ഇന്നു സിംഗപൂർ എന്ന മഹാരാജ്യത്തിന്റെ സ്രഷ്ടാവിന്റെ ചരമവാർത്ത കേട്ടാണ് ഉണർന്നത്. 91 വയസിൽ ഒരുപാടു കാര്യങ്ങൾ ചെയ്തു തീർത്ത സന്തോഷത്തോടെ അദ്ദേഹം പോകുമ്പോൾ ആ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ സിംഗപൂർ ഒന്നുമാകുമായിരുന്നില്ല എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത് കേൾക്കാമായിരുന്നു. എങ്ങനെ ആണ് ഒരു ഭരണാധികാരി ജനപ്രിയനാകുന്നത്? അതിനു ഒരേ ഒരു മറുപടിയെ സിംഗപൂർ ജനതയ്ക്ക് പറയാനുള്ളൂ. അയാൾ ആ രാജ്യത്തിന് വേണ്ടി ജീവിക്കുക. നോട്ട് ദി പോയിന്റ് "ആ രാജ്യത്തിന് വേണ്ടി ജീവിക്കുക". 1965 മുതൽ, അതായതു മലേഷ്യയിൽ നിന്ന് വേര്പെട്ടു പോരുമ്പോൾ മുതൽ, രക്ഷപെടുമോ എന്ന് എല്ലാവരും സംശയത്തോടെ നോക്കി കണ്ട ആ വേർപിരിയൽ മുതൽ, ഇന്നു കാണുന്ന, മലേഷ്യയുമായി താരതമ്യം ചെയ്യാനാവാത്ത വിധം സമ്പന്നമായ സിങ്കപ്പൂർ എന്ന അത്ഭുതം വരെ ആ വലിയ മനുഷ്യന്റെ ജീവിതമാണ്. എല്ലാ രീതിയിലും വിവിധങ്ങളായ സംസ്കാരങ്ങളിൽ നിന്ന് വന്ന ആളുകളെ ഒരുമിച്ചു നിർത്തി, അത് ഹിന്ദു ആയാലും, മുസ്ലിം ആയാലും, ക്രിസ്ത്യൻ ആയാലും , അതുമല്ല ചൈനക്കാരനായാലും, മലേഷ്യക്കാരനായാലും, ഇന്തോനേഷ്യക്കാരനായാലും, ഇന്ത്യക്കാരനായാലും തുല്യമായ പ്രാധാന്യവും മതവിശ്വാസ സ്വാതന്ത്ര്യവും നൽകി, പല വൈവിധ്യങ്ങളെ ഒരു കൂരക്കീഴിലാക്കി ഒരു വലിയ സാമ്രാജ്യം തന്നെ കെട്ടി പോക്കുവാൻ കഴിയുന്ന ഒരു ഭരണാധികാരി എന്ത് കൊണ്ടും ആരാധ്യനാണ്. അദ്ധേഹത്തോട് വിയോജിപ്പുള്ളവർ ഉണ്ടാകാം, കാരണങ്ങളും ഉണ്ടാകാം. എങ്കിലും എന്റെ കാഴ്ചപ്പാടിൽ പോസിറ്റീവ് ആണ് കൂടുതലും. ഒരുപാടു ഒരുപാടു കൂടുതൽ.
ഭരണത്തിന്റെ തലപ്പത്തു ജനാധിപത്യ വ്യവസ്ഥ വഴി കയറി ഇരുന്നു സ്വന്തം വിശ്വാസങ്ങളും, ആശയങ്ങളും അടിച്ചേൽപ്പിച്ചു ജനാധിപത്യം എന്ന പേരുമിട്ടു, സ്വന്തം കുടുംബവും ചുറ്റും നില്ക്കുന്ന ഏറാൻ മൂളികളുടെ കുടുംബവും മാത്രം വികസിപ്പിക്കുന്നത് കണ്ടും കേട്ടും മടുത്തതിനാലാവണം, ലീ ക്വാൻ യു എന്ന മഹാരഥൻ എനിക്കൊരു അത്ഭുതമായി തോന്നിയത്. മരണതോടനുബന്ധിച്ചു 7 ദിവസം ദുഖാചരണം ഉണ്ടെങ്കിലും സിംഗപൂർ ഒരു ദിവസം പോലും അവധി നൽകുന്നില്ല. ഏതു സാധാരണക്കാരനും അനുശോചനം അറിയിക്കാം, മൃതദേഹം ദർശിക്കാം. മരണം ആഘോഷമാക്കി, ഹർത്താലിനും, ബന്ദിനും സമമായ നിലയിൽ ആളുകളെ ബുദ്ധിമുട്ടിക്കുന്നില്ല. കാരണം മാൻ പവർ ആണ് ഏറ്റവും പ്രധാനമെന്നും അതിനു വേണ്ടി ദിവസങ്ങൾ കളയുന്നത് അർഥ ശൂന്യം ആണെന്നും സിംഗപൂർ ജനത എന്നേ മനസിലാക്കി കഴിഞ്ഞു. എല്ലാം മറ്റുള്ളവരുടെ മുന്നിൽ അന്തസ്സ് നിലനിർത്താനുള്ള വേഷം കേട്ടലുകൾ മാത്രമായ ഒരു ജനതയെ അല്ലെങ്കിൽ എന്തിന്റെ പേരിലാണ് ഈ നാടുമായി താരതമ്യം ചെയ്യാൻ കഴിയുക? ഒരുപാടു നാച്ചുറൽ റിസൊർസസിനാൽ അനുഗ്രഹീതമായ ഒരു നാട്ടിൽ, ഒരു വശത്തു ചേരികൾ പെരുകുന്നതും, പട്ടിണി പെരുകുന്നതും, ബാലവേല പെരുകുന്നതും, തൊഴിലില്ലായ്മ പെരുകുന്നതും, കുറ്റകൃത്യങ്ങൾ പെരുകുന്നതും മറുവശത്തു കോഴകൾ പെരുകി കോടികൾ മറിയുന്നതും, സ്വിസ് ബാങ്കിലെ ഡെപോസിറ്റ് പെരുകുന്നതും, പണക്കാരുടെ എണ്ണം പെരുകുന്നതും, ധനവാൻമാരായ മന്ത്രിമാരും രാഷ്ട്രീയക്കാരും പെരുകുന്നതും ഒരു ഭരണ വ്യവസ്ഥയുടെയോ നിയമങ്ങളുടെയോ കുഴപ്പങ്ങൾ അല്ലെന്നു വെറുതെ കണ്ണടച്ചു ഇരുട്ടാക്കി നമുക്ക് ആശ്വസിക്കാം. ഇന്ത്യ 1947 മുതൽ വളർന്നു കൊണ്ടെ ഇരിക്കുകയാണ്, ഏകദേശം 68 വർഷം കൊണ്ടിങ്ങനെ വളർന്നു, വളർന്നു ,വളർന്നു ദേ ഇപ്പോ ഈയിടക്ക് സമ്പൂർണവളർച്ചയിലെത്തി. ഇനി വെച്ചടി വെച്ചടി കയറ്റം ആയിരിക്കും. സിംഗപൂർ ആകട്ടെ 60'ഇൽ ലേറ്റ് ആയി തുടങ്ങിയ വളർച്ച ഇപോളും തുടർന്ന് കൊണ്ടെ ഇരിക്കുന്നു.
ഈ നിരീക്ഷണങ്ങൾ എല്ലാം പ്രവാസികളിൽ പൊതുവെ കാണപ്പെടുന്ന സ്വന്തം നാട്ടിനോടുള്ള പുഛത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും സ്വാഭാവികം മാത്രം. പുച്ഛം മാത്രമാണ്.. കാരണം ഒരു മനുഷ്യയ്സ്സു മുഴുവൻ ഒരു രാജ്യം കെട്ടിപ്പൊക്കാൻ ജീവിതം ചിലവഴിച്ച ഒരു മനുഷ്യനെ പറ്റിയാണ് ഞാൻ പറയുന്നത്. അല്ലാതെ സ്വന്തം ജനതയെ ഹിന്ദുവെന്നും മുസ്ലിം എന്നും വേർതിരിച്ചു വെട്ടിക്കീറിയെടുത്ത, ഭിന്നിപ്പിച്ചു ഭരിച്ച, എതിർത്തവരെ ചവിട്ടി താഴ്ത്തിയ, കള്ളനു കഞ്ഞി വെച്ച് കൊടുത്ത ഒരായിരം ഭരണാധികാരികളെ പറ്റിയല്ല. a big salute for you our great father.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ