Follow by Email

2015, ജൂലൈ 15, ബുധനാഴ്‌ച

ലിംഗഭേദമില്ലാത്ത സദാചാരം


ആണ്‍കോയ്മയുടെ വിളനിലങ്ങളിൽ കൊയ്ത്തി നിറങ്ങുന്ന ചിലരുണ്ട് 
ഒരു മുട്ടിവിളിയോടെ, അല്ലെങ്കിൽ ഒരു ചോദ്യം ചെയ്യലോടെ, എപ്പോൾ വേണമെങ്കിലും ആരുടേയും സ്വകാര്യതയിലേക്ക് തള്ളിക്കയറാൻ അവകാശം നേടിയവർ. ഈ സൃഷ്ടികൾക്ക് പ്രധാനമായും രണ്ടു കാരണങ്ങളാണ്.  കൊട്ടിയടക്കപ്പെട്ട മുറികൾക്കുള്ളിൽ എന്താവാം നടക്കുക എന്ന നിഷ്കളങ്കമായ സംശയം മാത്രമാണ് ഒന്ന്.  മറ്റൊന്നു, ഈ ഭൂമിയിൽ കൊട്ടിയടച്ച മുറിക്കുള്ളിൽ ഒരാണും ഒരു പെണ്ണും ഉണ്ടെങ്കിൽ,അവർക്കിടയിൽ എന്തെങ്കിലും നടക്കുന്നുണ്ടെങ്കിൽ, അതിതാണ് അതിതാണ് എന്ന ഉറച്ച വിശ്വാസം.  "വിശ്വാസം" അതല്ലേ എല്ലാം.  ഷാപ്പിൽ കേറിയത്‌ ചില്ലറ മാറാൻ ആണെന്ന് പറഞ്ഞാൽ വെള്ളം തൊടാതെ വിഴുങ്ങാൻ ഞങ്ങളൊന്നും കൊജ്ഞാണൻമാരല്ല സഹോദരി എന്ന് ആവർത്തിച്ചു വെളിപ്പെടുത്തുന്ന ഈ സ്വയം പ്രഖ്യാപിത സൽഗുണസമ്പന്നർ സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമേ നിനക്ക് നമോവാകം.  താലിയിലും പൊട്ടിലും ഒക്കെ ഉറപ്പിക്കപെട്ട ഒരു സുരക്ഷിതത്വം ഉണ്ടായിരുന്നെന്ന് പാണന്മാർ പാടി കേട്ടിട്ടുണ്ട്. ആ  ' സുരക്ഷിതത്വം' - അതും ഇപ്പോൾ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.  കേരളമേ ലജ്ജിക്കുക.  താലിക്ക് 50 രൂഫായുടെ വിലയേ ഉള്ളത്രെ. അപ്പോൾ  താലി പൊട്ടിച്ചെറിഞ്ഞവരെ നന്നാക്കാൻ പോയതിന്റെ പിന്നിലെ ചേതോവികാരം 50 രൂഫക്കും അതിന്റേതായ വില ഉണ്ട് എന്നതല്ലാതെ മറ്റൊന്നുമാവാൻ തരമില്ല.

ലൈംഗികദാരിദ്ര്യം മറ്റെല്ലാ  ദാരിദ്ര്യത്തെക്കാളും പ്രകടമായ ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിൽ മേൽപറഞ്ഞ അശ്ലീലത്താൽ ദാരിദ്ര്യം അനുഭവിക്കുന്ന ദരിദ്രനാരായണന്മാരും നാരായണിമാരും  ട്രിവാണ്ട്രം ലോഡ്ജു  സിനിമയിലെ ജയസൂര്യഅവതരിപ്പിച്ച കഥാപാത്രത്തെ പോലെ എല്ലാവർക്കും കിട്ടുന്നു എനിക്ക് കിട്ടുന്നില്ല  എന്ന് സങ്കടപ്പെടുന്നതും കിട്ടുന്നവനെ/ അവളെ കാണുമ്പൊൾ അസൂയ മൂക്കുന്നതും സ്വാഭാവികം മാത്രം.  അതിനു പാവം സദാചാരം എന്ത് പിഴച്ചു ?  സദാചാരം എന്ന സുന്ദരമായ പദത്തിനെ ഇപ്രകാരം അർത്ഥശൂന്യം ആക്കിയതിന് ചരിത്രം നിങ്ങൾക്ക് മാപ്പ് തരില്ലെന്ന് ഉറപ്പ്‌.  സ്വന്തം കാര്യം മാത്രം  നോക്കി എവിടെ എന്ത് നടന്നാലും എനിക്കൊന്നുമില്ല എന്ന് കരുതി ജീവിക്കുന്നത് തികഞ്ഞ സ്വാർത്ഥത തന്നെയാണ്.  അയലത്തെ വീടുകളിൽ എപ്പോഴും ഒരു ശ്രദ്ധ വേണ്ടതാണ്.  കാരണം മനുഷ്യൻ ഒരു സമൂഹജീവിയാണല്ലോ.  നമ്മുടെ സമൂഹത്തിൻറെ ക്രമസമാധാനപാലനവും     ജനാധിപത്യരാജ്യം എന്ന നിലയിൽ നമ്മുടെ കടമയാണ്.  പക്ഷേ അവർ പട്ടിണിയിൽ ആണോ എന്നോ, മറ്റേതെങ്കിലും ബുദ്ധിമുട്ടിലാണോ എന്നോ തിരക്കാൻ ഉള്ള ബാധ്യത നമുക്കില്ല എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.  കാരണം അത് അവരുടെ ജീവിതത്തിലേക്ക് ഉള്ള അനാവശ്യകടന്നു കയറ്റം അല്ലാതെ മറ്റൊന്നുമല്ല.  

പൈങ്കിളി സിനിമകളും ഇക്കിളി വാർത്തകളും 'സമൂഹം' 'വിലക്കിയിട്ടുള്ള' 'അവിഹിതങ്ങൾ' പ്രമേയങ്ങളായ സീരിയലുകളും കണ്ടു മാത്രം നിർവൃതി അടയാൻ വിധിക്കപ്പെട്ട, മുഖമില്ലാത്ത, ലിംഗഭേദമില്ലാത്ത ഒരു ജനതയാണ് നമ്മളെന്നുള്ളത് തുണിയില്ലാത്ത ഒരു സത്യം മാത്രം.  സദാചാരസമൂഹത്തിൽ നിലവിലുള്ള നിയമങ്ങൾ പാലിക്കാതെ ജീവിക്കുന്ന എല്ലാ അപരിഷ്കൃതരായ വിഭാഗങ്ങളെയും, അവിഹിതബന്ധം പുലർത്തുന്നവരെയും, സ്വവർഗരതി എന്ന പ്രകൃതിവിരുദ്ധത പാലിക്കുന്നവരെയും ,  എല്ലത്തിനുമുപരിയായി  ശരീരം  വിറ്റു ജീവിക്കുന്ന ഏറ്റവും നിക്രിഷ്ടരായ വേശ്യകളെയും ഒറ്റപ്പെടുത്തുകയും അവഗണിക്കുകയും, പറ്റിയാൽ ഉപദ്രവിക്കുകയും ചെയ്യുകയെന്നത് ജനാധിപത്യവ്യവസ്ഥ പ്രകാരം സമൂഹ ജീവിയായ നമ്മുടെ കടമയല്ലാതെ മറ്റെന്താണ്? അതെല്ലാം എല്ലാ കാലവും പാലിച്ചു പോരേണ്ടത് ജാതിമത വർഗലിംഗ ഭേദമന്യേ എല്ലാവരുടെയും ചുമതല  തന്നെയാണെന്നുള്ളത് മറന്നു പോകാൻ പാടില്ലാത്തതാണ്.  വിവാഹം എന്ന ലൈസെൻസ് എടുത്തു കഴിഞ്ഞു എന്നുള്ളത് കൊണ്ട് മാത്രം സ്വകാര്യതകൾ ഉണ്ടാകുമോ അല്ലെങ്കിൽ പരസ്യമായി എന്തും നടത്താമോ എന്നുള്ളതും പഠനവിഷയമാക്കേണ്ട വസ്തുത തന്നെയാണ്. കാരണം വിവാഹമെന്നത് ഒരു സ്ത്രീയും പുരുഷനും മാത്രം ഉൾപെടുന്ന ഒന്നല്ല.  വിവാഹിതരായവരിൽ സമൂഹത്തിനും കുടുംബത്തിലെ മറ്റുള്ളവർക്കും ഉള്ള അവകാശങ്ങൾ വിവാഹം തൊട്ടു തുടങ്ങുന്നതാണ്. അതിനെ തള്ളി കളയാൻ പാടുള്ളതല്ല. അതെന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും .  അപ്പോൾ അവിവഹിതരായവർ ഒരുമിച്ചിരിക്കുന്ന അവസ്ഥ അല്ലെങ്കിൽ ഭർത്താവല്ലാത്ത/ ഭാര്യയല്ലാത്ത ഒരാളോടൊപ്പം ഒരു പെണ്ണ്/ ഒരു ആണ് ഒരുമിച്ചിരിക്കുക എന്ന  സാഹചര്യം പരിഗണിക്കപ്പെടാൻ പോലും കഴിയാത്തതാണെന്ന് പല സംഭവങ്ങളും തെളിയിച്ചതാണ്. ഇത്രയൊക്കെ സങ്കീർണമായ അവസ്ഥകൾ നിലവിലുള്ള ഒരു സമൂഹത്തിൽ   മാറാൻ കഴിയാതെ, മാറ്റാൻ ശ്രമിക്കുന്ന പുരോഗമനത്തിന്റെ പാതയിൽ ഇപ്പോളും വിശ്വാസം നഷ്ടപെടാത്തവരുടെ ആത്മശാന്തിക്കായി നമുക്ക് ജഗദീശ്വരനോട് പ്രാർത്ഥിക്കാം.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ