാണ്

ഞാനവളെ ബലാത്സംഗം ചെയ്തു..അവളെന്നെയും...
ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കഴുത്തിൽ കയറിട്ടു കുരുക്കി
മരത്തിൽ തൂങ്ങിയാടി...കണ്ണൊക്കെ തുറിച്ചു, നാക്ക് തള്ളി
നല്ല രസമായിരുന്നു... ആ കിടപ്പ്..അങ്ങനെ കിടക്കാൻ...

വർഷങ്ങൾക്കു മുൻപ് എൻറെ പതിനാറാം വയസ്സിലാണ്
ഞാൻ 42 പേരെ നാട് നീളെ നടന്നു ബലാത്സംഗം ചെയ്തത്
തുടങ്ങിയത് അവിടെ നിന്നാണ്..
അതിനു മുന്പും ഉണ്ടായിട്ടുണ്ടായിരുന്നു
പക്ഷെ, ഇക്കിളി ആയി പറയാൻ അന്നൊന്നും രമച്ചേച്ചി
ഇത്ര മിടുക്കിയയിരുന്നില്ല... സൂര്യനെല്ലി എന്നോ മറ്റോ
അവരെന്നെ വിളിച്ചു... പിന്നെ എന്നെ അവർ വിതുര
എന്നായിരിക്കണം വിളിച്ചത്... പിന്നുള്ളത് മറന്നു ..

അതിനു ശേഷം ഞാനൊരു ഒറ്റക്കയ്യൻ പാണ്ടിയെ...
പിന്നീട്.....
 ഡൽഹിയിൽ ബസിൽ വെച്ച് ആയിരുന്നു..
അന്ന് ഞാൻ തനിയെ ഒരു ഇരുമ്പ് ദണ്‍ട് യോനിയിൽ
അടിച്ചു കയറ്റി..പിടിക്കപ്പെടാതിരിക്കാൻ..
പക്ഷെ അവരെന്റെ കള്ളം പൊളിച്ചു..
ഉടനെ ഇറങ്ങുമെന്ന്...

പിന്നെ, ഞാൻ ബോംബെ, ബാംഗ്ലൂർ
 അറിയപ്പെടാത്ത കുറെ സ്ഥലങ്ങളിൽ
പല പല പേരുകളിൽ
പലരേയും പീഡിപ്പിച്ചു രസിച്ചു... പലരും
എന്റെ കഥകൾ ആവര്ത്തിച്ചു കേട്ടും പറഞ്ഞും
രാത്രികളിൽ അതോർത്തു ഭോഗിച്ചും....

എന്നിട്ടും......
രാത്രി ഇറങ്ങി നടക്കാൻ
ഇപോളും എനിക്ക് പേടിയാണ്..
ഒറ്റയ്ക്ക് യാത്ര ചെയ്യാൻ...
വീട്ടിൽ ഒറ്റക്കിരിക്കാൻ..
ആളൊഴിഞ്ഞ വഴിയിലൂടെ പോകാൻ..
തിരക്കുള്ള ബസിൽ കയറാൻ...
ആണ്‍കുട്ടികൾ കൂട്ടം കൂടി
നിൽക്കുമ്പോൾ അവര്ക്ക് മുന്നിലൂടെ നടക്കാൻ ...
ബസ്‌സ്റ്റോപ്പിൽ ഒറ്റയ്ക്ക് ബസ് കാത്തുനില്ക്കാൻ ...
എന്തോ...
ഇത്രയൊക്കെ ചെയ്തിട്ടും വല്ലാത്ത ധൈര്യക്കുറവ്............


2015, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

എത്രയും വ്യക്തിപരമായ ഒന്ന്മഴ വീണു തുടങ്ങിയ മനസിന്റെ നടുമുറ്റത്ത്‌
ചുവന്ന വട്ടപൊട്ട് തൊട്ടു നീ നിൽക്കുന്നു
എന്നെ ശകാരിക്കുന്നു, പിണങ്ങുന്നു
തിരിഞ്ഞു നടക്കുന്നു... ഞാൻ മാപ്പു ചൊല്ലി
പിന്നാലെ കൂടുമ്പോൾ കള്ളപിണക്കം നടിക്കുന്നു

ഒടുക്കം... തീർന്നു പോയ അവധിയുടെ കണക്കുപറഞ്ഞു
ഞാൻ പടിയിറങ്ങുമ്പോൾ, കണ്ണിൽ നിന്ന് മറയുവോളം
എന്തൊക്കെയോ നഷ്ടബോധത്തോടെ നീ നോക്കി നില്ക്കുന്നു
വരഷങ്ങൾ കുത്തിയൊലിച്ചു പോയ ആ വഴികളുടെ 
വളവുകളിൽ  എവിടെയോ എത്തി തിരിഞ്ഞു നോക്കുമ്പോൾ
മാസാന്ത്യം ആയതിനാൽ മാത്രം എനിക്ക്  തരാൻ കഴിയാതെ പോയ
സമ്മാനത്തെ കുറിച്ചുള്ള നഷ്ടബോധത്തിൽ അന്ന് നിന്ന
 അതേ നില്പ്...... എന്നും നീ എൻറെ ഓർമയിൽ അതാണ്

വെള്ളത്തുണിയിൽ പൊതിഞ്ഞു കിടത്തിയ 
തണുത്തു മരവിച്ച ഉടലോ, അപോഴും നെറ്റിയിൽ ജ്വലിച്ചിരുന്ന
ചുവന്ന പൊട്ടോ, കൂടെയുള്ളവരുടെ നിലവിളികളോ
അതുമല്ലെങ്കിൽ നിന്നെ താങ്ങിയെടുത്തവരുടെ വസ്ത്രങ്ങളിലെ
ചോരപ്പാടുകളോ എല്ലാം എന്നേ  ഞാനെന്റെ ഓർമയിൽ നിന്ന്
മായ്ച്ചു കളഞ്ഞിരിക്കുന്നു...

നിന്റെ കയ്യിലെ ചൂട്... ചുവന്ന വട്ടപൊട്ട്..കാച്ചെണ്ണ മണം
അതാണെന്റെ മരിക്കാത്ത ഓര്മ... പത്തിലേറെ സംവത്സരങ്ങൾ..
ഒരിക്കലും മറക്കാത്ത ഈ ദിനത്തിൽ... നീ പൂമുഖത്തുറങ്ങുമ്പോൾ
അലമുറകൾക്കിടയിലൂടെ ഞാൻ പടിഞ്ഞാറെ മുറ്റത്ത്‌ മരവിച്ചിരുന്നത്......
തകർന്ന, പാഴിരുൾ മൂടിയ, എൻറെ തറവാടിന്റെ അസ്ഥിവാരം തോണ്ടിയ
ശാപകഥകളിലും ഉപകഥകളിലും മനസ്സുടക്കാതെ...ഞാൻ, ഞാൻ, മാത്രം..

ഇന്നും എന്നും വിശ്വസിക്കുന്നു.... നീ മരിക്കുന്നില്ല.. എൻറെ മനസിലെങ്കിലും..
കാരണം ചുറ്റിനും കൂടിയിരുന്ന ബന്ധുക്കളായ ശത്രുക്കളിൽ
നിന്നെ... നിന്നെ മാത്രമെ ഞാനിന്നോളം സ്നേഹിച്ചിട്ടുള്ളൂ..
നിന്നെ ഓർത്ത് മാത്രമെ എന്നും ഞാൻ കരഞ്ഞിട്ടുള്ളൂ..
നിന്റെ അസാന്നിധ്യത്തിൽ മാത്രമെ ഞാൻ ശൂന്യത അറിഞ്ഞിട്ടുള്ളൂ
നീ ജീവിക്കുന്നു എന്ന് വിശ്വസിക്കാൻ..അതിൽ ജീവിക്കാൻ
അതാണ്‌ അത് മാത്രമാണ് എനിക്കിഷ്ടം ..

2015, ഒക്‌ടോബർ 27, ചൊവ്വാഴ്ച

നമ്മൾനിൻറെ ശരങ്ങളേറ്റു ഞാൻ
പാതിവഴിയിൽ മുറിവേറ്റു വീഴുന്നു
 കരയിലിട്ട മീനെ പോലെ പിടയുന്നു;
ചോദ്യം ചെയ്യാൻ നിന്നെ പഠിപ്പിക്കേണ്ടിയിരുന്നില്ലെന്ന്
മരണപിടച്ചിലിലും എനിക്ക് തോന്നതിരിക്കുന്നതെന്ത്?

നീ വളരുകയാണ്..
എൻറെ കാഴ്ച്ചക്കപ്പുറം
എൻറെ ചിന്തയ്ക്കപ്പുറം..
എങ്കിലും...
ഞാൻ വ്യത്യസ്ഥയെന്നും നിൻറെ ഭാഗ്യമെന്നും
നീ ആവർത്തിച്ചു കൊണ്ടേ ഇരിക്കുന്നു
എത്ര തീർത്താലും തീരാത്തത്ര കടപ്പെട്ട മനസുമായി
നിമിഷങ്ങൾ എണ്ണുന്നത് ഞാൻ മറച്ചു വയ്ക്കുന്നു

കുഞ്ഞികണ്ണുകളിൽ കൗതുകം നിറച്ചു
നീ പിന്നെയും പിന്നെയും ചോദ്യങ്ങൾ എയ്യുന്നു
പിടഞ്ഞു നീറുമ്പോഴും കണ്ണുതുളുമ്പാതെ
 ഞാൻ ഉത്തരങ്ങൾ പറയുന്നു;
അവയൊന്നും നീ കേൾക്കുന്നില്ല
എങ്കിലും....
ഇടറിയ ശബ്ദത്തിൽ  എന്നെ നീ തിരിച്ചറിയുന്നു

പോയ കാലവും; മാഞ്ഞ സന്ധ്യകളും
നിറച്ചാർത്തോടെ തിരികെ എത്തുന്ന വസന്തത്തിനായി
നമ്മൾ കാത്തിരിക്കുന്നു... അവനും......

2015, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

ഒരു ദേശത്തിന്റെ കഥനമ്മുടെ കഥ നടക്കുന്നത്  ആ നാട്ടിലാണ്..
കാച്ചിൽ പോലെ നീണ്ടു നിവർന്നു പരന്നു കിടക്കുന്ന ആ നാട്ടിൽ...
കഥ തുടങ്ങുമ്പോൾ പ്രാണരക്ഷാർത്ഥം ഓടിപോവുന്ന കുറെ വെളുമ്പന്മാർ.
അവരെ നാടുകടത്തിയ സന്തോഷാതിരേകത്താൽ, വരാൻ പോകുന്ന വൻദുരന്തങ്ങൾ അറിയാതെ ആനന്ദനൃത്തം ചവിട്ടുന്ന കുറെ പാവങ്ങൾ... അവരാഘോഷിക്കുകയാണ്... സ്വാതന്ത്ര്യം എന്നോ മറ്റോ എന്തോ കിട്ടിയെന്നുള്ള വിശ്വാസത്തിലാവണം...ഓടി പോയ വെളുമ്പന്മാരെ ഓർത്തോർത്തു ചിരിച്ചു, വരാൻ പോകുന്ന നല്ല നാളുകൾ ഓർത്തു മതിമറന്നു.....ആനന്ദം അല്പമൊന്നടങ്ങിയപ്പോൾ അവർ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വരുന്നു. കടിപിടി... അടിപിടി.... ഭാഗം വെപ്പ്...ഒടുക്കം കിട്ടിയതും വാങ്ങി "പച്ച"പിടിക്കാമെന്ന ഉറപ്പിൽ ഒരു കൂട്ടർ പടിഞ്ഞാറോട്ട്  യാത്ര തിരിക്കുന്നു.  കാവിയേയും, വെള്ളയെയും കൂടെയുള്ള പച്ചയേയും വേലി കേട്ടിതിരിച്ചു  അവിടെ പുതിയൊരു ജീവിതം തുടങ്ങുന്നു.  

 ടോസ്സ് നേടി ബാറ്റിങ്ങിന് ഇറങ്ങിയവരെല്ലാം ഒന്നിന് പുറകെ ഒന്നായി ഔട്ട്‌ ആയപ്പോളും, വല്ലാത്ത പ്രതീക്ഷയുള്ള ജനകൂട്ടം തളരുന്നില്ല..അവർ വീണ്ടും വീണ്ടും കളിക്കാരെ പ്രോത്സാഹിപ്പിച്ചു കളത്തിലിറക്കി കൊണ്ടേ ഇരിക്കുന്നു.  അടുപ്പിൽ പൂച്ച പെറ്റു കിടക്കുകയാണെങ്കിലും, കുളിക്കാതെയാണ് കോണകം പുരപുറത്ത് കൊണ്ടിട്ടതെങ്കിലും ആട്യത്വം ഒന്നിനു വേണ്ടിയും പണയം വെയ്ക്കാൻ തയ്യാറല്ലാത്ത, ഒരു പാട് വിശ്വാസങ്ങളിലും, ആചാരങ്ങളിലും ജീവിക്കുന്ന  ജനത കളിക്കാരെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു വീര്യം കൂട്ടി കൊണ്ടേ ഇരിക്കുന്നു.  കളിക്കാർ നല്ല കളിക്കാരായതിനാലും, കാണികൾ വെറും മണ്ടന്മാർ ആയതിനാലും ആ ജനപ്രിയവിനോദം കൊണ്ട് മാത്രം, കളിക്കാർ പണക്കാരായി മാറുന്ന അതിമനോഹരമായ കാഴ്ചകൾ .... 

ലോകം മാറിയിട്ടും, കാലം മാറിയിട്ടും, എന്റെ ഉപ്പൂപ്പായ്ക്ക് ഒരാന ഉണ്ടാരുന്നു  അത് കൊണ്ട് ഇപ്പോഴും എന്റെ പ്രിഷ്ടത്തിൽ തഴമ്പ് ഉണ്ടെന്നു  മേനി പറഞ്ഞു, ഇട്ടാവട്ടത്തിലെ പൊട്ടതവളകൾ ജീവിച്ചു പോന്നു.  കഥ ഇത്രടം വരെ എത്തി നിൽക്കുമ്പോൾ ചിലരൊക്കെ പുരോഗമനവാദത്തിലേക്ക് മാറി ചവിട്ടുന്നു.  വീട്ടിലില്ലാത്ത പുരോഗമനം നാട്ടിൽ തപ്പുന്നു,  കണ്ടെത്തുന്നു, മാറ്റാൻ ശ്രമിക്കുന്നു.  പെണ്‍കുഞ്ഞു മുതൽ, പടുകിഴവിയിൽ വരെ പൂർത്തീകരിക്കാനാവാത്ത ചോദനകൾ പരീക്ഷിക്കുമ്പോഴും ഞങ്ങൾ പരിഷ്കൃതർ എന്ന മുദ്രാവാക്യം ഉച്ചത്തിൽ വിളിച്ചു പറയുന്നു. അല്ലെന്നു പറയുന്നവനെ  "പിതൃഹീനൻ" ആയി മുദ്ര കുത്തുന്നു.


ഒടുവിൽ, ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റിൽ കഥ തീരുന്നു. അതിപ്രകാരമാണ്‌. ഒരു സുപ്രഭാതത്തിൽ, മനുഷ്യകുഞ്ഞുങ്ങൾ പട്ടികുഞ്ഞുങ്ങളായി മാറുന്നു.  അവയെ എറിഞ്ഞോ, തീയിട്ടോ കൊല്ലുന്നു. സ്ത്രീകൾ ഇറച്ചികഷണങ്ങളായി രൂപാന്തരം പ്രാപിക്കുന്നു.   ഇന്നലെ വരെ തൊഴുത്തിൽ കെട്ടിയിട്ടത് സ്വന്തം മാതാവിനെ ആണെന്നു തിരിച്ചറിയുന്നു. ആ  തിരിച്ചറിവിൽ നിന്നുണ്ടായ കുറ്റബോധത്താൽ, യാന്ത്രികമായി മാതാവിനെ സംരക്ഷിക്കാനായി, ആ തിരിച്ചറിവുണ്ടാവാത്ത എല്ലാവരേയും കൊന്നു തള്ളുന്നു.  സമസ്തഅപരാധം പൊറുക്കാൻ കരഞ്ഞു പറഞ്ഞു പൂജ നടത്തി "പുണ്യാഹം" കുടിക്കുന്നു.  ഇന്നലെ വരെ റോഡിൽ അലഞ്ഞു നടന്ന സ്വന്തം അച്ഛനെ തിരിച്ചറിയുന്നു. ആ അച്ഛനെ തലേന്ന് വരെ ഫ്രൈ ആക്കി കഴിച്ച സങ്കടം മാറ്റാൻ പാപനാശത്തിനു പരിഹാരക്രിയകൾ ചെയ്തു പുണ്യാത്മാക്കളായി തന്നത്താൻ ഉയർത്തപ്പെടുന്നതോടെ എല്ലാവരും കാത്തിരുന്ന ആ നല്ല ദിനം എത്തി കഴിഞ്ഞു എന്ന അശരീരി മുഴങ്ങുന്നു.  

                                               ശുഭം

2015, ഒക്‌ടോബർ 20, ചൊവ്വാഴ്ച

അവളും ഞാനുംപതിവ് ഉച്ചയുറക്കത്തിലായിരുന്നു ഞാൻ അപ്പോൾ.  പാത്രങ്ങൾ തട്ടി വീഴുന്ന ശബ്ദം കേട്ടാണ് ഉണർന്നത്.  ആ മൂധേവി അടുക്കളയിൽ എല്ലാം തട്ടി ഇട്ടു സ്വസ്ഥത കളയുന്നത് ഇതു ആദ്യമല്ലല്ലൊ.  അവൾക്കിന്നു രണ്ടു കൊടുത്തിട്ട് തന്നെ ബാകി കാര്യം.  പാഞ്ഞു ചെന്ന് നോക്കിയപ്പോൾ അച്ചാറിന്റെ പാത്രം താഴെ വീണു കിടക്കുന്നു.  അവൾ അത് തുടച്ചു വൃത്തിയാക്കുന്ന തിരക്കിലാണ്.  ചെന്ന വഴിക്ക് തന്നെ ഒരു തൊഴി വെച്ച് കൊടുത്തു.  അവൾ തെറിച്ചു അപ്പുറത്തേക്ക് വീണു.  ദേഷ്യത്തോടെ എഴുന്നേറ്റു എൻറെ നേരെ പാഞ്ഞു വന്നപ്പോൾ കൈ നീട്ടി ഒന്നങ്ങു പൊട്ടിച്ചു.  "ഒന്ന് മയങ്ങി വന്നതാരുന്നു, ശല്യം ചെയ്താലുണ്ടല്ലോ ഇനിയും നീ മേടിച്ചു കൂട്ടും".  എന്ന് പറഞ്ഞു തിരിഞ്ഞു നടന്നപ്പോൾ "ഒരു ജോലിക്കും പോവാതെ, കുടുംബം നോക്കാതെ കിടന്നുറങ്ങും. രാപകൽ കുഞ്ഞുങ്ങൾക്ക്‌ വേണ്ടി കഷ്ടപ്പെട്ടിട്ടും എനിക്കിതാണല്ലോ കർത്താവെ നീ തന്നത്" എന്ന പരാതി കരച്ചിലിനോപ്പം കേട്ടു.  ഒന്നൂടെ പോട്ടിച്ചാലോന്നു ഓർത്തെങ്കിലും, വഴക്കായി സംഗതി രൂക്ഷമായാൽ രാത്രി അതിൻറെ പേരിൽ വീർപ്പിച്ചാൽ, പട്ടിണി ആയാലോ എന്നോർത്ത് ദേഷ്യം അടക്കി ഉറങ്ങാൻ കിടന്നു.  നാശം, ഉറക്കം പോയി.  പതുക്കെ ഇറങ്ങി കവലയിൽ ചെന്ന് നാട്ടുകാര്യം പറഞ്ഞിരുന്നു.  

തിരികെ വന്നപ്പോൾ അവൾ ഫേസ്ബുക്കും നോക്കി ഇരിപ്പാണ്.  വലിയ കവയത്രിയാണത്രെ ഫേസ് ബുക്കിൽ.  ഉള്ളിൽ ചിരി പൊട്ടി.  എന്തൊക്കെയാണോ  എഴുതി കൂട്ടിയിരിക്കുന്നത്.  ഇന്നലെ കൂടി വായിച്ചു നോക്കി.  ഒന്നും മനസിലാവുന്നില്ല.  സ്ത്രീ വിമോചനം, സ്വന്തം ശരീരം പോലും സ്വന്തമല്ലാത്ത സ്ത്രീകൾ അതൊക്കെയാണ്‌ തീം എന്നാരോ പറയുന്നത് കേട്ടു.  ഇവളോക്കെ എന്ത് നന്നാക്കാനാണോ ആവോ.  എന്തായാലും സ്ത്രീ വിമോചനം പറഞ്ഞു എൻറെ അടുത്ത് വരില്ലെന്ന് ഉറപ്പ്.  വന്നാൽ അവൾക്കു മിനിമം ഒരു ആശുപത്രി വാസം പ്രതീക്ഷിക്കാം.  അൽപനേരം കഴിഞ്ഞപ്പോൾ ആങ്ങളയോട് കുഞ്ഞുങ്ങൾക്ക്‌ ഫീസ് കൊടുക്കാൻ കാശയക്കാൻ വിളിച്ചു പറയുന്നത് കേട്ടു.  അവൻ പെണ്ണ് കെട്ടുന്നത് വരെ കുഞ്ഞുങ്ങളുടെ കാര്യം അവൻ നോക്കിക്കൊള്ളും.  പിന്നെ പണിയാവും.  ആ, വരുന്നിടത്ത് വെച്ച് കാണാം.  ജോലിക്ക് ശ്രമിക്കാഞ്ഞല്ലല്ലോ, കിട്ടഞ്ഞിട്ടല്ലെ?  

വൈകുന്നേരം ചായ കുടിച്ചിട്ട് വെറുതെ ടി വി കണ്ടിരുന്നു നേരം പോയതറിഞ്ഞില്ല.  സന്ധ്യക്ക്‌ അവൾ വെള്ളം ചൂടാക്കി കൊണ്ട് കുളിമുറിയിൽ വെച്ച് തന്നപ്പോൾ കുളിച്ചു ഉഷാറായി അവളോടൊത്ത് കുറെ നേരം സീരിയൽ കണ്ടിട്ട് ഫേസ് ബുക്കിലെ കിളികളിലേക്ക് ഊളിയിട്ടു. അവരൊക്കെ അവളെക്കാൾ എത്ര ഭേദമാണ്.  എൻറെ വിധി.  അല്ലാതെന്താ..(നെടുവീർപ്പ്)  അത് കഴിഞ്ഞു ഗ്രൂപ്പിൽ പോയി സ്ത്രീകൾ സ്വന്തം കാലിൽ നില്ക്കേണ്ടതിന്റെ ആവശ്യകതയും അതിൽ പുരുഷനുള്ള ഉത്തരവാദിത്വവും എന്നതിൽ നല്ലൊരു പൊസ്റ്റിട്ടു തിരിച്ചു വന്നപ്പോളെക്കും കുഞ്ഞുങ്ങൾ ഉറക്കം പിടിച്ചിരുന്നു. പിന്നെ പതിവ് "ചടങ്ങുകൾ" കഴിഞ്ഞു ഞാൻ  തളർന്നു മയങ്ങുമ്പോൾ, വെളുപ്പിനെ എഴുന്നേല്ക്കാൻ അലാറം വെച്ചിട്ട്, സ്ത്രീകൾ ശാക്തീകരിക്കപെടേണ്ടതിന്ടെ അവശ്യകതയെ കുറിച്ച് അടുത്ത ഫേസ് ബുക്ക്‌ പോസ്റ്റ്‌ തയ്യാറാക്കുകയായിരുന്നു അവൾ.   2015, ഒക്‌ടോബർ 13, ചൊവ്വാഴ്ച

പ്രണയം-അത് അപൂർവമായി മാത്രം സംഭവിക്കുന്നു

പ്രണയമെന്നത് നിൻറെ കയ്യെത്തും ദൂരത്തു
ഞാൻ എന്നും ഉണ്ടാവുന്നതോ, എന്നോട്
നിനക്കുള്ള തീവ്രമായ ആരാധനയുടെ
പലവിധ പ്രകടനങ്ങളോ ആകുന്നില്ല

പ്രണയമെന്നത് പരസ്പരം മടുക്കാതിരിക്കലാണ്
എത്ര പറഞ്ഞാലും തീരാത്ത കഥകളുടെ
പങ്കുവെക്കലാണ്; എൻറെ സങ്കടങ്ങളെ നീയും
നിൻറെ സങ്കടങ്ങളെ ഞാനും സ്വന്തമാക്കുന്നതാണ്

എൻറെ ഭാവങ്ങളും  വേഷങ്ങളും നിൻറെ മുന്നിൽ
ഊർന്നു വീണു; എൻറെ പൂർണനഗ്നതയിൽ നീ
അലിഞ്ഞു ചേരുന്നതാണ്; പ്രണയമെന്നത്
 നീ പറയുന്ന, എഴുതി കൂട്ടുന്ന പൊയ് വാക്കുകളല്ല,

എന്നെ നീയറിയുന്നതും, നിന്നെ ഞാനറിയുന്നതും
മറ്റാരെക്കാളും, നിന്നിൽ ഞാൻ ജീവിക്കുന്നതുമാവുന്നു
ജീവനുള്ള ഓരോ നിമിഷവും എനിക്കൊപ്പം
നീയും, ഉണരുകയും ഉറങ്ങുകയും ചെയ്യുകയാണ്

പ്രണയം-
നേരമ്പോക്കുകൾ, അർഥശൂന്യമായ വാക്കുകൾ
പാഴായ വാഗ്ദാനങ്ങൾ, പൊള്ളയായ പ്രകടനങ്ങൾ
അടക്കിപിടിക്കലുകൾ, പ്രതികാരം
അർത്ഥം വളരെ മാറിപോയിരിക്കുന്നു

പ്രണയം-അത് അപൂർവമായി മാത്രം സംഭവിക്കുന്നു

2015, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

സുനന്ദയുടെ ആങ്ങളസുനന്ദയ്ക്ക്‌  "ഒരിക്കൽ  ഒരു ആങ്ങള" ഉണ്ടായിരുന്നു.  സ്ത്രീക്ക് സംരക്ഷണം വേണ്ടത് അത്യാവശ്യം ആണെന്ന് അവൾ  വിശ്വസിച്ചിരുന്ന കാലമായിരുന്നു അത്.  സഹോദരനാവാൻ ഒരമ്മയ്ക്ക് ജനിക്കണമെന്നില്ലെന്നും മറ്റുമുള്ള വികാരപൂർണ്ണമായ ഡയലോഗ് അടിച്ചു സന്തോഷപൂർണമായ ജീവിതം നയിച്ചിരുന്ന കാലം.  ആങ്ങളയുടെ പ്രണയത്തിനു കൂട്ടുനില്ക്കുകയും , അവൻറെ താല്പര്യങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്തു സുനന്ദ നല്ല പെങ്ങളായി ജീവിച്ചു പോന്നു.  സുനന്ദയോടു  മൃദുവികാരങ്ങൾ ഉള്ള എല്ലാ ആണ്‍കുട്ടികളെയും അടിച്ചമർത്തി അവളുടെ  വീരനായ ആങ്ങള അവളെയും  സംരക്ഷിച്ചു പോന്നു.  സുനന്ദയുടെ  വിവാഹശേഷവും അവർ  പഴയത് പോലെ തന്നെയായിരുന്നു.  ആങ്ങളയുടെ വിവാഹാനന്തരവും അതിൽ വലിയ മാറ്റം ഒന്നും വന്നിരുന്നില്ല.  

അങ്ങനിരിക്കെ, ഒരിക്കൽ അവൾക്കു കുറച്ചു പണത്തിന്റെ അത്യാവശ്യം വന്നു.  അവൾക്കു അത് ആരോടും പറയാനും താൽപര്യമില്ലായിരുന്നു.  അപ്പോൾ അവളുടെ മനസ്സിൽ ആദ്യം വന്നത് പുന്നാര  ആങ്ങളയുടെ  മുഖമായിരുന്നു.  അവൾ അവനെ വിളിച്ചു ചോദിച്ചു.  ഞാൻ എവിടുന്നെങ്കിലും മറിക്കാൻ നോക്കാം.  നീ വിഷമിക്കേണ്ട എന്ന ആശ്വാസപൂർണമായ മറുപടിയിൽ സന്തുഷ്ടയായ സുനന്ദ കാത്തിരുന്നു.  മറ്റാരോടും കാശു  ചോദിക്കാനും മിനക്കെട്ടില്ല.  ദിവസങ്ങൾ ഓടി പോയി.  അവളുടെ ആവശ്യത്തിനു പണം അടക്കേണ്ട ദിവസം അടുത്ത് വന്നിട്ടും ആങ്ങള അനങ്ങുന്നില്ല.  അവൾ പൊന്നാങ്ങളയെ വീണ്ടും വിളിച്ചു.  അപ്പോൾ ആങ്ങളയുടെ ഫോണ്‍ കൂട്ടുകാരന്റെ കയ്യിൽ.  സ്ഥലത്തില്ലെന്ന് മറുപടി.  വരുമ്പോൾ പറയാമെന്ന ആശ്വാസവാക്ക്.  ആങ്ങള വന്നില്ല.  എന്നിട്ടും ആങ്ങളയിലുള്ള വിശ്വാസം തെല്ലും കുറഞ്ഞില്ല.  പതിവ് പോലെ പണം  ഭർത്താവ് തന്നെ അടച്ചു അവളെ സ്വസ്ഥമാക്കി.

കുറെ നാളുകൾക്കു ശേഷം അന്ന് മുങ്ങിയ ആങ്ങള പിന്നെയും പൊങ്ങി.  വീണ്ടും ആങ്ങളയും പെങ്ങളും അടുത്തു.  അങ്ങനിരിക്കെ, സുനന്ദക്കു വിദേശത്ത് ഉപരിപOനത്തിന് പോകാനുള്ള അവസരം ലഭിച്ചു.  അവൾ അതും ആങ്ങളയോടായിരുന്നു ആദ്യം പറഞ്ഞത്.   അവനും സന്തോഷമായി കാണും എന്നവൾ വിശ്വസിച്ചു.  പതിവ് പോലെ കുറെ ഉപദേശങ്ങൾ കിട്ടി.  എല്ലാം ശിരസ്സാവഹിച്ചു അവൾ പറന്നു.  വീണ്ടും അവൾ അവനെ വിളിക്കും സംസാരിക്കും.  പക്ഷെ, അവൻ പലപ്പോഴും ഒഴിഞ്ഞു മാറുന്നതായി ശ്രദ്ധയിൽ പെട്ടു.  അതോടൊപ്പം മറ്റു പല സുഹൃത്തുക്കളും അവളിൽ നിന്ന് അകലുന്നതും ശ്രദ്ധിച്ചു.  ഒരിടക്ക് അവരുടെ സംസാരത്തിനിടയിൽ ആങ്ങള പെങ്ങളോട് അവനും വിദേശത്തു അവസരം ലഭിച്ചതും അവൻ രാജ്യസ്നേഹം മൂലം അത് നിഷേധിച്ചതും പറഞ്ഞു.   അത് തെറ്റായി പോയെന്നു നിഷ്കളങ്കമായ മറുപടിയായിരുന്നു അവൾ പറഞ്ഞത്. പിന്നൊരിക്കൽ, പണ്ടത്തെ കാമുകിയെ തൻറെ അസംഖ്യം ആരാധികമാരിൽ ഒരാളായി ഭാര്യയോട്‌ ചിത്രീകരിച്ച ആങ്ങളയുടെ സത്യസന്ധത ഇല്ലായ്മയും സുനന്ദയിൽ സംശയങ്ങൾ ഉളവാക്കി.   

അങ്ങനെ അങ്ങനെ, തൻറെ നിയന്ത്രണരേഖക്ക് പുറത്തു പോകുന്ന പെങ്ങളോട് ആങ്ങളയ്ക്ക് താൽപര്യം ഇല്ലാതായി.    പെങ്ങൾ ആകട്ടെ, കേരളമല്ല ലോകം എന്നും, ആങ്ങള ഇല്ലാതെ ജീവിക്കാൻ കൂടുതൽ എളുപ്പമാണെന്നും തിരിച്ചറിഞ്ഞു അവളുടെ  ഇഷ്ടങ്ങളിലും താല്പര്യങ്ങളിലും ഒതുങ്ങി കൂടി ആരുമായും ഒരു അടുപ്പവും വെയ്ക്കാൻ നില്ക്കാതെ സ്വസ്ഥമായും സന്തോഷമായും ജീവിച്ചു പോന്നു.  കഥ ഇവിടെ തീരുമ്പോൾ നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യം ഉണ്ട് സുഹൃത്തുക്കളേ.  അത് വേറൊന്നുമല്ല.  

"ഒരു പെങ്ങൾക്ക്, ആങ്ങള ഒരു അവശ്യസമ്പത്താണോ?"

(വെറുതെ, വേറൊന്നും എഴുതാൻ ഇല്ലാത്ത കൊണ്ടാണ്.  അല്ലാതെ, ആങ്ങളമാരോട് ദേഷ്യം ഉണ്ടായിട്ടല്ല.)

2015, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

ആഴ്ചാന്ത്യങ്ങളിലെ മേച്ചിൽ പുറങ്ങൾമുഖപുസ്തകത്തിൽ കണ്ട  പീഡനകഥകൾ വായിച്ചു അതിലെ പീഡിപ്പിക്കപെട്ട പെണ്‍കുട്ടികളുടെ ദാരുണമായ അവസ്ഥകൾ ഓർത്ത് രോഷം കൊണ്ട്; "ആണായി പിറന്നതിൽ ലജ്ജിക്കുന്നു പെങ്ങളെ" എന്ന ആത്മാർഥമായ കമന്റ്‌ ടൈപ്പ് ചെയ്യുകയായിരുന്നു ഞാനപ്പോൾ. ഇന്നലെ അടിച്ചതിന്റെ കെട്ട് മാറാത്തതു കൊണ്ടാവും നശിച്ച തലവേദന.  ആരുടെ എങ്കിലും ലൈക്‌ വീഴുന്നുണ്ടോ എന്ന് കൊറ്റിയെ പോലെ കാത്തിരുന്നപ്പോഴാണ്‌ ഫോണ്‍ ബെല്ലടിച്ചത്.  ഇന്നലത്തെ തകർപ്പിന്റെ ബാകിപത്രം.  ആ നേപ്പാളിപെണ്ണ് ആശുപത്രിയിലാണെന്ന് അവളുടെ ഏജെന്റ് വിളിച്ചെന്ന്- സുജിത്താണ്.

ഇവനൊന്നും വേറെ പണിയില്ലേ.. നാശം..

അവളുടെ നവദ്വാരങ്ങളിൽ എക്സ്പ്ലൊർ ചെയ്യാൻ പറ്റുന്നതെല്ലാം നോക്കിയിട്ടും തൃപ്തി ആവാതെ പോന്നതിന്റെ സങ്കടം ഇനിയും മാറിയിട്ടില്ല. അപ്പോഴാണ്...

 മസ്കറ്റിൽ വന്നിട്ട് ഇത്ര നാളായി ഇങ്ങനെ എത്ര എണ്ണത്തിനെ കണ്ടിരിക്കുന്നു.  ഇതു മാത്രമെ ഉള്ളു ഫൗൾ ആയത്. 

"വെച്ചിട്ട് പോടാ കോപ്പേ, അവനോടു പോകാൻ പറ. ഒറ്റകാശു കൂടുതൽ കൊടുത്തു പോവരുത്.  നാല് പേർക്ക്, പറഞ്ഞതു പോലെ നാല്പതു  റിയാൽ എണ്ണികൊടുത്തിട്ടാണ്.  വെറുതെയല്ല. "  

"എന്നാലും എടാ അവൾക്കു ആശുപത്രി ചിലവിനു വേണമെന്ന് പറയുന്നു." 

അവൻ വിടുന്ന മട്ടില്ല.  

"അളിയാ, നീയിവിടെ പുതിയ ആളല്ലേ?  അതാണ്.  ഇതൊക്കെ നമ്പരാ. ഇവളുമാരൊക്കെഇതിനിറങ്ങുന്നതേ  ഇതൊക്കെ പ്രതീക്ഷിച്ചായിരിക്കുമല്ലോ.   കാശ് കിട്ടുന്നില്ലേ? ഒരു കച്ചവടം ആവുമ്പൊ കൊടുത്ത കാശു മൊതലാവണം.  അത്ര തന്നെ.  വെച്ചിട്ട് പോടെ."

ദേഷ്യപ്പെട്ടു ഫോണ്‍ വെച്ചപ്പോൾ ആ നേപ്പാളി പെണ്ണായിരുന്നു മനസ്സിൽ.  അവളുടെ ഒരു കരച്ചിൽ.  പുല്ല്, ഒരു തൃപ്തി വന്നില്ല.  എല്ലാവനും കൂടി മേയാൻ തയ്യാറായി വന്നവൾക്ക് എന്ത് യോഗ്യതയാണ് കരയാൻ.  ഇനി കാശും കൂടി വേണമത്രേ.  ദേഷ്യം ഒരു വിധം അടക്കി മുഖപുസ്തകത്തിൽ മുഴുകി.  ഒരു കിളി കൊത്തിയിട്ടുണ്ട്‌. "ചേട്ടനെ പോലുള്ളവർ ഇപോഴും ഉണ്ടെന്നുള്ളതാണ് ആശ്വാസം എന്ന് "

ഹോ, കുളിര് കോരി പോയി.  "  എൻറെ പെങ്ങളേ, പെണ്ണ് എന്നും ആണിനാൽ സംരക്ഷിക്കപ്പെടെണ്ടവളാണ്.  അവളെ സംരക്ഷിക്കാൻ കഴിയാത്തവനൊന്നും മീശേം വെച്ച് നടന്നിട്ട് വലിയ കാര്യമൊന്നുമില്ല." എന്ന് കമന്റിട്ടു ചാറ്റ് ബോക്സിൽ ഒരു ഹായ് ഇട്ടു കാത്തിരുന്നു.    അടുത്ത വീക്ക്‌എൻഡിൽ സെറ്റപ്പ് ആക്കാൻ വേറേതെങ്കിലും ഏജന്റിനെ തപ്പാൻ പറഞ്ഞു കൊണ്ടുള്ള സമീറിന്റെ തെറിയഭിഷേകം ഫോണിലൂടെ വന്നത് അപ്പോളായിരുന്നു.2015, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

പല തരം പ്രണയങ്ങൾപ്രശസ്തയായ പെണ്ണിനെ പ്രണയിക്കുകയെന്നാൽ
സീറോ റിസ്കിൽ ഇൻവെസ്റ്റ്‌മെൻറ് നടത്തുകയാണ് 
ഇന്ട്രെസ്റ്റ്  കവിതയായോ പ്രശംസകളായോ 
വെറുതെ വാരി തൂകിയാൽ മതിയാവും 

സുന്ദരിയായ പെണ്ണിനെ പ്രണയിക്കുകയെന്നാൽ 
 പേരും പ്രശസ്തിയും ഉണ്ടാവും എന്നുറപ്പുള്ള 
ഒരു സ്ഥാപനം തുടങ്ങുക എന്നത് പോലെയാണ് 
വെറുതെ സൗന്ദര്യം വർണിച്ചു കേൾപ്പിച്ചാൽ മതിയാവും  

വായനാശീലമുള്ള പെണ്ണിനെ പ്രണയിക്കുകയെന്നാൽ 
സ്വന്തമായി ഒരു ലൈബ്രറി തുടങ്ങുക എന്നതാണ് 
അവൾക്കു മുന്നിൽ പിടിച്ചു നില്ക്കാൻ 
പരന്ന വായന വേണ്ടി വരുമെന്നുള്ളത് ഉറപ്പ് 

 ഒരു ഫെമിനിസ്ടിനെ പ്രണയിക്കുകയെന്നാൽ 
പൊട്ടും എന്നുറപ്പുള്ള ചിട്ടി കമ്പനി തുടങ്ങുകയാണ് 
ആണ്കൊയ്മകൾ- പലിശ അടക്കാത്ത പണയ പണ്ടങ്ങൾ 
കടം കയറി  ഒടുക്കം മുങ്ങേണ്ടി വന്നേക്കും 

പൊട്ടിപെണ്ണിനെ പ്രണയിക്കുകയെന്നാൽ 
ഏകാധിപത്യരാജ്യത്തെ രാജാവായി വാഴുകയാണ് 
എൻറെ തീരുമാനങ്ങളും ആശയങ്ങളും എന്നും എപ്പോഴും 
ശരി തന്നെയെന്നു ആവർത്തിച്ചുറപ്പിക്കുകയാണ്

സുന്ദരമായ പ്രണയം...
അത്....
എപ്പോഴും 
വെറും പെണ്ണിനോടാവണം..............

2015, ഒക്‌ടോബർ 7, ബുധനാഴ്‌ച

ഒളിച്ചു കടത്തുന്ന ഫാസിസം


ഇപ്പോൾ പരക്കെ ഉപയോഗിച്ചു കേൾക്കുന്ന ഒരു വാക്കാണ്‌ ഫാസിസം.  എല്ലാവരും ഫാസിസത്തെ പറ്റി പറയുന്നത് കേട്ടാൽ തോന്നും,   ബീഫ് തിന്നാൻ സമ്മതിക്കാത്തത് മാത്രമാണ് ഫാസിസം എന്ന്.  ശരിക്കും ഇതിനെ പറ്റി ഘോരഘോരം പ്രസംഗിക്കുന്ന അഭിനവബുദ്ധിജീവികളിൽ എത്ര പേർക്ക് ഫാസിസം എന്നതിനെ അതിന്റെ ശരിയായ അർത്ഥത്തിൽ അറിയാം?  

     ഫാസിസം എന്നാൽ അടിസ്ഥാനപരമായി  വ്യക്തിസ്വാതന്ത്ര്യത്തിൽ ഉള്ള കടന്നു കയറ്റമാണ് എന്നത് ഒരു പക്ഷേ എല്ലാവരും സമ്മതിക്കുമായിരിക്കും.   ജനാധിപത്യവ്യവസ്ഥിതി നിലനിൽക്കുന്ന ഒരു രാജ്യത്തിൽ ഏകാധിപത്യ ഭരണകൂടത്തെ പോലെ തീരുമാനങ്ങൾ എടുക്കുന്നതു ഫാസിസം ആണെന്നുള്ളത്‌ പലവട്ടം ആലോചിക്കേണ്ട കാര്യമല്ല.    പക്ഷെ, ബീഫ് എന്ന വിഷയം വിട്ടു ഫാസിസത്തിന്റെ വിവിധ മുഖങ്ങളെ പറ്റി ഒന്നാലോചിച്ചു നോക്കുക.  പ്രസ്തുത വിഷയത്തെ പറ്റി കൂലങ്കഷമായ ചർച്ചകൾ നടത്താനും അഭിപ്രായങ്ങൾ പറയാനും അവനവനുള്ള യോഗ്യതയെ പറ്റി ചിന്തിക്കുക.   

അസമത്വം, അടിച്ചമർത്തൽ എന്നിവയാണ് ഫാസിസത്തിന്റെ വിവിധ ഭാവങ്ങൾ.  അങ്ങിനെ വരുമ്പോൾ ഭാര്യയെ ജോലിക്ക് വിടാത്ത, സ്വന്തം ഇഷ്ടത്തിനു മാത്രം വേഷം ധരിക്കാൻ നിർബന്ധിക്കുന്ന, സ്വന്തം വീട്ടിൽ  പോയി കുറച്ചു ദിവസം നിൽക്കാൻ അവളെ അനുവദിക്കാത്ത ഭർത്താവ് ഫാസിസ്റ്റ് അല്ലെ? മറുവശത്ത്, ഭർത്താവ് മറ്റു  സ്ത്രീകളോട് സംസാരിക്കാൻ അനുവദിക്കാത്ത, സ്വന്തം അച്ഛനോടും അമ്മയോടും അടുക്കാൻ സമ്മതിക്കാത്ത, അയാളുടെ സുഹൃത്തുക്കളോട് ഒത്തു സമയം ചിലവഴിക്കാൻ അനുവദിക്കാത്ത ഭാര്യയും ഫാസിസ്റ്റ് അല്ലേ? ഇനി മുതിർന്ന  കുട്ടികളുടെ കാര്യത്തിലാണെങ്കിൽ, സ്വന്തമായി വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനോ, ഇഷ്ടപെട്ട വിഷയത്തിൽ ഉപരിപഠനം നടത്താനോ, ഇഷ്ടപെട്ട ആളെ വിവാഹം കഴിക്കാനോ അനുവദിക്കാത്ത അച്ഛനും അമ്മയും ഫാസിസ്റ്റ് തന്നെയല്ലേ?    റോഡിൽ കൂടി നടക്കുന്ന സ്ത്രീകളെ (ചരക്കുകളെ), സൈബർ സ്പേസിൽ സ്വന്തം അഭിപ്രായത്തിനു എതിരായി സംസാരിക്കുന്ന സ്ത്രീകളെ,  എന്തും പറയാൻ യാതൊരു മടിയും കാണിക്കാത്ത, എന്നാൽ വിപ്ലവം പ്രസംഗിക്കുന്ന എല്ലാ യുവാക്കളും ഫാസിസ്റ്റ് എന്ന വിഭാഗമല്ലേ?  അതേ, ഇങ്ങനെ നോക്കിയാൽ നമ്മളോരോരുത്തരും കുഞ്ഞു കുഞ്ഞു ഫാസിസ്റ്റുകളാണ്.  ഒരു കൊച്ചു മുസ്സോളിനിയോ, ഹിറ്റ്‌ലറോ ഒക്കെയാണ്.  സ്വന്തം വീട്ടിലും നാട്ടിലും ഒക്കെയാണെന്ന് മാത്രം.  

ഫെമിനിസം എന്നാൽ പുരുഷവിദ്വേഷം എന്ന് വ്യാഖ്യാനിക്കുന്നത് പോലെ ഫാസിസം എന്നാൽ ബീഫ് നിരോധനം, പോർണ്‍ നിരോധനം എന്നൊക്കെ എല്ലാവരും വിശ്വസിക്കുന്നു.  അതിനെതിരെ ആഞ്ഞടിക്കുന്നു.  നിത്യജീവിതത്തിൽ എല്ലാ മേഖലകളിലും- വീട്ടിൽ, പൊതുസ്ഥലങ്ങളിൽ, കിടപ്പറയിൽ, ബസിൽ, സൈബർ ഇടങ്ങളിൽ എന്ന് വേണ്ട എവിടെ നോക്കിയാലും മേൽക്കോയ്മ വെച്ചു പുലർത്തുന്നവരെല്ലാം ഫാസിസത്തിനെതിരെ ജാഥ നയിക്കുന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ തമാശ.  സ്ത്രീകൾ എന്നും പുരുഷന് താഴെയായിരിക്കണം എന്നും, സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കുവാനോ, ഇഷ്ടമുള്ള വേഷങ്ങൾ ധരിക്കുവാനോ പാടില്ലെന്നും ശഠിക്കുന്ന ഒരാൾ ഇനി എത്ര വിപ്ലവം വരുത്താൻ പരിശ്രമിച്ചിട്ടും വലിയ നേട്ടം ഒന്നും തന്നെയില്ല.  കാരണം നിങ്ങളും നിങ്ങൾ ഫാസിസ്റ്റ് എന്ന് വിളിക്കുന്നവരും തമ്മിൽ ഒരേ ഒരു വ്യത്യാസം മാത്രമേ ഉള്ളു.  നിങ്ങൾ പരോക്ഷഫാസിസ്റ്റും അവർ പ്രത്യക്ഷഫാസിസ്റ്റും .  അല്ലെങ്കിൽ നിങ്ങളെക്കാൾ മെച്ചമാണ് അവരുടെ രീതി.  ഒന്നുമില്ലെങ്കിലും അവരെന്താണെന്ന് അവർ പ്രത്യക്ഷമായി വെളിപ്പെടുത്തുന്നുണ്ടല്ലോ.  
2015, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

മൂല്യച്യുതികൾ


സമയം:8.30pm 
സ്ഥലം: സിംഗപൂർ 

മെട്രോയിൽ നിന്നിറങ്ങി  ആൾക്കൂട്ടത്തിലൂടെ ഞാൻ പുറത്തേക്കിറങ്ങുന്നു. പതിയെ രാത്രിയുടെയും വഴി വിളക്കുകളുടെയും ഭംഗി ആസ്വദിച്ചു അപാർട്ട്മെന്റിലേക്കു നടക്കുന്നു.  എൻറെ ഇറച്ചി കണ്ടു കൊതി മൂത്ത ഒരു "ഇന്ത്യൻ തെരുവുനായ" മണം പിടിച്ചു പുറകേ കൂടിയിട്ടുണ്ട്.  ആ പട്ടിയെ വഴി തെറ്റിക്കാനായി ഞാൻ ഫ്ലാറ്റിൽ കയറാതെ കറങ്ങി നടക്കുന്നു.  വിശപ്പ് കൊണ്ടാവും ആ പട്ടി മാറുന്നില്ല.  ഒടുക്കം ഞാൻ തിരിച്ചു നടന്നു എന്തിനാണ് എന്റെ പിന്നാലെ വരുന്നതെന്ന് ചോദിക്കുന്നു.  ആ നായ ആരെയോ കാത്തു നിൽക്കുന്നു എന്ന് മറുപടി പറയുന്നു.  "പോലീസിനെ വിളിക്കണോ" എന്ന ചോദ്യം കേട്ടതും തിരിഞ്ഞു നോക്കാതെ ആരെയും വീണ്ടും കാത്തു നില്ക്കാതെ ഇറച്ചികഷണം വഴിയിൽ ഉപേക്ഷിച്ചു നായ മടങ്ങി പോവുന്നു.

സമയം:8.30pm 
സ്ഥലം: ഇന്ത്യ 

ഇരുട്ടു വീണ റോഡിലൂടെ ഞാൻ ധൃതിയിൽ വീട്ടിലേക്കു നടക്കുന്നു.  എൻറെ ഇറച്ചി കണ്ണുകളാൽ കടിച്ചു കീറി ഒരു തെരുവ് നായ പുറകേ വരുന്നു.  എനിക്കെതിരെ വരുന്ന മറ്റു നായകളും അതേ കൊതിയോടെ എന്നെ കടിച്ചു തിന്നുന്നു.  ഒറ്റയ്ക്ക് രാത്രി നടക്കുന്ന എനിക്ക് കൊടുക്കാൻ ഉള്ളതാണ് ഇറച്ചി എന്ന് അവരുറപ്പിക്കുന്നു.  എന്ത് കൊണ്ടോ എതിരേ വന്ന നായ്ക്കൾ പിന്തുടരാതെ അവരുടെ വഴിക്ക് പോകുന്നു.  എന്നാൽ ആദ്യം മുതൽ പിന്നാലെ കൂടിയ നായ മാത്രം വിടാതെ പുറകെ വരുന്നു.  ഞാൻ തിരിഞ്ഞു നിന്ന് എന്തിനാണ് പിന്നാലെ വരുന്നതെന്ന് ചോദിക്കുമ്പോൾ നീയൊക്കെ ഏതു ഐറ്റം ആണെന്നറിയാമെന്നു അധികാരത്തോടെ ആ ശ്വാനൻ വിളിച്ചു  പറയുന്നു.  ഇരുട്ടു പരന്ന റോഡിൻറെ ഒരു വളവിൽ വെച്ച് ആ പട്ടി എന്നെ അടുത്തുള്ള കുറ്റിക്കാട്ടിൽ കൊണ്ട് പോയി കടിച്ചു കീറുന്നു.  ശേഷിച്ച ഇറച്ചി അവിടെ ഉപേക്ഷിച്ചു  വിശപ്പ് മാറിയ സന്തോഷത്തോടെ തിരിച്ചു പോകുന്നു.  എങ്ങനെയോ വീട്ടിലെത്തിയ എന്നെ വീട്ടുകാർ ചോദ്യങ്ങൾ ചോദിച്ചു "കോമ" അവസ്ഥയിലാക്കുന്നു. നഷ്ടപെട്ട "മാനവും" സംരക്ഷിക്കാൻ പറ്റാതെ പോയ അഭിമാനവും ഓർത്തു ഞാൻ ആത്മഹത്യ ചെയ്യുന്നു.  വീണ്ടും പട്ടികൾ ഇറച്ചികഷണങ്ങൾ തിരഞ്ഞു മാത്രം നടക്കുന്നു.

കഥയുടെ മോറൽ: മൂല്യച്യുതി, ദൈവഭയം ഇല്ലാത്ത അവസ്ഥ എന്നിവ മൂലം നശിച്ചു കൊണ്ടിരിക്കുന്ന ഒരു നാടിന്റെ ഭീകരാവസ്ഥ രണ്ടാമത് പറഞ്ഞ പ്രകാരം ആയിരിക്കും. നിയമങ്ങൾ, ശിക്ഷകൾ ഇവയൊന്നും ആളുകളെ ഭയപ്പെടുത്തുന്നില്ല.  അതിൻറെ ആവശ്യവും ഒരു ജനാധിപത്യരാജ്യത്തിൽ ഇല്ല.