Follow by Email

2015, ഓഗസ്റ്റ് 30, ഞായറാഴ്‌ച

ചിലരൊന്നും ഒന്നും മറക്കുന്നില്ല

എന്താണെന്നറിയില്ല, എത്ര ശ്രമിച്ചിട്ടും 
ചിലരൊന്നും ഒന്നും മറക്കുന്നില്ല 
ചരിത്രം ചരിത്രമായി തന്നെ നിലനില്ക്കുന്നത് 
പലരും മറക്കുന്നില്ല 
ഭൂമിശാസ്ത്രപരമായ അവലോകനങ്ങളിലൂടെ  
യാത്രകളിൽ നിന്ന് യാത്രകളിലൂടെ വീണ്ടും 
യാത്രകൾ നടത്തിയിട്ടും 
ചിലരൊന്നും ഒന്നും മറക്കുന്നില്ല 

പണ്ട് കുരുക്ഷേത്രയുദ്ധം നടത്തിയതും 
പിന്നീട് ചരിത്രം തിരുത്തി കുറിച്ചതും,
അന്നത്തെ അശ്വ(ശു)ധാത്മാവിനെയും ശകുനിയേയും  
ഘടോത്കചനും അഭിമന്യുവിനും ഒപ്പം 
ചിലരെങ്കിലും മറക്കാതിരിക്കുന്നു 

വാഗ്ധോരണികൾ തോരണം കെട്ടിയ 
സദസ്സുകളിൽ മായാജാലക്കാരന്റെ കണ്‍ കെട്ടും 
ചെപ്പടിവിദ്യകളും പാവപ്പെട്ടവന്റെ 
വെളിച്ചം കയറാത്ത തലച്ചോറിൽ 
പുളകങ്ങൾ ഉണർത്തുമ്പോഴും,  
ചിലരൊന്നും ഒന്നും മറക്കുന്നില്ല 

പെറ്റുകൂട്ടണമെന്നും കൂട്ടേണ്ടെന്നും 
തീരുമാനമെത്താത്ത സമസ്യകളിൽ 
ജാതികൾ കോമരം കെട്ടി തുള്ളുന്ന 
പറമ്പുകളിൽ; എന്തുകൊണ്ടോ 
ചിലരൊന്നും ഒന്നും മറക്കുന്നില്ല 

അന്യരാജ്യങ്ങളിൽ പള്ളികൾ ഉണ്ട്; 
അവിടെ "ദൈവം" ഉറങ്ങുന്നു 
സ്വന്തം നാട്ടിൽ പള്ളികൾ ഉണ്ടാവാറില്ല 
അതുകൊണ്ടാവാം ദൈവം ഉറങ്ങാറുമില്ല 
അതും ചിലരൊക്കെ മറക്കാതിരിക്കുന്നു 

ജീവൻറെ ജീവനായ നാടിനെ 
സ്വന്തം ജനതയ്ക്ക് വേണ്ടി, 
വ്യവസ്ഥിതിക്കോ വ്യവസായിക്കോ 
വേണ്ടിയല്ലാതെ "രക്ഷിക്കാൻ" 
കാത്തു കാത്തിരുന്നൊരു 
യാത്ര തരപ്പെട്ടിട്ടും ദുശകുനം പോലെ 
ചിലരൊന്നും ഒന്നും മറക്കുന്നില്ല 


2015, ഓഗസ്റ്റ് 26, ബുധനാഴ്‌ച

ഓണമാണ്..

ഓണ൦ ..
പണ്ടെന്നോ വാക്ക് പാലിക്കാൻ
ബലിയാകേണ്ടി വന്ന ഒരു അവർണ്ണ രാജാവ്...
മരണസമയത്ത്  ഇരന്നു വാങ്ങിയ വരം;

അമ്മയോട് പലവട്ടം ചോദിച്ചതാണ്
ഇതിലെന്തു നീതിയെന്ന്?
ദേവന്മാർ ചെയ്യുന്നതെല്ലാം നീതിയത്രേ...
അന്യൻറെ മുതൽ, ഭാര്യ, അധികാരം
എല്ലാം കൈവശപ്പെടുത്തുന്നതിൽ എന്ത് നീതി?
ദൈവകോപം വരുത്തരുതെന്നു താക്കീത്..
എന്നിലെ അശാന്തയായ സംശയാലു നിശബ്ദയാവുന്നു 

ഓണമാണ് ...
മാവേലി വന്നാലും ഇല്ലെങ്കിലും ഓണമാണ്..
ബിവറേജസിൽ, തുണിക്കടയിൽ, പലചരക്കു കടയിൽ
ചന്തയിൽ, പച്ചക്കറികടയിൽ, എല്ലായിടത്തും ഓണമാണ്
കേരളീയരാവാൻ, ഗൃഹാതുരരാവാൻ, ഓണമാണ്

ഓണമാണ്..
അനീതിയിൽ മണ്ണടിഞ്ഞ കറുത്തവന്റെ ഓർമ്മക്കായി
അവനെ എന്നും ചവിട്ടി താഴ്ത്തി മാത്രം ശീലിച്ച
വെളുത്തവനെ വാഴ്ത്തിപ്പാടി പഴകിയ 
ഒരു ജനതയുടെ, നഷ്ടപ്രതാപങ്ങളുടെ, നെടുവീർപ്പുകളുടെ
പഴമയുടെ മഹത്വത്തിന്റെ സാക്ഷ്യം

അതേ....
ഓണമാണ്... പല രൂപത്തിൽ ... പല ഭാവത്തിൽ....

2015, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

എനിക്കു ഭയമാണ്

സുഹൃത്തേ, എനിക്കു ഭയമാണ്
ഏതു നിമിഷവും പൊട്ടാവുന്ന
നിങ്ങളുടെ സദാചാരക്കുരുവിനെ...
എത്ര ശ്രമിച്ചിട്ടും നിങ്ങള്‍ക്ക്
ഒളിപ്പിക്കാന്‍ കഴിയാത്ത മേല്‍ക്കോയ്മയെ..

അതെ,   ഞാന്‍ ഭയക്കുന്നു
അവളെ പോലെ നിങ്ങള്‍ എന്നെയും കാണുമെന്നും,
അവളുടെ ഉടലളവുകളില്‍ പരതുന്ന ആര്‍ത്തി പൂണ്ട കണ്ണുകള്‍,
വിശപ്പേറുമ്പോള്‍ എന്നെയും തേടിയെത്തുമെന്നും...
എന്‍റെ സൗഹ്യദം നിങ്ങള്‍
പ്രണയമായ് വൃാഖൃാനിച്ചിടാമെന്നും,
എന്‍റെ അടുപ്പം നിങ്ങളുടെ കണ്ണില്‍  കാമം ആകാമെന്നും
ഞാന്‍ വല്ലാതെ ഭയക്കുന്നു

മറ്റൊന്നുമല്ല സുഹൃത്തേ,
മനസ്സു കൊണ്ട് കുലസ്ത്രീ ആവാന്‍ കഴിയാതെ
പരാജയപ്പെട്ടു പിന്‍മാറേണ്ടി വരുന്നവളുടെ
ധര്‍മ്മസങ്കടം നിങ്ങള്‍ക്ക് അറിയാഞ്ഞിട്ടാണ്
അല്ലെങ്കില്‍ തന്നെ,
എപ്പോള്‍ വേണമെങ്കിലും
പൊട്ടിത്തെറിക്കാന്‍ പാകത്തിന്
 ഒരു അഗ്നിപര്‍വ്വതം ഉള്ളില്‍ പേറുന്ന
 ശരാശരി പെണ്ണിന്റെ മനസ്സ്
പുരോഗമന ചിന്തയുള്ളവര്‍ എങ്ങിനെ അറിയാനാണ്?

2015, ഓഗസ്റ്റ് 4, ചൊവ്വാഴ്ച

നല്ല ദിവസങ്ങൾകാള, പശു, പോത്ത്, എരുമ 
ഇവരെയൊക്കെ സ്നേഹിക്കണം എന്നയാൾ പറഞ്ഞപ്പോൾ 
വർഗസ്നേഹമോ, സഹജീവിസ്നേഹമോ 
എന്നതൊന്നും ഓർക്കാതെ അവയുടെ  ദൈന്യമായ 
കണ്ണുകൾ ഓർത്തു ഞാൻ നിശബ്ദനായി... 
എങ്കിലും അടിച്ചമർത്തപ്പെട്ട പൊറോട്ടകൾ 
എന്നെ വീണ്ടും വീണ്ടും കുത്തി നോവിച്ചു കൊണ്ടിരുന്നു 
ഭർത്താവ് നാടുകടത്തപെട്ട ഭാര്യയുടെ വേദന പോലെ 
അതറിയാവുന്ന സ്നേഹമുള്ള അയൽക്കാരനെ പോലെ... 

പിന്നീട് എൻറെ അഭിപ്രായസ്വാതന്ത്ര്യങ്ങൾ, 
മുഖപുസ്തകത്തിലെ എൻറെ ചോര തിളപ്പുകൾ,
അവയെല്ലാം നീക്കം ചെയ്തു അവരെനിക്ക് 
സഹനത്തിന്റെ, ക്ഷമയുടെ പാഠങ്ങൾ പഠിപ്പിച്ചു തന്നപ്പോൾ 
നന്മക്കു വേണ്ടിയാണെന്നു ഞാൻ ആശ്വസിച്ചു 
പക്ഷെ വാക്കും പ്രവർത്തിയും യോജിച്ചു പോകുന്നില്ലെന്നുള്ള 
പൊരുത്തക്കേട് തികട്ടി വന്നു കൊണ്ടേ ഇരുന്നെങ്കിലും 
 അവയെല്ലാം വിഴുങ്ങി ഞാൻ  മൗനം അവലംബിച്ചു 

ഒടുക്കം അതും സംഭവിച്ചു 
സ്വതവേ കുചേലനായിരുന്ന എന്നെ ഒരു രാത്രിയിൽ അവർ 
കൊടും പട്ടിണിയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടു 
"ഡസ്‌ നോട്ട് എക്സിസ്റ്റ്" എന്ന് വരെ കാണാൻ തുടങ്ങിയ 
ആ കാള രാത്രിയിലായിരുന്നു അത് സംഭവിച്ചത് 
അന്ന് വരെ അടക്കി വെച്ച ഒടുങ്ങാത്ത പക പുറത്തുവന്ന 
ആ  രാത്രി ........................................
അന്നു ഞാൻ മുസ്സോളിനി മുതലുള്ള എല്ലാവന്റെയും 
പൂർവികരുടെ വരെ പിതൃത്വം ചോദ്യം ചെയ്തു..
അല്ല, അവരെന്നെ കൊണ്ട് ചെയ്യിച്ചു...
എല്ലാം ഒന്ന് വിടാതെ, അല്പം പോലും പതറാതെ 
മുഖപുസ്തകത്തിന്റെ ഭിത്തിയിൽ ഒട്ടിച്ചു 
  ആത്മശാന്തിയോടെ ഞാൻ യു ടൂബിൽ പരതി 
ഒടുക്കം പരതി തളർന്ന അസംതൃപ്തമായ മനസോടെ  
ഉത്സവപിറ്റേന്നിനെ അനുസ്മരിപ്പിക്കുന്ന 
ബ്ലാങ്ക് സ്ക്രീൻ നോക്കി കിടന്നുറങ്ങിയപ്പോഴും 
വരാൻ പോകുന്ന ആ  "നല്ല ദിവസം" എന്ന പ്രതീക്ഷ 
അല്പം പോലും മങ്ങിയിരുന്നില്ല 

2015, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

മറവി...ശരിക്കും അത് ഒരു അനുഗ്രഹം തന്നെയാണ്

വല്ലാത്ത മറവിയാണ്...
ഇന്നലെ ടിവിയിൽ കണ്ട സ്ത്രീയുടെ മുഖം 
എത്ര ഓർത്തെടുക്കാൻ ശ്രമിച്ചിട്ടാണ് കിട്ടിയത് 
ഇന്നാളൊരിക്കൽ ആ സ്ത്രീയാണ് പ്രസവങ്ങൾ 
എടുക്കാൻ കത്രിക കൈമാറുന്ന  നിർവികാരതയോടെ
 കൂടെയുള്ള മനുഷ്യകോലത്തിനു  ആയുധങ്ങൾ കൊടുത്തു 
പോരിന്റെ വെറിയോടെ പാഞ്ഞു നടന്നത് 
പരസ്യമായി  പിച്ചിചീന്തപെട്ട മാംസകഷണങ്ങൾ 
ചവിട്ടിയരച്ചു കലി പൂണ്ടു താണ്ഡവം ആടിയത് 
അവർ തന്നെയാണ് അന്ന് ഇരുമ്പഴിക്കുള്ളിൽ 
പകയോടെ മുഖം കുനിച്ചിരുന്നത് 
കൊല്ലാൻ പറഞ്ഞ ദൈവം തിന്നാൻ പറയാത്തത് 
ഭാഗ്യമായെന്നു അന്ന് ഞാൻ ഓർത്തതാണ് 

ഹോ, വല്ലാത്ത മറവിയാണ്...
അന്ന് ഓറഞ്ചു, പച്ച, വെള്ള നിറത്തിലുള്ള ഒരു തുണി 
ഓ, പിന്നെയും മറന്നു അത് പതാകയാണല്ലോ 
അതേ, അത് പുതച്ചു ഒരു താടിക്കാരനെ അടക്കം ചെയ്തപ്പോൾ 
ഇതെന്തിന്? എന്ന് ഞാൻ അമ്പരന്നതാണ് 
അയാൾ അല്ല അദ്ദേഹം, വലിയ മനുഷ്യനാണെന്നായിരുന്നു 
തത്സമയസംപ്രേക്ഷകർ പറഞ്ഞത് 
അന്നു മുതലായിരുന്നു വികിപീഡിയയിലുള്ള എൻറെ 
വിശ്വാസം പോയി തുടങ്ങിയത്
കൊലപാതകങ്ങൾ ചെയ്തു കൂട്ടിയിട്ടുണ്ടെന്ന് 
തെറ്റിദ്ധാരണ പരത്തുന്നതിന് റിപ്പോർട്ട്‌ ചെയ്യാനോർത്തിരുന്നു 
മറവി...അത് തന്നെ...അതും മറന്നു 

കൊലക്കയർ കഴുത്തിൽ വീണപ്പോഴെങ്കിലും അയാൾ 
പശ്ചാത്തപിച്ചിരിക്കണം.... വാഗ്ദാനങ്ങളിൽ മനസ്സുടക്കിയതിൽ; 
രാജ്യസ്നേഹം രാജ്യദ്രോഹം ആകുന്നതിന്റെ രാഷ്ട്രതന്ത്രം 
 ചുറ്റും കൂടിയവരുടെ ആരവങ്ങളിൽ 
നിന്നെങ്കിലും ആ മനുഷ്യൻ അറിഞ്ഞിരിക്കണം 
കുറ്റം ചെയ്യുന്നതിനേക്കാൾ കൊടുംപാപമാണ് 
അതിനു കൂട്ട് നില്ക്കുന്നതെന്ന്; രാവണനെക്കാൾ മുൻപേ 
താടകയെയും   കുംഭകർണനെയും കൊന്നു  
പണ്ടേ തെളിയിച്ചതാണ്  രാജ്യത്തിൻറെ നീതിബൊധമെന്നും, 
ഭൂരിപക്ഷം അല്ലെങ്കിൽ ഏതെങ്കിലും ഒരുവൻ 
പിഴയെന്നു പറഞ്ഞാൽ; ജീവൻറെ ജീവനായി കൂടെ നിന്ന 
ഭാര്യയെ പോലും ഉപേക്ഷിക്കണമെന്ന് 
ഉത്തമപുരുഷൻ പണ്ടേ പഠിപ്പിച്ചിരുന്നതാണെന്നും 
 അയാൾ ഓർത്തിരിക്കണം  
ഓ..മറന്നു, ന്യൂനപക്ഷം തൂങ്ങിയാടിയത് ആദ്യമല്ലല്ലൊ 
അതിനൊപ്പം അയാളും മറവിയിൽ തന്നെ...

മറവി...ശരിക്കും അത് ഒരു അനുഗ്രഹം തന്നെയാണ് 
എന്നിൽ നിന്ന് നിന്നിലേക്ക്‌ 
നിന്നിൽ നിന്ന് അവനിലേക്ക്‌ 
അങ്ങനെ എല്ലാവരിലേക്കും 
അതിങ്ങനെ പടർന്നു പിടിക്കട്ടെ............