Follow by Email

2015, മേയ് 28, വ്യാഴാഴ്‌ച

സ്ത്രീകള്ക്ക് അടക്കവും ഒതുക്കവും വേണ്ടതിന്റെ ആവശ്യകതപണ്ട് എന്ന് വെച്ചാൽ വളരെ പണ്ട് .  ഏതാണ്ട് എന്റെ അമ്മൂമ്മേടെ ഒക്കെ കുഞ്ഞുന്നാളിൽ ഒരു കൂതറ കാർന്നോർ ഉണ്ടായിരുന്നു.   പക്കാ ഷോവനിസ്റ്റ്. പോരാത്തതിനു നാട്ടു  പ്രമാണിയും. ആ കിളവൻ ഒരു ഒന്നാന്തരം ഞരമ്പ്‌ രോഗിയായിരുന്നു എന്നാണ് കേട്ടത്. അയാളോട് അടുക്കാത്ത പെണ്ണുങ്ങളോട് അയാൾ പറയുമായിരുന്നത്രേ പെണ്ണുങ്ങളായാൽ അടക്കവും ഒതുക്കവും വേണമെന്ന്.  ആ കിളവൻ ചത്ത്‌ പതിനാറും നൂറ്റാരും പതിനായിരത്താറും കഴിഞ്ഞിട്ടും ഇപോഴും   കിളവന്മാർ മുതൽ പതിനാറു തികയാത്ത പാൽക്കാരൻ പയ്യന്മാർ വരെ  അത് തന്നെ ക്വോട്ട് ആയി പറഞ്ഞു, ആ ചത്ത്‌ പോയ കിളവന്റെ പേര് അറിയാത്തത് കൊണ്ട് മൊത്തം കാർന്നോന്മാർക്കും കടപ്പാട് വെച്ച് കാച്ചുന്നത് കണ്ടപ്പോഴാണ് ഈയുള്ളവൾ അടക്കവും ഒതുക്കവും ഇല്ലാത്ത മൊതൽ ആയത് കൊണ്ട് ഇതിനെതിരെ ആഞ്ഞടിക്കാൻ ഉറപ്പിക്കുന്നത് .

ആദ്യമായി സ്ത്രീ പക്ഷം, സ്ത്രീ വിരുദ്ധത മുതലായ സ്ത്രീ സംബന്ധ വിഷയങ്ങളിൽ നിന്ന് തുടങ്ങാം.  ശരിക്കും ഇവയുടെ ഒക്കെ പ്രസക്തി തന്നെ ആ വാക്കുകളിൽ നിന്ന് വ്യക്തമാണ്.  കാരണം പ്രസ്തുത വിഷയങ്ങളുടെ പുല്ലിംഗ പ്രയോഗങ്ങൾ പ്രസക്തമല്ല എന്നത് തന്നെ.  സേഫ് സോണിൽ ഇരുന്നു ഫെമിനിസം പ്രസംഗിക്കുന്ന പ്രവാസി ഫെമിനിസ്റ്റ് ആയ എൻറെ കാഴ്ചപ്പാടിൽ  കനത്ത ഫെമിനിസം മൂലമുണ്ടായ കാറ്റു വീഴ്ചയാണ് നാടൻ ഫെമിനിസ്റ്റുകളുടെ (പുരോഗമനവാദികളുടെ അഭിപ്രായത്തിൽ ഫെമിനിച്ചികൾ) വലിയ ഒരു പോരായ്മ.  നേരം വെളുക്കുമ്പോൾ മുതൽ ഇരുട്ടുന്നതു വരെ ആണുങ്ങളെ ചീത്ത വിളിച്ചത് കൊണ്ടോ പോസ്റ്റ്‌ ഇട്ടതു കൊണ്ടോ ഉണ്ടാവുന്നതല്ല സമത്വം എന്നാണ് എന്റെ ഒരു ഇതു.  ആണുങ്ങളേക്കാൾ മോശമായി സ്ത്രീ വിരുദ്ധത കാണിക്കുന്നത് തറവാട്ടിൽ പിറന്ന തരുണീമണികൾ തന്നെയാണ്.  സംശയം ഉണ്ടെങ്കിൽ അറിയപ്പെടുന്ന ഒരു സ്ത്രീവിരുദ്ധ പുരോഗമനവാദിയുടെ പോസ്റ്റിൻറെ താഴെ വരുന്ന സ്ത്രീ ജനങ്ങളുടെ കമന്റുകൾ വായിച്ചു നോക്കുക.  കള്ളനു കഞ്ഞി വെക്കുന്നവൻ നിങ്ങൾക്കിടയിലാണ് സഹോദരിമാരെ.  ആഭ്യന്തര കലാപം ശക്തമായ ഒരു രാജ്യത്തിന്‌ എങ്ങനെ അയൽ രാജ്യവുമായി യുദ്ധം ചെയ്യാൻ കഴിയും? ഈ വർഗം വല്ലാത്ത സഹതാപം അർഹിക്കുന്നു.   അവരുടെ വിവരക്കേട്- പുസ്തകം കാണാപ്പാഠം പഠിച്ചു നേടിയ അറിവിനപ്പുറം ലോകവിവരമോ വായനയോ ഇല്ലാത്തതിന്റെ കുറവ്. എന്നെ ഒന്ന് ശ്രദ്ധിക്കു ചേട്ടാ എന്ന് പറയാതെ പറയുന്നുണ്ട് ഓരോ കമന്റുകളും.  

ഇനി അടക്കവും, ഒതുക്കവും, വസ്ത്രധാരണവും, ഉദ്ധാരണവും എന്നതിലേക്ക് വരാം.  ശാസ്ത്രീയമായ ഒരു അവലോകനമാണ് ഞാൻ ഉദ്ദേശിക്കുന്നത്.  എന്റെ വീക്ഷണ കോണിൽ വസ്ത്രധാരണം ഉദ്ധാരണവുമായി ഇൻവേർസിലി പ്രോപോഷനൽ ആണ്.  അതായതു വസ്ത്രം കൂടുമ്പോൾ ഉദ്ധാരണം കുറയുന്നു. അങ്ങിനെ വരുമ്പോൾ അറബ് നാടുകളിൽ പ്രത്യേകിച്ച്  സൗദിയിലുള്ള പുരുഷന്മാരുടെ ലിംഗങ്ങൾ ആണ് ഏറ്റവും കുറഞ്ഞ ലിംഗകോണിൽ ഉദ്ധരിക്കുന്നത് അല്ലെങ്കിൽ  സീറോ ഉദ്ധാരണം ഉള്ളത്.  അവിടുന്ന് തുടങ്ങി ഇന്ത്യയിലും പാകിസ്ഥാനിലും എത്തുമ്പോൾ ആംഗിൾ കൂടി കൂടി വരുന്നു.  ഏകദേശം മീഡിയം റേഞ്ച് ആണ് ഈ സ്ഥലങ്ങളിൽ എന്ന് വേണം കരുതാൻ.  അത് ഒരു ശരിയായ അവസ്ഥ അല്ല.  കാരണം നമ്മുടെ വർഷങ്ങളായുള്ള സാംസ്‌കാരിക പൈതൃകം വെച്ച് നോക്കുമ്പോൾ നമുക്കും സീറോ ആണ് വരേണ്ടത്.  അപ്പോൾ ഈ അവസ്ഥക്ക് കാരണം പാശ്ചാത്യ സംസ്കാരത്തിന്റെ അധിനിവേശവും ലെഗ്ഗിങ്ങ്സ് പോലെ സാംസ്‌കാരിക മൂല്യച്ച്യുതി സൃഷ്ടിക്കുന്ന വേഷങ്ങളുടെ അതിപ്രസരവുമാണെന്ന് നിസ്സംശയം പറയാവുന്നതാണ്. അത് കൊണ്ട് തന്നെ സാരിയുടെ മഹനീയത ഓരോ സ്ത്രീയും മനസിലാക്കേണ്ടതുണ്ട്.  സാരി എന്നാൽ വളരെ കുലീനമായ ഒരു വസ്ത്രമാണ്.  അതുടുക്കുന്ന സ്ത്രീക്ക് സമൂഹത്തിൽ വളരെ വലിയ ഒരു സ്ഥാനമാണ് പുരുഷന്മാർ  നൽകുന്നത്.  പണ്ടൊക്കെ ഞങ്ങൾ കോളേജിൽ സാരി ഉടുത്തു ചെല്ലുമ്പോൾ കൂടെ പഠിക്കുന്ന ചേട്ടന്മാർ എത്ര ബഹുമാനത്തോടെ നോക്കുമായിരുന്നെന്നോ.  അവർ അളവെടുക്കുകയാണെന്നൊക്കെ ചില ഫെമിനിച്ചികൾ പറയുമായിരുന്നു.  പക്ഷെ അവർ ബഹുമാനം കൊണ്ടാണ് നോക്കുന്നതെന്ന് എനിക്കുറപ്പായതിനാൽ ഞാൻ പറ്റുന്നിടത്തെല്ലാം പിൻ ചെയ്തു വെയ്ക്കാതെ സാരി ഉടുത്തു പോയിട്ടേ ഇല്ല.  കാരണം അവർക്കെന്തെങ്കിലും ചലനമോ സ്ഫോടനമോ ഉണ്ടായാൽ അതിൻറെ പ്രേരണാ കുറ്റത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ എനിക്കാവില്ലല്ലോ.  അപ്പോൾ നമ്മൾ പറഞ്ഞു വന്നത് ഈ രീതിയിലൊരു മാറ്റം നമ്മുടെ സമൂഹത്തിൽ ഇന്നു ആവശ്യമാണ് .  ശരീരത്തിൽ ഒട്ടിപിടിച്ചു കിടക്കുന്ന വസ്ത്രങ്ങൾ ഉപേക്ഷിച്ചു എല്ലാ സ്ത്രീകളും സാരി ധരിക്കുക.  നിങ്ങളുടെ ദർശനത്താൽ  പുരുഷനു സംഭവിക്കുന്ന ചലനങ്ങൾ, സ്ഖലനങ്ങൾ ആകുന്നതു തടയേണ്ടത് നിങ്ങളുടെ ഓരോരുത്തരുടെയും കടമയാണെന്ന് മനസിലാക്കി ഉത്തരവാദിത്വത്തോടെ  പെരുമാറുക.

പ്രായമായ ആളുകൾ പറയുന്ന കാര്യങ്ങൾ അതിന്റെതായ ഗൗരവത്തിൽ കാണാൻ ശ്രമിക്കുക.  അവർ കേരളമെന്ന ഇട്ടാവട്ടതിനപ്പുറം മറ്റൊരു ലോകം കണ്ടിട്ടില്ലെങ്കിലും ഒരുപാടു 'രമ'കൾ  വായിച്ചു നേടിയിട്ടുള്ള അറിവുകളിൽ അവർ നിങ്ങളേക്കാളൊക്കെ വളരെ മുന്നിലാണെന്ന് മനസിലാക്കുക. കാർന്നോന്മാർ പറയുന്നത് ഒന്നും വെറുതെയല്ല, വെറുതെ ആവില്ല.  ഞാനീ പറഞ്ഞതിനെല്ലാം ജപ്പാനിലെയും സിംഗപൂരിലെയും ചൈനയിലെയും അല്പവസ്ത്രധാരികളായ അഴിഞ്ഞാട്ടക്കാരികളെ കണ്ടു, കണ്ടു, ഉദ്ധരിച്ചു ഉദ്ധരിച്ചു ഉദ്ധാരണശേഷി നഷ്ടപ്പെട്ട ലക്ഷകണക്കിന് തദേശനിവാസികളായ പുരുഷന്മാർ സാക്ഷ്യം പറയുമെന്ന് എനിക്കുറപ്പുണ്ട്.  അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ