Follow by Email

2015, ജൂൺ 29, തിങ്കളാഴ്‌ച

ഋതുഭേദങ്ങൾപ്രണയിക്കപ്പെടുന്ന എല്ലാ  ഋതുക്കളിലും
 നിൻറെ ശ്വാസത്തിന്റെ ചൂട്
ഞാൻ എൻറെ സിരകളിൽ പേറുന്നു
വിരഹം എന്നത് ശരീരത്തെയും മനസിനെയും
തളർത്തുന്ന ഉഷ്ണകാറ്റായി ആഞ്ഞുവീശുന്നു

നീയും ഞാനും ഒരുമിച്ചിരിക്കാത്ത വൈകുന്നേരങ്ങളിൽ
പാർക്കിലെ ഒറ്റബഞ്ചും, റസ്റ്റൊറന്റിലെ എതിരെയുള്ള
കസേരകളും ഒരേ കഥകൾ മാത്രം പറയുന്നു
ഒറ്റപ്പെട്ടു  പറക്കുന്ന പക്ഷിയുടെ ഏകാന്തതയുടെ കഥ

നമുക്കിടയിൽ വീണു കിട്ടുന്ന സംഗമദിനങ്ങളിൽ
 നീയെന്നിലേക്ക് പെയ്തിറങ്ങുന്ന മഴയുടെ ആർദ്രതയാവുന്നു
അതിൽ നനഞ്ഞു കുതിർന്നൊരു ഒറ്റ ഇലയായി
ഞാൻ ഏകാന്തതീരം തേടി പോവുന്നു; അടുത്ത വസന്തത്തിൽ
വീണ്ടും തളിരിടാമെന്ന പ്രതീക്ഷയോടെ....

നിനക്കും എനിക്കുമിടയിലുള്ള  കടലെന്നാൽ
നിമിഷങ്ങളുടെ ,
ദിവസങ്ങളുടെ
മാസങ്ങളുടെ,
വിരസതയാണ്... കത്തുന്ന ഗ്രീഷ്മമാണ്.

പത്തു സംവത്സരത്തിന് ഇപ്പുറവും അപ്പുറവുമെല്ലാം
പ്രണയമെന്നാൽ എൻറെ റോസാചെടിയിലെ
പുതിയ പുതിയ മുകുളങ്ങൾ മാത്രമാണ്
അവയോടെനിക്കു ഒരിക്കലും മാറാത്ത കൊതിയാണ്
അതെ,
ഇപ്പോൾ വീണു മരിച്ചാലും ഞാൻ പൂർണ്ണസന്തോഷവതിയാണ്
എന്ന് ഞാൻ നെഞ്ചിൽ കൈവെച്ചു പറയുന്നു

സ്വവർഗവിവാഹം, റെയിൻബോ ഫിൽറ്റർ, പുരോഗമനവാദംസുഹൃത്ത്‌1 :അറിഞ്ഞോ?  സ്വവർഗ്ഗവിവാഹം അമേരിക്കയിൽ നിയമവിധേയമാക്കി.  
സുഹൃത്ത്‌2:    അതിനു നമുക്കെന്താ?  
സുഹൃത്ത്‌1: ങേ, അവരും മനുഷ്യരല്ലേ?  വികാരം, വിചാരം ഒക്കെയുള്ളവർ?
സുഹൃത്ത്‌2: നെതർലണ്ട് ഇതു എത്ര വർഷങ്ങൾക്കു മുൻപേ നിയമപരമാക്കിയിരുന്നു.  എൻറെ ഒരു സുഹൃത്ത്‌ സ്വവർഗവിവാഹം കഴിച്ച ആളാണ്.
സുഹൃത്ത്‌1: അയ്യേ, നിങ്ങൾക്ക് അങ്ങനെയും സുഹൃത്തുക്കളുണ്ടോ? അവരിലാരു പ്രസവിക്കും?  ലൈംഗികവൈകൃതം...
സുഹൃത്ത്‌2: അപ്പോൾ നിങ്ങൾ എന്തിനാണ് റെയിൻബോ ഫിൽറ്റർ എഫ് ബി പ്രൊഫൈലിൽ ഇട്ടത്? അതിനർത്ഥം നിങ്ങൾ അവരെ സപ്പോർട്ട് ചെയ്യുന്നു എന്നല്ലേ?
സുഹൃത്ത്‌1: ങേ, അത് ഇവരെ സപ്പോർട്ട് ചെയ്യുന്നു എന്നുള്ളതിനാണോ?  എല്ലാരും പ്രൊഫൈൽ പിക്ചർ മാറ്റി ഇടുന്നത് കണ്ടു. എന്തിനാണെന്ന് അറിയില്ലായിരുന്നു. കണ്ടാൽ ഒരു ലുക്ക്‌ ഉണ്ട്.  ഇടക്ക് ഇറോം ഷർമിള പിന്നെ പെരുമാൾ മുരുഗൻ അങ്ങിനെ എല്ലാ പ്രൊഫൈൽ പിക്ചർസും ഞാൻ മാറ്റി ഇടാറുണ്ട്. അതൊന്നും അവർ ആരാണെന്നൊന്നും അറിഞ്ഞിട്ടല്ല.  ഈ ന്യൂസ്‌ ഒക്കെ ആരാ കുത്തിയിരുന്ന് വായിക്കുന്നത്?  വിവരം ഉണ്ടെന്നു മറ്റുള്ളവർക്ക് തോന്നണമെങ്കിൽ ഇങ്ങനെ ഒക്കെയല്ലേ പറ്റൂ.

ജാതിയും, മതവും, പണവും എല്ലാം ഒത്താൽ പ്രേമിക്കുന്ന ആൾക്കാരാണ് ഈ പുരോഗമനക്കാർ.  അങ്ങ് അമേരിക്കയിൽ എന്തോ ഒന്ന് നടന്നു.  അതിനിവിടെ എന്തിനാണ് ചേട്ടന്മാർ/ ചേച്ചിമാർ  ആഘോഷിക്കുന്നത് എന്ന് ചേട്ടന്മാർക്കും ചേച്ചിമാർക്കും ഒന്നും ഇപ്പോഴും അറിയില്ല.  സ്വവർഗ്ഗ അനുരാഗം പോയിട്ട്, അന്യജാതി അനുരാഗം പോലും അംഗീകരിക്കാൻ പറ്റാത്ത ടീംസ് ആണ്.  മൊത്തം 20 രാജ്യങ്ങളാണ്‌ ഇന്നു  വരെ സെയിം സെക്സ് മാര്യേജ് അംഗീകരിച്ചിരിക്കുന്നത്. 2001ൽ നെതർലണ്ട് മുതൽ ഏറ്റവും ഒടുവിൽ മെയ്‌ 23നു അയർലണ്ട് വരെ അത് അംഗീകരിച്ചത്‌ ഒന്നും ആരും അറിഞ്ഞില്ല.  അല്ല... ഇവരൊക്കെ അംഗീകരിച്ചപ്പോൾ ഇല്ലാത്ത എന്തെങ്കിലും നേട്ടം നമ്മൾ ഇന്ത്യക്കാർക്ക് US അംഗീകരിച്ചപ്പോൾ കിട്ടിയോ? ;ചിലപ്പോൾ ഉണ്ടാവാം.  എൻറെ അഞ്ജത ആവാം.  

എല്ലാവരുടെയും ശുഷ്കാന്തി കണ്ടിട്ട് ഉടനെ ഇന്ത്യയിലും ഈ നിയമം വരുമെന്ന് എനിക്ക് വല്ലാത്ത പ്രതീക്ഷ തോന്നുന്നു.  സ്വന്തം ജാതിയിലോ മതത്തിലോ സാമ്പത്തികനിലവാരത്തിലോ അല്ലാത്ത ഒരാളെ വിവാഹം കഴിക്കാൻ പറ്റില്ലെങ്കിലും നമുക്കിനി സ്വന്തം വർഗത്തിൽ പെട്ട, സ്വന്തം ജാതിയിലും മതത്തിലും നിലവാരത്തിലും ഉള്ള ആൾക്കാരെ വിവാഹം കഴിക്കാമല്ലോ.  പെണ്‍കുട്ടികൾക്ക് അങ്ങോട്ടും ഇങ്ങോട്ടും സ്ത്രീധനം കൊടുക്കാമല്ലോ.  ഇനിയുള്ള കാലമെങ്കിലും ആണ്‍കുട്ടികൾക്കുള്ള ഡിമാണ്ട് കുറഞ്ഞു പെണ്‍കുഞ്ഞുങ്ങളെ മുളയിലെ നുള്ളി കളയാതിരിക്കുമല്ലോ. സ്ത്രീധന മരണം കുറയുമല്ലോ.  എന്തെല്ലാം നേട്ടങ്ങളാണ്.  എത്രയും പെട്ടെന്ന് നമ്മുടെ പ്രധാനമന്ത്രിയും അമേരിക്കയിൽ പോയി ഈ നിയമം വന്നതിൻറെ  പരിണതഫലങ്ങൾ നേരിട്ട് കണ്ടു മനസിലാക്കി(പുള്ളി എല്ലാം നേരിട്ട് കണ്ടു മനസിലാക്കിയെ നടപ്പിൽ വരുത്തൂ) ഇവിടെയും പ്രാവർത്തികമാക്കാൻ നമുക്ക് ഈശ്വരനോട് പ്രാർത്ഥിക്കാം.

2015, ജൂൺ 19, വെള്ളിയാഴ്‌ച

പിഴക്കാനായി പിഴക്കുന്നവർപുഴുക്കുത്തു വീണ ചില ആണിലകൾ അറ്റു വീഴുന്ന 
ഇളംകാറ്റിലെല്ലാം അവൾക്കു ഉറക്കെ ചിരിക്കാൻ തോന്നാറുണ്ട് 
പുറത്തെ അക്ഷമമായ കാത്തിരിപ്പിനോടുക്കം 
 തിടുക്കപ്പെട്ടു കടന്നു,  ഉള്ളിലേക്കാഴ്ന്നിറങ്ങി, 
ഒരു കിതപ്പിനോടുവിൽ, അറപ്പോടെ 
ഒന്ന് പാളി നോക്കി.. എന്തിനോ ഉള്ള വ്യഗ്രതയിൽ 
മുറിക്കു പുറത്തേക്കൊഴുകുന്ന ഒരു ശരീരവും 
ഓർമകളിൽ നിന്ന് ചികഞ്ഞെടുക്കാൻ കഴിയാറില്ല 

തെരുവിലൂടെ നടക്കുമ്പോൾ ഇറച്ചി കടയിലെ 
ആടുകളിലേക്ക് നോട്ടം പാളി വീഴുമ്പോൾ 
കണ്ണുകൾ പിൻവലിച്ചു തിടുക്കത്തിൽ നടക്കും  
തെരുവിനോരത്ത് സല്ലപിക്കുന്ന കമിതാക്കളുടെ 
ചിത്രമാണ്‌ പലപ്പോഴും മനസിനെ കൊത്തിവലിക്കാറുള്ളത് 
വീട്ടിൽ പൊയ്ക്കൂടെ ശവങ്ങളെ? എന്നൊരു ചോദ്യം 
തൊണ്ടകുഴിയിൽ കുരുങ്ങി കിടക്കും 

ചാന്തും ചായവും വാങ്ങി തിരിച്ചു പോരുമ്പോൾ കടക്കാരൻ 
ചെക്കൻറെ ദാഹം കണ്ണിലൂടെ ഒലിച്ചിറങ്ങി അരയിൽ 
എത്തി നിൽക്കുന്നതായി തോന്നാറുണ്ട് 
പിന്നെ, മാമ്പഴം വിൽക്കുന്നവൻ, റിക്ഷക്കാരൻ 
എല്ലാവരും കൊത്തിവലിക്കുന്ന കഴുകൻമാരാവും 

കുടുസുമുറിയിലെ കട്ടിലിന്റെ താളാത്മകമായ 
ചലനത്തിനോടുവിൽ മാന്യമായ ജോലിക്ക് 
മാന്യമായ കൂലി കൊടുത്തു കടന്നു പോകുന്ന 
മാന്യന്മാർക്കിടയിൽ, ആർക്കോ വേണ്ടി  പിഴച്ചവൾ 
എന്നൊരു നീണ്ട നെടുവീർപ്പോടെ തളർന്നൊരു മയക്കം.... 


2015, ജൂൺ 18, വ്യാഴാഴ്‌ച

അന്തരംപെയ്യാതെ നിൽക്കുന്ന ഓരോ മേഘത്തിലും 
പറയാത്ത ഒരു കഥയുണ്ടാവാം 
നിനക്കും എനിക്കുമിടയിൽ കനക്കുന്ന 
ഈ മേഘങ്ങൾ പറയാതെ പോകുന്ന  കഥ പോലെ 

അന്ന് വർഷകാലരാത്രികളിൽ ഒറ്റ മുറിയിൽ 
കണ്ണീരിന്റെ കമ്പളം പുതച്ചു ഉറങ്ങിയിരുന്നു നമ്മൾ 
പിന്നെയുള്ള പുലരിയിൽ കപടമായ ചിരിയോടെ 
പരസ്പരം എന്തൊക്കെയോ ഒളിക്കാൻ ശ്രമിച്ചിരുന്നു 

നിൻറെ മൗനമെന്നതു എന്നത്തേയും പോലെ 
എന്നെ ഇന്നും വല്ലാതെ പൊള്ളിക്കാറുണ്ട് 
അതിനർത്ഥം നിന്റെ തെറ്റിപോയ കണക്കുകൂട്ടലുകൾ 
തന്നെയെന്നു ഇനിയും തിരിച്ചറിയാൻ വൈകുന്നതെന്ത്?

ഇന്നും നിനക്ക് കുടഞ്ഞിട്ടു കെട്ടിയെടുക്കാൻ 
എൻറെ മാറിൽ ചൂട് ബാക്കിയാണ് 
എന്റെ ഞാനെന്ന ഭാവവും നിന്റെ ഞാനെന്ന ഭാവവും  
 തമ്മിലുള്ള ദ്വന്ദയുദ്ധത്തിൽ തുല്യശക്തരായ 
നമ്മിലെ പോരാളികൾ യുദ്ധം തുടർന്നുകൊണ്ടേ ഇരിക്കുന്നു 

അങ്ങകലെ നമുക്കായി കാത്തുനിൽക്കുന്ന ഒരു കുടിലിൽ 
ഇനിയും അണഞ്ഞിട്ടില്ലാത്ത ഒരു മണ്‍വിളക്കുണ്ട് 
അതിലെ തിരി നീ നീട്ടുമെന്ന് ഞാനും 
ഞാൻ നീട്ടുമെന്ന് നീയും മത്സരിക്കുമ്പോൾ   
 കരിന്തിരി കത്തുമോ എന്ന ഭീതി മനസ്സിൽ കനക്കുന്നെങ്കിലും 
എനിക്ക് തോൽക്കാൻ മനസില്ല... 
നിനക്ക്  ഒന്ന്  ശ്രമിച്ചു നോക്കാം ......

2015, ജൂൺ 15, തിങ്കളാഴ്‌ച

തുരുത്ത്ഒരിക്കൽ ഒരു നാട്ടിൽ,
നിഷ്കളങ്കതയിൽ മിഴികൾ വിടർത്തി നോക്കുന്ന 
ഒരു വെളുത്തസുന്ദരിക്കുട്ടിയുണ്ടായിരുന്നു 
എപ്പോഴും തിരക്കുപിടിച്ചു കളികളിൽ രസിച്ചു 
സ്വയം മറന്നിരിക്കുന്ന അവളെ അമർത്തി ഉമ്മ വെച്ച് 
ദേഷ്യം പിടിപ്പിക്കുന്ന മറ്റൊരു പെണ്‍കുട്ടിയും 

അവർക്കിടയിൽ സ്നേഹം എന്നത് വഴക്കുകളും 
പിണക്കങ്ങളും ഇണക്കങ്ങളും പൊട്ടിച്ചിരികളും മാത്രം 
കൗമാരത്തിൽ പിരിയാത്ത സൗഹൃദമായിരുന്നു സ്നേഹം 
അടക്കം പറച്ചിലുകളിലേക്ക് വഴിമാറിയ അടക്കിപിടിക്കലുകൾ;

പക്ഷെ കാലം മെരുക്കിയെടുത്ത യൗവനത്തിൽ 
അവരിലൊരാൾ ഒറ്റപ്പെട്ട ഒരു തുരുത്തായി രൂപാന്തരപ്പെട്ടു 
എന്തിൽ  നിന്നൊക്കെയോ രക്ഷപെടാനുള്ള വ്യഗ്രതയിൽ 
രാജ്യവും പരിവാരങ്ങളും അകലങ്ങളിൽ ഉപേക്ഷിച്ചു 
ആർക്കും എത്തിപ്പെടാൻ പറ്റാത്തൊരു തുരുത്തായി 
എല്ലാവരാലും എതിർക്കപ്പെട്ടു ജീവിച്ചു പോന്നപ്പോൾ 
 മറ്റേയാളാവട്ടെ  എല്ലാവരാലും വാഴ്ത്തപെട്ട 
ഒരു നാട്ടുരാജ്യമായി ക്രമേണ രൂപം മാറി 

 തുരുത്തിലെക്കുള്ള വഴി മുറിഞ്ഞു പോയതിനാൽ 
ശിഷ്ടകാലം ഒരു കൂടിച്ചേരൽ സാദ്ധ്യമോ 
എന്ന ആകുലത ബലപ്പെട്ടിരിക്കുന്നു 
പുതിയ വഴികൾ നിർമ്മിക്കാൻ താൽപര്യമില്ലാത്തതു  കൊണ്ടും 
ഇനിയൊരു തിരിച്ചു വരവിനുള്ള  സാധ്യത തുലോം 
കുറവായതു കൊണ്ടും അവർ തമ്മിൽ ഒരു സംഗമം
 അസാദ്ധ്യം എന്നുള്ളതാണ് കഥാന്ത്യം...........
2015, ജൂൺ 12, വെള്ളിയാഴ്‌ച

പ്രണയവും രതിയും
പ്രണയവും രതിയും ആണിന് മാത്രം പറഞ്ഞിട്ടുള്ളതാണെന്നുള്ളതാണ് അലിഖിത നിയമം.  പ്രണയമാണെന്ന് ഒരു ആണ്‍കുട്ടി പറയുമ്പോൾ താഴെ നോക്കി നിന്ന് കാലുകൊണ്ട്‌ ക്ഷ, ണ്ണ, ത്ത, ട്ട വരച്ചു എനിക്കും ഇഷ്ടമാണ് ചോട്ടാ എന്ന് പറയാതെ പറയുന്ന  ശാലീനസുന്ദരിയായ  പെണ്‍കുട്ടിയാണ് ഒട്ടുമിക്ക ആണ്‍കുട്ടികളുടെയും സ്വകാര്യമായ ആഗ്രഹം.  ഇനി അതിനു പകരം അവൾ അത് നിഷേധിച്ചാലോ?  എന്തു കൊണ്ട് നിനക്കെന്നെ പ്രണയിക്കാൻ കഴിയുന്നില്ല?  കാരണം എന്താണ്?  വന്ദനം മൂവിയിൽ മോഹൻലാൽ പറയുന്നത് പോലെ ഈ ചക്കരകുട്ടനെ പ്രണയിക്കാതിരിക്കാൻ ഗാഥക്ക് കഴിയില്ല എന്ന ലൈനിൽ തുരുതുരാ ഡയലോഗ്.  ഒടുക്കം ഒരു രക്ഷയുമില്ലെന്നു വരുമ്പോൾ പിന്നെ പരിഹാസങ്ങൾ, കുറ്റപ്പെടുത്തലുകൾ, സ്വയം താഴ്ത്തികെട്ടി ഞാൻ പോരാ അല്ലെ?  എനിക്കറിയാം സൗന്ദര്യം, പഠിപ്പ്, ഇതൊക്കെ കുറവാണ് അതല്ലേ?  ഇങ്ങനെ പോകും.  ഇതിനൊക്കെ അപ്പുറം ഞാൻ പ്രണയിക്കുന്ന ജീവിക്ക് മനസ്സ്, ഇഷ്ടങ്ങൾ, താല്പര്യങ്ങൾ ഒക്കെ ഉണ്ടാവാം എന്നും, അതിനെ നിഷേധിക്കാൻ എനിക്ക് അവകാശം ഇല്ലെന്നും ചിന്തിക്കുന്ന എത്ര ആണ്‍കുട്ടികൾ ഉണ്ടാവും?  പ്രണയിച്ചിട്ടു ഒടുക്കം സോറി ചേട്ടാ എന്ന് പറഞ്ഞു പൊടിയും തട്ടി പോകുന്ന പെണ്‍കുട്ടികളേക്കാൾ എത്രയോ ഭേദമാണ് താൽപര്യമില്ല നമുക്ക് സുഹൃത്തുക്കളായി തുടരാൻ കഴിയില്ലേ എന്ന് ചോദിക്കുന്നവർ?


ഇനി പ്രണയിച്ചു തുടങ്ങിയാലോ, പതുക്കെ ഭരണം തുടങ്ങും.  സ്വന്തം ഇഷ്ടങ്ങൾക്കൊത്ത് പാവ കളിപ്പിക്കാൻ തുടങ്ങുകയായി.  നിയന്ത്രണങ്ങൾ, നിർബന്ധങ്ങൾ അങ്ങനെ ഓരോന്നായി പുറത്തിറക്കുന്നു.  പ്രണയം എന്നതിന്റെ  ശരിക്കുള്ള അർത്ഥമോ, വ്യാപ്തിയോ അറിയാറില്ല, അല്ലെങ്കിൽ അറിയാൻ ശ്രമിക്കാറില്ല.  പ്രണയത്തിന്റെ തലങ്ങൾ എന്തൊക്കെയാണെന്നും അറിയുന്നില്ല.  എല്ലാവരും പ്രേമിക്കുന്നു, ഞാനും.  പ്രണയത്തിൽ ബഹുമാനം ഉണ്ട്, പരിഗണനയുണ്ട്, കരുതലുണ്ട്, സ്നേഹമുണ്ട്, രതിയുണ്ട്.  എന്നാൽ ആദ്യത്തെ 3 ഘടകങ്ങൾ വളരെ കുറച്ചും രതി വളരെ കൂടുതലുമാണ് സാധാരണയായി കണ്ടു വരുന്നത് .  രതിയില്ലാതെയും തീവ്രമായി പ്രണയിക്കാൻ കഴിയുമെന്നു നമ്മൾ എന്നെങ്കിലും തിരിച്ചറിയുമോ?
എങ്കിലും പ്രണയത്തിൽ നിന്ന് രതിയിലെക്കുള്ളത് ശരിക്കും ഒരു നൂൽപ്പാലത്തിന്റെ അകലമാണ്. കാരണം പ്രണയമെന്നതിൽ ശാരീരിക ആകർഷണം ഒരു പ്രധാന ഘടകമാണ് എന്നത് തന്നെ.   മനോനിയന്ത്രണമാണ് പ്രണയത്തിൽ രതി കലർത്താതെ പ്രണയിക്കുന്നതിന്റെ രഹസ്യം  എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്.  


തീവ്രപ്രണയത്തിലൂടെയാണ് രതി ഏറ്റവും ഹൃദ്യമാവുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു.  സന്താനോൽപാദനത്തിനും, ജൈവീകചോദനക്കും  അപ്പുറം പ്രണയത്തിലും വിവാഹജീവിതത്തിലും രതിക്ക് സ്ഥാനമുണ്ടെന്ന് എന്ന് നമ്മൾ തിരിച്ചറിയുന്നുവോ അന്ന് മാത്രമെ  രതി എന്നത് അശ്ലീലം അല്ലാതാവുന്നുള്ളൂ.  വിവാഹജീവിതത്തിൽ വെറും ചടങ്ങിനപ്പുറം ഹൃദ്യമായ ഒരു അനുഭവമായി അത് മാറുകയാണെങ്കിൽ  പങ്കാളികൾക്കിടയിൽ അവരറിയാതെ തന്നെ പ്രണയം വളരുമെന്നും  ഐക്യവും സ്നേഹവും സന്തോഷവും ഉണ്ടാവുമെന്നും ഞാൻ വിശ്വസിക്കുന്നു.  അതിനു കുറച്ചൊക്കെ വിട്ടുവീഴ്ച ചെയ്യേണ്ടി വരും.  ഞാൻ എന്ന ഭാവവും, തിരക്ക് കൂട്ടലും മാറ്റി വെച്ച് എല്ലാ തരത്തിലുള്ള മുൻവിധികളും ഒഴിവാക്കി രണ്ടു വ്യക്തികളുടെ പ്രണയപൂർവമായ  കൂടിച്ചേരൽ ആയി രതിയെ മാറ്റിയെടുത്താൽ വിവാഹജീവിതത്തിലെ ഒട്ടുമിക്ക അസംതൃപ്തികളും ഒഴിവാക്കാം.  അതിനു പകരം ആണിന് താല്പര്യം തോന്നുമ്പോൾ 13 മിനിറ്റിൽ ചടങ്ങ് തീർത്തു തിരിഞ്ഞു കിടന്നു ഉറങ്ങുന്നത് മൃഗങ്ങൾ കാട്ടികൂട്ടുന്ന സന്താനോൽപാദന  പ്രക്രിയയിൽ  നിന്നും ഒട്ടും വ്യത്യസ്തമല്ല.  ഈ രീതിയിലുള്ള ഒരു അവസ്ഥയിലേക്ക് ഇത്രയും സുന്ദരമായ ഒരു വികാരത്തെ കൊണ്ടെത്തിച്ചതിൽ മതങ്ങളും സമൂഹവും വഹിച്ച പങ്കു ചില്ലറയല്ല. ആണ്മയുടെ അധിനിവേശപ്രദേശം മാത്രമായി പെണ്‍ശരീരത്തെ തീറെഴുതി കൊടുത്തു കീഴടങ്ങുന്ന, നികൃഷ്ടമായ അവസ്ഥയിലേക്ക് അധപതിക്കേണ്ടി വരുമ്പോൾ ഒരു പെണ്‍മനസിലുണ്ടാവുന്ന വെറുപ്പ്‌ ഒരിക്കലും അവളിൽ  നിന്ന് മാഞ്ഞു പോവില്ല.  അപ്പോൾ ഇതൊരു തുടർകഥ ആയാലോ?


നമ്മുടെ പരിഷ്കൃത സമൂഹത്തിൽ പോലും സ്ത്രീകൾ രതിയെ പറ്റി സംസാരിക്കുന്നതു തന്നെ വലിയ കുറ്റം ആണ്. അത് അവളുടെ കുലീനതയെയും അന്തസ്സിനേയും ഇടിച്ചു താഴ്ത്തി വളരെ മോശമായ ഒരു ഇമേജ് മറ്റുള്ളവരിൽ സൃഷ്ടിച്ചെടുക്കുന്നു.  ലൈംഗികതയെ പറ്റി തുടരെ കവിത എഴുതിയതിനു ഒരുവൻ ചേച്ചിക്ക് കഴപ്പാണ് അല്ലെ? എന്ന് ചോദിച്ചത്  ഒരു പെണ്‍കുട്ടി പോസ്റ്റ്‌ ചെയ്തത് ഓർക്കുന്നു.  വികാരം മൂത്ത് പൊട്ടാറായി  നിൽക്കുന്ന  സെക്സ് ബോംബ്‌ ആണ് ഇത്തരത്തിൽ പെട്ട ഓരോ പെണ്‍കുട്ടിയും.  സ്ത്രീകൾ അവരുടെ ലൈംഗികവിചാരങ്ങളോ വികാരങ്ങളോ തുറന്നു പറയുകയോ, സ്വയംഭോഗം ചെയ്യുകയോ, മറ്റൊരു സ്ത്രീയുമായി/ പുരുഷനുമായി   സെക്സിനെ പറ്റി ചർച്ച  ചെയ്യുകയോ ചെയ്യുന്നത്  വലിയ കുറ്റങ്ങൾ തന്നെയാണ്. മേൽപറഞ്ഞ കഴപ്പ് ആയിതന്നെയാണ് അവയും വേര്തിരിക്കപ്പെടുന്നത്‌.

കൊച്ചുപുസ്തകങ്ങളോ, കമ്പികഥകളോ, വികലമായ പോണ്‍ വീഡിയോകളോ  അല്ല.  പക്വമായ ലൈംഗിക വിദ്യാഭ്യാസവും,  സ്ത്രീയെന്നത്
എൻറെ ദാഹം തീർക്കാനുള്ള ശരീരമല്ലെന്നും അവൾക്കും മനസ്സും വികാരങ്ങളും വിചാരങ്ങളും ഉണ്ടെന്നും തിരിച്ചറിവുള്ള ഒരു പരിഷ്കൃതസമൂഹത്തെ വളർത്തി കൊണ്ട് വരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.  പ്രണയവും രതിയും ആഘോഷമാക്കുന്ന, ജീവിതം എന്തിനൊക്കെയോ വേണ്ടി,  ജീവിച്ചു തീർക്കാത്ത, സുന്ദരമായ യൗവനം അതിന്റെ എല്ലാ തുടിപ്പോടെയും കൊണ്ടാടുന്ന, ഒരു നല്ല തലമുറയുടെ കിനാചേരി. അതാണ് നമ്മൾ വളർത്തി എടുക്കേണ്ടത്.2015, ജൂൺ 9, ചൊവ്വാഴ്ച

സവർണത"സവർണത" എന്നത് കേവലം അഞ്ജത കൊണ്ടുണ്ടാവുന്ന ഒരു മനോഭാവം മാത്രമാണ്.  മുൻപ് പറഞ്ഞിട്ടുള്ളത് പോലെ ജന്മം കൊണ്ട് കിട്ടുന്ന നേട്ടങ്ങളെ, ഉദാഹരണമായി ഉന്നതകുലത്തിൽ ജനിക്കുക, സൗന്ദര്യത്തോടെ ജനിക്കുക, സ്നേഹമുള്ള മാതാപിതാക്കൾക്ക് ജനിക്കുക, പൂർണയായ പെണ്ണായി അല്ലെങ്കിൽ പൂർണനായ ആണായി ജനിക്കുക എന്നതെല്ലാം ഒരാളുടെയും മിടുക്ക് കൊണ്ട് കിട്ടുന്നതല്ല.  അപ്പോൾ അതിൽ അഹങ്കരിച്ചു മറ്റുള്ളവരെ പരിഹസിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നത് തികഞ്ഞ വിവരക്കേടാണ്.  വിദ്യാഭ്യാസം എന്നതിലൂടെ അർത്ഥമാക്കുന്നത്‌ വിവരം നേടുക എന്നത് കൂടിയാണ്.  തുറന്ന ചിന്ത, എല്ലാവരേയും ഒരേ രീതിയിൽ കാണാനുള്ള ഉൾക്കാഴ്ച്ച വളർത്തിയെടുക്കുക എന്നൊക്കെയാണ്.  അതിനു പകരം സവർണത ഒളിഞ്ഞും തെളിഞ്ഞും പ്രകടിപ്പിച്ചു വിദ്യ പകർന്നു നൽകുന്ന കലാലയങ്ങൾ, മാറി വരുന്ന ഈ യുഗത്തിനെ പിന്നെയും റിവേർസ് ഗിയറിൽ ഓടിക്കുകയാണ് ചെയ്യുന്നത്.  

കഥകളിൽ പോലും നമ്പൂതിരികുട്ടി, നായരുകുട്ടി എന്നല്ലാതെ പറയകുട്ടി, പുലയകുട്ടി എന്നൊന്നും കേട്ടിട്ട് കൂടിയില്ല.  ആദ്യം പറഞ്ഞ രണ്ടു പേരുകൾ കേൾക്കുമ്പോൾ തോന്നുന്ന ഒരു കുലീനത  ഇല്ലാഞ്ഞിട്ടോ അതോ പാർശ്വവൽക്കരിക്കപ്പെട്ടവരായതു കൊണ്ടോ എന്ന് അറിയില്ല.  എനിക്ക് ഒരുപാടു തവണ ശകാരവും ഒറ്റപ്പെടലും നേരിടേണ്ടി വന്നിട്ടുണ്ട് മേല്പറഞ്ഞ കുലീനത ഇല്ലാത്ത കുട്ടികളുമായുള്ള എൻറെ അടുപ്പം മൂലം.   ചെറുപ്പത്തിൽ എനിക്കൊരു കളികൂട്ടുകാരൻ ഉണ്ടായിരുന്നു അവൻറെ അച്ഛൻ ഒരു ബാർബർ ആയിരുന്നു.  അമ്മയും അമ്മൂമ്മയും ഒക്കെ വീട്ടിലെ പുറംപണിക്കാരും.  അവനെ പോലെ എന്നെ അന്ന് സ്നേഹിച്ചിരുന്ന ഒരു സുഹൃത്തും ഉണ്ടാവില്ല.  എന്തു ചോദിച്ചാലും അപ്പോൾ കൊണ്ടുതരും.  അവൻറെ കൂടെയുള്ള എൻറെ കറക്കത്തിന്‌ എപ്പോഴും എനിക്ക് ശിക്ഷ കിട്ടിയിരുന്നു.  ഇതു ബാല്യത്തിലെങ്കിൽ കൗമാരത്തിൽ ക്ലാസ്സിലുള്ള ഒരു താണ ജാതിക്കാരി (ജാതി സർട്ടിഫികറ്റിൽ)  കുട്ടിയുമായുള്ള എൻറെ അടുപ്പത്തിന് എനിക്ക് കിട്ടിയത് കടുത്ത ഒറ്റപ്പെടൽ ആയിരുന്നു.  എന്നിട്ടും എനിക്കതിൽ കുറ്റ ബോധം തോന്നിയിരുന്നില്ല. കാരണം " തങ്ങളിൽ തങ്ങളിൽ മുഖത്ത് തുപ്പും നമ്മൾ ഒന്നെന്നു ചൊല്ലും ചിരിക്കും"(നാറാണത്ത് ഭ്രാന്തൻ) എന്ന മട്ടിലുള്ള മേലാളബോധത്തിൽ  പെട്ട് നട്ടം തിരിയുന്നതിലും ഞാൻ സന്തോഷവതിയായിരുന്നു സൊ കോൾഡ്‌ കീഴാളരുമായുള്ള എന്റെ സൗഹൃദത്തിൽ. 

ഞാൻ പറഞ്ഞു വന്നത് ഇത്ര മാത്രം.  നമ്മൾ ഈ സവർണ അവർണ ബോധം കുട്ടിക്കാലം  മുതൽ കുത്തി വെച്ചാണ്‌ കുഞ്ഞുങ്ങളെ വളർത്തുന്നത്.  അത് മേലാളന്റെ കുട്ടിയിൽ ഒരു ആധിപത്യബോധവും കീഴാളകുട്ടിയിൽ അപകർഷതാ ബോധവും സൃഷ്ടിക്കുന്നു.  അത് ക്രമേണ വളർന്നു ഒരു അടിച്ചമർത്തലിലേക്ക് നീങ്ങുന്നു.  സമൂഹം മാത്രമാണ് ഇതിലെ കുറ്റവാളി.  എത്ര ഉന്നത വിദ്യാഭ്യാസം നേടിയിട്ടും ഇതിന്റെ  പൊള്ളത്തരം മനസിലാവാതെ  കുലമഹിമയും ജാതിഗുണവും പറഞ്ഞിരിക്കുന്നവർ പേരിനൊപ്പമുള്ള ജാതിവാൽ മാറ്റിയിട്ടാലും നീലകുറുക്കൻ തന്നെ.  കാരണം തക്കം കിട്ടുമ്പോൾ കൂവാൻ തോന്നും എന്നത് തന്നെ. പേരിലെ  ജാതിവാൽ അല്ല പ്രശ്നം.  മനസിലെ സവർണബോധമാണ്.  അതിലൂടെ ഉണ്ടാവുന്ന ഉൽകർഷതാബോധമാണ്.  ഭരിക്കാൻ എന്നും മനുഷ്യനുള്ള അടങ്ങാത്ത ആഗ്രഹം.  

2015, ജൂൺ 7, ഞായറാഴ്‌ച

വെറുതെ ഞാൻ ഇനി എന്തിനു മഴ നനയണം?

ഒരു തലനാരിഴയുടെ അകലത്തിൽ സൌഹൃദത്തിൽ നിന്ന് വെറുപ്പിലേക്ക്   വീഴാനോങ്ങി നിൽക്കുന്ന ചില ബന്ധങ്ങൾ.... 
എന്റെ ശരികൾ നിന്റെതല്ല; നിന്റെ ശരികൾ എന്റെതും 
നമുക്കെന്നൊരൊറ്റ ശരി പോലും ഇന്നു വരെ കണ്ടു പിടിക്കപെട്ടിട്ടേ ഇല്ല താനും..

അപ്പോൾ എന്നിൽ നീ പ്രത്യക്ഷത്തിൽ ആരോപിക്കുന്ന സൽഗുണങ്ങളും പരോക്ഷമായി പുകഴ്ത്തുന്ന ദുർഗുണങ്ങളും പ്രസക്തമാവുന്ന മണ്ഡലം
എന്റെ ചക്രവാളത്തിനും അപ്പുറമുള്ള ഇരുണ്ട ഏതോ ലോകം മാത്രം...

എന്നെ വാർത്തെടുക്കാൻ പുതിയ അച്ചു തേടുന്നതിലും എളുപ്പമാണ്
ഒരു കടൽ കുടിച്ചു വറ്റിക്കുക എന്നത് 

സമയവുമായുള്ള ഓട്ടപന്തയത്തിൽ നൈരന്തര്യങ്ങളിൽ നിന്നൊറ്റ പെട്ടു 
ഓടി എത്താവുന്ന തുരുത്തുകളിൽ;
പങ്കുവെയ്ക്കപെട്ട നിമിഷങ്ങൾ വ്യർഥമാണെന്ന് മച്ചിലിരുന്നൊരു പല്ലി ചിലക്കുന്നുണ്ട്..

എവിടെയോ മഴ പെയ്യുന്നുണ്ടാവാം...
ഒരു വിഡ്ഢിയെ പോലെ വീണ്ടും വീണ്ടും 
അതു നനഞ്ഞു പനിച്ചു കിടന്നു
എന്റെ ദിനങ്ങൾ ഞാനെന്തിനു പാഴാക്കണം?
അല്ലെങ്കിൽ തന്നെ ഏതു മഴയിലാണ് 
ഇതു വരെ ഞാൻ പനിക്കാതിരുന്നിട്ടുള്ളതും  ദിവസങ്ങൾ പാഴായി  പോകാതിരുന്നിട്ടുള്ളതും ..

വെറുതെ  ഞാൻ  ഇനി എന്തിനു മഴ നനയണം?

2015, ജൂൺ 6, ശനിയാഴ്‌ച

സ്ത്രീ ശാക്തീകരണത്തിൽ മനുസ്മ്രിതിയുടെ പ്രസക്തി


ഇന്ന് ഒരു സിംഗപൂര്യൻ ഓണ്‍ലൈൻ പത്രത്തിൽ വന്ന  ആർട്ടിക്കിൾ വായിച്ചിരുന്നു.  കുറച്ചു ദിവസങ്ങൾക്കു മുൻപ് മയക്കുമരുന്ന് കള്ളകടത്ത് നടത്താൻ ശ്രമിച്ചവർക്ക് നേരെ ഉണ്ടായ പോലീസ് വെടിവെയ്പിൽ ഒരാൾ കൊല്ലപ്പെട്ടു.  അയാളുടെ ഭാര്യയുമായുള്ള ഇന്റർവ്യൂവിൽ  ആ സ്ത്രീ പറയുന്നു.  പോലീസ് ചെയ്തതിനെ ശരി വെയ്ക്കുന്നു.  എങ്കിലും അതെനിക്ക് ഫെയർ അല്ല. എന്നിരുന്നാലും ഞാനിങ്ങനെ തന്നെ എന്റെ കുഞ്ഞിനേയും വളർത്തി ജീവിക്കും. അപ്പോൾ പെട്ടെന്ന് ഓർമ്മ വന്നത്  ഇന്ത്യ കണ്ട ഏറ്റവും ഹീനമായ ബലാത്സംഗകേസുകളിൽ ഒന്നിലൂടെ കുപ്രസിദ്ധി ആർജിച്ച ഒരു ക്രിമിനലിന്റെ ഭാര്യയുടെ വാക്കുകളാണ്.  നിങ്ങൾ അയാളെ തൂക്കികൊന്നാൽ ഞാനും കുഞ്ഞും ആത്മഹത്യ ചെയ്യും.  രണ്ടു നാടുകളിലെ സ്ത്രീകളുടെ അവസ്ഥകളിലുള്ള വൈരുദ്ധ്യം  ആണ് ഈ രണ്ടു പ്രതികരണങ്ങളും. രണ്ടു പേരും വളർന്ന സാഹചര്യങ്ങൾ, ജീവിതാനുഭവങ്ങൾ അതെല്ലാം പൂര്ണമായും ഒരു താരതമ്യപെടുത്തലിനു  യോജിച്ചു പോവാത്തതും ആണ്.  പക്ഷെ ഇതിലെ വിഷയം ഒരു സ്ത്രീ പുരുഷനിൽ കണ്ടെത്തുന്ന അഭയകേന്ദ്രം എന്ന അവസ്ഥയാണ്‌.  എത്ര ഹീനമായ കുറ്റം ചെയ്താലും അവൻ എൻറെ ഭർത്താവാണ് എന്റെ കുഞ്ഞിന്റെ അച്ഛനാണ്, അവനില്ലാതെ എനിക്കൊരു ജീവിതമില്ല( ഇപ്പോഴുള്ള ജീവിതം നരകമാണ് എന്നത് വേറെ വിഷയം). ഈ രീതിയിൽ പ്രതികരിക്കുന്നതിൽ മേലെക്കിടയിലും താഴെക്കിടയിലും ഉള്ള എല്ലാ സ്ത്രീകളും ഒരേ നിലപാടുകാരാണെന്നുള്ളത് ചില രാഷ്ട്രീയക്കാരുടെ സ്ത്രീപീഡന കേസുകൾ പുറത്തു വന്നപ്പോൾ എല്ലാവരും കണ്ടതാണ്.  


എല്ലാ പെണ്‍കുട്ടികളും വിട്ടുവീഴ്ചകൾക്ക് തയ്യാറായി തുടങ്ങുന്നത് വിവാഹാനന്തരമാണ്.  സ്വന്തം സഹോദരങ്ങളുമായി ചെറിയ കാര്യങ്ങൾക്കു പോലും വഴക്കിടുകയും ഒരു വിട്ടുവീഴ്ചയും ചെയ്യാതിരിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികൾ പോലും വളരെ ഭംഗിയായി   വിവാഹാനന്തര അടിച്ചമര്ത്തലുകളോട് പൊരുത്തപ്പെടുന്നതു കാണാം.    സ്വന്തമായി അഭിപ്രായങ്ങളോ താൽപര്യങ്ങളോ ഒന്നുമില്ലാത്ത ഒരു തരം അടിമത്വത്തിലേക്കു സ്വയം തരം താഴ്ത്തുന്ന അല്ലെങ്കിൽ താഴ്ത്തപ്പെടുന്ന  അവസ്ഥയാണോ വിവാഹം എന്ന കൊട്ടിഘോഷിക്കുന്ന ആചാരത്തിന്റെ പരിണതഫലം?  നീ ഇനി ജോലിക്ക് പോകേണ്ട.  നീ ആ സാരി ഉടുക്കേണ്ട.  അവനുമായി അടുക്കേണ്ട.  ഇങ്ങനെ ഒരു നൂറു താക്കീതുകളാണ് വിവാഹിതകളായ പെണ്‍കുട്ടികൾക്ക് മദനോത്സവങ്ങൾ കഴിയുമ്പോൾ കിട്ടി തുടങ്ങുന്നതെന്ന് ഒരുപാടു തവണ കേട്ടിരിക്കുന്നു.   ഒരു ഉന്നത ബിരുദ ധാരിയായ പുരുഷ സുഹൃത്ത്‌ ഒരിക്കൽ എന്നോട് പറഞ്ഞു.  എന്തിനാണ് തന്നെ കുറ്റം പറയുന്നത്?  തന്നെ ഇങ്ങനെ കയറൂരി വിട്ടിരിക്കുന്ന തൻറെ ഭർത്താവിനെ പറഞ്ഞാൽ  മതി.  എന്നെ കെട്ടിയിടാൻ കഴിവില്ലാത്ത ആ പാവത്തിനോട് അനേകർക്കുള്ള സഹതാപത്തിൽ ഒന്ന് മാത്രമാണിത്.  എന്ന് വെച്ചാൽ ആണെന്ന മഹാവൃക്ഷത്തിന്റെ തണലിൽ  മാത്രം ഒതുങ്ങി കൂടേണ്ടവളാണ്  പെണ്ണ്.  അതാണ് അലിഘിത നിയമം.  അക്കാര്യത്തിൽ ഇന്ത്യയിൽ എല്ലാവരും സമന്മാർ  ആണ്.  ഹൈ ക്ലാസ്സ്‌, മിഡിൽ ക്ലാസ്സ്‌, ലോ ക്ലാസ്സ്‌ എല്ലാവർക്കുമുള്ള ഏക വികാരം.  അത് അതിര് വിടുമ്പോൾ പൊട്ടിത്തെറികൾ ഉണ്ടാവുന്നു .  വിവാഹ മോചനങ്ങൾ ഉണ്ടാവുന്നു.  അപ്പോഴും സമൂഹം പെണ്ണിനെ നേര് വഴിക്ക് നടത്താൻ നോക്കും.  ഒരുപാടു കുടുംബ കലഹങ്ങൾ  ഒത്തുതീർപ്പാക്കിയിട്ടുള്ള ഒരു ടി വി പ്രോഗ്രാമിൽ അവതാരിക അതിലെ അന്നത്തെ ഇരയോട്‌ ചോദിക്കുന്നത് കേട്ടു, ഭർത്താവിനു താൽപര്യമില്ലാത്ത ആൾക്കാരുമായി സംസാരിക്കണമെന്ന് കുട്ടിക്കെന്താ ഇത്ര നിർബന്ധം?  അതൊരു വലിയ ചോദ്യമാണ്.  അയാൾ പറയുന്നത് എല്ലാം അക്ഷരം പ്രതി കേൾക്കാൻ ബാധ്യസ്ഥയാണെന്നുള്ള കരാറിൽ ഒപ്പിട്ടു വിവാഹം കഴിച്ചിട്ട് ഇപ്രകാരം ചെയ്യുന്നത് കടുത്ത നിയമലംഘനം തന്നെയാണ്.   

മറ്റുള്ളവർ എന്ത് പറയും എന്നുള്ള ഭയമാണ് കൂടുതൽ പുരുഷന്മാരും ഈ രീതിയിൽ ഒരു മേധാവിത്വ മനസ്ഥിതി വെച്ച് പുലർത്തുന്നതിന്റെ  പ്രധാന കാരണം.  പ്രവാസിയും, സദാചാരബോധം ഇല്ലാത്തവനും  സർവോപരി  നിഷേധിയുമായ എന്റെ ഒരു  സുഹൃത്തിനോട്‌ സ്വന്തം ഭാര്യയെ നല്ല വസ്ത്രം ധരിപ്പിച്ചു മര്യാദയ്ക്ക് നടത്താൻ നിരന്തരം ഉപദേശിക്കുന്ന അഭ്യുദയകാംക്ഷികളെ ഭയന്ന് ഉത്തരേന്ത്യയിൽ വളർന്ന അയാളുടെ ഭാര്യ  കേരളത്തിൽ പോകാൻ പോലും മടിക്കുന്നു എന്ന് കേട്ടു.  നേരാം വണ്ണം സാരി ഉടുക്കാൻ ഇപ്പോളും അറിയാതെ,  മൂടും മുലയും ആവും വിധം പുറത്തു കാട്ടി നടക്കുന്ന ടീംസ് ആണ് സ്ലീവേലെസ്സ് ടോപ്‌ എടുന്നതിനെ വിമർശിക്കുന്നത് എന്നുള്ളതാണ് ഇതിലെ വിരോധാഭാസം.  

കുറെ കാലം മുൻപ് കലാപരമായി ഒരുപാടു കഴിവുകൾ ഉണ്ടായിരുന്ന ഭാര്യയെ വിവാഹശേഷം തളച്ചിട്ട ഒരു പ്രമുഖ നടനെ പ്രകീർത്തിച്ചു കൊണ്ട് ഒരു ലേഖനം വായിക്കുകയുണ്ടായി .  അതിൽ 14 വർഷത്തെ അസ്വാതന്ത്ര്യത്തെ ആ സ്ത്രീ പൊട്ടിച്ചെറിഞ്ഞതിൽ കേരളമൊട്ടാകെ അമർഷം രേഖപ്പെടുത്തിയതായി കണ്ടു. അതിൽ നിന്ന് വ്യക്തമാവുന്നത്  വിവാഹ ജീവിതത്തിൽ എപ്പോഴും സ്ത്രീയാണ് പൊരുത്തപെടേണ്ടത് എന്നത് മാത്രമാണ്.  കാരണം കുഞ്ഞുങ്ങൾ സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമാണ്.  അവനു നീ അല്ലെങ്കിൽ മറ്റൊരു പെണ്ണ്.  ഈ കുഞ്ഞുങ്ങളെയും കൊണ്ട് നീ എന്ത് ചെയ്യും? എങ്ങനെ ജീവിക്കും?  ഇങ്ങനെ ദീർഘ ദർശികളുടെ ചോദ്യങ്ങൾക്ക് മുന്നിൽ പതറി പോകുന്ന പെണ്‍കുട്ടികൾ ബന്ധം നിലനിർത്താൻ എന്തു വിട്ടു വീഴ്ചയും ചെയ്യും.  അത് ഭർത്താവിന്റെ പരസ്ത്രീ ബന്ധം ആയാലും, ശാരീരികവും മാനസികവും ലൈംഗികവുമായ പീഡനങ്ങൾ ആയാലും.  നമ്മൾ അങ്ങനെ ആണ് പെണ്‍കുട്ടികളെ വളർത്തി കൊണ്ട് വരുന്നത്.  അമ്മമാരാണ് ശരിക്കും പെണ്‍കുട്ടികളെ ഈ രീതിയിൽ ട്യുണ്‍  ചെയ്തെടുക്കുന്നതിൽ മുൻപന്തിയിൽ.  അച്ചടക്കം എല്ലാ പെണ്‍കുട്ടികൾക്കും നിര്ബന്ധമാണ്.  ഉറക്കെ ചിരിക്കാനോ കരയാനോ പാടില്ല.  ഒന്നും പുറത്തു പറയാൻ പാടില്ല.  ഈ രീതിയിൽ വളർത്തപ്പെടുന്ന പെടുന്ന പെണ്‍കുട്ടികൾ അവർക്ക് നേരെ ഉണ്ടാകുന്ന എല്ലാ ആക്രമണങ്ങളും നേരിടുന്നതിൽ പരാജയപ്പെടുന്നു.  അഥവാ അവർ പ്രതികരിച്ചാലും അവർക്ക് കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും പിന്തുണ  ലഭിക്കാതെ വരുമ്പോൾ തകർന്നു പോവുകയും ചെയ്യുന്നു.  ഇതൊന്നും തിരിച്ചറിയാതെ  മറ്റെന്തൊക്കെയോ ആണ്   സ്ത്രീ ശാക്തീകരണം എന്ന ലേബലിൽ നമ്മൾ വിറ്റഴിച്ചു കൊണ്ടിരിക്കുന്നത്.

ഈയിടെ ഒരു സിനിമയിൽ കേട്ട പോലെ എന്ത് കൊണ്ടാണ് ഇന്ത്യൻ ഭരണ നേതൃത്വത്തിന്റെ തലപ്പത്ത് വനിതനേതാക്കൾ കുറയുന്നത്? സ്ത്രീകൾക്ക് ബുദ്ധി കുറവാണോ?  അതോ അവർക്ക് തല്പര്യമില്ലാഞ്ഞിട്ടോ? ഉത്തരം ലളിതമാണ് "പിതാ രക്ഷതി കൌമാരേ, ഭർത്താ രക്ഷതി യൌവനേ, പുത്രോ രക്ഷതി വാർധക്യെ, ന സ്ത്രീ സ്വാതന്ത്ര്യമർഹതി..."  സ്ത്രീ എന്ന വസ്തു  ഒരിക്കലും സ്വാതന്ത്ര്യം അർഹി ക്കുന്നില്ല.

2015, ജൂൺ 2, ചൊവ്വാഴ്ച

വിവാഹമെന്നാൽ.....ഞാൻ: ഏട്ടാ, ഏട്ടൻ അറിഞ്ഞോ,  മരിറ്റൽ റേപ് എന്നൊരു സംഭവമേ ഇല്ലെന്ന്.  

ഏട്ടൻ: ഇതിൽ എന്താണിത്ര പുതുമ?  മീരാ നീ കുറെ കൂടി വിശാലമായി ചിന്തിക്കണം. ഒരു ഉദാഹരണം പറയാം. ഞാൻ ഒരു പ്രോപർട്ടി വാങ്ങുന്നു. അത് പിന്നെ എനിക്ക് "സ്വന്തമാണ്".  നോട്ട് ദി പോയിന്റ്‌.  എനിക്ക് സ്വന്തമാണ്. അതിന്മേലുള്ള പൂർണ അവകാശം എനിക്ക് മാത്രമാണ്. എനിക്കറിയാവുന്നതെല്ലാം ഞാൻ അതിൽ പ്രയോഗിക്കും.  അതെങ്ങനെ റേപ് ആവും?  റേപ് എന്ന് വെച്ചാൽ എൻറെ സ്വന്തം അല്ലാത്തതിനെ ബലം പ്രയോഗിച്ചു ആഗ്രഹപൂർത്തിക്ക് ഉപയോഗിക്കുകയാണ്.  രണ്ടും താരതമ്യപ്പെടുത്താൻ പോലും പറ്റില്ല.  

ഞാൻ : ഏട്ടാ, രമ്യ പറയുവാ, അവളുടെ ഭർത്താവു കല്യാണം കഴിഞ്ഞുള്ള ആദ്യദിവസം തന്നെ മൂന്നു വട്ടം സെക്സ് ചെയ്തെന്നു.  അവൾ ഷോക്ക്‌ ആയത്രേ.  
ഏട്ടൻ: അതിൽ ഷോക്ക്‌ ആവാൻ എന്താണ് ഉള്ളത് ?  അവൻ ഇത്ര കാലം പിടിച്ചു നിന്നത് എങ്ങനാണെന്നു അവനറിയാം.  അപ്പോഴാണ് ഒരു ബിസിനസ്‌ ഒത്തു കിട്ടിയത്.  ഒരുപാടു കാശും ആഗ്രഹം തീർക്കാൻ ഒരു ശരീരവും.  വിവാഹം നല്ലൊരു ബിസ്സിനെസ്സ് ആണ് നമ്മുടെ നാട്ടിൽ.  കാശും പെണ്ണും.  

ഞാൻ: അവൻ പോണ്‍ മൂവികളിൽ കാണുന്ന പോലൊക്കെ എല്ലാം ചെയ്യിച്ചത്രേ.  നല്ല വേദന ആയിരുന്നു എന്നാണ് അവൾ പറഞ്ഞത്. അറപ്പ് തോന്നിയെന്നും പാവം പറയുന്നത് കേട്ടു.  എനിക്ക് സങ്കടം വന്നു. 
ഏട്ടൻ: അവൾക്കു തന്റേടം ഉണ്ടെങ്കിൽ പോണിൽ കാണുന്നതെല്ലാം അവനെ കൊണ്ടും ചെയ്യിക്കാൻ അവളോട്‌  പറയു.   

ഇല്ല.. അവൾ പറയില്ല.  കാരണം അവൾക്കു അവനെ ഭയമാണ്.  എതിർത്താൽ വിവാഹം ഒഴിയുമോ എന്നുള്ള ഭയം.  ഒഴിഞ്ഞാൽ എങ്ങനെ ജീവിക്കും എന്നുള്ള ഭയം.  കുഞ്ഞുണ്ടെങ്കിൽ അതിന്റെ  ഭാവി എന്താകും എന്ന ഭയം.  വീട്ടുകാർ, നാട്ടുകാർ എന്നിവർ കുറ്റപ്പെടുത്തും എന്നുള്ള ഭയം.  ഒറ്റയ്ക്ക് കഴിഞ്ഞാൽ സദചാരക്കാരുടെ വേട്ടയാടലിനെ ഓർത്തുള്ള ഭയം. അനിയത്തിയുടെ ഭാവി, അച്ഛൻറെ വേവലാതികൾ, അമ്മയുടെ കുറ്റപ്പെടുത്തലുകൾ.  അവൾക്കു ഒരുപാടു കാരണങ്ങളുണ്ട്.

ഇതൊരു ഒറ്റപ്പെട്ട കഥയല്ല.  ഇതിന്റെ പല പല വേർഷൻസ് ഞാൻ കേട്ടിട്ടുണ്ട്.  ഓരോ പെണ്‍കുട്ടിയും  എല്ലാം സഹിക്കുന്നതിനു ഇങ്ങനെ ഒരുപാടു കാരണങ്ങളുണ്ട്.  ധൈര്യമോ, തന്റെടമോ ഇല്ലാത്തത് കൊണ്ടും സേഫ് സോണ്‍ നഷ്ടപ്പെടുന്നത് കൊണ്ടും എല്ലാ പീഡനങ്ങളും സഹിച്ചു കഴിഞ്ഞു പോവുന്ന ഉത്തമ നാരീരത്നങ്ങളെയും മറുവശത്തു എല്ലാം പൊട്ടിച്ചെറിഞ്ഞു സ്വസ്ഥമായതിന്റെ പേരിൽ സമൂഹത്താൽ വേട്ടയാടപ്പെടുന്ന കുലടകളെയും നമുക്ക് കാണാൻ കഴിയും.  ഇതിൽ നിന്നൊരു മോചനം നിയമപരമായി പോലും കിട്ടാൻ വഴിയില്ലാത്ത നാട്ടിൽ മനുസ്മ്രിതി പാടിയും പഠിപ്പിച്ചും നമുക്ക് വളർന്നു വരുന്ന തലമുറയെ മെരുക്കി വളർത്താം. ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ എന്ന് വിശ്വസിക്കുന്നവരെ പടിക്ക് പുറത്താക്കി സ്വസ്ഥമാവാം.