Follow by Email

2015, ജൂലൈ 6, തിങ്കളാഴ്‌ച

അന്നാ തെരേസ


വെറുപ്പിന്റെ കുന്നുകളിൽ 14 മത്തെ കാമുകന്റെ ശവവും അടക്കി കുന്നിറങ്ങുമ്പോൾ    അന്ന തെരേസക്ക് അല്പം പോലും സങ്കടം  തോന്നിയില്ല. എല്ലായിടവും സൂര്യകാന്തി  പൂക്കൾ നിറഞ്ഞ, കണ്ണെത്താത്ത ദൂരമാകെ  പച്ചപ്പ് പുതച്ച, എപ്പോഴും സുഖസുഷുപ്തിയിൽ ലയിച്ച, സുന്ദരമായ ആ താഴ്‌വരയിൽ നിന്ന് ചെരുപ്പുകുത്തി മിഖായേലുമായി ശവംനാറി പൂക്കളും  ശവകല്ലറകളും    നിറഞ്ഞ കുന്നും പുറത്തേക്കു പാലായനം ചെയ്യുമ്പോൾ അവനെ ആൾമാറാട്ടം നടത്തിച്ചു  കൂടെ  കൂട്ടാൻ തന്നെയാണ് അന്ന ഉറപ്പിച്ചിരുന്നത്.  സൗന്ദര്യം  കണ്ടു ഭ്രമിച്ചു പുറകെ കൂടുന്ന എല്ലാ മണ്ടന്മാരായ  കാമുകന്മാരോടും ഉള്ള പുച്ഛം അവളുടെ ചുണ്ടിനെ വല്ലാതെ വക്രിപ്പിച്ചു.  സൗന്ദര്യം എന്നത് എന്നും നിലനില്ക്കുന്നതാണെന്നും അതിലും വലുതായി ഒരു പെണ്ണിന് മറ്റൊന്നും വേണ്ടെന്നും എഴുതി വെച്ച  മൂഡസ്വർഗത്തിലെ രാജ്ഞിയായി വാഴുന്നവളെന്നും,   എല്ലാ ഇരകൾക്കുമായി വല കെട്ടി കാത്തിരിക്കുന്ന  പെണ്‍ചിലന്തി എന്നും  ചരിത്രത്തിൽ അറിയപ്പെടുമല്ലോ എന്നും  ഉള്ള  സങ്കടം ഒഴിച്ചാൽ കാമുകന്മാർ സൃഷ്ടിക്കപ്പെടുന്നത് അന്നക്കൊരു ഹരം തന്നെയാണ്. അതിനാലാവണം കുന്നിറങ്ങുമ്പോൾ  പ്രണയകുടീരത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന കാമുകന്റെ ഉയർത്തെഴുന്നേൽപ്പിനേക്കാൾ അവൾ  ഓർത്തത്‌ ഇളകി തുടങ്ങിയ നഖചായങ്ങളെ പറ്റിയാണ്.

നിശൂന്യമായ തന്റെ ജീവിതത്തിൽ ,വിരസമായ സായാഹ്നസവാരിക്കിടയിൽ തിങ്ങി വളർന്ന കരിമ്പിൻ തോട്ടത്തിന്റെ നടുവിൽ വെച്ചായിരുന്നു അന്ന അന്റോണിയോയെ കണ്ടു മുട്ടുന്നത്.  മറ്റു  13 കാമുകന്മാരിൽ നിന്നും അവൻ വേറിട്ട്‌ നിന്നത്   ഭാവനാവിലാസത്തിലും കവിത്വത്തിലും ആയിരുന്നു. ഫെർണാണ്ടോ പൈങ്കിളി ആയിരുന്നെങ്കിൽ അന്റോണിയോ പുരോഗമനകവിത്വത്തിന്റെ വക്താവായിരുന്നു.  ഷേക്സ്പിയർ മുതൽ ഷെല്ലി വരെ പറഞ്ഞു മടുത്തതോക്കെ ഇനി എന്ത് പറയാനാണ് എന്ന്  അവൾ അതിശയിച്ചിരുന്ന ഒരു വൈകുന്നേരമായിരുന്നു  അന്റോണിയോ ഒരു സുന്ദരമായ പ്രണയകവിതയായി അവൾക്കു മുന്നിൽ അവതരിക്കുന്നത്. ആരാധനയും കവിതാഭ്രമവും അന്ധമാക്കിയ മനസ്സിൽ അന്റോണിയോ വീണ്ടും വീണ്ടും കവിതകളായി പെയ്തിറങ്ങി. എന്നാൽ അന്റോണിയോക്ക് അന്ന പ്രണയം മാത്രമായിരുന്നു.  അവളിൽ നിന്ന് അവൻ തിരിച്ചു പ്രതീക്ഷിച്ചതും പ്രണയം മാത്രം . അന്നയുടെ ആഞ്ജാശക്തിയെ ഭയന്ന് തിരികെ പ്രണയിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് ആവർത്തിച്ച്  പറയുമ്പോഴും തിരിച്ചു കിട്ടാത്ത പ്രണയത്തിൽ നൊന്തു നൊന്തു അന്നയെന്ന ക്രൂരയായ 'ക്ലിയോപാട്ര'യെ അന്റോണിയോ തൂലികയാൽ കുത്തി കുത്തി കൊന്നു കൊണ്ടേ ഇരുന്നു.  ഓരോ തവണ പടിക്ക് പുറത്താക്കി വാതിലടക്കുമ്പോഴും അവന്റെ ആത്മാർത്ഥമല്ലാത്ത ഏറ്റുപറച്ചിലുകളിൽ  മനസ്സ് ഉടക്കരുതെന്നു സ്വയം ഉറപ്പിക്കാറുണ്ടായിരുന്നെങ്കിലും സ്വതവേ കഠിനഹൃദയയായ അന്നയ്ക്ക് അതിനു കഴിയുമായിരുന്നില്ല.

അവസാനമായി കഴിഞ്ഞ വിളവെടുപ്പ് കാലത്തായിരുന്നു അന്നയോടുള്ള പതിവ് പരിഹാസം വീര്യം കൂട്ടി  അന്റോണിയോ അവൾക്കു മുന്നിൽ വിളമ്പുന്നത്.  ആത്മാഭിമാനമുള്ള ഏതൊരു പെണ്ണിനേയും പോലെ അത് അന്നയിൽ വല്ലാത്തൊരു മുറിവാണ് സൃഷ്ടിച്ചത്.  അത് ആദ്യമായല്ലെങ്കിലും, അടുത്ത സുഹൃത്തിനോടെന്ന പോലെ പങ്കു വെച്ചൊരു സ്വകാര്യത നെടുകെ കീറി മുറിക്കപെട്ടതിൽ അവൾ വല്ലാതെ നീറിപുകഞ്ഞു.  അവന്റെ മരണതീയതിയും കുറിച്ച് പകയോടെ കാത്തിരുന്ന അന്നയ്ക്ക് മുന്നിൽ, കുറിച്ച തീയതിക്കു മുൻപേ തന്നെ അന്റോണിയോ എത്തി.  ഒരു പുനർവിചിന്തനത്തിനു ഇട കൊടുക്കാതെ അവൾ അവനെ ഒറ്റയടിക്ക് കൊലപ്പെടുത്തി.  ശവം വലിച്ചെടുത്തു   മിഖായേലിന്റെ സഹായത്തോടെ കുന്നിന്മുകളിൽ  കുഴിച്ചു മൂടിയപ്പോൾ ഒരു തരം ക്രൂരമായ ആനന്ദം അവളിൽ നിറഞ്ഞു.  പ്രണയം എന്നാൽ മറ്റൊരാളിൽ അലിഞ്ഞു സ്വയം ഇല്ലാതാവുന്നതാണെന്നും, അതിൽ സ്വന്തമാക്കലില്ലെന്നും,പ്രണയിയുടെ വേദന എന്റേത് തന്നെയാണെന്നും തിരിച്ചറിഞ്ഞു, ഉയർത്തെഴുന്നെല്ക്കാൻ ഈ ജന്മം അന്റോണിയോക്ക് കഴിയില്ലെന്നുള്ള ഉറപ്പിൽ അടുത്ത കാമുകനുള്ള വലയും വിരിച്ചു അവൾ പകയോടെ കാത്തിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ