Follow by Email

2015, ജൂൺ 9, ചൊവ്വാഴ്ച

സവർണത"സവർണത" എന്നത് കേവലം അഞ്ജത കൊണ്ടുണ്ടാവുന്ന ഒരു മനോഭാവം മാത്രമാണ്.  മുൻപ് പറഞ്ഞിട്ടുള്ളത് പോലെ ജന്മം കൊണ്ട് കിട്ടുന്ന നേട്ടങ്ങളെ, ഉദാഹരണമായി ഉന്നതകുലത്തിൽ ജനിക്കുക, സൗന്ദര്യത്തോടെ ജനിക്കുക, സ്നേഹമുള്ള മാതാപിതാക്കൾക്ക് ജനിക്കുക, പൂർണയായ പെണ്ണായി അല്ലെങ്കിൽ പൂർണനായ ആണായി ജനിക്കുക എന്നതെല്ലാം ഒരാളുടെയും മിടുക്ക് കൊണ്ട് കിട്ടുന്നതല്ല.  അപ്പോൾ അതിൽ അഹങ്കരിച്ചു മറ്റുള്ളവരെ പരിഹസിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നത് തികഞ്ഞ വിവരക്കേടാണ്.  വിദ്യാഭ്യാസം എന്നതിലൂടെ അർത്ഥമാക്കുന്നത്‌ വിവരം നേടുക എന്നത് കൂടിയാണ്.  തുറന്ന ചിന്ത, എല്ലാവരേയും ഒരേ രീതിയിൽ കാണാനുള്ള ഉൾക്കാഴ്ച്ച വളർത്തിയെടുക്കുക എന്നൊക്കെയാണ്.  അതിനു പകരം സവർണത ഒളിഞ്ഞും തെളിഞ്ഞും പ്രകടിപ്പിച്ചു വിദ്യ പകർന്നു നൽകുന്ന കലാലയങ്ങൾ, മാറി വരുന്ന ഈ യുഗത്തിനെ പിന്നെയും റിവേർസ് ഗിയറിൽ ഓടിക്കുകയാണ് ചെയ്യുന്നത്.  

കഥകളിൽ പോലും നമ്പൂതിരികുട്ടി, നായരുകുട്ടി എന്നല്ലാതെ പറയകുട്ടി, പുലയകുട്ടി എന്നൊന്നും കേട്ടിട്ട് കൂടിയില്ല.  ആദ്യം പറഞ്ഞ രണ്ടു പേരുകൾ കേൾക്കുമ്പോൾ തോന്നുന്ന ഒരു കുലീനത  ഇല്ലാഞ്ഞിട്ടോ അതോ പാർശ്വവൽക്കരിക്കപ്പെട്ടവരായതു കൊണ്ടോ എന്ന് അറിയില്ല.  എനിക്ക് ഒരുപാടു തവണ ശകാരവും ഒറ്റപ്പെടലും നേരിടേണ്ടി വന്നിട്ടുണ്ട് മേല്പറഞ്ഞ കുലീനത ഇല്ലാത്ത കുട്ടികളുമായുള്ള എൻറെ അടുപ്പം മൂലം.   ചെറുപ്പത്തിൽ എനിക്കൊരു കളികൂട്ടുകാരൻ ഉണ്ടായിരുന്നു അവൻറെ അച്ഛൻ ഒരു ബാർബർ ആയിരുന്നു.  അമ്മയും അമ്മൂമ്മയും ഒക്കെ വീട്ടിലെ പുറംപണിക്കാരും.  അവനെ പോലെ എന്നെ അന്ന് സ്നേഹിച്ചിരുന്ന ഒരു സുഹൃത്തും ഉണ്ടാവില്ല.  എന്തു ചോദിച്ചാലും അപ്പോൾ കൊണ്ടുതരും.  അവൻറെ കൂടെയുള്ള എൻറെ കറക്കത്തിന്‌ എപ്പോഴും എനിക്ക് ശിക്ഷ കിട്ടിയിരുന്നു.  ഇതു ബാല്യത്തിലെങ്കിൽ കൗമാരത്തിൽ ക്ലാസ്സിലുള്ള ഒരു താണ ജാതിക്കാരി (ജാതി സർട്ടിഫികറ്റിൽ)  കുട്ടിയുമായുള്ള എൻറെ അടുപ്പത്തിന് എനിക്ക് കിട്ടിയത് കടുത്ത ഒറ്റപ്പെടൽ ആയിരുന്നു.  എന്നിട്ടും എനിക്കതിൽ കുറ്റ ബോധം തോന്നിയിരുന്നില്ല. കാരണം " തങ്ങളിൽ തങ്ങളിൽ മുഖത്ത് തുപ്പും നമ്മൾ ഒന്നെന്നു ചൊല്ലും ചിരിക്കും"(നാറാണത്ത് ഭ്രാന്തൻ) എന്ന മട്ടിലുള്ള മേലാളബോധത്തിൽ  പെട്ട് നട്ടം തിരിയുന്നതിലും ഞാൻ സന്തോഷവതിയായിരുന്നു സൊ കോൾഡ്‌ കീഴാളരുമായുള്ള എന്റെ സൗഹൃദത്തിൽ. 

ഞാൻ പറഞ്ഞു വന്നത് ഇത്ര മാത്രം.  നമ്മൾ ഈ സവർണ അവർണ ബോധം കുട്ടിക്കാലം  മുതൽ കുത്തി വെച്ചാണ്‌ കുഞ്ഞുങ്ങളെ വളർത്തുന്നത്.  അത് മേലാളന്റെ കുട്ടിയിൽ ഒരു ആധിപത്യബോധവും കീഴാളകുട്ടിയിൽ അപകർഷതാ ബോധവും സൃഷ്ടിക്കുന്നു.  അത് ക്രമേണ വളർന്നു ഒരു അടിച്ചമർത്തലിലേക്ക് നീങ്ങുന്നു.  സമൂഹം മാത്രമാണ് ഇതിലെ കുറ്റവാളി.  എത്ര ഉന്നത വിദ്യാഭ്യാസം നേടിയിട്ടും ഇതിന്റെ  പൊള്ളത്തരം മനസിലാവാതെ  കുലമഹിമയും ജാതിഗുണവും പറഞ്ഞിരിക്കുന്നവർ പേരിനൊപ്പമുള്ള ജാതിവാൽ മാറ്റിയിട്ടാലും നീലകുറുക്കൻ തന്നെ.  കാരണം തക്കം കിട്ടുമ്പോൾ കൂവാൻ തോന്നും എന്നത് തന്നെ. പേരിലെ  ജാതിവാൽ അല്ല പ്രശ്നം.  മനസിലെ സവർണബോധമാണ്.  അതിലൂടെ ഉണ്ടാവുന്ന ഉൽകർഷതാബോധമാണ്.  ഭരിക്കാൻ എന്നും മനുഷ്യനുള്ള അടങ്ങാത്ത ആഗ്രഹം.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ