Follow by Email

2015, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

താൻ പാതി ദൈവം പാതി




ഒരിക്കൽ ഞാനൊരു ഹിന്ദുബാലിക ആയിരുന്നു
താൻ പാതി ദൈവം പാതിയെന്നു അമ്മ  പറഞ്ഞു  
കണക്കുകൂട്ടലുകൾ എന്നും തെറ്റാറുണ്ടായിരുന്നതിനാൽ 
ദൈവത്തിന്റെ പാതി കൊണ്ട് ജയിക്കാൻ കൊതിച്ച ബാല്യം

കൗമാരത്തിൽ ഞാനൊരു ക്രിസ്ത്യാനി കുട്ടിയാവാൻ നോക്കി
യഹോവ എല്ലാവരെക്കാളും ശക്തനാണെന്ന് മേരി പറഞ്ഞു
കോണ്‍വെന്റിലെ സിസ്റ്റർ, ഫാദർ എല്ലാവരും എന്നോട്
വെള്ളിയാഴ്ച പള്ളിയിൽ വന്നു പ്രാർത്ഥിക്കാൻ പറഞ്ഞു
ഇനിയും എന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കരുതെ എന്നു
നൊന്തു കേണിട്ടും അവരുടെ പാതിയിലും  എനിക്ക് ജയിക്കാനായില്ല

അള്ളാഹു അരൂപിയായ ഈശ്വരൻ ആണെന്ന് മുംതാസ് പറഞ്ഞപ്പോ
അവിടേയും പോയി പുറത്തു നിന്ന് നൊന്തു പ്രാർത്ഥിച്ചു
എൻറെ കണക്കുകൂട്ടലുകൾ പിന്നെയും പിന്നെയും തെറ്റികൊണ്ടേ  ഇരുന്നു
അന്യമതക്കാരുടെ പ്രാർത്ഥന യഹോവയും അള്ളാഹുവും
കേൾക്കാനിടയില്ല എന്ന നിഗമനവുമായി ലക്ഷ്മി വന്നത് അന്നായിരുന്നു

വീണ്ടും ഞാൻ ഹിന്ദു കുട്ടിയായി
അവിശ്വാസം കാട്ടി പോയതിനാലാവും
ആ വട്ടം, കണക്കുകൂട്ടലിനൊപ്പം   ആംഗലേയവും
ഗോപി വരച്ചു; ദൈവദോഷം, ഗുരുത്വമില്ലായ്മ
അമ്മ പുലമ്പിക്കൊണ്ടെ ഇരുന്നു

ഒടുക്കം കണക്കും ആംഗലേയവുമൊഴിവാക്കി ബാകിയിൽ
എൻറെ പാതി കൊണ്ട് ജയിക്കാൻ ശ്രമിച്ചു
 എന്തുകൊണ്ടോ, ആ തവണ എല്ലാ ദൈവങ്ങളും ഒരുമിച്ചു
കനിഞ്ഞു;  ഞാൻ പരീക്ഷ പാസായി.....
അന്ന് മുതലായിരുന്നു  ഞാൻ ദൈവത്തിൻറെ പാതിയിൽ
ജയിക്കാനുള്ള വ്യാമോഹം ഉപേക്ഷിച്ചത് 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ