Follow by Email

2015, ജൂലൈ 23, വ്യാഴാഴ്‌ച

രാജാവ്‌ നഗ്നനാണ്

ഒരു ചാനൽ ചർച്ചയിലേക്ക്,
അവതാരിക:നിങ്ങൾ നിങ്ങളുടെ ഭാര്യയ്ക്ക് എത്ര സ്വാതന്ത്ര്യം കൊടുക്കുന്നു?
ഭർത്താവ്:
അത് ഞാൻ അവൾക്കു ജീൻസ് മുതലായ വെസ്റ്റേണ്‍ ഡ്രസ്സ്‌ ഒഴിച്ചുള്ള എന്ത് വേഷം ഇടാനും, കൂട്ടുകാരികൾക്കൊപ്പം പുറത്തു പോകാനും ഉള്ളതുൾപ്പടെ എല്ലാ സ്വാതന്ത്ര്യവും കൊടുക്കാറുണ്ട്.
ഭാര്യ(സന്തോഷത്തോടെ ):
ചേട്ടൻ എനിക്കെല്ലാ ഫ്രീഡവും തരാറുണ്ട്. ഞാനതിൽ സന്തോഷവതിയാണ്.

 എൻറെ ഭാര്യേ, നിങ്ങളൊരു വ്യക്തിയാണ്.  നിങ്ങളുടെ ഫ്രീഡം മറ്റൊരാൾ തരേണ്ടതാണോ അതോ അത് നിങ്ങളുടെ അവകാശമാണോ എന്ന് വല്ലപ്പോഴും ഒന്ന് ആലോചിക്കുക.
അല്പം സ്മാർട്ട്‌ ആയ ഒരുവളെ  പറ്റി മറ്റൊരു ഭാര്യ:
ഇവളെയൊക്കെ ഇവളുടെ കെട്ടിയോൻ അഴിച്ചു വിട്ടിരിക്കുകയാണോ? എൻറെ ചേട്ടൻ എങ്ങാനും ആയിരിക്കണം.  അടിച്ചവിടെ ഇട്ടേനെ.


പാവം.  എന്ത് ദയനീയമായ അവസ്ഥ.  എൻറെ ചേട്ടൻ വലിയ സംഭവം ആണെന്നും ആ ചേട്ടൻ  കയ്യാളുന്ന അധികാരം അവൻറെ അവകാശം ആണെന്നും വിശ്വസിക്കുന്ന പാവങ്ങൾ/ പാവകൾ  തിങ്ങി ഞെരുങ്ങി, അടങ്ങി ഒതുങ്ങി കഴിയുന്ന ഒരു മാതൃക സാംസ്‌കാരികസംസ്ഥാനത്തിൽ സ്വന്തം അവകാശങ്ങളെ പറ്റി ശബ്ദം ഉയർത്തുന്ന സ്ത്രീ/ സ്‌ത്രീകൾ  വെടികളും, കൂ*****, കൊടുപ്പുകാരും ആവുന്നതിൽ എന്താണ് അത്ഭുതം?  അപ്പോൾ വിമർശനം രാഷ്ട്രീയക്കാരെ ആയാലോ?  പിന്നെ പറയുകയും വേണ്ട.  ഒരിക്കലും കണ്ടിട്ടോ പരിചയപെട്ടിട്ടോ ഇല്ലാത്ത ഒരു  സ്ത്രീയെ എത്രയും ഹീനമായ ഭാഷയിൽ അവഹേളിക്കുന്നത് "ആണത്തം" എന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം നമുക്കിടയിലുണ്ട്.  ഒരു സ്ത്രീയെ അപമാനിക്കാൻ അവർ എപ്പോളും ഉപയോഗിച്ച് വരുന്നത്  അഭിസാരിക എന്ന വാക്കാണ്‌.   അഭിസാരിക പാപി ആണെങ്കിൽ അവളോടൊത്ത് വ്യഭിചരിക്കാൻ തലയിൽ  മുണ്ടിട്ടു പോകുന്നവനെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്?  ഒരു പാട് സ്ത്രീകളുമായി വ്യഭിചരിക്കുന്നവൻ അപ്പോൾ ആരാണ്?  ഇതിനൊന്നും പുല്ലിംഗങ്ങൾ ഇല്ല.  അതിൽ നിന്നേ വ്യക്തമാണ് ഈ "പിഴകൾ"  എന്നവർ സ്ത്രീകളിൽ മാത്രം കാണപ്പെടുന്ന വിഭാഗം ആണ് എന്നത്.  "പിഴപ്പിച്ചവൻ" എന്നൊന്നില്ല. ആണ്‍മേൽക്കോയ്മയുടെ ഉത്തമ നിദാനം.

ആണിന്റെ മേൽക്കോയ്മ അംഗീകരിച്ചു കൊടുത്തു ജീവിക്കുന്ന തരുണീമണികൾ അല്ലെങ്കിൽ കുലസ്ത്രീകൾ മറ്റൊരുത്തിയെ ഈ രീതിയിൽ അപമാനിക്കുന്നതിനു മുൻപ് ചിന്തിക്കേണ്ട മറ്റൊരു വിഷയം ഉണ്ട്.  ആണിന്റെ ഔദാര്യം പറ്റി കിടക്കാൻ നിങ്ങൾക്ക് അവകാശം ഉള്ളത് പോലെ തന്നെ അവരെ എതിർക്കാനും അങ്ങനെ ഒതുങ്ങാതിരിക്കാനും നിങ്ങൾ കുലടകളെന്നു വിളിക്കുന്നവർക്കും അവകാശം ഉണ്ട്.  അത്രക്കൊക്കെ ചിന്തിക്കാൻ ഉള്ള വിവരം ഉണ്ടായിരുന്നെങ്കിൽ  ഇങ്ങനെ അനുവദിച്ചു കിട്ടുന്ന ഔദാര്യത്തിന് കാത്തു  കിടക്കില്ലെന്നുള്ളത് വേറെ വശം. അപ്പോൾ പറഞ്ഞു വന്നത് പിഴച്ചവളെ അവളുടെ വഴിക്ക് വിടുക. നിങ്ങൾക്കുള്ളത്‌ പോലെ പറയാനും പ്രവർത്തിക്കാനും സംവദിക്കാനും ഉള്ള സ്വാതന്ത്ര്യം മറ്റുള്ളവര്ക്കും ഉണ്ട്. എല്ലാവർക്കും  കൂടിയാണ് ഗാന്ധിജി  അത് അന്ന് വാങ്ങിച്ചു തന്നത്.

  അസൂയ, കുശുമ്പ്, കുന്നായ്മ എന്നതൊക്കെ ലിംഗവ്യത്യാസം ഇല്ലാത്ത  സത്ഗുണങ്ങൾ ആണെന്നുള്ളത് പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.  ഒരു സ്ത്രീ അല്പം വിവരം ഉള്ള ആളാണെന്ന് തോന്നിയാൽ അവരെ ഏതു രീതിയിലും തകർക്കുക എന്നതാണ് എല്ലാവരുടെയും ലക്‌ഷ്യം.  അരുന്ധതി റോയിയും മീനാ കന്ദസാമിയും പിഴകളാവുന്നതും ഈ മാനസികാവസ്ഥയിൽ നിന്ന് തന്നെയാണ്.  

എങ്ങും എവിടെയും വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റങ്ങൾ ആണ് നമ്മുടെ സമൂഹത്തിൽ.  രണ്ടു വ്യക്തികൾ സ്വന്തം ഇഷ്ടപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിൽ മറ്റുള്ളവർക്കെന്തു കാര്യം?  അവളോ അവനോ വേറെ ഭർത്താവോ/ ഭാര്യയോ ഉള്ള ആളാണെങ്കിൽ തന്നെ അവരുടെ പങ്കാളികൾ മാത്രം അത് ശ്രദ്ധിച്ചാൽ പോരെ? കണ്ടവരൊക്കെ അവരുടെ മുറിയിലേക്ക് എത്തി നോക്കുന്നത് ഏതു അവകാശത്തിന്റെ പേരിലാണെന്ന് മനസിലാവുന്നില്ല.  ലൈംഗികവീഡിയോകൾ പുറത്താക്കുകയും അത് കണ്ടു ആനന്ദിക്കുകയും ചെയ്തവർ   പണ്ട് "ലിംഗവിശപ്പ്" എന്ന കവിത എഴുതിയ കവിയെ തെറിയഭിഷേകം നടത്തിയത് ആ കവിത എന്നെ ഉദേശിച്ചാണ്, എന്നെ തന്നെ ഉദേശിച്ചാണ്, എന്നെ മാത്രം ഉദേശിച്ചാണ് എന്നുള്ള അമർഷ ത്തിൽ തന്നെ ആവാതെ തരമില്ല.  ആ കവിതയിൽ ഒരു മലയാളി പുരുഷൻറെ ദാരിദ്ര്യം വ്യക്തമായി കവി  പറഞ്ഞിട്ടുണ്ട്.  അതേ മനോഭാവം തന്നെയാണ് നടിമാരുടെ സെക്സ് വീഡിയോ ലീക്ക് ആക്കുന്നവനും കാണുന്നവനും ഉള്ളതും.  പല വട്ടം ഇരുത്തിയും കിടത്തിയും എല്ലാ കാമകേളികളും സങ്കല്പിച്ചു കൂട്ടിയ ഒരു ചരക്കിനെ കാണാനുള്ള വ്യഗ്രത.

ദാരിദ്ര്യം ഒരു കുറ്റമല്ല.  പാപവുമല്ല. പക്ഷെ പണ്ടത്തെ അഭിമാനികളായ കാർന്നവന്മാരെ  പോലെ ഇല്ലത്ത് ദാരിദ്ര്യം ആണെങ്കിലും അഭിമാനം വിട്ടു കളിക്കാതെ നാട്ടുകാർക്ക് മുന്നിൽ അന്തസ്സ് നിലനിർത്താൻ പാട് പെടുന്നതിലെ പൊള്ളത്തരം വിവരം ഉള്ള മറ്റുള്ളവർക്ക്  മനസിലാക്കിയെടുക്കാൻ വലിയ പ്രയാസമില്ല.  ചുരുക്കി പറഞ്ഞാൽ "രാജാവ്‌ നഗ്നനാണ്" എന്നതിൽ സംശയമില്ല. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ