Follow by Email

2015, ജൂലൈ 11, ശനിയാഴ്‌ച

നേർച്ചകോഴിനേരിയ മഞ്ഞുള്ള ആ നനുത്ത പ്രഭാതത്തിലായിരുന്നു  ഫാദർ സെബാസ്റ്റ്യൻ   ആഗ്നസിനെ അവസാനമായി കണ്ടത്. അന്ന്  അവളുടെ മുഖം വല്ലാതെ വിവർണ്ണമായിരുന്നു. വീട്ടിലെ പ്രശ്നങ്ങൾ അലട്ടുന്നു എന്ന് വ്യക്തം.  അൾത്താരയിൽ കുമ്പിടുമ്പോഴും  അവൾ പ്രാർത്ഥനയിൽ അല്ലെന്നും ചിന്തകളുടെ  വേലിയേറ്റങ്ങളിൽ ആകുലയാണെന്നും അവളുടെ വാടിയ മുഖം വിളിച്ചു പറഞ്ഞു . ജീവിതത്തിൽ ഉയർന്ന  ചിന്തയോ സ്വന്തമായ ആശയങ്ങളൊ പെണ്‍കുട്ടികൾക്ക്‌ ആവശ്യമില്ലെന്നും അഥവാ ഉണ്ടെങ്കിൽ തന്നെ അവയൊക്കെ അധികപറ്റാണെന്നും അവളോട്‌ പറയാൻ അച്ചന് തോന്നിയെങ്കിലും സ്വതവേ മിതഭാഷിയായ ഫാദർ സെബാസ്റ്റ്യൻ ആ തോന്നൽ ഉള്ളിലൊതുക്കി.  അല്പനേരത്തിന്  ശേഷം  കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ പടിയിറങ്ങി പോകുന്നത് കണ്ടു.   അച്ചനെന്തോ വല്ലാത്ത സങ്കടം തോന്നി .  ഒരു തരം നിസ്സഹായാവസ്ഥ.   തന്നോട് തന്നെ പുച്ഛം തോന്നി. ഈ വ്യവസ്ഥിതിയോട്, നിയമങ്ങളോട് കലഹിക്കാൻ മനസ് വെമ്പി. 

കൂലിപ്പണിക്കാരൻ മൈക്കിലിന്റെയും മേരിയുടെയും  മൂന്നാമത്തെ മകളാണ് ആഗ്നസ്.   പഠിക്കാൻ മിടുക്കി. സ്വന്തമായി അഭിപ്രായങ്ങളുള്ള, താല്പര്യങ്ങളുള്ള അവൾ എപ്പോഴും മൈക്കിളിനും മേരിക്കും ഒരു തീരാത്ത തലവേദന തന്നെയായിരുന്നു. മകളെ ദൈവവഴിക്കു ചേർക്കാൻ അവൾ ജനിക്കുന്നതിനു മുൻപേ നേർച്ച ഇട്ടിരുന്ന അവർക്ക് അവളുടെ എതിർപ്പുകൾ വല്ലാത്ത തിരിച്ചടിയായിരുന്നു.  "നേർച്ചകോഴി" എന്ന് സ്വയം പരിഹസിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറയാറുണ്ടായിരുന്നത്  അച്ചൻ ശ്രദ്ധിച്ചിരുന്നു.

ദിവസങ്ങൾ ആർക്കും പിടി കൊടുക്കാതെ കടന്നു പൊയ്ക്കൊണ്ടേ  ഇരുന്നു.  ആഗ്നസിനെ  പളളിയിൽ പിന്നെ  കണ്ടതേ ഇല്ല.  വീട്ടിൽ തന്നെയിരിപ്പാണെന്നും സംസാരം കുറവാണെന്നും മേരിയിൽ നിന്നറിഞ്ഞു.  കൂടെ, അച്ചന് പറ്റുമെങ്കിൽ ഉപദേശിക്കാൻ ഒരു അഭ്യർഥനയും.  അപ്പോൾ അതിനിടയാകരുതേ  എന്നായിരുന്നു അച്ചന്റെ  മനസ്സിൽ.  വ്യവസ്ഥാപിതമായ ചട്ടക്കൂടിൽ മനുഷ്യന്റെ ചിന്തകളെ വാർത്തെടുക്കാൻ ശ്രമിക്കുന്ന സമൂഹത്തിന്റെ ഒഴുക്കിനോട്‌ അച്ചനെന്നും പുച്ഛമായിരുന്നു.  സംസ്കാരത്തിന്റെയും മതത്തിൻറെയും പൊള്ളത്തരങ്ങളോട്, അടിച്ചേല്പ്പിക്കുന്ന ആചാരങ്ങളോട് എല്ലാം അച്ചൻ നിശ്ശബ്ദമായി കലഹിച്ചു കൊണ്ടിരുന്നു. ഒരു പുരോഹിതന് ചേരാത്ത ഒരു വിപ്ലവകാരി ഉള്ളിൽ വർഷങ്ങളായി വളർന്നു കൊണ്ടിരുന്നത്  പലപ്പോഴും അച്ചനിൽ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു.  ഓരോരോ വിഷയങ്ങളിൽ പ്രതികരിക്കേണ്ടി വരുമ്പോൾ തിളച്ചു പൊന്തുന്ന രോഷം കടിച്ചിറക്കി പൗരോഹിത്യത്തിന്റെ അന്തസ്സിനുള്ളിൽ ഒതുങ്ങാൻ ഫാദർ സെബാസ്റ്റ്യൻ നന്നേ പണിപെട്ടിരുന്നു.

ഒരു  ഓശാന ഞായറാഴ്ച.  രാവിലെ നേരത്തെ ഉണരാൻ മനസിൽ ഉറപ്പിച്ചായിരുന്നു  കിടന്നത്. എന്നാൽ കപ്യാരുടെ ഉച്ചത്തിലുള്ള വിളി വളരെ നേരത്തേ ഉണർത്തി.  തിടുക്കത്തിൽ  എഴുന്നേറ്റു ചെന്നപ്പോൾ കേട്ട വാർത്ത‍ അച്ചനെ വല്ലാതെ തളർത്തി കളഞ്ഞു. വീണു പോകാതിരിക്കാൻ കതകിൽ മുറുകെ പിടിച്ചു.  ആഗ്നസ് കഴിഞ്ഞ രാത്രി ആത്മഹത്യ ചെയ്തു!  എല്ലാവരെയും തോൽപ്പിക്കാൻ അവൾ കണ്ടെത്തിയ മാർഗ്ഗം എത്ര ക്രൂരമാണെന്ന്  വേദനയോടെ ഓർത്തു.  നമ്മുടെ കുഞ്ഞുങ്ങൾ നമ്മുടെ സൃഷ്ടി മാത്രമാണെന്നും അതിനപ്പുറം അവർ ഒരു വ്യക്തിയാണെന്നും അവർക്കും അവകാശങ്ങൾ ഉണ്ടെന്നും ചിന്തിക്കാത്ത,  വ്യക്തിസ്വാതന്ത്ര്യമോ, താല്പര്യങ്ങളൊ സംരക്ഷിക്കപ്പെടാത്ത ഈ സമൂഹം അവളെ പോലൊരു പെണ്‍കുട്ടിക്ക് യോജിച്ചതല്ലെന്ന് അച്ചൻ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. എന്നാൽ  ആഗ്നസിന്റെ  ഇനിയും പിറന്നിട്ടില്ലാത്ത കാമുകനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അപ്പോൾ ഇടവകക്കാർ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ