Follow by Email

2015, ഏപ്രിൽ 13, തിങ്കളാഴ്‌ച

യജമാനസ്നേഹം മാത്രമുള്ള എന്റെ സ്വന്തം നായ
എനിക്കൊരു നായയുണ്ട് എത്രയും ഉത്തരവാദിത്വവും,  അനുസരണശീലവും  യജമാനസ്നേഹവുമുള്ള എന്റെ സ്വന്തം നായ.  അവൻ ജനിച്ചതും വളർന്നതും എൻറെ വീട്ടിലായതു കൊണ്ട് അവനു വല്ലാത്ത വീട്ടുസ്നേഹമാണ്.  മറ്റൊരു വീട്ടിൽ ജനിച്ചിരുന്നെങ്കിൽ അവരായിരുന്നേനെ അവൻറെ പ്രിയപ്പെട്ടവർ എന്ന വിവേകം ഇല്ലാതെ അയൽവീടുകളിൽ നോക്കി കുരയ്ക്കുന്ന  വെറും നായ. അവന്റെ അമ്മയെ തല പുഴുത്തപ്പോൾ ഞങ്ങൾ എറിഞ്ഞു കൊല്ലുകയായിരുന്നു; അവനന്നു കുട്ടിയായിരുന്നു. അല്ലെങ്കിൽ തന്നെ നായകൾക്ക് അമ്മയേക്കാൾ പ്രിയം യജമാനനോടാണല്ലോ... 

എന്റെ നായ എന്നെ സേവിക്കുന്നത് വളരെ ആത്മാർഥമായിട്ടാണ്. അതിനാലാവണം എന്റെ കൊച്ചുമക്കളിൽ ഒരുവൾ അയലത്തെ വീട്ടിലെ എൻറെ വർഗശത്രുവിന്ടെ മകനെ വിവാഹം കഴിച്ചു പോയത് അവനു മറക്കാൻ കഴിയാതെ വരുകയും അവളുടെ പർദ്ദ തക്കം കിട്ടിയപ്പോൾ കടിച്ചു കീറുകയും ചെയ്തത്.... തോട്ടയല്പക്കത്തു വീട്ടിലെ ആരെ കണ്ടാലും കുരച്ചു കുതിച്ചു ചാടാൻ വെമ്പുന്ന അവനെ കാണുമ്പോൾ എനിക്ക് അഭിമാനം തോന്നാറുണ്ട്......

ഞാനൊരു സഞ്ചാരപ്രിയനാണ്;  എന്റെ മക്കൾ വമ്പൻ വ്യവസായികളാണ്.  അവരുടെ വ്യവസായം വളർത്തിയെടുക്കാൻ ഞാൻ  ലോകം ചുറ്റി നടന്നു പലരേയും കണ്ട് സംസാരിക്കാറുണ്ട്.  ലോകസഞ്ചാരം കഴിഞ്ഞു ചെല്ലുമ്പോൾ ഞാൻ എന്റെ പ്രിയപ്പെട്ട നായയ്ക്ക്‌ പലതും വാഗ്ദാനം ചെയ്യാറുണ്ട്.  എന്നാൽ ലോകം കണ്ടു മതിമറന്നു പോകുന്നത് കൊണ്ടാണോ എന്തോ എനിക്കൊന്നും വാങ്ങാൻ സമയം കിട്ടാറില്ല; എങ്കിലും അടുത്ത പര്യടനം അതിന്റെ കേടു തീർക്കും എന്ന് അവനെ വിശ്വസിപ്പിക്കുന്നതിൽ ഞാനൊരു വൻവിജയമാണ്. 

അവന്റെ ഉന്തി വരുന്ന എല്ലുകളും ശോഷിച്ചു ഉണങ്ങിയ ശരീരവും പടിഞ്ഞാറുള്ള ഒരു വീട്ടിൽ നിന്ന് സായാഹ്നസവാരിക്കിറങ്ങിയ മദാമ്മ പറഞ്ഞു ചിരിച്ചെന്നു എന്റെ ഭാര്യ പറയുന്നതു  കേട്ടു. പെണ്ണുങ്ങളുടെ വാക്ക് കേട്ട ശീലം കാർന്നവന്മാരായിട്ടേ  ഞങ്ങളുടെ തറവാടിനില്ലാത്തത്‌ കൊണ്ട് കുട്ടിയുടുപ്പിട്ടു അഴിഞ്ഞാടി നടക്കുന്ന മദാമ്മയുടെ കാര്യം വീട്ടിൽ മിണ്ടി പോകരുതെന്നു ഞാൻ വിലക്കി.


ഇതൊക്കെയാണെങ്കിലും അവനു കൊടുക്കാൻ ഭക്ഷണം തികയാത്തതിനാൽ അവനെ ഒരിക്കൽ ഞാൻ  ചാക്കിൽ കെട്ടി  പടിഞ്ഞാറുള്ള ഒരു വീടിന്റെ വാതിൽക്കൽ കൊണ്ട് കളഞ്ഞിരുന്നു.  ദയാശീലരായ അവർ എല്ലാം കൊടുത്തു വളർത്തി, അവൻ കൊഴുത്തുരുണ്ടു.  പക്ഷെ അപ്പോളും അവരോടു ഒരു സ്നേഹവും ഇല്ലാതിരുന്ന അവൻ, എന്നോടുള്ള യജമനഭക്തിയിൽ അവിടെ നിന്ന് എന്റെ വീട് നോക്കി കുരച്ചു കുരച്ചു തളർന്നപ്പോൾ അവർ കെട്ടഴിച്ചു വിടുകയായിരുന്നത്രെ.  അതാണെന്റെ നായ.  എന്നെ മാത്രം സ്നേഹിക്കുന്ന എന്റെ ചാവാലിപട്ടി.  


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ