Follow by Email

2015, മേയ് 29, വെള്ളിയാഴ്‌ച

ഒരു ആണ്‍സുഹൃത്തിനെ ആവശ്യമുണ്ട്ഒരു ആണ്‍സുഹൃത്തിനെ ആവശ്യമുണ്ട് 
ചിന്താമണ്ഡലത്തിലെ തിരയിളക്കങ്ങളെ അല്പനെരമെങ്കിലും ശാന്തമാക്കി വിശ്രമിക്കുമ്പോൾ എതിരെ ഇരുന്നു വിശേഷങ്ങൾ പറഞ്ഞു പരിസരം മറന്നു പൊട്ടിച്ചിരിക്കാൻ 

ഏകാന്തതയുടെ വൈകുന്നേരങ്ങളിൽ തടാകക്കരയിൽ ചെന്നിരുന്നു 
രാഷ്ട്രീയവും, ശാസ്ത്രവും ആഗോളപ്രതിസന്ധികളും ചർച്ച ചെയ്യാൻ 

വിരസമായ വാരാന്ത്യങ്ങളിൽ കടൽത്തീരത്തിരുന്നു അസ്തമയം കാണാൻ 
കൊതി മാറാത്ത കുട്ടിയെ പോലെ ഞാൻ തിരകളിൽ സ്വയം മറക്കുമ്പോൾ
എന്റെ കൊഴുത്ത കാലുകളാൽ ചലനമുണ്ടാകാത്ത;

എന്നോടൊപ്പം നടക്കുമ്പോഴും സംസാരിക്കുമ്പോഴും എന്റെ ഭർതൃവിരഹവും ആർത്തവപ്രാരംഭഘട്ട ലൈംഗികചോദനയും ചിന്തിച്ചു തലപുകയ്ക്കാത്ത; 

കാമമോ പ്രണയമോ ഇല്ലാത്ത സൗഹൃദമായി 
എന്റെ മനസിലേക്ക് ആഴ്ന്നിറങ്ങുന്ന തീഷ്ണമായ കണ്ണുകളുള്ള ഒരു ആണ്‍സുഹൃത്തിനെ ആവശ്യമുണ്ട് 

ഈ ഋതുവിലെക്കോ ഒരു നേരംപോക്കോ അല്ല 
എന്നത്തേക്കുമായി കൂടെ കൂട്ടാൻ...
ജീവിതാന്ത്യം വരെ മടുക്കാത്ത സൌഹൃദം പങ്കു വെയ്ക്കാൻ ...
സൌഹൃദതിനപ്പുറം ഒന്നുമില്ലെന്ന് ഉറപ്പിക്കാൻ പോരുന്ന; 
രക്ഷകവേഷമോ, കാമുകവേഷമോ ഒടുക്കം വില്ലൻ വേഷമോ കെട്ടാത്ത 
ഒരു ആണ്‍സുഹൃത്തിനെ ആവശ്യമുണ്ട് 


നമുക്കെന്തു കൊണ്ട് പ്രണയിച്ചു കൂടാ? നിന്റെ മനസിനെ തപിപ്പിക്കുന്ന പ്രണയാഗ്നിയെ കെടുത്താൻ 
എനിക്ക് കഴിയും..എനിക്കേ കഴിയുകയുള്ളൂ 
നോക്കൂ, നീയൊരു ക്രൂരയായ കാമുകിയാണ് 
അതേ, എനിക്ക് നിന്നെ കാമുകി എന്നേ  വിളിക്കാനാവൂ 
 അതല്ലാതെ മറ്റൊന്നും നിനക്ക് ചേരില്ല ഇസബെൽ ....

ചെറിപഴങ്ങൾ കായ്ച്ചു കിടക്കുന്ന നിന്റെ ചുണ്ടുകളും 
മുന്തിരിപ്പഴങ്ങൾ പതിപ്പിച്ച നിന്റെ കണ്ണുകളും 
മാമ്പഴങ്ങൾ പാകമായി നില്ക്കുന്ന നിന്റെ ശരീരവും 
എന്നെ ഭ്രമിപ്പിക്കുന്നില്ല എന്ന് ഞാൻ ആണയിടുന്നു 
എല്ലാ പുരുഷന്മാരും മാംസദാഹികളല്ല പെണ്ണേ....

എനിക്കറിയാം ഇസബെൽ, നിനക്കെന്നോട് പ്രണയമാണെന്ന്
 ഇല്ലെങ്കിൽ നീയെനിക്കായി  കയർക്കില്ല,  ഒളിച്ചോടില്ല..
എനിക്ക് ചുറ്റും ആർത്തിരമ്പുന്ന കയ്യടികൾ
എന്നെ ആവേശഭരിതനാക്കുന്നു..
അതിനായി  കീറിമുറിക്കാൻ ഒരു പ്രണയം വേണം.....നീ വേണം...

എങ്കിലും എന്നേ ഞാൻ നിന്നെ അളന്നിരുന്നു...
സംസാരത്തിനിടയിൽ വരുന്ന നിശബ്ദതകളിൽ അലോസരമാവുന്ന 
നിന്റെ മനസ്, വാചാലമാവുന്ന നിന്റെ കണ്ണുകൾ..
എല്ലാം എന്നോട് വിളിച്ചു പറയുന്നുണ്ട് നിന്റെ പ്രണയം...
മൂടുപടം മാറ്റൂ, കാലം കടന്നു പോകുന്നു....

 ജാരനോ ഭർത്താവോ അല്ലാതെ മറ്റൊരു പുരുഷനും 
സ്ഥാനമില്ലാത്ത നിന്റെ സുന്ദരമായ ഏകാന്തതയിലേക്ക് 
നീയെന്നാണ് എന്നെ ക്ഷണിക്കുന്നത്?
എത്ര നടിച്ചാലും ഇസബെൽ ...എനിക്കറിയാം 
നിനക്കെന്നെ പ്രണയിക്കാതിരിക്കാൻ കാരണങ്ങളില്ല

എനിക്ക് നിന്നോട് സഹതാപമാണ് പ്രിയപ്പെട്ടവളെ...
പ്രണയത്തെ കുറിച്ച് ഞാൻ  സംസാരിക്കുമ്പോളെല്ലാം
സൗഹൃദം ഉറപ്പിക്കാൻ നീ ശ്രമിക്കുന്നത് കാണുമ്പൊൾ...
നിനക്കെന്നെ വിട്ടു പോകാൻ കഴിയില്ല എന്ന എൻറെ വിശ്വാസത്തെ
നീ പുച്ഛം കൊണ്ട് എതിർക്കുമ്പോൾ, തകര്ക്കാൻ ശ്രമിക്കുമ്പോൾ....

എന്നോട് പ്രണയപൂർവ്വം സല്ലപിക്കുന്ന മറ്റു പെണ്‍കുട്ടികളിൽ 
നിന്നും നീ ഒട്ടും വ്യത്യസ്ത അല്ലാഞ്ഞിട്ടും  ഞാൻ നിന്നിൽ 
ആകൃഷ്ടനായത്‌ നീ തന്നെ പങ്കു വെച്ചിട്ടുള്ള നിൻറെ 
ചിത്രങ്ങളുടെ ഭംഗി കൊണ്ടാണെന്ന് കരുതുന്നുണ്ടോ?
എങ്കിൽ നീയൊരു സുന്ദരിയായ വിഡ്ഢിയാണ് ഇസബെൽ 

നിന്റെ ഭർത്താവെന്ന  പേക്കോലത്തെ അൽപ നേരത്തേക്കെങ്കിലും
മറവിയിലേക്ക് പറഞ്ഞു വിടൂ... അവനെ നീ പ്രേമിക്കുന്നില്ല
ആർക്കും സ്വന്തം ഇണയെ പ്രണയിക്കാൻ ആവില്ല ....
ആവുമായിരുന്നെങ്കിൽ നിനക്കൊരു ജാരൻ ഉണ്ടാവില്ലായിരുന്നു
നിന്റെ വിശ്വാസങ്ങൾ എല്ലാം അസംബന്ധങ്ങളാണ് പ്രിയേ....

കഴമ്പില്ലാത്ത നിന്റെ ലേഖനങ്ങളും, യുക്തിക്ക് നിരക്കാത്ത
അധരവ്യയാമങ്ങളും ഒരു വിഡ്ഢിയെ പോലെ കേട്ടിരിക്കുന്ന
എന്നെ നിനക്കെന്തു കൊണ്ട് മനസിലാകുന്നില്ലെന്നു ഞാൻ ആശ്ചര്യപ്പെടുന്നു
നോക്കൂ, എത്ര കഠിനമായാണ് നീ എന്റെ പ്രണയത്തെ
കീറിമുറിക്കുന്നത്.... വേദനിപ്പിക്കുന്നത്?
എന്തിനാണ് നീ  ഇത്ര വാശിപിടിക്കുന്നത്?

എൻറെ ഇഷ്ടങ്ങൾക്കുള്ളിൽ, ഞാൻ തീർത്തിരിക്കുന്ന മതിൽകെട്ടിനുള്ളിൽ
നീ എന്നും സ്വതന്ത്ര ആയിരിക്കും എന്ന് ഞാൻ ഉറപ്പുതരുന്നു
എൻറെ കാല്പനികതക്കുള്ളിൽ കീറിമുറിക്കപ്പെടുന്നത്,
നിന്നെ വേദനിപ്പിക്കുന്നതിൽ എനിക്കുണ്ടാവുന്ന ഹരമാണ് പ്രിയേ
എനിക്ക് നീ നിഷേധിക്കുന്ന പ്രണയത്തിനുള്ള എൻറെ പ്രതികാരം

എത്രയും സ്നേഹം നിറഞ്ഞ എന്റെ  ഇസബെൽ.....
എല്ലാ ഒളിചോട്ടങ്ങൾക്കും ഒടുവിൽ നീയെത്തുന്നത് എവിടെയാണ്? 
അതിൻറെ അർത്ഥം ഇത്രയും വിവേകശാലിയായ നിനക്ക് 
മനസിലാവുന്നില്ലെന്നുണ്ടോ?
കപടതയുടെ മേലാപ്പിൽ നിന്ന് പുറത്തു വരൂ 
പ്രണയത്തിന്റെ മാധുര്യം നമുക്ക് നുണഞ്ഞിരിക്കാം........................

2015, മേയ് 28, വ്യാഴാഴ്‌ച

സ്ത്രീകള്ക്ക് അടക്കവും ഒതുക്കവും വേണ്ടതിന്റെ ആവശ്യകതപണ്ട് എന്ന് വെച്ചാൽ വളരെ പണ്ട് .  ഏതാണ്ട് എന്റെ അമ്മൂമ്മേടെ ഒക്കെ കുഞ്ഞുന്നാളിൽ ഒരു കൂതറ കാർന്നോർ ഉണ്ടായിരുന്നു.   പക്കാ ഷോവനിസ്റ്റ്. പോരാത്തതിനു നാട്ടു  പ്രമാണിയും. ആ കിളവൻ ഒരു ഒന്നാന്തരം ഞരമ്പ്‌ രോഗിയായിരുന്നു എന്നാണ് കേട്ടത്. അയാളോട് അടുക്കാത്ത പെണ്ണുങ്ങളോട് അയാൾ പറയുമായിരുന്നത്രേ പെണ്ണുങ്ങളായാൽ അടക്കവും ഒതുക്കവും വേണമെന്ന്.  ആ കിളവൻ ചത്ത്‌ പതിനാറും നൂറ്റാരും പതിനായിരത്താറും കഴിഞ്ഞിട്ടും ഇപോഴും   കിളവന്മാർ മുതൽ പതിനാറു തികയാത്ത പാൽക്കാരൻ പയ്യന്മാർ വരെ  അത് തന്നെ ക്വോട്ട് ആയി പറഞ്ഞു, ആ ചത്ത്‌ പോയ കിളവന്റെ പേര് അറിയാത്തത് കൊണ്ട് മൊത്തം കാർന്നോന്മാർക്കും കടപ്പാട് വെച്ച് കാച്ചുന്നത് കണ്ടപ്പോഴാണ് ഈയുള്ളവൾ അടക്കവും ഒതുക്കവും ഇല്ലാത്ത മൊതൽ ആയത് കൊണ്ട് ഇതിനെതിരെ ആഞ്ഞടിക്കാൻ ഉറപ്പിക്കുന്നത് .

ആദ്യമായി സ്ത്രീ പക്ഷം, സ്ത്രീ വിരുദ്ധത മുതലായ സ്ത്രീ സംബന്ധ വിഷയങ്ങളിൽ നിന്ന് തുടങ്ങാം.  ശരിക്കും ഇവയുടെ ഒക്കെ പ്രസക്തി തന്നെ ആ വാക്കുകളിൽ നിന്ന് വ്യക്തമാണ്.  കാരണം പ്രസ്തുത വിഷയങ്ങളുടെ പുല്ലിംഗ പ്രയോഗങ്ങൾ പ്രസക്തമല്ല എന്നത് തന്നെ.  സേഫ് സോണിൽ ഇരുന്നു ഫെമിനിസം പ്രസംഗിക്കുന്ന പ്രവാസി ഫെമിനിസ്റ്റ് ആയ എൻറെ കാഴ്ചപ്പാടിൽ  കനത്ത ഫെമിനിസം മൂലമുണ്ടായ കാറ്റു വീഴ്ചയാണ് നാടൻ ഫെമിനിസ്റ്റുകളുടെ (പുരോഗമനവാദികളുടെ അഭിപ്രായത്തിൽ ഫെമിനിച്ചികൾ) വലിയ ഒരു പോരായ്മ.  നേരം വെളുക്കുമ്പോൾ മുതൽ ഇരുട്ടുന്നതു വരെ ആണുങ്ങളെ ചീത്ത വിളിച്ചത് കൊണ്ടോ പോസ്റ്റ്‌ ഇട്ടതു കൊണ്ടോ ഉണ്ടാവുന്നതല്ല സമത്വം എന്നാണ് എന്റെ ഒരു ഇതു.  ആണുങ്ങളേക്കാൾ മോശമായി സ്ത്രീ വിരുദ്ധത കാണിക്കുന്നത് തറവാട്ടിൽ പിറന്ന തരുണീമണികൾ തന്നെയാണ്.  സംശയം ഉണ്ടെങ്കിൽ അറിയപ്പെടുന്ന ഒരു സ്ത്രീവിരുദ്ധ പുരോഗമനവാദിയുടെ പോസ്റ്റിൻറെ താഴെ വരുന്ന സ്ത്രീ ജനങ്ങളുടെ കമന്റുകൾ വായിച്ചു നോക്കുക.  കള്ളനു കഞ്ഞി വെക്കുന്നവൻ നിങ്ങൾക്കിടയിലാണ് സഹോദരിമാരെ.  ആഭ്യന്തര കലാപം ശക്തമായ ഒരു രാജ്യത്തിന്‌ എങ്ങനെ അയൽ രാജ്യവുമായി യുദ്ധം ചെയ്യാൻ കഴിയും? ഈ വർഗം വല്ലാത്ത സഹതാപം അർഹിക്കുന്നു.   അവരുടെ വിവരക്കേട്- പുസ്തകം കാണാപ്പാഠം പഠിച്ചു നേടിയ അറിവിനപ്പുറം ലോകവിവരമോ വായനയോ ഇല്ലാത്തതിന്റെ കുറവ്. എന്നെ ഒന്ന് ശ്രദ്ധിക്കു ചേട്ടാ എന്ന് പറയാതെ പറയുന്നുണ്ട് ഓരോ കമന്റുകളും.  

ഇനി അടക്കവും, ഒതുക്കവും, വസ്ത്രധാരണവും, ഉദ്ധാരണവും എന്നതിലേക്ക് വരാം.  ശാസ്ത്രീയമായ ഒരു അവലോകനമാണ് ഞാൻ ഉദ്ദേശിക്കുന്നത്.  എന്റെ വീക്ഷണ കോണിൽ വസ്ത്രധാരണം ഉദ്ധാരണവുമായി ഇൻവേർസിലി പ്രോപോഷനൽ ആണ്.  അതായതു വസ്ത്രം കൂടുമ്പോൾ ഉദ്ധാരണം കുറയുന്നു. അങ്ങിനെ വരുമ്പോൾ അറബ് നാടുകളിൽ പ്രത്യേകിച്ച്  സൗദിയിലുള്ള പുരുഷന്മാരുടെ ലിംഗങ്ങൾ ആണ് ഏറ്റവും കുറഞ്ഞ ലിംഗകോണിൽ ഉദ്ധരിക്കുന്നത് അല്ലെങ്കിൽ  സീറോ ഉദ്ധാരണം ഉള്ളത്.  അവിടുന്ന് തുടങ്ങി ഇന്ത്യയിലും പാകിസ്ഥാനിലും എത്തുമ്പോൾ ആംഗിൾ കൂടി കൂടി വരുന്നു.  ഏകദേശം മീഡിയം റേഞ്ച് ആണ് ഈ സ്ഥലങ്ങളിൽ എന്ന് വേണം കരുതാൻ.  അത് ഒരു ശരിയായ അവസ്ഥ അല്ല.  കാരണം നമ്മുടെ വർഷങ്ങളായുള്ള സാംസ്‌കാരിക പൈതൃകം വെച്ച് നോക്കുമ്പോൾ നമുക്കും സീറോ ആണ് വരേണ്ടത്.  അപ്പോൾ ഈ അവസ്ഥക്ക് കാരണം പാശ്ചാത്യ സംസ്കാരത്തിന്റെ അധിനിവേശവും ലെഗ്ഗിങ്ങ്സ് പോലെ സാംസ്‌കാരിക മൂല്യച്ച്യുതി സൃഷ്ടിക്കുന്ന വേഷങ്ങളുടെ അതിപ്രസരവുമാണെന്ന് നിസ്സംശയം പറയാവുന്നതാണ്. അത് കൊണ്ട് തന്നെ സാരിയുടെ മഹനീയത ഓരോ സ്ത്രീയും മനസിലാക്കേണ്ടതുണ്ട്.  സാരി എന്നാൽ വളരെ കുലീനമായ ഒരു വസ്ത്രമാണ്.  അതുടുക്കുന്ന സ്ത്രീക്ക് സമൂഹത്തിൽ വളരെ വലിയ ഒരു സ്ഥാനമാണ് പുരുഷന്മാർ  നൽകുന്നത്.  പണ്ടൊക്കെ ഞങ്ങൾ കോളേജിൽ സാരി ഉടുത്തു ചെല്ലുമ്പോൾ കൂടെ പഠിക്കുന്ന ചേട്ടന്മാർ എത്ര ബഹുമാനത്തോടെ നോക്കുമായിരുന്നെന്നോ.  അവർ അളവെടുക്കുകയാണെന്നൊക്കെ ചില ഫെമിനിച്ചികൾ പറയുമായിരുന്നു.  പക്ഷെ അവർ ബഹുമാനം കൊണ്ടാണ് നോക്കുന്നതെന്ന് എനിക്കുറപ്പായതിനാൽ ഞാൻ പറ്റുന്നിടത്തെല്ലാം പിൻ ചെയ്തു വെയ്ക്കാതെ സാരി ഉടുത്തു പോയിട്ടേ ഇല്ല.  കാരണം അവർക്കെന്തെങ്കിലും ചലനമോ സ്ഫോടനമോ ഉണ്ടായാൽ അതിൻറെ പ്രേരണാ കുറ്റത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ എനിക്കാവില്ലല്ലോ.  അപ്പോൾ നമ്മൾ പറഞ്ഞു വന്നത് ഈ രീതിയിലൊരു മാറ്റം നമ്മുടെ സമൂഹത്തിൽ ഇന്നു ആവശ്യമാണ് .  ശരീരത്തിൽ ഒട്ടിപിടിച്ചു കിടക്കുന്ന വസ്ത്രങ്ങൾ ഉപേക്ഷിച്ചു എല്ലാ സ്ത്രീകളും സാരി ധരിക്കുക.  നിങ്ങളുടെ ദർശനത്താൽ  പുരുഷനു സംഭവിക്കുന്ന ചലനങ്ങൾ, സ്ഖലനങ്ങൾ ആകുന്നതു തടയേണ്ടത് നിങ്ങളുടെ ഓരോരുത്തരുടെയും കടമയാണെന്ന് മനസിലാക്കി ഉത്തരവാദിത്വത്തോടെ  പെരുമാറുക.

പ്രായമായ ആളുകൾ പറയുന്ന കാര്യങ്ങൾ അതിന്റെതായ ഗൗരവത്തിൽ കാണാൻ ശ്രമിക്കുക.  അവർ കേരളമെന്ന ഇട്ടാവട്ടതിനപ്പുറം മറ്റൊരു ലോകം കണ്ടിട്ടില്ലെങ്കിലും ഒരുപാടു 'രമ'കൾ  വായിച്ചു നേടിയിട്ടുള്ള അറിവുകളിൽ അവർ നിങ്ങളേക്കാളൊക്കെ വളരെ മുന്നിലാണെന്ന് മനസിലാക്കുക. കാർന്നോന്മാർ പറയുന്നത് ഒന്നും വെറുതെയല്ല, വെറുതെ ആവില്ല.  ഞാനീ പറഞ്ഞതിനെല്ലാം ജപ്പാനിലെയും സിംഗപൂരിലെയും ചൈനയിലെയും അല്പവസ്ത്രധാരികളായ അഴിഞ്ഞാട്ടക്കാരികളെ കണ്ടു, കണ്ടു, ഉദ്ധരിച്ചു ഉദ്ധരിച്ചു ഉദ്ധാരണശേഷി നഷ്ടപ്പെട്ട ലക്ഷകണക്കിന് തദേശനിവാസികളായ പുരുഷന്മാർ സാക്ഷ്യം പറയുമെന്ന് എനിക്കുറപ്പുണ്ട്.  2015, മേയ് 27, ബുധനാഴ്‌ച

നിശബ്ദമായി കടന്നു പോവുന്ന ഋതുക്കൾ പറയുന്നത്മനസിന്റെ ചില്ലുകൂട്ടിനു പുറത്തു കൂടി പതുങ്ങി
നിശബ്ദമായി പോവുന്ന ചില ഋതുക്കളുണ്ട്
എല്ലാ ആഘോഷങ്ങളും നഷ്ടമാക്കപ്പെട്ടവൻറെ മൗനം;
അല്ലെങ്കിൽ അന്തപുരങ്ങളിൽ നിന്ന്
സ്വയം പുറത്താക്കപെടുന്നവരുടെ വിലക്കപ്പെടുന്ന രോദനങ്ങൾ

 നിർത്താതെ യാത്ര ചെയ്തു കൊണ്ടേ ഇരിക്കേണ്ടി വരുന്ന ചില വഴികൾ
വികാരങ്ങൾക്കോ വിചാരങ്ങൾക്കോ കേവലം കണ്ണീരിനോ പോലും
സ്ഥാനമില്ലാത്ത ഒറ്റപ്പെട്ട  തുരുത്തുകൾ;
അവിടെ ഊതി വീര്പ്പിച്ച സുന്ദരമായ കുമിളകൾ....

മരണങ്ങൾക്ക് മാത്രം വിലക്കില്ലാത്ത ചില കൂടിച്ചേരലുകൾ
അല്ലെങ്കിൽ സ്വയം തിരഞ്ഞെടുക്കുന്ന സംഗമങ്ങൾ
ഒരു വശത്തു  തലചായ്ക്കാനിടമുള്ള, കേൾക്കാൻ ക്ഷമയുള്ളവയും
മറുവശത്തു അക്ഷമമായ ചില മുൻവിധികളും;
ജീവിതത്തിന്റെ ഭാഗപത്രം ഇപ്രകാരം കുറിക്കുന്നു 

ഞാനും നീയും  തമ്മിൽ കണ്ടാൽ അറിഞ്ഞേക്കുമെങ്കിലും
രണ്ടു ദിശയിൽ യാത്ര ചെയ്യുന്ന കാലം
വിദൂരമല്ലെന്നു മാത്രം ഇപ്പോൾ ഉറപ്പിക്കാം;
അല്ലെങ്കിൽ തന്നെ എത്ര കടലുകൾ കടന്നിരിക്കുന്നു
വർഷങ്ങൾക്കിപ്പുറം  നീയൊരു കുഞ്ഞുചിത്രശലഭം
മാത്രമാണെന്നതാണ് എന്നും മരിക്കാത്ത...
അല്ലെങ്കിൽ കൊല്ലാൻ മനസുവരാത്ത  ഓർമ....2015, മേയ് 18, തിങ്കളാഴ്‌ച

വെറുതെ ഒരു പ്രതിഷേധം(അതെങ്കിലും?)ദൂരെയെവിടെയോ ഒരു ആശുപത്രികിടക്കയിൽ 
ഒരു എല്ലിൻകൂട് മരണത്തോട് മല്ലിട്ട് തളർന്ന്‌ ഉറങ്ങുന്നുണ്ട് 
എന്നെന്നേക്കുമായി, ആരുടേയും അനുവാദമില്ലാതെ..
മഹത്തായ നീതിന്യായവ്യവസ്ഥയുടെ  തിരുശേഷിപ്പ്.. 
നീണ്ട നാലു പതിറ്റാണ്ടുകളായി ജനാലയ്ക്ക്‌ പുറത്തു കൂടി 
നിശബ്ദം പോവുന്ന ഋതുക്കൾ അറിയാതെ, ഒന്നുമറിയാതെ.. 

സുന്ദരിയായിരുന്നു അവൾ; പാവപ്പെട്ട പെണ്‍കുട്ടികൾ അങ്ങനെ ആവാൻ പാടുണ്ടോ?മിടുക്കിയായിരുന്നു; അതും വേണ്ടിയിരുന്നില്ല 
മറ്റേതൊരു പെണ്‍കുട്ടിയെയും പോലെ വിവാഹജീവിതത്തിന്റെ 
മാസ്മരസ്വപനങ്ങളെ തലോലിച്ചിരുന്നു; നിശബ്ദമായി..
നെയ്തുകൂട്ടിയ സ്വപ്നങ്ങളിൽ ഒതുങ്ങി കൂടാൻ കൊതിച്ച പാവം പെണ്‍കുട്ടി 

പക്ഷെ....
എല്ലാം ഒരു പ്രഭാതത്തിൽ നിശ്ചലമായി...
മരണമല്ലാത്ത മരണം; ജീവിതമല്ലാത്ത ജീവിതം.. 
ദയ തോന്നിയെങ്കിലും ഒന്നു കൊന്നു തരുമോ എന്ന അപേക്ഷ 
നിഷ്കരുണം  നിഷേധിക്കപ്പെട്ടപ്പോൾ 
ഒരു പതിറ്റാണ്ട് മാത്രം ശിക്ഷിക്കപ്പെട്ട ഒരു ലിംഗം 
സുന്ദരമായ ജീവിതം പുറത്തു ആഘോഷിക്കുന്ന തിരക്കിലായിരുന്നു
പുതിയ ഓവുചാലുകൾ തേടുന്ന തിരക്കിലായിരുന്നു  

അരുണ മരിച്ചു സൌമ്യയായി.. സൗമ്യ മരിച്ചു നിർഭയയായി ..നിർഭയ മരിച്ചു  
അറിയപെടാത്ത ആരൊക്കെയോ ഇരുട്ടിൽ തേങ്ങുന്നില്ലേ?
എനിക്ക് കേൾക്കാം... ഒരുപക്ഷേ നിങ്ങൾക്ക് കേൾക്കാൻ കഴിയുന്നുണ്ടാവില്ല 
കാരണം നിങ്ങൾ ജനാധിപത്യരാജ്യത്തിലെ പ്രജകളല്ലേ?
ഞാനാവട്ടെ,  അതിൽ നിന്ന് സ്വമേധയാ പുറത്തു പോയ 
രാജ്യസ്നേഹിയല്ലാത്ത പ്രവാസിയും 
നമുക്കിനിയും മരണങ്ങൾ ആഘോഷമാക്കണം..
കാരണം നമ്മൾ സുരക്ഷിതരാണല്ലോ...ഒപ്പം നിസ്സഹായരും....

2015, മേയ് 14, വ്യാഴാഴ്‌ച

നഷ്ടപ്പെടുന്ന നിമിഷങ്ങൾ പറയുന്നത്
നിന്നെ പ്രണയിക്കുകയെന്നാൽ 
നിന്റെ മൌനത്തെ, 
നിന്റെ കണ്ണീരിനെ, 
നിന്റെ വാശികളെ, 
നിന്റെ കുട്ടിത്തത്തെ, 
നിന്റെ  പിണക്കങ്ങളെ പ്രണയിക്കുകയാണ്‌ ...
നിന്റെ മണങ്ങളിൽ ഉരുകി അലിഞ്ഞു ഇല്ലാതാവുകയാണ് ..

നിന്നെ പ്രണയിക്കുകയെന്നാൽ
എന്നിലേക്ക്‌  മാത്രം ഒഴുകുന്ന നദിയുടെ കരയിൽ ഒറ്റക്കിരിക്കുകയാണ് ...
തോരാത്ത മഴയിൽ സ്വയം മറക്കുകയാണ് ...

നിന്നെ പ്രണയിക്കുകയെന്നാൽ 
നീ ഞാനാവുകയോ ഞാൻ നീയാവുകയോ
 അല്ലാതെ സ്വത്വം ഉറപ്പിക്കുകയാണ്
നിന്റെ മതിൽകെട്ട് ഞാൻ തകര്ക്കുകയും
 എന്റെ ജലപോളയെ നീ ഉടക്കുകയുമാണ്‌ 

നിന്നെ പ്രണയിക്കുകയെന്നാൽ 
രതിയുടെ നിഗൂഡതലങ്ങളിലേക്ക് തീർത്ഥയാത്ര നടത്തുകയാണ് 
കാലവും നിമിഷവും ഋതുവുമെല്ലാം നിശ്ചലമാക്കുകയാണ് 

നിന്നെ പ്രണയിക്കുകയെന്നാൽ 
ഒരു നിശബ്ദതയിൽ തട്ടി ഉടഞ്ഞു പോവുന്ന 
നിമിഷങ്ങൾക്ക് യുഗങ്ങളുടെ പരിവേഷം തോന്നുകയാണ്‌ 

പക്ഷെ..............

നീ എന്നെ പ്രണയിക്കുകയെന്നാൽ 
ഒരു മഞ്ഞുകാലത്തിനപ്പുറം മറ്റൊന്നു 
നോക്കിയിരിക്കുക മാത്രമാണ്..  
ഏകാന്തമായ   പച്ചതുരുത്തിൽ തിരകളെണ്ണി, 
സ്വപ്നങ്ങളിൽ എന്നോടൊത്തു രമിക്കുകയാണ്.....

നമുക്കിടയിലൂടെ ഊർന്നു പോവുന്ന നിമിഷങ്ങളിൽ 
ഇപ്രകാരം നമുക്ക് പരസ്പരം നഷ്ടപ്പെട്ടു കൊണ്ടേ ഇരിക്കാം.....


2015, മേയ് 9, ശനിയാഴ്‌ച

ജനാധിപത്യം മഹത്തരം തന്നെ

ജനാധിപത്യം എന്നെ നോക്കി വെറുതെപല്ലിളിക്കുന്നു 
 ഇന്നലെയും കൂടി ...കുറെയായി ഇതു തുടങ്ങിയിട്ട്‌; 
ആദ്യം പാസ്പോർട്ടിനു അപേക്ഷിച്ചപ്പോൾ പഴയൊരു കുടിപ്പക തീർത്തു 
നശിപ്പിച്ച ഒരു അവസരത്തിന്റെ രൂപത്തിൽ ... 
പിന്നെ കറുത്ത കോട്ടിനുള്ളിലെ വിശ്വാസവ ഞ്ചനയാൽ
 കള്ളക്കേസിൽ കുടുങ്ങിയ ഒരു  മനുഷ്യന്റെ ഇപ്പോഴും തീരാത്ത കണ്ണീരായി.. 


എനിക്ക്  പുറത്ത് ..... 
 പാവപ്പെട്ടവന്റെ നിഷേധിക്കപ്പെടുന്ന നീതിയും ജീവിതവുമായി ....
പണക്കാരൻറെ  ഭാണ്ഠത്തിലെ അവിഹിത  സമ്പാദ്യമായി..
എന്‍െറ് അറിവിന്‍െറ പരിമിതികള്‍ക്കുളളില്‍ ഞാന്‍ തളച്ചിടപ്പെട്ടിരിക്കുന്നു.
ജനാധിപത്യമെന്നാല്‍ സമത്വം എന്നില്ലെന്ന ചില അരാഷ്ട്രീയ ബുദ്ധി ജീവികളുടെ 
വാദത്തില്‍ തട്ടി എന്‍റെ അഞ്ജതയുടെ കൊമ്പു മുറിയുന്നു


പോയ ജീവിതങ്ങളുടെ ഭാണ്ഠം തുറന്നു ഞാന്‍ വീണ്ടും നോക്കുന്നു
കുടിയൊഴിപ്പിക്കപെട്ടവര്‍,രക്ത സാക്ഷികളാക്കപെട്ടവര്‍
ജീവിതം നിഷേധിക്കപ്പെട്ടവർ,തെരുവിന്റെ മക്കൾ.. പട്ടിക നീണ്ടു പോവുന്നു.
രാഷ്ട്രീയ ബുദ്ധിജീവികള്‍ മറുപക്ഷക്കാരന്‍െറ തെറ്റുകളെ  മാത്രം ചൂണ്ടി കാണിക്കുന്നു;
സ്വന്തം കൂട്ടത്തിലെ രാഷ്ട്രീയകോമരങ്ങളെ സാധൂകരിക്കാൻ പഴുതുമായി..
അവന്റെ ചോരക്കു എന്റെ ചോരയുടെ നിറമല്ലെന്ന് ഉറപ്പിക്കുന്നു...
ക്ഷുഭിത യൗവനം തെരുവില്‍ ജീവിക്കുന്നവനും, കാട്ടില്‍ ജീവിക്കുന്നവനും
 ചേരിയില്‍ ജീവിക്കുന്നവനും, മനസിലാവാത്ത പ്രത്യയ ശാസ്ത്രങ്ങള്‍ 
പറഞ്ഞു കാടു കയറി പോവുന്നു...


പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവനെ നോക്കി ഞാനുള്‍പ്പെട്ട സവര്‍ണ്ണ മേധാവിത്വം 
പേനാതുമ്പിലൂടെ ഉദ്ധരിക്കാന്‍ ആഹ്വാനം  നടത്തുന്നു
 ചേരിയുടെ ഓരത്തിരുന്നു ചെരുപ്പു തുന്നുന്ന  കുട്ടി ...
അവന്റെ മുന്നിലൂടെ പോകുന്ന കൊടി വെച്ച കാറിലെ 
 എസിയുടെ ശീതളിമയിലിരുന്നു അഭിനവ നീറോമാര്‍ 
ബാലവേല നിരോധനത്തെപറ്റി കരടു രേഖ നിര്‍മ്മിക്കുന്നു.

കാടിന്‍െറ മക്കള്‍ക്കും കാടിന്‍െറ സമ്പത്തിനുമായി അഹോരാത്രം 
പണിയെടുക്കുന്ന ഭരണകൂടവും ജനങ്ങളും രാജാവു നഗ്നനാണെന്നു 
വിളിച്ചു പറഞ്ഞ കുട്ടിയെ കല്ലെറിയുന്നു
തെരുവുപട്ടികള്‍ മാത്രമാണു തെരുവില്‍ ഉറങ്ങാറുള്ളതെന്ന 
അല്‍പ ജ്ഞാനത്തില്‍  മുഴുകി വായില്‍ വെളളി 
കരണ്ടിയുളള മേലാള പരിഷകള്‍ കൊലപാതകിയായ, 
മനുഷത്വത്തിന്‍െറ മൊത്ത കച്ചവടക്കാരനെ തോളിലേറ്റുന്നു


അന്ധമായി നീണ്ടു പോവുന്ന ജനാധിപത്യ സംഹിതയിലെ അദ്ധ്യായങ്ങളിലും
 ഉപ അദ്ധ്യായങ്ങളിലും കാരണങ്ങള്‍ തിരഞ്ഞു നടന്നു  ഞാൻ തളര്‍ന്നു പോകുന്നു
പോയകാലത്തില്ന്‍റെ ചവറ്റു കുട്ടയില്‍ കയ്യില്ലാത്ത ഒരാള്‍,ദേഹം മുഴുവന്‍ 
വേട്ടേറ്റു മരിച്ച മറ്റൊരാള്‍ ,കൂട്ടകൊല ചെയ്യപെട്ട ന്യൂനപക്ഷങ്ങള്‍,
ജീവിക്കാനര്‍ഹതയില്ലാത്ത തെരുവു തെണ്ടികള്‍...
അവരെല്ലാം ജനാധിപത്യത്തിൻറെ  ശത്രുക്കള്‍ ആണ്...ദേശദ്രോഹികള്‍


പെണ്ണിന്‍റെ സാരി തുമ്പില്‍ അടിയുലഞ്ഞൊടുക്കം ശാന്തമാവുന്ന പ്രകമ്പനങ്ങള്‍, 
ആ  ഉലച്ചില്‍ വീണു പോവാതിരിക്കാന്‍ കസേരകളില്‍ മുറുകെ പിടിച്ചു
 മാനം രക്ഷിക്കുന്ന ചിലര്‍..
ജനാധി പത്യം പഠിക്കാന്‍ മുതലാളിത്ത രാജ്യങ്ങളടക്കം പര്യവേക്ഷണം 
നടത്തി തളര്‍ന്നു പോയൊരു  സാധാരണക്കാരനിൽ  വരാനിരിക്കുന്ന 
വസന്തം സ്വപ്നം കാണുന്ന യുവത്വം...
അരാഷ്ട്രീയമെന്ന ചൂലുമായി മുറ്റമടിച്ചു തളര്‍ന്ന മറ്റൊരു സാധാരണക്കാരൻ
എത്രകിട്ടിയാലും തികയാത്ത ചില കുംഭ കര്‍ണ്ണന്‍മാര്‍ 
വീണ്ടും വിഴുങ്ങി കൊണ്ടിരിക്കുന്ന കാടും ജലവും മണ്ണും....


നീയെന്നും ഞാനെന്നുമില്ല
കേരളവും തമിഴ്  നാടെന്നുമില്ല...
ഹിന്ദുവെന്നും മുസ്ളീമെന്നുമില്ല...
ഇന്‍ഡ്യ എന്ന അമ്മ പെറ്റ മക്കളാണ് നാമെന്നു  രാമന്‍ മാഷുപഠിപ്പിക്കുന്നു
അതെപ്പൊ??? 
 അമ്പരപ്പില്‍ റഹീമും ജോസെഫും മുരളിയും പരസ്പരം നോക്കുന്നു...

ഇന്‍ഡൃ എന്നാല്‍ എന്‍െറ നാടാകുന്നു
അതിന്‍െറ പൈതൃകത്തില്‍ ഞാന്‍ അഭിമാന൦  കൊളളുന്നു
ഞാനെന്‍െറ നാടിനെ സ്നേഹിക്കുന്നു
എന്നു കരുതി എനിക്കെൻറെ  നാട്ടിലെ എല്ലാവരെയും സ്നേഹിക്കാന്‍ സാധിക്കില്ല
എല്ലാ ഇന്‍ഡൃക്കാരെയും  സഹോദരീ സഹോദരന്‍മാരായി 
കാണാന്‍ പറ്റാത്ത പോലെ തന്നെ

നിനക്കൊരു ഇന്‍ഡൃ
എനിക്കൊരു ഇന്‍ഡൃ
അവർക്കൊരു ഇന്‍ഡൃ
നമുക്കെന്നൊരു ഇന്‍ഡൃ ഇല്ല....
ഉണ്ടെന്നുളള നിന്‍െറ വിശ്വാസം നിന്നെ  രക്ഷിക്കട്ടെ.....
ജനാധിപത്യം മഹത്തരം തന്നെ....സംശയമില്ല....

2015, മേയ് 6, ബുധനാഴ്‌ച

വെള്ളിടികൾ വെട്ടുമ്പോൾവിപ്ലവം തോക്കിൻ കുഴലിലൂടെ വരുന്നില്ല,
പേനാതുമ്പിലൂടെ, കീ ബോർഡിലൂടെ ഇങ്ങനെ വന്നു വന്നു വന്നു
ഒരു ദിവസം എല്ലാവരും വിപ്ളവത്തിൽ കുളിച്ചു കിടക്കും
അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്ക് ഓരോ  ലാപ്ടോപ്,
അല്ലെങ്കിൽ ഒരു സ്മാർട്ട്‌ഫോണ്‍ എങ്കിലും ?
അത് വേണം.... കാരണം ഇന്റർനെറ്റ്‌ ഫ്രീ ആണല്ലോ.. മുഖപുസ്തകവും...
എല്ലാരും വിപ്ലവകാരികളായ സുന്ദരമായ കിനാചേരി

അവരു  പറഞ്ഞു... ഞാൻ ചെയ്തു..
കൊലപാതകം...ചിലപ്പോ 
കുഞ്ഞു കൈവെട്ടു, കാൽ വെട്ട്..വല്ലപ്പോഴും...
അതൊക്കെ കുറ്റമല്ലെ ?  ഹേയ് ഇല്ലില്ല 
അവരു  പറഞ്ഞ കൊണ്ട് മാത്രം കുറ്റമാവുന്നില്ല
കാരണം ജനാധിപത്യത്തിന്റെ നിലനില്പ്പ് തന്നെ അവരിലാണ്‌ 

വെള്ളിടിവെട്ടിയ കീഴാളന്റെ  ഊരുകളിൽ ഇനി വെള്ളിടി വെട്ടില്ല
ഇനി ഒരു ചൂഷണവും നടക്കില്ല, അവരെല്ലാം സുരക്ഷിതരാണ്‌
അവരെ ആരിൽ നിന്നൊക്കെയോ രക്ഷിക്കാൻ ഒരാൾ വന്നു;
എന്തിനൊക്കെയോ വേണ്ടി യുദ്ധം ചെയ്തു; അവരെ അരക്ഷിതരാക്കി
 അയാളാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ധ്വംസകൻ..
എത്ര പെറ്റി കേസ് !!!!!കാട്ടു കൊള്ളക്കാരന് സമം...

പാവങ്ങളുടെ അപ്പോസ്തലർ എന്നും കീഴാളർക്കൊപ്പം നിന്നു
അക്ഷരാഭ്യാസം പോലുമില്ലാതിരുന്ന ഒരു ജനതക്കായി
തൂലിക ചലിപ്പിച്ചു ചലിപ്പിച്ചു കുറെ കൂടി പുരോഗമിച്ചപ്പോൾ
കീബോർഡ് ചലിപ്പിച്ചു.....വിപ്ലവം ഒഴുകി...


പണ്ടെന്നോ ആരൊക്കെയോ ചേർന്ന്
ഏതോ ഒരു അധ്യാപകനെ കുഞ്ഞുങ്ങൾക്ക്‌
മുന്നിലിട്ട് വെട്ടി കൊന്നത്രെ ... എപ്പോ??????????
അതിനു പ്രതികാരമായി അയാളുടെ ആളുകൾ  തിരിച്ചും...
പിന്നൊരു മനുഷ്യനെ നടുറോഡിൽ, പിന്നെ, പിന്നെ.....
ഒന്നും ഓർക്കുന്നില്ല.... ഇതൊക്കെ എപ്പോൾ???


കൊലപാതകങ്ങൾ രക്തസാക്ഷികളെ ബസ്സ്റൊപ് ആക്കി മാറ്റുന്നു
എന്നും നൊന്തു നൊന്തു ഓർക്കാൻ വീട്ടുകാർക്കുള്ള സമ്മാനം.
ജനങ്ങൾ പരമാധികാരം കയ്യാളുന്ന നാട്ടിലെ  സാധാരണ കാഴ്ച

എന്നാൽ കീഴാളർ, അവരെ തൊട്ടു കളിക്കരുത്...
കളിച്ചാൽ...  ഞങ്ങൾക്ക് കയ്യും കെട്ടി നോക്കി നില്ക്കാൻ പറ്റില്ല
കാരണം ഞങ്ങൾ വിപ്ലവകാരികളാണ്....
 തോക്കെടുത്താൽ ചോര കാണാതെ മടങ്ങാത്ത
കറ തീർന്ന വിപ്ലവകാരികൾ

നാളെ ഞങ്ങൾ നെടുനീളത്തിൽ തയ്യാറാക്കുന്ന കറ  തീർന്ന
വിപ്ലവകരട്‌രേഖ നിങ്ങൾക്കും വായിക്കാം...
എൻറെ മുഖപുസ്തകത്തിന്റെ ഭിത്തിയിൽ ഒട്ടിക്കും ....വരുക.. അഭിപ്രായങ്ങൾ പറയുക, ഇഷ്ടം പറയുക,
പങ്കു വെക്കുക നിങ്ങളുടെ ഭിത്തിയിൽ....
എല്ലാവരും അറിയട്ടെ ഞാനും സെലിബ്രിടി ആണെന്ന്...

2015, മേയ് 3, ഞായറാഴ്‌ച

സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം
ഒട്ടകപ്പുറത്തേറി സ്വർഗത്തിൽ പോകാം എന്നൊരാൾ..
സുൽത്താൻമാർക്ക് അടിമകൾ ആഡംബരം ആണെന്ന് മറ്റൊരാൾ
ദേഹം മുഴുവൻ മൂടി സുരക്ഷിതരാവുന്ന... ആക്കപ്പെടുന്നവർ... 
കണ്ണ് മാത്രം കണ്ടാലും കാമം പൊന്തുന്ന മൂന്നാം വര്ഗം 
പെട്ടുപോയ കുഴിയിൽ എല്ലാവരേയും വലിച്ചിടുന്ന ഹൂറിമാർ 

മേലാളനു  പ്രാപിക്കാൻ ഉള്ളതാണ് കീഴാളപെണ്ണെന്നു 
എവിടെയൊക്കെയോ  കൊത്തി വെയ്ക്കപ്പെട്ടിരിക്കുന്നു 
തീണ്ടലുകൾ പകലുകളിലും തൊടീലുകൾ രാത്രിയിലും...
രതി ആഘോഷമാക്കിയ ഭഗവാന്മാരും ഭഗവതിമാരും 
പൂമാലയാൽ അലംകൃതരായി നിവസിക്കുന്ന നാലുകെട്ടിനുള്ളിലെ 
അടക്കിയ തേങ്ങലുകളിൽ പിന്നെയും കുലസ്ത്രീകൾ പുനർജനിക്കുന്നു 

പ്രാരാബ്ധകുഴിയിൽ നിന്ന് കര കയറാൻ ജ്ഞാന സ്നാനം ചെയ്തു, 
പുണ്യകുടീരത്തിലേക്ക് ചേർക്കപ്പെട്ടവളുടെ അമർത്തപെട്ട വിലാപം. 
അൾത്താരയിൽ നിന്ന് മൂന്നു നേരവും മുടങ്ങാതെ ഉയരുന്ന 
വിശുദ്ധകുർബാനകളിൽ അനുഗ്രഹീതരാവുന്ന വിശ്വാസികൾ 
കുരിശിൽ തറക്കപ്പെട്ടതു കൊണ്ട് മാത്രം കുടുങ്ങി പോയ പാവം............

ജനിച്ചതോ, ജീവിക്കുന്നതോ, എന്തിനെന്നറിയാത്ത മറിയാമ്മയും 
ശാരദാമ്മയും ബീവാത്തുമ്മയും  എന്നും എപ്പോഴും തങ്ങൾക്കു 
പതിച്ചു കിട്ടിയ ജീവിതത്തിൽ പൂർണതൃപ്തിയിൽ വാഴുന്ന 
മാതൃക സ്ഥാനം ..