Follow by Email

2015, മേയ് 27, ബുധനാഴ്‌ച

നിശബ്ദമായി കടന്നു പോവുന്ന ഋതുക്കൾ പറയുന്നത്



മനസിന്റെ ചില്ലുകൂട്ടിനു പുറത്തു കൂടി പതുങ്ങി
നിശബ്ദമായി പോവുന്ന ചില ഋതുക്കളുണ്ട്
എല്ലാ ആഘോഷങ്ങളും നഷ്ടമാക്കപ്പെട്ടവൻറെ മൗനം;
അല്ലെങ്കിൽ അന്തപുരങ്ങളിൽ നിന്ന്
സ്വയം പുറത്താക്കപെടുന്നവരുടെ വിലക്കപ്പെടുന്ന രോദനങ്ങൾ

 നിർത്താതെ യാത്ര ചെയ്തു കൊണ്ടേ ഇരിക്കേണ്ടി വരുന്ന ചില വഴികൾ
വികാരങ്ങൾക്കോ വിചാരങ്ങൾക്കോ കേവലം കണ്ണീരിനോ പോലും
സ്ഥാനമില്ലാത്ത ഒറ്റപ്പെട്ട  തുരുത്തുകൾ;
അവിടെ ഊതി വീര്പ്പിച്ച സുന്ദരമായ കുമിളകൾ....

മരണങ്ങൾക്ക് മാത്രം വിലക്കില്ലാത്ത ചില കൂടിച്ചേരലുകൾ
അല്ലെങ്കിൽ സ്വയം തിരഞ്ഞെടുക്കുന്ന സംഗമങ്ങൾ
ഒരു വശത്തു  തലചായ്ക്കാനിടമുള്ള, കേൾക്കാൻ ക്ഷമയുള്ളവയും
മറുവശത്തു അക്ഷമമായ ചില മുൻവിധികളും;
ജീവിതത്തിന്റെ ഭാഗപത്രം ഇപ്രകാരം കുറിക്കുന്നു 

ഞാനും നീയും  തമ്മിൽ കണ്ടാൽ അറിഞ്ഞേക്കുമെങ്കിലും
രണ്ടു ദിശയിൽ യാത്ര ചെയ്യുന്ന കാലം
വിദൂരമല്ലെന്നു മാത്രം ഇപ്പോൾ ഉറപ്പിക്കാം;
അല്ലെങ്കിൽ തന്നെ എത്ര കടലുകൾ കടന്നിരിക്കുന്നു
വർഷങ്ങൾക്കിപ്പുറം  നീയൊരു കുഞ്ഞുചിത്രശലഭം
മാത്രമാണെന്നതാണ് എന്നും മരിക്കാത്ത...
അല്ലെങ്കിൽ കൊല്ലാൻ മനസുവരാത്ത  ഓർമ....



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ