Follow by Email

2015, സെപ്റ്റംബർ 10, വ്യാഴാഴ്‌ച

അമ്മ എന്ന സദാചാരകോമരം
കുറെ ദിവസങ്ങൾക്കു മുൻപ് ഒരു ലേഖനം വായിച്ചിരുന്നു. അമ്മമാരും പെണ്മക്കളും തമ്മിൽ നല്ല രീതിയിലുള്ള അടുപ്പം ഇല്ലെങ്കിൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകൾ ആ ലേഖനത്തിൽ വ്യക്തമായി  എഴുതിയിട്ടുണ്ട്. അത് വളരെ ചിന്തിക്കേണ്ട ഒരു വിഷയം തന്നെയാണ്.  എന്നാൽ അധികമാരും അതിനെ പറ്റി പറഞ്ഞു കേട്ടിട്ടില്ല. വളരുന്ന പെണ്‍കുട്ടിയിൽ അമ്മക്ക് ഒരുപാട് ഉത്തരവാദിത്വങ്ങൾ ഉണ്ട്.  എൻറെ അമ്മയായിരുന്നു ഒരു കാലത്ത് എൻറെ ഏറ്റവും അടുത്ത സുഹൃത്ത്‌  .  ഞങ്ങൾക്ക് എന്തും പറയാൻ ഉള്ള അടുപ്പം അമ്മ സൃഷ്ടിച്ചെടുത്തിരുന്നു.  അത് കൊണ്ട് തന്നെ എൻറെ ആണ്‍സുഹൃത്തുക്കളും, എൻറെ  വീടുമായി നല്ല അടുപ്പം പുലർത്തിയിരുന്നു.  അവർക്ക് പെണ്‍കുട്ടികളെ പോലെ വരാനും ഇടപഴകാനും ഉള്ള അവസരവും ഉണ്ടായിരുന്നു.  എന്നാൽ ഇതിനെല്ലാം വിപരീതമായിരുന്നു എൻറെ ഒരു ബന്ധു.  ഒരിക്കൽ വഴിയിൽ വെച്ച് ആരോ കടന്നു പിടിച്ചു എന്ന് പരാതി പറഞ്ഞ മകളെ തലങ്ങും വിലങ്ങും അടിച്ചു കലി തീർത്തു ആ സ്ത്രീ.   ഒരുപാടു അവസരങ്ങളിൽ ഇതു പോലെ തന്നെ അവർ ഒരു വിവരദോഷി ആണെന്ന് വീണ്ടും  വീണ്ടും തെളിയിക്കുന്നത് പോലെ പെരുമാറിയിട്ടുണ്ട്.  ആ സ്ത്രീ ഒരു പരിച്ചേദമാണ്.  ഒരു പാട് കുലസ്ത്രീകളായ മഹിളകളുടെ വിവരക്കേടിന്റെ പരിച്ചേദം.


പുരുഷൻ അങ്ങനെ ആണ്.  അവനു പിടിക്കാൻ പരുവത്തിന് നിന്ന് കൊടുത്തതെന്തിനു?  എന്ന് ഒരു സ്ത്രീ പറയുമ്പോൾ അത് കേൾക്കുന്ന ഒരു പെണ്‍കുട്ടിയിൽ ഉണ്ടാവുന്ന ഭീതിയും അരക്ഷിതാവസ്ഥയും ആണ്‍കുട്ടിയിൽ ഉണ്ടാവുന്ന അധികാര ബോധവും കുടുംബം എന്ന വ്യവസ്ഥിതിയുടെ സൃഷ്ടിആണ്.  അല്ലെങ്കിൽ അവിടെ നിന്നാണ് ഈ മനോഭാവങ്ങൾ കുഞ്ഞുങ്ങളിൽ കുത്തിവെക്കപ്പെടുന്നത്.  പെണ്ണിനെ അടക്കി വളർത്തുന്ന അമ്മ ആണ്‍കുട്ടിയെ മര്യാദകൾ പഠിപ്പിക്കാറില്ല.  അവൻ പൂർണസ്വാതന്ത്ര്യത്തിൽ എ സന്തോഷവാനായി  വളരുന്നു.  സാധാരണയായി നമ്മുടെ നാട്ടിലെ ഒട്ടുമിക്ക സ്ത്രീകളും മറ്റു സ്ത്രീകളുടെ മര്യാദ, അടക്കം, ഒതുക്കം എന്നിവയിൽ അതീവ ശ്രദ്ധ ഉള്ളവരാണ്. ഈ ശ്രദ്ധ സ്വന്തം ആണ്മക്കൾ മറ്റു സ്ത്രീകളോട് പെരുമാറുന്നതിലോ, ഭർത്താവോ, സഹോദരനോ അവരോടു പെരുമാറുന്നതിലോ കാണാറില്ല.  അഥവാ സ്വന്തം വീട്ടിലെ ആണുങ്ങൾ മറ്റുള്ളവരോട് മോശമായി പെരുമാറിയാലും ഇരയാക്കപ്പെട്ട സ്ത്രീകളിൽ കുറ്റം കണ്ടെത്താനുള്ള വല്ലാത്ത വ്യഗ്രത അവരിൽ കാണാൻ കഴിയും.  ഈ മനോഭാവവും മേൽപറഞ്ഞ മകളെന്ന സ്ത്രീയോട് പ്രകടിപ്പിക്കുന്ന മനോഭാവവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ മാത്രമാണ്.

നമ്മുടെ നാട്ടിലെ പെണ്‍കുട്ടികൾ ഓരോ ദിവസവും മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടുകൊണ്ടേ ഇരിക്കുന്നു.  (ചില വിവരദോഷികൾക്ക് ഇല്ലെന്നു അഭിപ്രായം ഉണ്ടാവാം.  ഉണ്ടെങ്കിൽ പെണ്‍വേഷം കെട്ടി ഒരു തിരക്കുള്ള ട്രാൻസ്പോർട്ട് ബസിൽ കയറി ടെസ്റ്റ്‌ ചെയ്തു ഉറപ്പിക്കാവുന്നതാണ്).  ഈ തരം പീഡനങ്ങൾ കൌമാരപ്രയക്കാരിൽ അല്ലെങ്കിൽ യുവതികളിൽ ഉണ്ടാക്കുന്ന മുറിവ് ആഴത്തിൽ ഉള്ളതാണ്.  അത് അവർക്ക് തുറന്നു പറയാനും ഒരു സപ്പോർട്ട് കിട്ടാനും ഒരാളുണ്ടാവണം എന്നവർ കൊതിക്കും.  അതിനു സഹായിക്കാൻ അമ്മക്കോ സഹോദരിക്കോ സാധിക്കുന്നില്ലെങ്കിൽ അവരൊന്നും ആ ലേബൽ ഒട്ടിച്ചു ഇരുന്നിട്ട് വലിയ കാര്യമൊന്നുമില്ല.  കുട്ടികളെ നേർവഴിക്കു നടത്താനല്ല.  കുട്ടികളെ ഉപദേശിച്ചു നന്നാക്കാനല്ല.  കുട്ടികളുടെ വഴിയിൽ എന്തോക്കെ അപകടങ്ങൾ ഉണ്ടെന്നു കണ്ടുപിടിക്കാൻ.  അവരുടെ മാനസികപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് കണ്ടു പിടിക്കാൻ..ഇതിനെല്ലാം പോരുന്ന ഒരു സുഹൃത്തിനെ ആണ് അവർക്കാവശ്യം.

അമ്മ ദേവിയാണ്, സംഭവമാണെന്ന് ഒക്കെയുള്ള പൊള്ളത്തരങ്ങൾ വിട്ടു യാഥാർത്യത്തിൽ ഇറങ്ങി വന്നു ചിന്തിച്ചാൽ മിക്കപ്പോഴും അമ്മ എന്നതൊരു  ബിൽഡ്-അപ്പ്‌ മാത്രമാണെന്ന് ചിലരെങ്കിലും സമ്മതിക്കും.  കാരണം, അമ്മ ഒരു കുലസ്ത്രീയാണ്.  പുരുഷന്റെ ഏകാധിപത്യരാജ്യത്തിലെ അവൻറെ ആജ്ഞാനുവർത്തി.  ആ രാജ്യത്തിനു പുറത്തൊരു ലോകം കണ്ടിട്ടില്ലാത്ത, എങ്കിലും  താനാണ് ശരി.  താൻ മാത്രമാണ് ശരി എന്നുറച്ച് വിശ്വസിക്കുന്ന ഒരു
കൂപമണ്ടൂകം.  അമ്മായിഅമ്മ എന്ന ഉന്മാദാവസ്ഥ സ്നേഹമയിയായ അമ്മയിൽ ഉണ്ടാക്കുന്ന മാറ്റം എൻറെ പല സുഹൃത്തുക്കളും പറഞ്ഞു കേട്ടിട്ടുണ്ട്.  അത് മേൽപറഞ്ഞതിന്റെ അവസ്ഥാന്തരം മാത്രമാണ്.  

കുലസ്ത്രീ അമ്മ കുലസ്ത്രീ മകളെ സൃഷ്ടിക്കുന്നു.  കുലസ്ത്രീ മകൾ കുലസ്ത്രീ മരുമകളായി മറ്റൊരു വീട്ടിലെ കുലസ്ത്രീ അമ്മായിഅമ്മയുമായി പൊരുതുന്നു.  കുറെ കാലം കഴിഞ്ഞു കുഞ്ഞുകുലസ്ത്രീ ജനിച്ചു വളർന്നു വരുന്നു.  ചരിത്രം ആവർത്തിക്കുന്നു.  ഒരേ ഒരു ജീവിതം.  ആർക്കു വേണ്ടി എന്തിനു വേണ്ടി? 

 "സ്വാതന്ത്ര്യം തന്നെ അമൃതം.
സ്വാതന്ത്ര്യം തന്നെ ജീവിതം,
പാരതന്ത്ര്യം മാനികൾക്ക് 
മൈൻഡ് ഇറ്റ്‌ "മാനികൾക്ക്"
മൃതിയെക്കാൾ ഭയാനകം".....
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ