Follow by Email

2015, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

ഉണ്ണൂലി ചരിതം

അദ്ധ്യായം ഒന്ന് 

ഒരു വൈകുന്നേരം.  നാൽക്കവലയിൽ നിന്ന് കുറച്ചു മാറി സ്ഥാപിച്ചിട്ടുള്ള ഒരു ചുവടുതാങ്ങിയിൽ ചുവന്നു തുടുത്ത സൂര്യനേയും നോക്കി ഇരിക്കുകയായിരുന്നു പരീതും പാപ്പിയും.  പതിവ് പോലെ  വിഷയം സ്ത്രീകൾ തന്നെ.  "കൃഷി" പഴയതു പോലെ അത്രക്കങ്ങൊട്ടു ലാഭം തരുന്നില്ലെന്ന് രണ്ടാൾക്കും പരാതി ഉണ്ട്.  ചിരുതയും അമ്മിണിയും ത്രേസ്യയും തിരക്കിലാണ്. കാരണം അവ്യക്തം.  തികട്ടി വന്ന അസംതൃപ്തിയാലും അമർഷത്താലും പരീത് പുലമ്പി, "എല്ലാവളും പെഴയാന്നെ". ഇതല്ലാതെ  നിനക്ക് വേറൊന്നും പറയാനില്ലേ എന്ന മട്ടിൽ പാപ്പി പരീതിനെ ഒന്നിരുത്തി നോക്കിയിട്ട് വീണ്ടും ചെമ്പഴുക്ക പോലുള്ള സൂര്യനെ നോക്കി ഇരുന്നു.  അൽപനേരം അവർക്കിടയിൽ നിശബ്ദത തളം കെട്ടി കിടന്നു.  പെട്ടെന്ന് ഒരു ബോധോദയം പോലെ പരീത് പറഞ്ഞു "ഉണ്ണൂലി".  അരുതാത്തത് എന്തോ കേട്ടതു  പോലെ പാപ്പി ഞെട്ടി, "മിണ്ടാതിരിക്കെടാ" എന്നൊരലർച്ച ആയിരുന്നു പിന്നീട്.  പാപ്പിയെക്കാൾ ജൂനിയർ ആയ പരീത് അതോടെ നിശബ്ദനായി.

മീൻവയിൽ,
മേമന ഇല്ലത്തെ ഏഭ്യൻ നമ്പൂതിരി, ഇല്ലത്ത് "ദാരിദ്ര്യം" കൂടി വന്നപ്പോളാണ് ആഡ്യത്വം മറന്നു പാപ്പിയും പരീതുമായൊക്കെ ചങ്ങാത്തം കൂടാൻ ഉറപ്പിക്കുന്നത്. അമ്പലത്തിലേക്കെന്ന വ്യജേന "അദ്ദേഹം" പതിയെ പുറത്തേക്കിറങ്ങി. അച്ഛൻ നമ്പൂതിരിയുടെ കണ്ണ് വെട്ടിച്ചു, വടക്കിനിയിലൂടെ പതുങ്ങി, പാടവും തോടും കടന്നു, ചുമടുതാങ്ങിയിൽ ഇതികർത്തവ്യതാമൂഡരായിരിക്കുന്ന പാപ്പിക്കും പരീതിനും സമീപം എത്തുന്നു. ഒരേ നാട്ടുകാരായിട്ടും നാളിതു വരെ ഒന്ന് പരിചയപ്പെടുകയോ സംസാരിക്കുകയോ ചെയ്യാതിരുന്നവൻ എത്ര വലിയ തമ്പുരാൻ ആയാലും നമുക്കെന്ത് എന്ന മട്ടിൽ പാപ്പിയും പരീതും മുഖം തിരിച്ചിരുന്നു(കമ്മ്യൂണിസം).  അപ്പോൾ നമ്പൂതിരിയുടെ മനസിലെ "സവർണ്ണൻ" മൂന്നു വട്ടം തലപൊക്കിയെങ്കിലും കാര്യം കാണാൻ കഴുതക്കാലും പിടിക്കുന്നതിൽ തെറ്റില്ലെന്ന് ഉറപ്പിച്ചു ഏഭ്യൻ നമ്പൂതിരി പതിയെ അവർക്കരികിലേക്കു ചെന്ന് ഇരിപ്പുറപ്പിച്ചു.  രണ്ടാളും ഞെട്ടി ഒതുങ്ങി മാറിയിരുന്നു.   അപ്പോൾ തലപൊക്കിയത് അവരിലെ "അവർണ്ണനും".  അല്പനേരത്തെ "സവർണ്ണ-അവർണ്ണ നിശബ്ദസംവാദത്തിനു" ഒടുക്കം രംഗം ശാന്തമായപ്പോൾ അവരൊരു തീരുമാനത്തിൽ എത്തി.  ദാരിദ്ര്യം തീർക്കാൻ ഒരുമിച്ചു നിൽക്കുക.

നമ്പൂതിരിയുടെ പക്കൽ നീണ്ട ഒരു ലിസ്റ്റ് ഉണ്ടായിരുന്നു.  പലതും മറ്റു രണ്ടുപേർക്കും സ്വീകാര്യം അല്ലാത്തവയും.  ഒടുക്കം ഉണ്ണൂലിയിൽ എത്തി നിന്നപ്പോൾ മൂന്നാളുടെയും  കണ്ണുകൾ തിളങ്ങി.  
"അവളാരാ?  തിലോത്തമയോ? ക്രാ..ത്ഫൂ..." 
പരീത് രോഷാകുലനായി. 
 "മുന്തിരി തോട്ടത്തിലെ കുറുക്കനെന്ന" പാപ്പിയുടെ പരിഹാസം അയാളുടെ അമർഷം കൂട്ടി.  നമ്പൂതിരി രംഗം ശാന്തം ആക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.

  "അവൾ അടുക്കുന്നില്ല എന്നത് സത്യം.  ഇതു വരെ ശ്രമിച്ചു പരാജയപ്പെട്ടതാണ് മിച്ചം.  പക്ഷെ നോം അത്രക്കങ്ങട്‌ ഏഭ്യനല്ല.  നോമും ചിലതൊക്കെ നിരീച്ചിരിക്കുന്നു".  

അത് കേട്ട്  പൊടുന്നനെ, മറ്റു രണ്ടാളുടെയും കണ്ണുകളിൽ പ്രതീക്ഷ നാമ്പിട്ടു.  എങ്കിലും, കിട്ടിയാൽ ഇവൻ ഒറ്റക്കങ്ങു വിഴുങ്ങുമോ എന്ന ഭയവും മുള പൊട്ടി .  ആർക്കും കിട്ടിയില്ലെങ്കിലും  വേണ്ടില്ല, ഒരുത്തനു മാത്രം കിട്ടുന്നത് സഹിക്കാൻ കഴിയില്ല. എന്നാൽ, പാവം ഏഭ്യൻ തിരുമേനി ഉണ്ണൂലിയുടെ മേനിയഴകും  (കുളിക്കടവിൽ ഒളിച്ചു കണ്ടത്) മുഖശ്രീയും അയവിറക്കി ഇരിക്കുകയായിരുന്നു അപ്പോൾ.   സന്ധ്യ മെല്ലെ മായാൻ തുടങ്ങി.   സന്ധ്യ പോയ പുറകെ അവളുടെ   ജാരനായ "കരിമാക്കാൻ രാത്രി" പമ്മി പതുങ്ങി വരുന്നുണ്ടായിരുന്നു.


അദ്ധ്യായം രണ്ട് 


ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു.  പാപ്പിയും പരീതും നമ്പൂതിരിയും ഉറ്റ ചങ്ങാതിമാരായി തീർന്നു. മാനം ചുവക്കുന്ന വൈകുന്നേരങ്ങളിൽ, അമ്പലത്തിലേക്കു തിരിയുന്ന വെട്ടുവഴിയുടെ  അരികിലുള്ള കലുങ്കിലോ, ചുമടുതാങ്ങിയിലോ അവരെ മൂന്നാളെയും ഒരുമിച്ചു കാണാൻ തുടങ്ങി.  ഇല്ലത്ത് ഈ സൗഹൃദം എതിർപ്പുകൾ സൃഷ്ടിച്ചെങ്കിലും, തൻറെ ദാരിദ്ര്യം തൻറെ മാത്രം പ്രശ്നമാണെന്നും, അതിൻറെ പരിഹാരം താൻ തന്നെയാണ് കണ്ടെത്തേണ്ടതെന്നും നമ്പൂതിരിക്ക് നല്ല നിശ്ചയം ഉണ്ടായിരുന്നത് കൊണ്ട് നമ്പൂതിരി എതിർപ്പുകൾ അശേഷം വക വെച്ചില്ല.  അങ്ങിനെ പ്രസ്തുത സൗഹൃദം കൊണ്ട്  ഏറെക്കുറെ കാര്യങ്ങൾ നടന്നു പൊയ്ക്കൊണ്ടിരുന്നു. 

 അങ്ങിനെയിരിക്കെ, ഒരു ദിവസം  മൂന്നാളും കൂടി പതിവ് ചർച്ചകളിൽ  രസിച്ചിരുന്നപ്പോഴായിരുന്നു  "വറീത്" എന്ന വിഷയം കടന്നു വന്നത്.  വറീത് മാപ്പിള എന്നറിയപ്പെട്ടിരുന്ന, നക്സലൈറ്റ് ബന്ധങ്ങൾ ഉള്ള അയാളെ പറ്റി പറഞ്ഞു തുടങ്ങിയത് പാപ്പി ആയിരുന്നു.  അപ്പോഴാണ് ആ ഞെട്ടിക്കുന്ന വാർത്ത പരീത് പറയുന്നത്.  അയാൾ ഉണ്ണൂലിയുടെ ജാരനാണത്രെ.  നമ്പൂതിരി ഞെട്ടിത്തരിച്ചിരുന്നു പോയി.  അത് മറച്ചു വെക്കാതെ നമ്പൂതിരി ചോദിച്ചു "നായർ സ്ത്രീക്ക് നസ്രാണിയോ?"

 പാപ്പി ചിരിച്ചു കൊണ്ട് പറഞ്ഞു 

" പത്തായത്തിൽ നെല്ലുണ്ടെങ്കിൽ, എലി മാപ്പിളേടെ വീട്ടിൽ നിന്നു പോലും വരും.  അവൻറെ ഒളിപ്പോരു അവിടാണെന്നാണ് നാട്ടുകാര് പറയുന്നത്."

നമ്പൂതിരി വീണ്ടും ഞെട്ടി."ശിവ ശിവ, ഇതിനാണോ ഇവൾ എന്നെ ആട്ടി ഓടിച്ചത്. അശ്രീകരം.  മ്ലേച്ചം."

"അവൻ മാത്രമോ?  വടക്കേ പറമ്പിലെ കൃഷ്ണൻ നായർ കുറെ കാലം പ്രേമിച്ചതാണ്.  ഒടുക്കം ആ കുഞ്ഞിരാമനെ കണ്ടപ്പോൾ അവൾ അവൻറെ കൂടെ പോയി.  കൃഷ്ണൻ നായരാണെങ്കിൽ അവളോട്‌ ഒന്ന് പറയുക പോലും ചെയ്യാതെ കൊണ്ട് നടന്നു. അവളാരാ മൊതല്.  അവക്കറിയാരുന്നു.  വേറെ ഒത്തില്ലേൽ നോക്കാന്നു ഓർത്തു കാണും.  ശവം."
 പരീത് വെറുപ്പോടെ മുഖം തിരിച്ചു.

അടുത്ത കഥ പാപ്പിയുടെ വകയായിരുന്നു.  " ഹയ്യോ,ഇനിയുമുണ്ട്. നമ്മുടെ
നാരയണന്റെ മകനില്ലേ, ഹാ,  അമ്പലത്തിന്റെ പടിഞ്ഞാറേ വീട്ടിൽ താമസിക്കുന്ന,  ആ കഥ എഴുതുന്ന ചെക്കൻ?  എപോളും ഇതു വഴി സൈക്കിളേൽ പോന്ന ആ കറുത്ത, ചുരുണ്ട മുടിയുള്ള ചെക്കൻ.  അവനേം പറ്റിച്ചെന്ന കേട്ടത്."

നമ്പൂതിരിയുടെ നിയന്ത്രണം വിട്ടു.  "സൗന്ദര്യം.. അതന്നെ. അവളെ ഒരു പാഠം പഠിപ്പിക്കണം.  ആണുങ്ങൾ ഈ നാട്ടിൽ ഉണ്ടെന്നു അവളൊന്നു അറിയട്ടെ."

പാപ്പിയും പരീതും ഒരേ ശബ്ദത്തിൽ ചോദിച്ചു.  "എങ്ങനെ?"

നമ്പൂതിരിയുടെ കണ്ണുകൾ വന്യമായി തിളങ്ങി. അടങ്ങാത്ത പകയോടെ മുഖം കോട്ടി ചിരിച്ചു,  ഉണ്ണികുടവയറിൽ അലസമായി തടവിക്കൊണ്ട് അയാൾ കൂടണയാൻ പറന്നു പോകുന്ന കിളികളെ നോക്കിയിരുന്നു.  അപ്പോൾ  നാട്ടുവഴികൾ മെല്ലെ മെല്ലെ കരിമ്പടം പുതക്കാൻ തുടങ്ങിയിരുന്നു. 
അദ്ധ്യായം മൂന്ന് 

ഉണ്ണൂലി- നമ്മുടെ നായിക.  വലിയ സംഭവം ഒന്നുമല്ലെങ്കിലും എന്തൊക്കെയോ ആണെന്നുള്ള തികഞ്ഞ അഹങ്കാരവും, വലിയ ജ്ഞാനം ഒന്നുമില്ലെങ്കിലും എന്തിനെ പറ്റിയും അഭിപ്രായം പറയാനുള്ള മിടുക്കും കൈമുതലായുള്ളവൾ.  കുറച്ചു തൊലി വെളുപ്പും, മൂടും മുലയും എല്ലാം ഒത്ത ഒരു ചരക്ക്.  അതാണ്‌, അല്ലെങ്കിൽ അത് മാത്രമാണ് എല്ലാ പൂവാലന്മാരുടേയും ഉറക്കം കെടുത്തുകയും ചിലർക്ക് ഉറക്കം വരുത്തുകയും ചെയ്യുന്നതിൽ ഉണ്ണൂലിക്കുള്ള പങ്ക്.  ഇതൊക്കെ ആണെങ്കിലും ഉണ്ണൂലിക്ക് ഉണ്ണൂലിയെ വല്ലാത്ത ഇഷ്ടമാണ്. ഭർത്താവായ കുഞ്ഞിരാമനെ പോലെ തന്നെ(നാട്ടുകാര് വിശ്വസിക്കുന്നില്ലെങ്കിലും) ഉണ്ണൂലി അവളെയും അളവറ്റു സ്നേഹിക്കുന്നു. ഇതു കൊണ്ടൊന്നും ഉണ്ണൂലി വലിയ പതിവ്രത ആവുന്നില്ല.  തക്കം കിട്ടിയാൽ മതില് ചാടാൻ അവളും തയ്യാറാണ്.  അതിനുള്ള നിദാനങ്ങളാണ്, കുഞ്ഞിരാമൻ ഇല്ലാത്ത സമയത്ത് ചില ആണുങ്ങളുമായി അവൾ കൊഞ്ചികുഴയുന്നതും, അസമയത്ത് അതും ഭർത്താവില്ലാത്ത സമയങ്ങളിൽ അവളുടെ വീടിൻറെ ഉമ്മറത്ത്‌ വെളിച്ചം കെടാതെ  കാണപ്പെടുന്നതും.  

    ആണുങ്ങളോട് വലിയ ബഹുമാനമോ, പെണ്ണുങ്ങളോട് വലിയ ചങ്ങത്തമോ ഇല്ലാത്ത അവളെ ഒരു ആൾക്കൂട്ടങ്ങളിലും അത്ര പെട്ടെന്ന് കണ്ടെത്താൻ കഴിയില്ല  കാരണം ആ മുതൽ സ്വന്തമായി ഉണ്ടാക്കിയ മുതലക്കുളത്തിൽ എപ്പോഴും മുങ്ങികിടപ്പാണ്.  വല്ലപ്പോഴും ഒന്ന് പൊങ്ങി വന്നാലായി.  മുകൾത്തട്ടിൽ, നമ്പൂതിരി മുതൽ താഴേതട്ടിൽ, കണാരൻ വരെ അവളെ നോക്കി വെള്ളമിറക്കുന്നത് മേൽപറഞ്ഞ അലങ്കാരങ്ങൾ കൊണ്ട് മാത്രമാണ്. 

   ഒരിക്കൽ നടപ്പാതയിൽ വെച്ച് തന്നെ കയറി പിടിച്ച ബീരാൻറെ അടിനാഭിക്കിട്ടു താങ്ങിയതിനു നാട്ടുകൂട്ടം വിചാരണ ചെയ്തു കുറെ മാസത്തേക്ക് ഭ്രഷ്ട് കൽപിച്ച വീരചരിതവും ഉണ്ണൂലിക്കുണ്ട്.  ചുരുട്ടി കൂട്ടി പറഞ്ഞാൽ നാട്ടുകാർ പൊതുവെ പാലിക്കുന്ന സദാചാരമോ, സ്ത്രീകൾക്ക് അത്യാവശ്യം വേണ്ട ഗുണങ്ങളോ ഇല്ലാത്ത ഒരു തനിനിഷേധിയായിരുന്നു നമ്മുടെ നായിക. ഇപ്പോൾ വായനക്കാർക്ക്‌ ഏറെ കുറെ ഉറപ്പായിട്ടുണ്ടാവും  നമ്പൂതിരിയുടെ തീരുമാനം ശരിയാണെന്നുള്ളത്‌. അതെ, "അദ്ദേഹം" പറഞ്ഞത് ശരിയാണ്.  ആണുങ്ങൾ(കുഞ്ഞിരാമൻ ഉൾപ്പെടില്ല)  നാട്ടിലുണ്ടെന്ന് അറിയിക്കേണ്ടത് അത്യാവശ്യമാണ്. നമ്പൂതിരിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് നമുക്ക് കാത്തിരിക്കാം.അദ്ധ്യായം നാല് 

ഉണ്ണൂലിയെ തളക്കാൻ നമ്പൂതിരി കണ്ടെത്തിയ  മാർഗം അവളെ പരസ്യമായി അവഹേളിക്കുക എന്നതായിരുന്നു.  മാനത്തേക്കാൾ വലുതായി ഒരു പെണ്ണിന് മറ്റെന്താണ് ഉള്ളത്?  അതിനൊരു അവസരം  തിരഞ്ഞു നടന്നപ്പോളാണ്‌ അവളുടെ വീട്ടിൽ രാത്രി വൈകിയും വെളിച്ചം കാണാറുള്ളത്‌ ശ്രദ്ധയിൽ പെട്ടത്.  ദിവസങ്ങളായി അതൊരു പതിവായി തുടരുന്നത് നമ്പൂതിരി ശ്രദ്ധിച്ചു.  കുഞ്ഞിരാമന് കൃത്യമായ ഒരു സമയം വീട്ടിൽ വരാനും പോകാനും ഉണ്ടാവാറില്ല. എങ്കിലും അയാൾ വരുന്നതും പോകുന്നതും ശ്രദ്ധയിൽ പെടാറുണ്ട്. അയാൾ അന്യനാട്ടിൽ നിന്ന് വന്നു ഈ രംഭയെ കണ്ടു മോഹിച്ചു കെട്ടി കയറിയത് നാട്ടിൽ പലരിലും അന്നേ അസംതൃപ്തി സൃഷ്ടിച്ചിരുന്നു.  പലരും അത്, മണ്ണും ചാരി നിന്നവൻ പെണ്ണിനേയും കൊണ്ട് പോയല്ലോ എന്ന തീവ്രനഷ്ടബോധത്തിൽ പുലമ്പുന്നതും കേട്ടിരുന്നു.  ഒരിക്കൽ നമ്പൂതിരി അയാളോട് ഭാര്യയുടെ വഴി വിട്ട പോക്കിനെ പറ്റി സൂചിപ്പിച്ചിരുന്നു.  അന്നാണ് കുഞ്ഞിരാമൻ ശരിക്കും "കുഞ്ഞിരാമൻ" ആണെന്ന് നമ്പൂതിരിക്ക് ഉറപ്പായത്.  കാരണം അന്നത്തെ അയാളുടെ മറുപടി, "എൻറെ പെണ്ണുംപിള്ളേടെ കാര്യത്തിൽ എനിക്കില്ലാത്ത വിഷമം വേറൊരുത്തനും വേണ്ട."  എന്നതായിരുന്നു.

അങ്ങനെ നമ്പൂതിരിയുടെ ഭാഗ്യം പോലെ ഒരു ദിവസം വീണു കിട്ടി.  അർദ്ധരാത്രി സമയം.  നമ്പൂതിരിയും പരീതും പാപ്പിയും കൂടി നമ്മുടെ നായിക മദാലസയുടെ വീടിനു മുന്നിൽ പാത്തും പതുങ്ങിയും കൂടിയിട്ടുണ്ട്.  വിഷയം അവിടെ വെട്ടം കാണുന്നു.  രാത്രി വൈകിയും ആരോ അതിഥികൾ ഉണ്ട്.  അതാണ്‌ വിളക്ക് കെടാത്തത്.  അപ്പോൾ അകത്തെന്തോ നടക്കുന്നുണ്ട്.  അത് വേറെന്ത് ആകാനാണ്?  കുഞ്ഞിരാമൻ സന്ധ്യക്ക്‌ പോകുന്നത് കണ്ടതാണ്. അപ്പോൾ ഇതു നമ്മുടെ "നക്സലൈറ്റ്" ആകാനാണ് സാധ്യത.  മൂന്നാൾക്കും ഉശിര് കൂടി.  വീടിനു മുന്നിലെ വള്ളിച്ചെടികൾ പടർന്നു കിടന്ന തടിയുടെ ഗേറ്റ് തുറന്നു അവർ അകത്തേക്ക് കയറി കതകിൽ തട്ടി. കുറെ തട്ടിയപ്പോൾ അഴിഞ്ഞുലഞ്ഞ വസ്ത്രങ്ങലോടെ ഉണ്ണൂലി ഇറങ്ങി വന്നു.  അപ്രതീക്ഷിതമായി മൂന്നാളെയും ഒരുമിച്ചു കണ്ടവൾ ഞെട്ടി.  എങ്കിലും പെട്ടെന്ന് മുഖഭാവം മാറ്റി ചോദിച്ചു "എന്താ, എന്ത് വേണം"?  

പരീത് രോഷാകുലനായി പറഞ്ഞു.  "എന്താടീ?  നട്ട പാതിരക്ക് വിളക്കും കൊളുത്തി വെച്ച് ഏതവനോടാടീ?"  ഉണ്ണൂലി ചുണ്ടു കോട്ടി ചിരിച്ചു കൊണ്ട് മുഖം തിരിച്ചു.  ബഹളം കേട്ട് ആളുകൾ കൂടി.  സ്ത്രീകൾ മൂക്കത്ത് വിരൽ വെച്ചു.  നാട്ടിൽ മാന്യമായി ജീവിക്കുന്ന മറ്റു ആണുങ്ങൾ  അകത്തിരിക്കുന്നവനെ ഒന്ന് കാണാൻ കൊതിച്ചു.  അപ്പോൾ എല്ലാവരെയും ഉദ്വേഗത്തിന്റെ മുൾമുനയിൽ നിന്ന് സ്വതന്ത്രരാക്കി ഉടുമുണ്ട് വാരിച്ചുറ്റി അയാൾ ഇറങ്ങി വന്നു.  അതേ, അയാൾ തന്നെ ... നമ്മുടെ കുഞ്ഞിരാമൻ... പതിവ് പല്ലവി തന്നെ അപ്പോളും... എൻറെ വീട്ടിൽ എന്ത് നടക്കുന്നു എന്നറിയാൻ നിനക്കൊക്കെ എന്താ ഇത്ര തിടുക്കം? അതോടെ  ഇളിഭ്യരായ ജനക്കൂട്ടം പിരിഞ്ഞു  പോയി.  അപ്പോൾ മുറ്റത്തെ നാട്ടുമാവിലിരുന്നു ഒരു കൂമൻ ആരെയൊക്കെയോ നോക്കി വെറുതെ കൂവി.  

(എനിക്കറിയാം വായനക്കാരെ, ഇതൊരു ചളുക്കഥ ആണെന്ന്.  അത് കൊണ്ട് ഇതു ഒരു മോഡേണ്‍ കഥ ആക്കാനുള്ള പൊടിക്കൈകൾ കൂടി ഞാനിവിടെ ഉൾപ്പെടുത്തുന്നു.  ഇതിൽ ഉണ്ണൂലിയുടെ വീട് ഉണ്ണൂലിയുടെ വാട്സപ്പ് പ്രൊഫൈലും/ ഫേസ് ബുക്ക്‌ പ്രൊഫൈലും  അവിടത്തെ വെളിച്ചം ഓണ്‍ലൈൻ പച്ചവെളിച്ചവും, ചുമടുതാങ്ങിയും, കലുങ്കും ഗ്രൂപ്പ്‌ ചാറ്റുകളും, ഇടവഴികൾ ചാറ്റ് ബൊക്സും ആയി ഭാവന ചെയ്തു വായിക്കാവുന്നതുമാണ്. അല്ല, അങ്ങനെ വായിക്കുന്നതാണ് അതിൻറെ ഒരു രസം)

6 അഭിപ്രായങ്ങൾ: