Follow by Email

2015, ജൂൺ 6, ശനിയാഴ്‌ച

സ്ത്രീ ശാക്തീകരണത്തിൽ മനുസ്മ്രിതിയുടെ പ്രസക്തി


ഇന്ന് ഒരു സിംഗപൂര്യൻ ഓണ്‍ലൈൻ പത്രത്തിൽ വന്ന  ആർട്ടിക്കിൾ വായിച്ചിരുന്നു.  കുറച്ചു ദിവസങ്ങൾക്കു മുൻപ് മയക്കുമരുന്ന് കള്ളകടത്ത് നടത്താൻ ശ്രമിച്ചവർക്ക് നേരെ ഉണ്ടായ പോലീസ് വെടിവെയ്പിൽ ഒരാൾ കൊല്ലപ്പെട്ടു.  അയാളുടെ ഭാര്യയുമായുള്ള ഇന്റർവ്യൂവിൽ  ആ സ്ത്രീ പറയുന്നു.  പോലീസ് ചെയ്തതിനെ ശരി വെയ്ക്കുന്നു.  എങ്കിലും അതെനിക്ക് ഫെയർ അല്ല. എന്നിരുന്നാലും ഞാനിങ്ങനെ തന്നെ എന്റെ കുഞ്ഞിനേയും വളർത്തി ജീവിക്കും. അപ്പോൾ പെട്ടെന്ന് ഓർമ്മ വന്നത്  ഇന്ത്യ കണ്ട ഏറ്റവും ഹീനമായ ബലാത്സംഗകേസുകളിൽ ഒന്നിലൂടെ കുപ്രസിദ്ധി ആർജിച്ച ഒരു ക്രിമിനലിന്റെ ഭാര്യയുടെ വാക്കുകളാണ്.  നിങ്ങൾ അയാളെ തൂക്കികൊന്നാൽ ഞാനും കുഞ്ഞും ആത്മഹത്യ ചെയ്യും.  രണ്ടു നാടുകളിലെ സ്ത്രീകളുടെ അവസ്ഥകളിലുള്ള വൈരുദ്ധ്യം  ആണ് ഈ രണ്ടു പ്രതികരണങ്ങളും. രണ്ടു പേരും വളർന്ന സാഹചര്യങ്ങൾ, ജീവിതാനുഭവങ്ങൾ അതെല്ലാം പൂര്ണമായും ഒരു താരതമ്യപെടുത്തലിനു  യോജിച്ചു പോവാത്തതും ആണ്.  പക്ഷെ ഇതിലെ വിഷയം ഒരു സ്ത്രീ പുരുഷനിൽ കണ്ടെത്തുന്ന അഭയകേന്ദ്രം എന്ന അവസ്ഥയാണ്‌.  എത്ര ഹീനമായ കുറ്റം ചെയ്താലും അവൻ എൻറെ ഭർത്താവാണ് എന്റെ കുഞ്ഞിന്റെ അച്ഛനാണ്, അവനില്ലാതെ എനിക്കൊരു ജീവിതമില്ല( ഇപ്പോഴുള്ള ജീവിതം നരകമാണ് എന്നത് വേറെ വിഷയം). ഈ രീതിയിൽ പ്രതികരിക്കുന്നതിൽ മേലെക്കിടയിലും താഴെക്കിടയിലും ഉള്ള എല്ലാ സ്ത്രീകളും ഒരേ നിലപാടുകാരാണെന്നുള്ളത് ചില രാഷ്ട്രീയക്കാരുടെ സ്ത്രീപീഡന കേസുകൾ പുറത്തു വന്നപ്പോൾ എല്ലാവരും കണ്ടതാണ്.  


എല്ലാ പെണ്‍കുട്ടികളും വിട്ടുവീഴ്ചകൾക്ക് തയ്യാറായി തുടങ്ങുന്നത് വിവാഹാനന്തരമാണ്.  സ്വന്തം സഹോദരങ്ങളുമായി ചെറിയ കാര്യങ്ങൾക്കു പോലും വഴക്കിടുകയും ഒരു വിട്ടുവീഴ്ചയും ചെയ്യാതിരിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികൾ പോലും വളരെ ഭംഗിയായി   വിവാഹാനന്തര അടിച്ചമര്ത്തലുകളോട് പൊരുത്തപ്പെടുന്നതു കാണാം.    സ്വന്തമായി അഭിപ്രായങ്ങളോ താൽപര്യങ്ങളോ ഒന്നുമില്ലാത്ത ഒരു തരം അടിമത്വത്തിലേക്കു സ്വയം തരം താഴ്ത്തുന്ന അല്ലെങ്കിൽ താഴ്ത്തപ്പെടുന്ന  അവസ്ഥയാണോ വിവാഹം എന്ന കൊട്ടിഘോഷിക്കുന്ന ആചാരത്തിന്റെ പരിണതഫലം?  നീ ഇനി ജോലിക്ക് പോകേണ്ട.  നീ ആ സാരി ഉടുക്കേണ്ട.  അവനുമായി അടുക്കേണ്ട.  ഇങ്ങനെ ഒരു നൂറു താക്കീതുകളാണ് വിവാഹിതകളായ പെണ്‍കുട്ടികൾക്ക് മദനോത്സവങ്ങൾ കഴിയുമ്പോൾ കിട്ടി തുടങ്ങുന്നതെന്ന് ഒരുപാടു തവണ കേട്ടിരിക്കുന്നു.   ഒരു ഉന്നത ബിരുദ ധാരിയായ പുരുഷ സുഹൃത്ത്‌ ഒരിക്കൽ എന്നോട് പറഞ്ഞു.  എന്തിനാണ് തന്നെ കുറ്റം പറയുന്നത്?  തന്നെ ഇങ്ങനെ കയറൂരി വിട്ടിരിക്കുന്ന തൻറെ ഭർത്താവിനെ പറഞ്ഞാൽ  മതി.  എന്നെ കെട്ടിയിടാൻ കഴിവില്ലാത്ത ആ പാവത്തിനോട് അനേകർക്കുള്ള സഹതാപത്തിൽ ഒന്ന് മാത്രമാണിത്.  എന്ന് വെച്ചാൽ ആണെന്ന മഹാവൃക്ഷത്തിന്റെ തണലിൽ  മാത്രം ഒതുങ്ങി കൂടേണ്ടവളാണ്  പെണ്ണ്.  അതാണ് അലിഘിത നിയമം.  അക്കാര്യത്തിൽ ഇന്ത്യയിൽ എല്ലാവരും സമന്മാർ  ആണ്.  ഹൈ ക്ലാസ്സ്‌, മിഡിൽ ക്ലാസ്സ്‌, ലോ ക്ലാസ്സ്‌ എല്ലാവർക്കുമുള്ള ഏക വികാരം.  അത് അതിര് വിടുമ്പോൾ പൊട്ടിത്തെറികൾ ഉണ്ടാവുന്നു .  വിവാഹ മോചനങ്ങൾ ഉണ്ടാവുന്നു.  അപ്പോഴും സമൂഹം പെണ്ണിനെ നേര് വഴിക്ക് നടത്താൻ നോക്കും.  ഒരുപാടു കുടുംബ കലഹങ്ങൾ  ഒത്തുതീർപ്പാക്കിയിട്ടുള്ള ഒരു ടി വി പ്രോഗ്രാമിൽ അവതാരിക അതിലെ അന്നത്തെ ഇരയോട്‌ ചോദിക്കുന്നത് കേട്ടു, ഭർത്താവിനു താൽപര്യമില്ലാത്ത ആൾക്കാരുമായി സംസാരിക്കണമെന്ന് കുട്ടിക്കെന്താ ഇത്ര നിർബന്ധം?  അതൊരു വലിയ ചോദ്യമാണ്.  അയാൾ പറയുന്നത് എല്ലാം അക്ഷരം പ്രതി കേൾക്കാൻ ബാധ്യസ്ഥയാണെന്നുള്ള കരാറിൽ ഒപ്പിട്ടു വിവാഹം കഴിച്ചിട്ട് ഇപ്രകാരം ചെയ്യുന്നത് കടുത്ത നിയമലംഘനം തന്നെയാണ്.   

മറ്റുള്ളവർ എന്ത് പറയും എന്നുള്ള ഭയമാണ് കൂടുതൽ പുരുഷന്മാരും ഈ രീതിയിൽ ഒരു മേധാവിത്വ മനസ്ഥിതി വെച്ച് പുലർത്തുന്നതിന്റെ  പ്രധാന കാരണം.  പ്രവാസിയും, സദാചാരബോധം ഇല്ലാത്തവനും  സർവോപരി  നിഷേധിയുമായ എന്റെ ഒരു  സുഹൃത്തിനോട്‌ സ്വന്തം ഭാര്യയെ നല്ല വസ്ത്രം ധരിപ്പിച്ചു മര്യാദയ്ക്ക് നടത്താൻ നിരന്തരം ഉപദേശിക്കുന്ന അഭ്യുദയകാംക്ഷികളെ ഭയന്ന് ഉത്തരേന്ത്യയിൽ വളർന്ന അയാളുടെ ഭാര്യ  കേരളത്തിൽ പോകാൻ പോലും മടിക്കുന്നു എന്ന് കേട്ടു.  നേരാം വണ്ണം സാരി ഉടുക്കാൻ ഇപ്പോളും അറിയാതെ,  മൂടും മുലയും ആവും വിധം പുറത്തു കാട്ടി നടക്കുന്ന ടീംസ് ആണ് സ്ലീവേലെസ്സ് ടോപ്‌ എടുന്നതിനെ വിമർശിക്കുന്നത് എന്നുള്ളതാണ് ഇതിലെ വിരോധാഭാസം.  

കുറെ കാലം മുൻപ് കലാപരമായി ഒരുപാടു കഴിവുകൾ ഉണ്ടായിരുന്ന ഭാര്യയെ വിവാഹശേഷം തളച്ചിട്ട ഒരു പ്രമുഖ നടനെ പ്രകീർത്തിച്ചു കൊണ്ട് ഒരു ലേഖനം വായിക്കുകയുണ്ടായി .  അതിൽ 14 വർഷത്തെ അസ്വാതന്ത്ര്യത്തെ ആ സ്ത്രീ പൊട്ടിച്ചെറിഞ്ഞതിൽ കേരളമൊട്ടാകെ അമർഷം രേഖപ്പെടുത്തിയതായി കണ്ടു. അതിൽ നിന്ന് വ്യക്തമാവുന്നത്  വിവാഹ ജീവിതത്തിൽ എപ്പോഴും സ്ത്രീയാണ് പൊരുത്തപെടേണ്ടത് എന്നത് മാത്രമാണ്.  കാരണം കുഞ്ഞുങ്ങൾ സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമാണ്.  അവനു നീ അല്ലെങ്കിൽ മറ്റൊരു പെണ്ണ്.  ഈ കുഞ്ഞുങ്ങളെയും കൊണ്ട് നീ എന്ത് ചെയ്യും? എങ്ങനെ ജീവിക്കും?  ഇങ്ങനെ ദീർഘ ദർശികളുടെ ചോദ്യങ്ങൾക്ക് മുന്നിൽ പതറി പോകുന്ന പെണ്‍കുട്ടികൾ ബന്ധം നിലനിർത്താൻ എന്തു വിട്ടു വീഴ്ചയും ചെയ്യും.  അത് ഭർത്താവിന്റെ പരസ്ത്രീ ബന്ധം ആയാലും, ശാരീരികവും മാനസികവും ലൈംഗികവുമായ പീഡനങ്ങൾ ആയാലും.  നമ്മൾ അങ്ങനെ ആണ് പെണ്‍കുട്ടികളെ വളർത്തി കൊണ്ട് വരുന്നത്.  അമ്മമാരാണ് ശരിക്കും പെണ്‍കുട്ടികളെ ഈ രീതിയിൽ ട്യുണ്‍  ചെയ്തെടുക്കുന്നതിൽ മുൻപന്തിയിൽ.  അച്ചടക്കം എല്ലാ പെണ്‍കുട്ടികൾക്കും നിര്ബന്ധമാണ്.  ഉറക്കെ ചിരിക്കാനോ കരയാനോ പാടില്ല.  ഒന്നും പുറത്തു പറയാൻ പാടില്ല.  ഈ രീതിയിൽ വളർത്തപ്പെടുന്ന പെടുന്ന പെണ്‍കുട്ടികൾ അവർക്ക് നേരെ ഉണ്ടാകുന്ന എല്ലാ ആക്രമണങ്ങളും നേരിടുന്നതിൽ പരാജയപ്പെടുന്നു.  അഥവാ അവർ പ്രതികരിച്ചാലും അവർക്ക് കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും പിന്തുണ  ലഭിക്കാതെ വരുമ്പോൾ തകർന്നു പോവുകയും ചെയ്യുന്നു.  ഇതൊന്നും തിരിച്ചറിയാതെ  മറ്റെന്തൊക്കെയോ ആണ്   സ്ത്രീ ശാക്തീകരണം എന്ന ലേബലിൽ നമ്മൾ വിറ്റഴിച്ചു കൊണ്ടിരിക്കുന്നത്.

ഈയിടെ ഒരു സിനിമയിൽ കേട്ട പോലെ എന്ത് കൊണ്ടാണ് ഇന്ത്യൻ ഭരണ നേതൃത്വത്തിന്റെ തലപ്പത്ത് വനിതനേതാക്കൾ കുറയുന്നത്? സ്ത്രീകൾക്ക് ബുദ്ധി കുറവാണോ?  അതോ അവർക്ക് തല്പര്യമില്ലാഞ്ഞിട്ടോ? ഉത്തരം ലളിതമാണ് "പിതാ രക്ഷതി കൌമാരേ, ഭർത്താ രക്ഷതി യൌവനേ, പുത്രോ രക്ഷതി വാർധക്യെ, ന സ്ത്രീ സ്വാതന്ത്ര്യമർഹതി..."  സ്ത്രീ എന്ന വസ്തു  ഒരിക്കലും സ്വാതന്ത്ര്യം അർഹി ക്കുന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ