Follow by Email

2015, ജൂൺ 12, വെള്ളിയാഴ്‌ച

പ്രണയവും രതിയും
പ്രണയവും രതിയും ആണിന് മാത്രം പറഞ്ഞിട്ടുള്ളതാണെന്നുള്ളതാണ് അലിഖിത നിയമം.  പ്രണയമാണെന്ന് ഒരു ആണ്‍കുട്ടി പറയുമ്പോൾ താഴെ നോക്കി നിന്ന് കാലുകൊണ്ട്‌ ക്ഷ, ണ്ണ, ത്ത, ട്ട വരച്ചു എനിക്കും ഇഷ്ടമാണ് ചോട്ടാ എന്ന് പറയാതെ പറയുന്ന  ശാലീനസുന്ദരിയായ  പെണ്‍കുട്ടിയാണ് ഒട്ടുമിക്ക ആണ്‍കുട്ടികളുടെയും സ്വകാര്യമായ ആഗ്രഹം.  ഇനി അതിനു പകരം അവൾ അത് നിഷേധിച്ചാലോ?  എന്തു കൊണ്ട് നിനക്കെന്നെ പ്രണയിക്കാൻ കഴിയുന്നില്ല?  കാരണം എന്താണ്?  വന്ദനം മൂവിയിൽ മോഹൻലാൽ പറയുന്നത് പോലെ ഈ ചക്കരകുട്ടനെ പ്രണയിക്കാതിരിക്കാൻ ഗാഥക്ക് കഴിയില്ല എന്ന ലൈനിൽ തുരുതുരാ ഡയലോഗ്.  ഒടുക്കം ഒരു രക്ഷയുമില്ലെന്നു വരുമ്പോൾ പിന്നെ പരിഹാസങ്ങൾ, കുറ്റപ്പെടുത്തലുകൾ, സ്വയം താഴ്ത്തികെട്ടി ഞാൻ പോരാ അല്ലെ?  എനിക്കറിയാം സൗന്ദര്യം, പഠിപ്പ്, ഇതൊക്കെ കുറവാണ് അതല്ലേ?  ഇങ്ങനെ പോകും.  ഇതിനൊക്കെ അപ്പുറം ഞാൻ പ്രണയിക്കുന്ന ജീവിക്ക് മനസ്സ്, ഇഷ്ടങ്ങൾ, താല്പര്യങ്ങൾ ഒക്കെ ഉണ്ടാവാം എന്നും, അതിനെ നിഷേധിക്കാൻ എനിക്ക് അവകാശം ഇല്ലെന്നും ചിന്തിക്കുന്ന എത്ര ആണ്‍കുട്ടികൾ ഉണ്ടാവും?  പ്രണയിച്ചിട്ടു ഒടുക്കം സോറി ചേട്ടാ എന്ന് പറഞ്ഞു പൊടിയും തട്ടി പോകുന്ന പെണ്‍കുട്ടികളേക്കാൾ എത്രയോ ഭേദമാണ് താൽപര്യമില്ല നമുക്ക് സുഹൃത്തുക്കളായി തുടരാൻ കഴിയില്ലേ എന്ന് ചോദിക്കുന്നവർ?


ഇനി പ്രണയിച്ചു തുടങ്ങിയാലോ, പതുക്കെ ഭരണം തുടങ്ങും.  സ്വന്തം ഇഷ്ടങ്ങൾക്കൊത്ത് പാവ കളിപ്പിക്കാൻ തുടങ്ങുകയായി.  നിയന്ത്രണങ്ങൾ, നിർബന്ധങ്ങൾ അങ്ങനെ ഓരോന്നായി പുറത്തിറക്കുന്നു.  പ്രണയം എന്നതിന്റെ  ശരിക്കുള്ള അർത്ഥമോ, വ്യാപ്തിയോ അറിയാറില്ല, അല്ലെങ്കിൽ അറിയാൻ ശ്രമിക്കാറില്ല.  പ്രണയത്തിന്റെ തലങ്ങൾ എന്തൊക്കെയാണെന്നും അറിയുന്നില്ല.  എല്ലാവരും പ്രേമിക്കുന്നു, ഞാനും.  പ്രണയത്തിൽ ബഹുമാനം ഉണ്ട്, പരിഗണനയുണ്ട്, കരുതലുണ്ട്, സ്നേഹമുണ്ട്, രതിയുണ്ട്.  എന്നാൽ ആദ്യത്തെ 3 ഘടകങ്ങൾ വളരെ കുറച്ചും രതി വളരെ കൂടുതലുമാണ് സാധാരണയായി കണ്ടു വരുന്നത് .  രതിയില്ലാതെയും തീവ്രമായി പ്രണയിക്കാൻ കഴിയുമെന്നു നമ്മൾ എന്നെങ്കിലും തിരിച്ചറിയുമോ?
എങ്കിലും പ്രണയത്തിൽ നിന്ന് രതിയിലെക്കുള്ളത് ശരിക്കും ഒരു നൂൽപ്പാലത്തിന്റെ അകലമാണ്. കാരണം പ്രണയമെന്നതിൽ ശാരീരിക ആകർഷണം ഒരു പ്രധാന ഘടകമാണ് എന്നത് തന്നെ.   മനോനിയന്ത്രണമാണ് പ്രണയത്തിൽ രതി കലർത്താതെ പ്രണയിക്കുന്നതിന്റെ രഹസ്യം  എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്.  


തീവ്രപ്രണയത്തിലൂടെയാണ് രതി ഏറ്റവും ഹൃദ്യമാവുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു.  സന്താനോൽപാദനത്തിനും, ജൈവീകചോദനക്കും  അപ്പുറം പ്രണയത്തിലും വിവാഹജീവിതത്തിലും രതിക്ക് സ്ഥാനമുണ്ടെന്ന് എന്ന് നമ്മൾ തിരിച്ചറിയുന്നുവോ അന്ന് മാത്രമെ  രതി എന്നത് അശ്ലീലം അല്ലാതാവുന്നുള്ളൂ.  വിവാഹജീവിതത്തിൽ വെറും ചടങ്ങിനപ്പുറം ഹൃദ്യമായ ഒരു അനുഭവമായി അത് മാറുകയാണെങ്കിൽ  പങ്കാളികൾക്കിടയിൽ അവരറിയാതെ തന്നെ പ്രണയം വളരുമെന്നും  ഐക്യവും സ്നേഹവും സന്തോഷവും ഉണ്ടാവുമെന്നും ഞാൻ വിശ്വസിക്കുന്നു.  അതിനു കുറച്ചൊക്കെ വിട്ടുവീഴ്ച ചെയ്യേണ്ടി വരും.  ഞാൻ എന്ന ഭാവവും, തിരക്ക് കൂട്ടലും മാറ്റി വെച്ച് എല്ലാ തരത്തിലുള്ള മുൻവിധികളും ഒഴിവാക്കി രണ്ടു വ്യക്തികളുടെ പ്രണയപൂർവമായ  കൂടിച്ചേരൽ ആയി രതിയെ മാറ്റിയെടുത്താൽ വിവാഹജീവിതത്തിലെ ഒട്ടുമിക്ക അസംതൃപ്തികളും ഒഴിവാക്കാം.  അതിനു പകരം ആണിന് താല്പര്യം തോന്നുമ്പോൾ 13 മിനിറ്റിൽ ചടങ്ങ് തീർത്തു തിരിഞ്ഞു കിടന്നു ഉറങ്ങുന്നത് മൃഗങ്ങൾ കാട്ടികൂട്ടുന്ന സന്താനോൽപാദന  പ്രക്രിയയിൽ  നിന്നും ഒട്ടും വ്യത്യസ്തമല്ല.  ഈ രീതിയിലുള്ള ഒരു അവസ്ഥയിലേക്ക് ഇത്രയും സുന്ദരമായ ഒരു വികാരത്തെ കൊണ്ടെത്തിച്ചതിൽ മതങ്ങളും സമൂഹവും വഹിച്ച പങ്കു ചില്ലറയല്ല. ആണ്മയുടെ അധിനിവേശപ്രദേശം മാത്രമായി പെണ്‍ശരീരത്തെ തീറെഴുതി കൊടുത്തു കീഴടങ്ങുന്ന, നികൃഷ്ടമായ അവസ്ഥയിലേക്ക് അധപതിക്കേണ്ടി വരുമ്പോൾ ഒരു പെണ്‍മനസിലുണ്ടാവുന്ന വെറുപ്പ്‌ ഒരിക്കലും അവളിൽ  നിന്ന് മാഞ്ഞു പോവില്ല.  അപ്പോൾ ഇതൊരു തുടർകഥ ആയാലോ?


നമ്മുടെ പരിഷ്കൃത സമൂഹത്തിൽ പോലും സ്ത്രീകൾ രതിയെ പറ്റി സംസാരിക്കുന്നതു തന്നെ വലിയ കുറ്റം ആണ്. അത് അവളുടെ കുലീനതയെയും അന്തസ്സിനേയും ഇടിച്ചു താഴ്ത്തി വളരെ മോശമായ ഒരു ഇമേജ് മറ്റുള്ളവരിൽ സൃഷ്ടിച്ചെടുക്കുന്നു.  ലൈംഗികതയെ പറ്റി തുടരെ കവിത എഴുതിയതിനു ഒരുവൻ ചേച്ചിക്ക് കഴപ്പാണ് അല്ലെ? എന്ന് ചോദിച്ചത്  ഒരു പെണ്‍കുട്ടി പോസ്റ്റ്‌ ചെയ്തത് ഓർക്കുന്നു.  വികാരം മൂത്ത് പൊട്ടാറായി  നിൽക്കുന്ന  സെക്സ് ബോംബ്‌ ആണ് ഇത്തരത്തിൽ പെട്ട ഓരോ പെണ്‍കുട്ടിയും.  സ്ത്രീകൾ അവരുടെ ലൈംഗികവിചാരങ്ങളോ വികാരങ്ങളോ തുറന്നു പറയുകയോ, സ്വയംഭോഗം ചെയ്യുകയോ, മറ്റൊരു സ്ത്രീയുമായി/ പുരുഷനുമായി   സെക്സിനെ പറ്റി ചർച്ച  ചെയ്യുകയോ ചെയ്യുന്നത്  വലിയ കുറ്റങ്ങൾ തന്നെയാണ്. മേൽപറഞ്ഞ കഴപ്പ് ആയിതന്നെയാണ് അവയും വേര്തിരിക്കപ്പെടുന്നത്‌.

കൊച്ചുപുസ്തകങ്ങളോ, കമ്പികഥകളോ, വികലമായ പോണ്‍ വീഡിയോകളോ  അല്ല.  പക്വമായ ലൈംഗിക വിദ്യാഭ്യാസവും,  സ്ത്രീയെന്നത്
എൻറെ ദാഹം തീർക്കാനുള്ള ശരീരമല്ലെന്നും അവൾക്കും മനസ്സും വികാരങ്ങളും വിചാരങ്ങളും ഉണ്ടെന്നും തിരിച്ചറിവുള്ള ഒരു പരിഷ്കൃതസമൂഹത്തെ വളർത്തി കൊണ്ട് വരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.  പ്രണയവും രതിയും ആഘോഷമാക്കുന്ന, ജീവിതം എന്തിനൊക്കെയോ വേണ്ടി,  ജീവിച്ചു തീർക്കാത്ത, സുന്ദരമായ യൗവനം അതിന്റെ എല്ലാ തുടിപ്പോടെയും കൊണ്ടാടുന്ന, ഒരു നല്ല തലമുറയുടെ കിനാചേരി. അതാണ് നമ്മൾ വളർത്തി എടുക്കേണ്ടത്.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ