Follow by Email

2015, മാർച്ച് 9, തിങ്കളാഴ്‌ച

സ്ത്രീ ശാക്തീകരണം-വനിതാദിന(???)ചിന്തകൾ

ഇന്നലെ വനിതാദിനം ആയിരുന്നു പോലും.  എന്താണീ വനിതാദിനം ?  സ്ത്രീയോടുള്ള സ്നേഹം, നന്ദി, പരിഗണന ഒക്കെ പ്രകടിപ്പിക്കാൻ വേണ്ടിയാണത്രേ ഈ വനിതാ ദിനം ആഘോഷിക്കുന്നത്.  മനസിലായില്ലെ?  സുഹൃത്തെ, നമ്മളുടെ തിരക്കിനിടയിൽ നമ്മൾ പ്രേമിക്കാൻ മറന്നിട്ടു പ്രണയദിനം  ആഘോഷിക്കില്ലെ അത് പോലെ തന്നെ.  UN പറയുന്ന അവകാശങ്ങൾ മഹിളകൾക്ക് കിട്ടാനാണെന്നും ഒരു പക്ഷം ഉണ്ട്. എന്ത് കോപ്പോ ആവട്ടെ.  പുരുഷദിനത്തിനു ഇല്ലാത്ത എന്ത് പ്രത്യേകത ആണ് വനിതാദിനത്തിനു ഉള്ളത്?  ഉണ്ട്.  സ്ത്രീ ഇപ്പോൾ അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ പുരുഷൻ അനുവദിച്ചു നൽകിയ  ഔദാര്യങ്ങൾ ആയതു കൊണ്ട് ഈ ദിനത്തിന് പ്രാധാന്യം ഉണ്ട്.  വനിതാദിനത്തിലാണ് സ്ത്രീ ശാക്തീകരണം വ്യാപകമായി കണ്ടു വരുന്നത്.  നമ്മുടെ അഭിമാനമായ AR റഹ്മാനും ലത മന്ഗേഷ്കരും ഒത്തുചേർന്ന ഒരു സ്ത്രീശാക്തീകരണ ഗാനം ഇന്നലെ കണ്ടിരുന്നു.  കോരിത്തരിച്ചു പോയി.  ഒരു ചേച്ചി വിമാനം പറപ്പിക്കുന്നു.  ഹോ, എന്താണെ, നമ്മുടെ ഇന്ത്യൻ സംസ്കാരത്തിൽ വളർന്ന, ചുരിദാറും, മാലേം, വളേം, ഒക്കെ ഇട്ടു ക്ലാസിക്കൽ ഡാൻസ് ഒക്കെ കളിയ്ക്കാൻ അറിയാവുന്ന ഒരു ചേച്ചി.  അത് കണ്ടപ്പോളാണ് സ്ത്രീയെ ശാക്തീകരിക്കെണ്ടത് അത്യാവശ്യമാണെന്ന് മനസിലായത്.  എന്റെ സാറെ, കൊമ്പത്ത് നിന്ന് ഇങ്ങു താഴെ വാ.  slumലുള്ള ഡോഗ്സിനെ ലോക പ്രശസ്തനാക്കിയ ആളല്ലെ?  വെളുത്തു തുടുത്ത സുന്ദരി വിമാനം പറപ്പിക്കുന്നതല്ല നമ്മുടെ ഇന്ത്യക്ക് ഇപ്പോ വേണ്ട ശാക്തീകരണം.  അവരെ ഒക്കെ കാശുള്ള അച്ഛനും അമ്മയും ശാക്തീകരിചോളും.  നിങ്ങൾക്ക് അകാടെമി അവാർഡ്‌ നേടിത്തന്ന ആ സിനിമയിലെ ടൈറ്റിൽ ഒന്നൂടെ വായിക്കു. "slumdog"......... അത് പോലെ ഒരുപാടു ഡോഗ്സ് ഉണ്ട്. ചേരിയിലും പുറത്തും..  പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും പഠിക്കാൻ പറ്റാത്ത, പഠിച്ചതിനു ജീവനോടെ തീയിടപെട്ട, 13 വയസിൽ അമ്മയാവുന്ന, 3 വയസിൽ പീഡിപ്പിക്കപ്പെടുന്ന ഒട്ടും ഭംഗിയോ സൌന്ദര്യമോ ഒന്നുമില്ലാത്ത, ഒരു പാട് പെണ്‍കുട്ടികൾ. പണമുള്ളവനെ മാത്രം കാണിച്ചും പറഞ്ഞും കാശുവാരുന്നവരുടെ  മറ്റൊരു നമ്പരാണ് ഇതെന്ന് അറിയാഞ്ഞിട്ടല്ല.  ആ മ്യൂസിക്കൽ  ജീനിയസിന്റെ  കേവലം ഒരു ആരാധിക ആയതു കൊണ്ടും women enpowerment എന്ന തലക്കെട്ട്‌ കണ്ടും സഹിക്ക വയ്യാതെ പറഞ്ഞു പോയതാണ്.

BBCയുടെ "ഇന്ത്യയുടെ മകൾ" documentary പറയാതെ പറയുന്ന ചില വിഷയങ്ങളുണ്ട്.  പുരുഷാധിപത്യം , സ്ത്രീയുടെ ദുരിതം ഇതിനൊക്കെ പുറമെ സാമ്പത്തിക സമത്വം ഇല്ലാത്ത നാട്.  ലോകത്തിലെ വലിയ പണക്കാരിൽ കുറെയെങ്കിലും ഇന്ത്യയിൽ ആണെന്നുള്ളതും സ്വിസ് ബാങ്കിൽ കുമിഞ്ഞു കൂടുന്ന ഇന്ത്യൻ സമ്പാദ്യങ്ങളുടെ അതിശയിപ്പിക്കുന്ന വളർച്ചയും, കേട്ട് മടുത്ത വിഷയങ്ങളാണെങ്കിലും വീണ്ടും ഓർക്കാതെ വയ്യ.  കാരണം മറുവശത്തു  ഇപ്പോളും പട്ടിണി പാവങ്ങളുടെ നാടാണ്‌ ഇന്ത്യ.  അതിനെ എത്ര പോളിഷ് ചെയ്തു വെച്ചാലും ഒരു ഫിനിഷിംഗ് വരില്ല.  അതാണ് BBC documentary വഴി പുറം ലോകം കണ്ടത്.  അത് പുറത്താകുമെന്ന് ഭയന്നാണ് എന്തും ban ചെയ്തു മാത്രം ശീലിച്ച ഗവണ്മെന്റ് ആ വീഡിയോ ഇവിടെ നിരോധിച്ചു, കൂപ മണ്ടൂകമെന്നു വീണ്ടും വീണ്ടും തെളിയിച്ചു, ഇരുട്ടു കൊണ്ട് ഓട്ട അടച്ചു, ഒന്നും ആരും അറിയില്ലെന്ന് സമധാനിച്ചു സ്വസ്ഥമായി ഇരിക്കുന്നത്.  ആ വീഡിയോ ഒരാളെയും glorify ചെയ്യുന്നില്ല.  മറിച്ച്, തുറന്നു കാട്ടുകയാണ്.  സാമ്പത്തിക അസമത്വത്തെ, പുരുഷമേൽക്കൊയ്മയെ, സ്ത്രീയുടെ ദുരിതത്തെ, അതിലേക്കു നയിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ കാര്യങ്ങളെ, പൊതുവിൽ ഇന്ത്യയെന്ന മഹത്തായ പാരമ്പര്യവും, സംസ്കാരവും ഉള്ള ജനാധിപത്യ രാജ്യത്തിന്റെ ചീഞ്ഞളിഞ്ഞ മുഖത്തെ.  അപ്പോൾ അത് നിരോധിക്കപ്പെടെണ്ടത് തന്നെയാണെന്നുള്ളതിൽ സംശയം ഇല്ല.  

സ്ത്രീ എന്നത് എനിക്ക് താഴെയല്ല എനിക്കൊപ്പമാണ് എന്ന് പുരുഷൻ ചിന്തിച്ചു തുടങ്ങുമ്പോളും, അവന്റെ ഔദാര്യം പറ്റി, അവന്റെ തണലിൽ ആണ് എനിക്ക് പരമാനന്ദം എന്ന് വിശ്വസിച്ചു ജീവിക്കുന്ന മഹിളാമണികൾ തലയ്ക്കു വെളിവ് വന്നു മാറി ചിന്തിക്കുമ്പോളും  മാത്രമെ ഇന്ത്യയിലെ ഇന്നത്തെ സ്ത്രീയുടെ മോശമായ അവസ്ഥ മാറുകയുള്ളൂ. അല്ലാതെ വനിതദിനത്തിനു സ്കൂളിലും കോളേജിലും പെണ്ണ് അമ്മയാണ്, ഭാര്യയാണ്, കാമുകിയാണ്, അമ്മൂമ്മയാണ് എന്നൊക്കെ വാ തോരാതെ പ്രസംഗിച്ചു നടന്നിട്ടു ഒരു കാര്യവുമില്ല. പെണ്ണ് തെങ്ങിൽ കേറിയിട്ടോ, വിമാനം പറത്തിയിട്ടോ, ബഹിരാകാശത്തു പോയിട്ടോ കിട്ടേണ്ട ശക്തീകരണം അല്ല ഇപ്പോൾ വേണ്ടതു.എന്തും നേരിടാനുള്ള മനസിന്റെ ശക്തീകരണം ആണ്.   എതിർക്കാനും, നേരിടാനുമുള്ള തന്റെടമാണ്‌.  അതിനു ഒപ്പം നില്ക്കുന്ന സമൂഹത്തിന്റെ പിൻബലമാണ്. ശക്തീകരണത്തിനൊപ്പം   സുരക്ഷിതത്വമാണ്.     

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ