Follow by Email

2015, ജൂൺ 2, ചൊവ്വാഴ്ച

വിവാഹമെന്നാൽ.....ഞാൻ: ഏട്ടാ, ഏട്ടൻ അറിഞ്ഞോ,  മരിറ്റൽ റേപ് എന്നൊരു സംഭവമേ ഇല്ലെന്ന്.  

ഏട്ടൻ: ഇതിൽ എന്താണിത്ര പുതുമ?  മീരാ നീ കുറെ കൂടി വിശാലമായി ചിന്തിക്കണം. ഒരു ഉദാഹരണം പറയാം. ഞാൻ ഒരു പ്രോപർട്ടി വാങ്ങുന്നു. അത് പിന്നെ എനിക്ക് "സ്വന്തമാണ്".  നോട്ട് ദി പോയിന്റ്‌.  എനിക്ക് സ്വന്തമാണ്. അതിന്മേലുള്ള പൂർണ അവകാശം എനിക്ക് മാത്രമാണ്. എനിക്കറിയാവുന്നതെല്ലാം ഞാൻ അതിൽ പ്രയോഗിക്കും.  അതെങ്ങനെ റേപ് ആവും?  റേപ് എന്ന് വെച്ചാൽ എൻറെ സ്വന്തം അല്ലാത്തതിനെ ബലം പ്രയോഗിച്ചു ആഗ്രഹപൂർത്തിക്ക് ഉപയോഗിക്കുകയാണ്.  രണ്ടും താരതമ്യപ്പെടുത്താൻ പോലും പറ്റില്ല.  

ഞാൻ : ഏട്ടാ, രമ്യ പറയുവാ, അവളുടെ ഭർത്താവു കല്യാണം കഴിഞ്ഞുള്ള ആദ്യദിവസം തന്നെ മൂന്നു വട്ടം സെക്സ് ചെയ്തെന്നു.  അവൾ ഷോക്ക്‌ ആയത്രേ.  
ഏട്ടൻ: അതിൽ ഷോക്ക്‌ ആവാൻ എന്താണ് ഉള്ളത് ?  അവൻ ഇത്ര കാലം പിടിച്ചു നിന്നത് എങ്ങനാണെന്നു അവനറിയാം.  അപ്പോഴാണ് ഒരു ബിസിനസ്‌ ഒത്തു കിട്ടിയത്.  ഒരുപാടു കാശും ആഗ്രഹം തീർക്കാൻ ഒരു ശരീരവും.  വിവാഹം നല്ലൊരു ബിസ്സിനെസ്സ് ആണ് നമ്മുടെ നാട്ടിൽ.  കാശും പെണ്ണും.  

ഞാൻ: അവൻ പോണ്‍ മൂവികളിൽ കാണുന്ന പോലൊക്കെ എല്ലാം ചെയ്യിച്ചത്രേ.  നല്ല വേദന ആയിരുന്നു എന്നാണ് അവൾ പറഞ്ഞത്. അറപ്പ് തോന്നിയെന്നും പാവം പറയുന്നത് കേട്ടു.  എനിക്ക് സങ്കടം വന്നു. 
ഏട്ടൻ: അവൾക്കു തന്റേടം ഉണ്ടെങ്കിൽ പോണിൽ കാണുന്നതെല്ലാം അവനെ കൊണ്ടും ചെയ്യിക്കാൻ അവളോട്‌  പറയു.   

ഇല്ല.. അവൾ പറയില്ല.  കാരണം അവൾക്കു അവനെ ഭയമാണ്.  എതിർത്താൽ വിവാഹം ഒഴിയുമോ എന്നുള്ള ഭയം.  ഒഴിഞ്ഞാൽ എങ്ങനെ ജീവിക്കും എന്നുള്ള ഭയം.  കുഞ്ഞുണ്ടെങ്കിൽ അതിന്റെ  ഭാവി എന്താകും എന്ന ഭയം.  വീട്ടുകാർ, നാട്ടുകാർ എന്നിവർ കുറ്റപ്പെടുത്തും എന്നുള്ള ഭയം.  ഒറ്റയ്ക്ക് കഴിഞ്ഞാൽ സദചാരക്കാരുടെ വേട്ടയാടലിനെ ഓർത്തുള്ള ഭയം. അനിയത്തിയുടെ ഭാവി, അച്ഛൻറെ വേവലാതികൾ, അമ്മയുടെ കുറ്റപ്പെടുത്തലുകൾ.  അവൾക്കു ഒരുപാടു കാരണങ്ങളുണ്ട്.

ഇതൊരു ഒറ്റപ്പെട്ട കഥയല്ല.  ഇതിന്റെ പല പല വേർഷൻസ് ഞാൻ കേട്ടിട്ടുണ്ട്.  ഓരോ പെണ്‍കുട്ടിയും  എല്ലാം സഹിക്കുന്നതിനു ഇങ്ങനെ ഒരുപാടു കാരണങ്ങളുണ്ട്.  ധൈര്യമോ, തന്റെടമോ ഇല്ലാത്തത് കൊണ്ടും സേഫ് സോണ്‍ നഷ്ടപ്പെടുന്നത് കൊണ്ടും എല്ലാ പീഡനങ്ങളും സഹിച്ചു കഴിഞ്ഞു പോവുന്ന ഉത്തമ നാരീരത്നങ്ങളെയും മറുവശത്തു എല്ലാം പൊട്ടിച്ചെറിഞ്ഞു സ്വസ്ഥമായതിന്റെ പേരിൽ സമൂഹത്താൽ വേട്ടയാടപ്പെടുന്ന കുലടകളെയും നമുക്ക് കാണാൻ കഴിയും.  ഇതിൽ നിന്നൊരു മോചനം നിയമപരമായി പോലും കിട്ടാൻ വഴിയില്ലാത്ത നാട്ടിൽ മനുസ്മ്രിതി പാടിയും പഠിപ്പിച്ചും നമുക്ക് വളർന്നു വരുന്ന തലമുറയെ മെരുക്കി വളർത്താം. ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ എന്ന് വിശ്വസിക്കുന്നവരെ പടിക്ക് പുറത്താക്കി സ്വസ്ഥമാവാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ