Follow by Email

2015, മേയ് 29, വെള്ളിയാഴ്‌ച

നമുക്കെന്തു കൊണ്ട് പ്രണയിച്ചു കൂടാ? നിന്റെ മനസിനെ തപിപ്പിക്കുന്ന പ്രണയാഗ്നിയെ കെടുത്താൻ 
എനിക്ക് കഴിയും..എനിക്കേ കഴിയുകയുള്ളൂ 
നോക്കൂ, നീയൊരു ക്രൂരയായ കാമുകിയാണ് 
അതേ, എനിക്ക് നിന്നെ കാമുകി എന്നേ  വിളിക്കാനാവൂ 
 അതല്ലാതെ മറ്റൊന്നും നിനക്ക് ചേരില്ല ഇസബെൽ ....

ചെറിപഴങ്ങൾ കായ്ച്ചു കിടക്കുന്ന നിന്റെ ചുണ്ടുകളും 
മുന്തിരിപ്പഴങ്ങൾ പതിപ്പിച്ച നിന്റെ കണ്ണുകളും 
മാമ്പഴങ്ങൾ പാകമായി നില്ക്കുന്ന നിന്റെ ശരീരവും 
എന്നെ ഭ്രമിപ്പിക്കുന്നില്ല എന്ന് ഞാൻ ആണയിടുന്നു 
എല്ലാ പുരുഷന്മാരും മാംസദാഹികളല്ല പെണ്ണേ....

എനിക്കറിയാം ഇസബെൽ, നിനക്കെന്നോട് പ്രണയമാണെന്ന്
 ഇല്ലെങ്കിൽ നീയെനിക്കായി  കയർക്കില്ല,  ഒളിച്ചോടില്ല..
എനിക്ക് ചുറ്റും ആർത്തിരമ്പുന്ന കയ്യടികൾ
എന്നെ ആവേശഭരിതനാക്കുന്നു..
അതിനായി  കീറിമുറിക്കാൻ ഒരു പ്രണയം വേണം.....നീ വേണം...

എങ്കിലും എന്നേ ഞാൻ നിന്നെ അളന്നിരുന്നു...
സംസാരത്തിനിടയിൽ വരുന്ന നിശബ്ദതകളിൽ അലോസരമാവുന്ന 
നിന്റെ മനസ്, വാചാലമാവുന്ന നിന്റെ കണ്ണുകൾ..
എല്ലാം എന്നോട് വിളിച്ചു പറയുന്നുണ്ട് നിന്റെ പ്രണയം...
മൂടുപടം മാറ്റൂ, കാലം കടന്നു പോകുന്നു....

 ജാരനോ ഭർത്താവോ അല്ലാതെ മറ്റൊരു പുരുഷനും 
സ്ഥാനമില്ലാത്ത നിന്റെ സുന്ദരമായ ഏകാന്തതയിലേക്ക് 
നീയെന്നാണ് എന്നെ ക്ഷണിക്കുന്നത്?
എത്ര നടിച്ചാലും ഇസബെൽ ...എനിക്കറിയാം 
നിനക്കെന്നെ പ്രണയിക്കാതിരിക്കാൻ കാരണങ്ങളില്ല

എനിക്ക് നിന്നോട് സഹതാപമാണ് പ്രിയപ്പെട്ടവളെ...
പ്രണയത്തെ കുറിച്ച് ഞാൻ  സംസാരിക്കുമ്പോളെല്ലാം
സൗഹൃദം ഉറപ്പിക്കാൻ നീ ശ്രമിക്കുന്നത് കാണുമ്പൊൾ...
നിനക്കെന്നെ വിട്ടു പോകാൻ കഴിയില്ല എന്ന എൻറെ വിശ്വാസത്തെ
നീ പുച്ഛം കൊണ്ട് എതിർക്കുമ്പോൾ, തകര്ക്കാൻ ശ്രമിക്കുമ്പോൾ....

എന്നോട് പ്രണയപൂർവ്വം സല്ലപിക്കുന്ന മറ്റു പെണ്‍കുട്ടികളിൽ 
നിന്നും നീ ഒട്ടും വ്യത്യസ്ത അല്ലാഞ്ഞിട്ടും  ഞാൻ നിന്നിൽ 
ആകൃഷ്ടനായത്‌ നീ തന്നെ പങ്കു വെച്ചിട്ടുള്ള നിൻറെ 
ചിത്രങ്ങളുടെ ഭംഗി കൊണ്ടാണെന്ന് കരുതുന്നുണ്ടോ?
എങ്കിൽ നീയൊരു സുന്ദരിയായ വിഡ്ഢിയാണ് ഇസബെൽ 

നിന്റെ ഭർത്താവെന്ന  പേക്കോലത്തെ അൽപ നേരത്തേക്കെങ്കിലും
മറവിയിലേക്ക് പറഞ്ഞു വിടൂ... അവനെ നീ പ്രേമിക്കുന്നില്ല
ആർക്കും സ്വന്തം ഇണയെ പ്രണയിക്കാൻ ആവില്ല ....
ആവുമായിരുന്നെങ്കിൽ നിനക്കൊരു ജാരൻ ഉണ്ടാവില്ലായിരുന്നു
നിന്റെ വിശ്വാസങ്ങൾ എല്ലാം അസംബന്ധങ്ങളാണ് പ്രിയേ....

കഴമ്പില്ലാത്ത നിന്റെ ലേഖനങ്ങളും, യുക്തിക്ക് നിരക്കാത്ത
അധരവ്യയാമങ്ങളും ഒരു വിഡ്ഢിയെ പോലെ കേട്ടിരിക്കുന്ന
എന്നെ നിനക്കെന്തു കൊണ്ട് മനസിലാകുന്നില്ലെന്നു ഞാൻ ആശ്ചര്യപ്പെടുന്നു
നോക്കൂ, എത്ര കഠിനമായാണ് നീ എന്റെ പ്രണയത്തെ
കീറിമുറിക്കുന്നത്.... വേദനിപ്പിക്കുന്നത്?
എന്തിനാണ് നീ  ഇത്ര വാശിപിടിക്കുന്നത്?

എൻറെ ഇഷ്ടങ്ങൾക്കുള്ളിൽ, ഞാൻ തീർത്തിരിക്കുന്ന മതിൽകെട്ടിനുള്ളിൽ
നീ എന്നും സ്വതന്ത്ര ആയിരിക്കും എന്ന് ഞാൻ ഉറപ്പുതരുന്നു
എൻറെ കാല്പനികതക്കുള്ളിൽ കീറിമുറിക്കപ്പെടുന്നത്,
നിന്നെ വേദനിപ്പിക്കുന്നതിൽ എനിക്കുണ്ടാവുന്ന ഹരമാണ് പ്രിയേ
എനിക്ക് നീ നിഷേധിക്കുന്ന പ്രണയത്തിനുള്ള എൻറെ പ്രതികാരം

എത്രയും സ്നേഹം നിറഞ്ഞ എന്റെ  ഇസബെൽ.....
എല്ലാ ഒളിചോട്ടങ്ങൾക്കും ഒടുവിൽ നീയെത്തുന്നത് എവിടെയാണ്? 
അതിൻറെ അർത്ഥം ഇത്രയും വിവേകശാലിയായ നിനക്ക് 
മനസിലാവുന്നില്ലെന്നുണ്ടോ?
കപടതയുടെ മേലാപ്പിൽ നിന്ന് പുറത്തു വരൂ 
പ്രണയത്തിന്റെ മാധുര്യം നമുക്ക് നുണഞ്ഞിരിക്കാം........................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ