Follow by Email

2015, ജൂലൈ 24, വെള്ളിയാഴ്‌ച

മൂക്കില്ലാരാജ്യത്തെ മുറിമൂക്കത്തി


ഒരിടത്തു ഒരിടത്തൊരു മൂക്കില്ലാരാജ്യം.  അവിടെയുള്ള പ്രജകൾക്കൊന്നും മൂക്കുണ്ടായിരുന്നില്ല.   മൂക്കില്ലാത്തതൊരു കുറവല്ല, അലങ്കാരമെന്നു നിനച്ചു പ്രജകൾ ജീവിച്ചിരുന്ന ശാന്തസുന്ദരമായ രാജ്യം .  രാജാവും രാജകുടുംബവും തീരുമാനങ്ങൾ എടുത്തും പ്രജകൾ അനുസരിച്ചും അല്ലലില്ലാതെ, ഔദാര്യങ്ങളിൽ മതിമറന്നു വാണകാലം.  അങ്ങനെയിരിക്കെ പ്രജകളിലോരുവൾക്ക് പയ്യെ പയ്യെ മൂക്ക് കിളിർത്തു വന്നു.അവൾ രാജാവിന്റെയും രാജകുടുംബത്തിന്റെയും മൂക്കില്ലായ്മയെ ചോദ്യം ചെയ്യാൻ തുടങ്ങി. പതിയെ  മറ്റു ചിലരിലും മാറ്റങ്ങൾ കണ്ടു. മൂക്കില്ലായ്മ ചിലരെങ്കിലും   അഭംഗി ആയി കാണാൻ തുടങ്ങി. അതോടെ മൂക്കില്ലാജനങ്ങൾ ചേരി തിരിഞ്ഞു.നേതാവായ മുറിമൂക്കത്തിയെ രാജ്ഞിയാക്കണമെന്ന ആവശ്യം ഉന്നയിച്ചു. രാജക്കന്മാർ നടുങ്ങി .പറ്റില്ലെന്നവർ ഉറപ്പിച്ചു പറഞ്ഞു. കലാപം തുടങ്ങി .വീണ്ടും വീണ്ടും മുറിമൂക്കുള്ള ശിശുക്കൾ പിറക്കാൻ തുടങ്ങി.  ഇതു നാടിനു ശാപം ആകുമോ, എന്നെങ്കിലും ഈ കയ്യാളുന്ന  അധികാരങ്ങൾ ചോദ്യം ചെയ്യപ്പെടുമോ എന്നെല്ലാം ഭയപ്പെട്ട രാജ കുടുംബം മുറിമൂക്കത്തിയെ രാജ്ഞിയാക്കമെന്നു സമ്മതം മൂളി.  അങ്ങനെ "വ്യവസ്ഥകളോടെ" മുറിമൂക്കത്തി രാജ്ഞിയായി അവരോധിക്കപ്പെട്ടു. 

കാലം കടന്നു പോയി.  മുറിമൂക്കത്തിക്കു പ്രായമായി തുടങ്ങി.  രാജ്യത്തിന്റെ സ്ഥിതിയും മാറി വന്നു.  കൂടുതൽ കൂടുതൽ മുറിമൂക്കും പൂർണമായ മൂക്കുമായി കുഞ്ഞുങ്ങൾ പിറന്നു കൊണ്ടിരുന്നു. മുറിമൂക്കുള്ളവരുടെ ഉന്നമനത്തിനായി അഹോരാത്രം പണിയെടുക്കുന്നവൾ  എന്ന കപടനാട്യത്തിൽ എല്ലാ ആർഭാടങ്ങളോടെയും ജീവിച്ചു വന്ന മുറിമൂക്കത്തിയെ പതിയെ പതിയെ ജനങ്ങൾ  ചോദ്യം ചെയ്യാനും സംശയദ്രിഷ്ടിയിൽ കാണാനും തുടങ്ങി.  വിശ്വാസ്യത ഊട്ടി ഉറപ്പിക്കാൻ മുറിമൂക്കത്തിക്ക് നന്നേ പണിപ്പെടേണ്ടി വന്നെങ്കിലും സ്വതവേ തന്ത്രശാലിയായ അവൾ ജനങ്ങളെയും ഒപ്പം തന്നെ  അധികാരിവർഗത്തെയും പ്രീണിപ്പിച്ചു വാഴ്ന്നു വന്നു.  അങ്ങനെയിരിക്കെ പുതിയ തലമുറയിലെ പൂർണമൂക്കികൾ മുറിമൂക്കത്തിയുടെ നിലപാടുകളെ നിരുപാധികം വിമർശിക്കാനും, 'ജനകീയതയും സ്വവർഗഉന്നമനവും മാത്രമാണ് എൻറെ നയം' എന്ന പ്രസ്തുത കഥാനായികയുടെ  പൊള്ളത്തരത്തെ തെളിവുകൾ സഹിതം  ഉയർത്തികാട്ടാനും തുടങ്ങി.  ഇതൊരു വശത്തെങ്കിൽ, മറുവശത്ത് ഒരിക്കൽ അധികാരം കൊടുത്തവരോടുള്ള കൂറ് കുറയുന്നെന്ന പരാതിയും ശക്തമായി.  മുറിമൂക്കത്തിക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി. അധികാരം നഷ്ടപെടുത്താൻ മനസ് വരാത്ത  അവൾ   ഒടുക്കം ഒരു തീരുമാനത്തിൽ എത്തിച്ചേർന്നു.   ഇതു വരെ അണിഞ്ഞിരുന്ന 'സ്വജനപ്രീണനകുപ്പായം' ഊരിവെച്ചു ആജീവനാന്തരാജ്യസേവക ആയി തീരുക.  അങ്ങനെ ശിഷ്ടകാലം യാതൊരു അല്ലലും കൂടാതെ അധികാരി വർഗത്തിന്റെ സംരക്ഷണയിൽ എല്ലാ ആഡംബരങ്ങളോടും കൂടി സസുഖം ജീവിച്ചു. അങ്ങനെ കഥ ശുഭപര്യവസായി ആകുമ്പോൾ ഇത്ര നാൾ വിശ്വസിച്ചു കൂടെ നിന്ന  മുറിമൂക്കികൾ പ്ലിങ്ങിയത് സ്വാഭാവികം മാത്രം.

സാരാംശം: എല്ലാവരേയും കുറച്ചു കാലത്തേക്കും കുറച്ചു പേരെ എല്ലാ കാലത്തേക്കും അല്ലാതെ എല്ലാവരെയും എല്ലാ കാലത്തും പറ്റിക്കാൻ ആവില്ല.

NB:  ഈ കഥക്ക് ജീവിച്ചിരിക്കുന്നവരോ മരിക്കാൻ കിടക്കുന്നവരോ മരിച്ചു പോയവരോ ജനിക്കാനുള്ളവരോ ആരെങ്കിലുമായി എന്തെങ്കിലും സാദ്രിശ്യം കണ്ടുപിടിക്കേണ്ടത് വായിക്കുന്നവരുടെ ഉത്തരവാദിത്വം മാത്രം.  കഥാകൃത്തി അതിൽ യാതൊരു പങ്കും വഹിക്കുന്നതല്ല. അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ