Follow by Email

2015, ഏപ്രിൽ 30, വ്യാഴാഴ്‌ച

ഉറങ്ങുന്ന സുന്ദരി

ഉറങ്ങുന്ന സുന്ദരീ, 
നീയെന്നെ കൈവിട്ടിട്ടു ഇന്നേക്കു നാലു  സംവത്സരങ്ങൾ കടന്നിരിക്കുന്നു. നിന്നിലൂടെ ഞാൻ കണ്ട ഋതുക്കൾ, സ്വപ്‌നങ്ങൾ... നിറഞ്ഞ കണ്ണുകളോടെ ഞാൻ ഓർക്കാറുണ്ട്. ഒരു തണുത്തുറഞ്ഞ പ്രഭാതത്തിൽ നീയെന്നെ സ്വീകരിച്ചതും മറ്റൊരു തണുത്ത പ്രഭാതത്തിൽ പുറം തിരിഞ്ഞു നിന്നതും... ഈ കോരിച്ചൊരിയുന്ന മഴയിലും എന്റെ  ജാലകത്തിനപ്പുറം, പച്ചപ്പിനപ്പുറം, കോണ്‍ക്രീറ്റ് തോട്ടങ്ങൾ മറക്കുന്ന എൻറെ കാഴ്ചക്കപ്പുറം, നീ എനിക്ക് തന്ന വിശാലമായ ഒരു ലോകമുണ്ടായിരുന്നു.  അവൻറെ മാറിലെ ചൂട് പറ്റിയിരുന്നു ഞാൻ കണ്ട നിന്റെ സുന്ദരമായ, വശ്യമായ, മദാലസമായ സൗന്ദര്യം. അവനെപ്പോളും നിന്നെ സ്നേഹിക്കുന്നു, നിന്നെ പറ്റി വാചാലനാകുന്നു.  നീയൊരു ഉറങ്ങുന്ന സുന്ദരിയെന്നു നിൻറെ സൌന്ദര്യത്തിന്റെ കൊടുമുടിയിൽ കയറി നിന്നാണ് ആദ്യം അവനെന്നോട് പറഞ്ഞത്.  നിന്നെ പോലെ ആരും അവനെ കൊതിപ്പിച്ചിട്ടില്ലെന്നും.  

പിന്നെന്നോ ഒരു  മഞ്ഞുനിറഞ്ഞ പകലിലായിരുന്നു എൻറെ കണ്ണ് തോരാതെ ഒഴുകിയിരുന്നത്‌. ഗ്രാമത്തിലെ അമ്പലത്തിൽ അന്നൊരു വിവാഹമുണ്ടായിരുന്നു. എന്റെ സ്വപ്നങ്ങളിലെ വിവാഹം.  ഇന്നും എൻറെ മിഴികൾ ഈറൻ ആക്കുന്ന ഒരു വിവാഹം.  അതെ, അന്നാണ് ആദ്യമായി നീയെന്നെ നിന്റെ മഞ്ഞുകട്ടകൾക്കിടയിലെ തടവുകാരിയാക്കിയത്.  വസൂരി പൊള്ളിച്ച മുഖവുമായി ഒരു ക്രിസ്മസ് പ്രഭാതത്തിൽ മഞ്ഞുപാളികൾക്കിടയിൽ വഴി അറിയാതെ കുടുങ്ങിയ എന്നെ  രക്ഷിക്കാൻ  വെള്ളതാടിയും മുടിയും ഉള്ള സാന്താക്ലോസ് വന്നത്.  അന്നവും വീഞ്ഞും തന്നത്. 

അത് കഴിഞ്ഞുള്ള വേനലിലായിരുന്നു  എൻറെ ചില്ലകളെ നീ പൂർണമായി ഉണക്കിയത്.  ഒരിക്കലും പിന്നൊരു വസന്തത്തിനു വരാൻ കഴിയാത്ത വിധം നീയെൻറെ ചില്ലകളെ വരട്ടികളഞ്ഞു. എൻറെ സ്വപ്നത്തിന്റെ ഭാണ്ഡവും മുറുക്കി പടി ഇറങ്ങുമ്പോളും ഒരു പിൻവിളി ഞാൻ പ്രതീക്ഷിച്ചിരുന്നു .  പക്ഷേ.... ഒന്നുമുണ്ടായില്ല.  ഇപോളും നിന്നിൽ ചിതറിക്കിടക്കുന്ന ഓർമകൾക്ക് മേൽ മുഖം ചേർത്ത് ഞാൻ ഉറങ്ങാറുണ്ട്.  എന്നെങ്കിലും നീ എന്നെ വിളിക്കുമെന്ന പ്രതീക്ഷയിൽ....

2015, ഏപ്രിൽ 28, ചൊവ്വാഴ്ച

ഞാൻ


ചില വാക്കുകൾ അങ്ങിനെയാണ് 
ചവറ്റുകുട്ടയിലെ എഴുതി മുഴുമിക്കാത്ത കവിത പോലെ..
വ്യക്തിപരമോ വൈകാരികമോ ആയ എന്തോ ഒന്ന്  അവയെ 
പൂർണമാക്കാൻ  അനുവദിക്കാതെ വലിച്ചെറിയും 

നിൻറെ ചില്ലുകൊട്ടാരത്തിലെ രാജകുമാരിയല്ല ഞാനെന്നു 
ഒന്നല്ല ഒരായിരം വട്ടം ആണയിട്ടു പറഞ്ഞിട്ടുള്ളതാണ് 
എൻറെ വാക്കുകൾ ഏതൊരുവളെയും പോലെ മാത്രം 
നിന്റെ വജ്രം പോലെ കഠിനമായ വിശ്വാസങ്ങളിൽ 
തട്ടി എത്രയോ തവണ അവ തകർന്നു പോയിരിക്കുന്നു 

എന്നിട്ടും വീണ്ടും വീണ്ടും എന്തിനാണിങ്ങനെ?
എൻറെ ഒറ്റയടിപാതയിലെ എനിക്കു മാത്രം 
വ്യക്തമാവുന്ന വഴിയിൽ ഞാൻ പോവുന്നത് 
എനിക്കു മാത്രം അറിയാവുന്ന, മനസിലാവുന്ന
ദൂരങ്ങളിലേക്കാണ്; ഇനിയും അങ്ങിനെയായിരിക്കും 

നിൻറെ സമന്തരപാതയിൽ തന്നെയാണ് ഞാനിപ്പോളും
നമ്മളിൽ ആരും തന്നെ ഒരു കുറുക്കുവഴി സൃഷ്ടിക്കാൻ 
ബോധപൂർവം ശ്രമിക്കാത്തിടത്തോളം നിനക്ക് ഞാനോ 
എനിക്ക് നീയോ പരപ്സ്പരം പൂരകമാവുന്നില്ല...........
അല്ലെങ്കിൽ  ഞാൻ ഒരു  സത്യം മാത്രമാണിപ്പോൾ.............

2015, ഏപ്രിൽ 23, വ്യാഴാഴ്‌ച

നിഴലുകളുടെ അതിർവരമ്പുകൾപടിയിറങ്ങി പോവുന്ന ഓരോ സൗഹൃദങ്ങളും
എന്റെ പുസ്തകത്തിലെ  തെറ്റിപോയ കണക്കുകളാണ് 
എന്റെ നിയമങ്ങൾ, എന്റെ സങ്കല്പങ്ങൾ, എന്റെ ചട്ടക്കൂടുകൾ 
എന്റെ എന്റെ എന്റെ..ഞാൻ ഞാൻ ഞാൻ

ജീവിതം എപ്പോഴും എതിർദിശയിൽ തിരിച്ചു വിടാൻ 
ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നവന്റെ  അഹന്ത..
പ്രണയമോ സൗഹൃദമോ വിരഹമോ ഒന്നുമല്ല 
തികഞ്ഞ അഹന്ത...... അതൊരു കുമിളയാണ്...

പട്ടികകൾ നീളുമ്പോൾ തലതിരിഞ്ഞ ബുദ്ധിക്കു വീണ്ടും 
ഒരിക്കൽ കൂടി നന്ദി പറയുന്നു... ഒറ്റപ്പെടുന്നത്‌ ശീലമായി 
തുടങ്ങിയ കാലത്ത് അതൊരു കടുത്ത വേദനയായിരുന്നു 
പിന്നെന്നോ  പ്രണയം..കടുത്ത പ്രണയം 

മനശാസ്ത്രവഴികൾ ആവാം, അല്ലെങ്കിൽ വിദ്വേഷമാവാം ..
എന്റെ വാക്കുകൾക്ക് ചെവി കൊടുക്കാത്ത മുൻവിധികൾ 
 മുന്നിൽ നിഴലാട്ടം നടത്തുന്നത് കണ്ടു  മടുത്ത  മനസിന്‌ 
എന്നും അഹംഭാവമെന്ന  സ്ഥായീഭാവം..............

നിങ്ങൾക്കെന്നെ അറിയില്ല.... അറിയാനും പോകുന്നില്ല 
നിങ്ങളുടെ  കണ്ണിൽ ഞാൻ തെളിഞ്ഞിട്ടില്ല  ഇന്നു  വരെ.. 
 നിങ്ങളിന്നും   പ്രണയിക്കുന്നത്‌ നിഴലിനെയാണ്  .... 
അതിനും എത്രയോ ദൂരെയാണ് എന്നും ഞാൻ നടന്നു പോകുന്നത് ............

2015, ഏപ്രിൽ 21, ചൊവ്വാഴ്ച

എൻറെ ഏകാന്തതയുടെ കവിത

നീയറിഞ്ഞോ?  നീ പോയികഴിഞ്ഞുള്ള 
രണ്ടാമത്തെ വസന്തം ചെമ്പകത്തിൽ മൊട്ടിട്ടിരിക്കുന്നു 
നിൻറെ ഗന്ധമാണ് ,നിൻറെ കൈതണ്ടിന്റെ മൃദുലതയാണ്
ആ പൂക്കൾക്ക്...ഓരോ ചെമ്പകപൂവും നിന്റെ ഓർമയാണ് 
ആ മരങ്ങൾക്കിടയിൽ ഒറ്റക്കിരുന്നപ്പോളാണ് 
നീയെന്ന ഓർമ എത്രയോ തീവ്രമെന്നു  
 ഞാൻ അമ്പരപ്പോടെ തിരിച്ചറിഞ്ഞത്...

അന്ന്........
എനിക്ക് വേണ്ടി മാത്രം മാറ്റി വെക്കുന്ന നിന്റെ സായാഹ്നങ്ങൾ 
നമ്മളൊന്നിച്ചു നടത്തിയ യാത്രകൾ, ഒന്നിച്ചുറങ്ങിയ രാത്രികൾ, 
ഇപ്പോഴും  എൻറെ ചിരികൾ,കരച്ചിൽ ...
അവക്കായി മാത്രം തുറക്കപ്പെടുന്ന നിന്റെ വാതിലുകൾ 
എന്നെയും കാത്തു മുടങ്ങാതെ എത്തുന്ന 
നിന്റെ ആശംസാകാർഡുകൾ...അവയിലെ വടിവൊത്ത 
അക്ഷരങ്ങൾ വിളിച്ചു പറയുന്ന  പോയ  ദിനങ്ങൾ .........

എൻറെ വെള്ളാരം കണ്ണുള്ള സുന്ദരീ....
എനിക്കിനിയും നിന്റെ തോളിൽ ചാഞ്ഞിരുന്നു 
തടാകത്തിലെ ഇളകുന്ന മരച്ചായകളെ ശൂന്യമായ 
മനസോടെ നോക്കി കാണണം ....
നിന്റെ മടിയിൽ കിടന്നു നക്ഷത്രങ്ങളെ നോക്കി 
നിർത്താതെ സംസാരിച്ചു കൊണ്ടേ ഇരിക്കണം 
നമുക്കൊരുമിച്ചു  പാട്ടുകൾ കേൾക്കണം,കഥയില്ലാത്ത തമാശകളിൽ 
സ്വയം മറന്നു ചിരിക്കണം, വെറുതെ കൈകോർത്തു നടക്കണം  
നീയുണർന്നിരിക്കുമെന്ന ഉറപ്പിൽ എനിക്ക് സ്വയം മറന്നുറങ്ങണം... 

എല്ലാ സൗഹൃദങ്ങളും ഓരോ ഋതുക്കളാണ്;
നിന്റെ സൌഹൃദം മാത്രം എപ്പോഴും   പൂക്കാലവും ...
ഗ്രീഷ്മമെന്ന് തോന്നിപ്പിക്കുന്ന സൗഹൃദങ്ങൾ 
 പാതി വഴിയിൽ  ഉപേക്ഷിക്കുന്നു..അല്ല ഉപേക്ഷിക്കപ്പെടുന്നു...
ചിലത്‌ ഋതുഭേദങ്ങൾ ഇല്ലാതെ അവസാനിക്കുന്നു 
ചിലവ ഋതുഭേദങ്ങൾ സൃഷ്ടിച്ചു    കാലാകാലങ്ങളിൽ 
കൂടുതൽ ശക്തമാവുന്നു 

നിസ്വാർഥമായ സൗഹൃദം  മരിച്ചിട്ടില്ലെന്നു ഇപ്പോൾ എനിക്കുറപ്പാണ്..
 ഇന്ന്... ഈ മഹാനഗരത്തിലെ എനിക്ക് ഇപ്പോഴും 
അപരിചിതമായ തിരക്കിലും; 
എൻറെ  എത്രയും പ്രിയപ്പെട്ട  ഏകാന്തത 
വിളിച്ചു പറയുന്നുണ്ട് നിൻറെ സാമീപ്യത്തിന്റെ ഊഷ്മളത....
 അല്ലെങ്കിൽ എന്താണ് ഇത്രയും എഴുതിയപ്പോൾ 
എൻറെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ???

നീയൊരു പൂർണമാവാത്ത കവിതയാണ് അന്നാ...
എത്രയെഴുതിയിട്ടും തൃപ്തി വരാത്ത, വീണ്ടും വീണ്ടും 
തിരുത്തി  ഒടുക്കം അപൂർണതയിൽ നിർത്തുന്ന
 എൻറെ  ഏകാന്തതയുടെ  കവിത .... 


2015, ഏപ്രിൽ 19, ഞായറാഴ്‌ച

ആകാശം കാണാത്ത കിളികൾപെയ്തു തോർന്ന മഴ....
മൃതപ്രായയായ കുഞ്ഞികിളി....

വേദനയുടെ ഞരക്കത്തിൽ, പാതി ജീവൻ
ശേഷിക്കുന്ന ഉടലിൽ ഇനി ഒരു അങ്കത്തിനു
ബാല്യമുണ്ടോ എന്നൊരു  ചെന്നായ...
ഒരിക്കലും തീരാത്ത ആർത്തി...
ഉയിരിലെ അവസാന ശ്വാസം നിലക്കാനായി
 കാത്തിരിക്കുന്ന കഴുകന്മാർ..

 നാളെ എല്ലാവരും കരയും
ഇന്നു ചിരിച്ചവർ, കാത്തിരിക്കുന്നവർ ...
ഒരു കൂട്ടനിലവിളി കേൾക്കാം...

അപ്പോഴും   മരകൊമ്പിൽ സുരക്ഷിതയായിരുന്നു
ഏതെങ്കിലും ഒരു പഞ്ചവർണകിളി
നിർത്താതെ ചിലക്കുന്നുണ്ടാവാം
മരിച്ചു മണ്ണടിഞ്ഞ കുഞ്ഞിക്കിളിയുടെ
 സ്വഭാവവൈകൃതങ്ങൾ, നടപ്പുദോഷങ്ങൾ
എല്ലാം ശരി  വെച്ച് ഒരായിരം  കിളികൾ
വാലാട്ടിയേക്കാം...

 ഇടതൂർന്ന തൂവലുകളുടെ സുരക്ഷിതത്വമില്ലായ്മ...
 കൂടണയാൻ വൈകിയതിലുള്ള പരിഭവം...
അതുമല്ലെങ്കിൽ ആണ്‍കിളിയുടെ കൊഞ്ചൽ????
എല്ലാ കിളികൾക്കും സ്വന്തമായി ഒരു ആകാശം ഉണ്ടത്രേ!!!
ആവോ...എന്നിട്ടെന്തേ കുഞ്ഞിക്കിളികൾക്ക്  മാത്രം?

2015, ഏപ്രിൽ 17, വെള്ളിയാഴ്‌ച

എതിർ ദിശയിൽ തുഴയുന്നവർ
നമ്മൾ ഒരേ തോണിയിൽ മുഖം തിരിഞ്ഞിരുന്നു
എതിർ ദിശയിലേക്ക് തുഴഞ്ഞു കൊണ്ടേ ഇരിക്കുന്നു...
വർഷങ്ങളായി ...
എങ്കിലും തോണി മുങ്ങിപോകാതിരിക്കാൻ
 നാം നന്നായി പരിശ്രമിക്കുന്നു...

എൻറെ മൗനം, അജ്ഞത എന്നു വ്യാഖ്യാനിച്ചു നിങ്ങൾ
വിജയത്തിന്റെ കൊടുമുടികൾ കയറുന്നു
നിങ്ങളുടെ പാണ്ഡിത്യത്തിനു മുന്നിൽ കുറ്റസമ്മതം നടത്തി;
ഞാൻ വരി വെച്ചു പോകുന്ന ഉറുമ്പുകളെ എണ്ണി പഠിക്കുന്നു

എങ്കിലും...
 നിങ്ങൾ എന്താണിത്ര അസഹിഷ്ണു ആവുന്നത്?
ഒരു നിമിഷത്തിന്റെ ആനുകൂല്യം തന്നിരുന്നെങ്കിൽ
ചിലപ്പോ നമ്മൾ ഒന്നിച്ചു തുഴഞ്ഞു
ഒരു തീരം അണയുമായിരുന്നു

നിങ്ങൾ ഓർക്കുന്നുണ്ടോ?
 നമ്മൾ പാഴാക്കിയ നീണ്ട വർഷങ്ങളെ?
നാം തിന്നു തീർത്ത നിശബ്ദത?
ചിരികളിൽ പൂട്ടിയിട്ട സൗഹൃദവാക്കുകൾ?

ഒരുമിച്ചു നടന്ന സായാഹ്നങ്ങളിൽ
ഒലിച്ചു പോയ വിലപ്പെട്ട മൊഴിമുത്തുകൾ?
ആരൊക്കെയോ അവ പെറുക്കി കൂട്ടി ലേലത്തിനു വിറ്റെന്ന്
നിങ്ങളാണ് എന്നോട്പറഞ്ഞത്...
ഒരു കുറ്റപ്പെടുത്തലിൽ പൊതിഞ്ഞു....

എൻറെ  പാതി എപോളും പറയാറുണ്ട്;
നിങ്ങളൊരു അവസരവാദി യാണെന്ന്‌..
അവൻ പറഞ്ഞതൊന്നും ഇന്ന് വരെ തെറ്റിയിട്ടില്ല;
എങ്കിലും തെറ്റിപ്പോകാൻ ഞാൻ കൊതിക്കാറുണ്ട്...

ഈ നഷ്ടങ്ങൾക്കൊക്കെ ഞാൻ പകരം കൊടുക്കേണ്ടി വരുന്നത്
എൻറെ ജീവിതമാണെങ്കിൽ..
നിങ്ങളീ തോണി മുങ്ങാതെ മാത്രം നോക്കുന്നത്?

2015, ഏപ്രിൽ 13, തിങ്കളാഴ്‌ച

യജമാനസ്നേഹം മാത്രമുള്ള എന്റെ സ്വന്തം നായ
എനിക്കൊരു നായയുണ്ട് എത്രയും ഉത്തരവാദിത്വവും,  അനുസരണശീലവും  യജമാനസ്നേഹവുമുള്ള എന്റെ സ്വന്തം നായ.  അവൻ ജനിച്ചതും വളർന്നതും എൻറെ വീട്ടിലായതു കൊണ്ട് അവനു വല്ലാത്ത വീട്ടുസ്നേഹമാണ്.  മറ്റൊരു വീട്ടിൽ ജനിച്ചിരുന്നെങ്കിൽ അവരായിരുന്നേനെ അവൻറെ പ്രിയപ്പെട്ടവർ എന്ന വിവേകം ഇല്ലാതെ അയൽവീടുകളിൽ നോക്കി കുരയ്ക്കുന്ന  വെറും നായ. അവന്റെ അമ്മയെ തല പുഴുത്തപ്പോൾ ഞങ്ങൾ എറിഞ്ഞു കൊല്ലുകയായിരുന്നു; അവനന്നു കുട്ടിയായിരുന്നു. അല്ലെങ്കിൽ തന്നെ നായകൾക്ക് അമ്മയേക്കാൾ പ്രിയം യജമാനനോടാണല്ലോ... 

എന്റെ നായ എന്നെ സേവിക്കുന്നത് വളരെ ആത്മാർഥമായിട്ടാണ്. അതിനാലാവണം എന്റെ കൊച്ചുമക്കളിൽ ഒരുവൾ അയലത്തെ വീട്ടിലെ എൻറെ വർഗശത്രുവിന്ടെ മകനെ വിവാഹം കഴിച്ചു പോയത് അവനു മറക്കാൻ കഴിയാതെ വരുകയും അവളുടെ പർദ്ദ തക്കം കിട്ടിയപ്പോൾ കടിച്ചു കീറുകയും ചെയ്തത്.... തോട്ടയല്പക്കത്തു വീട്ടിലെ ആരെ കണ്ടാലും കുരച്ചു കുതിച്ചു ചാടാൻ വെമ്പുന്ന അവനെ കാണുമ്പോൾ എനിക്ക് അഭിമാനം തോന്നാറുണ്ട്......

ഞാനൊരു സഞ്ചാരപ്രിയനാണ്;  എന്റെ മക്കൾ വമ്പൻ വ്യവസായികളാണ്.  അവരുടെ വ്യവസായം വളർത്തിയെടുക്കാൻ ഞാൻ  ലോകം ചുറ്റി നടന്നു പലരേയും കണ്ട് സംസാരിക്കാറുണ്ട്.  ലോകസഞ്ചാരം കഴിഞ്ഞു ചെല്ലുമ്പോൾ ഞാൻ എന്റെ പ്രിയപ്പെട്ട നായയ്ക്ക്‌ പലതും വാഗ്ദാനം ചെയ്യാറുണ്ട്.  എന്നാൽ ലോകം കണ്ടു മതിമറന്നു പോകുന്നത് കൊണ്ടാണോ എന്തോ എനിക്കൊന്നും വാങ്ങാൻ സമയം കിട്ടാറില്ല; എങ്കിലും അടുത്ത പര്യടനം അതിന്റെ കേടു തീർക്കും എന്ന് അവനെ വിശ്വസിപ്പിക്കുന്നതിൽ ഞാനൊരു വൻവിജയമാണ്. 

അവന്റെ ഉന്തി വരുന്ന എല്ലുകളും ശോഷിച്ചു ഉണങ്ങിയ ശരീരവും പടിഞ്ഞാറുള്ള ഒരു വീട്ടിൽ നിന്ന് സായാഹ്നസവാരിക്കിറങ്ങിയ മദാമ്മ പറഞ്ഞു ചിരിച്ചെന്നു എന്റെ ഭാര്യ പറയുന്നതു  കേട്ടു. പെണ്ണുങ്ങളുടെ വാക്ക് കേട്ട ശീലം കാർന്നവന്മാരായിട്ടേ  ഞങ്ങളുടെ തറവാടിനില്ലാത്തത്‌ കൊണ്ട് കുട്ടിയുടുപ്പിട്ടു അഴിഞ്ഞാടി നടക്കുന്ന മദാമ്മയുടെ കാര്യം വീട്ടിൽ മിണ്ടി പോകരുതെന്നു ഞാൻ വിലക്കി.


ഇതൊക്കെയാണെങ്കിലും അവനു കൊടുക്കാൻ ഭക്ഷണം തികയാത്തതിനാൽ അവനെ ഒരിക്കൽ ഞാൻ  ചാക്കിൽ കെട്ടി  പടിഞ്ഞാറുള്ള ഒരു വീടിന്റെ വാതിൽക്കൽ കൊണ്ട് കളഞ്ഞിരുന്നു.  ദയാശീലരായ അവർ എല്ലാം കൊടുത്തു വളർത്തി, അവൻ കൊഴുത്തുരുണ്ടു.  പക്ഷെ അപ്പോളും അവരോടു ഒരു സ്നേഹവും ഇല്ലാതിരുന്ന അവൻ, എന്നോടുള്ള യജമനഭക്തിയിൽ അവിടെ നിന്ന് എന്റെ വീട് നോക്കി കുരച്ചു കുരച്ചു തളർന്നപ്പോൾ അവർ കെട്ടഴിച്ചു വിടുകയായിരുന്നത്രെ.  അതാണെന്റെ നായ.  എന്നെ മാത്രം സ്നേഹിക്കുന്ന എന്റെ ചാവാലിപട്ടി.  


2015, ഏപ്രിൽ 12, ഞായറാഴ്‌ച

നിങ്ങളെന്നെ വിപ്ലവകാരിയാക്കിയതാണ് അഥവ എന്റെ ചുരുളൻ മുടിയുടെ പൊരുൾ

കാടിനും കാടിന്റെ  പെണ്ണിനും ഇരുളിന്റെ മുഖമാണ് 
സുന്ദരമല്ലാത്ത കറുത്തിരുണ്ട മുഖം
അല്ലെങ്കിൽ തന്നെ മുഖമിത്ര വിഷയമോ?
വീടിൻറെ പിന്നാമ്പുറത്താണ് അവൾ  
നാട് തീണ്ടാപ്പാട്  അകലെ.....
നിതംബവും   മുലകളും മാത്രം വല്ലാതങ്ങു  
സുന്ദരമാണ്‌...  പുഷ്പിച്ചാലും ഇല്ലെങ്കിലും ....
അവളുടെ വിയർപ്പും ഗന്ധവും കാട്ടുപൂവിന് സമം 

കുതിച്ചു പൊങ്ങുന്ന സവർണ പുരുഷത്വം 
ഒന്നല്ല ഒരായിരം തവണയും താങ്ങാനുള്ള 
കരുത്തു കൊടുത്തു നിർമിച്ച യോനി.... 
എല്ലാം മറന്നുറങ്ങാൻ തീണ്ടലുള്ള ദൈവം 
കനിഞ്ഞു നല്കിയ ലഹരി ...........
നീലി, ചിരുത എത്ര സുന്ദരമായ പേരുകൾ...
പേരുകൾ മാറുന്നു, ആളുകൾ മാറുന്നു 
ദൈവം മാത്രം മാറുന്നില്ല...ചിരഞ്ജീവി........

കാട്ടിൽ ഒളിച്ചിരുന്നു നടത്തുന്നതെല്ലാം ഒളിപ്പോരാണത്രെ....
അപ്പോൾ നാട്ടിൽ നിന്നു കാട്ടിൽ ചെന്ന് നടത്തുന്ന 
പോരിനെ എന്ത് പേരിട്ടാവും വിളിക്കുക?
കാട്ടിൽ ദൈവം ഡ്യുട്ടിക്കിട്ട വകുപ്പിൽ പെട്ട പോര്?
നാട്ടിലെ പോര് മടുത്തപ്പോൾ കാട്ടിൽ നടത്തിയ  പോര്?
ഇതെല്ലാം ഏതു പോരിൽ കൂട്ടണം എന്റെ ദൈവമെ? 

ഇരുളിലേക്കോടിച്ചു  കയറ്റുന്ന ഓരോ വണ്ടിയും 
ഓരോ നിലവിളികളാണ്...
തൊണ്ടയിൽ കുരുങ്ങി ശ്വാസം മുട്ടുന്ന നിലവിളികൾ 
അടിച്ചമർത്ത പെട്ട നിലവിളികൾ...
ലഹരിയിലാണ്ടുറങ്ങുന്ന  നിശബ്ദമായ നിലവിളികൾ

ഉയർന്നും താണും തുളഞ്ഞിറങ്ങുന്ന അധീശത്വം................
ശ്വാസം മുട്ടലിനോടുവിൽ, ഒലിച്ചു പോവുന്ന 
പുരുഷത്വത്തിന്റെ അഴുക്കുചാൽ............

നിങ്ങളെന്നെ വിപ്ലവകാരിയാക്കിയതാണ്...
2015, ഏപ്രിൽ 9, വ്യാഴാഴ്‌ച

സ്ത്രീകൾ പാലിക്കേണ്ട മര്യാദകൾ


സ്ത്രീകളുടെ സുരക്ഷിതത്വം ഇപ്പോൾ വളരെയധികം ചര്ച്ച ചെയ്യപ്പെടുന്നത് കൊണ്ട് ഒരുപാടു വലിയ വലിയ ആളുകൾ എന്ന് വെച്ചാൽ ലോകവിവരം ഉള്ള ആളുകൾ പല ആശയങ്ങളും മുന്നോട്ടു വെക്കുന്നു.  അതിലേറ്റവും പുതിയതായി വന്നിട്ടുള്ളവ നിങ്ങളോടൊക്കെ പങ്കു വെയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു.  കാരണം വളരെ സ്വാഗതാർഹമായ ആശയങ്ങളാണ് അവ എന്നതു തന്നെ.  അതിൽ പ്രധാനം നിങ്ങൾ  ഒരു സ്ത്രീയാണെങ്കിൽ, എന്ന് വെച്ചാൽ ഒരു പെണ്ണിനുള്ള എല്ലാ ഐറ്റംസും ഉണ്ടെങ്കിൽ  പാലിക്കേണ്ടചില  പെരുമാറ്റ ചട്ടങ്ങൾ ആണ്.  അത് സ്ത്രീകൾ ഏറ്റവും കൂടുതൽ വിഹരിക്കുന്ന, അത് കൊണ്ട് തന്നെ  ഏറ്റവുമധികം പീഡനങ്ങൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള സൈബർ സ്പേസ് മുതൽ പീഡനനിരക്ക് ഏറ്റവും കുറഞ്ഞ വീടുകളിൽ വരെ ബാധകമാണ്.  ആദ്യമായി കുറഞ്ഞ പീഡനനിരക്കുള്ള റിയൽ വേൾഡിൽ നിന്ന് തുടങ്ങാം.  നിങ്ങൾ സ്ത്രീ ആയതു കൊണ്ട് എന്ത് വേഷവും ധരിക്കാം എന്ന ധിക്കാരം ആദ്യം കളയുക.  നിങ്ങളുടെ ഐറ്റംസ് സ്കാൻ ചെയ്യാൻ റെഡി ആയിട്ടാണ് ഓരോ പുരുഷനും നിരത്തിൽ ഇറങ്ങുന്നതെന്ന തുണി ഉടുക്കാത്ത സത്യം ആദ്യം തിരിച്ചറിയുക.  സ്വയം ഒരു പ്രദർശനവസ്തു ആകാൻ നില്ക്കാതെ സ്വന്തം അന്തസ്സ്, ആഭിജാത്യം എന്നിവ ഉയർത്തിപ്പിടിക്കാൻ സാരി ധരിക്കുക.  നിങ്ങൾ വിചാരിക്കുന്നതിനപ്പുറം അന്തസ്സ് നിങ്ങൾക്ക് മറ്റുള്ളവർക്ക് മുൻപിൽ കാണിക്കാൻ സാരി കൊണ്ട്  കഴിയും എന്നുള്ള വസ്തുത എല്ലാ സ്ത്രീകളും മറന്നു പോകുന്നു.  ഒപ്പം ആഭിജാത്യവും.  അപ്പോൾ നിങ്ങൾ ചോദിക്കും ചുരിദാർ ഇടുമ്പോൾ എന്താണ് അന്തസ്സ് തോന്നാത്തത് എന്ന്.  ചുരിദാർ ഇടുമ്പോൾ അന്തസ്സും ആഭിജാത്യവും സ്കെച് ചെയ്യാൻ മാത്രമെ സാധിക്കൂ.  എക്സ്പൊസ് ചെയ്യാൻ സാധിക്കില്ല.  അടുത്തതായി പാലിക്കേണ്ട മര്യാദ പൊട്ട്  ഇടുക എന്നതാണ്.  ഒരു ഹെഡ് ലൈറ്റ് ഫിറ്റ്‌ ചെയ്യുമ്പോൾ അത് ചുവന്ന നിറത്തിൽ ആവുമ്പോൾ (ഞാനും നാട്ടിൽ ചെന്നാൽ ഇടാറുണ്ട് അത് കൊണ്ട് വിശ്വസിക്കുക.. ഇതൊരു സാക്ഷ്യം പറച്ചിൽ ആണ്) ദൂരെ പോ സാത്താനെ എന്ന് നമ്മൾ പറയുന്ന പോലെ ഒരു കട്ട ഫീൽ എതിർ കക്ഷിക്ക് തോന്നുന്നതിനാൽ എല്ലാവരും നമ്മളെ ധ്യാനം കൂടി രോഗശാന്തി നേടിയ ഒരു ഉന്മാദിയെ പോലെ വളരെ ബഹുമാനത്തോടെ മാത്രമെ കാണുകയുള്ളൂ.  

ഇനി സൈബർ സ്പേസ്.  അവിടെ സ്ത്രീകൾ ഒരുപാടു  അഹങ്കരിക്കുന്നുണ്ട്.  രാത്രിയിൽ പച്ചവിളക്കും കത്തിച്ചു ചാറ്റ് റൂമിൽ കാമുകനെയും കാത്തിരിക്കുന്ന കോന്തൻ ഭർത്താവുള്ള (ഭർത്താവു കോന്തൻ ആയതു ഭാര്യയെ രാത്രി ഓണ്‍ലൈനിൽ വിഹരിക്കാൻ അനുവദിക്കുന്നത് കൊണ്ടാണ് കേട്ടാ) തരുണീമണികളെ ചുമ്മാ രാത്രി ടോർച്ചും കൊണ്ട് കറങ്ങാൻ ഇറങ്ങിയാൽ കാണാമെന്നു  കുലപുരുഷന്മാർ പറഞ്ഞു കേട്ടിട്ടുണ്ട്.  എല്ലാ ഓണ്‍ലൈൻ തരുണികളുടെയും ഭർത്താക്കന്മാർ ഈ ടൈപ്പ് ആണോ എന്ന് ഇപ്പോൾ സർവ്വേ നടക്കുന്നു എന്നൊരു ഓണ്‍ലൈൻ മാഗസിൻ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.  ഫലം പുറത്തു വരുമ്പോൾ മാത്രമെ  കേരളത്തിലുള്ള കോന്തന്മാരുടെ എണ്ണം എത്ര വരുമെന്ന് കൃത്യമായി  പറയാൻ കഴിയു.  പ്രശ്നം ഭർത്താവിന്റെ കോന്തത്വതിനുപരി പെണ്ണിന്റെ അരക്ഷിതാവസ്ഥ ആണ്.  പ്രണയാതുരമായ മനസ്സ്.  ആരെങ്കിലും എന്നെ ഒന്ന് പ്രണയിക്കു എന്ന് ഓരോ ഫീമെയിൽ പ്രൊഫൈൽ പച്ച വെളിച്ചവും പറയാതെ പറയുന്നുണ്ട്.  ഇതു മുതലാക്കി ചില നരാധമന്മാർ അവരെ പ്രണയിച്ചു വശത്താക്കി സൈബർ കാടുകളിൽ കൊണ്ട് പോയി ബലാത്സംഗം വരെ ചെയ്തെന്ന ഞെട്ടിപ്പിക്കുന്ന വസ്തുത ഈയിടെ ഒരമ്മായി പറയുന്ന കേട്ടു.  അത് വിശ്വസിക്കാം.  കാരണം അമ്മായി ചില്ലറക്കാരിയല്ല.  ബലാത്സംഗം എന്നാൽ ഇര കുറ്റക്കാരിയാവുന്ന കലാരൂപമായ കൊണ്ട് സൈബർ സ്പേസ് പെണ്ണിന്  അത്ര സുരക്ഷിതമല്ല എന്ന് വേണം കരുതാൻ.  

നിങ്ങൾ ഒരുപാടു മോഡേണ്‍ ആവാം.  നിങ്ങളുടെ ഭർത്താവു നിങ്ങൾക്ക് തുല്യത തരുന്ന ഒരു കുഞ്ഞിരാമൻ ആവാം.  അതൊന്നും നിങ്ങൾ ഓണ്‍ലൈനിൽ ആക്റ്റീവ് ആവുന്നതിനുള്ള ന്യായീകരണം ആവുന്നില്ല.  പ്രണയം കൊതിക്കുന്ന മനസ് ഉള്ളത് കൊണ്ടും സെക്സിൽ പുതിയ മാനങ്ങൾ കണ്ടെത്താനുള്ള  കൊതി കൊണ്ടുമാണ് നിങ്ങൾ ഇങ്ങനെ കവിതകൾ എഴുതി കൂട്ടുന്നതെന്നും, ഫോട്ടോകൾ മാറ്റി മാറ്റി കളിക്കുന്നതെന്നും, വൃത്തികെട്ട ഇറുകി പിടിച്ച വേഷങ്ങൾ ധരിക്കുന്നതെന്നും,  വിവാഹത്തിന്റെ ഒരു അടയാളങ്ങളും ധരിക്കാത്തതെന്നും എല്ലാവർക്കും അറിയാവുന്നതാണ്.  അത് അങ്ങനല്ലെന്നു എത്ര വാദിച്ചാലും അതൊന്നും ശരിയാവാനും പോവുന്നില്ല.  അതിനാൽ പീഡനങ്ങൾ ഉണ്ടാവാതെ സൂക്ഷിക്കാനായി ഇതെല്ലാം ഉപേക്ഷിച്ചു   കുടുംബത്തിൽ പിറന്നവർ സ്വപ്നം കാണുന്ന കിനാചേരിക്കായി  പ്രവർത്തിക്കു.  അന്തസ്സും ആഭിജാത്യവും ഉയർത്തിക്കാട്ടുന്ന വസ്ത്രങ്ങൾ ധരിക്കൂ.  പാശ്ചാത്യ സംസ്കാരത്തെ ഉപേക്ഷിക്കൂ.  പീഡനവിമുക്തമായ നമ്മുടെ കിനചേരിക്കായി അണിനിരക്കൂ സഹോദരിമാരെ..........ജയ് ഹിന്ദ്‌ ......

2015, ഏപ്രിൽ 8, ബുധനാഴ്‌ച

ക്യാൻവാസിലെ യക്ഷി

ഉച്ചത്തിലുള്ള സംസാരം കേട്ടാണ് രാവിലെ ഉറക്കമുണർന്നത്‌.  അവരാണ്- എലിസബത്ത്‌ ഡിസൂസ എന്ന എന്റെ മമ്മി.  വാതിൽക്കൽ ചെന്നൊന്നു എത്തി നോക്കി.  പൂമുഖത്തെ കസേരയിൽ തല താഴ്ത്തി ഇരിക്കുന്ന മനുഷ്യൻ പപ്പയുടെ സുഹൃത്താണ്‌.  മമ്മി അയാളോട് രോഷത്തിൽ കയർക്കുന്നു.  പപ്പ അപ്പോഴും യാതൊരു ഭാവഭേദവുമില്ലാതെ അയാളെ നോക്കി ഇരിക്കുന്നു.  എന്തൊരു മനുഷ്യനാണീ പപ്പ.  സ്വന്തം സുഹൃത്തിനെ, അതും വർഷങ്ങളായുള്ള സുഹൃത്തിനെ  അപമാനിക്കുന്നത് നോക്കി ഇരിക്കുന്ന കഴിവുകെട്ട മനുഷ്യൻ.  ഈ സ്ത്രീയുടെ അഹങ്കാരം ഇത്രയും വളർത്തിയത്‌ പപ്പയാണ്‌.  ഹി വിൽ റിഗ്രെറ്റ്.... അമർഷത്തോടെ തിരിച്ചു പോരാൻ തുടങ്ങിയപ്പോളാണ് അവരുടെ സംസാരം കാതിൽ വീണത്‌. പപ്പയുടെ സുഹൃത്തിന്റെ പരസ്ത്രീ ബന്ധമാണ് മമ്മിയിൽ ദേഷ്യം ഉണ്ടാക്കുന്നതെന്ന് മനസിലായപ്പോൾ ചിരിയാണ് വന്നത്.  നേരെ മുറിയിൽ വന്നിരുന്നു പെയിന്റിംഗ് തുടങ്ങി.  ഒരു യക്ഷിയുടെ ചിത്രം.  പണ്ട് അമ്മച്ചി പറഞ്ഞു തന്ന കഥകളിലെ സുന്ദരിയായ യക്ഷി.  

പപ്പയുടെ സുഹൃത്ത്‌ പോയി അല്പം കഴിഞ്ഞപ്പോൾ പുറത്തൊരു ബുള്ളറ്റിന്റെ ശബ്ദം കേട്ടു.  അയാളായിരിക്കും.  നിരഞ്ജൻ മാത്യൂസ്‌- കുന്നിൻ ചരിവിലെ എന്റെ കണ്ണാടി വീട്ടിൽ കരിനിഴൽ വീഴ്ത്തുന്ന ചെകുത്താൻ.  അവധി ദിവസങ്ങളിൽ ഇയാൾ മമ്മിയെ കാണാൻ  കൈ നിറയെ സമ്മാനങ്ങളുമായി വരുന്നത് പതിവാണല്ലോ.  നാണമില്ലാത്ത മനുഷ്യൻ.  അയാളുടെ മാനസപുത്രിയാണത്രെ ഞാൻ.  ആ പദവിയെക്കാൾ മരണമാണ് ഭേദമെന്നു മുഖത്തടിച്ച പോലെ പറഞ്ഞപ്പോൾ അയാളുടെ കണ്ണ് നിറഞ്ഞൊഴുകിയതു ക്രൂരമായ ഒരു ആനന്ദത്തോടെ നോക്കി നിന്നു.  കാമുകിയുടെ മകളെ എല്ലാ കാമുകന്മാരും വിശേഷിപ്പിക്കുന്ന ക്ലിഷെ  ഡയലോഗ് നിമ്മിയോടു ഇറക്കിയിരിക്കുന്നു.  പുച്ഛം തോന്നി.  

പൂമുഖത്തപ്പോൾ ചിരിയും കളിയും തകർക്കുന്നത് കേൾക്കാമായിരുന്നു. വെറുതെ ഒന്ന് പോയി നോക്കാമെന്ന് തോന്നി. മമ്മി അയാളുടെ കൈകൾ മമ്മിയുടെ കൈകൾക്കുള്ളിൽ എടുത്തു വെച്ച് ചേർന്നിരുന്നു സംസാരിക്കുന്നു.  എതിരെ ഉള്ള സെറ്റിയിൽ പപ്പ തമാശ പറഞ്ഞു തകർക്കുന്നു.  പപ്പക്കൊട്ടും വിഷമം തോന്നുന്നില്ലെ?  സ്വന്തം ഭാര്യ അന്യപുരുഷനൊപ്പം.  എന്തൊരു മനുഷ്യനാണീ പപ്പ.  എന്റെ മമ്മിയെന്ന യക്ഷി അയാളോടൊട്ടി ഇരിക്കുന്ന കണ്ടപ്പോളേ എനിക്ക് അറപ്പാണ് തോന്നിയത്.  നിനക്ക് പ്രിയപ്പെട്ട  ഐറ്റംസ്  എല്ലാം റെഡി, വാടാ  കഴിക്കാം എന്ന മധുരം പുരട്ടിയ കൊഞ്ചലിൽ മമ്മി അയാളെ തീന്മേശയിലേക്ക് ക്ഷണിക്കുന്നു.  അനുസരണയുള്ള
 കുട്ടിയെ പോലെ പപ്പയോടു കണ്ണിറുക്കി കാട്ടി അയാൾ മമ്മിയുടെ ഇരുതോളുകളിലും തള്ളി പുറകെ പോകുന്നു.  പപ്പ വീണ്ടും ഷെയർ മാർക്കറ്റിന്റെ വേലിയേറ്റത്തിലേക്ക് ഊളിയിടുന്നു.  ഡൈനിങ്ങ്‌ റൂമിൽ അയാളെ സൽക്കരിക്കുന്നതിന്ടെ പൊട്ടിച്ചിരികൾ.  എനിക്ക് ഭ്രാന്താവുമെന്നു  തോന്നി.  മനസമാധാനം വീണ്ടെടുക്കാൻ യക്ഷിയുടെ പെയിന്റിംഗ് തുടർന്നു.    

മനസ്സുറക്കാത്തതിനാലാവാം ശ്രദ്ധ വീണ്ടും പൂമുഖത്തേക്ക്‌ പോയി.  കുറച്ചു കാശ് വേണമല്ലോ അച്ചായാ എന്ന് മമ്മി പറയുന്നു .  ഈ സ്ത്രീക്ക് ഇത്രയും സാലറി ഉണ്ടായിട്ടും എന്തിനാണ് വീണ്ടും വീണ്ടും പപ്പയുടെ കാശ്?  ആ റാസ്‌കലിനു കൊടുക്കാനാവും.  പൊട്ടൻ പപ്പ  ഇപോ ക്രെഡിറ്റ്‌ കാർഡ്‌ കൊടുക്കും എന്നോര്ക്കുന്നതിനു മുൻപേ കാർഡ്‌ മമ്മിയുടെ കയ്യിൽ എത്തി കഴിഞ്ഞു.  പപ്പയുടെ ക്രെഡിറ്റ്‌ കാർഡും കൊണ്ട് കാമുകനൊപ്പം പോകുന്ന മമ്മി.  ആദ്യമായി എനിക്കെന്റെ ജന്മത്തിൽ വെറുപ്പ്‌ തോന്നി.  അപോളാണ് ഒരു ഐഡിയ തോന്നിയത്.  അയാളുടെ ബൈക്കിൽ കയറി മമ്മി എവിടെ പോകുന്നു എന്നൊന്ന് കണ്ടുപിടിച്ചാലോ?  പപ്പയുടെ മുന്നിൽ ആ യക്ഷിയുടെ മുഖംമൂടി വലിച്ചു കീറി അവരെ അയാളോടൊപ്പം വിട്ടു പപ്പക്കും എനിക്കും മാത്രമായി ഈ കണ്ണാടി വീട്ടിൽ സ്വസ്ഥമായി ജീവിക്കാം.  അവരുടെ ബൈക്ക് പോയ പുറകെ സൈക്കിൾ എടുത്തു ഞാനും ഇറങ്ങി.  പപ്പയോടൊരു കള്ളവും പറഞ്ഞു.  അപ്പോൾ പപ്പയുടെ മുഖത്തൊരു ചിരി മിന്നിമാഞ്ഞോ?  ഹേയ്, എനിക്ക് തോന്നിയതാവും.  

കുന്നിറങ്ങി, കൃഷിയിടങ്ങളും കടന്നു, ചിരിച്ചു കളിച്ചു പോകുന്ന കമിതാക്കൾക്ക് പിന്നാലെ ഒരു കുറ്റാന്വേഷകയെ പോലെ ഞാനും പാഞ്ഞു. നഗരവും കടന്നു ഒരുപാടു ദൂരെയുള്ള  വിസ്തൃതമായ വലിയൊരു കൃഷിയിടത്തിനു ഒത്തനടുക്കുള്ള സുന്ദരമായ വീടിനു മുന്നിൽ അവരെത്തി. ഇയാൾ അപ്പോൾ ഇവിടെ ആണ് താമസം.  അകത്തു നിന്ന്  രണ്ടു സ്ത്രീകൾ ഇറങ്ങി വന്നു.  മമ്മിയോടു വളരെ ബഹുമാനത്തോടെ, സ്നേഹത്തോടെ സംസാരിച്ചു  അവർ  ഒതുങ്ങി നിന്നു.  ഫെമിനിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുകയും സ്ത്രീകളോട് സ്പർദ്ധ വെച്ചു പുലർത്തുകയും ചെയ്യുന്ന, ഒരൊറ്റ പെണ്‍സുഹൃത്തുക്കളും ഇല്ലാത്ത എലിസബത്ത്‌ ഡിസൂസയുടെ അവരോടുള്ള അടുപ്പം എന്നെ അതിശയിപ്പിച്ചു.  അതിലൊരു സ്ത്രീയോട് അവരുടെ ഭർത്താവിനെ ഉപേക്ഷിച്ചു കുഞ്ഞുങ്ങളുമായി എങ്ങോട്ടോ മാറി താമസിക്കുന്ന കാര്യവും മറ്റൊരുവളോടു വിവാഹക്കാര്യവും സംസാരിക്കുന്നതു കേട്ടു.  എന്റെ ആകാംഷ വളർന്നു.  അപ്പോൾ അകത്തു നിന്ന് പല പ്രായത്തിലുള്ള പെണ്‍കുഞ്ഞുങ്ങൾ ഇറങ്ങി വന്നു.  മമ്മി അവർക്ക് എന്തൊക്കെയോ സമ്മാനങ്ങൾ കൊടുത്തു.  ആ കുട്ടികളെ കൊണ്ട് നൃത്തം ചെയ്യിക്കുന്നു,  അവരെല്ലാരും കൂടി ചിരിച്ചു തകർക്കുന്നു.  അവർ ഭക്ഷണം കഴിക്കാനായി ആ വീടിനു ഉള്ളിലേക്ക് കയറി പോയപ്പോൾ ഞാൻ കുഴഞ്ഞ മനസോടെ തിരികെ പോന്നു.

വീട്ടിൽ വന്നു കയറിയപ്പോൾ പപ്പ എന്നെ കാത്തെന്ന പോലെ നിൽപ്പുണ്ടായിരുന്നു.  ചെന്ന് കയറിയ ഉടനെ ചോദിച്ചു.  മമ്മിയുടെ കാമുകന്റെ വീടു കൊള്ളാമോ നിമ്മു? അത്ഭുതത്തോടെ പപ്പയെ നോക്കി.  പപ്പ തോളിൽ കയ്യിട്ടു ചേർത്ത് നിർത്തി പറഞ്ഞു.  നിന്റെ മനസ്സിൽ മമ്മി ആരുമല്ലെന്നു  എനിക്കറിയാം.  പക്ഷെ എന്റെ മനസ്സിൽ അവൾ എല്ലാമാണ്.  ഒരു നല്ല ഭാര്യ, മകൾ, സഹോദരി, മരുമകൾ, അമ്മ.  എല്ലാ റോളുകളും അവൾ ചെയ്യുന്നതിൽ ഞാൻ സംതൃപ്തനാണ്.  എന്റെ വിവാഹം വരെ ഞാൻ ജീവിച്ചത് അസ്വാതന്ത്ര്യതിലും, അസംത്രിപ്തിയിലും ആയിരുന്നു.  പരസ്പരം വഴക്കിടുന്ന രണ്ടു മാതാപിതാക്കൾക്കിടയിൽ എന്റെ ജീവിതം തികച്ചും ദുരിതപൂർണമായിരുന്നു.  എങ്കിലും എനിക്ക് ഒന്നിനും കുറവുണ്ടായിരുന്നില്ല.  സ്നേഹത്തിനോഴികെ.  അപ്പോളാണ് നിന്റെ മമ്മി എന്റെ ജീവിതത്തിൽ വരുന്നത്.  ശരിക്കും ഞാൻ അവളെ സ്വന്തമാക്കുകയായിരുന്നില്ല.  അവൾക്കു ഞാൻ സ്വന്തമാവുകയായിരുന്നു.  ഒരിക്കലും ഞങ്ങൾക്കിടയിൽ കെട്ടുപാടുകൾ ഉണ്ടായിട്ടില്ല.  വിവാഹശേഷവും ഞാൻ ഞാനും അവൾ അവളുമായി തുടർന്നു. സ്വകാര്യതകൾ ഇല്ലാതാതതിനാൽ ആവണം ഞങ്ങൾ പരസ്പരം എപ്പോളും തൃപ്തരായിരുന്നു.  ഇടക്കുണ്ടാവാറുള്ള വാദപ്രതിവാദങ്ങൾ നൈമിഷികം മാത്രമായിരുന്നു.  ഞങ്ങൾക്കിടയിൽ ഒരു മൂന്നാമൻ കടന്നു വന്നിട്ടില്ല.  നിരന്ജനോടുള്ള അവളുടെ അടുപ്പം ഞാൻ കാര്യമാക്കാത്തത് എനിക്ക് അവൻ ഒരു വിഷയമേ അല്ലാത്തതുകൊണ്ടാണ്.  അവനെ പറ്റി ഞാൻ ചിന്തിച്ചിട്ടേ ഇല്ല ഇത്രയും വർഷമായി.  കാരണം അവൻ ആരെന്നുള്ളതു എന്നെ  ബാധിക്കുന്ന വിഷയമല്ല. അവളാരാണെന്ന് എനിക്ക് പകലു പോലെ വ്യക്തമാണ്.  പിന്നെ ഞാനെന്തിനു ഇതൊക്കെ തിരക്കണം.  അവൾ എന്നെ വിട്ടു പോകുന്നെങ്കിൽ എനിക്ക് കൊടുക്കാനാവാത്ത എന്തോ ഒന്ന് ഉണ്ടെന്നാണ് അർത്ഥം.  അഥവാ അങ്ങിനെ ഉണ്ടെങ്കിൽ തന്നെ അവളതു പറയാതിരിക്കുകയുമില്ല.  അതാണ് ഞങ്ങളുടെ ജീവിതം.  ഇത്ര വർഷം ഞങ്ങൾ ഒരുമിച്ചു നിന്ന് നേടിയെടുത്ത ജീവിതം. പപ്പ പറഞ്ഞു നിർത്തി.  ഞാൻ എന്റെ നെറ്റിയിൽ ഇന്നലെ രാത്രി ഉറങ്ങിയെന്നു കരുതി മമ്മി   ഉമ്മ വെചു പോയ സ്ഥലത്ത് വെറുതെ തടവി കൊണ്ട് എല്ലാം കേട്ടിരുന്നു.  ആ ചുംബനത്തെ മേയ്ക്ക്അപ്പ്‌ റിമൂവർ ഉപയോഗിച്ച് തുടച്ചു കളഞ്ഞതിന്റെ വേദനയോടെ.  അതിലുപരി ക്യാൻവാസിലെ യക്ഷിയുടെ ചിത്രത്തെ ഓർത്ത്. കണ്ണിൽ നിന്ന് കണ്ണീർ  നിലക്കാതെ ഒഴുകി കൊണ്ടെ ഇരുന്നു അപോഴും.

(ആദ്യമായി ഒരു കഥ എഴുതി നോക്കിയതാണ്.. സിനിമ കഥ പോലൊക്കെ തോന്നിയാൽ തികച്ചും യാദ്രിചികം മാത്രം ..ഉപദ്രവിക്കരുത് പ്ലീസ് )

2015, ഏപ്രിൽ 7, ചൊവ്വാഴ്ച

അവസാനത്തെ വണ്ടിഅവസാന വണ്ടിക്കായുള്ള പാച്ചിൽ...........................
മാറാപ്പിൽ തൂക്കുന്ന നീണ്ട നെടുവീർപ്പുകൾ, ഗദ്ഗദങ്ങൾ, ഒടുക്കം കണ്ണീരും
ഒറ്റയ്ക്കു പോകേണ്ടെന്ന  സ്നേഹതലോടലുകളെ
പുറംകയ്യാൽ തള്ളിയകറ്റി;  കൂടെ വരേണ്ടെന്ന ശാസനയിൽ നിശബ്ദമാക്കുന്നു.

പോയ കാലത്തിന്റെ നീരാളിപിടുത്തത്തിൽ വേച്ചു പോകുന്ന കാലുകളെ
വലിച്ചു വലിച്ചു തളരുമ്പോഴും, ഒടുക്കത്തെ വണ്ടി മാത്രം കണ്ണിൽ....
ഉള്ളിലപ്പോഴും  അതിന്റെ നഷ്ടമൊരു  തീരാനഷ്ടമെന്നു പറഞ്ഞുറപ്പിക്കുന്നു
തൊണ്ട വരളുന്നതും, മേനി കുഴയുന്നതും ഒന്നുമറിയാതെ....

പാഴാക്കിയ സമയവും നഷ്ടമാവുന്ന ജീവിതവും ജനക്കൂട്ടം
പറഞ്ഞു ചിരിക്കുന്നു;  അവർക്കതല്ലെ അറിയൂ ...പാവങ്ങൾ
പെയ്തു തോർന്ന മഴയിൽ, ചെളികെട്ടികിടന്ന പാതകളിൽ,
മൂടികെട്ടിയ ദിക്കുകളിൽ, ഒന്നും മിഴിയുടക്കുന്നില്ല

ചുറ്റും കനക്കുന്ന  ഇരുളിനിപ്പോൾ പേടിപ്പിക്കുന്ന രൂപമല്ല...
ഒരുപാടു മുന്നിലായി ആരൊക്കെയോ നടന്നു പോവുന്നു
അവർ പിന്നിലേക്ക്‌ നോക്കി എന്തൊക്കെയോ അവ്യക്തമായി പിറുപിറുക്കുന്നു
അതിനിടയിൽ ഉച്ചത്തിലൊരു അട്ടഹാസം മാത്രം വ്യക്തമായി കേട്ടു

ചെവിക്കുള്ളിൽ തളർന്നു പോവുന്ന പരുന്തിന്റെ ചിറകൊച്ച
തൂവലുകൾ കൊത്തി  മാറ്റി ഉയർന്നു പറക്കാൻ വെമ്പുന്ന ഹൃദയം....
പാച്ചിലിനോടുക്കം ബസ്സ്‌ സ്റ്റോപ്പിൽ വന്നു നില്ക്കുന്ന അവസാന വണ്ടി
നിമിഷങ്ങളുടെ കണക്കുകൂട്ടലുകൾ കൊണ്ട് മാത്രം നഷ്ടമാവാതിരുന്നതെന്ന
ആത്മഗതം..............

2015, ഏപ്രിൽ 3, വെള്ളിയാഴ്‌ച

പുരോഹിതന്റെ മരണംപൗരോഹിത്യത്തിന്റെ  ആദ്യത്തെ നാളുകളിൽ കുമ്പസാരകൂട്ടിലെത്തിയ വേശ്യ
മനസിലൊരു കരടായിരുന്നു
അവളുടെ കുമ്പസാരരഹസ്യങ്ങൾ ഉള്ളിനെ ചുട്ടു പൊള്ളിക്കുമായിരുന്നു
പിന്നീട് കുന്നുംപുറത്തെ മറിയാമ്മ, വടക്കേതലക്കലെ എൽസി
ലക്ഷം വീട് കോളനിയിലെ അൽഫോൻസ
അങ്ങനെ മനസിന്റെ അസ്വാരസ്യങ്ങൾ പല പേരുകളിൽ

തിരുവസ്ത്രങ്ങളുടെ  വിശുദ്ധി ചോദ്യം ചെയ്യപ്പെട്ട നിമിഷത്തിൽ
മനസിലെ കുമ്പസാരക്കൂട്ടിൽ കണ്ണീരോടെ നിന്നത്
സിസ്റ്റർ പട്രീഷ്യ ആയിരുന്നു
പള്ളിപറമ്പിലെ പൊട്ടകിണർ വൃത്തിയാക്കിയ  പൌലോച്ചൻ
കുഞ്ഞു തലയോട്ടിയുടെ കഥ പറഞ്ഞതിന്റെ
അടുത്ത ദിവസമായിരുന്നു സിസ്റ്റർ പട്രീഷ്യ തൂങ്ങി മരിച്ചത്

വീണ്ടും മനസ്സിൽ തലപൊക്കി തുടങ്ങിയ അസ്വസ്ഥതകളിൽ നിന്ന്
രക്ഷനേടാനായിരുന്നു  കുമ്പസാരക്കൂടുകൾ പള്ളികളിൽ
വേണ്ടെന്നു വെക്കണമെന്ന ആശയം പൊതുയോഗത്തിൽ
സെബാസ്റ്റ്യൻ അച്ചൻ മുന്നോട്ടു വെച്ചത്
അതിനു  തിരുസഭയിൽ നിന്ന് അച്ചടക്ക നടപടി ഉണ്ടായതിന്റെ
അടുത്ത ആഴ്ചയാണ് നാട്ടിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തക
അച്ചനു സമ്മാനങ്ങളുമായി വരുന്നത്

എല്ലാത്തിനും ഒടുവിലാണ് സ്വമനസാൽ പൌരോഹിത്യം സ്വീകരിച്ച
 ഫാദർ സെബാസ്റ്റ്യൻ തിരുവസ്ത്രം ഉപേക്ഷിച്ചു
വിപ്ലവകാരിയാവാൻ തീരുമാനിക്കുന്നത്‌


2015, ഏപ്രിൽ 2, വ്യാഴാഴ്‌ച

ആർത്തവം എന്ന ഇച്ചീച്ചിഓണ്‍ലൈനിൽ ആർത്തവചർച്ചകൾ തകർക്കുന്ന കണ്ടപ്പോളാണ് ഈയുള്ളവൾക്കും ആർത്തവം ഉണ്ടല്ലോ അതിനെ പറ്റി രണ്ടു പറഞ്ഞാലോ എന്നൊരു തോന്നൽ ഉണ്ടായത്.  ഒരു കാലത്ത് ഒരു തികഞ്ഞ മതവിശ്വാസിയായിരുന്ന ഞാൻ ആർത്തവം എന്ന മഹാസംഭവം കൊടിയേറ്റും കൊടിയിറക്കും ആറാട്ടും ഒക്കെയായി കൊണ്ടാടിയിരുന്നു.  എന്റെ കൌമാരകാലത്തായിരുന്നു അമ്മ ആദ്യമായി ആർത്തവത്തെ  പറ്റി എനിക്ക് പറഞ്ഞു തന്നത്.  അതുകൊണ്ടാവണം ആദ്യമായി പുഷ്പിച്ചപ്പോൾ പേടിച്ചു കൂവി ഒരു സംഭവം ആക്കിയില്ല.  എന്നാൽ അതിനെ പറ്റി അഞ്ജരായ ചിലർ ബ്ലഡ്‌ കാൻസർ വന്നു എന്ന് നിലവിളിച്ചോടിയത് നമ്മുടെ നാട്ടിലെ ഇച്ചീച്ചി സംസ്കാരത്തിന്റെ ശേഷിപ്പായി എപ്പോളും ഓർക്കാറുണ്ട്.  അന്നൊക്കെ ആദ്യത്തെ പുഷ്പിക്കൽ ഒരു ആഘോഷമായിരുന്നു .  കുറെ പലഹാരങ്ങൾ, ഉടുപ്പുകൾ, സ്വർണ ആഭരണങ്ങൾ  എല്ലാം കിട്ടിയിരുന്നു.  പക്ഷെ അതൊക്കെ തീണ്ടാനും തൊടാനും കൊള്ളാത്തവളെന്ന ലേബലിൽ മാസത്തിൽ 7 ദിവസം തളച്ചിടാനുള്ള കെണി ആണെന്നറിയില്ലായിരുന്നു.

ഹിന്ദു മതത്തിൽ തീണ്ടാരി പെണ്ണിനു കൂടുതൽ വിലക്ക്  ഉള്ളതിനാലാവണം, അക്കാലങ്ങളിൽ ,തീണ്ടാരിയായി അമ്പലത്തിൽ കയറി പ്രാർത്ഥിച്ചു, ദോഷം വരുത്തി, നാലാളറിയുന്ന നിലയിലേക്ക് പ്രൊമോട്ട് ചെയ്യപ്പെടുന്ന വിശിഷ്ടമായ സ്വപ്നം എന്റെ നിദ്രകളെ വേട്ടയാടിയിരുന്നു.  മഞ്ഞിന്റെ കുളിരുള്ള മകരമാസത്തിലെ വെളുപ്പാൻ കാലത്ത് ഉണർന്നു, ശബരിമല ഭക്തരായ പുരുഷ പ്രജകൾ ഉണരുന്ന മുൻപേ കുളിക്കുന്നതും, മാറിയിരിക്കുന്നതും, മൂങ്ങയുടെ സ്വഭാവമുള്ള, എനിക്ക് അരോചകമായിരുന്നു.  ക്ലാസ്സിൽ ഇരുന്നു ഉറക്കം തൂങ്ങൽ പതിവാക്കിയിരുന്നു.  കൂടാതെ ആർത്തവസംബന്ധമായ ശാരീരികവും  മാനസികവുമായ  പ്രശ്നങ്ങൾ  ഞാൻ അടക്കമുള്ള എല്ലാ പെണ്‍കുട്ടികൾക്കും ഒരു തീരാസങ്കടമായിരുന്നു എന്നാണെന്റെ അറിവ്.  ഇതിന്റെ സാനിടറി ഡിസ്പോസൽ ആയിരുന്നു മറ്റൊരു കടമ്പ.  ടോയ്ലെറ്റിൽ ഇട്ടാൽ ക്ലോട്ട്  ആവും,  കുപ്പയിലിട്ടാൽ പാപം കിട്ടും, കുഴിച്ചിട്ടാൽ എലി മാന്തും എന്നൊക്കെ പേടിച്ചു കത്തിച്ചു കളയുക എന്ന മാർഗം അനുഭവസ്ഥരായ സ്ത്രീജനങ്ങൾ ഉപദേശിച്ചു തന്നു.  തണുപ്പത്ത്  ആരും കാണാതെ ഒരു മൂലയിൽ  പോയിരുന്നു, ചോരയിൽ കുതിർന്ന തുണി മണ്ണെണ്ണ ഒഴിച്ച് കത്തിക്കാൻ വളരെ പണിപ്പെട്ടിരുന്നു.

ആർത്തവം എന്ന ഇച്ചീച്ചി എനിക്ക് വിഷയമായി തോന്നാത്ത രീതിയിൽ എന്റെ ചിന്തകളെ തിരുത്തി എഴുതിയത് എപ്പോളത്തെയും  പോലെ എന്റെ ഭർത്താവു തന്നെയായിരുന്നു.  പരമഭക്തയായ ഭർതൃമാതാവിന് അവരുടെ പൂജകൾക്ക് എന്റെ ആർത്തവം ഒരു വലിയ
തലവേദനയായി തുടങ്ങിയപ്പോൾ, അതെന്നെ മാനസികമായ പിരിമുറുക്കത്തിൽ ആക്കിയപ്പോൾ അതിനൊരു പരിഹാരമെന്നോണം ഇതിനെ നിസ്സാരമായി കാണാൻ എന്നെ പഠിപ്പിച്ചതും അത് വഴി എന്റെ വിഷമങ്ങൾക്ക് ആശ്വാസം തന്നതും അദേഹമായിരുന്നു.  അതിനു ശേഷം ഇതിന്റെ നിസ്സാരതയെ പറ്റി ഞാൻ ചിന്തിച്ചു തുടങ്ങി.  മതങ്ങൾ പെണ്ണിനെ തളക്കാൻ എന്തൊക്കെ ഉപയോഗിക്കുന്നോ അതെല്ലാം വിഡ്ഢിത്തങ്ങൾ തന്നെയെന്നു ആവർത്തിച്ചു ഉറപ്പിക്കാനുള്ള മറ്റൊരു തെളിവായിരുന്നു ഇതും.  എല്ലാത്തിനെയും വെല്ലുവിളിക്കാൻ ശീലിച്ചു തുടങ്ങിയപ്പോൾ ഇതൊരു തമാശയായി തുടങ്ങി.  ചെടികളിൽ തോടാതിരിക്കാൻ, പൂ പറിക്കാതിരിക്കാൻ, പൂജാമുറിയിൽ കയറാതിരിക്കാൻ, കൊടിയിറങ്ങുമ്പോൾ ശുദ്ധികലശം നടത്താൻ ഒക്കെ മുടങ്ങാതെ നിർദേശങ്ങൾ കിട്ടിക്കൊണ്ടെ ഇരുന്നു എപ്പോഴും. 

ആർത്തവം പെണ്ണിന് പ്രകൃത്യാ കിട്ടിയതാണ്.  അല്ലാതെ അവളുടെ മാരകമായ തെറ്റിനുള്ള ശിക്ഷയല്ല.  പരിഷ്കൃതർ എന്ന് സ്വയം വിശ്വസിക്കുന്ന ശിലായുഗസമൂഹം തീണ്ടാരി പെണ്ണിനെ ഇപോളും നികൃഷ്ടമായി മാത്രമാണ് കാണുന്നത്.  ചോദിച്ചാൽ പറയാൻ മതം ഉണ്ടല്ലോ.  ഏതോ കാലത്ത് ആരോ എഴുതിയ ശാസ്ത്രങ്ങൾ, ഉപനിഷത്തുകൾ എല്ലാത്തിന്റെയും പിന്ബലം ഉണ്ടല്ലോ.  ഉന്നത വിദ്യാഭ്യാസം കിട്ടിയ മഹിളാമണികൾ പോലും ആർത്തവം എന്നാൽ എന്തോ സംഭവം എന്ന പോലെ വാദിച്ചു തകർക്കുന്നത് കാണാം.  മൂത്രം, മലം, ശുക്ലം തുടങ്ങിയ ശരീര സ്രവങ്ങളിൽ നിന്ന് എന്ത് വ്യത്യാസമാണ് ഈ ചോരക്കുള്ളതെന്നു ഇതിനെതിരെ വാദിക്കുന്ന  സ്ത്രീരത്നങ്ങൾ ഒന്ന് പറഞ്ഞു തന്നിരുന്നെകിൽ വളരെ നന്നായിരുന്നു.  

 വിഷയം ഞാൻ എപൊളും പറയുന്നത് തന്നെയാണ്.  പെണ്ണ് ശാരീരികമായി ആണിനെക്കാൾ ദുർബലയാണ്.  ഒരുപാടു പരിമിതികൾ അവൾക്കുണ്ട്.  അതിനൊപ്പം കൂടുതൽ കൂടുതൽ അവൾക്കു മേൽ ഇമ്പോസ് ചെയ്തു തളർത്തുന്ന സമൂഹത്തിന്റെ സ്ഥിരം സാടിസത്തിനപ്പുറo ഇതിൽ ഒരു കാര്യങ്ങളും ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല.  പെണ്ണിനെ അടക്കുക, ഒതുക്കുക, നിലക്കു നിർത്തുക ഇവയാണ് നമ്മുടെ സൊസൈറ്റി ശീലിച്ചിട്ടുള്ളത്; പാലിച്ചു വരുന്നത്.  അതിനായി അവനുണ്ടാക്കിയ മതം, ജാതി, ഭ്രഷ്ട്, ആചാരങ്ങൾ, വിശ്വാസങ്ങൾ, നിയമങ്ങൾ.  അതനുസരിക്കുന്ന കുറെ പാവകളായ സ്ത്രീജനങ്ങൾ.  എതിർക്കുന്നവരെ ചവിട്ടി താഴ്ത്തുന്ന ഏകാധിപത്യരീതികൾ. എല്ലാ രീതിയിലും അന്ധരായ ഒരു ജനസമൂഹത്തിൽ നിന്ന് ഒളിചോടുകയല്ലാതെ, സ്വത്വം ഉള്ള ഒരാൾക്ക്  വേറെ വഴിയില്ല. 

കുമിള പോലെ

ചില്ലുജാലക ചതുരങ്ങൾ  ചാരി ഞാൻ ദിവാസ്വപ്നം കാണുന്നു. ജാലകത്തിനപ്പുറം ഒരു ലോകം ഞാനറിയാതെ ഒഴുകികൊണ്ടെ ഇരിക്കുന്നു 
തിരക്കേറിയ വീഥിയിലൂടെ  കടന്നു  പോകുന്ന പരിചിതമല്ലാത്ത മുഖങ്ങൾ
വഴിവിളക്കുകൾ തെളിയുന്ന നേർത്ത മഞ്ഞുള്ള സന്ധ്യയിൽ കണ്ണുകളിൽ കുടുങ്ങാത്ത നഗരത്തിന്റെ കടുത്തനിറങ്ങൾ... ആ നിറങ്ങൾക്കപ്പുറം നീണ്ടു കിടക്കുന്ന എന്റെ സ്വപ്നങ്ങളുടെ പച്ചപ്പ്‌, ഇനിയും വറ്റാത്ത പ്രതീക്ഷയുടെ നേർത്ത നാമ്പുകൾ പോലെ...

 കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന വിശാലമായ പുൽത്തകിടി 
അതിന്റെ ഒരു കോണിൽ ഒറ്റക്കിരിക്കുന്ന പെണ്‍കുട്ടി വെറുതെ കുമിളകൾ ഉണ്ടാക്കി കളിക്കുന്നു പല വലിപ്പത്തിലുള്ള കുമിളകൾ.. നിറങ്ങൾ ചാലിച്ച കുമിളകൾ ...മറ്റാർക്കും ഗ്രഹിക്കാനാവാത്ത ഒരു തരം ആവേശം അവളുടെ കണ്ണുകളിൽ.....ആരെയും ശ്രദ്ധിക്കാതെ അവൾ അതിൽ മാത്രം മുഴുകിയിരിക്കുന്നു.. അവൾക്കു മുന്നിൽ പായുന്ന നഗരം അവളെ ഭ്രമിപ്പിക്കുന്നില്ല.. പരിഹാസത്താൽ വക്രിച്ച ചുണ്ടുകൾ പുലമ്പുന്നതു അവൾക്കു കേൾക്കാനാവുന്നില്ല 

നാളെയൊരിക്കൽ ലോകം അവളെ നോക്കി ജീവിതമെല്ലാം 
ഒരു പകൽക്കിനാവിന്റെ പേരിൽ എരിച്ചു തീര്ത്തവൾ എന്നു പരിഹസിച്ചേക്കാം.. പാഴായി പോയ കിനാവുകൾ, കുമിളകൾ പോലെ പൊട്ടി തീർന്നവയാണെന്ന തിരിച്ചറിവിൽ... അവൾ നാളയെ മാത്രമെ കാണുന്നുള്ളൂ... 
കുമിളകൾ പോലെ അസ്ഥിരമായ ജീവനിൽ,  ഇന്നു കിട്ടുന്നതെല്ലാം ഒരു ആനുകൂല്യം മാത്രമാണെന്ന് അവൾ എന്നേ തിരിച്ചറിഞ്ഞു കഴിഞ്ഞു .......