Follow by Email

2015, ഏപ്രിൽ 2, വ്യാഴാഴ്‌ച

ആർത്തവം എന്ന ഇച്ചീച്ചിഓണ്‍ലൈനിൽ ആർത്തവചർച്ചകൾ തകർക്കുന്ന കണ്ടപ്പോളാണ് ഈയുള്ളവൾക്കും ആർത്തവം ഉണ്ടല്ലോ അതിനെ പറ്റി രണ്ടു പറഞ്ഞാലോ എന്നൊരു തോന്നൽ ഉണ്ടായത്.  ഒരു കാലത്ത് ഒരു തികഞ്ഞ മതവിശ്വാസിയായിരുന്ന ഞാൻ ആർത്തവം എന്ന മഹാസംഭവം കൊടിയേറ്റും കൊടിയിറക്കും ആറാട്ടും ഒക്കെയായി കൊണ്ടാടിയിരുന്നു.  എന്റെ കൌമാരകാലത്തായിരുന്നു അമ്മ ആദ്യമായി ആർത്തവത്തെ  പറ്റി എനിക്ക് പറഞ്ഞു തന്നത്.  അതുകൊണ്ടാവണം ആദ്യമായി പുഷ്പിച്ചപ്പോൾ പേടിച്ചു കൂവി ഒരു സംഭവം ആക്കിയില്ല.  എന്നാൽ അതിനെ പറ്റി അഞ്ജരായ ചിലർ ബ്ലഡ്‌ കാൻസർ വന്നു എന്ന് നിലവിളിച്ചോടിയത് നമ്മുടെ നാട്ടിലെ ഇച്ചീച്ചി സംസ്കാരത്തിന്റെ ശേഷിപ്പായി എപ്പോളും ഓർക്കാറുണ്ട്.  അന്നൊക്കെ ആദ്യത്തെ പുഷ്പിക്കൽ ഒരു ആഘോഷമായിരുന്നു .  കുറെ പലഹാരങ്ങൾ, ഉടുപ്പുകൾ, സ്വർണ ആഭരണങ്ങൾ  എല്ലാം കിട്ടിയിരുന്നു.  പക്ഷെ അതൊക്കെ തീണ്ടാനും തൊടാനും കൊള്ളാത്തവളെന്ന ലേബലിൽ മാസത്തിൽ 7 ദിവസം തളച്ചിടാനുള്ള കെണി ആണെന്നറിയില്ലായിരുന്നു.

ഹിന്ദു മതത്തിൽ തീണ്ടാരി പെണ്ണിനു കൂടുതൽ വിലക്ക്  ഉള്ളതിനാലാവണം, അക്കാലങ്ങളിൽ ,തീണ്ടാരിയായി അമ്പലത്തിൽ കയറി പ്രാർത്ഥിച്ചു, ദോഷം വരുത്തി, നാലാളറിയുന്ന നിലയിലേക്ക് പ്രൊമോട്ട് ചെയ്യപ്പെടുന്ന വിശിഷ്ടമായ സ്വപ്നം എന്റെ നിദ്രകളെ വേട്ടയാടിയിരുന്നു.  മഞ്ഞിന്റെ കുളിരുള്ള മകരമാസത്തിലെ വെളുപ്പാൻ കാലത്ത് ഉണർന്നു, ശബരിമല ഭക്തരായ പുരുഷ പ്രജകൾ ഉണരുന്ന മുൻപേ കുളിക്കുന്നതും, മാറിയിരിക്കുന്നതും, മൂങ്ങയുടെ സ്വഭാവമുള്ള, എനിക്ക് അരോചകമായിരുന്നു.  ക്ലാസ്സിൽ ഇരുന്നു ഉറക്കം തൂങ്ങൽ പതിവാക്കിയിരുന്നു.  കൂടാതെ ആർത്തവസംബന്ധമായ ശാരീരികവും  മാനസികവുമായ  പ്രശ്നങ്ങൾ  ഞാൻ അടക്കമുള്ള എല്ലാ പെണ്‍കുട്ടികൾക്കും ഒരു തീരാസങ്കടമായിരുന്നു എന്നാണെന്റെ അറിവ്.  ഇതിന്റെ സാനിടറി ഡിസ്പോസൽ ആയിരുന്നു മറ്റൊരു കടമ്പ.  ടോയ്ലെറ്റിൽ ഇട്ടാൽ ക്ലോട്ട്  ആവും,  കുപ്പയിലിട്ടാൽ പാപം കിട്ടും, കുഴിച്ചിട്ടാൽ എലി മാന്തും എന്നൊക്കെ പേടിച്ചു കത്തിച്ചു കളയുക എന്ന മാർഗം അനുഭവസ്ഥരായ സ്ത്രീജനങ്ങൾ ഉപദേശിച്ചു തന്നു.  തണുപ്പത്ത്  ആരും കാണാതെ ഒരു മൂലയിൽ  പോയിരുന്നു, ചോരയിൽ കുതിർന്ന തുണി മണ്ണെണ്ണ ഒഴിച്ച് കത്തിക്കാൻ വളരെ പണിപ്പെട്ടിരുന്നു.

ആർത്തവം എന്ന ഇച്ചീച്ചി എനിക്ക് വിഷയമായി തോന്നാത്ത രീതിയിൽ എന്റെ ചിന്തകളെ തിരുത്തി എഴുതിയത് എപ്പോളത്തെയും  പോലെ എന്റെ ഭർത്താവു തന്നെയായിരുന്നു.  പരമഭക്തയായ ഭർതൃമാതാവിന് അവരുടെ പൂജകൾക്ക് എന്റെ ആർത്തവം ഒരു വലിയ
തലവേദനയായി തുടങ്ങിയപ്പോൾ, അതെന്നെ മാനസികമായ പിരിമുറുക്കത്തിൽ ആക്കിയപ്പോൾ അതിനൊരു പരിഹാരമെന്നോണം ഇതിനെ നിസ്സാരമായി കാണാൻ എന്നെ പഠിപ്പിച്ചതും അത് വഴി എന്റെ വിഷമങ്ങൾക്ക് ആശ്വാസം തന്നതും അദേഹമായിരുന്നു.  അതിനു ശേഷം ഇതിന്റെ നിസ്സാരതയെ പറ്റി ഞാൻ ചിന്തിച്ചു തുടങ്ങി.  മതങ്ങൾ പെണ്ണിനെ തളക്കാൻ എന്തൊക്കെ ഉപയോഗിക്കുന്നോ അതെല്ലാം വിഡ്ഢിത്തങ്ങൾ തന്നെയെന്നു ആവർത്തിച്ചു ഉറപ്പിക്കാനുള്ള മറ്റൊരു തെളിവായിരുന്നു ഇതും.  എല്ലാത്തിനെയും വെല്ലുവിളിക്കാൻ ശീലിച്ചു തുടങ്ങിയപ്പോൾ ഇതൊരു തമാശയായി തുടങ്ങി.  ചെടികളിൽ തോടാതിരിക്കാൻ, പൂ പറിക്കാതിരിക്കാൻ, പൂജാമുറിയിൽ കയറാതിരിക്കാൻ, കൊടിയിറങ്ങുമ്പോൾ ശുദ്ധികലശം നടത്താൻ ഒക്കെ മുടങ്ങാതെ നിർദേശങ്ങൾ കിട്ടിക്കൊണ്ടെ ഇരുന്നു എപ്പോഴും. 

ആർത്തവം പെണ്ണിന് പ്രകൃത്യാ കിട്ടിയതാണ്.  അല്ലാതെ അവളുടെ മാരകമായ തെറ്റിനുള്ള ശിക്ഷയല്ല.  പരിഷ്കൃതർ എന്ന് സ്വയം വിശ്വസിക്കുന്ന ശിലായുഗസമൂഹം തീണ്ടാരി പെണ്ണിനെ ഇപോളും നികൃഷ്ടമായി മാത്രമാണ് കാണുന്നത്.  ചോദിച്ചാൽ പറയാൻ മതം ഉണ്ടല്ലോ.  ഏതോ കാലത്ത് ആരോ എഴുതിയ ശാസ്ത്രങ്ങൾ, ഉപനിഷത്തുകൾ എല്ലാത്തിന്റെയും പിന്ബലം ഉണ്ടല്ലോ.  ഉന്നത വിദ്യാഭ്യാസം കിട്ടിയ മഹിളാമണികൾ പോലും ആർത്തവം എന്നാൽ എന്തോ സംഭവം എന്ന പോലെ വാദിച്ചു തകർക്കുന്നത് കാണാം.  മൂത്രം, മലം, ശുക്ലം തുടങ്ങിയ ശരീര സ്രവങ്ങളിൽ നിന്ന് എന്ത് വ്യത്യാസമാണ് ഈ ചോരക്കുള്ളതെന്നു ഇതിനെതിരെ വാദിക്കുന്ന  സ്ത്രീരത്നങ്ങൾ ഒന്ന് പറഞ്ഞു തന്നിരുന്നെകിൽ വളരെ നന്നായിരുന്നു.  

 വിഷയം ഞാൻ എപൊളും പറയുന്നത് തന്നെയാണ്.  പെണ്ണ് ശാരീരികമായി ആണിനെക്കാൾ ദുർബലയാണ്.  ഒരുപാടു പരിമിതികൾ അവൾക്കുണ്ട്.  അതിനൊപ്പം കൂടുതൽ കൂടുതൽ അവൾക്കു മേൽ ഇമ്പോസ് ചെയ്തു തളർത്തുന്ന സമൂഹത്തിന്റെ സ്ഥിരം സാടിസത്തിനപ്പുറo ഇതിൽ ഒരു കാര്യങ്ങളും ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല.  പെണ്ണിനെ അടക്കുക, ഒതുക്കുക, നിലക്കു നിർത്തുക ഇവയാണ് നമ്മുടെ സൊസൈറ്റി ശീലിച്ചിട്ടുള്ളത്; പാലിച്ചു വരുന്നത്.  അതിനായി അവനുണ്ടാക്കിയ മതം, ജാതി, ഭ്രഷ്ട്, ആചാരങ്ങൾ, വിശ്വാസങ്ങൾ, നിയമങ്ങൾ.  അതനുസരിക്കുന്ന കുറെ പാവകളായ സ്ത്രീജനങ്ങൾ.  എതിർക്കുന്നവരെ ചവിട്ടി താഴ്ത്തുന്ന ഏകാധിപത്യരീതികൾ. എല്ലാ രീതിയിലും അന്ധരായ ഒരു ജനസമൂഹത്തിൽ നിന്ന് ഒളിചോടുകയല്ലാതെ, സ്വത്വം ഉള്ള ഒരാൾക്ക്  വേറെ വഴിയില്ല. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ