Follow by Email

2015, മേയ് 9, ശനിയാഴ്‌ച

ജനാധിപത്യം മഹത്തരം തന്നെ

ജനാധിപത്യം എന്നെ നോക്കി വെറുതെപല്ലിളിക്കുന്നു 
 ഇന്നലെയും കൂടി ...കുറെയായി ഇതു തുടങ്ങിയിട്ട്‌; 
ആദ്യം പാസ്പോർട്ടിനു അപേക്ഷിച്ചപ്പോൾ പഴയൊരു കുടിപ്പക തീർത്തു 
നശിപ്പിച്ച ഒരു അവസരത്തിന്റെ രൂപത്തിൽ ... 
പിന്നെ കറുത്ത കോട്ടിനുള്ളിലെ വിശ്വാസവ ഞ്ചനയാൽ
 കള്ളക്കേസിൽ കുടുങ്ങിയ ഒരു  മനുഷ്യന്റെ ഇപ്പോഴും തീരാത്ത കണ്ണീരായി.. 


എനിക്ക്  പുറത്ത് ..... 
 പാവപ്പെട്ടവന്റെ നിഷേധിക്കപ്പെടുന്ന നീതിയും ജീവിതവുമായി ....
പണക്കാരൻറെ  ഭാണ്ഠത്തിലെ അവിഹിത  സമ്പാദ്യമായി..
എന്‍െറ് അറിവിന്‍െറ പരിമിതികള്‍ക്കുളളില്‍ ഞാന്‍ തളച്ചിടപ്പെട്ടിരിക്കുന്നു.
ജനാധിപത്യമെന്നാല്‍ സമത്വം എന്നില്ലെന്ന ചില അരാഷ്ട്രീയ ബുദ്ധി ജീവികളുടെ 
വാദത്തില്‍ തട്ടി എന്‍റെ അഞ്ജതയുടെ കൊമ്പു മുറിയുന്നു


പോയ ജീവിതങ്ങളുടെ ഭാണ്ഠം തുറന്നു ഞാന്‍ വീണ്ടും നോക്കുന്നു
കുടിയൊഴിപ്പിക്കപെട്ടവര്‍,രക്ത സാക്ഷികളാക്കപെട്ടവര്‍
ജീവിതം നിഷേധിക്കപ്പെട്ടവർ,തെരുവിന്റെ മക്കൾ.. പട്ടിക നീണ്ടു പോവുന്നു.
രാഷ്ട്രീയ ബുദ്ധിജീവികള്‍ മറുപക്ഷക്കാരന്‍െറ തെറ്റുകളെ  മാത്രം ചൂണ്ടി കാണിക്കുന്നു;
സ്വന്തം കൂട്ടത്തിലെ രാഷ്ട്രീയകോമരങ്ങളെ സാധൂകരിക്കാൻ പഴുതുമായി..
അവന്റെ ചോരക്കു എന്റെ ചോരയുടെ നിറമല്ലെന്ന് ഉറപ്പിക്കുന്നു...
ക്ഷുഭിത യൗവനം തെരുവില്‍ ജീവിക്കുന്നവനും, കാട്ടില്‍ ജീവിക്കുന്നവനും
 ചേരിയില്‍ ജീവിക്കുന്നവനും, മനസിലാവാത്ത പ്രത്യയ ശാസ്ത്രങ്ങള്‍ 
പറഞ്ഞു കാടു കയറി പോവുന്നു...


പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവനെ നോക്കി ഞാനുള്‍പ്പെട്ട സവര്‍ണ്ണ മേധാവിത്വം 
പേനാതുമ്പിലൂടെ ഉദ്ധരിക്കാന്‍ ആഹ്വാനം  നടത്തുന്നു
 ചേരിയുടെ ഓരത്തിരുന്നു ചെരുപ്പു തുന്നുന്ന  കുട്ടി ...
അവന്റെ മുന്നിലൂടെ പോകുന്ന കൊടി വെച്ച കാറിലെ 
 എസിയുടെ ശീതളിമയിലിരുന്നു അഭിനവ നീറോമാര്‍ 
ബാലവേല നിരോധനത്തെപറ്റി കരടു രേഖ നിര്‍മ്മിക്കുന്നു.

കാടിന്‍െറ മക്കള്‍ക്കും കാടിന്‍െറ സമ്പത്തിനുമായി അഹോരാത്രം 
പണിയെടുക്കുന്ന ഭരണകൂടവും ജനങ്ങളും രാജാവു നഗ്നനാണെന്നു 
വിളിച്ചു പറഞ്ഞ കുട്ടിയെ കല്ലെറിയുന്നു
തെരുവുപട്ടികള്‍ മാത്രമാണു തെരുവില്‍ ഉറങ്ങാറുള്ളതെന്ന 
അല്‍പ ജ്ഞാനത്തില്‍  മുഴുകി വായില്‍ വെളളി 
കരണ്ടിയുളള മേലാള പരിഷകള്‍ കൊലപാതകിയായ, 
മനുഷത്വത്തിന്‍െറ മൊത്ത കച്ചവടക്കാരനെ തോളിലേറ്റുന്നു


അന്ധമായി നീണ്ടു പോവുന്ന ജനാധിപത്യ സംഹിതയിലെ അദ്ധ്യായങ്ങളിലും
 ഉപ അദ്ധ്യായങ്ങളിലും കാരണങ്ങള്‍ തിരഞ്ഞു നടന്നു  ഞാൻ തളര്‍ന്നു പോകുന്നു
പോയകാലത്തില്ന്‍റെ ചവറ്റു കുട്ടയില്‍ കയ്യില്ലാത്ത ഒരാള്‍,ദേഹം മുഴുവന്‍ 
വേട്ടേറ്റു മരിച്ച മറ്റൊരാള്‍ ,കൂട്ടകൊല ചെയ്യപെട്ട ന്യൂനപക്ഷങ്ങള്‍,
ജീവിക്കാനര്‍ഹതയില്ലാത്ത തെരുവു തെണ്ടികള്‍...
അവരെല്ലാം ജനാധിപത്യത്തിൻറെ  ശത്രുക്കള്‍ ആണ്...ദേശദ്രോഹികള്‍


പെണ്ണിന്‍റെ സാരി തുമ്പില്‍ അടിയുലഞ്ഞൊടുക്കം ശാന്തമാവുന്ന പ്രകമ്പനങ്ങള്‍, 
ആ  ഉലച്ചില്‍ വീണു പോവാതിരിക്കാന്‍ കസേരകളില്‍ മുറുകെ പിടിച്ചു
 മാനം രക്ഷിക്കുന്ന ചിലര്‍..
ജനാധി പത്യം പഠിക്കാന്‍ മുതലാളിത്ത രാജ്യങ്ങളടക്കം പര്യവേക്ഷണം 
നടത്തി തളര്‍ന്നു പോയൊരു  സാധാരണക്കാരനിൽ  വരാനിരിക്കുന്ന 
വസന്തം സ്വപ്നം കാണുന്ന യുവത്വം...
അരാഷ്ട്രീയമെന്ന ചൂലുമായി മുറ്റമടിച്ചു തളര്‍ന്ന മറ്റൊരു സാധാരണക്കാരൻ
എത്രകിട്ടിയാലും തികയാത്ത ചില കുംഭ കര്‍ണ്ണന്‍മാര്‍ 
വീണ്ടും വിഴുങ്ങി കൊണ്ടിരിക്കുന്ന കാടും ജലവും മണ്ണും....


നീയെന്നും ഞാനെന്നുമില്ല
കേരളവും തമിഴ്  നാടെന്നുമില്ല...
ഹിന്ദുവെന്നും മുസ്ളീമെന്നുമില്ല...
ഇന്‍ഡ്യ എന്ന അമ്മ പെറ്റ മക്കളാണ് നാമെന്നു  രാമന്‍ മാഷുപഠിപ്പിക്കുന്നു
അതെപ്പൊ??? 
 അമ്പരപ്പില്‍ റഹീമും ജോസെഫും മുരളിയും പരസ്പരം നോക്കുന്നു...

ഇന്‍ഡൃ എന്നാല്‍ എന്‍െറ നാടാകുന്നു
അതിന്‍െറ പൈതൃകത്തില്‍ ഞാന്‍ അഭിമാന൦  കൊളളുന്നു
ഞാനെന്‍െറ നാടിനെ സ്നേഹിക്കുന്നു
എന്നു കരുതി എനിക്കെൻറെ  നാട്ടിലെ എല്ലാവരെയും സ്നേഹിക്കാന്‍ സാധിക്കില്ല
എല്ലാ ഇന്‍ഡൃക്കാരെയും  സഹോദരീ സഹോദരന്‍മാരായി 
കാണാന്‍ പറ്റാത്ത പോലെ തന്നെ

നിനക്കൊരു ഇന്‍ഡൃ
എനിക്കൊരു ഇന്‍ഡൃ
അവർക്കൊരു ഇന്‍ഡൃ
നമുക്കെന്നൊരു ഇന്‍ഡൃ ഇല്ല....
ഉണ്ടെന്നുളള നിന്‍െറ വിശ്വാസം നിന്നെ  രക്ഷിക്കട്ടെ.....
ജനാധിപത്യം മഹത്തരം തന്നെ....സംശയമില്ല....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ