Follow by Email

2015, സെപ്റ്റംബർ 16, ബുധനാഴ്‌ച

വിശ്വാസം ഇരുമ്പുലക്കയല്ല- ആണോ?ഇന്നു  തന്നെ ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടാൻ  കാരണം എന്നെ സ്നേഹിക്കുന്ന എല്ലാവരും എന്നെ ഓർക്കുന്ന ദിവസമാണ് ഇന്നു എന്നത് കൊണ്ടാണ്.  എന്നെ സംബന്ധിച്ചിടത്തോളം ഈ ദിവസം അത്ര പ്രസക്തമല്ലെങ്കിലും, ഇങ്ങനെ ഒരു സൃഷ്ടി ഭൂമിയിൽ അവതരിച്ചതിന്റെ വാർഷികം മറ്റുള്ളവർ കൊണ്ടാടുന്നത് വിരസത ഉണ്ടാക്കിയിട്ടുണ്ടെങ്കിലും, ഞാനൊരു വലിയ ഇതിഹാസം ആയതു കൊണ്ട് അത് അംഗീകരിച്ചു, അവരുടെ കൂടെ കൂടി ഒന്നും വേണ്ടായിരുന്നു എന്ന് വിനയപൂർവം നിരസിച്ചു, സ്വീകരിക്കുകയാണ് പതിവ്.  എൻറെ  കഴിഞ്ഞ പോയ പാതി ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തിയാൽ ഞാൻ ഏറ്റവും കൂടുതൽ പശ്ചാത്തപിക്കുക രണ്ടു കാര്യങ്ങളിലാണ്.  ഒന്ന്, മറ്റുളളവരെ  അല്ലെങ്കിൽ സമൂഹത്തെ ബോധിപ്പിക്കാനും സന്തോഷിപ്പിക്കാനും  ഞാൻ ചെയ്തു കൂട്ടിയ ആത്മാർഥതാരഹിതമായ പ്രവർത്തികൾ.  ഇനിയൊന്ന്, എന്നിൽ ജന്മം മുതൽക്കെ മറ്റുള്ളവർ ചാർത്തി തന്ന മതവിശ്വാസങ്ങൾ. ഇതിൽ ഒന്നാമത്തെ സങ്കടം ഒരിക്കലും വീണ്ടും തലപൊക്കാതിരിക്കാൻ എന്നാലാവും വിധം എല്ലാം ചെയ്തു കഴിഞ്ഞു. അടുത്തത് മതത്തിന്റെ ഊഴമാണ്. മതം എന്നത് തൊട്ടാൽ പൊള്ളുന്ന ഒരു വിഷയം ആയതു കൊണ്ടും, ഞാൻ മൂലം എനിക്ക് ചുറ്റുമുള്ളവർ അപഹാസ്യരാവുന്നത് സഹിക്കാൻ പറ്റാത്തതിനാലും ഇതു വരെ ഞാൻ നിശബ്ദയായിരുന്നു.  നല്ലൊരു ദിവസമായിട്ടു ഇന്നു രണ്ടു പറയാം എന്നങ്ങു തീരുമാനിച്ചു.

 നമുക്ക് തുടങ്ങാം. 
വിശ്വാസം എന്നത് വളർത്തിയെടുക്കേണ്ട ഒന്നാണ്.  അത് നിർബന്ധിച്ചു അടിച്ചേൽപ്പിക്കെണ്ടതല്ല. അടിസ്ഥാനം ഇല്ലാതെ വരുമ്പോൾ ആണ് ഒട്ടുമിക്ക വിശ്വാസങ്ങളും തകരാറുള്ളത്.  അല്ലെങ്കിൽ, ആ വിശ്വാസം തെറ്റാണെന്ന് ഉറപ്പിക്കുന്ന മറ്റൊന്ന് അടിയുറച്ചു വരുമ്പോൾ ആണ് അങ്ങനെ സംഭവിക്കുന്നത്‌.  ഒരു കുഞ്ഞു ജനിക്കുമ്പോൾ നമ്മൾ അവനിലേക്ക്/  അവളിലേക്ക് നമ്മുടെ വിശ്വാസങ്ങൾ അടിച്ചേൽപ്പിച്ചു അവരേയും നമ്മളെ പോലെ വളർത്തുന്നു.  എന്തിലെങ്കിലും ഭയം ഇല്ലെങ്കിൽ മനുഷ്യൻ അഹങ്കാരിയായി തീരും എന്ന കോമണ്‍ ലോജിക് ആയിരിക്കണം ഇതിനൊക്കെ പിന്നിൽ ഉള്ളത്.  പക്ഷെ ഒരു സൃഷ്ടി നമ്മിൽ നിന്ന് ഉണ്ടായി എന്ന് കരുതി അത് നമ്മുടെ ആജ്ഞാനുവർത്തി ആകണം എന്ന് വാശി പിടിക്കുന്നതിൽ എന്ത് ന്യായം ആണുള്ളത്?  മതം എന്നതും ദൈവമെന്നതും ഓരോരുത്തരുടേയും വ്യക്തിസ്വാതന്ത്ര്യങ്ങൾ മാത്രമാണ്.  അത് മറ്റുള്ളവരിലേക്ക് നിർബന്ധപൂർവ്വം പകർന്നു കൊടുക്കേണ്ട ഒന്നല്ല.  അതായത് കുഞ്ഞുങ്ങളിൽ പോലും ഒരു വിശ്വാസവും അടിച്ചേൽപ്പിക്കാൻ നമുക്ക് അവകാശം ഇല്ല എന്നതാണ് എൻറെ "വിശ്വാസം".  പക്ഷെ ആരും അങ്ങനെ അല്ല.  കാരണങ്ങൾ പറയാൻ ഒരുപാടു ഉണ്ടാവാം.  

   ഈയിടെ എല്ലായിടവും പരക്കെ ചർച്ച ആയ വിഷയം ആയിരുന്നു സിറിയൻ കുടിയേറ്റം.  ഒരു  ജനത മുഴുവൻ ജീവരക്ഷാർത്ഥം പലായനം ചെയ്യുന്ന കാഴ്ച വല്ലാത്ത നൊമ്പരം ഉണര്ത്തിയിരുന്ന ഒന്നായിരുന്നു. അവരെ ഒരു മതത്തിന്റെ ലേബൽ ഒട്ടിച്ചു സോഷ്യൽ മീഡിയകളിൽ വിറ്റഴിച്ചവർ ചിന്തിക്കാത്ത ഒരു കാര്യം, എന്ത് കൊണ്ട് അതേ മതത്തിൽ മാത്രം ജീവിക്കുന്ന രാജ്യങ്ങളാരും അവരെ ഏറ്റെടുത്തില്ല എന്നതാണ്.  അവരെ ഏറ്റെടുത്തത് നിരീശ്വരവാദികൾ ബഹുഭൂരിപക്ഷം ഉള്ള  കുറെ നാടുകളാണ്.  ആ മതത്തിനെതിരെ പ്രക്ഷോഭണങ്ങൾ നടത്തിയെന്ന് ആരോപിക്കുന്ന നാടുകളാണ്.  ചാൾസ് ഹെബ്ടോ എന്ന നിരീശ്വരവാദിയായ മാഗസിൻ സിറിയയിലെ കുഞ്ഞു മരിച്ചതിനെ മതത്താൽ അന്ധമായ ലോകം കാണുന്ന കാഴ്ച്ചപ്പാട് ആക്ഷേപഹാസ്യത്തിന്റെ കൊടുമുടിയിൽ വരച്ചു കാട്ടിയതിനെ പോലും മതവൽക്കരിച്ചത്‌ കണ്ടു സഹതാപം മാത്രമാണ് തോന്നുന്നത്.  വിവരക്കേട്‌ മറ്റുള്ളവരിലേക്ക് പകർത്തി അനാവശ്യമായ ദ്വേഷം വളർത്തുന്നത് അവരോടു ഇതേ മതത്തിന്റെ പേരിലുള്ള മുൻവൈരാഗ്യത്തിലാണെന്ന് മനസിലാക്കാൻ വലിയ ജ്ഞാനം ഒന്നും വേണ്ടി വരില്ല.

മതം മാനുഷികമൂല്യങ്ങൾക്കുമപ്പുറം പ്രാധാന്യം ഉള്ളതാണെന്ന്  അല്പമെങ്കിലും വിദ്യാഭ്യാസം ഉള്ളവർ കരുതുന്നത് പരിതാപകരമാണ്.  സിറിയക്കാർ മനുഷ്യരാണ് അല്ലാതെ ഒരു മതവിഭാഗമല്ല.  ഏതു അടിയന്തിരാവസ്ഥയിലും എൻറെ മതമാണെങ്കിൽ കണ്ണീർ വാർക്കുകയും അല്ലെങ്കിൽ മിണ്ടാതിരിക്കുകയും ചെയ്യുന്നത് നമ്മിലെ വിവരക്കേടാണ്.  അതാണ് ചാൾസ് ഹെബ്ടോ പറഞ്ഞത്.  "മുസ്ലിം കുഞ്ഞായതിനാൽ മുങ്ങി മരിച്ചു.  ക്രിസ്ത്യൻ ആയിരുന്നെങ്കിൽ വെള്ളത്തിന്‌ മീതെ നടന്നേനെ."  ഇതിനപ്പുറം ഈ വേർകൃത്യങ്ങൾ കൃത്യമായി വെളിവാക്കാൻ വേറെന്ത് പറഞ്ഞാലാണ്   സാധിക്കുക? നമ്മുടെ വിശ്വാസം, ആശയങ്ങൾ എല്ലാം വ്യക്തിസ്വാതന്ത്ര്യങ്ങൾ തന്നെയാണ്. പക്ഷെ അത് നിഷ്പക്ഷമായി പറയാൻ കഴിയുന്നില്ലെങ്കിൽ അന്ധനായ ഒരു മതവിശ്വാസിയും നമ്മളും തമ്മിൽ ഒരു വ്യത്യാസവും ഇല്ലെന്നുള്ളത് നമ്മുടെ  പുരോഗമനവേഷം കൊണ്ട് മറക്കാൻ കഴിയുന്നതല്ല. അഥവ സാധിച്ചാലും ചിലരെങ്കിലും അതിലെ പൊള്ളത്തരം മനസിലാക്കുന്നുണ്ടാവും.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ