Follow by Email

2015, ജൂലൈ 30, വ്യാഴാഴ്‌ച

കാലഹരണപെട്ട വാക്കുകൾ


ആവശ്യത്തിൽ അധികം മഹാനായ  ഒരാൾ
ആവശ്യത്തിനു പോലും നീതി കിട്ടാത്ത മറ്റൊരാൾ
അവശ്യമില്ലാതെ അഭിപ്രായം പറഞ്ഞവർ
എല്ലാവർക്കും ഇവിടെ ജീവിതം ഉണ്ട്
പക്ഷെ തീരുമാനങ്ങൾ ഞങ്ങൾ എടുത്തിരിക്കും

ശരിയാണ്, ഞാൻ സഹായിച്ചിരുന്നു അവരെ,
 ആ തെറ്റ് ഏറ്റു പറയാം, എല്ലാം പറയാം
എനിക്കൊപ്പം തെറ്റ് ചെയ്തവരെ കാട്ടി തരാം
എന്നെ ജീവിക്കാൻ അനുവദിക്കൂ,
രാജ്യദ്രോഹീ, കൂടെ നിന്നവരെ കാട്ടികൊടുത്ത
നിന്നെ ഞാനിതാ ഭൂമിയിൽ നിന്നേ തുടച്ചു മാറ്റുന്നു

ഞാൻ ഒരു മഹാത്മാവല്ല, എന്നെ ആരാധിക്കുകയും വേണ്ട
എൻറെ പേരിൽ  നിങ്ങൾ എന്തിനാണ് ഇങ്ങനെ
അസഹിഷ്ണുത കാട്ടി സ്വേച്ഛധിപതികളാവുന്നത്?
നിങ്ങൾക്കറിയില്ല, നിങ്ങൾ എത്ര മഹാനാണെന്ന്
പക്ഷെ ഞങ്ങൾക്കറിയാം.. നിങ്ങൾ ഗാന്ധിയേക്കാൾ
ഭഗത് സിങ്ങിനെക്കാൾ ഗോഖലയേക്കാൾ മഹാനാണ്

എന്താണ് സ്ത്രീയെ, നീയീ പുലമ്പുന്നത്?
മരിച്ചു പോയവരോട് നീതി കാട്ടുക എന്നതാണ്  മര്യാദ
പിഴച്ചു നടക്കുന്ന നിനക്കെന്താണ് യോഗ്യത
ആ മഹാനുഭാവനെ പറ്റി  പറയാൻ?
നിൻറെ ജന്മവും അച്ഛനും അമ്മയും
പൂർവികരും വരെ ഞങ്ങൾ തീരുമാനിക്കുന്നവർ മാത്രം

ഇതു പണ്ടൊരു ജനാധിപത്യ രാജ്യം ആയിരുന്നില്ലെ?
അത് പണ്ട്, ഇപ്പോൾ കുറേകാലമായി അതൊക്കെ
മാറിയിട്ട്, വിപ്ലവാത്മകമായ ഒരു മാറ്റം നടന്നു...
ഇപ്പോൾ ഭൂരിപക്ഷവികാരം തീരുമാനിക്കുന്നതാണ്
നിയമം ..അത് മാത്രമാണ് നിയമം
അപ്പോൾ, ജനാധിപത്യം?
അതെ, ഭൂരിപക്ഷമുള്ള ജനങ്ങൾക്ക്‌ മാത്രം ആധിപത്യമുള്ളത്
അതാണ്, അത് മാത്രമാണ് വിവക്ഷ..


2015, ജൂലൈ 29, ബുധനാഴ്‌ച

തോട്ടക്കാരൻ

മലരുകൾ നിറഞ്ഞ ഒരു തോട്ടത്തിന്റെ കാവൽക്കാരനായിരുന്നു അയാൾ.എല്ലാ പ്രഭാതങ്ങളിലും വിടര്ന്നു വിലസിയ മലരുകൾ മനസ് കുളിർപ്പി ക്കുന്ന കാഴ്ചയായിരുന്നു. ശരിക്കും പുതിയ മലരുകൾ  വിരിയുന്നതു എപ്പോഴും അദ്ദേഹം വല്ലാത്തൊരു അഭിമാനത്തോടെ നോക്കി കാണാറുണ്ടായിരുന്നു. ഓരോ മലരുകളും ഭാവിയുടെ വാഗ്ദാനങ്ങളാണ്  എന്ന് ആവർത്തിച്ചു പറയുമ്പോളും മലരുകളുടെ അല്പായുസ്സിനെ പറ്റി ചിന്തിക്കാൻ മാത്രമുള്ള "ഉന്നതചിന്ത" പാവം തോട്ടക്കാരനുണ്ടായിരുന്നില്ല. പലപ്പോഴും "പുഴുക്കുത്ത്" മലരുകൾക്കിടയിലെ വലിയൊരു വിഷയം തന്നെയായിരുന്നെങ്കിലും അതിനൊരു പ്രതിവിധി കാണാൻ ശ്രമിക്കാത്തതായിരുന്നു ആ തോട്ടക്കാരന്റെ ഏറ്റവും വലിയ പരാജയം.

ദിവസങ്ങൾ കടന്നു പോകുന്തോറും തോട്ടത്തിൽ കൂടുതൽ മലരുകൾ വിരിയുകയും അത്  പൂന്തോട്ടത്തിന്റെ ഭംഗി അടിക്കടി വർധിപ്പിക്കുകയും ചെയ്തു പോന്നു.  കൊഴിഞ്ഞു വീഴുന്ന ഓരോ മലരുകളും പൂന്തോട്ടത്തിനു വളമായി ഉപയോഗിക്കുന്ന അതിവിദഗ്ധമായ ഒരു വിദ്യ തോട്ടക്കാരൻ വർഷങ്ങളായി പിന്തുടർന്ന് വന്നിരുന്നു എന്നതു ഒരു മലരു പോലും അന്ന് വരെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല.  ആ ഒരൊറ്റ കാര്യം മാത്രമായിരുന്നു തോട്ടക്കാരന്റെ വിജയവും. അങ്ങനെ ഒരുപാടു തോട്ടക്കാരന്മാരും മലരുകളും വർഷങ്ങൾ താണ്ടിയും ഒരു മാറ്റവും കൂടാതെ സന്തോഷമായി ജീവിച്ചു പോന്നു.  നഷ്ടങ്ങൾ അകാലത്തിൽ കൊഴിഞ്ഞ മലരുകൾക്ക് മാത്രമായി അവശേഷിച്ചു.


2015, ജൂലൈ 28, ചൊവ്വാഴ്ച

ആൾക്കൂട്ടത്തിനു തലകളേ ഉള്ളൂ തലച്ചോറില്ല..........

കൊച്ചമ്മമാരിൽ നിന്ന് കൊച്ചമ്മമാരിലേക്ക്
പകർന്നു പിടിക്കുന്ന ചില തരം ധാർഷ്ട്യങ്ങളുണ്ട്‌.
നീതി കിട്ടാതെ വരുമ്പോൾ നട്ടെല്ല് ഉള്ളവനു മാത്രം
ഉണ്ടാവുന്ന ഒരു തരം കുത്തൽ എന്നൊക്കെ പറയാവുന്ന ഒന്ന്

കണ്ടു നിൽക്കുന്നവനും അധികാരം കൈമുതലായി
ഉള്ളവനും ഒരിക്കലും ദഹിക്കാത്ത ഒന്ന്..
കഴപ്പെന്നോ, കൊഴുപ്പെന്നോ എന്ത് പേരിട്ടു
വിളിച്ചാലും അധികമാവാത്ത, കലിയടങ്ങാത്ത പക

എത്ര വായിച്ചാലും വിവരം വെയ്ക്കാത്തത്
ഒരു രോഗമാണോ ഡോക്ടർ?
എന്നൊരു മാറാരോഗി കേഴുമ്പോൾ,
വിവരക്കേട് ഒരു രോഗമേ അല്ലെന്നു ഡോക്ടർ

ഇന്നലെ മിസ്സ്‌ കാൾ അടിച്ചു അണിനിരന്നതും
മിനിഞ്ഞാന്നു ജോലി തേടി അണിനിരന്നതും
അതിനു മുൻപ് വാഗ്ദാനം കേട്ട് അണിനിരന്നതും
എല്ലാം പുസ്തകം വായിച്ചിട്ടാണോ? അല്ലേയല്ല

അപ്പൊ പിന്നെ നിങ്ങളെ വിശ്വസിച്ചു,
ആരാധിച്ചു കൂടെ നിന്ന  ഞാൻ?
'നിന്നോടാരു പറഞ്ഞെടാ #$%്%% എന്നെ
ആരാധിക്കാൻ' എന്ന് ഒരു സിനിമാനടൻറെ
ലീക്ക് ആയ തെറിവിളി കോറസ് ആയി
ബാക്ക്ഗ്രൗണ്ടിൽ ആരോ പ്ലേ ചെയ്യുന്നു

അപ്പോഴും ചില പുസ്തകപുഴുക്കൾ എന്തൊക്കെയോ
വീണ്ടും വീണ്ടും എഴുതി എഴുതി നിറക്കുന്നു
മാതൃഭാഷയിലും,  അറിയാത്ത  വാക്കുകളാണല്ലോ
നിറയെ എന്നോർത്ത് വിജ്രംഭിച്ചും;
പ്രസംഗം ഒരു കലാരൂപം മാത്രമാണെന്ന്
ഇനിയും പഠിച്ചിട്ടില്ലാത്തതിനാലും;
ജനക്കൂട്ടം  ഹർഷാരവംമുഴക്കി കൊണ്ടേ ഇരിക്കുന്നു
ആൾക്കൂട്ടത്തിനു തലകളേ ഉള്ളൂ തലച്ചോറില്ല..........

2015, ജൂലൈ 24, വെള്ളിയാഴ്‌ച

മൂക്കില്ലാരാജ്യത്തെ മുറിമൂക്കത്തി


ഒരിടത്തു ഒരിടത്തൊരു മൂക്കില്ലാരാജ്യം.  അവിടെയുള്ള പ്രജകൾക്കൊന്നും മൂക്കുണ്ടായിരുന്നില്ല.   മൂക്കില്ലാത്തതൊരു കുറവല്ല, അലങ്കാരമെന്നു നിനച്ചു പ്രജകൾ ജീവിച്ചിരുന്ന ശാന്തസുന്ദരമായ രാജ്യം .  രാജാവും രാജകുടുംബവും തീരുമാനങ്ങൾ എടുത്തും പ്രജകൾ അനുസരിച്ചും അല്ലലില്ലാതെ, ഔദാര്യങ്ങളിൽ മതിമറന്നു വാണകാലം.  അങ്ങനെയിരിക്കെ പ്രജകളിലോരുവൾക്ക് പയ്യെ പയ്യെ മൂക്ക് കിളിർത്തു വന്നു.അവൾ രാജാവിന്റെയും രാജകുടുംബത്തിന്റെയും മൂക്കില്ലായ്മയെ ചോദ്യം ചെയ്യാൻ തുടങ്ങി. പതിയെ  മറ്റു ചിലരിലും മാറ്റങ്ങൾ കണ്ടു. മൂക്കില്ലായ്മ ചിലരെങ്കിലും   അഭംഗി ആയി കാണാൻ തുടങ്ങി. അതോടെ മൂക്കില്ലാജനങ്ങൾ ചേരി തിരിഞ്ഞു.നേതാവായ മുറിമൂക്കത്തിയെ രാജ്ഞിയാക്കണമെന്ന ആവശ്യം ഉന്നയിച്ചു. രാജക്കന്മാർ നടുങ്ങി .പറ്റില്ലെന്നവർ ഉറപ്പിച്ചു പറഞ്ഞു. കലാപം തുടങ്ങി .വീണ്ടും വീണ്ടും മുറിമൂക്കുള്ള ശിശുക്കൾ പിറക്കാൻ തുടങ്ങി.  ഇതു നാടിനു ശാപം ആകുമോ, എന്നെങ്കിലും ഈ കയ്യാളുന്ന  അധികാരങ്ങൾ ചോദ്യം ചെയ്യപ്പെടുമോ എന്നെല്ലാം ഭയപ്പെട്ട രാജ കുടുംബം മുറിമൂക്കത്തിയെ രാജ്ഞിയാക്കമെന്നു സമ്മതം മൂളി.  അങ്ങനെ "വ്യവസ്ഥകളോടെ" മുറിമൂക്കത്തി രാജ്ഞിയായി അവരോധിക്കപ്പെട്ടു. 

കാലം കടന്നു പോയി.  മുറിമൂക്കത്തിക്കു പ്രായമായി തുടങ്ങി.  രാജ്യത്തിന്റെ സ്ഥിതിയും മാറി വന്നു.  കൂടുതൽ കൂടുതൽ മുറിമൂക്കും പൂർണമായ മൂക്കുമായി കുഞ്ഞുങ്ങൾ പിറന്നു കൊണ്ടിരുന്നു. മുറിമൂക്കുള്ളവരുടെ ഉന്നമനത്തിനായി അഹോരാത്രം പണിയെടുക്കുന്നവൾ  എന്ന കപടനാട്യത്തിൽ എല്ലാ ആർഭാടങ്ങളോടെയും ജീവിച്ചു വന്ന മുറിമൂക്കത്തിയെ പതിയെ പതിയെ ജനങ്ങൾ  ചോദ്യം ചെയ്യാനും സംശയദ്രിഷ്ടിയിൽ കാണാനും തുടങ്ങി.  വിശ്വാസ്യത ഊട്ടി ഉറപ്പിക്കാൻ മുറിമൂക്കത്തിക്ക് നന്നേ പണിപ്പെടേണ്ടി വന്നെങ്കിലും സ്വതവേ തന്ത്രശാലിയായ അവൾ ജനങ്ങളെയും ഒപ്പം തന്നെ  അധികാരിവർഗത്തെയും പ്രീണിപ്പിച്ചു വാഴ്ന്നു വന്നു.  അങ്ങനെയിരിക്കെ പുതിയ തലമുറയിലെ പൂർണമൂക്കികൾ മുറിമൂക്കത്തിയുടെ നിലപാടുകളെ നിരുപാധികം വിമർശിക്കാനും, 'ജനകീയതയും സ്വവർഗഉന്നമനവും മാത്രമാണ് എൻറെ നയം' എന്ന പ്രസ്തുത കഥാനായികയുടെ  പൊള്ളത്തരത്തെ തെളിവുകൾ സഹിതം  ഉയർത്തികാട്ടാനും തുടങ്ങി.  ഇതൊരു വശത്തെങ്കിൽ, മറുവശത്ത് ഒരിക്കൽ അധികാരം കൊടുത്തവരോടുള്ള കൂറ് കുറയുന്നെന്ന പരാതിയും ശക്തമായി.  മുറിമൂക്കത്തിക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി. അധികാരം നഷ്ടപെടുത്താൻ മനസ് വരാത്ത  അവൾ   ഒടുക്കം ഒരു തീരുമാനത്തിൽ എത്തിച്ചേർന്നു.   ഇതു വരെ അണിഞ്ഞിരുന്ന 'സ്വജനപ്രീണനകുപ്പായം' ഊരിവെച്ചു ആജീവനാന്തരാജ്യസേവക ആയി തീരുക.  അങ്ങനെ ശിഷ്ടകാലം യാതൊരു അല്ലലും കൂടാതെ അധികാരി വർഗത്തിന്റെ സംരക്ഷണയിൽ എല്ലാ ആഡംബരങ്ങളോടും കൂടി സസുഖം ജീവിച്ചു. അങ്ങനെ കഥ ശുഭപര്യവസായി ആകുമ്പോൾ ഇത്ര നാൾ വിശ്വസിച്ചു കൂടെ നിന്ന  മുറിമൂക്കികൾ പ്ലിങ്ങിയത് സ്വാഭാവികം മാത്രം.

സാരാംശം: എല്ലാവരേയും കുറച്ചു കാലത്തേക്കും കുറച്ചു പേരെ എല്ലാ കാലത്തേക്കും അല്ലാതെ എല്ലാവരെയും എല്ലാ കാലത്തും പറ്റിക്കാൻ ആവില്ല.

NB:  ഈ കഥക്ക് ജീവിച്ചിരിക്കുന്നവരോ മരിക്കാൻ കിടക്കുന്നവരോ മരിച്ചു പോയവരോ ജനിക്കാനുള്ളവരോ ആരെങ്കിലുമായി എന്തെങ്കിലും സാദ്രിശ്യം കണ്ടുപിടിക്കേണ്ടത് വായിക്കുന്നവരുടെ ഉത്തരവാദിത്വം മാത്രം.  കഥാകൃത്തി അതിൽ യാതൊരു പങ്കും വഹിക്കുന്നതല്ല. 2015, ജൂലൈ 23, വ്യാഴാഴ്‌ച

രാജാവ്‌ നഗ്നനാണ്

ഒരു ചാനൽ ചർച്ചയിലേക്ക്,
അവതാരിക:നിങ്ങൾ നിങ്ങളുടെ ഭാര്യയ്ക്ക് എത്ര സ്വാതന്ത്ര്യം കൊടുക്കുന്നു?
ഭർത്താവ്:
അത് ഞാൻ അവൾക്കു ജീൻസ് മുതലായ വെസ്റ്റേണ്‍ ഡ്രസ്സ്‌ ഒഴിച്ചുള്ള എന്ത് വേഷം ഇടാനും, കൂട്ടുകാരികൾക്കൊപ്പം പുറത്തു പോകാനും ഉള്ളതുൾപ്പടെ എല്ലാ സ്വാതന്ത്ര്യവും കൊടുക്കാറുണ്ട്.
ഭാര്യ(സന്തോഷത്തോടെ ):
ചേട്ടൻ എനിക്കെല്ലാ ഫ്രീഡവും തരാറുണ്ട്. ഞാനതിൽ സന്തോഷവതിയാണ്.

 എൻറെ ഭാര്യേ, നിങ്ങളൊരു വ്യക്തിയാണ്.  നിങ്ങളുടെ ഫ്രീഡം മറ്റൊരാൾ തരേണ്ടതാണോ അതോ അത് നിങ്ങളുടെ അവകാശമാണോ എന്ന് വല്ലപ്പോഴും ഒന്ന് ആലോചിക്കുക.
അല്പം സ്മാർട്ട്‌ ആയ ഒരുവളെ  പറ്റി മറ്റൊരു ഭാര്യ:
ഇവളെയൊക്കെ ഇവളുടെ കെട്ടിയോൻ അഴിച്ചു വിട്ടിരിക്കുകയാണോ? എൻറെ ചേട്ടൻ എങ്ങാനും ആയിരിക്കണം.  അടിച്ചവിടെ ഇട്ടേനെ.


പാവം.  എന്ത് ദയനീയമായ അവസ്ഥ.  എൻറെ ചേട്ടൻ വലിയ സംഭവം ആണെന്നും ആ ചേട്ടൻ  കയ്യാളുന്ന അധികാരം അവൻറെ അവകാശം ആണെന്നും വിശ്വസിക്കുന്ന പാവങ്ങൾ/ പാവകൾ  തിങ്ങി ഞെരുങ്ങി, അടങ്ങി ഒതുങ്ങി കഴിയുന്ന ഒരു മാതൃക സാംസ്‌കാരികസംസ്ഥാനത്തിൽ സ്വന്തം അവകാശങ്ങളെ പറ്റി ശബ്ദം ഉയർത്തുന്ന സ്ത്രീ/ സ്‌ത്രീകൾ  വെടികളും, കൂ*****, കൊടുപ്പുകാരും ആവുന്നതിൽ എന്താണ് അത്ഭുതം?  അപ്പോൾ വിമർശനം രാഷ്ട്രീയക്കാരെ ആയാലോ?  പിന്നെ പറയുകയും വേണ്ട.  ഒരിക്കലും കണ്ടിട്ടോ പരിചയപെട്ടിട്ടോ ഇല്ലാത്ത ഒരു  സ്ത്രീയെ എത്രയും ഹീനമായ ഭാഷയിൽ അവഹേളിക്കുന്നത് "ആണത്തം" എന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം നമുക്കിടയിലുണ്ട്.  ഒരു സ്ത്രീയെ അപമാനിക്കാൻ അവർ എപ്പോളും ഉപയോഗിച്ച് വരുന്നത്  അഭിസാരിക എന്ന വാക്കാണ്‌.   അഭിസാരിക പാപി ആണെങ്കിൽ അവളോടൊത്ത് വ്യഭിചരിക്കാൻ തലയിൽ  മുണ്ടിട്ടു പോകുന്നവനെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്?  ഒരു പാട് സ്ത്രീകളുമായി വ്യഭിചരിക്കുന്നവൻ അപ്പോൾ ആരാണ്?  ഇതിനൊന്നും പുല്ലിംഗങ്ങൾ ഇല്ല.  അതിൽ നിന്നേ വ്യക്തമാണ് ഈ "പിഴകൾ"  എന്നവർ സ്ത്രീകളിൽ മാത്രം കാണപ്പെടുന്ന വിഭാഗം ആണ് എന്നത്.  "പിഴപ്പിച്ചവൻ" എന്നൊന്നില്ല. ആണ്‍മേൽക്കോയ്മയുടെ ഉത്തമ നിദാനം.

ആണിന്റെ മേൽക്കോയ്മ അംഗീകരിച്ചു കൊടുത്തു ജീവിക്കുന്ന തരുണീമണികൾ അല്ലെങ്കിൽ കുലസ്ത്രീകൾ മറ്റൊരുത്തിയെ ഈ രീതിയിൽ അപമാനിക്കുന്നതിനു മുൻപ് ചിന്തിക്കേണ്ട മറ്റൊരു വിഷയം ഉണ്ട്.  ആണിന്റെ ഔദാര്യം പറ്റി കിടക്കാൻ നിങ്ങൾക്ക് അവകാശം ഉള്ളത് പോലെ തന്നെ അവരെ എതിർക്കാനും അങ്ങനെ ഒതുങ്ങാതിരിക്കാനും നിങ്ങൾ കുലടകളെന്നു വിളിക്കുന്നവർക്കും അവകാശം ഉണ്ട്.  അത്രക്കൊക്കെ ചിന്തിക്കാൻ ഉള്ള വിവരം ഉണ്ടായിരുന്നെങ്കിൽ  ഇങ്ങനെ അനുവദിച്ചു കിട്ടുന്ന ഔദാര്യത്തിന് കാത്തു  കിടക്കില്ലെന്നുള്ളത് വേറെ വശം. അപ്പോൾ പറഞ്ഞു വന്നത് പിഴച്ചവളെ അവളുടെ വഴിക്ക് വിടുക. നിങ്ങൾക്കുള്ളത്‌ പോലെ പറയാനും പ്രവർത്തിക്കാനും സംവദിക്കാനും ഉള്ള സ്വാതന്ത്ര്യം മറ്റുള്ളവര്ക്കും ഉണ്ട്. എല്ലാവർക്കും  കൂടിയാണ് ഗാന്ധിജി  അത് അന്ന് വാങ്ങിച്ചു തന്നത്.

  അസൂയ, കുശുമ്പ്, കുന്നായ്മ എന്നതൊക്കെ ലിംഗവ്യത്യാസം ഇല്ലാത്ത  സത്ഗുണങ്ങൾ ആണെന്നുള്ളത് പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.  ഒരു സ്ത്രീ അല്പം വിവരം ഉള്ള ആളാണെന്ന് തോന്നിയാൽ അവരെ ഏതു രീതിയിലും തകർക്കുക എന്നതാണ് എല്ലാവരുടെയും ലക്‌ഷ്യം.  അരുന്ധതി റോയിയും മീനാ കന്ദസാമിയും പിഴകളാവുന്നതും ഈ മാനസികാവസ്ഥയിൽ നിന്ന് തന്നെയാണ്.  

എങ്ങും എവിടെയും വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റങ്ങൾ ആണ് നമ്മുടെ സമൂഹത്തിൽ.  രണ്ടു വ്യക്തികൾ സ്വന്തം ഇഷ്ടപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിൽ മറ്റുള്ളവർക്കെന്തു കാര്യം?  അവളോ അവനോ വേറെ ഭർത്താവോ/ ഭാര്യയോ ഉള്ള ആളാണെങ്കിൽ തന്നെ അവരുടെ പങ്കാളികൾ മാത്രം അത് ശ്രദ്ധിച്ചാൽ പോരെ? കണ്ടവരൊക്കെ അവരുടെ മുറിയിലേക്ക് എത്തി നോക്കുന്നത് ഏതു അവകാശത്തിന്റെ പേരിലാണെന്ന് മനസിലാവുന്നില്ല.  ലൈംഗികവീഡിയോകൾ പുറത്താക്കുകയും അത് കണ്ടു ആനന്ദിക്കുകയും ചെയ്തവർ   പണ്ട് "ലിംഗവിശപ്പ്" എന്ന കവിത എഴുതിയ കവിയെ തെറിയഭിഷേകം നടത്തിയത് ആ കവിത എന്നെ ഉദേശിച്ചാണ്, എന്നെ തന്നെ ഉദേശിച്ചാണ്, എന്നെ മാത്രം ഉദേശിച്ചാണ് എന്നുള്ള അമർഷ ത്തിൽ തന്നെ ആവാതെ തരമില്ല.  ആ കവിതയിൽ ഒരു മലയാളി പുരുഷൻറെ ദാരിദ്ര്യം വ്യക്തമായി കവി  പറഞ്ഞിട്ടുണ്ട്.  അതേ മനോഭാവം തന്നെയാണ് നടിമാരുടെ സെക്സ് വീഡിയോ ലീക്ക് ആക്കുന്നവനും കാണുന്നവനും ഉള്ളതും.  പല വട്ടം ഇരുത്തിയും കിടത്തിയും എല്ലാ കാമകേളികളും സങ്കല്പിച്ചു കൂട്ടിയ ഒരു ചരക്കിനെ കാണാനുള്ള വ്യഗ്രത.

ദാരിദ്ര്യം ഒരു കുറ്റമല്ല.  പാപവുമല്ല. പക്ഷെ പണ്ടത്തെ അഭിമാനികളായ കാർന്നവന്മാരെ  പോലെ ഇല്ലത്ത് ദാരിദ്ര്യം ആണെങ്കിലും അഭിമാനം വിട്ടു കളിക്കാതെ നാട്ടുകാർക്ക് മുന്നിൽ അന്തസ്സ് നിലനിർത്താൻ പാട് പെടുന്നതിലെ പൊള്ളത്തരം വിവരം ഉള്ള മറ്റുള്ളവർക്ക്  മനസിലാക്കിയെടുക്കാൻ വലിയ പ്രയാസമില്ല.  ചുരുക്കി പറഞ്ഞാൽ "രാജാവ്‌ നഗ്നനാണ്" എന്നതിൽ സംശയമില്ല. 

2015, ജൂലൈ 16, വ്യാഴാഴ്‌ച

ചത്ത മീനുകൾ ചോദ്യങ്ങൾ ചോദിക്കാറില്ല

ചത്തമീനുകൾ ഒഴുകി  നടന്ന 
ഒരു പുഴയുടെ  കരയിലിരിക്കുകയായിരുന്നു 
ഞാൻ അപ്പോൾ....
എന്നത്തേയും പോലെ എന്റെ തലച്ചോറിലെ പുഴുക്കുത്ത്  
തലച്ചോറ് എന്നൊന്നില്ലാത്ത ആൾക്കൂട്ടം 
പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു 

ഇന്നലെ കൊല്ലപ്പെട്ട കുഞ്ഞിനും ജാതിയുണ്ടായിരുന്നത്രെ 
എന്നിട്ടെന്തേ ദൈവം  രക്ഷിച്ചില്ല? 
ദൈവം ശിക്ഷ മാത്രമേ വിധിക്കുകയുള്ളെന്ന് മറുപടി 
 കൊന്നവർ ശിക്ഷിക്കപ്പെടുമത്രെ..
എനിക്ക് മറുപടിയില്ലായിരുന്നു 
 ഞാൻ പുഴയിലെ  ചത്ത മീനുകളെ നോക്കിയിരുന്നു 

ഹിന്ദുവിന് മുസ്ലിമിനെ പ്രണയിക്കാമോ?
 പറ്റില്ലെന്നാണ് ആൾക്കൂട്ടം  പറഞ്ഞത് 
 രണ്ടു മതക്കാർ പ്രണയിച്ചാൽ....
 വിവാഹം കഴിച്ചാൽ....
അവരുടെ കുഞ്ഞിന് ഏതു മതം ?
അതേ, മതം ഇപ്പോഴും എപ്പോഴും
   മീൻകുഞ്ഞുങ്ങൾക്ക്‌ ഒരു ചോദ്യചിഹ്നമാണ്...
എന്നാൽ ചത്ത മീനുകൾ ചോദ്യങ്ങൾ ചോദിക്കാറില്ല

ഒരു നാട്ടിൽ  ഒരു മീൻകുഞ്ഞിനെ
 ആരോ   കഴുത്തുവെട്ടി കൊന്നുകളഞ്ഞെന്നു കേട്ടു 
 പ്രഭാഷണങ്ങൾ മാനസികരോഗത്തിന് കാരണമാവുന്ന അപൂർവത 
എല്ലാവരും മനസികരോഗികൾ ആവുന്നത് പ്രസംഗം കേട്ടിട്ടാണോ  
എന്നൊരു ചോദ്യം ചത്ത മീനുകൾക്കൊപ്പം പുഴയിൽ ഒഴുകി നടന്നു 

 നോക്കി നോക്കിയിരിക്കെ ...
 ആ പുഴ ചത്ത മീനുകളെ കൊണ്ട് നിറഞ്ഞു 
എങ്ങും അഴുകിത്തുടങ്ങിയ മീനുകളുടെ ദുർഗന്ധം 
തിരിഞ്ഞു നോക്കാതെ ഞാൻ വേഗം നടന്നു 
അതിനു ശേഷം പിന്നൊരിക്കലും ...
ഞാൻ ചത്തമീനുകളെ കാണാൻ പുഴക്കരയിൽ പോയിട്ടില്ല 

2015, ജൂലൈ 15, ബുധനാഴ്‌ച

ലിംഗഭേദമില്ലാത്ത സദാചാരം


ആണ്‍കോയ്മയുടെ വിളനിലങ്ങളിൽ കൊയ്ത്തി നിറങ്ങുന്ന ചിലരുണ്ട് 
ഒരു മുട്ടിവിളിയോടെ, അല്ലെങ്കിൽ ഒരു ചോദ്യം ചെയ്യലോടെ, എപ്പോൾ വേണമെങ്കിലും ആരുടേയും സ്വകാര്യതയിലേക്ക് തള്ളിക്കയറാൻ അവകാശം നേടിയവർ. ഈ സൃഷ്ടികൾക്ക് പ്രധാനമായും രണ്ടു കാരണങ്ങളാണ്.  കൊട്ടിയടക്കപ്പെട്ട മുറികൾക്കുള്ളിൽ എന്താവാം നടക്കുക എന്ന നിഷ്കളങ്കമായ സംശയം മാത്രമാണ് ഒന്ന്.  മറ്റൊന്നു, ഈ ഭൂമിയിൽ കൊട്ടിയടച്ച മുറിക്കുള്ളിൽ ഒരാണും ഒരു പെണ്ണും ഉണ്ടെങ്കിൽ,അവർക്കിടയിൽ എന്തെങ്കിലും നടക്കുന്നുണ്ടെങ്കിൽ, അതിതാണ് അതിതാണ് എന്ന ഉറച്ച വിശ്വാസം.  "വിശ്വാസം" അതല്ലേ എല്ലാം.  ഷാപ്പിൽ കേറിയത്‌ ചില്ലറ മാറാൻ ആണെന്ന് പറഞ്ഞാൽ വെള്ളം തൊടാതെ വിഴുങ്ങാൻ ഞങ്ങളൊന്നും കൊജ്ഞാണൻമാരല്ല സഹോദരി എന്ന് ആവർത്തിച്ചു വെളിപ്പെടുത്തുന്ന ഈ സ്വയം പ്രഖ്യാപിത സൽഗുണസമ്പന്നർ സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമേ നിനക്ക് നമോവാകം.  താലിയിലും പൊട്ടിലും ഒക്കെ ഉറപ്പിക്കപെട്ട ഒരു സുരക്ഷിതത്വം ഉണ്ടായിരുന്നെന്ന് പാണന്മാർ പാടി കേട്ടിട്ടുണ്ട്. ആ  ' സുരക്ഷിതത്വം' - അതും ഇപ്പോൾ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.  കേരളമേ ലജ്ജിക്കുക.  താലിക്ക് 50 രൂഫായുടെ വിലയേ ഉള്ളത്രെ. അപ്പോൾ  താലി പൊട്ടിച്ചെറിഞ്ഞവരെ നന്നാക്കാൻ പോയതിന്റെ പിന്നിലെ ചേതോവികാരം 50 രൂഫക്കും അതിന്റേതായ വില ഉണ്ട് എന്നതല്ലാതെ മറ്റൊന്നുമാവാൻ തരമില്ല.

ലൈംഗികദാരിദ്ര്യം മറ്റെല്ലാ  ദാരിദ്ര്യത്തെക്കാളും പ്രകടമായ ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിൽ മേൽപറഞ്ഞ അശ്ലീലത്താൽ ദാരിദ്ര്യം അനുഭവിക്കുന്ന ദരിദ്രനാരായണന്മാരും നാരായണിമാരും  ട്രിവാണ്ട്രം ലോഡ്ജു  സിനിമയിലെ ജയസൂര്യഅവതരിപ്പിച്ച കഥാപാത്രത്തെ പോലെ എല്ലാവർക്കും കിട്ടുന്നു എനിക്ക് കിട്ടുന്നില്ല  എന്ന് സങ്കടപ്പെടുന്നതും കിട്ടുന്നവനെ/ അവളെ കാണുമ്പൊൾ അസൂയ മൂക്കുന്നതും സ്വാഭാവികം മാത്രം.  അതിനു പാവം സദാചാരം എന്ത് പിഴച്ചു ?  സദാചാരം എന്ന സുന്ദരമായ പദത്തിനെ ഇപ്രകാരം അർത്ഥശൂന്യം ആക്കിയതിന് ചരിത്രം നിങ്ങൾക്ക് മാപ്പ് തരില്ലെന്ന് ഉറപ്പ്‌.  സ്വന്തം കാര്യം മാത്രം  നോക്കി എവിടെ എന്ത് നടന്നാലും എനിക്കൊന്നുമില്ല എന്ന് കരുതി ജീവിക്കുന്നത് തികഞ്ഞ സ്വാർത്ഥത തന്നെയാണ്.  അയലത്തെ വീടുകളിൽ എപ്പോഴും ഒരു ശ്രദ്ധ വേണ്ടതാണ്.  കാരണം മനുഷ്യൻ ഒരു സമൂഹജീവിയാണല്ലോ.  നമ്മുടെ സമൂഹത്തിൻറെ ക്രമസമാധാനപാലനവും     ജനാധിപത്യരാജ്യം എന്ന നിലയിൽ നമ്മുടെ കടമയാണ്.  പക്ഷേ അവർ പട്ടിണിയിൽ ആണോ എന്നോ, മറ്റേതെങ്കിലും ബുദ്ധിമുട്ടിലാണോ എന്നോ തിരക്കാൻ ഉള്ള ബാധ്യത നമുക്കില്ല എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.  കാരണം അത് അവരുടെ ജീവിതത്തിലേക്ക് ഉള്ള അനാവശ്യകടന്നു കയറ്റം അല്ലാതെ മറ്റൊന്നുമല്ല.  

പൈങ്കിളി സിനിമകളും ഇക്കിളി വാർത്തകളും 'സമൂഹം' 'വിലക്കിയിട്ടുള്ള' 'അവിഹിതങ്ങൾ' പ്രമേയങ്ങളായ സീരിയലുകളും കണ്ടു മാത്രം നിർവൃതി അടയാൻ വിധിക്കപ്പെട്ട, മുഖമില്ലാത്ത, ലിംഗഭേദമില്ലാത്ത ഒരു ജനതയാണ് നമ്മളെന്നുള്ളത് തുണിയില്ലാത്ത ഒരു സത്യം മാത്രം.  സദാചാരസമൂഹത്തിൽ നിലവിലുള്ള നിയമങ്ങൾ പാലിക്കാതെ ജീവിക്കുന്ന എല്ലാ അപരിഷ്കൃതരായ വിഭാഗങ്ങളെയും, അവിഹിതബന്ധം പുലർത്തുന്നവരെയും, സ്വവർഗരതി എന്ന പ്രകൃതിവിരുദ്ധത പാലിക്കുന്നവരെയും ,  എല്ലത്തിനുമുപരിയായി  ശരീരം  വിറ്റു ജീവിക്കുന്ന ഏറ്റവും നിക്രിഷ്ടരായ വേശ്യകളെയും ഒറ്റപ്പെടുത്തുകയും അവഗണിക്കുകയും, പറ്റിയാൽ ഉപദ്രവിക്കുകയും ചെയ്യുകയെന്നത് ജനാധിപത്യവ്യവസ്ഥ പ്രകാരം സമൂഹ ജീവിയായ നമ്മുടെ കടമയല്ലാതെ മറ്റെന്താണ്? അതെല്ലാം എല്ലാ കാലവും പാലിച്ചു പോരേണ്ടത് ജാതിമത വർഗലിംഗ ഭേദമന്യേ എല്ലാവരുടെയും ചുമതല  തന്നെയാണെന്നുള്ളത് മറന്നു പോകാൻ പാടില്ലാത്തതാണ്.  വിവാഹം എന്ന ലൈസെൻസ് എടുത്തു കഴിഞ്ഞു എന്നുള്ളത് കൊണ്ട് മാത്രം സ്വകാര്യതകൾ ഉണ്ടാകുമോ അല്ലെങ്കിൽ പരസ്യമായി എന്തും നടത്താമോ എന്നുള്ളതും പഠനവിഷയമാക്കേണ്ട വസ്തുത തന്നെയാണ്. കാരണം വിവാഹമെന്നത് ഒരു സ്ത്രീയും പുരുഷനും മാത്രം ഉൾപെടുന്ന ഒന്നല്ല.  വിവാഹിതരായവരിൽ സമൂഹത്തിനും കുടുംബത്തിലെ മറ്റുള്ളവർക്കും ഉള്ള അവകാശങ്ങൾ വിവാഹം തൊട്ടു തുടങ്ങുന്നതാണ്. അതിനെ തള്ളി കളയാൻ പാടുള്ളതല്ല. അതെന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും .  അപ്പോൾ അവിവഹിതരായവർ ഒരുമിച്ചിരിക്കുന്ന അവസ്ഥ അല്ലെങ്കിൽ ഭർത്താവല്ലാത്ത/ ഭാര്യയല്ലാത്ത ഒരാളോടൊപ്പം ഒരു പെണ്ണ്/ ഒരു ആണ് ഒരുമിച്ചിരിക്കുക എന്ന  സാഹചര്യം പരിഗണിക്കപ്പെടാൻ പോലും കഴിയാത്തതാണെന്ന് പല സംഭവങ്ങളും തെളിയിച്ചതാണ്. ഇത്രയൊക്കെ സങ്കീർണമായ അവസ്ഥകൾ നിലവിലുള്ള ഒരു സമൂഹത്തിൽ   മാറാൻ കഴിയാതെ, മാറ്റാൻ ശ്രമിക്കുന്ന പുരോഗമനത്തിന്റെ പാതയിൽ ഇപ്പോളും വിശ്വാസം നഷ്ടപെടാത്തവരുടെ ആത്മശാന്തിക്കായി നമുക്ക് ജഗദീശ്വരനോട് പ്രാർത്ഥിക്കാം.


2015, ജൂലൈ 11, ശനിയാഴ്‌ച

നേർച്ചകോഴിനേരിയ മഞ്ഞുള്ള ആ നനുത്ത പ്രഭാതത്തിലായിരുന്നു  ഫാദർ സെബാസ്റ്റ്യൻ   ആഗ്നസിനെ അവസാനമായി കണ്ടത്. അന്ന്  അവളുടെ മുഖം വല്ലാതെ വിവർണ്ണമായിരുന്നു. വീട്ടിലെ പ്രശ്നങ്ങൾ അലട്ടുന്നു എന്ന് വ്യക്തം.  അൾത്താരയിൽ കുമ്പിടുമ്പോഴും  അവൾ പ്രാർത്ഥനയിൽ അല്ലെന്നും ചിന്തകളുടെ  വേലിയേറ്റങ്ങളിൽ ആകുലയാണെന്നും അവളുടെ വാടിയ മുഖം വിളിച്ചു പറഞ്ഞു . ജീവിതത്തിൽ ഉയർന്ന  ചിന്തയോ സ്വന്തമായ ആശയങ്ങളൊ പെണ്‍കുട്ടികൾക്ക്‌ ആവശ്യമില്ലെന്നും അഥവാ ഉണ്ടെങ്കിൽ തന്നെ അവയൊക്കെ അധികപറ്റാണെന്നും അവളോട്‌ പറയാൻ അച്ചന് തോന്നിയെങ്കിലും സ്വതവേ മിതഭാഷിയായ ഫാദർ സെബാസ്റ്റ്യൻ ആ തോന്നൽ ഉള്ളിലൊതുക്കി.  അല്പനേരത്തിന്  ശേഷം  കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ പടിയിറങ്ങി പോകുന്നത് കണ്ടു.   അച്ചനെന്തോ വല്ലാത്ത സങ്കടം തോന്നി .  ഒരു തരം നിസ്സഹായാവസ്ഥ.   തന്നോട് തന്നെ പുച്ഛം തോന്നി. ഈ വ്യവസ്ഥിതിയോട്, നിയമങ്ങളോട് കലഹിക്കാൻ മനസ് വെമ്പി. 

കൂലിപ്പണിക്കാരൻ മൈക്കിലിന്റെയും മേരിയുടെയും  മൂന്നാമത്തെ മകളാണ് ആഗ്നസ്.   പഠിക്കാൻ മിടുക്കി. സ്വന്തമായി അഭിപ്രായങ്ങളുള്ള, താല്പര്യങ്ങളുള്ള അവൾ എപ്പോഴും മൈക്കിളിനും മേരിക്കും ഒരു തീരാത്ത തലവേദന തന്നെയായിരുന്നു. മകളെ ദൈവവഴിക്കു ചേർക്കാൻ അവൾ ജനിക്കുന്നതിനു മുൻപേ നേർച്ച ഇട്ടിരുന്ന അവർക്ക് അവളുടെ എതിർപ്പുകൾ വല്ലാത്ത തിരിച്ചടിയായിരുന്നു.  "നേർച്ചകോഴി" എന്ന് സ്വയം പരിഹസിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറയാറുണ്ടായിരുന്നത്  അച്ചൻ ശ്രദ്ധിച്ചിരുന്നു.

ദിവസങ്ങൾ ആർക്കും പിടി കൊടുക്കാതെ കടന്നു പൊയ്ക്കൊണ്ടേ  ഇരുന്നു.  ആഗ്നസിനെ  പളളിയിൽ പിന്നെ  കണ്ടതേ ഇല്ല.  വീട്ടിൽ തന്നെയിരിപ്പാണെന്നും സംസാരം കുറവാണെന്നും മേരിയിൽ നിന്നറിഞ്ഞു.  കൂടെ, അച്ചന് പറ്റുമെങ്കിൽ ഉപദേശിക്കാൻ ഒരു അഭ്യർഥനയും.  അപ്പോൾ അതിനിടയാകരുതേ  എന്നായിരുന്നു അച്ചന്റെ  മനസ്സിൽ.  വ്യവസ്ഥാപിതമായ ചട്ടക്കൂടിൽ മനുഷ്യന്റെ ചിന്തകളെ വാർത്തെടുക്കാൻ ശ്രമിക്കുന്ന സമൂഹത്തിന്റെ ഒഴുക്കിനോട്‌ അച്ചനെന്നും പുച്ഛമായിരുന്നു.  സംസ്കാരത്തിന്റെയും മതത്തിൻറെയും പൊള്ളത്തരങ്ങളോട്, അടിച്ചേല്പ്പിക്കുന്ന ആചാരങ്ങളോട് എല്ലാം അച്ചൻ നിശ്ശബ്ദമായി കലഹിച്ചു കൊണ്ടിരുന്നു. ഒരു പുരോഹിതന് ചേരാത്ത ഒരു വിപ്ലവകാരി ഉള്ളിൽ വർഷങ്ങളായി വളർന്നു കൊണ്ടിരുന്നത്  പലപ്പോഴും അച്ചനിൽ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു.  ഓരോരോ വിഷയങ്ങളിൽ പ്രതികരിക്കേണ്ടി വരുമ്പോൾ തിളച്ചു പൊന്തുന്ന രോഷം കടിച്ചിറക്കി പൗരോഹിത്യത്തിന്റെ അന്തസ്സിനുള്ളിൽ ഒതുങ്ങാൻ ഫാദർ സെബാസ്റ്റ്യൻ നന്നേ പണിപെട്ടിരുന്നു.

ഒരു  ഓശാന ഞായറാഴ്ച.  രാവിലെ നേരത്തെ ഉണരാൻ മനസിൽ ഉറപ്പിച്ചായിരുന്നു  കിടന്നത്. എന്നാൽ കപ്യാരുടെ ഉച്ചത്തിലുള്ള വിളി വളരെ നേരത്തേ ഉണർത്തി.  തിടുക്കത്തിൽ  എഴുന്നേറ്റു ചെന്നപ്പോൾ കേട്ട വാർത്ത‍ അച്ചനെ വല്ലാതെ തളർത്തി കളഞ്ഞു. വീണു പോകാതിരിക്കാൻ കതകിൽ മുറുകെ പിടിച്ചു.  ആഗ്നസ് കഴിഞ്ഞ രാത്രി ആത്മഹത്യ ചെയ്തു!  എല്ലാവരെയും തോൽപ്പിക്കാൻ അവൾ കണ്ടെത്തിയ മാർഗ്ഗം എത്ര ക്രൂരമാണെന്ന്  വേദനയോടെ ഓർത്തു.  നമ്മുടെ കുഞ്ഞുങ്ങൾ നമ്മുടെ സൃഷ്ടി മാത്രമാണെന്നും അതിനപ്പുറം അവർ ഒരു വ്യക്തിയാണെന്നും അവർക്കും അവകാശങ്ങൾ ഉണ്ടെന്നും ചിന്തിക്കാത്ത,  വ്യക്തിസ്വാതന്ത്ര്യമോ, താല്പര്യങ്ങളൊ സംരക്ഷിക്കപ്പെടാത്ത ഈ സമൂഹം അവളെ പോലൊരു പെണ്‍കുട്ടിക്ക് യോജിച്ചതല്ലെന്ന് അച്ചൻ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. എന്നാൽ  ആഗ്നസിന്റെ  ഇനിയും പിറന്നിട്ടില്ലാത്ത കാമുകനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അപ്പോൾ ഇടവകക്കാർ.

2015, ജൂലൈ 6, തിങ്കളാഴ്‌ച

അന്നാ തെരേസ


വെറുപ്പിന്റെ കുന്നുകളിൽ 14 മത്തെ കാമുകന്റെ ശവവും അടക്കി കുന്നിറങ്ങുമ്പോൾ    അന്ന തെരേസക്ക് അല്പം പോലും സങ്കടം  തോന്നിയില്ല. എല്ലായിടവും സൂര്യകാന്തി  പൂക്കൾ നിറഞ്ഞ, കണ്ണെത്താത്ത ദൂരമാകെ  പച്ചപ്പ് പുതച്ച, എപ്പോഴും സുഖസുഷുപ്തിയിൽ ലയിച്ച, സുന്ദരമായ ആ താഴ്‌വരയിൽ നിന്ന് ചെരുപ്പുകുത്തി മിഖായേലുമായി ശവംനാറി പൂക്കളും  ശവകല്ലറകളും    നിറഞ്ഞ കുന്നും പുറത്തേക്കു പാലായനം ചെയ്യുമ്പോൾ അവനെ ആൾമാറാട്ടം നടത്തിച്ചു  കൂടെ  കൂട്ടാൻ തന്നെയാണ് അന്ന ഉറപ്പിച്ചിരുന്നത്.  സൗന്ദര്യം  കണ്ടു ഭ്രമിച്ചു പുറകെ കൂടുന്ന എല്ലാ മണ്ടന്മാരായ  കാമുകന്മാരോടും ഉള്ള പുച്ഛം അവളുടെ ചുണ്ടിനെ വല്ലാതെ വക്രിപ്പിച്ചു.  സൗന്ദര്യം എന്നത് എന്നും നിലനില്ക്കുന്നതാണെന്നും അതിലും വലുതായി ഒരു പെണ്ണിന് മറ്റൊന്നും വേണ്ടെന്നും എഴുതി വെച്ച  മൂഡസ്വർഗത്തിലെ രാജ്ഞിയായി വാഴുന്നവളെന്നും,   എല്ലാ ഇരകൾക്കുമായി വല കെട്ടി കാത്തിരിക്കുന്ന  പെണ്‍ചിലന്തി എന്നും  ചരിത്രത്തിൽ അറിയപ്പെടുമല്ലോ എന്നും  ഉള്ള  സങ്കടം ഒഴിച്ചാൽ കാമുകന്മാർ സൃഷ്ടിക്കപ്പെടുന്നത് അന്നക്കൊരു ഹരം തന്നെയാണ്. അതിനാലാവണം കുന്നിറങ്ങുമ്പോൾ  പ്രണയകുടീരത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന കാമുകന്റെ ഉയർത്തെഴുന്നേൽപ്പിനേക്കാൾ അവൾ  ഓർത്തത്‌ ഇളകി തുടങ്ങിയ നഖചായങ്ങളെ പറ്റിയാണ്.

നിശൂന്യമായ തന്റെ ജീവിതത്തിൽ ,വിരസമായ സായാഹ്നസവാരിക്കിടയിൽ തിങ്ങി വളർന്ന കരിമ്പിൻ തോട്ടത്തിന്റെ നടുവിൽ വെച്ചായിരുന്നു അന്ന അന്റോണിയോയെ കണ്ടു മുട്ടുന്നത്.  മറ്റു  13 കാമുകന്മാരിൽ നിന്നും അവൻ വേറിട്ട്‌ നിന്നത്   ഭാവനാവിലാസത്തിലും കവിത്വത്തിലും ആയിരുന്നു. ഫെർണാണ്ടോ പൈങ്കിളി ആയിരുന്നെങ്കിൽ അന്റോണിയോ പുരോഗമനകവിത്വത്തിന്റെ വക്താവായിരുന്നു.  ഷേക്സ്പിയർ മുതൽ ഷെല്ലി വരെ പറഞ്ഞു മടുത്തതോക്കെ ഇനി എന്ത് പറയാനാണ് എന്ന്  അവൾ അതിശയിച്ചിരുന്ന ഒരു വൈകുന്നേരമായിരുന്നു  അന്റോണിയോ ഒരു സുന്ദരമായ പ്രണയകവിതയായി അവൾക്കു മുന്നിൽ അവതരിക്കുന്നത്. ആരാധനയും കവിതാഭ്രമവും അന്ധമാക്കിയ മനസ്സിൽ അന്റോണിയോ വീണ്ടും വീണ്ടും കവിതകളായി പെയ്തിറങ്ങി. എന്നാൽ അന്റോണിയോക്ക് അന്ന പ്രണയം മാത്രമായിരുന്നു.  അവളിൽ നിന്ന് അവൻ തിരിച്ചു പ്രതീക്ഷിച്ചതും പ്രണയം മാത്രം . അന്നയുടെ ആഞ്ജാശക്തിയെ ഭയന്ന് തിരികെ പ്രണയിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് ആവർത്തിച്ച്  പറയുമ്പോഴും തിരിച്ചു കിട്ടാത്ത പ്രണയത്തിൽ നൊന്തു നൊന്തു അന്നയെന്ന ക്രൂരയായ 'ക്ലിയോപാട്ര'യെ അന്റോണിയോ തൂലികയാൽ കുത്തി കുത്തി കൊന്നു കൊണ്ടേ ഇരുന്നു.  ഓരോ തവണ പടിക്ക് പുറത്താക്കി വാതിലടക്കുമ്പോഴും അവന്റെ ആത്മാർത്ഥമല്ലാത്ത ഏറ്റുപറച്ചിലുകളിൽ  മനസ്സ് ഉടക്കരുതെന്നു സ്വയം ഉറപ്പിക്കാറുണ്ടായിരുന്നെങ്കിലും സ്വതവേ കഠിനഹൃദയയായ അന്നയ്ക്ക് അതിനു കഴിയുമായിരുന്നില്ല.

അവസാനമായി കഴിഞ്ഞ വിളവെടുപ്പ് കാലത്തായിരുന്നു അന്നയോടുള്ള പതിവ് പരിഹാസം വീര്യം കൂട്ടി  അന്റോണിയോ അവൾക്കു മുന്നിൽ വിളമ്പുന്നത്.  ആത്മാഭിമാനമുള്ള ഏതൊരു പെണ്ണിനേയും പോലെ അത് അന്നയിൽ വല്ലാത്തൊരു മുറിവാണ് സൃഷ്ടിച്ചത്.  അത് ആദ്യമായല്ലെങ്കിലും, അടുത്ത സുഹൃത്തിനോടെന്ന പോലെ പങ്കു വെച്ചൊരു സ്വകാര്യത നെടുകെ കീറി മുറിക്കപെട്ടതിൽ അവൾ വല്ലാതെ നീറിപുകഞ്ഞു.  അവന്റെ മരണതീയതിയും കുറിച്ച് പകയോടെ കാത്തിരുന്ന അന്നയ്ക്ക് മുന്നിൽ, കുറിച്ച തീയതിക്കു മുൻപേ തന്നെ അന്റോണിയോ എത്തി.  ഒരു പുനർവിചിന്തനത്തിനു ഇട കൊടുക്കാതെ അവൾ അവനെ ഒറ്റയടിക്ക് കൊലപ്പെടുത്തി.  ശവം വലിച്ചെടുത്തു   മിഖായേലിന്റെ സഹായത്തോടെ കുന്നിന്മുകളിൽ  കുഴിച്ചു മൂടിയപ്പോൾ ഒരു തരം ക്രൂരമായ ആനന്ദം അവളിൽ നിറഞ്ഞു.  പ്രണയം എന്നാൽ മറ്റൊരാളിൽ അലിഞ്ഞു സ്വയം ഇല്ലാതാവുന്നതാണെന്നും, അതിൽ സ്വന്തമാക്കലില്ലെന്നും,പ്രണയിയുടെ വേദന എന്റേത് തന്നെയാണെന്നും തിരിച്ചറിഞ്ഞു, ഉയർത്തെഴുന്നെല്ക്കാൻ ഈ ജന്മം അന്റോണിയോക്ക് കഴിയില്ലെന്നുള്ള ഉറപ്പിൽ അടുത്ത കാമുകനുള്ള വലയും വിരിച്ചു അവൾ പകയോടെ കാത്തിരുന്നു.

2015, ജൂലൈ 3, വെള്ളിയാഴ്‌ച

എഴുതി പോയതാണ് ... ക്ഷമിക്കണംകുറ്റാകൂരിരുട്ട്..എങ്ങും കനത്ത നിശബ്ദത..
അതാ ഇരുട്ടിൽ നിന്ന് ഒരാൾ വരുന്നു
ഒരു വെടി, രണ്ടു വെടി, തുരു തുരാ വെടി (പഴയ ബോംബ്‌ കഥ തന്നെ )

ബെർലിൻ നഗരത്തിന്റെ തെരുവിലൂടെ അയാൾ പമ്മി പമ്മി നടന്നു. ബെർലിനിൽ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേകതരം പാതിരക്കാറ്റുണ്ട്. അതയാളെ തട്ടിതടവി പോകുന്നുണ്ടായിരുന്നു.  ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് ഓരോ തവണ വന്നപ്പോഴും അയാളുടെ മുഖം തിളങ്ങി തിളങ്ങി വന്നു
അതേ..
അയാളാണ് നമ്മുടെ കഥയിലെ നായകൻ...
മനുഷ്യനെ കൊലപ്പെടുത്തിയ റോബോട്ട്.  ബെർലിൻ നഗരത്തിലെ പുതിയ അർനോൾഡു.

ഒബാമ സുപ്രീം കോർട്ടിൽ ഇരുന്നു ബീഡി വലിച്ചു...ചന്ദ്രന് മാസമുറയായിരുന്നു അന്ന്. എങ്ങും മഴവിൽ പതാകകൾ പാറി കളിച്ച സന്ധ്യയിൽ രമചേച്ചി ചന്ദ്രിക ചേച്ചിയോടു ചോദിച്ചു "ഇനിയും ഈ വഴി വരില്ലേ, കഴുതകളെയും തെളിച്ചു കൊണ്ട്".

(ചളിയും ഒരു കലയായി അംഗീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു)

കാണാതെ പോകുന്നവർവിജയിയുടെ ചുണ്ടിലെ ചിരിയിൽ, 
കീഴടക്കലിന്റെ അഹന്തയിൽ,
ലോകം കാണാതെ പോവുന്ന 
 പരാജിതന്റെ ഒരിറ്റു  കണ്ണീരുണ്ട് 
പൊരുതി തോറ്റവന്റെ ദൈന്യത 

മേൽക്കോയ്മയുടെ അന്തപുരങ്ങളിൽ നിന്ന് 
പുറത്താക്കപ്പെടുന്നവനെല്ലാം എന്നും 
ഏതു നാട്ടിലും, ഏതു ഭാഷയിലും, ഏതു മതത്തിലും 
രൂപം ഒന്നുമാത്രം... എല്ലാം നഷ്ടപെട്ടവന്റെ രൂപം 

ആഡംബരങ്ങൾ പൈതൃകമായവനും, 
ആർജിതമായവനും പൊതുവായി 
ഒരേ ഒരു ഭാവം മാത്രമേയുള്ളു 
ഞാൻ ഞാൻ ഞാൻ എന്നത് 

തേരോട്ടങ്ങളിൽ ചതഞ്ഞരയുന്ന എല്ലാ 
ശരീരങ്ങൾക്കും ഒരേ ഒരു മുഖം മാത്രം 
തെരുവുനായയുടെ മുഖം
ജീവിക്കാൻ അനുവാദമില്ലാത്തവന്റെ മുഖം 

ദാരിദ്യത്തിന് രേഖയിടുമ്പോൾ 
മുകളിലുള്ളവൻ താഴോട്ട് നോക്കാറില്ല 
അല്ലെങ്കിലും മുകളിലിരിക്കുന്നവർ 
എന്നാണ് താഴോട്ട് നോക്കിയിട്ടുള്ളത്?

 വീണ്ടും തോൽക്കാനായി മാത്രം ചിലരും 
ജയിക്കാനായി മാത്രം മറ്റുചിലരും 
ജനിക്കുകയും മരിക്കുകയും ചെയ്യുമ്പോൾ 
ഭരിക്കുന്നവനും ഭരിക്കപ്പെടേണ്ടുന്നവനും 
എന്നും എവിടെയും എപ്പോഴും ഒന്നു തന്നെ 2015, ജൂലൈ 1, ബുധനാഴ്‌ച

തിരുത്തി കുറിച്ചെടുത്ത ചരിത്രം


2015
അതേ,
ദിവസം കൃത്യമായി ഓർക്കുന്നില്ലെങ്കിലും
ആ വർഷത്തിൽ ഏതോ ഒരു ദിവസമാണ്
ആ അപ്പൂപ്പനെ കാണാതായത്

ഓഫീസിനു മുന്നിൽ ഒറ്റമുണ്ടുടുത്ത്, വടിയും കുത്തി
വർഷങ്ങളായി അദ്ദേഹം നിൽക്കുകയായിരുന്നു
എന്തിനെന്ന് ആർക്കും അറിയില്ല
ആരോടോ വാശി തീർക്കുന്നത് പോലെ...
ഉത്തരം കിട്ടാത്തൊരു സമസ്യ പോലെ....

എന്നാൽ
അപ്പൂപ്പൻ അപ്രത്യക്ഷനായി ദിവസങ്ങൾക്കുള്ളിൽ
പരിഷ്കാരിയായ, നിർവികാരനായ മറ്റൊരാൾ
അവിടെ പുനസ്ഥാപിക്കപ്പെട്ടു
ആരാണയാൾ? എല്ലാവരും പരസ്പരം ചോദിച്ചു

എന്തിനു? ആർക്ക്? എന്നുള്ള അപ്രസക്തമായ
ചോദ്യങ്ങൾക്ക് കാതു കൊടുക്കാതെ
കാക്കയ്ക്ക് വിസ്സർജജിക്കാൻ ഒന്നല്ലെങ്കിൽ
മറ്റൊന്നെന്നു സ്വീപ്പർ കണാരേട്ടൻ പിറുപിറുത്തു

തുടർന്ന് കറൻസികളിൽ നിന്ന് അപ്പൂപ്പനെ കാണാതായി
പിന്നീട് പള്ളിക്കൂടത്തിലെ ഹെഡ് മാഷുടെ മുറിയിൽ നിന്ന്
പിന്നെ കുഞ്ഞുങ്ങളുടെ പാഠപുസ്തകങ്ങളിൽ നിന്ന്
ഒടുക്കം രാജ്യത്തിൻറെ ചരിത്രത്തിൽ നിന്നു തന്നെ...

ഓരോ അപ്രത്യക്ഷമാകലിനു പകരവും മറ്റൊന്ന്;
കൃത്യമായി പുനസ്ഥാപിക്കപ്പെട്ടു കൊണ്ടേ ഇരുന്നു
ഒരിടത്ത് ഒരു വ്യകതിത്വത്തെ ഇല്ലാതാക്കിയപ്പോൾ
മറ്റൊരിടത്ത് പൈതൃകത്തെ, പിന്നോരിടത്ത് ശാസ്ത്രത്തെ
 മറവിരോഗം ബാധിച്ച തലച്ചോറിൽ, വാഗ്ദാനങ്ങൾ കുത്തിനിറച്ചു
ഞങ്ങളപ്പോൾ യോഗ പരിശീലിക്കുകയായിരുന്നു
ആരോഗ്യമുള്ള ജനങ്ങളാണല്ലോ നാടിൻറെ സമ്പത്ത്..

ഒടുക്കം 
യാത്ര പോയവരെല്ലാം യാത്ര ചെയ്തു മടുത്തു
തിരിച്ചു വന്ന ഒരു സായാഹ്നത്തിൽ
അതേ,
അന്നായിരുന്നു ഒരു മതം മാത്രമുള്ള പുണ്യഭൂമി പിറന്നത്‌..
ആ ദിനമായിരുന്നു ചരിത്രം തിരുത്തി കുറിച്ചെടുത്ത സുവർണദിനം......