Follow by Email

2015, ഏപ്രിൽ 8, ബുധനാഴ്‌ച

ക്യാൻവാസിലെ യക്ഷി

ഉച്ചത്തിലുള്ള സംസാരം കേട്ടാണ് രാവിലെ ഉറക്കമുണർന്നത്‌.  അവരാണ്- എലിസബത്ത്‌ ഡിസൂസ എന്ന എന്റെ മമ്മി.  വാതിൽക്കൽ ചെന്നൊന്നു എത്തി നോക്കി.  പൂമുഖത്തെ കസേരയിൽ തല താഴ്ത്തി ഇരിക്കുന്ന മനുഷ്യൻ പപ്പയുടെ സുഹൃത്താണ്‌.  മമ്മി അയാളോട് രോഷത്തിൽ കയർക്കുന്നു.  പപ്പ അപ്പോഴും യാതൊരു ഭാവഭേദവുമില്ലാതെ അയാളെ നോക്കി ഇരിക്കുന്നു.  എന്തൊരു മനുഷ്യനാണീ പപ്പ.  സ്വന്തം സുഹൃത്തിനെ, അതും വർഷങ്ങളായുള്ള സുഹൃത്തിനെ  അപമാനിക്കുന്നത് നോക്കി ഇരിക്കുന്ന കഴിവുകെട്ട മനുഷ്യൻ.  ഈ സ്ത്രീയുടെ അഹങ്കാരം ഇത്രയും വളർത്തിയത്‌ പപ്പയാണ്‌.  ഹി വിൽ റിഗ്രെറ്റ്.... അമർഷത്തോടെ തിരിച്ചു പോരാൻ തുടങ്ങിയപ്പോളാണ് അവരുടെ സംസാരം കാതിൽ വീണത്‌. പപ്പയുടെ സുഹൃത്തിന്റെ പരസ്ത്രീ ബന്ധമാണ് മമ്മിയിൽ ദേഷ്യം ഉണ്ടാക്കുന്നതെന്ന് മനസിലായപ്പോൾ ചിരിയാണ് വന്നത്.  നേരെ മുറിയിൽ വന്നിരുന്നു പെയിന്റിംഗ് തുടങ്ങി.  ഒരു യക്ഷിയുടെ ചിത്രം.  പണ്ട് അമ്മച്ചി പറഞ്ഞു തന്ന കഥകളിലെ സുന്ദരിയായ യക്ഷി.  

പപ്പയുടെ സുഹൃത്ത്‌ പോയി അല്പം കഴിഞ്ഞപ്പോൾ പുറത്തൊരു ബുള്ളറ്റിന്റെ ശബ്ദം കേട്ടു.  അയാളായിരിക്കും.  നിരഞ്ജൻ മാത്യൂസ്‌- കുന്നിൻ ചരിവിലെ എന്റെ കണ്ണാടി വീട്ടിൽ കരിനിഴൽ വീഴ്ത്തുന്ന ചെകുത്താൻ.  അവധി ദിവസങ്ങളിൽ ഇയാൾ മമ്മിയെ കാണാൻ  കൈ നിറയെ സമ്മാനങ്ങളുമായി വരുന്നത് പതിവാണല്ലോ.  നാണമില്ലാത്ത മനുഷ്യൻ.  അയാളുടെ മാനസപുത്രിയാണത്രെ ഞാൻ.  ആ പദവിയെക്കാൾ മരണമാണ് ഭേദമെന്നു മുഖത്തടിച്ച പോലെ പറഞ്ഞപ്പോൾ അയാളുടെ കണ്ണ് നിറഞ്ഞൊഴുകിയതു ക്രൂരമായ ഒരു ആനന്ദത്തോടെ നോക്കി നിന്നു.  കാമുകിയുടെ മകളെ എല്ലാ കാമുകന്മാരും വിശേഷിപ്പിക്കുന്ന ക്ലിഷെ  ഡയലോഗ് നിമ്മിയോടു ഇറക്കിയിരിക്കുന്നു.  പുച്ഛം തോന്നി.  

പൂമുഖത്തപ്പോൾ ചിരിയും കളിയും തകർക്കുന്നത് കേൾക്കാമായിരുന്നു. വെറുതെ ഒന്ന് പോയി നോക്കാമെന്ന് തോന്നി. മമ്മി അയാളുടെ കൈകൾ മമ്മിയുടെ കൈകൾക്കുള്ളിൽ എടുത്തു വെച്ച് ചേർന്നിരുന്നു സംസാരിക്കുന്നു.  എതിരെ ഉള്ള സെറ്റിയിൽ പപ്പ തമാശ പറഞ്ഞു തകർക്കുന്നു.  പപ്പക്കൊട്ടും വിഷമം തോന്നുന്നില്ലെ?  സ്വന്തം ഭാര്യ അന്യപുരുഷനൊപ്പം.  എന്തൊരു മനുഷ്യനാണീ പപ്പ.  എന്റെ മമ്മിയെന്ന യക്ഷി അയാളോടൊട്ടി ഇരിക്കുന്ന കണ്ടപ്പോളേ എനിക്ക് അറപ്പാണ് തോന്നിയത്.  നിനക്ക് പ്രിയപ്പെട്ട  ഐറ്റംസ്  എല്ലാം റെഡി, വാടാ  കഴിക്കാം എന്ന മധുരം പുരട്ടിയ കൊഞ്ചലിൽ മമ്മി അയാളെ തീന്മേശയിലേക്ക് ക്ഷണിക്കുന്നു.  അനുസരണയുള്ള
 കുട്ടിയെ പോലെ പപ്പയോടു കണ്ണിറുക്കി കാട്ടി അയാൾ മമ്മിയുടെ ഇരുതോളുകളിലും തള്ളി പുറകെ പോകുന്നു.  പപ്പ വീണ്ടും ഷെയർ മാർക്കറ്റിന്റെ വേലിയേറ്റത്തിലേക്ക് ഊളിയിടുന്നു.  ഡൈനിങ്ങ്‌ റൂമിൽ അയാളെ സൽക്കരിക്കുന്നതിന്ടെ പൊട്ടിച്ചിരികൾ.  എനിക്ക് ഭ്രാന്താവുമെന്നു  തോന്നി.  മനസമാധാനം വീണ്ടെടുക്കാൻ യക്ഷിയുടെ പെയിന്റിംഗ് തുടർന്നു.    

മനസ്സുറക്കാത്തതിനാലാവാം ശ്രദ്ധ വീണ്ടും പൂമുഖത്തേക്ക്‌ പോയി.  കുറച്ചു കാശ് വേണമല്ലോ അച്ചായാ എന്ന് മമ്മി പറയുന്നു .  ഈ സ്ത്രീക്ക് ഇത്രയും സാലറി ഉണ്ടായിട്ടും എന്തിനാണ് വീണ്ടും വീണ്ടും പപ്പയുടെ കാശ്?  ആ റാസ്‌കലിനു കൊടുക്കാനാവും.  പൊട്ടൻ പപ്പ  ഇപോ ക്രെഡിറ്റ്‌ കാർഡ്‌ കൊടുക്കും എന്നോര്ക്കുന്നതിനു മുൻപേ കാർഡ്‌ മമ്മിയുടെ കയ്യിൽ എത്തി കഴിഞ്ഞു.  പപ്പയുടെ ക്രെഡിറ്റ്‌ കാർഡും കൊണ്ട് കാമുകനൊപ്പം പോകുന്ന മമ്മി.  ആദ്യമായി എനിക്കെന്റെ ജന്മത്തിൽ വെറുപ്പ്‌ തോന്നി.  അപോളാണ് ഒരു ഐഡിയ തോന്നിയത്.  അയാളുടെ ബൈക്കിൽ കയറി മമ്മി എവിടെ പോകുന്നു എന്നൊന്ന് കണ്ടുപിടിച്ചാലോ?  പപ്പയുടെ മുന്നിൽ ആ യക്ഷിയുടെ മുഖംമൂടി വലിച്ചു കീറി അവരെ അയാളോടൊപ്പം വിട്ടു പപ്പക്കും എനിക്കും മാത്രമായി ഈ കണ്ണാടി വീട്ടിൽ സ്വസ്ഥമായി ജീവിക്കാം.  അവരുടെ ബൈക്ക് പോയ പുറകെ സൈക്കിൾ എടുത്തു ഞാനും ഇറങ്ങി.  പപ്പയോടൊരു കള്ളവും പറഞ്ഞു.  അപ്പോൾ പപ്പയുടെ മുഖത്തൊരു ചിരി മിന്നിമാഞ്ഞോ?  ഹേയ്, എനിക്ക് തോന്നിയതാവും.  

കുന്നിറങ്ങി, കൃഷിയിടങ്ങളും കടന്നു, ചിരിച്ചു കളിച്ചു പോകുന്ന കമിതാക്കൾക്ക് പിന്നാലെ ഒരു കുറ്റാന്വേഷകയെ പോലെ ഞാനും പാഞ്ഞു. നഗരവും കടന്നു ഒരുപാടു ദൂരെയുള്ള  വിസ്തൃതമായ വലിയൊരു കൃഷിയിടത്തിനു ഒത്തനടുക്കുള്ള സുന്ദരമായ വീടിനു മുന്നിൽ അവരെത്തി. ഇയാൾ അപ്പോൾ ഇവിടെ ആണ് താമസം.  അകത്തു നിന്ന്  രണ്ടു സ്ത്രീകൾ ഇറങ്ങി വന്നു.  മമ്മിയോടു വളരെ ബഹുമാനത്തോടെ, സ്നേഹത്തോടെ സംസാരിച്ചു  അവർ  ഒതുങ്ങി നിന്നു.  ഫെമിനിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുകയും സ്ത്രീകളോട് സ്പർദ്ധ വെച്ചു പുലർത്തുകയും ചെയ്യുന്ന, ഒരൊറ്റ പെണ്‍സുഹൃത്തുക്കളും ഇല്ലാത്ത എലിസബത്ത്‌ ഡിസൂസയുടെ അവരോടുള്ള അടുപ്പം എന്നെ അതിശയിപ്പിച്ചു.  അതിലൊരു സ്ത്രീയോട് അവരുടെ ഭർത്താവിനെ ഉപേക്ഷിച്ചു കുഞ്ഞുങ്ങളുമായി എങ്ങോട്ടോ മാറി താമസിക്കുന്ന കാര്യവും മറ്റൊരുവളോടു വിവാഹക്കാര്യവും സംസാരിക്കുന്നതു കേട്ടു.  എന്റെ ആകാംഷ വളർന്നു.  അപ്പോൾ അകത്തു നിന്ന് പല പ്രായത്തിലുള്ള പെണ്‍കുഞ്ഞുങ്ങൾ ഇറങ്ങി വന്നു.  മമ്മി അവർക്ക് എന്തൊക്കെയോ സമ്മാനങ്ങൾ കൊടുത്തു.  ആ കുട്ടികളെ കൊണ്ട് നൃത്തം ചെയ്യിക്കുന്നു,  അവരെല്ലാരും കൂടി ചിരിച്ചു തകർക്കുന്നു.  അവർ ഭക്ഷണം കഴിക്കാനായി ആ വീടിനു ഉള്ളിലേക്ക് കയറി പോയപ്പോൾ ഞാൻ കുഴഞ്ഞ മനസോടെ തിരികെ പോന്നു.

വീട്ടിൽ വന്നു കയറിയപ്പോൾ പപ്പ എന്നെ കാത്തെന്ന പോലെ നിൽപ്പുണ്ടായിരുന്നു.  ചെന്ന് കയറിയ ഉടനെ ചോദിച്ചു.  മമ്മിയുടെ കാമുകന്റെ വീടു കൊള്ളാമോ നിമ്മു? അത്ഭുതത്തോടെ പപ്പയെ നോക്കി.  പപ്പ തോളിൽ കയ്യിട്ടു ചേർത്ത് നിർത്തി പറഞ്ഞു.  നിന്റെ മനസ്സിൽ മമ്മി ആരുമല്ലെന്നു  എനിക്കറിയാം.  പക്ഷെ എന്റെ മനസ്സിൽ അവൾ എല്ലാമാണ്.  ഒരു നല്ല ഭാര്യ, മകൾ, സഹോദരി, മരുമകൾ, അമ്മ.  എല്ലാ റോളുകളും അവൾ ചെയ്യുന്നതിൽ ഞാൻ സംതൃപ്തനാണ്.  എന്റെ വിവാഹം വരെ ഞാൻ ജീവിച്ചത് അസ്വാതന്ത്ര്യതിലും, അസംത്രിപ്തിയിലും ആയിരുന്നു.  പരസ്പരം വഴക്കിടുന്ന രണ്ടു മാതാപിതാക്കൾക്കിടയിൽ എന്റെ ജീവിതം തികച്ചും ദുരിതപൂർണമായിരുന്നു.  എങ്കിലും എനിക്ക് ഒന്നിനും കുറവുണ്ടായിരുന്നില്ല.  സ്നേഹത്തിനോഴികെ.  അപ്പോളാണ് നിന്റെ മമ്മി എന്റെ ജീവിതത്തിൽ വരുന്നത്.  ശരിക്കും ഞാൻ അവളെ സ്വന്തമാക്കുകയായിരുന്നില്ല.  അവൾക്കു ഞാൻ സ്വന്തമാവുകയായിരുന്നു.  ഒരിക്കലും ഞങ്ങൾക്കിടയിൽ കെട്ടുപാടുകൾ ഉണ്ടായിട്ടില്ല.  വിവാഹശേഷവും ഞാൻ ഞാനും അവൾ അവളുമായി തുടർന്നു. സ്വകാര്യതകൾ ഇല്ലാതാതതിനാൽ ആവണം ഞങ്ങൾ പരസ്പരം എപ്പോളും തൃപ്തരായിരുന്നു.  ഇടക്കുണ്ടാവാറുള്ള വാദപ്രതിവാദങ്ങൾ നൈമിഷികം മാത്രമായിരുന്നു.  ഞങ്ങൾക്കിടയിൽ ഒരു മൂന്നാമൻ കടന്നു വന്നിട്ടില്ല.  നിരന്ജനോടുള്ള അവളുടെ അടുപ്പം ഞാൻ കാര്യമാക്കാത്തത് എനിക്ക് അവൻ ഒരു വിഷയമേ അല്ലാത്തതുകൊണ്ടാണ്.  അവനെ പറ്റി ഞാൻ ചിന്തിച്ചിട്ടേ ഇല്ല ഇത്രയും വർഷമായി.  കാരണം അവൻ ആരെന്നുള്ളതു എന്നെ  ബാധിക്കുന്ന വിഷയമല്ല. അവളാരാണെന്ന് എനിക്ക് പകലു പോലെ വ്യക്തമാണ്.  പിന്നെ ഞാനെന്തിനു ഇതൊക്കെ തിരക്കണം.  അവൾ എന്നെ വിട്ടു പോകുന്നെങ്കിൽ എനിക്ക് കൊടുക്കാനാവാത്ത എന്തോ ഒന്ന് ഉണ്ടെന്നാണ് അർത്ഥം.  അഥവാ അങ്ങിനെ ഉണ്ടെങ്കിൽ തന്നെ അവളതു പറയാതിരിക്കുകയുമില്ല.  അതാണ് ഞങ്ങളുടെ ജീവിതം.  ഇത്ര വർഷം ഞങ്ങൾ ഒരുമിച്ചു നിന്ന് നേടിയെടുത്ത ജീവിതം. പപ്പ പറഞ്ഞു നിർത്തി.  ഞാൻ എന്റെ നെറ്റിയിൽ ഇന്നലെ രാത്രി ഉറങ്ങിയെന്നു കരുതി മമ്മി   ഉമ്മ വെചു പോയ സ്ഥലത്ത് വെറുതെ തടവി കൊണ്ട് എല്ലാം കേട്ടിരുന്നു.  ആ ചുംബനത്തെ മേയ്ക്ക്അപ്പ്‌ റിമൂവർ ഉപയോഗിച്ച് തുടച്ചു കളഞ്ഞതിന്റെ വേദനയോടെ.  അതിലുപരി ക്യാൻവാസിലെ യക്ഷിയുടെ ചിത്രത്തെ ഓർത്ത്. കണ്ണിൽ നിന്ന് കണ്ണീർ  നിലക്കാതെ ഒഴുകി കൊണ്ടെ ഇരുന്നു അപോഴും.

(ആദ്യമായി ഒരു കഥ എഴുതി നോക്കിയതാണ്.. സിനിമ കഥ പോലൊക്കെ തോന്നിയാൽ തികച്ചും യാദ്രിചികം മാത്രം ..ഉപദ്രവിക്കരുത് പ്ലീസ് )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ